2010-01-15

പ്രസിഡന്റ്‌ പെരിസ്‌ട്രോയിക്ക



ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ കോണ്‍ഗ്രസ്‌ നടക്കുന്നു. പ്രതിദിന ചാനല്‍ ചര്‍ച്ചയുടെ വിഷയം ഇതാണ്‌. അവതാരകന്‍ ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ചരിത്രം തിരക്കി. അറിയാവുന്നതൊക്കെ പറയുന്ന കൂട്ടത്തില്‍ (പൊട്ടും പൊടിയുമേ അറിയൂ എന്നത്‌ വാസ്‌തവം) സോവിയറ്റ്‌ യൂനിയന്റെ തകര്‍ച്ച, ഗോര്‍ബച്ചോവ്‌, ഗ്ലാസ്‌നോസ്‌ത്‌, പെരിസ്‌ട്രോയിക്ക തുടങ്ങിയ കാര്യങ്ങളും പറഞ്ഞു. ഗോര്‍ബച്ചോവിന്‌ മുമ്പാണോ പിമ്പാണോ ഗ്ലാസ്‌നോസ്‌തും പെരിസ്‌ട്രോയിക്കയും സോവിയറ്റ്‌ യൂനിയന്റെ പ്രസിഡന്റായിരുന്നത്‌ എന്ന്‌ അവതാരകന്‍ തിരിച്ചുചോദിച്ചപ്പോള്‍ വിയര്‍ത്തുപോയി.




ദീര്‍ഘകാലത്തെ പ്രവാസത്തിന്‌ ശേഷം പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ്‌ നേതാവ്‌ നവാസ്‌ ശെരീഫ്‌ നാട്ടിലേക്ക്‌ മടങ്ങിയെത്തുന്ന ദിവസത്തിന്‌ തലേന്നത്തെ രാത്രി. ചാനലിലെ മുതിര്‍ന്ന എഡിറ്റര്‍ രാത്രി പോകും മുമ്പ്‌ നാളത്തെ പ്രധാന സംഭവങ്ങളെക്കുറിച്ച്‌ ചോദിച്ചു. നവാസ്‌ ശരീഫ്‌ മടങ്ങിയെത്തുന്നുണ്ട്‌, പാക്കിസ്ഥാന്‍ രാഷ്‌ട്രീയത്തിലെ നിര്‍ണായക സംഭവമാവുമെന്ന്‌ അല്‍പ്പം വിവരിച്ചുതന്നെ പറഞ്ഞു. അതിലൊക്കെ എന്ത്‌ കാര്യമിരിക്കുന്നുവെന്ന്‌ അല്‍പ്പം പുച്ഛത്തോടെ പറഞ്ഞ്‌ മുതിര്‍ന്ന എഡിറ്റര്‍ പുറത്തിറങ്ങി നടന്നു. അന്നുതൊട്ടിന്നോളം പാക്കിസ്ഥാനില്‍ നിന്നുണ്ടായത്ര വലിയ സംഭവങ്ങള്‍ ലോകത്തു മറ്റൊരിടത്തു നിന്നുമുണ്ടായിട്ടില്ല. ഇക്കാര്യം മുതിര്‍ന്ന എഡിറ്ററോട്‌ നേരില്‍ തന്നെ പിന്നീട്‌ പറഞ്ഞിരുന്നുവെന്നതിനാല്‍ ഭംഗിക്കുറവില്ല എന്നതിനാലാണ്‌ ഇവിടെ കുറിക്കുന്നത്‌.




നമ്മുടെ ടെലിവിഷന്‍ ചാനലുകളെ നിയന്ത്രിക്കുകയും ചര്‍ച്ചകള്‍ നയിക്കുകയും റിപ്പോര്‍ട്ട്‌ ചെയ്യുകയും ചെയ്യുന്നവരുടെ അറിവിന്റെയും വാര്‍ത്തകളോടുള്ള സമീപനത്തിന്റെയും നിലവാരം സൂചിപ്പിക്കാനാണ്‌ ഇത്‌ പറഞ്ഞത്‌. ഇതേ ആളുകള്‍ തന്നെയാണ്‌ പ്രത്യയശാസ്‌ത്രങ്ങളെക്കുറിച്ചും വലതുപക്ഷ ചായ്‌വിനെക്കുറിച്ചും ഇടതു തീവ്രവാദത്തെക്കുറിച്ചും വിചാരണാ ബുദ്ധിയോടെ ചര്‍ച്ചകള്‍ നയിക്കുക. ഇതേയാളുകള്‍ തന്നെഅഫ്‌ഗാനിസ്ഥാനിലെയും പാക്കിസ്ഥാനിലെയും ഭീകരവാദത്തെക്കുറിച്ചും ചര്‍ച്ചകള്‍ നടത്തും. അഫ്‌ഗാനിസ്ഥാനില്‍ ഭരണത്തിലിരുന്ന താലിബാനും ഇപ്പോള്‍ അമേരിക്കക്കെതിരെ പൊരുതുന്ന താലിബാനും ഇവരുടെ മുന്നില്‍ ഒരേ ഭീകരവാദികളാവും. ഇറാഖില്‍ ഇപ്പോള്‍ നടക്കുന്ന സ്‌ഫോടനങ്ങള്‍ ഭീകരാക്രമണങ്ങള്‍ മാത്രമാവും. കൊലയും കൊള്ളയും ബലാത്സംഗങ്ങളും നടത്തുന്ന അധിനിവേശസേനക്കെതിരെ പൊട്ടിത്തെറിക്കാന്‍ തീരുമാനിക്കുന്നവന്‍ ഭീകരനാവും. എണ്ണക്കുമേല്‍ പൂര്‍ണാധിപത്യം സ്ഥാപിക്കുവോളം ഇറാഖില്‍ തുടരണമെങ്കില്‍ അവിടെ സ്‌ഫോടനങ്ങള്‍ തുടരണമെന്നത്‌ അമേരിക്കയുടെ താത്‌പര്യമാവാനിടയുണ്ട്‌ എന്ന തോന്നല്‍ പോലും ഉണ്ടാവില്ല.




വിവരം ശേഖരിക്കാനും അത്‌ വിലയിരുത്തി കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാനും ഇന്നത്തെ കാലത്ത്‌ പ്രയാസമൊന്നുമില്ല. ഒന്നോ രണ്ടോ ക്ലിക്കുകള്‍ക്കപ്പുറത്ത്‌ എല്ലാം ലഭ്യമാണ്‌. പക്ഷേ, അതൊന്നും ആവശ്യമില്ല. കേവല സംഭവങ്ങളായി എല്ലാറ്റിനെയും കാണുന്നതുകൊണ്ടോ നേരത്തെ പറഞ്ഞ വിവരമില്ലായ്‌മ കൊണ്ടോ മാത്രമല്ല ഇതൊന്നും സംഭവിക്കുന്നത്‌. മൂലധനം നിയന്ത്രിക്കുന്ന വലിയൊരു അജണ്ടയുണ്ട്‌. താലിബാന്‍, ഇറാഖ്‌ എന്നിവയെടുക്കുക, ഇവിടെയൊക്കെ സൃഷ്‌ടി, സ്ഥിതി, സംഹാരം എന്നിവയില്‍ അമേരിക്ക എന്ന പൊതുഘടകമുണ്ട്‌. അവരോ അവരുടെ സഹചാരികളോ തന്നെയാണ്‌ നമ്മുടെ മൂലധന വിപണി നിയന്ത്രിക്കുന്നത്‌. ഈ വിപണി സജീവമായി നിര്‍ത്താന്‍ സഹായിക്കുന്നവരാണ്‌ ഇന്ത്യാ രാജ്യം ഭരിക്കുകയും ഭരിക്കാനുള്ള സാധ്യത നിലനിര്‍ത്തുകയും ചെയ്യുന്നത്‌. 




രാജ്യം ഭരിക്കുന്ന കോണ്‍ഗ്രസ്‌ മൃദുഹിന്ദുത്വ നിലപാടുകളിലൂടെ വോട്ടുറപ്പിക്കുന്നു. ഭരിക്കാനുള്ള സാധ്യത നിലനിര്‍ത്തുന്ന ബി ജെ പിയും അവരെ തുണക്കുന്ന സംഘ പരിവാറും തീവ്ര ഹിന്ദുത്വക്കൊപ്പം ന്യൂനപക്ഷ വിരുദ്ധ നിലപാടെടുക്കുകയും കഴിയാവുന്നിടത്തൊക്കെ വംശഹത്യക്ക്‌ പഴുതു നോക്കുകയും ചെയ്യുന്നു. ഏത്‌ അജണ്ടക്കാണ്‌ അമേരിക്കന്‍ പിന്തുണ കൂടുതലുണ്ടാവുക എന്ന്‌ മനസ്സിലാക്കാന്‍ പ്രയാസമില്ല. ആ അജണ്ട നടപ്പാവണമെങ്കില്‍ വലിയൊരു പ്രചാരണ കോലാഹലം അനിവാര്യമാണ്‌. ഇറാഖിന്റെ കാര്യത്തില്‍ നടന്നതുപോലെ, ഇറാന്റെ കാര്യത്തില്‍ നടക്കുന്നതുപോലെ. അരനൂറ്റാണ്ടിലേറെ നീണ്ട പ്രചാരണത്തിനും കോണ്‍ഗ്രസ്‌ സര്‍ക്കാറുകളുടെ സഹായത്തോടെ നടത്തിയ വിഗ്രഹ സ്ഥാപനത്തിനും ശിലാന്യാസത്തിനു ശേഷം ഒരു പള്ളി തകര്‍ത്തതും അതിലൂടെ സൃഷ്‌ടിച്ച ധ്രുവീകരണത്തിലൂടെ അധികാരം പിടിച്ചതും നാം കണ്ടതാണ്‌. ഇതിന്റെയൊക്കെ ആവര്‍ത്തിനുള്ള ശ്രമമാണ്‌ ഇപ്പോള്‍ ഇവിടെ നടക്കുന്നത്‌. ലവ്‌ ജിഹാദ്‌ പ്രചരിപ്പിച്ചതും ക്ലിനിക്കല്‍ ജിഹാദ്‌ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതും അതിനു വേണ്ടിയാണ്‌. ഒറ്റക്കും തെറ്റക്കും വഴിതെറ്റിപ്പോയ ചിലര്‍ ഭീകരവാദത്തിന്റെ ഏജന്റുമായതിന്റെ മറവില്‍ സഹോദര സമുദായത്തെയാകെ ഭീകരരാക്കുന്നതും. അതിന്‌ ചൂട്ടുപിടിച്ചു കൊടുക്കുന്നവര്‍ക്ക്‌ മൂലധന വിപണിയുടെ പിന്തുണ വേണം. അതിന്‌ അവര്‍ ആരുടെ പക്ഷമായിരിക്കും തിരഞ്ഞെടുക്കുക? പര്‍ദ മാറ്റി സൂഫിയ മഅ്‌ദനിയെ ലോകത്തിന്‌ മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്ന്‌ ശഠിക്കുന്നവരുടെ പക്ഷം. പര്‍ദക്കു പിന്നില്‍ എപ്പോഴും ഒരു ഭീകരന്‍ ഒളിഞ്ഞിരിക്കാന്‍ സാധ്യതയുണ്ടെന്ന്‌ പഠിപ്പിച്ചവരുടെ പക്ഷം.

3 comments:

  1. കാക്കക്കുയില്‍ എന്ന സിനിമ കണ്ടു തീര്‍ത്തതു പോലെ ഉണ്ട്. താങ്കളുടെ കഴിഞ്ഞ കുറേ പോസ്റ്റുകളിലെ പല തവണ രോഷം കൊണ്ട വിവരങ്ങള്‍ (?.. അസ്സംപ്ഷന്‍സ് എന്നതാവും ശരി.) തന്നെ ധാര്‍മ്മിക രോഷത്തിന്റെ മേമ്പൊടി ചേര്‍ത്തവതരിപ്പിക്കുന്നത് എന്തിനു വേണ്ടിയാണ്? ഈ ചര്‍വ്വിത ചര്‍വ്വണം ഒന്നുകില്‍ ഒരു വിശദമായ പ്രൊപ്പഗാണ്ട യാണ്, അല്ലെങ്കില്‍ എന്നും എഴുതിക്കൊടുക്കണമെന്ന ഒരു പാവം എഴുത്തു തൊഴിലാളിയുടെ നിവൃത്തികേടാണ്. കഷ്ടം!

    ReplyDelete
  2. പ്രസിഡന്റ്‌, പെരിസ്‌ട്രോയിക്ക, റ്റിവി ...
    എന്തു കുന്തമെഴുതിയാലും അവസാനം ചെന്നു നിക്കുന്നത് മദനി , സൂഫിയ , പര്‍ദ്ദ ഇതില്‍ തന്നെ...സൂഫിയായുടെ പര്‍ദ്ദ മാറ്റണമെന്നാരാണാവോ ആവശ്യപ്പെട്ടത്...

    അല്ലേലും ഈ പര്‍ദ്ദയൊക്കെ എന്നാ ഈ കേരളത്തില്‍ വന്നത് എന്റെ കൂപ്പേ...

    ReplyDelete
  3. ഒറ്റക്കും തെറ്റക്കും വഴിതെറ്റിപ്പോയ ചിലര്‍ ഭീകരവാദത്തിന്റെ ഏജന്റുമായതിന്റെ മറവില്‍ സഹോദര സമുദായത്തെയാകെ ഭീകരരാക്കുന്നതും. അതിന്‌ ചൂട്ടുപിടിച്ചു കൊടുക്കുന്നവര്‍ക്ക്‌ മൂലധന വിപണിയുടെ പിന്തുണ വേണം.

    ഒരു രാജ്യത്ത ജനതയെ കൊന്നും കൊലവിളിച്ചും , ബോംബുകള്‍ കൊണ്ട് ഭയപെടുത്തി കവര്‍ച്ച നടത്തുന്ന ഭീഗരമായ സാഹചര്യങ്ങള്‍ ഇവിടെ മുകളില്‍ അഭിപ്രായം പറഞ്ഞ മഹാന്‍ മാര്‍ക്ക് എത്രനിസാരം .മനുഷ്യ ജന്മങ്ങളില്‍ ചിലര്‍ ഇങ്ങനെയാണ് .കുഷ്ഠ രേഗമുള്ള മനസുള്ളവരായി ജനിക്കും. അവര്‍ അമേരിക്കന്‍ നയത്തിന്‍റെ പാല്‍പായസം കുടിച്ച മത്തു പിടിച്ചുറങ്ങും .

    ReplyDelete