2009-06-16

വരൂ, വീണ്ടും ദണ്ഡയെടുക്കൂ


ഇന്ത്യയിലെ തീവ്രഹിന്ദുത്വ രാഷ്‌ട്രീയം അതിന്റെ രൂപവത്‌കരണകാലം മുതല്‍ നേരിട്ടിരുന്ന സ്വത്വ പ്രതിസന്ധി കൂടുതല്‍ ആഴത്തില്‍ പ്രത്യക്ഷപ്പെടുന്നതാണ്‌ ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം രാജ്യം കാണുന്നത്‌. ബി ജെ പിയില്‍ മുള പൊട്ടിയിരിക്കുന്ന കലാപം പ്രഥമമായി നേതൃസ്ഥാനവും പാര്‍ട്ടിയുടെ നിയന്ത്രണവും ലക്ഷ്യമിട്ടുള്ളതാണെങ്കിലും അതിന്റെ അടിസ്ഥാനം ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ പ്രത്യയശാസ്‌ത്രവുമായി പരോക്ഷമായി ബന്ധപ്പെട്ടാണിരിക്കുന്നത്‌. ഹൈന്ദവരുടെ ഏകീകരണവും സാംസ്‌കാരിക ഏകത്വത്തില്‍ അധിഷ്‌ഠിതമായ ഭാരതവും ലക്ഷ്യമിട്ട്‌ 1925ല്‍ ആര്‍ എസ്‌ എസ്‌ രൂപവത്‌കരിക്കപ്പെടുന്നതോടെയാണ്‌ തീവ്ര ഹിന്ദുത്വത്തിന്റെ പ്രചാരണത്തിന്‌ സംഘടിത രൂപമുണ്ടാകുന്നത്‌.


സാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേന എന്ന നിലയില്‍ വിഭാവനം ചെയ്‌ത ആര്‍ എസ്‌ എസ്സിന്‌ നേരിട്ടുള്ള രാഷ്‌ട്രീയ പ്രവര്‍ത്തനം അസാധ്യമായിരുന്നു. സ്വാതന്ത്ര്യ സമരത്തിന്‌ നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിലെ ഹിന്ദുത്വ നിലപാട്‌ പുലര്‍ത്തുന്ന നേതാക്കളിലായിരുന്നു ആര്‍ എസ്‌ എസ്സിന്‌ ആദ്യകാലത്ത്‌ പ്രതീക്ഷയുണ്ടായിരുന്നത്‌. എന്നാല്‍ ജവഹര്‍ലാല്‍ നെഹ്‌റു കോണ്‍ഗ്രസ്‌ രാഷ്‌ട്രീയത്തിലെ ചോദ്യംചെയ്യപ്പെടാത്ത നേതാവാകുകയും ഗാന്ധി വധത്തില്‍ ആര്‍ എസ്‌ എസ്‌ പ്രതിസ്ഥാനത്താവുകയും ചെയ്‌തതോടെ പ്രതീക്ഷകള്‍ അസ്ഥാനത്തായി. ഇതേത്തുടര്‍ന്നാണ്‌ ശ്യാമപ്രസാദ്‌ മുഖര്‍ജിയുടെ നേതൃത്വത്തില്‍ ഭാരതീയ ജനസംഘ്‌ രൂപവത്‌കരിക്കുന്നത്‌.1951 മുതല്‍ 1980വരെ നീണ്ട ജനസംഘിന്റെ പ്രവര്‍ത്തനം ആര്‍ എസ്‌ എസ്‌ പ്രതീക്ഷിച്ച ധ്രുവീകരണം രാജ്യത്തുണ്ടാക്കിയില്ല. ബാങ്ക്‌ ദേശസാത്‌കരണം, പ്രിവി പഴ്‌സ്‌ നിര്‍ത്തലാക്കല്‍ തുടങ്ങിയ വിപ്ലവകരമായ പരീക്ഷണങ്ങളിലൂടെ ഇന്ദിരാ ഗാന്ധി ജനമനസ്സുകളില്‍ ചിരപ്രതിഷ്‌ഠ നേടിയതോടെ നെഹ്‌റുവിനു ശേഷം രാഷ്‌ട്രീയ കാലാവസ്ഥ അനുകൂലമാക്കാമെന്ന ജനസംഘിന്റെ പ്രതീക്ഷകള്‍ കൂടിയാണ്‌ തകര്‍ന്നത്‌. ഇന്ദിര പ്രഖ്യാപിച്ച അടിയന്തരാവസ്ഥക്കെതിരെ ജനാധിപത്യ ശക്തികളുമായി ചേര്‍ന്ന്‌ പോരാടിയതോടെയാണ്‌ മുഖ്യധാരയില്‍ ആര്‍ എസ്‌ എസ്സിനും ജനസംഘിനും ഇടംലഭിച്ചത്‌.


1977ല്‍ അധികാരത്തില്‍വന്ന ജനതാപാര്‍ട്ടി മന്ത്രിസഭയില്‍ ജനസംഘിന്റെ പ്രതിനിധികളായി വാജ്‌പയിയും അഡ്വാനിയുമുണ്ടായിരുന്നു. ജനസംഘിന്റെ പ്രതീക്ഷകളെ തകിടം മറിച്ചത്‌ ജോര്‍ജ്‌ ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ ജനതയിലുണ്ടായ ചേരിയായിരുന്നു. ഒരു വിഭാഗം നേതാക്കള്‍ ജനസംഘിലും ജനതാപരിവാറിലും ഒരേസമയം തുടരുന്നത്‌ ജോര്‍ജും കൂട്ടരും ചോദ്യം ചെയ്‌തു. ജനതാപരിവാറിനെ തീവ്രഹിന്ദുത്വ ആശയക്കാര്‍ റാഞ്ചിയെടുക്കുന്നത്‌ തടയുക എന്നതാണ്‌ മൊറാര്‍ജി ദേശായി മന്ത്രിസഭയുടെ നിലനില്‍പ്പിനേക്കാള്‍ വലുതെന്ന്‌ അവര്‍ അന്നു ചിന്തിച്ചിരുന്നു. മൊറാര്‍ജി മന്ത്രിസഭ തകര്‍ന്നതോടെ ജനസംഘിന്റെ നിലനില്‍പ്പ്‌ തന്നെ ചോദ്യംചെയ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ്‌ 1980ല്‍ ബി ജെ പി എന്ന രാഷ്‌ട്രീയ പാര്‍ട്ടി ഉദയം കൊള്ളുന്നത്‌. അത്രയും കാലം ജനസംഘിനൊപ്പം നിന്ന ആര്‍ എസ്‌ എസ്‌ ജനസംഘിന്റെ പുതിയ പതിപ്പായ ബി ജെ പിയെയും പിന്തുണച്ചു.


പ്രതീക്ഷിക്കാത്ത വേഗത്തിലാണ്‌ ബി ജെ പിയുടെ വളര്‍ച്ചയുണ്ടായത്‌. അതിന്‌ കാരണങ്ങള്‍ പലതുണ്ടായിരുന്നു. ജനതാപരിവാറിനൊപ്പം നില്‍ക്കുക വഴി വാജ്‌പയിയെയും അഡ്വാനിയെയും പോലുള്ള നേതാക്കള്‍ സാമാന്യജനങ്ങളില്‍ ഉണ്ടാക്കിയെടുത്ത പ്രതിച്ഛായയായിരുന്നു ഒന്ന്‌. 1984ല്‍ അധികാരത്തില്‍വന്ന രാജീവ്‌ ഗാന്ധി സര്‍ക്കാറിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ കോണ്‍ഗ്രസിന്റെ വിശ്വാസ്യതക്കേല്‍പ്പിച്ച ആഘാതമായിരുന്നു രണ്ടാമത്തേത്‌. ഇക്കാലത്തു തന്നെ അയോധ്യാ പ്രശ്‌നം സജീവമാക്കിക്കൊണ്ടുവരാന്‍ ബി ജെ പിക്ക്‌ കഴിഞ്ഞിരുന്നു. രാജീവ്‌ ഗാന്ധിയെയും കോണ്‍ഗ്രസിനെയും അധികാരത്തിന്‌ പുറത്തിരുത്തുക എന്ന ഒരൊറ്റ അജന്‍ഡയില്‍ ഊന്നി വി പി സിംഗിന്റെ ജനതാദളും ബി ജെ പിയും ഇടതു പാര്‍ട്ടികളും നടത്തിയ പ്രചാരണം ബി ജെ പിക്ക്‌ കൂടുതല്‍ പ്രതിച്ഛായ ഉണ്ടാക്കിക്കൊടുക്കുകയും ചെയ്‌തു. മണ്ഡല്‍ രാഷ്‌ട്രീയത്തിലൂടെ കോണ്‍ഗ്രസിന്റെ പിന്നാക്ക വോട്ട്‌ ബേങ്കില്‍ വി പി സിംഗ്‌ ഉണ്ടാക്കിയ വിള്ളല്‍, ജനതാദളിന്റെ തകര്‍ച്ച, ഇടതു പാര്‍ട്ടികള്‍ക്ക്‌ അവരുടെ സ്ഥിരം പോക്കറ്റുകള്‍ക്കപ്പുറത്ത്‌ വളരാന്‍ കഴിയാതിരുന്നത്‌ തുടങ്ങി നിരവധി കാരണങ്ങളാല്‍ ബി ജെ പി രാജ്യത്തെ രണ്ടാമത്തെ വലിയ രാഷ്‌ട്രീയ പാര്‍ട്ടിയായി വളരുന്നതാണ്‌ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കണ്ടത്‌. ബാബരി മസ്‌ജിദ്‌ തകര്‍ക്കുകയും ഏക സിവില്‍ കോഡ്‌ പോലുള്ള അജന്‍ഡകള്‍ ശക്തമായി ഉന്നയിക്കുകയും ചെയ്‌തുകൊണ്ട്‌ ഹിന്ദി മേഖലയിലെ സവര്‍ണ വിഭാഗത്തിന്റെ പിന്തുണ ബി ജെ പി സ്വന്തമാക്കുകയും ചെയ്‌തു.


ഇതിന്‌ സമാന്തരമായി അധികാരമെന്ന ഒരൊറ്റ അജന്‍ഡ മാത്രം മുന്നില്‍വെച്ച്‌ പ്രാദേശിക രാഷ്‌ട്രീയ പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കാനും അവര്‍ക്ക്‌ കഴിഞ്ഞു. അപ്പോള്‍ പോലും സ്വന്തം രാഷ്‌ട്രീയ ലൈന്‍ ഏതെന്ന കാര്യത്തില്‍ ബി ജെ പിക്ക്‌ വ്യക്തതയുണ്ടായിരുന്നില്ല. വാജ്‌പയിയെ പാര്‍ട്ടിയുടെ മൃദുമുഖവും അഡ്വാനിയെ തീവ്രമുഖവുമായി നിലനിര്‍ത്തിയത്‌ ഈ ആശയക്കുഴപ്പത്തിന്റെ ഫലമായിരുന്നു. തീവ്ര ഹിന്ദുത്വ അജന്‍ഡകള്‍ക്ക്‌ ഊന്നല്‍ നല്‍കാനുള്ള ആര്‍ എസ്‌ എസ്സിന്റെ സമ്മര്‍ദം അക്കാലത്തുമുണ്ടായിരുന്നു. പക്ഷേ, അധികാരം കൈയാളാന്‍ കഴിഞ്ഞുവെന്നതിനാലും പ്രാദേശിക പാര്‍ട്ടികള്‍ക്ക്‌ സ്വീകാര്യമാവില്ല എന്ന്‌ ഉറപ്പുള്ളതിനാലും ഈ സമ്മര്‍ദത്തെ ചെറുത്തുനില്‍ക്കാന്‍ ബി ജെ പി നേതൃത്വത്തിന്‌ കഴിഞ്ഞിരുന്നു. പാഠപുസ്‌തകങ്ങളില്‍ ഹിന്ദുത്വ ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചതിലൂടെയും സ്‌കൂളുകളിലും പൊതു സ്ഥാപനങ്ങളിലും ഹൈന്ദവ ആചാരാനുഷ്‌ഠാനങ്ങള്‍ പ്രാബല്യത്തിലാക്കാന്‍ ശ്രമിച്ചതിലൂടെയും തങ്ങളുടെ ആത്യന്തിക ലക്ഷ്യം ആര്‍ എസ്‌ എസ്‌ ലക്ഷ്യമിടുന്ന സാംസ്‌കാരിക ഏകത്വമാണെന്ന സൂചനകള്‍ നല്‍കാനും ബി ജെ പി തയ്യാറായിരുന്നു.


2004ല്‍ അധികാരത്തില്‍ നിന്ന്‌ പുറത്താക്കപ്പെട്ടത്‌ സവിശേഷമായ രാഷ്‌ട്രീയ പശ്ചാത്തലത്തിലായിരുന്നു. വര്‍ഗീയ ശക്തികളെ അധികാരത്തില്‍ നിന്ന്‌ പുറത്തിരുത്തുക എന്ന ഒരൊറ്റ അജന്‍ഡയില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും യോജിക്കുകയും അതിന്റെ ഫലമായി യു പി എ സര്‍ക്കാര്‍ രൂപവത്‌കരിക്കപ്പെടുകയുമായിരുന്നു. 2009ല്‍ സ്ഥിതിവിശേഷം മാറിയതിനാല്‍ അധികാരത്തിലേക്കുള്ള തിരിച്ചുവരവ്‌ ബി ജെ പിയും ആര്‍ എസ്‌ എസ്സും പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല എന്നു മാത്രമല്ല, ബി ജെ പിയുടെ ശക്തി ക്ഷയിക്കുന്നതിന്റെ സൂചനകള്‍ ദൃശ്യമാവുകയും ചെയ്‌തു. വര്‍ധിക്കുന്ന ഭീകരാക്രമണങ്ങള്‍ ചൂണ്ടിക്കാട്ടി കപട ദേശീയവാദം ഉയര്‍ത്തിക്കൊണ്ടുവരാന്‍ പാര്‍ട്ടി നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടതുമില്ല. ഈ സാഹചര്യത്തിലാണ്‌ ബി ജെ പിയില്‍ ഉടലെടുത്ത ആഭ്യന്തര കലഹം പ്രത്യയശാസ്‌ത്രവുമായി ബന്ധപ്പെടുന്നത്‌.


അരുണ്‍ ജെയ്‌റ്റ്‌ലിക്കും സുഷമാ സ്വരാജിനുമെതിരെ പടയൊരുക്കുന്ന ജസ്വന്ത്‌ സിംഗും യശ്വന്ത്‌ സിന്‍ഹയും ആര്‍ എസ്‌ എസ്സുമായി ബന്ധമുള്ളവരല്ല. സാംസ്‌കാരിക ഏകത്വം എന്ന ആര്‍ എസ്‌ എസ്‌ അജന്‍ഡയിലൂന്നുന്ന ബി ജെ പി ഇന്നലെകളുടെ പാര്‍ട്ടിയാണെന്ന പ്രതീതിയാണ്‌ ജനിപ്പിക്കുന്നതെന്ന്‌ ഇവര്‍ വിമര്‍ശിക്കുന്നു. പുതിയ സാഹചര്യങ്ങള്‍ മനസ്സിലാക്കാനും അതിനോട്‌ ക്രിയാത്മകമായി പ്രതികരിക്കാനും ത്രാണിയുള്ളതായി പാര്‍ട്ടിയെ മാറ്റണമെന്നാണ്‌ ഇവരുടെ ആവശ്യം. കൂട്ടുകക്ഷി സമ്പ്രദായത്തിലൂടെ അധികാരത്തിലെത്തിയ സമകാലീന ചരിത്രം മനസ്സിലുള്ള ബി ജെ പിയുടെ രണ്ടാംനിര നേതൃത്വം ജസ്വന്ത്‌ സിംഗും മറ്റുമുയര്‍ത്തുന്ന പുതിയ ആശയങ്ങളോട്‌ അനുകൂലമായി പ്രതികരിക്കാനുള്ള സാധ്യത ഏറെയാണ്‌. ബി ജെ പിക്കൊപ്പം ഇപ്പോഴും തുടരുന്ന ഘടകകക്ഷികളുടെ സമ്മര്‍ദവും ഇക്കാര്യത്തിലുണ്ടായേക്കാം.


പാര്‍ട്ടി എന്ന നിലക്ക്‌ സ്വീകരിക്കേണ്ട വ്യക്തിത്വം സംബന്ധിച്ച്‌ ഇപ്പോഴുയര്‍ന്നിരിക്കുന്ന ഭിന്നാഭിപ്രായങ്ങള്‍ ബി ജെ പിയെ തീവ്രഹിന്ദുത്വ അജന്‍ഡയില്‍ നിന്ന്‌ വ്യതിചലിപ്പിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ്‌ ആര്‍ എസ്‌ എസ്‌ നേതാക്കള്‍ രംഗത്തുവന്നിരിക്കുന്നത്‌. ഹിന്ദുത്വ അജന്‍ഡയില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതിനെ പൂര്‍ണമായി ഉപേക്ഷിക്കാന്‍ ബി ജെ പി തയ്യാറാവണമെന്നാണ്‌ ആര്‍ എസ്‌ എസ്‌ നേതൃത്വത്തിന്റെ ആവശ്യം. അങ്ങനെ ഉപേക്ഷിക്കുമ്പോള്‍ ആര്‍ എസ്‌ എസ്സുമായുള്ള നാഭീനാള ബന്ധം ഇല്ലാതാവുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കുന്നുണ്ട്‌. സജീവ രാഷ്‌ട്രീയത്തില്‍ നിന്നു വിരമിക്കാന്‍ തയ്യാറെടുക്കുന്ന എല്‍ കെ അഡ്വാനിയെയും നിലവിലുള്ള പ്രസിഡന്റ്‌ രാജ്‌നാഥ്‌ സിംഗിനെയും പോലുള്ളവരെ തീവ്രഹിന്ദുത്വ അജന്‍ഡയിലേക്ക്‌ തിരിച്ചുവരാന്‍ പ്രേരിപ്പിക്കുകയാണ്‌ ആര്‍ എസ്‌ എസ്‌ എന്ന്‌ വ്യക്തം. ഹിന്ദുത്വത്തില്‍ ഉറച്ച്‌, ഒറ്റക്ക്‌ മുന്നേറാന്‍ ബി ജെ പി തയ്യാറാകണമെന്നാണ്‌ അവരുടെ ആഗ്രഹം. ഘടകകക്ഷികളുടെ കെട്ടുപാടുകള്‍ ഇല്ലാതായാല്‍ അയോധ്യയിലെ രാമക്ഷേത്രം, ഏക സിവില്‍ നിയമം, കാശ്‌മീരിന്റെ പ്രത്യേക പദവി തുടങ്ങി ഇഷ്‌ടവിഷയങ്ങളെല്ലാം ബി ജെ പിക്ക്‌ യഥേഷ്‌ടം വിനിയോഗിക്കാം. സാമ്പത്തിക അജന്‍ഡയിലും തൊഴിലുറപ്പ്‌ പോലുള്ള ജനക്ഷേമ പദ്ധതികളിലും അധിഷ്‌ഠിതമായി കോണ്‍ഗ്രസ്‌ മുന്നോട്ടുവെക്കുന്ന വികസന രാഷ്‌ട്രീയത്തെ നേരിടാനും വര്‍ഗീയമായ ധ്രൂവീകരണം ഉറപ്പാക്കാനും ഇതിലൂടെ കഴിയുമെന്നാണ്‌ ആര്‍ എസ്‌ എസ്സിന്റെ വിലയിരുത്തല്‍. ഇതിനോട്‌ യോജിക്കാത്തവരെ ഒഴിവാക്കി പാര്‍ട്ടിയില്‍ ശുദ്ധീകരണം ആവശ്യമാണെന്ന സൂചനയും ആര്‍ എസ്‌ എസ്‌ നല്‍കുന്നുണ്ട്‌.


ഹിന്ദുത്വ അജന്‍ഡ ഒഴിവാക്കാന്‍ ബി ജെ പി തയ്യാറാവണമെന്ന്‌ ആര്‍ എസ്‌ എസ്‌ നേതാക്കള്‍ തുറന്നെഴുതുമ്പോള്‍ തീവ്ര ഹിന്ദുത്വം അംഗീകരിക്കാന്‍ മടിയുള്ള നേതാക്കളെയും ഘടകകക്ഷികളെയും ഒഴിവാക്കണമെന്നാണ്‌ അര്‍ഥമാക്കുന്നത്‌ എന്ന്‌ മനസ്സിലാക്കാന്‍ പ്രയാസമില്ല.
അധികാരം ലക്ഷ്യമിട്ട്‌ പ്രാദേശിക പാര്‍ട്ടികളുമായി ബി ജെ പി സഖ്യമുണ്ടാക്കിയപ്പോള്‍ സാംസ്‌കാരിക ഏകത്വം, അഖണ്ഡ ഭാരതം എന്നീ അടിസ്ഥാന സിദ്ധാന്തങ്ങളില്‍ വിള്ളല്‍ വീഴുക കൂടിയായിരുന്നു. അത്തരം സഖ്യങ്ങളെ ഒഴിവാക്കി അടിസ്ഥാന അജന്‍ഡയില്‍ ഊന്നി പാര്‍ട്ടിയെ വളര്‍ത്തുക എന്നതാണ്‌ ആര്‍ എസ്‌ എസ്‌ നല്‍കുന്ന സന്ദേശം. അതിന്‌ അവര്‍ക്ക്‌ മുന്നില്‍ മാതൃതകകളുമുണ്ട്‌. നരേന്ദ്ര മോഡിയുടെ ഏകാധിപത്യശൈലിയോട്‌ യോജിപ്പില്ലെങ്കിലും ബി ജെ പിയെ ഒറ്റക്ക്‌ അധികാരത്തിലെത്തിക്കുന്ന മോഡിയാണ്‌ ഒരു മാതൃക. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആസൂത്രിത നീക്കത്തിലൂടെ ഭൂരിപക്ഷ വര്‍ഗീയതയുടെ വേരുറപ്പിക്കുന്ന കര്‍ണാടക രണ്ടാമത്തേതും. ഇതിന്റെ ദേശീയ പതിപ്പ്‌ എന്തുകൊണ്ടുണ്ടാവുന്നില്ല എന്ന ചോദ്യമാണ്‌ ആര്‍ എസ്‌ എസ്‌ പരോക്ഷമായി ഉന്നയിക്കുന്നത്‌.


ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റതിന്‌ പിറകെ സംഘ്‌ നേതാക്കള്‍ ഈ പ്രശ്‌നം ഉന്നയിച്ചു തുടങ്ങിയിരുന്നു. ഇതിനിടയിലാണ്‌ നേതൃസ്ഥാനത്തെച്ചൊല്ലിയുള്ള കലഹം ഉയിര്‍ന്നത്‌. ഒരു ശുദ്ധീകരണത്തിന്‌ പറ്റിയ അന്തരീക്ഷം. അതിന്‌ ബി ജെ പി തയ്യാറാവുകയും പഴയ അജന്‍ഡകള്‍ രാകിമിനുക്കുകയും ചെയ്‌താല്‍ കലുഷിതമായ രാഷ്‌ട്രീയത്തെയാവും ഭാവിയില്‍ അഭിമുഖീകരിക്കേണ്ടിവരിക. സര്‍ സംഘ്‌ ചാലകായി മോഹന്‍ ഭാഗവത്‌ നിയമിതനായ ശേഷം നാഗ്‌പൂരിലെ ആര്‍ എസ്‌ എസ്‌ ആസ്ഥാനം പതിവിലും അധികം മൗനം ദീക്ഷിക്കുന്നുണ്ട്‌. ഈ മൗനം കൂടുതല്‍ വാചാലമാണെന്ന്‌ ബി ജെ പി നേതാക്കള്‍ തിരിച്ചറിയുന്നുമുണ്ട്‌.