2009-06-21

ബലാത്സംഗം മഹാശ്ചര്യം...


ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട കേസുകള്‍ക്ക്‌ വലിയ പ്രധാന്യം മാധ്യമങ്ങളില്‍ ലഭിക്കുന്നുണ്ട്‌. ഒരു കുറ്റകൃത്യം നടന്നുവെന്നത്‌ ജനങ്ങളിലെത്തിക്കുക എന്നതിലപ്പുറത്ത്‌ ഇത്തരം വാര്‍ത്തകള്‍ക്ക്‌ വായനക്കാര്‍/പ്രേക്ഷകര്‍ ഏറെയുണ്ടാകുമെന്ന മുന്‍വിധിയാണ്‌ ഈ പ്രാധാന്യത്തിന്‌ അടിസ്ഥാനം. അതുകൊണ്ടുതന്നെ നല്‍കാന്‍ കഴിയുന്ന പരിധിക്കുള്ളില്‍ നിന്ന്‌ പരമാവധി വിവരങ്ങള്‍ റിപ്പോര്‍ട്ടുകളില്‍ ഉള്‍പ്പെടുത്താന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്യും. വായനക്കാരനോ പ്രേക്ഷകനോ ആവശ്യപ്പെട്ടതനുസരിച്ചല്ല ഈ രീതി മാധ്യമങ്ങള്‍ അവലംബിക്കാന്‍ തുടങ്ങിയത്‌. പ്രചാരം വര്‍ധിക്കുകയും വ്യവസായം വളരുകയും വേണമെന്ന ചിന്തയുടെ അടിസ്ഥാനത്തില്‍ മാധ്യമങ്ങള്‍ സ്വമേധയാ സ്വീകരിച്ചതാണിത്‌. പിന്നീട്‌ ഇത്തരം കേസുകളില്‍ വിശദാംശങ്ങളില്ലാതെ പറ്റില്ലെന്ന സ്ഥിതിയില്‍ എത്തിയിരിക്കുന്നു. ഈ വാര്‍ത്തകള്‍ക്ക്‌ വലിയ പ്രാധാന്യം ലഭിക്കുന്നത്‌, ഇരകള്‍ക്ക്‌ നീതി ലഭിക്കണമെന്നും കുറ്റവാളി ശിക്ഷിക്കപ്പെടണമെന്നുമുള്ള ഉദാത്തമായ സങ്കല്‍പ്പത്തിലല്ല എന്ന്‌ ചുരുക്കം. ഏതാണ്ട്‌ സമാനമായ രീതിയിലാണ്‌ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന സംവിധാനങ്ങളൊക്കെയും പ്രവര്‍ത്തിക്കുന്നത്‌. മാധ്യമങ്ങള്‍ക്ക്‌ പ്രചാരവും വ്യവസായവുമാണ്‌ ലക്ഷ്യമെങ്കില്‍ മറ്റ്‌ സംവിധാനങ്ങളില്‍ അത്‌ മറ്റ്‌ പലതുമാണെന്ന്‌ മാത്രം.


ബോളുവുഡ്‌ നടന്‍ ഷൈനി അഹൂജ വീട്ടുവേലക്കാരിയെ ബലാത്സംഗം ചെയ്‌തുവെന്ന കേസിന്‌ വലിയ വാര്‍ത്താ പ്രധാന്യം ലഭിച്ചതിന്റെ കാരണവും മറ്റൊന്നല്ല. ഈ കേസില്‍ മാധ്യമങ്ങള്‍ മാത്രമല്ല അമിതമായ താത്‌പര്യം കാണിക്കുന്നത്‌. ദേശീയ വനിതാ കമ്മീഷന്‍ പോലെ സ്‌ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയുക്തമായ അര്‍ധ ജുഡീഷ്യല്‍ സ്വഭാവത്തിലുള്ള സ്ഥാപനങ്ങള്‍ വരെയുണ്ട്‌ പട്ടികയില്‍. വീട്ടുവേലക്കാരിയായ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയും ഷൈനി അഹൂജ അറസ്റ്റിലാവുകയും ചെയ്‌തിട്ട്‌ ഒരാഴ്‌ച കഴിയുന്നതേയുള്ളൂ. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ഗിരിജാ വ്യാസ്‌ ഡല്‍ഹിയില്‍ നിന്ന്‌ മുംബൈയില്‍ പറന്നെത്തി കയ്യേറ്റത്തിന്‌ ഇരയായ പെണ്‍കുട്ടിയെയും രക്ഷിതാക്കളെയും കണ്ടു. പരപ്രേരണ കൂടാതെ കേസില്‍ ഇടപെടുകയും നീതി ഉറപ്പാക്കാന്‍ യത്‌നിക്കുകയും ചെയ്യുന്ന ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ നടപടി സാധാരണനിലയില്‍ ശ്ലാഘിക്കപ്പെടേണ്ടതാണ്‌. പക്ഷേ, പെണ്‍കുട്ടിയെയും രക്ഷിതാക്കളെയും കാണാനെത്തിയ അവര്‍ മുംബൈയില്‍ മാധ്യമങ്ങളോട്‌ പറഞ്ഞ ചില കാര്യങ്ങള്‍ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു.


നടനെതിരായ ലൈംഗിക അതിക്രമക്കേസിന്റെ വിചാരണ അതിവേഗക്കോടതിയിലേക്ക്‌ മാറ്റാന്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ തയ്യാറാവണമെന്നാണ്‌ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ആവശ്യം. കേസ്‌ നീണ്ടുപോവുന്നത്‌ ഇരയും സാക്ഷികളും സ്വാധീനിക്കപ്പെടാന്‍ വഴിയൊരുക്കുമെന്നതിനാലാണ്‌ ഈ ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്‌. ഇരക്കും സാക്ഷികള്‍ക്കും മേല്‍ കടുത്ത സമ്മര്‍ദമുണ്ടാവാനുള്ള സാധ്യതയും കമ്മീഷന്‍ മുന്‍കൂട്ടിക്കാണുന്നു. പ്രത്യക്ഷത്തില്‍ ആര്‍ക്കും ബോധ്യപ്പെടുന്ന ന്യായങ്ങളാണിവ. സ്വാധീനങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങി ഇരകളും സാക്ഷികളും കോടതികളില്‍ മൊഴി മാറ്റുകയും കുറ്റവാളികള്‍ രക്ഷപ്പെടുകയും ചെയ്‌ത ലൈംഗിക അതിക്രമക്കേസുകള്‍ക്ക്‌ ഈ രാജ്യത്ത്‌ ഒരു പഞ്ഞവുമില്ല. ഇത്തരത്തില്‍ ഇരകളും സാക്ഷികളും സ്വാധീനിക്കപ്പെടുകയോ ഭീഷണിപ്പെടുത്തപ്പെടുകയോ ചെയ്യുന്നത്‌ തടയാന്‍ കൂടി ബാധ്യസ്ഥമായ ഭരണഘടനാ സംവിധാനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ ഈ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ സംശയങ്ങള്‍ ഉയരും.


രാജ്യത്ത്‌ സ്‌ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ സംബന്ധിച്ച കേസുകളെല്ലാം അതിവേഗ കോടതിയില്‍ വിചാരണ ചെയ്യണമെന്നോ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിനു ശിപാര്‍ശ നല്‍കുമെന്നോ അല്ല വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞത്‌. നടന്‍ അഹൂജ ഉള്‍പ്പെട്ട കേസ്‌ അതിവേഗ കോടതിയില്‍ വിചാരണ ചെയ്യാന്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ തയ്യാറാവണമെന്നാണ്‌. അഹൂജ കേസില്‍ മാത്രമല്ല സ്വാധീനങ്ങളുടെയും ഭീഷണിയുടെയും സാധ്യതകളുള്ളത്‌. അപ്പോള്‍ ഈ ഒരു കേസിലെ വിചാരണ അതിവേഗ കോടതിയെ ഏല്‍പ്പിക്കണമെന്ന പ്രസ്‌താവനക്കു പിന്നില്‍ ഇരകളുടെ താത്‌പര്യമല്ല ആരോപണവിധേയനായ നടന്റെ താത്‌പര്യമാണെന്ന്‌ മനസ്സിലാക്കേണ്ടിവരും. ഇരയായ പെണ്‍കുട്ടിയെ മാത്രമല്ല അഹൂജയുടെ ഭാര്യ അനുപമിനെയും കാണാന്‍ തയ്യാറാണെന്നും ഗിരിജാ വ്യാസ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇതുകൂടി ചേര്‍ത്ത്‌ വായിച്ചാല്‍ കാര്യങ്ങള്‍ക്ക്‌ കുറേക്കൂടി വ്യക്തത വരുന്നു.


അധഃസ്ഥിതരോ ദരിദ്രരോ ആയ പെണ്‍കുട്ടികള്‍ ലൈംഗിക അതിക്രമത്തിന്‌ ഇരയാവുമ്പോഴൊന്നും ഇത്രയും താത്‌പര്യം ദേശീയ വനിതാ കമ്മീഷന്‍ കാട്ടിയിട്ടുമില്ല. 2007 നവംബര്‍ 23ന്‌ അസമിലെ ഗുവാഹത്തിയിലെ തെരുവില്‍ ലക്ഷ്‌മി ഒറോണ്‍ എന്ന ആദിവാസി പെണ്‍കുട്ടി അതിക്രമത്തിന്‌ ഇരയായത്‌ രാജ്യത്തെ മാത്രമായിരുന്നില്ല ഞെട്ടിച്ചത്‌. ആദിവാസികളുടെ അവകാശങ്ങള്‍ക്കായി പ്രകടനം നടത്തിയവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഈ പെണ്‍കുട്ടിയെ അക്രമികള്‍ തെരുവില്‍ നഗ്നയാക്കി മര്‍ദിക്കുകയായിരുന്നു. ജീവന്‍ രക്ഷിക്കാന്‍ തെരുവിലൂടെ നഗ്നയായി ഓടിയ ലക്ഷ്‌മിയുടെ ചിത്രങ്ങള്‍ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ പോലും പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കപ്പെട്ടു. പോലീസ്‌ നോക്കിനില്‍ക്കുമ്പോഴാണ്‌ അക്രമിക്കൂട്ടം ലക്ഷ്‌മിയുടെ വസ്‌ത്രങ്ങള്‍ കീറിയെറിഞ്ഞത്‌. സംഭവം വലിയ വാര്‍ത്തയായിട്ടുപോലും ലക്ഷ്‌മിയെ കാണാന്‍ ദേശീയ വനിതാ കമ്മീഷന്‍ എത്തിയില്ല. അന്നും ഗിരിജാ വ്യാസ്‌ തന്നെയായിരുന്നു ചെയര്‍മാന്‍. മാധ്യമങ്ങളില്‍ വിവാദം തുടര്‍ന്നപ്പോള്‍ പതിവ്‌ അന്വേഷണത്തിന്‌ ഉത്തരവിടുക മാത്രമാണ്‌ കമ്മീഷന്‍ ചെയ്‌തത്‌.


അക്രമികള്‍ക്കെതിരെ പോലീസ്‌ നടപടികളെന്തെന്ന്‌ പരിശോധിക്കാനോ കുറ്റകൃത്യം കണ്ടുനിന്ന പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെടാനോ കമ്മീഷന്‍ തയ്യാറായതുമില്ല. ലക്ഷ്‌മിയുടെ വിദ്യാഭ്യാസം തടയപ്പെട്ടപ്പോഴും കമ്മീഷന്‍ അറിഞ്ഞ മട്ട്‌ കാട്ടിയില്ല. ഉത്തര്‍പ്രദേശിലും ബീഹാറിലും ദളിത്‌ സ്‌ത്രീകളെ ജമീന്ദാര്‍മാര്‍ ഉപദ്രവിക്കുന്നത്‌ സംഭവിച്ച റിപ്പോര്‍ട്ടുകള്‍ ദിനേനയെന്നോണം പ്രത്യക്ഷപ്പെടുന്നുണ്ട്‌. ഇവിടെയൊന്നും ദേശീയ വനിതാ കമ്മീഷന്‍ എത്താറില്ല. പരാതി ലഭിച്ചാല്‍ സംസ്ഥാന വനിതാ കമ്മീഷനോ ദേശിയ കമ്മീഷനോ പതിവ്‌ നടപടികള്‍ ആരംഭിക്കുമെന്ന്‌ മാത്രം. ഗുജറാത്ത്‌ വംശഹത്യക്കിടെയുണ്ടായ ബെസ്റ്റ്‌ ബേക്കറി സംഭവത്തിലെ മുഖ്യ സാക്ഷി സാഹിറ ശൈഖിന്‌ സംഘ്‌ പരിവാര്‍ നേതാക്കളുടെ ഭീഷണിക്കു വഴങ്ങി കോടതിയില്‍ പലതവണ മൊഴിമാറ്റിപ്പറയേണ്ടിവന്നപ്പോള്‍ സംരക്ഷിക്കാന്‍ ഈ കമ്മീഷനുണ്ടായിരുന്നില്ല. ഒറീസ്സയിലെ കാന്ധമലില്‍ വര്‍ഗീയവാദികളുടെ കൂട്ട ബലാത്സംഗത്തിന്‌ ഇരയായ കന്യാസ്‌ത്രീയെ കണ്ട്‌ തെളിവെടുക്കാന്‍ കമ്മീഷന്‍ ശ്രമിക്കാതിരുന്നത്‌ അന്ന്‌ വിമര്‍ശവിധേയമായിരുന്നു. വാര്‍ത്തകളും വിവാദങ്ങളുമുയര്‍ന്നപ്പോഴാണ്‌ കന്യാസ്‌ത്രീയുടെ മൊഴിയെടുക്കാന്‍ തയ്യാറായത്‌.


മുംബൈയില്‍ കേസ്‌ അതല്ല. പ്രതിസ്ഥാനത്തുള്ളത്‌ ബോളിവുഡ്‌ നടനാണ്‌. പണവും പ്രശസ്‌തിയുമുള്ളയാള്‍. കേസ്‌ വേഗം തീരേണ്ടത്‌ ഈ നടന്റെ മാത്രമല്ല, ബോളിവുഡിന്റെയാകെ ആവശ്യമാണ്‌. അതിന്‌ വഴിയൊരുക്കുക എന്നത്‌ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ `കടമ'യും. അതാണ്‌ കേസ്‌ അതിവേഗ കോടതിയുടെ പരിഗണനക്ക്‌ വിടണമെന്ന ഗിരിജാ വ്യാസിന്റെ ആവശ്യത്തിന്റെ അന്തരാര്‍ഥം. കൗമാരം കഴിയാത്ത വീട്ടുവേലക്കാരിയെയും ദരിദ്രരായ രക്ഷകര്‍ത്താക്കളെയും പണം നല്‍കി പ്രലോഭിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ മൊഴിമാറ്റിക്കാന്‍ അഹൂജക്ക്‌ കഴിയുമെന്ന്‌ കമ്മീഷന്‍ അധ്യക്ഷക്ക്‌ വ്യക്തമായി അറിയാം. അതിന്‌ അധികം സമയമൊന്നും വേണ്ടെന്നും. അപ്പോള്‍ പിന്നെ വിചാരണ വേഗം നടക്കുകയല്ലേ ആവശ്യം? ബോളിവുഡിന്റെ പണവും തുണയും രാഷ്‌ട്രീയത്തിലും വ്യക്തി ജീവിതത്തിലും നേട്ടങ്ങള്‍ മാത്രമേ സമ്മാനിക്കൂ.


ഈ കേസില്‍ മാധ്യമങ്ങളും തങ്ങളുടെതായ `ധര്‍മം' നിറവേറ്റുന്നുണ്ട്‌. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന്‌ അറസ്റ്റിലായ നടന്‍ ആദ്യത്തെ രണ്ടു ദിവസം തുടര്‍ച്ചയായി കരയുകയായിരുന്നുവെന്നാണ്‌ പ്രശസ്‌തമായ ഒരു ദേശീയ ദിനപത്രം നല്‍കിയ റിപ്പോര്‍ട്ട്‌. സമാനമായ റിപ്പോര്‍ട്ട്‌ ഏതാനും ദേശീയ വാര്‍ത്താ ചാനലുകളിലും കണ്ടിരുന്നു. പോലീസുകാരെ ഉദ്ധരിച്ചാണ്‌ റിപ്പോര്‍ട്ട്‌. നടന്‍ രണ്ടു ദിവസവും തുടര്‍ച്ചയായി കരയുകയായിരുന്നുവെന്നും സംഭവിച്ചുപോയതില്‍ അദ്ദേഹത്തിന്‌ മനഃസ്‌താപമുണ്ടെന്ന്‌ തോന്നുന്നുവെന്നും പോലീസ്‌ പറഞ്ഞതായി റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു. അബദ്ധത്തില്‍ സംഭവിച്ചുപോയ കൈത്തെറ്റ്‌ മാത്രമായിരുന്നു അഹുജയുടെത്‌ എന്നു തോന്നും റിപ്പോര്‍ട്ട്‌ കണ്ടാല്‍. താന്‍ ഒരു കുറ്റകൃത്യമാണ്‌ ചെയ്യുന്നത്‌ എന്ന്‌ അറിയാതെ പ്രവര്‍ത്തിച്ചതാണെന്ന്‌ അഹുജ മൊഴി നല്‍കിയെന്ന്‌ പോലീസിനെ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.

ദരിദ്രയും നിസ്സഹായയുമായ പെണ്‍കുട്ടിയെ ലൈംഗികമായി കയ്യേറ്റം ചെയ്‌തുവെന്ന്‌ ആരോപിക്കപ്പെടുന്ന ഒരാളുടെ ഇത്തരം മൊഴികള്‍ പ്രസിദ്ധീകരിക്കുന്നത്‌ എന്തിന്‌ വേണ്ടിയാണെന്ന്‌ മനസ്സിലാക്കാന്‍ പ്രയാസമില്ല. ഇതേ മാധ്യമങ്ങള്‍ തന്നെ ഇരയുടെ വൈദ്യ പരിശോധനാ ഫലം വന്നപ്പോള്‍ പ്രസിദ്ധീകരിക്കാവുന്നതിന്റെ പരമാവധി നല്‍കി വായനക്കാരോടുള്ള പ്രതിബദ്ധത തെളിയിക്കുകയും ചെയ്‌തു.


രാജ്യത്ത്‌ ദരിദ്രര്‍, താഴ്‌ന്ന ജാതിക്കാര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരെ ഭരണഘടനാ സംവിധാനങ്ങള്‍ കബളിപ്പിക്കുന്നതിന്റെ ഉദാഹരണമായി അഹൂജ കേസ്‌ മാറാനാണ്‌ സാധ്യത. ഈ വിഭാഗങ്ങള്‍ക്കെതിരായ ശാരീരിക കയ്യേറ്റങ്ങള്‍ സംബന്ധിച്ച കേസുകളില്‍ പോലും നീതി നടപ്പാവുന്നില്ല. പിന്നെ സാമൂഹികവും സാമ്പത്തികവുമായ അവകാശങ്ങളെക്കുറിച്ച്‌ സംസാരിക്കുന്നതില്‍ അര്‍ഥമില്ല തന്നെ. അഹൂജക്കെതിരായ പരാതി പുറത്തുവന്ന ശേഷം പരസ്യമായ പ്രതികരണത്തിന്‌ ഒരുമ്പെട്ടത്‌ ഇരുന്നൂറോളം വരുന്ന വീട്ടുവേലക്കാര്‍ മാത്രമാണെന്നതു കൂടി ഓര്‍ക്കുക. നീതിക്കുവേണ്ടി നിലകൊള്ളുന്നുവെന്ന്‌ അവകാശപ്പെടുന്ന മാധ്യമങ്ങള്‍ അറിയാതെ ചെയ്‌തുപോയ അബദ്ധം എന്ന മട്ടിലേക്ക്‌ കുറ്റകൃത്യത്തെ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇത്തരം സംഭവങ്ങളുടെ തുടര്‍ച്ചകളില്‍ നിന്നാണ്‌ പെണ്‍വാണിഭ സംഘത്തിന്റെ കൈയില്‍ അകപ്പെട്ട കൗമാരക്കാരിയായ പെണ്‍കുട്ടി ഒരുതവണ പോലും രക്ഷപ്പെടാന്‍ ശ്രമിച്ചില്ല എന്ന കോടതി നിരീക്ഷണങ്ങളുണ്ടാവുന്നത്‌. രക്ഷപ്പെടാന്‍ ശ്രമിക്കാതിരുന്ന പെണ്‍കുട്ടിക്ക്‌ താന്‍ ലൈംഗിക കയ്യേറ്റത്തിന്‌ വിധേയയായി എന്ന്‌ അവകാശപ്പെടാന്‍ അര്‍ഹതയില്ല എന്ന ധാരണകളിലേക്ക്‌ കോടതികള്‍ എത്തുന്നതും.