2010-01-03

പെരുന്നയിലേക്കുള്ള യാത്രകള്‍ (മത, ജാതി ഇതരം)


പീപ്പിള്‍സ്‌ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുമായി (പി ഡി പി) കേരളത്തിലെ രാഷ്‌ട്രീയ പാര്‍ട്ടികളും മുന്നണികളും പുലര്‍ത്തിപ്പോന്ന ബന്ധത്തെക്കുറിച്ചുള്ള തര്‍ക്കം ഒരു വര്‍ഷത്തോളമായി സജീവ ചര്‍ച്ചാവിഷയമാണ്‌. ഇസ്‌ലാമിക്‌ സേവക്‌ സംഘിന്റെ (ഐ എസ്‌ എസ്‌) നിരോധത്തിനു ശേഷം അബ്‌ദുന്നാസര്‍ മഅ്‌ദനി രൂപവത്‌കരിച്ച ഈ പാര്‍ട്ടി വര്‍ഗീയമാണെന്നും അതിനാല്‍ ബന്ധം പാടില്ലെന്നുമുള്ള വാദമാണ്‌ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ്‌ ഉയര്‍ന്നു കേട്ടിരുന്നത്‌. ഇപ്പോഴത്തെ സവിശേഷ സാഹചര്യത്തില്‍ തീവ്രവാദ പാര്‍ട്ടിയായി പി ഡി പി മാറിയിരിക്കുന്നു. പി ഡി പി തീവ്രവാദ പാര്‍ട്ടിയാണെന്നും അബ്‌ദുന്നസര്‍ മഅ്‌ദനി തീവ്രവാദിയാണെന്നും കെ പി സി സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.


മുസ്‌ലിം വിഭാഗത്തെ മാത്രം പ്രതിനിധാനം ചെയ്യാന്‍ ശ്രമിക്കുന്നുവെന്നതുകൊണ്ടാണ്‌, മതവും രാഷ്‌ട്രീയവും തമ്മില്‍ ബന്ധം പാടില്ലെന്നു ശഠിക്കുന്നവര്‍ പി ഡി പിയെ വര്‍ഗീയ പാര്‍ട്ടിയായി കാണുന്നത്‌. ചില കാര്യങ്ങളില്‍ തീവ്ര നിലപാടെടുത്ത്‌ ആ നിലപാടുകള്‍ തീവ്രമായി തന്നെ പറഞ്ഞു എന്നതുകൊണ്ടാണ്‌ അബ്‌ദുന്നാസര്‍ മഅ്‌ദനി തീവ്രവാദിയാവുന്നത്‌. അദ്ദേഹം നേതൃത്വം നല്‍കുന്നതിനാല്‍ ആ പാര്‍ട്ടി തീവ്രവാദ പാര്‍ട്ടിയുമായി മാറുന്നു. കോഴിക്കോട്‌, ബംഗളുരൂ തുടങ്ങിയ സ്ഥലങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടത്തിയ കേസില്‍ മുഖ്യ പ്രതിയായി ആരോപിക്കപ്പെടുന്ന തടിയന്റവിട നസീര്‍ പോലുള്ളവരുമായി ഫോണില്‍ സംസാരിച്ച ബന്ധമെങ്കിലും മഅ്‌ദനിക്കുള്ളതിനാല്‍ തീവ്രവാദത്തിന്റെ ഗ്രേഡ്‌ അല്‍പ്പം കൂടും. തമിഴ്‌നാട്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷന്റെ ബസ്സ്‌ കളമശ്ശേരിയിലേക്കു തട്ടിക്കൊണ്ടുപോയി കത്തിക്കാന്‍ സൂഫിയ മഅ്‌ദനി ഗൂഢാലോചന നടത്തി എന്നു കൂടി ആരോപിക്കപ്പെടുമ്പോള്‍ തീവ്രവാദത്തിനു മേല്‍ ഭീകരവാദത്തിന്റെ നിഴല്‍ കൂടിയായി. ഈ സാഹചര്യത്തിലാണ്‌ പി ഡി പി ബന്ധം തര്‍ക്ക വിഷയമാവുന്നത്‌. കോണ്‍ഗ്രസും മുസ്‌ലിം ലീഗും ഇവരടങ്ങുന്ന യു ഡി എഫും ഒക്കെ തങ്ങളൊരിക്കലും പി ഡി പിയുമായി ബന്ധമുണ്ടാക്കിയിട്ടില്ലെന്നാണ്‌ ആവര്‍ത്തിക്കുന്നത്‌. പി ഡി പി വര്‍ഗീയപാര്‍ട്ടിയാണെന്നു മുന്നറിയിപ്പ്‌ നല്‍കിയിരുന്നു, ആ ബന്ധം വേണ്ടെന്ന്‌ പറഞ്ഞിരുന്നു എന്നാണ്‌ സി പി ഐ അടക്കമുള്ള ഇടതു ഘടകക്ഷികള്‍ വിശദീകരിക്കുന്നത്‌.


നിലവിലുള്ള ഭരണ സംവിധാനത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുക (അത്തരം ശ്രമം ദേശത്തിനും ജനതക്കും വിരുദ്ധമായിരിക്കും), ക്രമസമാധാനത്തില്‍ തകരാറുകളുണ്ടാക്കുക, സമുഹത്തില്‍ ജാതി, മത വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിക്കുക തുടങ്ങിയവയാണ്‌ തീവ്രതയുടെയും വര്‍ഗീയതയുടെയും പ്രധാന അളവുകോലുകളായി വരുന്നത്‌. ഈ മാനദണ്ഡങ്ങള്‍ ഉപയോഗിച്ചു തന്നെയാണ്‌ നാം മാവോയിസ്റ്റുകളെ തീവ്രവാദികളെന്നും ഒരു പടി കൂടി കടന്നു ഭീകരവാദികളെന്നും വിളിക്കുന്നത്‌. ഇത്രയും കാര്യങ്ങള്‍ മുന്നില്‍വെച്ചുവേണം നായര്‍ സര്‍വീസ്‌ സൊസൈറ്റി (എന്‍ എസ്‌ എസ്‌) രാഷ്‌ട്രീയത്തില്‍ ഇടപെട്ടുകൊണ്ട്‌ നടത്തിയ പുതിയ പ്രസ്‌താവനകളെ കാണാന്‍.


ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ ഉപതിരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥികളെ നിശ്ചയിച്ചപ്പോള്‍ കോണ്‍ഗ്രസ്‌ അര്‍ഹമായ വിഹിതം നായര്‍ സമുദായത്തിനു നല്‍കിയില്ല. കേന്ദ്ര മന്ത്രിസഭയിലെ കേരളത്തിന്റെ പ്രതിനിധികളെ നിശ്ചയിച്ചപ്പോഴും മാന്യമായ സമീപനം സ്വീകരിക്കാതെ അവഗണിക്കുകയാണ്‌ കോണ്‍ഗ്രസ്‌ ചെയ്‌തത്‌. ഈ പ്രസ്‌താവന പുറത്തുവന്നു മണിക്കൂറുകള്‍ക്കകം പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടിയും കെ പി സി സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയും കോട്ടയം ചങ്ങനാശ്ശേരിയിലെ എന്‍ എസ്‌ എസ്‌ ആസ്ഥാനത്തു പാഞ്ഞെത്തി. മുന്‍കൂട്ടി നിശ്ചയിച്ചതാവാമെങ്കിലും ദേവസ്വം മന്ത്രിയും കോണ്‍ഗ്രസ്‌ എസ്‌ നേതാവുമായ രാമചന്ദ്രന്‍ കടന്നപ്പള്ളിയും എത്തി. ചങ്ങനാശ്ശേരിയില്‍ പുക ഉയരുമ്പോഴേക്കും ആളോടിക്കൂടുന്നത്‌ എന്തുകൊണ്ടാണ്‌? നേതാക്കള്‍ കാട്ടുന്ന ഈ തിടുക്കം വര്‍ഗീയ/സാമുദായിക പ്രീണനമല്ലെങ്കില്‍ പിന്നെ മറ്റെന്താണ്‌?


സംബന്ധോദ്യുക്തരായ നമ്പൂതിരിമാരുടെ ചൂട്ടുകറ്റയുടെ വെളിച്ചം കാണുമ്പോള്‍ വാതിലോടാമ്പല്‍ നീക്കേണ്ടിവന്ന നായര്‍ കുടുംബങ്ങളുടെ ദുര്‍ഗതി അവസാനിപ്പിക്കാനും സമുദായത്തിലെ പുതുതലമുറക്കു വിദ്യാഭ്യാസത്തിനും സാമൂഹിക പുരോഗതിക്കും അവസരമൊരുക്കാനും വേണ്ടിയാണ്‌ മന്നത്ത്‌ പന്മനാഭന്‍ എന്‍ എസ്‌ എസ്സിനു രൂപം നല്‍കിയത്‌. തന്റെ സമുദായം അനുഭവിക്കുന്നതിനേക്കാള്‍ മോശമാണ്‌ താഴേത്തട്ടിലുള്ള മറ്റു സമുദായങ്ങളുടെ സ്ഥിതി എന്ന ബോധ്യം അദ്ദേഹത്തിന്‌ അക്കാലത്തുണ്ടായിരുന്നു. വൈക്കം ക്ഷേത്രത്തിലേക്കുള്ള പാതകളിലൂടെ സഞ്ചരിക്കാന്‍, അയിത്തം കല്‍പ്പിച്ചു മാറ്റിനിര്‍ത്തപ്പെട്ടവര്‍ക്ക്‌ അവകാശം നല്‍കണമെന്നാവശ്യപ്പെട്ട്‌ നടന്ന സമരത്തില്‍ മന്നം പങ്കെടുത്തത്‌ അതിനാലാണ്‌. എന്നാല്‍ ഇ എം എസ്‌ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭ ഭൂപരിഷ്‌കരണ, വിദ്യാഭ്യാസ പരിഷ്‌കരണ നിയമങ്ങള്‍ മുന്നോട്ടുവെച്ചതോടെ മന്നത്തിന്റെയും എന്‍ എസ്‌ എസ്സിന്റെയും നിലപാട്‌ മാറി.


കിട്ടാവുന്ന ജാതി, മത സംഘടനകളെയെല്ലാം കൂട്ടിപ്പിടിച്ചു കോണ്‍ഗ്രസിന്റെ സമൂലമായ പിന്തുണയോടെ വിമോചന സമരത്തിന്റെ സര്‍വസൈന്യാധിപനായി മന്നം മാറി. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാറിനെ അട്ടിമറിക്കാനായിരുന്നു ശ്രമം. അത്‌ മന്നം രഹസ്യമാക്കിവെച്ചതുമില്ല. ഇ എം എസ്സിനെ പുറത്താക്കിയേ തന്റെ കുതിരയെ പൂട്ടുകയുള്ളൂ എന്നു പരസ്യമായി പ്രഖ്യാപിച്ചു. ഈ അട്ടിമറി ശ്രമത്തിന്റെ ഭാഗമായി നടന്ന പല സമരങ്ങളും ക്രമസമാധാനം തകരാറിലാക്കുന്നതായിരുന്നു. അന്നുയര്‍ന്ന പല മുദ്രാവാക്യങ്ങളും ജാതി സ്‌പര്‍ധ വളര്‍ത്തുന്നതും സമുദായത്തെ ഭിന്നിപ്പിക്കുന്നതുമായിരുന്നു. നടത്തിയ പ്രസംഗങ്ങളെല്ലാം തീവ്രവുമായിരുന്നു. തീവ്രതയുടെ വ്യവസ്ഥാപിത മാനദണ്ഡങ്ങള്‍ അനുസരിച്ചു നോക്കിയാല്‍ എന്‍ എസ്‌ എസ്‌ മുന്‍കാലത്ത്‌ തീവ്രവാദ സംഘടനയായിരുന്നു. പിന്നീട്‌ തള്ളിപ്പറഞ്ഞാലും മുന്‍കാല തീവ്രതയുടെ കറ ഇല്ലാതാവുന്നില്ലെന്നു മഅ്‌ദനിയുടെയും പി ഡി പിയുടെയും കാര്യത്തിലുള്ള നിലപാട്‌ തെളിയിക്കുന്നു. വര്‍ഗീയതയുടെ വ്യവസ്ഥാപിത മാനദണ്ഡമനുസരിച്ചാണെങ്കില്‍ അന്നും ഇന്നും നായന്‍മാര്‍ക്കു വേണ്ടി മാത്രം വാദിക്കുന്നുവെന്നതിനാല്‍ തീര്‍ത്തും വര്‍ഗീയമാണെന്നു പറയേണ്ടിവരും.


ഈ സംഘടനയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ പാഞ്ഞെത്തുന്നതിനെ ഏത്‌ വാദവുമായുള്ള ബന്ധത്തിന്റെ കള്ളിയിലാണ്‌ ഉള്‍പ്പെടുത്തുക? കോണ്‍ഗ്രസ്‌ നേതാക്കളുടെ ഈ പരാക്രമം ഇത്‌ ആദ്യത്തേതൊന്നുമല്ല, മുമ്പ്‌ പലതവണ നടന്നതാണ്‌. എന്‍ എസ്‌ എസ്‌ സമ്മേളനം പ്രമാണിച്ചു ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പുള്ള തന്റെ രാഷ്‌ട്രീയ പ്രചാരണ യാത്രപോലും മാറ്റിവെക്കാന്‍ ആലോചിച്ചയാളാണ്‌ ഇപ്പോഴത്തെ കെ പി സി സി പ്രസിഡന്റ്‌.


മറുപുറത്തു ദേവസ്വം മന്ത്രിയും കോണ്‍ഗ്രസ്‌ എസ്‌ നേതാവുമായ കടന്നപ്പള്ളി രാമചന്ദ്രന്‍ എന്‍ എസ്‌ എസ്‌ ആസ്ഥാനത്തെത്തിയത്‌ ദേവസ്വം ബോര്‍ഡുകളുടെ രൂപവത്‌കരണം സംബന്ധിച്ച്‌ അഭിപ്രായം തേടാനാണ്‌. സര്‍ക്കാറിന്റെ കീഴില്‍ വരുന്ന ദേവസ്വം ബോര്‍ഡുകള്‍ക്കു നിയമാവലിയുണ്ട്‌, ബോര്‍ഡംഗങ്ങളെ നിശ്ചയിക്കുന്നതിനു കൃത്യമായ മാനദണ്ഡങ്ങളുമുണ്ട്‌. എന്നിട്ടും എന്‍ എസ്‌ എസ്സിന്റെ അഭിപ്രായം തേടേണ്ട കാര്യമെന്ത്‌? നിയമമനുശാസിക്കുന്ന വിധത്തില്‍ ബോര്‍ഡംഗങ്ങളെ നിശ്ചയിക്കുകയും അവര്‍ കാര്യങ്ങള്‍ കൃത്യമായി നിര്‍വഹിക്കുകയും ചെയ്യുക എന്നതാണ്‌ സര്‍ക്കാറിന്റെ ജോലി. അതിലപ്പുറത്ത്‌ ഏതെങ്കിലും സമുദായത്തിന്റെ ഇഷ്‌ടവും ഇംഗിതവും നോക്കേണ്ട ആവശ്യമില്ല. കടന്നപ്പള്ളി രാമചന്ദ്രന്‍ സ്വന്തം തീരുമാനപ്രകാരം എന്‍ എസ്‌ എസ്‌ ആസ്ഥാനത്തെത്തിയതാവാന്‍ വഴിയില്ല. ദേവസ്വം ബോര്‍ഡ്‌ രൂപവത്‌കരണ കാര്യം ഇടതുമുന്നണിയിലോ മന്ത്രിസഭയിലോ ഒക്കെ ചര്‍ച്ചയായപ്പോള്‍ എന്‍ എസ്‌ എസ്സിന്റെതുള്‍പ്പെടെ അഭിപ്രായങ്ങള്‍ തേടാന്‍ നിര്‍ദേശമുണ്ടായിക്കാണണം. അങ്ങനെയെങ്കില്‍ പി ഡി പി വര്‍ഗീയ പാര്‍ട്ടിയാണെന്നും തീവ്രവാദ പാര്‍ട്ടിയാണെന്നും വാദിച്ച ഇടതു ഘടകകക്ഷികളുടെ അറിവോടെയാവണം ഈ സന്ദര്‍ശനം.


രാഷ്‌ട്രീയത്തില്‍ നേരിട്ടിടപെടുകയും പാര്‍ട്ടികളുടെ മേല്‍ സമ്മര്‍ദം ചെലുത്താന്‍ തുറന്ന സമുദായ കാര്‍ഡ്‌ കളിക്കുകയും ചെയ്യുന്നതില്‍ എന്‍ എസ്‌ എസ്സിനോളം വരില്ല മറ്റൊരു സംഘടനയും. വോട്ടു ബേങ്കെന്ന പേരില്‍ ഈ സംഘടന ഉയര്‍ത്തുന്ന അവകാശവാദങ്ങള്‍ കെട്ടുകഥയാണെന്നു കഴിഞ്ഞ തിരഞ്ഞെടുപ്പുകളെല്ലാം തെളിയിച്ചതാണ്‌, ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു പോലും. എന്നിട്ടും എന്തുകൊണ്ട്‌ ഇത്തരം സന്ദര്‍ശക പ്രവാഹങ്ങള്‍? രാഷ്‌ട്രീയ പാര്‍ട്ടികളും നേതാക്കളും ഇത്തരം യാത്രകളിലൂടെ ലക്ഷ്യമിടുന്നത്‌ ഒരു സംഘടനയെയോ അതിന്റെ നേതൃത്വത്തെയോ മാത്രമല്ല. ഇവരുടെ ഉച്ചത്തിലുള്ള ഭീഷണിപ്പെടുത്തലുകളോട്‌ പെട്ടെന്നു പ്രതികരിക്കുമ്പോള്‍ തൃപ്‌തിപ്പെടുന്ന ഭൂരിപക്ഷ വര്‍ഗീയതയെക്കൂടിയാണ്‌. അപ്പുറത്ത്‌ പി ഡി പിയെപ്പോലുള്ളവയെ തീവ്ര, വര്‍ഗീയ വാദങ്ങളുടെ പേരില്‍ കുറ്റം പറയുക കൂടി ചെയ്‌താല്‍ ഫലം ഇരട്ടിക്കും.


തീവ്രത, വര്‍ഗീയത, സാമുദായികത തുടങ്ങിയവ ചിലരുടെ കാര്യത്തിലേ ഉള്ളൂ എന്നതാണ്‌ വസ്‌തുത. ഈ ചിലരെ തീരുമാനിക്കുന്നത്‌ ഭൂരിപക്ഷത്തിന്റെ കാഴ്‌ചപ്പാടുമായാണ്‌ യോജിച്ചിരിക്കുന്നത്‌. അത്‌ പൊതുവില്‍ സ്വീകരിക്കപ്പെടുന്നതുകൊണ്ടാണ്‌ പി കെ നാരായണപ്പണിക്കരെയും വെള്ളാപ്പള്ളി നടേശനെയും രാഷ്‌ട്രീയ നേതാക്കള്‍ അടിക്കടി കാണാന്‍ പോകുമ്പോള്‍ നമുക്ക്‌ അസ്വാഭാവികത തോന്നാത്തത്‌. പി ഡി പിയുമായി പരസ്യ ബന്ധത്തിനു തയ്യാറാവാതെ രഹസ്യ ബാന്ധവത്തിന്‌ വലത്‌, ഇടത്‌ മുന്നണികള്‍ ശ്രമിച്ചതിന്റെ കാരണവും മറ്റൊന്നല്ല.