2009-06-18

നാണയച്ചുരുക്കത്തിന്റെ അകംപൊരുള്‍


വിലക്കയറ്റത്തിന്റെ.യും അതിന്റെ പ്രത്യാഘാതമായ നാണയപ്പെരുപ്പത്തിന്റെയും കഥകള്‍ മാത്രം കേട്ടിരുന്ന സമകാലിക ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥ നാണയച്ചുരുക്കത്തിന്റെ പാതയിലെത്തിയിരിക്കുന്നു. പതിമൂന്നു ശതമാനം ലക്ഷ്യമിട്ട്‌ നീങ്ങിയിരുന്ന പണപ്പെരുപ്പം കോണിയിറങ്ങി പൂജ്യത്തില്‍ താഴെ 1.61 ശതമാനത്തിലെത്തി നില്‍ക്കുന്നു. ജൂണ്‍ ആറിന്‌ അവസാനിച്ച ആഴ്‌ചയിലെ കണക്കാണിത്‌. അതിനു മുമ്പത്തെ ആഴ്‌ചയില്‍ നിരക്ക്‌ 0.13 ആയിരുന്നു. അന്താരാഷ്‌ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയിലുണ്ടായ വര്‍ധനയും അതിന്‌ ആനുപാതികമായി രാജ്യത്ത്‌ ഇന്ധന വിലയില്‍ വരുത്തിയ വര്‍ധനയുമായിരുന്നു നാണയപ്പെരുപ്പത്തിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്‌. ഇന്ധന വില ഉയരുമ്പോള്‍ ഉത്‌പാദനച്ചലവ്‌ വര്‍ധിക്കും, ചരക്കു കടത്ത്‌ കൂലിയും ഉയരും. സ്വാഭാവികമായി ഉപഭോഗവസ്‌തുക്കളുടെ വില ഉയരും. അത്‌ നാണയപ്പെരുപ്പ നിരക്കില്‍ പ്രതിഫലിക്കുകയും ചെയ്യും.


പതിമൂന്നു ശതമാനത്തിലെത്തുമെന്ന്‌ ഭയന്നിരുന്ന നാണയപ്പെരുപ്പ നിരക്ക്‌ കുറയാന്‍ തുടങ്ങിയപ്പോള്‍ അത്‌ അന്താരാഷ്‌ട്രവിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയിലുണ്ടായ കുറവിന്റെ തുടര്‍ച്ചയായാണ്‌ വിലയിരുത്തപ്പെട്ടത്‌. ബാരലിന്‌ 149 ഡോളറിലെത്തിയ എണ്ണ വില ഇപ്പോള്‍ 70ല്‍ എത്തിനില്‍ക്കുന്നു. രാജ്യത്ത്‌ ഇന്ധനവിലയില്‍ കുറവുവരുത്തുകയും ചെയ്‌തു. ഇതിന്റെ ഭാഗമായി നാണയപ്പെരുപ്പം കുറയുന്നുവെന്നായിരുന്നു പരക്കെ കരുതപ്പെട്ടിരുന്നത്‌. അതുകൊണ്ടുതന്നെ നാണയപ്പെരുപ്പ നിരക്ക്‌ രണ്ട്‌ ശതമാനത്തിനും മൂന്നു ശതമാനത്തിനും ഇടയില്‍ നില്‍ക്കുമെന്നും കണക്കുകൂട്ടിയിരുന്നു. എന്നാല്‍ അതെല്ലാം തകിടം മറിച്ചുകൊണ്ടാണ്‌ നാണയച്ചുരുക്കം കടന്നുവന്നത്‌.
നാണയച്ചുരുക്കത്തിന്‌ ഇന്ധനവിലയിലുണ്ടായ കുറവിനപ്പുറത്ത്‌ കാരണങ്ങള്‍ ഉണ്ടെന്ന്‌ ചുരുക്കം.


നാണയച്ചുരുക്കത്തെ സാമ്പത്തികശാസ്‌ത്ര നിര്‍വചനങ്ങളനുസരിച്ച്‌ രണ്ടു തരത്തില്‍ വിശദീകരിക്കുന്നുണ്ട്‌. നല്ല നാണയച്ചുരുക്കവും മോശം നാണയച്ചുരുക്കവും. ഉപഭോഗ വസ്‌തുക്കളുടെ ലഭ്യത വര്‍ധിക്കുകയും വിപണിയിലെ പണ ലഭ്യത കുറയുകയും ചെയ്യുക എന്നതാണ്‌ പൊതുവില്‍ നാണയച്ചുരുക്കം എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌. ഉപഭോഗ വസ്‌തുക്കളുടെ പ്രത്യേകിച്ച്‌ ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴ വര്‍ഗങ്ങള്‍, പയറു വര്‍ഗങ്ങള്‍ തുടങ്ങിയവയുടെ ഉത്‌പാദനം വര്‍ധിക്കുകയും അത്‌ കമ്പോളത്തില്‍ സുലഭമാവുകയും ചെയ്യുമ്പോഴുണ്ടാവുന്ന നാണയച്ചുരുക്കം പൊതുവെ നല്ലതാണെന്ന്‌ കരുതപ്പെടുന്നു. ഉത്‌പന്നങ്ങള്‍ ധാരളമായി വിപണിയിലെത്തുമ്പോള്‍ അവയുടെ വില കുറയും. കമ്പോളത്തില്‍ പണം കുറഞ്ഞിരുന്നാലും ക്രയവിക്രയം തടസ്സപ്പെടില്ല. ഉത്‌പാദനത്തെയോ അതുവഴിയുള്ള തൊഴിലവസരങ്ങളെയോ ബാധിക്കുകയുമില്ല. അതുകൊണ്ടാണ്‌ ഇത്തരം പ്രതിഭാസം നല്ലതാണെന്ന്‌ സാമ്പത്തികശാസ്‌ത്രം പറയുന്നത്‌. മറിച്ച്‌ കമ്പോളത്തിലെ ഉത്‌പന്നങ്ങളുടെ വില ഉയര്‍ന്നിരിക്കുകയും നാണയച്ചുരുക്കം അനുഭവപ്പെടുകയും ചെയ്യുന്നത്‌ മോശം പ്രതിഭാസമാണ്‌. ഉത്‌പന്നങ്ങളുടെ വില ഉയര്‍ന്നിരിക്കുകയും പണത്തിന്റെ ഒഴുക്ക്‌ കുറയുകയും ചെയ്‌താല്‍ വാങ്ങല്‍ ശേഷിയെ ബാധിക്കും. ഉത്‌പന്നങ്ങള്‍ കെട്ടിക്കിടക്കും. സ്വാഭാവികമായി ഉത്‌പാദനം കുറക്കേണ്ടിവരും. തൊഴിലവസരങ്ങള്‍ കുറയും. ഇത്‌ സാമ്പത്തിക മേഖലയെ ദീര്‍ഘകാലത്തേക്ക്‌ ബാധിക്കുകയും ചെയ്യും. ഇന്ത്യയില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ ഇത്തരം മോശം പ്രതിഭാസമാണെന്നതാണ്‌ വലിയ ആശങ്കക്ക്‌ വഴിവെക്കുന്നത്‌.


നിത്യോപയാഗ വസ്‌തുക്കളുടെ വില ഉയര്‍ന്നു നില്‍ക്കുന്നു. അസംസ്‌കൃത എണ്ണവില ഉയര്‍ന്നു നിന്നിരുന്ന കഴിഞ്ഞ വര്‍ഷത്തേ ഇതേ കാലയളവിനെ അപേക്ഷിച്ച്‌ ഭക്ഷ്യവസ്‌തുക്കുളുടെ വിലയില്‍ 8.7 ശതമാനത്തിന്റെ വര്‍ധനയാണ്‌ ഇപ്പോഴുള്ളത്‌. നാണയപ്പെരുപ്പ നിരക്ക്‌ കണക്കാക്കിയതിന്റെ വിശദാംശങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അത്‌ സമ്മതിക്കുന്നുമുണ്ട്‌. ഗാര്‍ഹികോപരണങ്ങള്‍ പോലുള്ള ഉപഭോഗവസ്‌തുക്കളുടെ വിലയിരുണ്ടായ ഇടിവാണ്‌ പണപ്പെരുപ്പ നിരക്കിനെ സമീപകാല ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക്‌ കൊണ്ടുവന്നെത്തിച്ചത്‌. അതുതന്നെയാണ്‌ സംഗതികളുടെ ഗൗരവം വര്‍ധിപ്പിക്കുന്നതും. ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ അധിനിവേശത്തിന്‌ മുമ്പ്‌ ഇന്ത്യന്‍ ഗ്രാമങ്ങള്‍ സ്വയം പര്യാപ്‌തമായിരുന്നു. വേണ്ടതിലധികം ഉത്‌പാദിപ്പിക്കുന്ന സ്ഥിതി. ഈസ്റ്റ്‌ ഇന്ത്യാ കമ്പനി വന്‍തോതില്‍ ഉത്‌പന്നങ്ങള്‍ കയറ്റി അയക്കാന്‍ തുടങ്ങിയതോടെ ഈ സ്വയംപര്യാപ്‌തത ഇല്ലാതായി. അതിനു ശേഷം ഇന്നോളം സ്വയംപര്യാപ്‌തത എന്നത്‌ ഒരു മേഖലയിലും രാജ്യത്ത്‌ ഉണ്ടായിരുന്നുമില്ല. ജനങ്ങളുടെ സമ്പദ്‌ സ്ഥിതി അടിക്കടി മോശമായി വരികയും ചെയ്‌തു.


ഇതിനിടെയുണ്ടായ രണ്ട്‌ ലോകമഹായുദ്ധങ്ങള്‍ കൂടിയായപ്പോള്‍ രാജ്യം ഏറെക്കുറെ ദരിദ്രമായി. സ്വാതന്ത്ര്യാനന്തരം ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പഞ്ചവത്സര പദ്ധതികള്‍ ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയില്‍ ഉണര്‍വുണ്ടാക്കിയിരുന്നു. മൊത്ത ആഭ്യന്തര ഉത്‌പാദനം ചില വര്‍ഷങ്ങളില്‍ ഏഴു ശതമാനം വരെ ഉയര്‍ന്നു. ഇതിനൊക്കെ ശേഷം 1978ലാണ്‌ രാജ്യം നാണയച്ചുരുക്കം അഭിമുഖീകരിക്കുന്നത്‌. 1969ലും 70ലുമായി ബാങ്കുകള്‍
ദേശസാത്‌കരിക്കുന്നതുള്‍പ്പെടെ വിപ്ലവകരമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി നടപ്പാക്കിയിരുന്നു. അതിന്റെ ഫലങ്ങള്‍ സമ്പദ്‌ സ്ഥിതിയില്‍ പ്രതിഫലിക്കുന്ന കാലമെത്തിയപ്പോഴായിരുന്നു നാണയച്ചുരുക്കം അനുഭവപ്പെട്ടത്‌. അടിയന്തരാവസ്ഥയില്‍ ഭരണകൂടത്തിന്റെ ഉരുക്കുമുഷ്‌ടിക്കു കീഴില്‍ ജനതയ്‌ക്ക്‌ ഏറെക്കുറെ അടിമസമാനമായി ജോലി ചെയ്യേണ്ടിവന്നത്‌ ഉത്‌പാദന രംഗത്തുണ്ടാക്കിയ വളര്‍ച്ചയാണ്‌ നാണയച്ചുരുക്കത്തിന്റെ പാതയിലേക്ക്‌ എത്തിച്ചതെന്ന്‌ പിന്നീട്‌ വിലയിരുത്തപ്പെട്ടിരുന്നു.


ഇന്ന്‌ സ്ഥിതിഗതികള്‍ വ്യത്യസ്‌തമാണ്‌. ഇന്ത്യന്‍ കമ്പോളം തുറന്നു കിടക്കുകയാണ്‌. ധനകാര്യ വിപണിയില്‍ കൂടുതല്‍ കൂടുതല്‍ ഇളവുകള്‍ വരുന്നു. ഇലക്‌ട്രോണിക്‌, ഓട്ടോമൊബൈല്‍ വ്യവസായങ്ങള്‍ രാജ്യത്ത്‌ തഴച്ചുവളര്‍ന്നിരിക്കുന്നു. അത്തരം ഉത്‌പന്നങ്ങളുടെ വാണിജ്യവും സജീവമാണ്‌. ദിനേന സഹസ്രകോടികള്‍ ഒഴുകുന്ന ഓഹരി, ഊഹക്കച്ചവട വിപണികളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടതെല്ലാം ഭരണകൂടം ചെയ്യുന്നു. റിയല്‍ എസ്റ്റേറ്റ്‌, ഭവന നിര്‍മാണ മേഖലകളെയും ഏറെ സഹായിക്കുന്നുണ്ട്‌. ഇതിലൂടെയെല്ലാം പണം വിപണിയിലെത്തിയിട്ടും നാണയച്ചുരുക്കമുണ്ടായിരിക്കുന്നു. വൈരുദ്ധ്യം നിറഞ്ഞ അവസ്ഥയാണിത്‌.


ഇതിനെല്ലാം പുറമെ വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ റിസര്‍വ്‌ ബാങ്ക്‌ ഉദാര സമീപനം സ്വീകരിക്കുകയും ചെയ്‌തു. ബാങ്കുകള്‍ റിസര്‍വ്‌ ബാങ്കിന്‌ നല്‍കേണ്ട കരുതല്‍ ധനാനുപാതത്തില്‍ കുറവു വരുത്തിയതാണ്‌ ഒന്ന്‌. റിസര്‍വ്‌ ബാങ്കുകളില്‍ നിന്ന്‌ ബാങ്കുകള്‍ പണം സ്വീകരിക്കുന്നതിന്‌ നല്‍കേണ്ട നിരക്കില്‍ (റിപ്പോ) കുറവുവരുത്തിയതാണ്‌ രണ്ടാമത്തെ നടപടി. ബാങ്കുകളില്‍ നിന്ന്‌ റിസര്‍വ്‌ ബാങ്ക്‌ സ്വീകരിക്കുന്ന പണത്തിന്‌ നല്‍കുന്ന നിരക്കിലും (റിവേഴ്‌സ്‌ റിപ്പോ) കുറവുവരുത്തി. രാജ്യത്തെ ബാങ്കുകള്‍ക്ക്‌ വായ്‌പ നല്‍കുന്നതിന്‌ വേണ്ട പണം അവരുടെ കണക്കുകളില്‍ ഉറപ്പാക്കുക എന്നതായിരുന്നു ഈ നടപടികളുടെയെല്ലാം ലക്ഷ്യം. വ്യവസായം, കൃഷി, ഭവന നിര്‍മാണം, വാഹനം വാങ്ങല്‍ തുടങ്ങി എല്ലാത്തരം വായ്‌പകളും നല്‍കുന്നതിന്‌ വേണ്ട പണം ബാങ്കുകളുടെ പക്കല്‍ ഉണ്ടാവുന്ന അവസ്ഥ. ഇതിനെല്ലാം ശേഷവും നാണയച്ചുരുക്കത്തിലേക്ക്‌ എത്തി.


ഒന്നുകില്‍ വായ്‌പകള്‍ വാങ്ങുന്നതിന്‌ ഉപഭോക്താക്കള്‍ മടികാണിക്കുന്നു. അല്ലെങ്കില്‍ റിസര്‍വ്‌ ബാങ്ക്‌ അനുവദിച്ച ഇളവുകളുടെ ഗുണഫലം ഉപഭോക്താക്കള്‍ക്ക്‌ കൈമാറാന്‍ ബാങ്കുകള്‍ തയ്യാറായില്ല. സാമ്പത്തിക മാന്ദ്യം മുന്നില്‍ കണ്ട്‌ വാഹനം, ഭവനം, ഇലക്‌ട്രോണിക്‌ ഉത്‌പന്നങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാതാക്കളെല്ലാം നിരക്കിളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. പക്ഷെ, വായ്‌പാ നിരക്കുകളില്‍ ആകര്‍ഷകമായ കുറവുവരുത്തി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ രാജ്യത്തെ ബാങ്കുകള്‍ തയ്യാറായില്ല. സാമ്പത്തിക മാന്ദ്യം മൂലം ഓഹരി വിലകള്‍ ഇടിയുകയും കിട്ടാക്കടം വര്‍ധിക്കുകയും ചെയ്‌തതുമൂലമുണ്ടായ ആഭ്യന്തര സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ്‌ റിസര്‍വ്‌ ബാങ്ക്‌ നല്‍കിയ സൗജന്യങ്ങള്‍ ബാങ്കുകള്‍ ഉപയോഗപ്പെടുത്തിയത്‌ എന്ന്‌ കരുതേണ്ടിവരും.


പൊതുമേഖലാ ബാങ്കുകള്‍ക്ക്‌ മാത്രമല്ല, അമേരിക്കയിലും യൂറപ്യന്‍ രാജ്യങ്ങളിലും മറ്റും വന്‍ തിരിച്ചടികള്‍ നേരിട്ട ബഹുരാഷ്‌ട്ര കുത്ത ബാങ്കുകള്‍ക്കും ഈ സൗകര്യം ലഭിച്ചു. ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ കാലത്തുണ്ടായതുപോലെ ഇന്ത്യന്‍ സമ്പത്ത്‌ പരോക്ഷമായി കൊള്ളയടിക്കുകയാണ്‌ ചെയ്യപ്പെടുന്നത്‌. അതിന്‌ വേണ്ട സൗകര്യം കേന്ദ്ര സര്‍ക്കാര്‍ ചെയ്‌തു കൊടുക്കുകയും ചെയ്‌തു. ഭവന വായ്‌പാ നിരക്കിലെങ്കിലും ഗണ്യമായ കുറവു വരുത്തണമെന്ന്‌ ബാങ്കുകളോട്‌ നിര്‍ബന്ധിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. സാമ്പത്തിക മാന്ദ്യത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന്‌ വന്‍തോതില്‍ ലാഭമെടുത്ത്‌ പിന്‍വലിഞ്ഞ വിദേശധനകാര്യ സ്ഥാപനങ്ങളുടെ അതേ പാത ഇവിടെയും പിന്തുടരപ്പെടുന്നു. ഇന്ത്യയില്‍ രജിസ്‌ട്രേഷനില്ലാത്ത വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക്‌ ഓഹരി വിപണിയില്‍ ഇടപെടുന്നതിനുണ്ടായ വിലക്ക്‌ പിന്‍വലിച്ച്‌ (പാര്‍ട്ടിസിപ്പേറ്ററി നോട്ട്‌ വ്യവസ്ഥ ഒഴിവാക്കി) കേന്ദ്ര സര്‍ക്കാര്‍ അന്നുംവേണ്ട സഹായം നല്‍കിയിരുന്നു.


നാണയച്ചുരുക്കത്തിന്റെ കാലത്തിലേക്ക്‌ എത്തുന്നത്‌ രാജ്യത്തിന്റെ സമ്പദ്‌ വ്യവസ്ഥയുടെ ശക്തിയെക്കുറിച്ച്‌ പലതരം ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്‌. ഉത്‌പാദനത്തിലുണ്ടാവുന്ന ഇടിവ്‌, തൊഴിലവസരം കുറയുന്നത്‌ ഇതൊക്കെ നടപ്പു സാമ്പത്തിക വര്‍ഷത്തിലും വലിയ തോതില്‍ ബാധിക്കും. സാമ്പത്തിക മാന്ദ്യം വന്‍തോതില്‍ ബാധിക്കുന്നുവെന്നതിന്റെ സൂചനയായിക്കൂടി വേണം നാണയച്ചുരുക്കമെന്ന അവസ്ഥയെ കാണാന്‍. സാമ്പത്തിക പരിഷ്‌കരണത്തിന്റെയും വിപണി തുറന്നു നല്‍കലിന്റെയും ഭാഗമായി ഇന്ത്യയില്‍ വികസിച്ചു വന്ന മേഖലകളിലെല്ലാം പിന്നോട്ടുപോകലാണ്‌ ഉണ്ടാവുന്നത്‌. കഴിഞ്ഞകാലങ്ങളില്‍ സാമ്പത്തിക വളര്‍ച്ചാ നിരക്കിനെ ഉയര്‍ത്തി നിര്‍ത്താന്‍ സഹായിച്ച മേഖലകളാണ്‌ ഇവയെല്ലാം. ഇവിടങ്ങളിലെല്ലാം ഉണ്ടാവുന്ന തിരിച്ചടി തുടര്‍ വര്‍ഷങ്ങളില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമായേക്കും. സാമ്പത്തിക വളര്‍ച്ചയുടെ കാലത്തുപോലും ദുരിതത്തിലായിരുന്ന കാര്‍ഷിക, ഗ്രാമീണ മേഖലകളാവും കൂടുതല്‍ ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടിവരിക. ഒപ്പം അനുപാത രഹിതമായി വളര്‍ന്നുവന്ന മധ്യവര്‍ഗവും. ?

No comments:

Post a Comment