ആണവ കരാറിന്റെ പേരില്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതിനെ
ത്തുടര്‍ന്ന് കഴിഞ്ഞ യു പി എ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടുന്നു. ഡോ. മന്‍മോഹന്‍ സിംഗ് അവതരിപ്പിച്ച വിശ്വാസ പ്രമേയം ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഏവരും കാത്തിരുന്നത് കോണ്‍ഗ്രസ്സിന്റെ പരമാധികാരിയായി വൈകാതെ എത്തുമെന്ന് പ്രതീക്ഷിക്കുന്ന രാഹുല്‍ ഗാന്ധിയുടെ പ്രസംഗമായിരുന്നു. വാഗ്‌വിലാസത്തിന്റെ മൂര്‍ത്തരൂപങ്ങള്‍ നിരവധിയുണ്ടായിരുന്ന സഭയില്‍ സ്‌ത്രൈണത വിട്ടുമാറാത്ത ശബ്‌ദത്തില്‍, സാധാരണക്കാരായ ഇന്ത്യക്കാര്‍ എന്നും അസൂയയോടെ കാണുന്ന ഉച്ചാരണശുദ്ധിയുള്ള ആംഗലേയത്തിലായിരുന്നു യുവ നേതാവിന്റെ പ്രസംഗം. രാഷ്‌ട്രീയ നേതാക്കളില്‍ നിന്ന് പ്രതീക്ഷിക്കുന്ന ചടുലതയൊന്നും പ്രസംഗത്തിനുണ്ടായിരുന്നില്ല. ഊര്‍ജ മേഖലയില്‍ രാജ്യം നേരിടുന്ന പ്രതിസന്ധി വിവരിക്കാന്‍ ഉത്തരേന്ത്യന്‍ ഗ്രാമത്തില്‍ താന്‍ കണ്ട കലാവതി എന്ന സ്‌ത്രീയുടെ കഥ വിവരിക്കുകയാണ് രാഹുല്‍ ചെയ്‌തത്. പ്രതിപക്ഷ ബഹളത്തിനിടെ കഥയുടെ തുടക്കം പല തവണ ആവര്‍ത്തിക്കേണ്ടി വന്നു. കലാവതി എന്ന പാവപ്പെട്ട സ്‌ത്രീ കുടുംബം പോറ്റാന്‍ കൂലിപ്പണി ചെയ്‌ത ശേഷം വീട്ടിലെ അടുപ്പില്‍ തീ കൂട്ടാന്‍ വിറക് ശേഖരിക്കാന്‍ കഷ്‌ടപ്പെടുന്ന കഥ. ഈ അവസ്ഥ പരിഹരിക്കപ്പെടണമെങ്കില്‍ ഊര്‍ജ മേഖലയില്‍ രാജ്യം സ്വയം പര്യാപ്‌തത കൈവരിക്കേണ്ടതുണ്ട്. വൈദ്യുതോത്‌പാദനത്തിന് കൂടുതല്‍ ആണവ പദ്ധതികളുണ്ടായാല്‍ മറ്റു ഇന്ധനാവശ്യങ്ങള്‍ നിറവേറ്റാന്‍ രാജ്യത്തിന് പ്രയാസമുണ്ടാവില്ല. അതുകൊണ്ട് ആണവ കരാര്‍ അത്യന്താപേക്ഷിതമാവുന്നുവെന്നായിരുന്നു രാഹുലിന്റെ പ്രസംഗത്തിന്റെ സാരം.
ഊര്‍ജ മേഖലയിലെ ആവശ്യം ഉയര്‍ത്തിക്കാട്ടാന്‍ പറഞ്ഞ കഥയാണെങ്കിലും രാജ്യത്തെ സ്‌ത്രീകള്‍ നേരിടുന്ന ദുരിതവും ഗ്രാമീണ മേഖലയിലെ ജനത അനുഭവിക്കുന്ന കഷ്‌ടപ്പാടും രാഹുലിന്റെ പ്രസംഗത്തിലുണ്ടായിരുന്നു. പാര്‍ലിമെന്റിന്റെ ഇരു സഭകളെയും അഭിസംബോധന ചെയ്‌ത് പുതിയ സര്‍ക്കാറിന്റെ നയം രാഷ്‌ട്രപതി പ്രഖ്യാപിച്ചപ്പോള്‍ രാഹുല്‍ പറഞ്ഞ കഥയും ഡോ. മന്‍മോഹന്‍ സിംഗിന്റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ലക്ഷ്യവും തമ്മില്‍ ബന്ധമുണ്ടെന്ന് വ്യക്തമാവുകയാണ്. ഊര്‍ജ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുകയോ ഗ്രാമീണ ജനതയുടെ ജീവിത ദുരിതം പരിഹരിക്കുകയോ അല്ല അത്. മറിച്ച് അഞ്ചു വര്‍ഷത്തിനപ്പുറം കോണ്‍ഗ്രസിന് ഒറ്റക്ക് അധികാരത്തിലെത്താനുള്ള വഴി സുഗമമാക്കുക എന്നതാണ്, ഒപ്പം രാഹുലിന് പ്രധാനമന്ത്രി പദത്തിലേക്ക് വീഥിയൊരുക്കുക എന്നതും. ഇടതുപക്ഷത്തിന്റെ എതിര്‍പ്പുകള്‍ക്കിടയിലും സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ തുടരാനാണ് കഴിഞ്ഞ യു പി എ സര്‍ക്കാര്‍ ശ്രമിച്ചത്. ഇക്കുറി ഇടതുപക്ഷത്തിന്റെ നിയന്ത്രണങ്ങളില്ലാതെ അധികാരത്തിലെത്തിയിട്ടും സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ഉപേക്ഷിക്കാതെയാണെങ്കില്‍ കൂടി, സാമുഹിക - സേവന മേഖലകളില്‍ ശ്രദ്ധ പതിപ്പിക്കുന്നുവെന്ന പ്രതീതി ജനിപ്പിക്കാനാണ് മന്‍മോഹന്‍ സര്‍ക്കാര്‍ ശ്രമിച്ചിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം നല്‍കിയ പാഠം തന്നെയാണ് ഇതിന്റെ കാതല്‍.
കര്‍ഷകരുടെ കടം എഴുതിത്തള്ളാനുള്ള തീരുമാനം, ദാരിദ്ര്യ രേഖക്കു താഴെയുള്ള കുടുംബങ്ങളിലെ ഒരാള്‍ക്ക് വര്‍ഷത്തില്‍ നൂറു ദിവസം തൊഴില്‍ ഉറപ്പാക്കാന്‍ ആവിഷ്‌കരിച്ച പദ്ധതി, ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ക്ക് വീട് വെച്ചു കൊടുക്കാനുള്ള ഇന്ദിരാ ആവാസ് യോജന തുടങ്ങിയവയാണ് ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും പ്രതീക്ഷിക്കാത്ത വിജയം പാര്‍ട്ടിക്ക് നേടിക്കൊടുത്തത് എന്ന് നേതൃത്വം വിശ്വസിക്കുന്നു. പ്രചാരണ രംഗത്ത് ആണവ കരാറും അമേരിക്കയുമായി ഇന്ത്യയുണ്ടാക്കുന്ന ബന്ധവും സജീവ ചര്‍ച്ചാവിഷയമാകുമെന്നാണ് തിരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, ഈ വിഷയങ്ങള്‍ ഉന്നയിച്ചത് ഇടതുപക്ഷം മാത്രമായിരുന്നു. കോണ്‍ഗ്രസ് അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കാതെ തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ചും ഗ്രാമീണ വികസനത്തിന് യു പി എ നല്‍കാന്‍ ഉദ്ദേശിക്കുന്ന ഊന്നലിനെക്കുറിച്ചും സംസാരിച്ചു. രാജ്യത്താകെ പ്രചാരണം നടത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങളിലെല്ലാം ഈ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്‌തിരുന്നു. പുതിയ മന്ത്രിസഭ രൂപവത്‌കരിച്ചപ്പോള്‍ ഗ്രാമവികസന വകുപ്പിന്റെ ചുമതല രാഹുലിന്റെ സ്വന്തം ആളുകളായി അറിയപ്പെടുന്ന രാജസ്ഥാനില്‍ നിന്നുള്ള സി പി ജോഷിക്കും (കാബിനറ്റ് പദവി) ഉത്തര്‍പ്രദേശില്‍ നിന്നുള്ള ജിതിന്‍ പ്രസാദക്കും (സഹമന്ത്രി) നല്‍കിയത് ശ്രദ്ധിക്കുക.
തൊഴിലുറപ്പ്, ഇന്ദിരാ ആവാസ് യോജന തുടങ്ങിയ പദ്ധതികള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കുകയും അതില്‍ രാഹുല്‍ ഗാന്ധിക്കുള്ള പങ്ക് ജനശ്രദ്ധയില്‍ കൊണ്ടുവരികയുമാണ് കോണ്‍ഗ്രസ് ആവിഷ്‌കരിച്ചിരിക്കുന്ന തന്ത്രം. ധനകാര്യമന്ത്രി സ്ഥാനത്തേക്ക് പ്രണാബ് മുഖര്‍ജിയെ നിയോഗിച്ചതും ശ്രദ്ധേയമാണ്. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയും പി ചിദംബരം ധനമന്ത്രിയുമായിരുന്നാല്‍ സാമ്പത്തിക പരിഷ്‌ക്കാരങ്ങളുടെ വേഗം കൂട്ടുന്നതിനാവും മുന്‍തൂക്കം എന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയാം. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ അല്‍പ്പകാലം അകന്നുനിന്നതൊഴിച്ചാല്‍ നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്‌തനാണ് പ്രണാബ് . അദ്ദേഹത്തിന് ധന വകുപ്പിന്റെ ചുമതല നല്‍കിയതിലൂടെ രാഹുല്‍ ഗാന്ധിയുടെ അജന്‍ഡകള്‍ക്ക് പ്രാമുഖ്യം നല്‍കാന്‍ അവസരമൊരുക്കിയിരിക്കുകയാണ് ഹൈക്കമാന്‍ഡ്.
കലാവതിയുടെ കഥയില്‍ നിന്ന് വനിതാ സ്‌പീക്കറിലേക്കും തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ വനിതാ സംവരണം അമ്പത് ശതമാനമാക്കാനും പാര്‍ലിമെന്റിലും നിയമസഭകളിലും സ്‌ത്രീകള്‍ക്ക് 33 ശതമാനം സംവരണം കൊണ്ടുവരാനുമുള്ള നിര്‍ദേശങ്ങളിലേക്കുമെത്തുമ്പോള്‍ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമാണ്. കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ വനിതകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുമെന്ന വാഗ്‌ദാനവും നയപ്രഖ്യാപന പ്രസംഗത്തില്‍ നല്‍കുന്നുണ്ട്. രാജ്യത്തെ ജനസംഖ്യയില്‍ പകുതിയോളം വരുന്ന സ്‌ത്രീകളുടെ വോട്ട് നിര്‍ണായകമാണെന്ന രാഹുലിന്റെ തിരിച്ചറിവിന്റെ ഫലം കൂടിയാണ് ഈ പ്രഖ്യാപനങ്ങള്‍. വനിതാ സംവരണ ബില്‍ പാസ്സാക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തിനു പിന്നില്‍ രാഷ്‌ട്രീയലക്ഷ്യങ്ങളുണ്ടെന്ന ജനതാദള്‍ യുനൈറ്റഡ് നേതാവ് ശരദ് യാദവിന്റെ ആരോപണം യാഥാര്‍ഥ്യത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ്. സ്‌ത്രീ സംവരണത്തിനുള്ളില്‍ ദളിതുകള്‍ക്കും പിന്നാക്കക്കാര്‍ക്കും പ്രത്യേകം സംവരണം വേണമെന്ന നിലപാടാണ് ശരദ് യാദവ് മുന്നോട്ടുവെക്കുന്നത്. ഇപ്പോഴുള്ള വനിതാ നേതാക്കളുടെ പട്ടിക നോക്കിയാല്‍ ഈ ആവശ്യത്തിന്റെ പ്രസക്തി ബോധ്യമാകും.
സമ്പത്തിന്റെയോ പാരമ്പര്യത്തിന്റെയോ സിനിമ, ടെലിവിഷന്‍ തുടങ്ങിയവയിലൂടെ ലഭിച്ച പ്രശസ്‌തിയുടെയോ പിന്‍ബലമുള്ളവര്‍ മാത്രമാണ് അധികാരത്തിലും നേതൃത്വത്തിലുമുള്ള സ്‌ത്രീകള്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ ദളിത് നേതാവ് മായാവതി പോലും കാന്‍ഷി റാം എന്ന നേതാവിന്റെ പിന്തുണകൊണ്ടുമാത്രം മുന്‍നിരയിലെത്തിയതാണ്. വിദ്യാസമ്പന്നരും സംസ്‌കാരചിത്തരെന്ന് അവകാശപ്പെടുന്നവരുമായ ആളുകള്‍ തെരുവിലൂടെ നഗ്നയാക്കി ഓടിച്ച അസമിലെ ആദിവാസി യുവതി ലക്ഷ്‌മി ഒറോണിനെപ്പോലുള്ളവര്‍ക്ക് പാര്‍ലിമെന്റിന്റെയോ നിയമസഭകളുടെയോ അകത്തളത്തിലേക്ക് പുതിയ നിയമം വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ. വനിതാ സംവരണത്തിനായി ഘോരഘോരം പ്രസംഗിച്ചുവരുന്ന ഇടതുപാര്‍ട്ടികള്‍ പോലും ഈ വിഭാഗത്തില്‍പ്പെടുന്ന ഒരു വനിതക്ക് വിജയം ഉറപ്പായ സീറ്റ് നല്‍കാന്‍ തയ്യാറായ ചരിത്രം ഇല്ലതന്നെ - രാഷ്‌ട്രീയത്തില്‍ മുന്‍പരിചയമില്ലാത്ത അത്‌ലറ്റ് ജ്യോതിര്‍മയി സിക്‌ദര്‍ക്ക് സീറ്റ് അനുവദിച്ചപ്പോള്‍ പോലും.
തദ്ദേശഭരണ സ്ഥാപനങ്ങളിലെ സംവരണത്തോത് അമ്പത് ശതമാനമാക്കി ഉയര്‍ത്തുന്നത് ഗ്രാമങ്ങളിലെയും അധഃസ്ഥിത പിന്നാക്ക വിഭാഗങ്ങളിലെയും സ്‌ത്രീകളുടെ സാമൂഹിക അന്തസ്സില്‍ മാറ്റമുണ്ടാക്കിയേക്കും. പാര്‍ലിമെന്റിലെയും നിയമസഭയിലെയും സംവരണം മധ്യ, ഉപരിവര്‍ഗ സമൂഹങ്ങളിലെ വനിതകളെ ഉദ്ദേശിച്ചുള്ളതാണ്. അതാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതും. അഞ്ച് വര്‍ഷത്തിനപ്പുറം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒറ്റക്ക് അധികാരത്തിലെത്താന്‍ പാകത്തിലുള്ള അന്തരീക്ഷം സംജാതമാക്കുന്നതിനുള്ള ശ്രമം ആദ്യത്തെ നയപ്രഖ്യാപനത്തില്‍ തന്നെ തുടങ്ങിയിരിക്കുന്നു. വൈകാതെ രാഹുല്‍ ഗാന്ധിക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളും ആരംഭിക്കും. രാജീവിന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്‌കരിക്കാന്‍ ഒരു കൈ സഹായിക്കൂ എന്നതായിരുന്നു ഒരു കാലത്ത് കോണ്‍ഗ്രസിന്റെ പ്രധാന മുദ്രാവാക്യം. സാമനമായ മുദ്രാവാക്യങ്ങള്‍ വൈകാതെ പ്രതീക്ഷിക്കാം.
സാമൂഹികക്ഷേമ, ഗ്രാമവികസന പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കുമ്പോള്‍ തന്നെ സാമ്പത്തിക പരിഷ്‌കരണത്തിന്റെയും ഉദാരവത്‌കരണത്തിന്റെയും മുഖം നിലനിര്‍ത്തുന്നുമുണ്ട്. തൊഴിലുറപ്പ് പോലുള്ള പദ്ധതികള്‍ക്ക് പണം കണ്ടെത്തുന്നത് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിച്ചുകൊണ്ടായിരിക്കുമെന്ന് ഉറപ്പ്. 51 ശതമാനം ഓഹരി നിലനിര്‍ത്തി, സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ തുടരുന്നുവെന്ന് ഉറപ്പാക്കി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുമെന്ന് നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വലിയ ലാഭമുണ്ടാക്കുന്നതുള്‍പ്പെടെ രാജ്യത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഓഹരി വില്‍ക്കുമെന്നാണ് ഈ പ്രഖ്യാപനത്തിന്റെ അര്‍ഥം. 51 ശതമാനം ഓഹരി സര്‍ക്കാറിന്റെ പക്കല്‍ നിലനിര്‍ത്തുമെന്ന ഇപ്പോഴത്തെ പ്രസ്‌താവന അടുത്ത നയപ്രഖ്യാപനത്തില്‍ തിരുത്താവുന്നതേയുള്ളൂ. വികസന പദ്ധതികള്‍ക്ക് കൂടുതല്‍ പണം കണ്ടെത്താന്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ കൂടുതല്‍ ഓഹരി വിറ്റഴിക്കുമെന്ന് പ്രഖ്യാപിക്കാന്‍ വലിയ താമസമുണ്ടാവില്ല.
തൊഴിലുറപ്പ് പോലെ വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള പദ്ധതികളുടെ കാര്യത്തില്‍ വാചാലമാകുമ്പോഴും കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ക്രിയാത്മകമായ ചുവടുകളൊന്നും രാഷ്‌ട്രപതിയുടെ പ്രസംഗത്തിലില്ല. വികസിത രാജ്യങ്ങള്‍ക്ക് കാര്‍ഷിക വിപണി തുറന്നുനല്‍കിയതും അവരെ സഹായിക്കാന്‍ ഇറക്കുമതിച്ചുങ്കം കുറച്ചുനിര്‍ത്തുന്നതുമാണ് ഈ മേഖലയിലെ പ്രതിസന്ധിയുടെ അടിസ്ഥാന കാരണം. ഈ നയത്തില്‍ മാറ്റം വരുത്തുമെന്ന സൂചനയൊന്നും രാഷ്‌ട്രപതിയുടെ പ്രസംഗത്തിലില്ല. മറിച്ച് വിവിധ സബ്‌സിഡികള്‍ അര്‍ഹരായവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തുമെന്ന വ്യക്തമായ പ്രഖ്യാപനമുണ്ട്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട സബ്‌സിഡികള്‍ വെട്ടിക്കുറക്കണമെന്ന വികസിത രാജ്യങ്ങളുടെ ആവശ്യം ഇന്ത്യയും ബ്രസീലും അടക്കമുള്ള രാജ്യങ്ങള്‍ അംഗീകരിക്കാത്തതുകൊണ്ടാണ് ലോക വ്യാപാര സംഘടനയുടെ ദോഹവട്ട ചര്‍ച്ചകളുടെ തീരുമാനങ്ങള്‍ ഒരു ദശകത്തോളമായി നടപ്പാക്കാന്‍ കഴിയാതെ തുടരുന്നത്. പുതിയ സാഹചര്യത്തില്‍ ഈ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന് ഇന്ത്യയുമായി ചര്‍ച്ച നടത്തുമെന്ന് ലോക വ്യാപാര സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. സബ്‌സിഡികള്‍ വെട്ടിക്കുറക്കാനുള്ള വികസിത രാജ്യങ്ങളുടെ ആവശ്യത്തെ കഴിഞ്ഞ സര്‍ക്കാറില്‍ വാണിജ്യ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന കമല്‍നാഥ് ശക്തമായി എതിര്‍ത്തിരുന്നു. ഇക്കുറി വകുപ്പുകള്‍ വിഭജിച്ചപ്പോള്‍ കമല്‍നാഥിനെ വാണിജ്യത്തില്‍ നിന്ന് മാറ്റാന്‍ മന്‍മോഹന്‍ ശ്രദ്ധിക്കുകയും ചെയ്‌തു.
ഇന്‍ഷ്വറന്‍സ് മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപ പരിധി വര്‍ധിപ്പിക്കുമെന്നും ബേങ്കിംഗ് മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്ന് വ്യക്തമാവുന്നുണ്ട്. ആഗോള തലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി ഇന്ത്യന്‍ ബേങ്കുകളെ എന്തുകൊണ്ട് ബാധിച്ചില്ല എന്ന ചോദ്യത്തിന് ഉത്തരമായി ലഭിച്ചത് അവയുടെ പൊതുമേഖലാ സ്വഭാവമെന്നതായിരുന്നു. അമേരിക്കയിലും മറ്റും തകര്‍ന്ന ബേങ്കുകളെ ദേശസാത്‌കരിക്കുന്ന കാലത്താണ് ബേങ്കിംഗ് മേഖലയില്‍ നേരിട്ട് വിദേശ നിക്ഷേപം അനുവദിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. സാമുഹിക ക്ഷേമ, ഗ്രാമവികസന മേഖലയില്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടുന്നതിന് ഈ സ്ഥാപനങ്ങളെ പ്രാപ്‌തരാക്കുന്നതിനാണ് നേരിട്ടുള്ള വിദേശ നിക്ഷേപമെന്ന വിശദീകരണവുമുണ്ട്. അമേരിക്കയുമായുള്ള സൗഹൃദം കൂടുതല്‍ ശക്തമാക്കുമെന്ന പൊതുപ്രസ്‌താവന അര്‍ഹിക്കുന്ന ഗൗരവത്തോടെ വായിക്കപ്പെട്ടിട്ടില്ല. ഏതെല്ലാം മേഖലകളിലാണ് ബന്ധം ശക്തമാക്കുന്നത് എന്ന് നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിട്ടില്ല. അമേരിക്ക ആഗ്രഹിക്കുന്ന മേഖലകളിലെല്ലാം ബന്ധം ശക്തമാവുമെന്ന് അര്‍ഥമാക്കേണ്ടിവരും.
ചുരുക്കത്തില്‍ രണ്ടാം വരവില്‍ മന്‍മോഹനുള്ളത് സ്‌നാപക യോഹന്നാന്റെ റോളാണ്. വരാനിരിക്കുന്ന പുതിയ നേതാവിന് പൂ വിരിച്ച പാതയൊരുക്കുകയാണ് ദൗത്യങ്ങളിലൊന്ന്. ഇന്ത്യന്‍ വിപണിയെയും കാര്‍ഷിക, പ്രതിരോധ മേഖലകളെയും ഉന്നമിടുന്ന അമേരിക്കക്കും സഖ്യശക്തികള്‍ക്കും മുന്നില്‍ വാതില്‍ കൂടുതല്‍ തുറന്നിടുക എന്നതാണ് രണ്ടാം ദൗത്യം. ആദ്യത്തെ ലക്ഷ്യം കൈവരിക്കുന്നതിന് സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ രണ്ടാമത്തെ ലക്ഷ്യത്തിന് ഹാനികരമാവാതെ നോക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഇത് ഭംഗിയായി നിറവേറ്റിയാല്‍ സ്‌നാപകന്റെ ജോലി കഴിഞ്ഞു. അതിന് അഞ്ചുവര്‍ഷം കാത്തിരിക്കേണ്ടിവരുമോ എന്നതില്‍ മാത്രമാണ് കൗതുകം. ആര് ആരുടെ ചെരുപ്പിന്റെ വാറഴിക്കാനാണ് യോഗ്യന്‍ എന്നതിലും.
Anyway 1000000000000% better than CPIM
ReplyDelete