2015-07-11

ബിജിക്ക്, ഉമ്മനും (via) വി സി കബീര്‍


ഇടുക്കി ജില്ലയിലെ മുണ്ടക്കയത്ത് ട്രാവന്‍കൂര്‍ റബ്ബര്‍ ആന്‍ഡ് ടീ കമ്പനിയുടെ കൈവശമുള്ള എസ്റ്റേറ്റിലൂടെയുള്ള വഴിയെച്ചൊല്ലിയുള്ള തര്‍ക്കം, സ്ഥലമുള്‍ക്കൊള്ളുന്ന പീരുമേട് മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധാനം ചെയ്യുന്ന ഇ എസ് ബിജി മോള്‍, എ ഡി എമ്മിനെ കൈയേറ്റം ചെയ്തുവെന്ന ആരോപണത്തോടെ വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഉദ്യോഗസ്ഥന്റെ കാലൊടിഞ്ഞതോടെ ജനപ്രതിനിധി കാട്ടിയ അതിക്രമം എന്ന നിലയിലും ജനങ്ങളുടെ വഴി നടക്കാനുള്ള സ്വാതന്ത്ര്യം തടയാനെത്തിയവരെ നേരിടാന്‍ ജനപ്രതിനിധി കാട്ടിയ ഉത്സാഹം എന്ന നിലയിലും ഇത് വ്യവഹരിക്കപ്പെട്ടു. നിയമസഭ സമ്മേളിക്കുന്ന സമയമായതിനാല്‍ അവിടെയും സംഭവം പ്രതിഫലിച്ചു. സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്നും അതിന് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നുവെന്നും ആരോപിച്ച് ബിജി മോള്‍ രംഗത്തുവന്നപ്പോള്‍, കര്‍ത്തവ്യ നിര്‍വഹണത്തിനെത്തുന്ന ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുന്നത് ഒരുകാരണവശാലും അനുവദിക്കില്ലെന്ന് റവന്യു മന്ത്രി പറഞ്ഞു. റവന്യൂ മന്ത്രി പറഞ്ഞതുപോരെന്ന് തോന്നിയതിനാലാകണം, ബിജി മോളുടേത് അപക്വമായ നടപടിയാണെന്നും ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടി പറഞ്ഞു. എ ഡി എമ്മിനെ കൈയേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിലെ റവന്യൂ ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് സമരം ചെയ്യുകയുമുണ്ടായി.


ഈ പ്രകടനങ്ങള്‍ക്കിടെ പ്രശ്‌നത്തിന്റെ സാമൂഹിക - രാഷ്ട്രീയ യാഥാര്‍ഥ്യങ്ങള്‍ പുറമേക്ക് വന്നതേയില്ല. ബിജി മോള്‍ മുതല്‍ ഉമ്മന്‍ ചാണ്ടി വരെയുള്ള രാഷ്ട്രീയ-ഭരണ നേതാക്കള്‍ക്കും കാലൊടിഞ്ഞ എ ഡി എമ്മിനും അതിന്റെ പേരില്‍ സമരം ചെയ്ത റവന്യൂ ഉദ്യോഗസ്ഥര്‍ക്കും യാഥാര്‍ഥ്യങ്ങള്‍ പുറത്തേക്ക് വരണമെന്ന താത്പര്യമുണ്ടാകുകയുമില്ല. ഈ കേസില്‍ പ്രത്യക്ഷ സാന്നിധ്യമല്ലാത്ത നീതിന്യായ സംവിധാനത്തിനും ആ താത്പര്യമില്ല തന്നെ.
കേസിലെ നീതിന്യായ സംവിധാനത്തിന്റെ പങ്ക് ആദ്യം പരിശോധിക്കാം. വള്ളിയങ്കാവ്, തെക്കേമല നിവാസികളായ മൂവായിരത്തോളം പേര്‍ ആശ്രയിക്കുന്നതാണ് എസ്റ്റേറ്റിലൂടെയുള്ള വഴി. വള്ളിയങ്കാവിലെ ഒരു ക്ഷേത്രത്തിലേക്കുള്ള പാതയും ഇതുതന്നെ. ഇതടച്ച് ട്രാവന്‍കൂര്‍ റബ്ബര്‍ ആന്‍ഡ് ടീ കമ്പനി ഗേറ്റ് സ്ഥാപിച്ചതോടെയാണ് തര്‍ക്കം തുടങ്ങുന്നത്. ഗേറ്റ് കടന്ന് പോകുന്ന വാഹനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കാനും തുടങ്ങി. ഒമ്പത് വര്‍ഷം മുമ്പ്. വഴി നടക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആറ് വര്‍ഷം മുമ്പ് പ്രദേശവാസികള്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. സംഗതികളുടെ കിടപ്പുവശം വിശദമായി പരിശോധിച്ച കമ്മീഷന്‍ ഗേറ്റ് തുറന്നുകൊടുക്കാന്‍ 2015 ജൂണില്‍ ഉത്തരവിട്ടു! മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് ചോദ്യംചെയ്ത്  എസ്റ്റേറ്റ് ഉടമ സമര്‍പ്പിച്ച ഹരജി കൈയോടെ പരിഗണിച്ച ഹൈക്കോടതി, സ്റ്റേ അനുവദിച്ചു. മൂവായിരത്തോളം പേര്‍ തത്കാലം വഴി ഉപയോഗിച്ചോട്ടെ, ഉടമ സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച് പിന്നീടൊരു തീരുമാനമെടുക്കാമെന്ന് നീതിന്യായ സംവിധാനത്തിലെ ഉന്നതര്‍ക്ക് തോന്നയില്ല.


5,737 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കമ്പനി അനധികൃതമായി കൈവശംവെച്ചിട്ടുണ്ടെന്നും വഴി, പുറമ്പോക്ക് ഭൂമിയാണെന്നും ആറ് വര്‍ഷം നീണ്ട അന്വേഷണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. വഴിയുടെ ഉടമാവകാശം സ്ഥാപിക്കാന്‍ പാകത്തില്‍ ഒരു രേഖയും കമ്പനി ഹാജരാക്കിയിരുന്നില്ലെന്നും കമ്മീഷന്‍ പറഞ്ഞു. ഇതൊന്നും മുഖവിലക്കെടുക്കേണ്ട ബാധ്യത, നിലനില്‍ക്കുന്ന സംവിധാനത്തില്‍ ഹൈക്കോടതിക്കില്ല, ന്യായാന്യായങ്ങള്‍ തീരുമാനിക്കും മുമ്പ് സ്റ്റേ അനുവദിച്ചാല്‍ മതി. അവിടെ സാമാന്യബുദ്ധി പ്രയോഗിക്കേണ്ട ആവശ്യം ഉദിക്കുന്നുമില്ല.


സര്‍ക്കാര്‍ ഭൂമി, ട്രാവന്‍കൂര്‍ റബ്ബര്‍ ആന്‍ഡ് ടീ കമ്പനി കൈവശം വെക്കുന്നുവെന്ന മനുഷ്യാവകാശ കമ്മീഷന്റെ കണ്ടെത്തലില്‍ നിന്ന് വേണം രാഷ്ട്രീയ - ഭരണ നേതൃത്വങ്ങളിലേക്ക് വരാന്‍. ഏതാണ്ട് പത്ത് കൊല്ലം മുമ്പ്, വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കൈയേറ്റം ചെയ്യപ്പെട്ട സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കാനും അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കാനും നടപടി സ്വീകരിച്ചിരുന്നു. വേണ്ടത്ര ഗൃഹപാഠം ചെയ്ത്, നിയമപരമായ നടപടിക്രമങ്ങളൊക്കെ പൂര്‍ത്തിയാക്കിയാണ് നടപടി തുടങ്ങിയത് എന്ന് അഭിപ്രമായമില്ല. സി പി എം നേതൃത്വവുമായുള്ള പോരില്‍ മുന്‍തൂക്കം നേടുക, ജനകീയനും സര്‍ക്കാര്‍ സമ്പത്തുകളുടെ സംരക്ഷകനുമെന്ന പ്രതിച്ഛായ വര്‍ധിപ്പിക്കുക എന്ന ഉദ്ദേശ്യമാണ് വി എസ്സിനെ മുഖ്യമായും നയിച്ചത് എന്ന് അഭിപ്രായമുണ്ടുതാനും. എങ്കിലും കേരള സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇത്രയും ശക്തമായൊരു തീരുമാനം അതിന് മുമ്പോ പിമ്പോ ഉണ്ടായിട്ടുണ്ടോ എന്ന് സംശയം. ഏറ്റെടുക്കലിനും പൊളിച്ചുമാറ്റലിനും സ്റ്റേ പറയാതെ നീതിന്യായ സംവിധാനവും സര്‍ക്കാറിനൊപ്പം നിന്നു ആദ്യഘട്ടത്തില്‍.


സി പി എമ്മിന്റെയും സി പി ഐയുടെയും പാര്‍ട്ടി ഓഫീസുകള്‍ സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ചവയാണെന്ന, മുന്‍കാലത്തു തന്നെയുള്ള ആക്ഷേപം ശക്തമായി വരികയും ദൗത്യ സംഘം (കെ സുരേഷ് കുമാര്‍, ഋഷിരാജ് സിംഗ്, രാജുനാരായണ സ്വാമി എന്നിവരെയാണ്  ദൗത്യ സംഘത്തിലെ 'പൂച്ച'കളായി വി എസ് നിയോഗിച്ചിരുന്നത്) സി പി ഐ ഓഫീസിന് മുന്നില്‍ ജെ സി ബി താഴ്ത്തുകയും ചെയ്തതോടെയാണ് കളി മാറിയത്. കോട്ടിട്ടയാളും അതിന് മുകളിലുള്ളയാളും മറുപടി പറയേണ്ടിവരുമെന്ന് അന്ന് അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന പന്ന്യന്‍ രവീന്ദ്രന്‍ മുടിയഴിച്ചാടിയിരുന്നു. കെട്ടിടം പൊളിക്കാന്‍ വരുന്നവരുടെ കൈവെട്ടുമെന്നായിരുന്നു മറ്റൊരു അസിസ്റ്റന്റ് സെക്രട്ടറി കെ ഇ ഇസ്മാഈല്‍ പറഞ്ഞത്. ആറ് സെന്റ് പട്ടയ ഭൂമിയും മൂന്ന് സെന്റ് വിരിവും പറഞ്ഞ് ഇവര്‍ ദൗത്യ സംഘത്തെ തടഞ്ഞതോടെ കൈയേറ്റമൊഴിപ്പിക്കലിനും പൊളിച്ചുനീക്കലിനും കോടതികള്‍ സ്റ്റേ അനുവദിക്കാനും തുടങ്ങി. വള്ളിയങ്കാവില്‍ എസ്റ്റേറ്റ് മുതലാളി ഗേറ്റ് സ്ഥാപിച്ച് ടോള്‍ പിരിവ് തുടങ്ങുന്നത് ഒമ്പത് വര്‍ഷം മുമ്പാണ്. മൂന്നാര്‍ ദൗത്യം പരാജയപ്പെട്ടതിന് പിറകെയാണോ ഇതുണ്ടായത് എന്ന് ബിജി മോളും അവര്‍ നടത്തിയത് ജനകീയ സമരമാണെന്ന് അവകാശപ്പെടുന്ന സി പി ഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പരിശോധിക്കുന്നത് നന്നായിരിക്കും.


കൈയേറ്റമൊഴിപ്പിക്കാന്‍ സ്വീകരിച്ച നടപടികളോട് യോജിപ്പുണ്ടായിരുന്നില്ലെങ്കിലും അത് പരസ്യമായി പ്രകടിപ്പിക്കാതെ നിന്നു ഇന്ന് ഭരണത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്. ഒഴിപ്പിക്കുന്നതിനോടോ പൊളിക്കുന്നതിനോടോ ഇന്ന് സര്‍ക്കാറിന്റെ ഭാഗമായിരുന്ന കേരള കോണ്‍ഗ്രസിന് ഒരു യോജിപ്പുമുണ്ടായിരുന്നില്ല, അവരത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ഇതിന്റെയൊക്കെ ഭാഗമായാണ് 2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ അധികാരമില്ലാത്ത ഒരു കോടതി രൂപവത്കരിച്ച് കൈയേറ്റം സംബന്ധിച്ച തര്‍ക്കങ്ങളൊക്കെ പരണത്തുവെച്ചത്. അവരാണ്, കര്‍ത്തവ്യ നിര്‍വണത്തിന് തടസ്സമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ലെന്നും കൈയുംകെട്ടി നോക്കിയിരിക്കില്ലെന്നും ഔദ്ധത്യത്തോടെ പ്രഖ്യാപിക്കുന്നത്.


എസ്റ്റേറ്റിന്റെ ഗേറ്റ് അടച്ചിടാനുള്ള ഉത്തരവ് നടപ്പാക്കാന്‍ കാണിച്ച തിടുക്കം, കാലൊടിഞ്ഞ എ ഡി എം, കൈയേറ്റക്കാര്‍ക്കെതിരായ ഉത്തരവുകള്‍ നടപ്പാക്കാന്‍ കാട്ടുമോ എന്നതില്‍ ന്യായമായും സംശയമുണ്ട് (ആ ഉദ്യോഗസ്ഥന്റെ കൂറ് ചോദ്യംചെയ്തുകൊണ്ടല്ല ഇത് പറയുന്നത്). കൂട്ട അവധിയെടുത്ത റവന്യൂ ഉദ്യോഗസ്ഥരുടെ കാര്യമോ? വ്യാജ പട്ടയങ്ങളുടെ നിര്‍മിതിയില്‍, അതിന് സാധൂകരണം നല്‍കുന്നതില്‍, കൈയേറ്റങ്ങള്‍ കണ്ടാല്‍ കണ്ണടക്കുന്നതില്‍ ഒക്കെ വിദഗ്ധരായവരുടെ സംഘമാണിവരെന്ന് (ഒറ്റപ്പെട്ട അപവാദങ്ങളുണ്ടാകാം) അന്നാഹാരം കഴിക്കുന്നവര്‍ക്കാര്‍ക്കും സംശയമുണ്ടാകാന്‍ ഇടയില്ല. ട്രാവന്‍കൂര്‍ റബ്ബര്‍ ആന്‍ഡ് ടീ കമ്പനി, സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുണ്ടെങ്കില്‍ അതും ഇവരറിയാതെയാകാന്‍ തരമില്ല. വില്ലേജാപ്പീസിലെ രേഖകള്‍ പ്രകാരം, തര്‍ക്കവിഷയമായ വഴി പുറമ്പോക്ക് ഭൂമിയാണ്. എസ്റ്റേറ്റുകാര്‍ ഗേറ്റ് സ്ഥാപിച്ച് ടോള്‍ പിരിക്കാന്‍ തുടങ്ങിയ കാലത്തു തന്നെ, രേഖകള്‍ ഹാജരാക്കി ഇത് പുറമ്പോക്കാണെന്ന് സ്ഥാപിച്ച് ജനങ്ങളുടെ അവകാശമുറപ്പാക്കാന്‍ യത്‌നിക്കേണ്ടവരായിരുന്നു കൂട്ട അവധിക്കാരായ റവന്യൂ ജീവനക്കാര്‍. അവരതിന് ഏതെങ്കിലും വിധത്തില്‍ ശ്രമിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. അങ്ങനെ ശ്രമിച്ചിരുന്നുവെങ്കില്‍ മനുഷ്യാവകാശ കമ്മീഷന് സംഗതികള്‍ തിരിയാന്‍ ആറ് വര്‍ഷം വേണ്ടിവരുമായിരുന്നില്ല. ഹരജിയുണ്ടെന്ന് കേട്ടപാതി കേള്‍ക്കാത്ത പാതി ഹൈക്കോടതി സ്റ്റേ അനുവദിക്കുമായിരുന്നുമില്ല.


വി എസ് അച്യുതാനന്ദന്‍ മൂന്നാര്‍ ദൗത്യം തുടങ്ങുന്നതിനും ട്രാവന്‍കൂര്‍ കമ്പനി പൊതുവഴി അടച്ച് ടോള്‍ പിരിക്കാന്‍ തുടങ്ങുന്നതിനും ഏറെക്കാലം മുമ്പ്, പാലക്കാട് നെല്ലിയാമ്പതിയിലെ പോബ്‌സണ്‍ എസ്റ്റേറ്റിന് മുന്നിലൊരു സംഭവമുണ്ടായിട്ടുണ്ട്. എസ്റ്റേറ്റിലേക്കുള്ള പാത കെട്ടിയടച്ച പോബ്‌സണ്‍, നിയമസഭയുടെ കമ്മിറ്റിയംഗങ്ങളെത്തിയപ്പോള്‍പ്പോലും അത് തുറക്കാന്‍ തയ്യാറായില്ല. അന്ന് എം എല്‍ എയായിരുന്ന വി സി കബീറായിരുന്നു നിയമസഭാ സമിതിയുടെ നേതാവ്. (ബിജി മോള്‍ മുതല്‍ ഉമ്മന്‍ ചാണ്ടി വരെയുള്ളവര്‍ക്ക് തടഞ്ഞതിന്റെയും കൈയേറ്റം ചെയ്തതിന്റെയും കഥ കബീര്‍ മാസ്റ്ററില്‍ നിന്ന് ചോദിച്ചറിയാവുന്നതാണ്) ജനപ്രതിനിധികളെ തടയാനുള്ള അധികാരവും സ്വാധീനവും ഇത്തരക്കാര്‍ സ്വന്തമാക്കിയിട്ട് വര്‍ഷങ്ങളായെന്ന് സൂചിപ്പിക്കാന്‍ വേണ്ടിയാണ് ഇത് പറഞ്ഞത്. പോബ്‌സണെതിരെ എന്ത് നടപടിയാണ് അന്നത്തെ സര്‍ക്കാറും നിയമസഭയും സ്വീകരിച്ചത്? പൊതുവഴി അടച്ചുകെട്ടുക, നീര്‍ച്ചാലുകള്‍ തടഞ്ഞ് സ്വകാര്യ തടയണ നിര്‍മിക്കുക തുടങ്ങിയ കലാപരിപാടികള്‍ നടത്തുന്ന എസ്റ്റേറ്റുടമകള്‍ വേറെയുമുണ്ട്. ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ കാലാകാലങ്ങളില്‍ ഉണ്ടാകുകയും നടപടിയെടുക്കുമെന്ന പ്രഖ്യാപനം അധികാരികള്‍ നടത്തുന്നുമുണ്ട്.


ഇതേക്കുറിച്ചൊന്നും പറയാതെ, വള്ളിയങ്കാവിലെയും തെക്കേമലയിലെയും ഏതാനും പേരുടെ പ്രശ്‌നമായി ഇതിനെ ചുരുക്കു നിര്‍ത്തുകയാണ് രാഷ്ട്രീയ - ഭരണ നേതൃത്വങ്ങള്‍ ചെയ്യുന്നത്. എ ഡി എമ്മിനെ കൈയേറ്റം ചെയ്താലുമില്ലെങ്കിലും മണ്ഡലത്തിലെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയെന്ന ഖ്യാതി നേടിക്കൊണ്ട് ബിജി മോള്‍ രംഗം വിടുമ്പോള്‍ സംഭവിക്കുന്നതും മറ്റൊന്നല്ല. കര്‍ത്തവ്യ നിര്‍വഹണത്തിന് തടസ്സമുണ്ടാക്കിയാല്‍ കര്‍ശനമായി നേരിടുമെന്ന് റവന്യു - മുഖ്യ മന്ത്രിമാര്‍ പ്രഖ്യാപിക്കുമ്പോള്‍ കൈയേറ്റങ്ങളോട് കണ്ണടക്കുകയും കള്ളരേഖകളുണ്ടാക്കി കൈയേറ്റത്തെ നിയമവിധേയമാക്കി നല്‍കുകയും ചെയ്യുന്ന കര്‍ത്തവ്യ നിര്‍വഹണത്തിന് തടസ്സമുണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് കൂടിയാണ് ജനത്തോട് പറയുന്നത്.
സ്റ്റേ അനുവദിച്ച്, ഗേറ്റ് അടച്ചിടാന്‍ അനുവദിച്ച ഹൈക്കോടതി, വര്‍ഷങ്ങളുടെ സമയമെടുത്ത് തീര്‍പ്പുണ്ടാക്കുമ്പോള്‍ വള്ളിയങ്കാവിലേക്ക് നമുക്ക് മടങ്ങിവരാം.

No comments:

Post a Comment