2015-07-17

വ്യാപത്തിലെ ഗുജറാത്ത് മാതൃക


2003 മുതല്‍ 2009 വരെ മധ്യപ്രദേശ് സര്‍ക്കാര്‍ സര്‍വീസില്‍ എത്ര നിയമനങ്ങള്‍ നടന്നിട്ടുണ്ടാകും? മെഡിക്കല്‍, എന്‍ജിനീയറിംഗ്, മാനേജ്‌മെന്റ് പാഠങ്ങള്‍ ചൊല്ലിക്കൊടുക്കുന്ന സര്‍ക്കാര്‍/സ്വകാര്യ പ്രൊഫഷണല്‍ കോളജുകളില്‍ എത്ര കുട്ടികള്‍ പ്രവേശം നേടിയിട്ടുണ്ടാകും?  2007 മുതല്‍ 2014 വരെയുള്ള കാലത്ത് 1.47 ലക്ഷം നിയമനങ്ങള്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്‍ നിയമസഭയില്‍ നല്‍കിയ മറുപടി. ശരാശരി 21000 നിയമനങ്ങള്‍ ഒരു വര്‍ഷം. ഇതനുസരിച്ചാണെങ്കില്‍ 2003 മുതല്‍ 2009 വരെയുള്ള ആറ് വര്‍ഷം 1.26 ലക്ഷം നിയമനങ്ങള്‍ നടന്നിട്ടുണ്ടാകും. സംസ്ഥാനത്തിന്റെ വലുപ്പം, ജനസംഖ്യ എന്നിവ കണക്കിലെടുത്താല്‍ പ്രൊഫഷണല്‍ കോളജ് പ്രവേശങ്ങളും ഏതാണ്ട് ഇത്രത്തോളമുണ്ടാകുമെന്ന് കരുതണം.


1,26,000 നിയമനങ്ങളിലും അത്രത്തോളം പ്രൊഫഷണല്‍ കോളജ് പ്രവേശങ്ങളിലും എത്രയെണ്ണം വീതമാകും ഇപ്പോള്‍ വ്യവഹരിക്കപ്പെടുന്ന അഴിമതിയുടെ ഭാഗമായി നടന്നിട്ടുണ്ടാകുക? ഓരോ ലക്ഷം വീതം നടപടിക്രമങ്ങള്‍ പാലിച്ച്, യോഗ്യതയും കഴിവും കണക്കിലെടുത്ത് നിയമിച്ചവയാണെന്ന് കരുതുക. 25,000 വീതം കോഴ ഈടാക്കിയെന്നും. 50,000 പേരില്‍ നിന്ന് 10,000 രൂപ വീതം വാങ്ങിയാല്‍ 50 കോടിയാണ്.  50 കോടിയെന്നാല്‍ അയ്യായിരം ലക്ഷം. എയിഡഡ് സ്ഥാപനങ്ങളിലെ ജോലിക്ക് കോഴ കൊടുത്തും വാങ്ങിയും പരിചയമുണ്ട് നമുക്ക്. കേരളത്തിലെ ഈ കോഴയുടെ നിരക്ക് ഒരു ലക്ഷം പിന്നിട്ടിട്ട് കാല്‍ നൂറ്റാണ്ടെങ്കിലുമായിക്കാണണം. രണ്ടായിരാമാണ്ട് പിന്നിട്ടപ്പോഴത് അഞ്ച് മുതല്‍ പത്ത് വരെ ലക്ഷം രൂപയായി ഉയരുകയും ചെയ്തിരുന്നു.


കോഴയുടെ നിരക്ക് കേരളത്തിലും മധ്യപ്രദേശിലും ഒന്നാണോ എന്നറിയില്ല, എന്തായാലും അത്രയൊന്നും കുറയാനിടയില്ല തന്നെ. ഉദ്യോഗങ്ങളുടെ വലിപ്പച്ചെറുപ്പവും വിപണിനിരക്കും താരതമ്യം ചെയ്താല്‍ ശരാശരി അഞ്ച് ലക്ഷം രൂപയെന്ന് കണക്കാക്കുക. മെഡിക്കല്‍, മാനേജ്‌മെന്റ് സീറ്റുകളോളം താത്പര്യം എന്‍ജിനീയറിംഗ് സീറ്റുകള്‍ക്കുണ്ടാകില്ലെന്നത് കൂടി കണക്കാക്കി ശരാശരി നിശ്ചയിച്ചാല്‍ അതിനും വരും സീറ്റൊന്നിന് അഞ്ച് ലക്ഷം. അതായത് കൈമറിഞ്ഞ കോഴപ്പണം 5000 കോടി രൂപ. ജോലിയും വിദ്യാഭ്യാസ അവസരവും കോഴയിലൂടെ സ്വന്തമാക്കിയവരുടെ എണ്ണം 50,000ത്തില്‍ കഴിയുകയും ശരാശരി തുക അഞ്ച് ലക്ഷത്തിലധികമാകുകയും ചെയ്താല്‍ ആകെ കോഴത്തുക ഇനിയും ഉയരും. ഇപ്പറഞ്ഞതൊക്കെ ഊഹിച്ചെഴുതിയ കണക്കുകളാണ്, പക്ഷേ, തെറ്റാകാന്‍ സാധ്യത കുറവെന്നാണ് ചെറിയ അനുഭവ പരിചയത്തില്‍ തോന്നുന്നത്.


സര്‍ക്കാര്‍ ഉദ്യോഗങ്ങളും വിദ്യാഭ്യാസ അവസരങ്ങളും കോഴ വാങ്ങി കൈമാറ്റം ചെയ്തത്, പൊതു പരീക്ഷാ ബോര്‍ഡെന്ന സംവിധാനമുപയോഗിച്ചാണ്. പരീക്ഷാ ബോര്‍ഡിന്റെ ഹിന്ദി പേരിന്റെ ചുരുക്കമായ വ്യാപത്തിന്റെ പേരില്‍ പ്രശസ്തമായെന്ന് മാത്രം. ഈ തട്ടിപ്പിന് പ്രാഗ് രൂപങ്ങള്‍ കുറവല്ല. പബ്ലിസ് സര്‍വീസ് കമ്മീഷനിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വ്യാജരേഖകള്‍ ചമച്ച് ഉദ്യോഗം സംഘടിപ്പിച്ച സംഗതി കേരളത്തില്‍ തന്നെ അരങ്ങേറിയിട്ടുണ്ട്. അതിന് ആരുടെയെങ്കിലുമൊക്കെ ഒത്താശയുണ്ടായിരുന്നോ എന്നത് അറിവായിട്ടില്ല. രണ്ട് ദശാബ്ദം  മുമ്പ് ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പറേഷന്റെ എഴുത്തുപരീക്ഷ കഴിഞ്ഞ്, അഭിമുഖത്തിന് കാത്തിരിക്കെ അവിടുത്തെ ട്രേഡ് യൂനിയന്‍ നേതാക്കള്‍ വന്ന്, യൂനിയന് പണം നല്‍കിയാല്‍ ജോലി കിട്ടുമെന്ന് പറഞ്ഞ ചരിത്രം ഓര്‍മയിലുണ്ട്. യൂനിയനും (നേതാക്കള്‍) മാനേജുമെന്റ് പ്രതിനിധികളും ചേര്‍ന്നുള്ള കോഴപ്പിരിവിന്റെ ഭാഗമായിരുന്നു അത്. പിന്നീട് കൊങ്കണ്‍ റെയില്‍വേയിലെ ഉദ്യോഗത്തിന് അഭിമുഖം കഴിഞ്ഞപ്പോള്‍, അന്ന് ബോര്‍ഡ് ചെയര്‍മാനായിരുന്ന കോണ്‍ഗ്രസ് നേതാവിന് പണം കൊടുത്താല്‍ ജോലി കിട്ടുമെന്ന് അറിയിച്ച് നേതാവിന്റെ തന്നെ കീഴിലുള്ള യൂനിയന്റെ പ്രതിനിധികള്‍ സമീപിച്ചതും ഓര്‍മയുണ്ട്. സര്‍വകലാശാലകളിലെ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റുകളില്‍ നടന്ന സ്വജനതാത്പര്യം, അഴിമതി എന്നിവയില്‍ അന്വേഷണം നടക്കുന്നുമുണ്ട്.


റെയില്‍വേ റിക്രൂട്ട്‌മെന്റാകെ കോഴ വാങ്ങി നടത്തിയ കേസുകള്‍ പലതും വാര്‍ത്തകളായി. കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ കാലത്ത് പുറത്തുവന്ന ഇത്തരം തട്ടിപ്പുകളിലൊന്നില്‍ അന്നത്തെ റെയില്‍വേ മന്ത്രിയുടെ മകന്റെ പേരും ആരോപണവിധേയരുടെ പട്ടികയിലുണ്ടായിരുന്നു. സൈന്യത്തിലേക്കുള്ള റിക്രൂട്ട്‌മെന്റുകള്‍, അവിടുത്തെ ഉയര്‍ന്ന തസ്തികകളില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരടങ്ങുന്ന റാക്കറ്റുകള്‍ പണം വാങ്ങി നടത്തുന്നത് പല കുറി രാജ്യം കണ്ടിട്ടുമുണ്ട്. ഇതൊക്കെ ഏറെക്കുറെ ഏതെങ്കിലുമൊരു സ്ഥാപനത്തിലോ വിഭാഗത്തിലോ മാത്രം കേന്ദ്രീകരിച്ചുള്ള തട്ടിപ്പുകളായിരുന്നു. അതിന് കളമൊരുക്കിയവര്‍, ഇടനിലക്കാരായവര്‍, അരുനിന്ന ഭരണാധികാരികള്‍ എന്നിവരില്‍ ഒതുങ്ങി നിന്ന തട്ടിപ്പ്.


ഒന്നും രണ്ടും യു പി എ സര്‍ക്കാറുകളുടെ കാലത്ത് നടന്ന ഇടപാടുകളുടെ പേരില്‍ ഉയര്‍ന്നുവന്ന ടു ജി, കല്‍ക്കരി, കോമണ്‍വെല്‍ത്ത് തുടങ്ങിയ കോഴയാരോപണങ്ങളില്‍ ചുമതലപ്പെട്ട മന്ത്രാലയങ്ങളും ഉദ്യോഗസ്ഥരും ഇടനിലക്കാരും അനര്‍ഹമായ നേട്ടമുണ്ടാക്കിയ വ്യവസായികളുമാണ് കുറ്റാരോപിതരായത്. ഇക്കാര്യങ്ങളിലെല്ലാം തീരുമാനങ്ങളെടുക്കുമ്പോള്‍ സര്‍ക്കാറിന് നഷ്ടമുണ്ടാകുന്നില്ലെന്നും വ്യവസായികള്‍ക്ക് അനര്‍ഹമായ നേട്ടമുണ്ടാകുന്നില്ലെന്നും ഉറപ്പുവരുത്താന്‍ ഉത്തരവാദിത്വമുള്ള ധന - പ്രധാനമന്ത്രിമാര്‍ അത് ചെയ്തില്ല എന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. എങ്കിലും ഭരണസംവിധാനമൊന്നാകെ അഴിമതി ആരോപണത്തിന്റെ മുനയില്‍ നില്‍ക്കുന്ന സ്ഥിതി അവിടെയുണ്ടായില്ല. ആരോപണങ്ങള്‍ പരിശോധിച്ച കോടതി, നേരിട്ടുള്ള മേല്‍നോട്ടത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചതോടെ വസ്തുതകള്‍ പുറത്തുവരുമെന്ന വിശ്വാസം ജനങ്ങളിലുണ്ടാകുകയും ചെയ്തു.


ലക്ഷത്തിലധികം കോടികളുടെ ആരോപണവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഊഹക്കണക്കില്‍ 5,000 കോടിയുള്ള ഈ തട്ടിപ്പാരോപണം വലുതാണെന്ന് പ്രത്യക്ഷത്തില്‍ തോന്നില്ല. പക്ഷേ, ഗവര്‍ണര്‍ മുതല്‍ താഴേക്ക് ഭരണ സംവിധാനമൊന്നാകെ അഴിമതി ആരോപണത്തില്‍ മുങ്ങി നില്‍ക്കുന്നുവെന്നത് ഭയാനകവും അപൂര്‍വവുമായ സംഗതിയാണ്. കോഴ നല്‍കി ബന്ധുക്കള്‍ക്ക് അവസരം വാങ്ങിയെടുത്തവരില്‍ ഹൈക്കോടതി ജഡ്ജിമാര്‍ വരെയുണ്ടെന്നാണ് ആരോപണം. അടി മുതല്‍ മുടി വരെ തട്ടിപ്പില്‍ പങ്കാളിത്തമുണ്ടെന്ന് ആരോപിക്കപ്പെടുമ്പോള്‍, ഈ സംവിധാനത്തിന് എങ്ങനെയാണ് തുടരാനാകുക? ഇത്തരം ആസൂത്രിതമായ തട്ടിപ്പിന് മടികാട്ടാത്തവര്‍ മറ്റ് ഏതൊക്കെ ഇടങ്ങളില്‍ അതിന് മുതിര്‍ന്നിട്ടുണ്ടാകും? ആരോപണം നേരിടുന്നവരുടെ നിയന്ത്രണത്തിലുള്ള പോലീസ് (ഇപ്പോള്‍ സി ബി ഐ) അന്വേഷിക്കുകയും ആരോപണത്തിന് വിധേയമായ നീതന്യായ സംവിധാനം നിയോഗിച്ച കമ്മിറ്റി നിരീക്ഷിക്കുകയും ചെയ്യുമ്പോള്‍ ജനം എങ്ങനെയാണ് വിശ്വസിക്കുക? ഇതിനെല്ലാം പുറമെയാണ് ദുരൂഹമായ മരണങ്ങളുടെ തുടര്‍ച്ച.


പണം നല്‍കി അവസരം വാങ്ങിയെന്ന് ആരോപണം നേരിടുന്നവര്‍, അതിന് കളമൊരുക്കിക്കൊടുത്തുവെന്ന് ആരോപിക്കപ്പെടുന്ന ഉന്നത ഉദ്യോഗസ്ഥര്‍, ഇടനിലക്കാരായി നിന്നുവെന്ന് പറയപ്പെടുന്നവര്‍ (ഗവര്‍ണര്‍ രാം നരേഷ് യാദവിന്റെ മകന്‍ ശൈലേഷ് യാദവുള്‍പ്പെടെ), അന്വേഷണത്തില്‍ ഭാഗമായിരുന്ന പോലീസുകാര്‍, പ്രധാന സാക്ഷികളാകുമെന്ന് കരുതിയവര്‍ എന്നിങ്ങനെ അമ്പതോളം പേരാണ് ഇതുവരെ മരിച്ചത്. അതിലൊന്ന് കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, രണ്ട് വര്‍ഷം മൂടിവെക്കുകയും ചെയ്തു. പത്തിലധികം പേര്‍ മരിച്ചത് വാഹനാപകടങ്ങളിലാണ്. ചിലരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മറ്റ് ചിലര്‍ ഗുരുതരമായ അസുഖങ്ങള്‍ക്ക് കീഴ്‌പ്പെട്ടു, അതില്‍ തന്നെ ഭൂരിഭാഗവും കരളിനെ ബാധിക്കുന്ന അസുഖങ്ങളായിരുന്നു. വാഹനാപകടങ്ങള്‍ സൃഷ്ടിച്ച് തെളിവുകള്‍ ഇല്ലാതാക്കുന്ന സംഭവങ്ങള്‍ മറ്റിടങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതുപോലൊരു സംഘടിത ശ്രമം  മധ്യപ്രദേശില്‍ നടന്നതാകുമോ? ഭരണകൂടമൊന്നാകെ ഉള്‍പ്പെട്ട തട്ടിപ്പാണെന്ന് വരികില്‍, ഇത്തരം അപകടങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയെടുക്കുക പ്രയാസമുള്ള കാര്യമല്ല.


തെളിവ് നശിപ്പിച്ചും അന്വേഷണത്തെ സ്വാധീനിച്ചും വംശഹത്യാ കേസുകള്‍ അട്ടിമറിച്ച ഗുജറാത്ത് മാതൃക ബി ജെ പിക്ക് മുന്നിലുണ്ട്.  കൊല മറയ്ക്കാന്‍ കൊലകള്‍ നടത്തിയതിന്റെ പാഠവും ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ നിന്നുണ്ട്. സുഹ്‌റാബുദ്ദീന്‍ ശൈഖിന്റെ കൊലപാതകം മറച്ചുവെക്കാന്‍ സാക്ഷിയായ ഭാര്യ കൗസര്‍ബിയെ കൊന്ന് ചുട്ടെരിച്ച് ചാരം നദിയിലൊഴുക്കുകയാണ് ചെയ്തത്. മറ്റൊരു സാക്ഷി തുള്‍സി റാം പ്രജാപതിയെ വെടിവെച്ച് കൊന്ന് മറ്റൊരു ഏറ്റുമുട്ടല്‍ കഥയുണ്ടാക്കുകയും ചെയ്തു. ഹിന്ദുത്വ ഭീകരവാദ ശൃംഖലകള്‍  നടപ്പാക്കിയ സ്‌ഫോടനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുപോകുമോ എന്ന് സംശയമുണ്ടായപ്പോള്‍ ആര്‍ എസ് എസുകാരനായ സുനില്‍ ജോഷിയെ ഇല്ലാതാക്കിയത് ആര്‍ എസ് എസുകാര്‍ തന്നെയായിരുന്നു. ഈ പാഠങ്ങള്‍ മധ്യപ്രദേശില്‍ വ്യാപിപ്പിക്കുകയാണോ എന്ന് ന്യായമായും സംശയിക്കണം.

മറ്റൊന്ന് ഗവര്‍ണര്‍ രാം നരേഷ് യാദവിന്റെ പങ്ക് സംബന്ധിച്ച ആരോപണമാണ്. കേസന്വേഷിച്ചിരുന്ന സംസ്ഥാന സര്‍ക്കാറിന്റെ പോലീസ് സംഘം തന്നെ എഫ് ഐ ആറില്‍ യാദവിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നു. ആരോപണവിധേയരില്‍ പത്താമനായിട്ട്. പക്ഷേ, ഭരണഘടനാ പദവിയിലിരിക്കുന്നയാള്‍ക്കുള്ള പ്രത്യേക സംരക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടി പിന്നീട് ഒഴിവാക്കേണ്ടിവന്നു. ഭരണഘടനാ പദവിയില്‍ നിന്ന് നീക്കി രാം നരേഷ് യാദവിനെ ആരോപണ വിധേയരുടെ പട്ടികയില്‍ തിരിച്ചെത്തിക്കാനോ ചോദ്യംചെയ്യലിന് അവസരമുണ്ടാക്കാനോ നരേന്ദ്ര മോദി സര്‍ക്കാര്‍ യാതൊന്നും ചെയ്തില്ല. യു പി എ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെയൊക്കെ, സമ്മര്‍ദം ചെലുത്തി രാജിവെപ്പിച്ച മോദി ഭരണകൂടം രാം നരേഷ് യാദവിനെ തുടരാന്‍ അനുവദിച്ചതില്‍ ചിലതൊക്കെ മറയ്ക്കാനുള്ളതുകൊണ്ടാകാനേ തരമുള്ളൂ. യാദവിനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്റെയോ ബി ജെ പിയുടെയോ ആര്‍ എസ് എസിന്റെയോ പ്രമുഖ നേതാക്കളുടെ പേര് പുറത്തുവരുമെന്ന ഭയം അവര്‍ക്കുണ്ടാകണം. ചെറുകിട നേതാക്കളുടെയോ ഉദ്യോഗസ്ഥരുടെയോ പേര് പുറത്തുവരുമെന്ന ഭയം കൊണ്ട് ഗവര്‍ണറെ സംരക്ഷിച്ച് നിര്‍ത്തില്ലല്ലോ? സ്വന്തം മകന്റെ ദുരൂഹ മരണത്തെക്കുറിച്ച് മൗനം പാലിച്ച് രാം നരേഷ് യാദവ് ആരോപണവിധേയരുടെ സംഘത്തോട് കൂറ് നിലനിര്‍ത്തുകയും ചെയ്യുന്നു.


ദുരൂഹ മരണങ്ങളുടെ പരമ്പര നാല്‍പ്പത് കഴിഞ്ഞതോടെയാണ് 'വ്യാപം' ദേശീയ മാധ്യമങ്ങളുടെ ഇഷ്ടവിഷയമായി മാറുന്നത്. അത്രകാലം തട്ടിപ്പ് പുറത്തുകൊണ്ടുവരാന്‍ യത്‌നിച്ച ഏതാനും പേര്‍ക്കും തട്ടിപ്പാരോപണത്തില്‍ രാഷ്ട്രീയനേട്ടമുണ്ടെന്ന് കണ്ട കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിനെപ്പോലുള്ളവര്‍ക്കും (ദിഗ്‌വിജയ് മുഖ്യമന്ത്രിയായിരുന്ന കാലത്തും വ്യാപത്തില്‍ ക്രമക്കേട് ആരോപണങ്ങളുണ്ടായിരുന്നു, ഇത്ര വ്യാപകമായിരുന്നില്ലെന്ന് മാത്രം) മാത്രമേ ഇതില്‍ താത്പര്യമുണ്ടായിരുന്നുള്ളൂ. വൈകിയാണെങ്കിലും വിവരങ്ങള്‍ പുറത്തുവരാന്‍ തുടങ്ങുകയും വലിയ കോലാഹലം തുടരുകയും ചെയ്തിട്ടും ഗവര്‍ണറെ മോദി സര്‍ക്കാര്‍ സംരക്ഷിച്ചുനിര്‍ത്തുകയാണ്. സര്‍വ തലങ്ങളിലും വിശ്വാസ്യത ഇല്ലാതായ, ഭരണ സംവിധാനത്തെ തുടരാന്‍ അനുവദിക്കുന്നതിന്റെ കൂടി ഭാഗമായാണ് ഈ സംരക്ഷണം.

ഭായിയോ ബഹനോ, യെ ഭ്രഷ്ടാചാര്‍ ലോക്... (സഹോദരീ സഹോദരന്‍മാരേ അഴിമതിക്കാരുടെ കൂട്ടം...) എന്ന് 56 ഇഞ്ച് നെഞ്ച് വിരിച്ച് നരേന്ദ്ര മോദി ഇനി ജനത്തെ അഭിമുഖീകരിക്കില്ലെന്ന് കരുതാമോ? വംശഹത്യയെ ന്യായീകരിച്ച നേതാവിന് വാഗ്ധാടിക്ക് മടിയുണ്ടാവില്ല.

No comments:

Post a Comment