2009-06-15

നജാദിന്റെ രണ്ടാമൂഴം


ഒരു മാസത്തിനിടെ പുറത്തുവന്ന രണ്ടു തിരഞ്ഞെടുപ്പുഫലങ്ങള്‍ ലോക രാഷ്‌ട്രീയത്തെ സംബന്ധിച്ച്‌ ഏറെ നിര്‍ണായകമാണ്‌. കഴിഞ്ഞ മാസം പതിനാറിന്‌ പുറത്തുവന്ന ഇന്ത്യയിലെ തിരഞ്ഞെടുപ്പു ഫലവും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഇറാന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌ ഫലവുമാണ്‌ സൂചിപ്പിച്ചത്‌. നിലവിലുള്ള അധികാര ഘടന തിരിച്ചെത്തുന്നുവെന്നതു കൊണ്ടുമാത്രമല്ല രണ്ടും ശ്രദ്ധേയമാവുന്നത്‌, യുനൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ ഓഫ്‌ അമേരിക്ക രണ്ടു രാജ്യങ്ങളുടെ കാര്യത്തിലും പ്രകടിപ്പിക്കുന്ന പ്രത്യേക താത്‌പര്യത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ്‌. ആഭ്യന്തരതലത്തിലുള്ള പ്രാധാന്യത്തിലുപരി ഭാവി ലോകഗതിയെ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാവും ഈ തിരഞ്ഞെടുപ്പുകളെന്നത്‌ ഏവരും അംഗീകരിക്കുന്ന വസ്‌തുതയാണ്‌. ലോകത്തിലെ തന്നെ ഏറ്റവും വലിയതും ക്രിയാത്മകവുമായ ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന ഇന്ത്യയില്‍ ഏറെക്കുറെ അമേരിക്കന്‍ ഇംഗിതത്തിന്‌ അനുഗുണമായ ജനവിധിയാണ്‌ ഉണ്ടായത്‌. ഇറാനില്‍ നേരെ മറിച്ചുള്ള വിധിയും.


കഴിഞ്ഞ യു പി എ സര്‍ക്കാര്‍ പ്രകടിപ്പിച്ച അമേരിക്കന്‍ അനുകൂല നിലപാടും ആണവ മേഖലയില്‍ ആ രാജ്യവുമായുണ്ടാക്കിയ കരാറും തിരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാകുമെന്ന പ്രതീക്ഷയാണ്‌ തിരഞ്ഞെടുപ്പിന്‌ മുമ്പ്‌ ഇന്ത്യയില്‍ നിലനിന്നിരുന്നത്‌. വെനിസ്വേല, ബ്രസീല്‍, നിക്കരാഗ്വ തുടങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ നേതൃത്വത്തില്‍ അമേരിക്കന്‍ ഐക്യനാടുകളുടെ ആധിപത്യത്തിനെതിരെ ഉയര്‍ന്ന പുതിയ പ്രതിരോധ നിരയും ഇറാന്റെയും ഉത്തര കൊറിയയുടെയും ഒറ്റക്കൊറ്റക്കുള്ള ചെറുത്തുനില്‍പ്പും ഇന്ത്യന്‍ ജനതയെ സ്വാധീനിച്ചേക്കാമെന്ന വിലയിരുത്തലുണ്ടായിരുന്നു. സാമ്പത്തിക രംഗത്ത്‌ അമേരിക്കക്കുണ്ടായ തിരിച്ചടി, സമാനമായ നയപരിപാടികള്‍ പിന്തുടരുന്ന കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ വീണ്ടും അധികാരത്തിലേറ്റുന്നതില്‍ നിന്ന്‌ ഇന്ത്യന്‍ ജനതയെ പിന്നാക്കം വലിക്കുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. ആണവ കരാറിന്റെ പേരില്‍ രാജ്യത്തെ അമേരിക്കക്ക്‌ മുന്നില്‍ അടിയറവെക്കുകയാണ്‌ മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാര്‍ ചെയ്‌തതെന്നും രാജ്യത്തിന്റെ സ്വതന്ത്ര വിദേശനയത്തെ അമേരിക്കന്‍ ആഭിമുഖ്യമുള്ള ഒന്നായി മാറ്റുകയാണെന്നുമുള്ള ശക്തമായ പ്രചാരണം ഇടതുപാര്‍ട്ടികള്‍ അടക്കമുള്ളവര്‍ അഴിച്ചുവിടുകയും ചെയ്‌തു. എന്നാല്‍ ഇന്ത്യന്‍ ജനത ഈ പ്രചാരണത്തെയും ആശങ്കകളെയും വിശ്വാസത്തിലെടുത്തില്ല എന്നാണ്‌ തിരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നത്‌. തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി അവലോകനം ചെയ്യുന്ന സി പി എം അടക്കമുള്ള ഇടതുപാര്‍ട്ടികള്‍ ഇത്‌ അംഗീകരിക്കുകയും ചെയ്‌തിരിക്കുന്നു.


സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ ശ്രദ്ധിക്കുകയും ധന, ഊഹ വിപണികളെ ഊര്‍ജസ്വലമാക്കി നിര്‍ത്താന്‍ നടപടികളെടുക്കുകയും പുറമേക്കെങ്കിലും അഭിവൃദ്ധിയുടെ ലക്ഷണങ്ങള്‍ നിലനിര്‍ത്തുകയും ചെയ്‌ത മന്‍മോഹന്‍ സിംഗിന്റെ നയങ്ങളെ പിന്തുണക്കാനാണ്‌ ഇന്ത്യന്‍ ജനത, പ്രത്യേകിച്ച്‌ നഗര, അര്‍ധ നഗര മേഖലകളിലുള്ളവര്‍ തീരുമാനിച്ചത്‌. അമേരിക്കയടക്കം വികസിത രാജ്യങ്ങളുമായുള്ള ബന്ധവും അവിടെ നിന്നുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നൊഴുകുന്ന പണവും കൂടുതല്‍ കരുത്തുള്ള സാമ്പത്തികാവസ്ഥ സൃഷ്‌ടിക്കുമെന്നും തൊഴിലില്ലായ്‌മയും ദാരിദ്ര്യവും പരിഹരിക്കാന്‍ സഹായിക്കുമെന്നുമാണ്‌ ഇന്ത്യന്‍ ജനത കരുതുന്നതെന്ന്‌ തിരഞ്ഞെടുപ്പ്‌ ഫലത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തേണ്ടിവരും.


ഇതിന്റെ എതിര്‍ ധ്രുവത്തിലാണ്‌ ഇറാന്‍ ജനത സ്വീകരിച്ച നിലപാട്‌. 2005ല്‍ ആദ്യമായി ഇറാന്റെ പ്രസിഡന്റ്‌ പദമേറിയ മഹ്‌മൂദ്‌ അഹമ്മദി നജാദ്‌ കടുത്ത അമേരിക്കന്‍ വിരുദ്ധ നിലപാടുകളാണ്‌ സ്വീകരിച്ചിരുന്നത്‌. എല്ലാ രംഗത്തും അമേരിക്കയെ എതിര്‍ത്തിരുന്ന നജാദ്‌ ആണവ മേഖലയില്‍ വിശേഷിച്ചും സാമ്രാജ്യത്വത്തെ വെല്ലുവിളിച്ചു. അമേരിക്കയുടെയും അവരുടെ താത്‌പര്യങ്ങള്‍ക്ക്‌ അനുസൃതമായി പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്‌ട്രസഭയുടെ രക്ഷാസമിതിയുടെയും തിട്ടൂരങ്ങളെ അവഗണിച്ച്‌ ആണവ ഗവേഷണ പദ്ധതികളുമായി ഇറാന്‍ മുന്നോട്ടുപോയി. രാജ്യത്തിന്റെ ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ആണവ പദ്ധതിയാണ്‌ ഇറാന്‍ വിഭാവനം ചെയ്യുന്നത്‌ എന്നാണ്‌ നജാദ്‌ ആവര്‍ത്തിച്ചിരുന്നത്‌. എന്നാല്‍ ഇത്‌ അംഗീകരിക്കാന്‍ തയ്യാറിയിരുന്നില്ല അമേരിക്കന്‍ ഭരണകൂടം. ഇറാന്റെ ആണവ പദ്ധതി ലോക സമാധാനത്തിന്‌ ഭീഷണിയാണെന്ന്‌ അവര്‍ ആവര്‍ത്തിച്ചു. അന്താരാഷ്‌ട്ര ആണവോര്‍ജ ഏജന്‍സിയുടെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധന, ഈ ഉദ്യോഗസ്ഥരുമായി ഇറാന്‍ സഹകരിക്കുന്നില്ലെന്ന ആരോപണം എന്നിവയെ തുടര്‍ന്ന്‌ ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം സംഘര്‍ഷമേഖലയിലേക്ക്‌ പ്രവേശിക്കുകയും ചെയ്‌തു. ശക്തമായ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി ഇറാനെ ദുര്‍ബലപ്പെടുത്തുക എന്നതായിരുന്നു അമേരിക്ക സ്വീകരിച്ച തന്ത്രം. ഇത്‌ ഇറാനെ പലവിധത്തില്‍ ബാധിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഉപരോധത്തെ നേരിടാനും ആണവ പദ്ധതിയുമായി മുന്നോട്ടുപോകാനുമാണ്‌ നജാദ്‌ തീരുമാനിച്ചത്‌. ഉപരോധം മൂലം സാമ്പത്തിക ഞെരുക്കം നേരിടുമ്പോഴും ഇറാന്റെ പരമാധികാരവും സ്വാതന്ത്ര്യവും നിലനിര്‍ത്താനുള്ള നജാദിന്റെ തീരുമാനത്തെ ആ രാജ്യത്തെ ജനത അംഗീകരിച്ചുവെന്നതിന്റെ തെളിവാണ്‌ തിരഞ്ഞെടുപ്പ്‌ ഫലം.


സാമ്പത്തിക, സാമൂഹിക മേഖലകളില്‍ വലിയ മികവ്‌ പുലര്‍ത്തുന്നതായിരുന്നില്ല നജാദിന്റെ കഴിഞ്ഞ നാലു വര്‍ഷത്തെ ഭരണം. പണപ്പെരുപ്പ നിരക്ക്‌ എല്ലായ്‌പ്പോഴും പത്തിന്‌ മേലെയായിരുന്നു. കഴിഞ്ഞ വര്‍ഷം പണപ്പെരുപ്പ നിരക്ക്‌ മുപ്പതു ശതമാനത്തിനടുത്തേക്ക്‌ ഉയര്‍ന്നിരുന്നു. ലോകത്തെ ഏറ്റവും ഒറ്റപ്പെട്ട സാമ്പത്തിക വ്യവസ്ഥയായി ഇറാന്‍ മാറി. സാമ്പത്തിക ഘടകങ്ങളനുസരിച്ച്‌ ലോകത്തെ 162 രാജ്യങ്ങളെ വിലയിരുത്തിയപ്പോള്‍ 151 ആയിരുന്നു ഇറാന്റെ സ്ഥാനം. മധ്യപൗരസ്‌ത്യമേഖലയിലെ 17 രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പതിനാറാം സ്ഥാനമാണ്‌ ലഭിച്ചത്‌. അസംസ്‌കൃത എണ്ണയുടെ വന്‍തോതിലുള്ള നിക്ഷേപം രാജ്യത്തുണ്ടായിരിക്കുകയും അത്‌ വിനിയോഗിക്കാന്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ തന്നെ സംവിധാനം നിലനില്‍ക്കുകയും ചെയ്യുമ്പോഴായിരുന്നു ഇതെന്നത്‌ പ്രത്യേകം ഓര്‍ക്കണം. സാമ്പത്തിക മേഖലയുടെ എണ്‍പത്‌ ശതമാനവും സര്‍ക്കാറിന്റെ കീഴില്‍ തന്നെ നിലനിര്‍ത്തി, ജനങ്ങള്‍ക്കിടയില്‍ സാമ്പത്തിക തുല്യത കൈവരുത്താനായിരുന്നു നജാദിന്റെ ശ്രമം. വന്‍തോതില്‍ സബ്‌സിഡികള്‍ നല്‍കിയും വില നിയന്ത്രിക്കാന്‍ പണമൊഴുക്കിയും സാമ്പത്തിക അച്ചടക്കത്തിന്റെ അതിരുകള്‍ ലംഘിച്ചുകൊണ്ടായിരുന്നു നജാദ്‌ ഭരണകൂടം മുന്നേറിയത്‌. ഇതെല്ലാം അസന്തുലിതാവസ്ഥ വര്‍ധിപ്പിക്കുന്ന കാഴ്‌ചയാണ്‌ കണ്ടത്‌. എങ്കിലും രാജ്യം സ്വന്തം കാലില്‍ നില്‍ക്കണമെന്ന കാഴ്‌ചപ്പാട്‌ ഫലം ചെയ്‌തുവെന്നാണ്‌ ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്‌. വിദേശ കടം കുറക്കാനും സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ ഉണര്‍വുണ്ടാക്കാനും കഴിഞ്ഞ വര്‍ഷത്തോടെ രാജ്യത്തിന്‌ കഴിഞ്ഞിരുന്നു. ഇപ്പോഴത്തെ നില അനുസരിച്ചാണെങ്കില്‍ ഈ സാമ്പത്തിക വര്‍ഷം ഏഴ്‌ ശതമാനം വളര്‍ച്ചാ നിരക്ക്‌ കൈവരിക്കാന്‍ ഇറാന്‌ സാധിച്ചേക്കും. സാമ്പത്തിക മേഖലയുടെ ഭൂരിഭാഗവും വിദേശ നിക്ഷേപത്തിന്‌ തുറന്നുകൊടുത്തിട്ടും ഇന്ത്യക്ക്‌ കൈവരിക്കാനായത്‌ ഒമ്പതു ശതമാനത്തോളം വളര്‍ച്ചാ നിരക്കാണ്‌. അതുമായി താരമ്യം ചെയ്യുമ്പോള്‍ സാമ്പത്തിക മേഖലയുടെ എണ്‍പത്‌ ശതമാനവും സര്‍ക്കാറിന്റെ പക്കല്‍ നിലനിര്‍ത്തി ഏഴ്‌ ശതമാനം വളര്‍ച്ചാ നിരക്ക്‌ കൈവരിക്കാന്‍ കഴിഞ്ഞുവെന്നത്‌ നജാദിന്‌ അഭിമാനിക്കാവുന്ന സംഗതിതന്നെയാണ്‌. എങ്കിലും തൊഴിലില്ലായ്‌മയും ദാരിദ്ര്യവും ഇറാനെ വലക്കുന്നുണ്ട്‌. അതിന്റെ തോതില്‍ കാര്യമായ എന്തെങ്കിലും മാറ്റം വരുത്താന്‍ നജാദിന്റെ നാലു വര്‍ഷത്തെ ഭരണത്തിന്‌ കഴിഞ്ഞില്ല. അമേരിക്കയുടെ സമ്മര്‍ദഫലമായി കൂടുതല്‍ ഉപരോധങ്ങള്‍ ഐക്യരാഷ്‌ട്ര സഭ ഏര്‍പ്പെടുത്തിയാല്‍ നില കൂടുതല്‍ വഷളാവുമെന്ന്‌ ഉറപ്പ്‌.


ഇത്തരം വെല്ലുവിളികളൊക്കെ മുന്നില്‍ നില്‍ക്കെയാണ്‌ അഹമ്മദി നജാദിനെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കാന്‍ ഇറാന്‍ ജനത തീരുമാനിച്ചത്‌. തിരഞ്ഞെടുപ്പില്‍ വലിയ വെല്ലുവിളി നജാദിന്‌ ഉണ്ടാവുകയും ചെയ്‌തിരുന്നു. പരിഷ്‌കരണ വാദികളുടെ പിന്തുണയോടെ നജാദിന്‌ വെല്ലുവിളി ഉയര്‍ത്തിയിരുന്ന മുന്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ ഖാതമി മുന്‍ പ്രധാനമന്ത്രി മിര്‍ ഹുസൈന്‍ മൂസാവിക്ക്‌ വേണ്ടി മത്സരരംഗത്തു നിന്ന്‌ മാറിയതോടെ നജാദ്‌ പരാജയപ്പെടാന്‍ പോകുന്നുവെന്ന പ്രതീതി ജനിക്കുകയും ചെയ്‌തു. എന്നാല്‍ ഇറാന്‍ ജനത നജാദിനു മേല്‍ വിശ്വാസമര്‍പ്പിക്കുകയാണ്‌ ചെയ്‌തത്‌. ഇത്‌ അമേരിക്കന്‍വിരുദ്ധ വികാരത്തിന്റെ തണലില്‍ നേടിയ വിജയമായി വിലയിരുത്താനാവില്ല. മറിച്ച്‌ രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ച ഒരു നേതാവിന്‌ ജനം നല്‍കിയ അംഗീകാരമായി കാണേണ്ടിവരും. 2005ല്‍ അക്‌ബര്‍ ഹാശ്‌മി റഫ്‌സഞ്ചാനിയുമായി ഏറ്റുമുട്ടിയപ്പോള്‍ ആദ്യ റൗണ്ടില്‍ നജാദിന്‌ വിജയം നേടാനായിരുന്നില്ല. രണ്ടാം റൗണ്ടിലാണ്‌ ജനവിധി നജാദിന്‌ അനുകൂലമായത്‌. ഇക്കുറി അതൊന്നും വേണ്ടിവന്നില്ല എന്നത്‌ ജനപിന്തുണയുടെ ആഴം വ്യക്തമാക്കുന്നതാണ്‌. ഈ വിജയം നാലു വര്‍ഷത്തിനിടെ പിന്തുടര്‍ന്ന നയങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ നജാദിന്‌ കരുത്ത്‌ പകരുമെന്ന്‌ ഉറപ്പാണ്‌. ആണവ സ്വയംപര്യാപ്‌തത ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ അദ്ദേഹം സജീവമാക്കാനാണ്‌ സാധ്യത. അതുകൊണ്ടാണ്‌ ഇന്ത്യയില്‍ മന്‍മോഹന്‍ സിംഗും ഇറാനില്‍ നജാദും തിരിച്ചെത്തുമ്പോള്‍ ലോകരാഷ്‌ട്രീയവും നമ്മുടെ ആഭ്യന്തര രാഷ്‌ട്രീയവും പുതിയ വഴിത്തിരിവിലെത്തുമെന്ന്‌ വിലയിരുത്തപ്പെടുന്നത്‌.


ഇറാന്റെ ആണവ പദ്ധതിക്കെതിരെ അന്താരാഷ്‌ട്ര ആണവോര്‍ജ സമിതിയില്‍ അമേരിക്കക്കൊപ്പം വോട്ട്‌ ചെയ്‌തിരുന്നു ഇന്ത്യ. അന്താരാഷ്‌ട്ര തലത്തില്‍ ഇന്ത്യന്‍ നിലപാടുകള്‍ക്ക്‌ ഉണ്ടായിരുന്ന സ്വീകാര്യത പരമാവധി ഉപയോഗിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ്‌ ആണവോര്‍ജ സമിതിയില്‍ ഇറാനെതിരെ വോട്ട്‌ ചെയ്യാന്‍ അമേരിക്ക ഇന്ത്യക്കുമേല്‍ സമ്മര്‍ദം ചെലുത്തിയത്‌. ആണവ കരാറിന്‌ പുറമെ ഇന്ത്യയുമായി സമഗ്ര പ്രതിരോധ കരാറില്‍ ഒപ്പുവെക്കാന്‍ അമേരിക്ക ഉദ്ദേശിക്കുന്നുണ്ട്‌. ഇത്‌ പ്രാബല്യത്തിലായാല്‍ അമേരിക്കക്കൊപ്പം നിന്ന്‌ ഇറാനെതിരെ കൂടുതല്‍ കടുത്ത നിലപാടുകള്‍ സ്വീകരിക്കാന്‍ ഇന്ത്യക്കുമേല്‍ സമ്മര്‍ദമുണ്ടാവും. അമേരിക്കന്‍ ഐക്യനാടുകളുടെ ആധിപത്യത്തിനെതിരെ ലാറ്റിനമേരിക്കയില്‍ രൂപപ്പെട്ട കൂട്ടായ്‌മയോട്‌ നല്ല ബന്ധമാണ്‌ നജാദ്‌ പുലര്‍ത്തുന്നത്‌. ഇത്‌ കൂടുതല്‍ ശക്തമാകുന്ന കാഴ്‌ചയാകും ഭാവിയില്‍ കാണുക. സാമ്രാജ്യത്വത്തിനെതിരായ നിലപാടുകള്‍ മാത്രമല്ല ഇറാനെയും ലാറ്റിനമേരിക്കന്‍ ചേരിക്ക്‌ നേതൃത്വം നല്‍കുന്ന വെനിസ്വേലയെയും അടുപ്പിക്കുന്നത്‌. രണ്ടു രാഷ്‌ട്രങ്ങളും എണ്ണ ഉത്‌പാദക രാജ്യങ്ങളാണെന്നതു കൂടിയാണ്‌.


എണ്ണ വിപണി ഡോളറില്‍ നിന്ന്‌ യൂറോയിലേക്ക്‌ മാറ്റണമെന്ന്‌ രണ്ടു വര്‍ഷം മുമ്പ്‌ ഇറാനും വെനിസ്വേലയും ആവശ്യപ്പെട്ടിരുന്നു. ഇത്തരം ആവശ്യങ്ങള്‍ വീണ്ടുമുയര്‍ത്തി സാമ്പത്തികമേഖലയില്‍ കൂടി അമേരിക്കക്കെതിരായ യുദ്ധമുഖം തുറക്കാന്‍ നജാദ്‌ ശ്രമിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇത്‌ മുന്നില്‍ കാണുന്ന അമേരിക്ക മറുതന്ത്രം മെനയുക; ഇന്ത്യ, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുമായി കൂടുതല്‍ ബന്ധം സ്ഥാപിച്ചുകൊണ്ടായിരിക്കും. പുതിയ ചേരികള്‍ കൂടുതല്‍ സ്‌പഷ്‌ടമായി നിര്‍വചിക്കപ്പെടുന്ന തരത്തിലേക്ക്‌ ലോക രാഷ്‌ട്രീയം മാറാനുള്ള സാധ്യതയാണ്‌ ഉടലെടുക്കുന്നത്‌. സമ്പത്തിന്റെ കോയ്‌മക്കപ്പുറത്ത്‌ പരമാധികാരത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സ്വയംപര്യാപ്‌തതയുടെയും ആവശ്യകത ഉയര്‍ത്തിക്കാട്ടുന്ന ചേരി ശക്തമാവുന്നതിന്റെ മുന്നോടിയായി വേണം നജാദിന്റെ വലിയ വിജയത്തെ വിലയിരുത്താന്‍.

3 comments:

  1. ഇന്ത്യയില്‍ ഏറെക്കുറെ അമേരിക്കന്‍ ഇംഗിതത്തിന്‌ അനുഗുണമായ ജനവിധിയാണ്‌ ഉണ്ടായത്‌. ഇറാനില്‍ നേരെ മറിച്ചുള്ള വിധിയും.

    Please stop these kind of jouranalism. Open you eyes and read the recent developments in IRAN. If sombody say against US that is Elixir for you Communist writers.

    ReplyDelete
  2. ടെഹ്‌റാന്‍: രാജ്യത്ത്‌ നടന്ന പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന്‌ ഇറാനിലെ ഉന്നതാധികാര സമിതി വെളിപ്പെടുത്തി. സമിതിയുടെ വക്താവ്‌ അബ്ബാസ്‌ അലി കഡ്‌ഖോദയ്‌ ആണ്‌ ഇറാനിലെ ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ ഇക്കാര്യം പറഞ്ഞത്‌. ജൂണ്‍ 12 ന്‌ നടന്ന തിരഞ്ഞെടുപ്പില്‍ കൃത്രിമം ആരോപിച്ച്‌ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമായിരുന്നു.

    രാജ്യത്തെ 50 നഗരങ്ങളില്‍ വോട്ടര്‍മാരുടെ എണ്ണത്തെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയതായി സമിതി വെളിപ്പെടുത്തി. വ്യാപകമായ കള്ളവോട്ട്‌ നടന്നുവെന്ന്‌ സംശയിക്കുന്നതായി അബ്ബാസ്‌ അലി പറഞ്ഞു.

    അതിനിടെ പ്രതിഷേധക്കാരും സുരക്ഷാ സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ശനിയാഴ്‌ച പത്തുപേര്‍ മരിച്ചതായി ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഇതോടെ തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ മരിച്ചവരുടെ എണ്ണം 17 ആയി. തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ അഹമ്മദി നെജാദ്‌ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചിരുന്നു.

    ReplyDelete
  3. ഒരു രാജ്യത്തെ തിരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപണം ഉയരുന്നത്‌ ആദ്യമല്ല. വോട്ടര്‍മാരുടെ എണ്ണത്തേക്കാളധികം വോട്ട്‌ രേഖപ്പെടുത്തി എന്ന്‌ പറയുന്ന ബാലറ്റ്‌ പെട്ടികള്‍ രണ്ടാമത്‌ എണ്ണാമെന്ന്‌ ഗാര്‍ഡിയന്‍ കൗണ്‍സില്‍ പറഞ്ഞത്‌ മൂസാവി തള്ളിക്കളഞ്ഞത്‌ ഓര്‍ക്കുക. പ്രതിഷേധം തുടരുകയാണ്‌. അധികാരം ലക്ഷ്യമാവുമ്പോള്‍ ആരുടെ സഹായവും സ്വീകരിക്കും. സഹായിക്കുന്നവര്‍ക്ക്‌ പിന്നിലുള്ള ചരടുകള്‍ ആരുടെ പക്കലേക്കാണ്‌ നീളുന്നതെന്ന്‌ ഇപ്പോള്‍ ആലോചിക്കില്ല. മറ്റ്‌ രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ അമേരിക്ക ഇടപെട്ട ചരിത്രം എഴുതിയാല്‍ തീരില്ല. അത്തരം ഇടപെടല്‍ ഇവിടെയും സംശയിക്കേണ്ടിവരും. അഫ്‌ഗാനിസ്ഥാനില്‍ റഷ്യന്‍ സേനക്കെതിരെ പോരടിക്കാന്‍ പോരാളികള്‍ക്ക്‌ ആയുധവും പണവും നല്‍കിയത്‌ അമേരിക്കയായിരുന്നു. (റഷ്യന്‍ അധിനിവേശത്തെ ന്യായീകരിക്കുന്നില്ല) പ്രസിഡന്റ്‌ റൊണാള്‍ഡ്‌ റീഗനൊപ്പം വൈറ്റ്‌ ഹൗസില്‍ വാര്‍ത്താ സമ്മേളത്തില്‍ പ്രത്യക്ഷപ്പെട്ട അഫ്‌ഗാന്‍ പോരാളികളെ അമേരിക്കയുടെ നല്ല സുഹൃത്തുക്കളെന്നാണ്‌ റീഗന്‍ വിശേഷിപ്പിച്ചത്‌. അവിടെ നിന്നാണ്‌ താലിബാന്റെ തുടക്കം. അവര്‍ക്കെതിരെയാണ്‌ അമേരിക്കയുടെ ഇപ്പോഴത്തെ യുദ്ധം. ഇറാനെതിരെ യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ സദ്ദാം ഹുസൈനെ സഹായിച്ചതും അമേരിക്കയാണ്‌. അന്ന്‌ പടിഞ്ഞാറന്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്ന സദ്ദാമിനെ അമേരിക്ക പ്രകീര്‍ത്തിച്ചു. പിന്നീട്‌ മാരകായുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്നുവെന്ന ആരോപണമുയര്‍ത്തി (ഇത്തരം റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും തെറ്റായിരുന്നുവെന്ന്‌ സി ഐ എയും പ്രസിഡന്റ്‌ ബുഷ്‌ തന്നെയും സമ്മതിച്ചത്‌ ഓര്‍ക്കുമല്ലോ) ഇറാഖിനെ ആക്രമിച്ചു, സദ്ദാമിനെ തൂക്കിലേറ്റി. മൂസാവിയുടെ പ്രക്ഷോഭങ്ങള്‍ക്ക്‌ പിന്നില്‍ അമേരിക്കന്‍ പണമില്ലെന്ന്‌ കരുതാനാവില്ല.

    ReplyDelete