ദേശീയതലത്തിലെ ഈ മാധ്യമ `വിപ്ലവ'ത്തിന്റെ പശ്ചാത്തലത്തില്‍ വേണം കേരളത്തിലെ മുഴുവന്‍ സമയ വാര്‍ത്താ ചാനലുകളുടെ പ്രവര്‍ത്തനത്തെ വിലയിരുത്താന്‍. ദേശീയ സാഹചര്യത്തില്‍ നിന്ന് ഭിന്നമായി ബി ജെ പിക്കും മറ്റ് സംഘ പരിവാര്‍ സംഘടനകള്‍ക്കും കാര്യമായ വേരോട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന സാഹചര്യവും പരിഗണിക്കണം. ആകാശവാണിയും പിന്നീട് ദുരദര്‍ശനും നിശ്ചയിച്ച വാര്‍ത്താ സമയങ്ങളെ അധികരിച്ചുതന്നെയായിരുന്നു ഏഷ്യാനെറ്റിന്റെയും വാര്‍ത്താ സംപ്രേഷണം ആരംഭിച്ചത്. ഇതേ മാതൃക പിന്നീട് രംഗത്തു വന്ന സൂര്യ പോലുള്ള ചാനലുകളും സ്വീകരിച്ചു. മുഴുവന്‍ സമയ വാര്‍ത്താ ചാനലുകള്‍ വന്നതോടെ ഈ പരമ്പരാഗത സങ്കല്‍പ്പം അട്ടിറിക്കപ്പെട്ടു. മലയാളികള്‍ ഏതു സമയത്തും വാര്‍ത്ത കാണാന്‍ തയ്യാറാവുമോ എന്ന സംശയങ്ങള്‍ തകര്‍ക്കപ്പെട്ടു. ഏതു നിമിഷവും ബ്രേക്കിംഗ് ന്യൂസ് പ്രതീക്ഷിക്കാവുന്ന അവസ്ഥയിലേക്ക് ഇന്ന് കാര്യങ്ങള്‍ എത്തി. ദൃശ്യങ്ങള്‍ ആദ്യം നല്‍കാനുള്ള മത്സരം. ഇതിനെല്ലാമിടയില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് സ്ഥാനമില്ല. കഴിഞ്ഞതു കഴിഞ്ഞു എന്ന് ചാനലുകള്‍ മുഖം തിരിക്കും. കഴിഞ്ഞുപോയ ഒരു നിമിഷത്തില്‍ ലഭിച്ച വിവരം നിങ്ങളെ അറിയിച്ചു. ഇപ്പോള്‍ ലഭിക്കുന്നത് ഇപ്പോള്‍ പറയുന്നു എന്ന കേവലവാദം ഉന്നയിക്കാന്‍ അവര്‍ക്ക് എളുപ്പമാണ്.
ഇതിലൊരു മാറ്റം ചൂണ്ടിക്കാട്ടാനാവുക, മുന്‍ രാഷ്‌ട്രപതി കെ ആര്‍ നാരായണന്‍ അന്തരിച്ച സമയത്താണ്. നിര്യാണം ആശുപത്രി അധികൃതര്‍ സ്ഥിരീകരിക്കും മുമ്പേ വാര്‍ത്ത നല്‍കിയവര്‍ അത് പിന്നീട് പിന്‍വലിച്ച് പ്രേക്ഷകരോട് മാപ്പുചോദിച്ചു. പിന്നീടൊരിക്കലും തിരുത്തേണ്ട ആവശ്യം നമ്മുടെ വാര്‍ത്താ ചാനലുകള്‍ക്കുണ്ടായില്ല. കെ ആര്‍ നാരായണന് തലപ്പൊക്കമുണ്ടായിരുന്നതുകൊണ്ടാണ് തിരുത്തല്‍ വേണ്ടിവന്നത്. വയനാട് കോയപ്പത്തൊടി വീട്ടില്‍ കബീറിന് അതില്ല. അതുകൊണ്ടാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍വെച്ച് ആളുമാറി അറസ്റ്റിലായ കബീറിന് ലശ്‌കറെ ത്വയ്യിബ ബന്ധവും ഭീകരപ്പട്ടവും ചാര്‍ത്തി നല്‍കിയ ചാനലുകള്‍, എല്ലാം തെറ്റെന്ന് വ്യക്തമായപ്പോഴും മാപ്പു പറയാന്‍ തയ്യാറാവാതിരുന്നത്. കബീര്‍ പെണ്‍വാണിഭക്കേസില്‍ പ്രതിയാണെന്ന വ്യാജ വാര്‍ത്ത നല്‍കി സായൂജ്യമടഞ്ഞത്.
കബീര്‍ എന്ന പേരിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയതാണ്. ഇത്തരം പേരുകളില്‍ നമ്മുടെ മാധ്യമങ്ങള്‍, ദൃശ്യ മാധ്യമങ്ങള്‍ പ്രത്യേകിച്ചും, സ്വീകരിക്കുന്ന നിലപാട് ഇത് തന്നെയാണ്. ഏറ്റവും ഒടുവില്‍ `ലൗ ജിഹാദ്' എന്ന പ്രചാരണത്തിന് സാധുത നല്‍കാന്‍ മത്സരിച്ചപ്പോള്‍ തെളിഞ്ഞതും മറ്റൊന്നല്ല. ഈ മാധ്യമങ്ങളെയാണ് സൂഫിയാ മഅ്‌ദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് കെ ടി ശങ്കരന്‍ പ്രശംസിച്ചത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടു വരുന്നതില്‍ മാധ്യമങ്ങള്‍ കാട്ടുന്ന ഉത്സാഹം ശ്ലാഘനീയമാണെന്നാണ് ജസ്റ്റിസ് കെ ടി ശങ്കരന്‍ പറഞ്ഞത്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സംസ്ഥാനത്തു നടന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടു വന്നത് മാധ്യമങ്ങളാണ്. തീവ്രവാദത്തെ നേരിടാന്‍ സ്വീകരിക്കേണ്ട നടപടികളും ആവശ്യകതയും മാധ്യമങ്ങള്‍ അവതരിപ്പിച്ചുവെന്നും കോടതി പറഞ്ഞു. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ കൂടിയാവുമ്പോള്‍ ഏത് കബീറിനെ ഭീകരവാദിയാക്കുന്നതിലും ആര്‍ക്കും ശങ്കിക്കേണ്ടിവരില്ല.
ജസ്റ്റിസ് ശങ്കരന്റെ വാദം സ്വീകരിച്ചാല്‍ ചാനലുകള്‍ മുന്‍കാലത്ത് നമുക്ക് പറഞ്ഞുതന്ന ചില `വസ്‌തുത'കള്‍ക്ക് വിശദീകരണം തേടേണ്ടിവരും. മലയാളികളായ നാല് യുവാക്കള്‍ കാശ്‌മീരില്‍ കൊല്ലപ്പെട്ടത് വലിയ വാര്‍ത്തയാവുകയും ഇതേക്കുറിച്ച് കണ്ണൂര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയും ചെയ്യുമ്പോള്‍ ചാനലുകള്‍ നമ്മെ അറിയിച്ചത് കേരളത്തില്‍ നിന്ന് മുന്നൂറു പേരെ ഭീകരവാദ പ്രവര്‍ത്തനത്തിനായി റിക്രൂട്ട് ചെയ്‌തുവെന്നാണ്. ഒന്നില്‍ നിന്ന് ഒന്നിലേക്ക് പകര്‍ന്ന് ഏതാണ്ടെല്ലാ ചാനലുകളും ഇത് റിപ്പോര്‍ട്ട് ചെയ്‌തു. ഇപ്പോള്‍ തടിയന്റവിട നസീര്‍ കര്‍ണാടക പോലീസിന് നല്‍കിയ മൊഴി എന്ന പേരില്‍ ഇതേ ചാനലുകള്‍ പറയുന്നത് ദക്ഷിണേന്ത്യയില്‍ നിന്ന് ഇരുപതു പേരെ ഭീകര പ്രവര്‍ത്തനത്തിന് റിക്രൂട്ട് ചെയ്‌തുവെന്നതാണ്. 280 പേരുടെ കുറവ് ഈ കണക്കില്‍ കാണുന്നുണ്ട്. ഈ കുറവ് ചെറുതല്ല. അല്‍ഖാഇദയുടെ കേന്ദ്രമായി ഇപ്പോള്‍ അമേരിക്ക പറയുന്ന യമനില്‍ ആകെ മുന്നൂറോളം അല്‍ഖാഇദക്കാരുണ്ടെന്നാണ് ആ രാജ്യം പറയുന്നത്. 280 എന്നത് ചെറിയ സംഖ്യയല്ല എന്ന് ഇതില്‍ നിന്ന് വ്യക്തം. നേരത്തെ നല്‍കിയ മൂന്നൂറ് ശരിയല്ലെങ്കില്‍ തിരുത്താന്‍ ചാനലുകള്‍ തയ്യാറാവണം. മുന്നൂറ് എന്ന കണക്ക് എവിടെ നിന്ന് കിട്ടിയെന്ന് പുറത്തുപറയുകയും വേണം. അല്ല അതില്‍ ഉറച്ചു നില്‍ക്കുന്നുവെങ്കില്‍ മാധ്യമങ്ങളുടെ അത്യുത്സാഹത്തെ ശ്ലാഘിക്കുന്ന കോടതി തന്നെ ഇവര്‍ എവിടെപ്പോയെന്ന് കണ്ടെത്താനുള്ള ഉത്തരവ് കൊടുക്കണം.
കാര്യമുണ്ട്, കാരണമില്ലയില്‍ തുടരുന്നു
ദീപ സ്തംഭം മഹാശ്ചര്യം കുപിനും കിട്ടണം പണം.
ReplyDeleteമറ്റുള്ളവരെ പരിഹസിക്കുബോള്‍ , താങ്കളുടെ ബ്ലോഗില്‍ ഇതുവരെ ഉള്ള ആര്‍ട്ടിക്കിള്‍ കൂടി സമയം കിട്ടുമ്പോള്‍ ഒരു തവണ കൂടി വായിക്കുക .
കപട മത പ്രീണനം ...... അല്ലാതെ വേറെ എന്താണ് താങ്കളുടെ ബ്ലോഗ്.