2009-06-11

മദനിയും മഅ്‌ദനിയും


ഒരു ഭീകരന്‍ കൂടി അറസ്റ്റിലായി. ബീഹാര്‍ സ്വദേശി മുഹമ്മദ്‌ ഉമര്‍ മദനി. ലശ്‌കറെ ത്വയ്യിബ എന്ന, പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ നേപ്പാളിലെ മേധാവിയാണ്‌ മദനിയെന്നു ഡല്‍ഹി പോലീസും കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരവും പറയുന്നു. ഇന്റലിജന്‍സ്‌ ഏജന്‍സികള്‍ നല്‍കിയ രഹസ്യവിവരമനുസരിച്ചു കുത്തബ്‌ മിനാറിനു സമീപത്തുനിന്നാണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്‌തത്‌. സംഘടനയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനു കമ്പ്യൂട്ടര്‍ വിദഗ്‌ധരടക്കം ആളുകളെ റിക്രൂട്ട്‌ ചെയ്യാനാണ്‌ ഇയാള്‍ എത്തിയതെന്നും ജമാഅത്തുദ്ദഅ്‌വ മേധാവി ഹാഫിസ്‌ മുഹമ്മദ്‌ സഈദുമായി മദനിക്ക്‌ അടുത്ത ബന്ധമുണ്ടെന്നും പോലീസ്‌ അവകാശപ്പെടുന്നു. ഇത്‌ ആഭ്യന്തരമന്ത്രിയും പറഞ്ഞിട്ടുണ്ട്‌. ഇക്കാര്യത്തില്‍ പോലീസ്‌ പറയുന്നത്‌ വിശ്വസിക്കുക എന്നതു മാത്രമേ നമുക്ക്‌ മാര്‍ഗമുള്ളൂ. മറ്റു വിവരങ്ങളൊന്നും ഇയാളെക്കുറിച്ച്‌ നമുക്കറിയില്ല. ബന്ധുക്കളോ സുഹൃത്തുക്കളോ ആരും ഉമര്‍ മദനിക്കു വേണ്ടി രംഗത്തെത്തിയിട്ടുമില്ല. മുംബൈ ആക്രമണത്തിനുശേഷം രാജ്യത്തു നിലനില്‍ക്കുന്ന സവിശേഷ സാഹചര്യത്തില്‍ മദനിക്കു വേണ്ടി ആരെങ്കിലും രംഗത്തുവരുമെന്നു കരുതാനുമാവില്ല. ഉമര്‍ മദനിയുടെ അറസ്റ്റ്‌ കേരളത്തില്‍ സമീപകാലത്തു നടന്ന ഭീകരവേട്ടയെ വീണ്ടും മുഖ്യധാരയിലെത്തിച്ചിട്ടുണ്ട്‌.


ഡല്‍ഹിയില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട്‌ കമ്പ്യൂട്ടര്‍ വിദഗ്‌ധരെ കണ്ടെത്തുക എന്നതായിരുന്നു മദനിയുടെ മുഖ്യ ഉദ്ദേശ്യമെന്നാണ്‌ പോലീസ്‌ പറഞ്ഞത്‌. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ രണ്ട്‌ വീതം പ്രതിനിധികളെ നിയോഗിക്കുക എന്നതും ഇയാളുടെ ഉദ്ദേശ്യമായിരുന്നുവത്രെ. 1996 മുതല്‍ തീവ്രവാദ പ്രസ്ഥാനവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന മദനി, ഭീകരപ്രവര്‍ത്തനത്തില്‍ പരിശീലനം നല്‍കുന്നതിനായി 30ഓളം പേരെ പാക്കിസ്ഥാനിലേക്കു കടത്തിയിട്ടുണ്ടെന്ന്‌ പോലീസ്‌ പറയുന്നു. ഇന്ത്യയില്‍ നിന്നു തിരഞ്ഞെടുക്കുന്ന യുവാക്കളെ നേപ്പാള്‍ വഴിയാണ്‌ പാക്കിസ്ഥാനിലേക്ക്‌ കടത്തിയിരുന്നത്‌. പിന്നീട്‌ മദനിയുടെ പ്രവര്‍ത്തന കേന്ദ്രം നേപ്പാളായി മാറുകയായിരുന്നു. ഇത്രയും കാര്യം പോലീസ്‌ വിശദീകരിച്ചപ്പോഴാണ്‌ മദനി കേരളത്തില്‍ നിന്നു യുവാക്കളെ റിക്രൂട്ട്‌ ചെയ്യാന്‍ ശ്രമിച്ചിരുന്നോ എന്ന ചോദ്യം ഉയര്‍ന്നത്‌. കൊങ്കണ്‍, മലബാര്‍ തീരത്തുനിന്നു യുവാക്കളെ റിക്രൂട്ട്‌ ചെയ്യാന്‍ മദനി ശ്രമിച്ചിരുന്നുവെന്നാണ്‌ പോലീസിന്റെ മറുപടി. എന്നാല്‍ ഇവിടങ്ങളില്‍ ഇയാള്‍ സന്ദര്‍ശനം നടത്തിയിരുന്നോ എന്ന്‌ വ്യക്തമല്ലെന്നും ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കാശ്‌മീരില്‍ മലയാളി `ഭീകരര്‍' കൊല്ലപ്പെട്ട സംഭവത്തില്‍ മ ദനിക്ക്‌ പങ്കു ണ്ടോ എന്ന്‌ അ ടുത്ത ചോദ്യം. അത്‌ അന്വേഷിക്കുമെന്ന്‌ മറുപടിയും. ഈ ഉത്തരങ്ങള്‍ കേരളത്തിലെ മാധ്യമങ്ങളില്‍ ചിലതിന്റെയെങ്കിലും മുഖ്യ വാര്‍ത്തകളാവുകയും ചെയ്‌തു.


ഭീകരസംഘടനകളുമായി കേരളത്തിനുള്ള നാഭീനാള ബന്ധം സ്ഥാപിച്ച്‌ മലയാളിയുടെ അഭിമാനം കാക്കാനുള്ള മാധ്യമങ്ങളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ശ്രമം പക്ഷേ, മദനിക്കെതിരെ ഡല്‍ഹി പോലീസ്‌ ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണങ്ങളുടെ യുക്തി ചോദ്യം ചെയ്യുന്നത്‌ കൂടിയായി മാറിയെന്നതാണ്‌ രസകരം. കൊങ്കണ്‍, മലബാര്‍ തീരങ്ങളില്‍ നിന്ന്‌ യുവാക്കളെ ലശ്‌കറിലേക്കു റിക്രൂട്ട്‌ ചെയ്യാന്‍ മദനി ശ്രമിച്ചുവെന്നാണ്‌ ചോദ്യങ്ങള്‍ക്ക്‌ മറുപടിയായി ഡല്‍ഹി പോലീസ്‌ കമ്മീഷണര്‍ പറഞ്ഞത്‌. അതിനു മുമ്പ്‌ അദ്ദേഹം പറഞ്ഞത്‌ മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി എന്നിവിടങ്ങളില്‍ ലശ്‌കറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു പേരെ വീതം റിക്രൂട്ട്‌ ചെയ്യാന്‍ ഹാഫിസ്‌ സഈദ്‌ നിയോഗിച്ചതാണ്‌ മദനിയെ എന്നും. ഇതിനായി മദനിക്ക്‌ സഈദ്‌ പണം നല്‍കിയിരുന്നുവെന്നും പോലീസ്‌ പറഞ്ഞു. കൊങ്കണ്‍, മലബാര്‍ തീരങ്ങളില്‍നിന്നു യുവാക്കളെ റിക്രൂട്ട്‌ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ മദനിക്ക്‌ ഈ മേഖലകളില്‍ ബന്ധങ്ങളുണ്ടാകണം. അതായത്‌ മദനിയുമായോ ലശ്‌കറുമായോ ബന്ധമുള്ളവര്‍ ഈ മേഖലകളില്‍ ഉണ്ടാകണം. അല്ലാതെ ഒരു ദിവസം രാവിലെ കുളിച്ചെഴുന്നേറ്റ്‌ കൊങ്കണ്‍, മലബാര്‍ തീരങ്ങളില്‍ നിന്നു യുവാക്കളെ ലശ്‌കറിലേക്ക്‌ റിക്രൂട്ട്‌ ചെയ്യാന്‍ കഴിയില്ലല്ലോ. ഇത്തരത്തില്‍ ബന്ധങ്ങളുള്ള ഒരാളാണെങ്കില്‍ പിന്നെ ചെന്നൈ, മുംബൈ എന്നിവിടങ്ങളിലേക്ക്‌ രണ്ടു പേരെ വീതം നിയോഗിക്കേണ്ട കാര്യമെന്താണെന്ന്‌ മനസ്സിലാകുന്നില്ല. കൊങ്കണ്‍, മലബാര്‍ തീരങ്ങളില്‍ ലശ്‌കറിന്റെ ഏജന്റുമാരുള്ള സ്ഥിതിക്ക്‌ ചെന്നൈ, മുംബൈ എന്നിവിടങ്ങളില്‍ ഉണ്ടാകാതിരിക്കില്ലല്ലോ. മുംബൈയും മറ്റും താവളമാക്കി, ഓഹരി വിപണിയില്‍ ഇടപെട്ട്‌ ലശ്‌കര്‍ പോലുള്ള സംഘടനകളുടെ പ്രവര്‍ത്തകര്‍ ധനം സമാഹരിക്കുന്നുവെന്ന്‌ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ എം കെ നാരായണന്‍ വെളിപ്പെടുത്തിയത്‌ രണ്ട്‌ വര്‍ഷം മുമ്പാണ്‌. എന്നിട്ടും മുംബൈയിലും ചെന്നൈയിലും ഏജന്റുമാരെ കണ്ടെത്താന്‍ മദനി എത്തിയെന്ന പോലീസിന്റെ വാദം നാം തൊണ്ടതൊടാതെ വിഴുങ്ങുന്നു. ഒപ്പം കൊങ്കണ്‍, മലബാര്‍ തീരങ്ങളില്‍ നിന്നു യുവാക്കളെ റിക്രൂട്ട്‌ ചെയ്യാന്‍ മദനി ശ്രമിച്ചുവെന്ന പോലീസിന്റെ മറുപടിയും.


നേപ്പാള്‍ കേന്ദ്രീകരിച്ചാണ്‌ മദനി പ്രവര്‍ത്തിച്ചിരുന്നത്‌ എന്നാണ്‌ പോലീസ്‌ പറയുന്നത്‌. ഭീകരപ്രവര്‍ത്തനത്തിന്‌ ഇന്ത്യയില്‍ നിന്ന്‌ റിക്രൂട്ട്‌ ചെയ്യുന്ന യുവാക്കളെ നേപ്പാളിലൂടെ പാക്കിസ്ഥാനിലേക്ക്‌ എത്തിക്കുകയായിരുന്നു പതിവെന്നും പറയുന്നു. എങ്കി ലും കാശ്‌മീരില്‍ കൊല്ലപ്പെട്ട മലയാളി ഭീകരരുമായി മദനിക്ക്‌ ബന്ധമുണ്ടോ എന്നത്‌ അന്വേഷിക്കാന്‍ പോലീസ്‌ തയ്യാറാണ്‌. നേപ്പാളിലൂടെ ആളുകളെ കടത്താന്‍ നിയോഗിക്കപ്പെടുകയും ആ പ്രവൃത്തി ചെയ്യുകയും ചെയ്യുന്നുവെന്ന്‌ പോലീസ്‌ ആരോപിക്കുന്ന മദനി എങ്ങനെയാണ്‌ കാശ്‌മീരില്‍ കൊല്ലപ്പെട്ട മലയാളികളുമായി ബന്ധപ്പെടുക എന്ന്‌ എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. പക്ഷേ, ഭീകരസംഘടനയുമായി മലയാളികള്‍ക്കുള്ള ബന്ധം സ്ഥാപിച്ചെടുത്ത്‌ അഭിമാനം സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇത്തരം യുക്തികള്‍ പ്രസക്തമാവില്ല തന്നെ.


1996 മുതല്‍ ഭീകരവാദ സംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മദനി ഇതുവരെ 30ഓളം പേരെയാണ്‌ പാക്കിസ്ഥാനിലേക്ക്‌ ഭീകരപ്രവര്‍ത്തന പരിശീലനത്തിന്‌ കൊണ്ടുപോയതെന്ന്‌ ഡല്‍ഹി പോലീസ്‌ പറയുന്നു. കാശ്‌മീരില്‍ നാല്‌ മലയാളി യുവാക്കള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്‌ കേരള പോലീസ്‌ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുമായി തട്ടിച്ചുനോക്കുമ്പോള്‍ മദനി നിസ്സാരക്കാരനാണെന്ന്‌ കരുതേണ്ടിവരും. കണ്ണൂര്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന ഏതാനും പേര്‍ ചേര്‍ന്ന്‌ രണ്ടോ മൂന്നോ വര്‍ഷം കൊണ്ട്‌ മുന്നൂറു പേരെയാണ്‌ ഭീകരപ്രവര്‍ത്തനത്തിന്‌ റിക്രൂട്ട്‌ ചെയ്‌തത്‌ എന്നാണ്‌ പോലീസ്‌ ഉദ്യോഗസ്ഥരില്‍ നിന്ന്‌ ലഭിച്ച വിവരമനുസരിച്ച്‌ മലയാളത്തിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. അത്രത്തോളം മികവ്‌ മദനിക്ക്‌ കാഴ്‌ചവെക്കാനായിട്ടില്ല.
പതിമൂന്നു വര്‍ഷം ഭീകരസംഘടനയില്‍ പ്രവര്‍ത്തിക്കുകയും ലശ്‌കറെ ത്വയ്യിബയുടെ നേപ്പാള്‍ മേധാവിയാവുകയും ചെയ്‌ത മദനിക്ക്‌ മുപ്പതു പേരെ മാത്രമേ റിക്രൂട്ട്‌ ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂ എങ്കില്‍ കേരളത്തില്‍ നിന്ന്‌ 300 പേരെ റിക്രൂട്ട്‌ ചെയ്‌തുവെന്ന റിപ്പോര്‍ട്ടുകളുടെ ഗൗരവം വര്‍ധിക്കുന്നുണ്ട്‌. ഇത്‌ യഥാര്‍ഥ്യമാണോ എന്ന്‌ അറിയാനുള്ള അവകാശം മലയാളികള്‍ക്കുണ്ട്‌. ഈ റിക്രൂട്ട്‌മെന്റ്‌ സംബന്ധിച്ച്‌ യാതൊരു വിവരവും പിന്നീട്‌ പുറത്തുവന്നിട്ടില്ല. കാണാതായ യുവാക്കളെക്കുറിച്ചുള്ള പരാതികളെങ്കിലും ഹാജരാക്കാന്‍ പോലീസിന്‌ കഴിയേണ്ടതുണ്ട്‌. അല്ലെങ്കില്‍ ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടതിനെക്കുറിച്ച്‌ അന്വേഷണം ആവശ്യമാണ്‌. എവിടെ നിന്നാണ്‌ ഇത്തരം അഭ്യൂഹങ്ങള്‍ ഉയര്‍ന്നതെന്ന്‌ അറിയണം. അത്‌ പ്രചരിപ്പിക്കാന്‍ കൂട്ടുനിന്ന മാധ്യമങ്ങളുടെ/മാധ്യമ പ്രവര്‍ത്തകരുടെ ഉദ്ദേശ്യവും ചോദ്യം ചെയ്യപ്പെടണം.


ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ പി ഡി പി നേതാവ്‌ അബ്‌ദുന്നാസര്‍ മഅ്‌ദനി, ഭാര്യ സൂഫിയാ മഅ്‌ദനി എന്നിവരുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ കണ്ണൂരെ `ഭീകര സാന്നിധ്യം' വീണ്ടും സജീവമാക്കിയിരുന്നു. തമിഴ്‌നാട്‌ സര്‍ക്കാറിന്റെ ബസ്‌ കത്തിച്ച `ഭീകരരു'മായി സൂഫിയാ മഅ്‌ദനി ഫോണില്‍ സംസാരിച്ചതിന്റെ `തെളിവു'കള്‍ മാധ്യമങ്ങളില്‍ നിരന്ന കാലമായിരുന്നു അത്‌. ഭീകരസംഘടനകള്‍ക്ക്‌ സാമ്പത്തിക സഹായം നല്‍കാന്‍ പ്രവര്‍ത്തിച്ചതിന്‌ മലയാളിയായ സര്‍ഫറാസ്‌ നവാസിനെ അടുത്തിടെ ഒമാന്‍ ഇന്ത്യക്ക്‌ കൈമാറിയിരുന്നു. സര്‍ഫറാസ്‌ നവാസുമായി അബ്‌ദുന്നാസര്‍ മഅ്‌ദനിക്ക്‌ ബന്ധമുണ്ടെന്ന ആരോപണവും മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. കൊല്ലത്തെ സ്ഥാപനത്തില്‍ വെച്ച്‌ മഅ്‌ദനിയെ കണ്ടിട്ടുണ്ടെന്നു സര്‍ഫറാസ്‌ മൊഴി നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിന്‌ ആധികാരികത നല്‍കാന്‍ സര്‍ഫറാസ്‌ നവാസിന്റെ മൊഴിയുടെ പകര്‍പ്പും മാധ്യമങ്ങള്‍ നല്‍കിയിരുന്നു. ഭീകരപ്രവര്‍ത്തനത്തിനുള്ള ആദ്യപടിയെന്ന നിലക്ക്‌ ഹൈദരാബാദിലെ കേന്ദ്രത്തിലേക്ക്‌ റിക്രൂട്ട്‌ ചെയ്യപ്പെട്ട യുവാവിനെക്കുറിച്ചും കഥകളുണ്ടായി. ഈ യുവാവിനെ പിന്നീട്‌ മഅ്‌ദനി വാര്‍ത്താ സമ്മേളനത്തില്‍ ഹാജരാക്കിയിരുന്നു. പി ഡി പിക്കാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാവാം, മഅ്‌ദനിയെക്കുറിച്ചു നല്ല വാക്കുകളാണ്‌ വാര്‍ത്താസമ്മേളനത്തില്‍ യുവാവ്‌ പറഞ്ഞത്‌.


എന്തായാലും സംശയത്തിന്റെ അന്തരീക്ഷം നീങ്ങിയിട്ടില്ല. ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരുത്തുന്ന നടപടികളാണ്‌ ഉണ്ടാകേണ്ടത്‌. ഡല്‍ഹിയില്‍ അറസ്റ്റിലായ മദനി ഭീകരപ്രവര്‍ത്തനത്തിന്‌ മലയാളികളെ റിക്രൂട്ട്‌ ചെയ്യാന്‍ ശ്രമിച്ചുവെന്ന്‌ പോലീസ്‌ പറയുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. അല്ലെങ്കില്‍ കണ്ണൂരിലെ ഭീകരവേട്ടയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന സംശയത്തിന്റെ അന്തരീക്ഷം ലോക്‌സഭാ തിരഞ്ഞെടുപ്പിലേതുപോലെ മറ്റൊരു ഘട്ടത്തില്‍ ഫലപ്രദമായി വിനിയോഗിക്കുന്നത്‌ കാണേണ്ടിവരും.
ഭീകരാക്രമണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുവെന്നത്‌ വസ്‌തുതയാണ്‌. പക്ഷേ, ഭീകരരെന്ന പേരില്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്യുകയോ `ഏറ്റുമുട്ടലി'ല്‍ കൊലപ്പെടുത്തുകയോ ചെയ്യുന്ന സംഭവങ്ങളില്‍ ദുരൂഹതകള്‍ ശേഷിക്കുന്നുവെന്നത്‌ വസ്‌തുതയാണ്‌. ജമ്മു കാശ്‌മീരിലെ മലയാളികളുടെ മരണം, ഡല്‍ഹിയിലെ ബട്‌ല ഹൗസിലെ ഏറ്റുമുട്ടല്‍ തുടങ്ങി കണ്ണൂരിലെ സംഭവങ്ങളില്‍ വരെ അത്‌ നിലനില്‍ക്കുകയാണ്‌. ഇപ്പോള്‍ മദനിയുടെ അറസ്റ്റില്‍ പോലും സംശയങ്ങള്‍ ശേഷിക്കുന്നു. ഭീകരതയുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം തീര്‍ത്തും രഹസ്യമാക്കിവെക്കാന്‍ പോലീസും മറ്റ്‌ ഏജന്‍സികളും ശ്രമിക്കാറുണ്ട്‌. അന്വേഷണത്തിന്റെ പുരോഗതിക്ക്‌ അത്‌ അനിവാര്യമാണെന്ന്‌ സമ്മതിക്കാം. പക്ഷേ, അഭ്യൂഹങ്ങളും ആശങ്കകളും ഊതിപ്പെരുപ്പിക്കപ്പെടുമ്പോഴെങ്കിലും വസ്‌തുതകള്‍ പുറത്തുപറയേണ്ട ബാധ്യത പോലീസിനും ഭരണകൂടത്തിനുമുണ്ട്‌. അത്‌ ഒരിക്കലും പാലിക്കപ്പെടാറില്ല എന്നതാണ്‌ വസ്‌തുത. അതുകൊണ്ടാണ്‌ ഭീകരതയുടെ പേരില്‍ പോലീസ്‌ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും സംശയത്തോടെ വീക്ഷിക്കേണ്ടിവരുന്നത്‌. പോലീസ്‌ ഉദ്യോഗസ്ഥര്‍ നല്‍കുന്ന പൊട്ടും പൊടിയും തട്ടിക്കൂട്ടി വമ്പന്‍ അഭ്യൂഹങ്ങള്‍ ഉയര്‍ത്തിവിടുന്ന മാധ്യമങ്ങളുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യേണ്ടിവരുന്നതും.