2010-01-14

ശശി സത്യസന്ധനാണ്‌, മൂന്നരതരം

ഉയര്‍ന്ന ഉദ്യോഗങ്ങള്‍ വഹിച്ചിരുന്നവരുടെ രാഷ്‌ട്രീയ പ്രവേശം രാജ്യത്ത്‌ അപൂര്‍വമല്ല. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ തന്നെ ഏറ്റവും വലിയ ഉദാഹരണം. ഇങ്ങനെ രാഷ്‌ട്രീയത്തിലെത്തി അധികാര സ്ഥാനങ്ങള്‍ അലങ്കരിച്ചവര്‍ പിന്നീട്‌ അപ്രസക്തരാവുന്നതും അപൂര്‍വമല്ല. എം പിയും കേന്ദ്രമന്ത്രിയുമൊക്കെയായിരുന്ന എസ്‌ കൃഷ്‌ണകുമാര്‍ മുതല്‍ ധന, വിദേശ വകുപ്പുകള്‍ ഭരിച്ച യശ്വന്ത്‌ സിന്‍ഹവരെയുള്ളവര്‍ ഈ പട്ടികയിലുണ്ട്‌. ഇവരില്‍ ചിലരുടെയെങ്കിലും രാഷ്‌ട്രീയ പ്രവേശം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. അതില്‍ ഏറ്റവും മുന്നില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ തന്നെ. 
1991ല്‍ പ്രധാനമന്ത്രിയായ പി വി നരസിംഹറാവു ധനമന്ത്രി സ്ഥാനത്തേക്കു മന്‍മോഹന്‍ സിംഗിനെ നിര്‍ദേശിച്ചത്‌ രാജ്യത്തെയാകെ അമ്പരപ്പിച്ചിരുന്നു. ഇതുപോലെ ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെത്തിയ അപ്രതീക്ഷിത അതിഥിയാണ്‌ വിദേശകാര്യ സഹമന്ത്രിയായ ശശി തരൂര്‍. ഐക്യരാഷ്‌ട്ര സഭയിലെ അണ്ടര്‍ സെക്രട്ടറി ജനറല്‍ സ്ഥാനം വഹിച്ചിരുന്നതിലൂടെ ലഭിച്ച പരിചയം, ഐക്യരാഷ്‌ട്ര സഭയുടെ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക്‌ മത്സരിച്ചതിലൂടെ മറ്റു രാഷ്‌ട്രങ്ങളിലുണ്ടായ സുപരിചിതത്വം എന്നിവയാവണം വിദേശ കാര്യ മന്ത്രാലയത്തിലേക്കു തന്നെ തരൂരിനെ നിയോഗിക്കാന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ പ്രേരിപ്പിച്ചത്‌.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയായേക്കുമെന്ന അഭ്യൂഹമുയര്‍ന്നപ്പോള്‍ മുതല്‍ തരൂര്‍ മാധ്യമങ്ങളില്‍ നിറഞ്ഞുതുടങ്ങി. അമേരിക്കയോടും ഇസ്‌റാഈലിനോടുമുള്ള പക്ഷപാതിത്വം, നെഹ്‌റുവിനെ വിമര്‍ശിച്ചു പുസ്‌തകമെഴുതിയത്‌ എന്നു തുടങ്ങി നിരവധി കാര്യങ്ങള്‍ അദ്ദേഹത്തിനെതിരെ ഉയര്‍ത്തപ്പെട്ടു. പക്ഷേ, തരൂരിനു തിരുവനന്തപുരം സീറ്റ്‌ നല്‍കുക എന്ന തീരുമാനം മാറ്റാന്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി തയ്യാറായില്ല. വര്‍ഷങ്ങളായി കോണ്‍ഗ്രസിനു വേണ്ടി വിയര്‍പ്പൊഴുക്കുന്ന സംസ്ഥാനത്തെ നേതാക്കളെ തഴഞ്ഞു തരൂരിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളിലും അതൃപ്‌തിയുണ്ടായി. ഇതു പരിഹരിക്കാന്‍ സോണിയാ ഗാന്ധി സംസ്ഥാന കോണ്‍ഗ്രസ്‌ നേതൃത്വത്തെ നേരിട്ടു വിളിച്ചുവെന്നാണ്‌ അക്കാലത്ത്‌ കേട്ടിരുന്നത്‌. 
മാഡത്തിന്റെ സ്ഥാനാര്‍ഥിയാണ്‌ വിജയം ഉറപ്പാക്കണമെന്ന സന്ദേശം തിരുവനന്തപുരത്തെ എല്ലാ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കും തുടര്‍ന്നു ലഭിച്ചു. തരൂര്‍ വലിയ ഭൂരിപക്ഷത്തിന്‌ ജയിച്ചു, പ്രതീക്ഷിച്ചതുപോലെ മന്ത്രിയുമായി. തുടര്‍ന്നിങ്ങോട്ടു ചൂടന്‍ വാര്‍ത്തകള്‍ സൃഷ്‌ടിക്കുന്നതിന്റെ മുന്‍പന്തിയില്‍ അദ്ദേഹമുണ്ടായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വിദേശനയത്തെ വിമര്‍ശിച്ചാണ്‌ ഏറ്റവും ഒടുവില്‍ അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞത്‌.
നെഹ്‌റുവിന്റെ നയങ്ങളെ വിമര്‍ശിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ തരൂര്‍ നിഷേധിച്ചിട്ടുണ്ട്‌. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട്‌ ചെയ്യുകയായിരുന്നു. അസത്യം പ്രചരിപ്പിക്കുന്ന മാധ്യമ പ്രവര്‍ത്തനത്തിന്റെ ഇരയാണ്‌ താന്‍ എന്നും അദ്ദേഹം വിശദീകരിക്കുന്നു. ബ്രിട്ടീഷ്‌ പ്രഭുസഭയില്‍ അംഗമായ ഭിഖു പരേഖിനെ ആദരിക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ വേള്‍ഡ്‌ അഫയേഴ്‌സില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കവെ തരൂര്‍ നടത്തിയെന്നു പറയുന്ന പരാമര്‍ശങ്ങളാണ്‌ തര്‍ക്കത്തിന്‌ ആധാരം. ചടങ്ങില്‍ പ്രഭാഷണം നടത്തിയ ഭിഖു പരേഖ്‌ നെഹ്‌റുവിന്റെ നയങ്ങളെ വിമര്‍ശിച്ചിരുന്നു. ഇന്ത്യയുടെ പ്രാധാന്യം വളരെ വലുതാണെന്ന മിഥ്യാധാരണ സൃഷ്‌ടിക്കുന്നതായിരുന്നു നെഹ്‌റുവിന്റെ നയങ്ങളെന്നായിരുന്നു പരേഖിന്റെ പ്രധാന കുറ്റപ്പെടുത്തല്‍. ആഭ്യന്തര പ്രശ്‌നങ്ങളെ അവഗണിച്ച്‌ ഏഷ്യന്‍ ഭൂഖണ്ഡത്തിന്റെയാകെ പ്രതിനിധിയാവാന്‍ ഇന്ത്യ ശ്രമിക്കുന്നുവെന്ന തോന്നല്‍ ഉളവാക്കാനേ ആ നയങ്ങള്‍ ഉപകരിച്ചുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. 
ഇതിനു ശേഷം സംസാരിച്ച തരൂര്‍, മറ്റുള്ളവരുടെ പ്രവര്‍ത്തനങ്ങളിലെ ധാര്‍മികതയെക്കുറിച്ചുള്ള ദൃക്‌സാക്ഷി വിവരണമായി നെഹ്‌റുവിന്റെ വിദേശ നയം എന്നു കുറ്റപ്പെടുത്തിയെന്നാണ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ഇത്‌ മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട്‌ ചെയ്‌തതാണെന്നു തരൂര്‍ വാദിക്കുന്നു. ചടങ്ങിലെ അധ്യക്ഷന്‍ എന്ന നിലയില്‍ പരേഖ്‌ പറഞ്ഞത്‌ ക്രോഡീകരിച്ച്‌ അവതരിപ്പിക്കുക മാത്രമാണ്‌ ചെയ്‌തതെന്നും അദ്ദേഹം പറയുന്നു.
തരൂരിന്റെ വിശദീകരണം സ്വീകരിച്ച്‌ (കോണ്‍ഗ്രസ്‌ നേതൃത്വം വിശദീകരണം സ്വീകരിച്ച്‌ തര്‍ക്കം അവസാനിപ്പിച്ചു കഴിഞ്ഞു) അദ്ദേഹം നെഹ്‌റുവിന്റെ നയങ്ങളെ വിമര്‍ശിച്ചില്ല എന്നു തന്നെ വിശ്വസിക്കുക. എന്നാലും ബ്രിട്ടീഷ്‌ പ്രഭുസഭയിലെ ഒരംഗം ഇന്ത്യയില്‍ വന്നു നെഹ്‌റുവിന്റെ വിദേശനയത്തെ അടിമുടി വിമര്‍ശിച്ചിട്ടും അതിനു മറുപടി നല്‍കാന്‍ കോണ്‍ഗ്രസ്‌ അംഗം കൂടിയായ നമ്മുടെ വിദേശകാര്യ സഹമന്ത്രി തയ്യാറായില്ല എന്നു തരൂരിനും കോണ്‍ഗ്രസിനും അംഗീകരിക്കേണ്ടിവരും. വിമര്‍ശത്തിന്‌ മറുപടി നല്‍കേണ്ടതില്ല എന്ന്‌ തരൂര്‍ തീരുമാനിച്ചതിന്റെ കാരണം എന്തായിരിക്കും? ഭിഖു പരേഖ്‌ പറഞ്ഞ കാര്യങ്ങളോട്‌ പൂര്‍ണമായ യോജിപ്പ്‌ അദ്ദേഹത്തിനുണ്ട്‌ എന്നതുകൊണ്ടുതന്നെയാണ്‌. തരൂരിന്റെ വിശദീകരണം സ്വീകരിച്ചു തര്‍ക്കങ്ങള്‍ പെട്ടെന്ന്‌ അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ്‌ നേതൃത്വം തയ്യാറായതിന്റെ കാരണവും മറ്റൊന്നല്ല. 

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം അമേരിക്കയും സോവിയറ്റ്‌ യൂനിയനും രണ്ട്‌ ശക്തമായ ചേരികളുടെ നേതൃത്വത്തിലിരിക്കെയാണ്‌ സ്വതന്ത്ര റിപ്പബ്ലിക്കായ ഇന്ത്യയുടെ വിദേശ നയത്തിനു പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു രൂപം നല്‍കുന്നത്‌. രണ്ടു ചേരികളിലും പങ്കാളിയാവേണ്ടെന്ന ആ തീരുമാനത്തിനു സ്വതന്ത്ര വ്യക്തിത്വത്തിന്റെ തെളിമയുണ്ടായിരുന്നു. ചേരികളില്‍ ചേരുന്നില്ല എന്നു നിലപാടില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ തന്നെ അന്താരാഷ്‌ട്ര രംഗത്തെ പല നിര്‍ണായക പ്രശ്‌നങ്ങളിലും അമേരിക്കയും ബ്രിട്ടനുമടങ്ങുന്ന സാമ്രാജ്യത്വ ശക്തികളുടെ അഭിപ്രായങ്ങളെ എതിര്‍ക്കാന്‍ ഇന്ത്യ അന്നു സന്നദ്ധമായിരുന്നു. ഇന്ത്യ മുന്നോട്ടുവെച്ച നയത്തോടു യോജിപ്പ്‌ പ്രകടിപ്പിച്ച രാജ്യങ്ങള്‍ നിരവധിയായിരുന്നു. പേരിനെങ്കിലും ഇന്നും നിലനില്‍ക്കുന്ന ചേരിചേരാ പ്രസ്ഥാനത്തില്‍ അംഗങ്ങളായി 118 രാജ്യങ്ങളുണ്ട്‌. ഇതുതന്നെ 1955ല്‍ രൂപവത്‌കരിച്ച പ്രസ്ഥാനത്തിന്റെ പ്രസക്തിക്ക്‌ തെളിവ്‌.
ഈ നയവും പിന്നീട്‌ സോവിയറ്റ്‌ യൂനിയനുമായി രൂപപ്പെടുത്തിയ സൗഹൃദവും ഇന്ത്യക്കു ഗുണം ചെയ്‌തിരുന്നു. 1974ല്‍ ആദ്യത്തെ പൊഖ്‌റാന്‍ പരീക്ഷണത്തിനു ശേഷം ഇന്ത്യക്കു മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ ആഘാതം ശക്തമാവാതിരുന്നതിന്റെ പ്രധാന കാരണം സോവിയറ്റ്‌ സഹായമായിരുന്നു. ബഹിരാകാശ ഗവേഷണം, പ്രതിരോധം തുടങ്ങിയ മേഖലകളിലെല്ലാം സോവിയറ്റ്‌ സഹായം അക്കാലത്തു ലഭിച്ചിരുന്നു. ഇന്ന്‌ വ്യാവസായിക അടിസ്ഥാനത്തില്‍ ഉപഗ്രഹ വിക്ഷേപണം നടത്തുന്ന ഐ എസ്‌ ആര്‍ ഒക്ക്‌ ക്രയോജനിക്‌ എന്‍ജിന്‍ റഷ്യ കൈമാറിയത്‌ അമേരിക്കയുടെ ഉപരോധം നിലനില്‍ക്കുന്ന കാലത്തുതന്നെയാണ്‌. തദ്ദേശീയമായി ക്രയോജനിക്‌ എന്‍ജിന്‍ വികസിപ്പിച്ചെടുക്കുന്നതിന്‌ ഐ എസ്‌ ആര്‍ ഒക്കു സാധിച്ചതും റഷ്യന്‍ സഹകരണം കൊണ്ടാണ്‌. അമേരിക്കയുമായി ആണവ കരാറില്‍ ഒപ്പ്‌ വെക്കുന്നതിന്‌ മുന്നോടിയായി ആണവ സാമഗ്രികളുടെ ദാതാക്കളായ രാജ്യങ്ങള്‍ (എന്‍ എസ്‌ ജി) ഇന്ത്യയുമായുള്ള ആണവ വിപണനത്തിന്‌ അനുമതി നല്‍കുന്നതിനു മുമ്പാണ്‌ തമിഴ്‌നാട്ടിലെ കൂടംകുളം ആണവ നിലയത്തിന്‌ റഷ്യന്‍ സഹകരണം ലഭിച്ചത്‌. ഇതിലെല്ലാം രാജ്യം സ്വീകരിച്ചിരുന്ന വിദേശനയവും അതിന്റെ വിശ്വാസ്യതയും പ്രധാനമായിരുന്നു. 
ഈ വിശ്വാസ്യത തകരുകയാണെന്ന സൂചന ലഭിച്ചു തുടങ്ങിയിട്ട്‌ രണ്ട്‌ ദശാബ്‌ദത്തോളമായി. സാമ്പത്തിക പരിഷ്‌കാരങ്ങളുടെയും കമ്പോളങ്ങളുടെ തുറന്നു നല്‍കലിലൂടെയും തുടങ്ങിയ മാറ്റം പിന്നീട്‌ എല്ലാ രംഗങ്ങളിലേക്കും വ്യാപിച്ചു. ഇന്ന്‌ അമേരിക്കയുടെ വിശ്വസ്‌തനായ പങ്കാളി എന്ന `പദവി'യോട്‌ ഏറെ അടുത്തു നില്‍ക്കുന്നു ഇന്ത്യ. ഈ മാറ്റത്തിനു ചുക്കാന്‍ പിടിക്കുന്നത്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയല്ലാതെ മറ്റാരുമല്ല. അതുകൊണ്ടുതന്നെ നെഹ്‌റുവിന്റെ നയങ്ങളെ തള്ളിപ്പറയേണ്ടത്‌ അവരുടെ ആവശ്യമാണ്‌. അത്‌ സത്യസന്ധമായി പറയുന്നുവെന്നതു മാത്രമേ ശശി തരൂര്‍ ചെയ്യുന്നുള്ളൂ. ഈ തുറന്നു പറച്ചിലിന്‌ തരൂരിനോളം യോഗ്യന്‍ മറ്റാരുമില്ല തന്നെ.
മന്ത്രിയായ അദ്ദേഹം മൂന്നു മാസത്തോളം താമസിച്ചത്‌ പ്രതിദിനം അമ്പതിനായിരം രൂപ വാടകയുള്ള ഹോട്ടല്‍ മുറിയിലായിരുന്നു. താന്‍ ജോലി ചെയ്‌തു സമ്പാദിച്ച പണം കൊണ്ടാണ്‌ ഹോട്ടലില്‍ താമസിച്ചതെന്നും സര്‍ക്കാറിന്റെ ഔദാര്യം സ്വീകരിച്ചിട്ടില്ലെന്നും അന്ന്‌ അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. തരൂരിന്റെയും അദ്ദേഹത്തിന്റെ സീനിയര്‍ എസ്‌ എം കൃഷ്‌ണയുടെയും ഹോട്ടല്‍വാസം അവസാനിപ്പിച്ചാണ്‌ ലളിത ജീവിതവും ചെലവു കുറക്കലും സിദ്ധാന്തം കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സോണിയാ ഗാന്ധി അവതരിപ്പിച്ചത്‌. അപ്പോഴും ശശി തരൂര്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞു. കന്നുകാലി ക്ലാസ്സിലെ യാത്രയെക്കുറിച്ചും അതിനു പ്രേരിപ്പിക്കുന്ന വിശുദ്ധ പശുക്കളെക്കുറിച്ചും. 
അമേരിക്കന്‍ പൗരത്വമുള്ള ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലി ഇന്ത്യയില്‍ സ്വതന്ത്രനായി സഞ്ചരിച്ചു മുംബൈ ആക്രമണത്തിനു സഹായം ചെയ്‌തുകൊടുത്തുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ്‌ രാജ്യത്തേക്കു വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്‌. പാക്‌ വംശജനായ ഹെഡ്‌ലി ചില വേണ്ടാതീനങ്ങള്‍ കാട്ടിയതുകൊണ്ട്‌ അമേരിക്കക്കാരെയാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത്‌ യുക്തിസഹമല്ലെന്നു ശശി തരൂരിനു ബോധ്യമുണ്ട്‌. അതുകൊണ്ടുതന്നെ അദ്ദേഹം വിസ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതിനെ ചോദ്യം ചെയ്‌തു. പതിവുപോലെ ഇന്റര്‍നെറ്റിലെ സൗഹൃദക്കൂട്ടായ്‌മയായ ട്വിറ്ററിലൂടെയായിരുന്നു ഈ ചോദ്യം ചെയ്യല്‍. തുറന്നുപറച്ചിലുകള്‍ തുടരുമ്പോള്‍ തന്നെ താന്‍ ആരെയാണ്‌ അഭിസംബോധന ചെയ്യേണ്ടത്‌ എന്നതു സംബന്ധിച്ചും തരൂരിനു വ്യക്തമായ ധാരണയുണ്ടെന്നു ട്വിറ്റര്‍ എന്ന മാധ്യമം തിരഞ്ഞെടുത്തതില്‍ നിന്നു വ്യക്തമാണ്‌. 
ഒടുവില്‍ വിവാദമായ നെഹ്‌റൂവിയന്‍ നയങ്ങളുടെ കാര്യവും ട്വിറ്ററില്‍ രേഖപ്പെടുത്താന്‍ അദ്ദേഹം മറന്നില്ല. ഭിഖു പരേഖിന്റെ പ്രഭാഷണം മഹത്തരമായിരുന്നുവെന്നാണ്‌ അദ്ദേഹം ട്വിറ്ററില്‍ രേഖപ്പെടുത്തിയത്‌. താന്‍ നെഹ്‌റുവിനെ വിമര്‍ശിച്ചില്ലെങ്കിലും ഭിഖു പരേഖ്‌ നടത്തിയ വിമര്‍ശത്തെ അംഗീകരിക്കുന്നുവെന്നാണ്‌ ഈ ട്വിറ്റര്‍ കുറിപ്പ്‌ വ്യക്തമാക്കുന്നത്‌.
ഇറാനെതിരെ വോട്ട്‌ ചെയ്‌ത്‌, ഇസ്‌റാഈലില്‍ നിന്ന്‌ ആയുധം വാങ്ങി, അഫ്‌ഗാനിസ്ഥാനിലെ അമേരിക്കന്‍ ആക്രമണത്തിനു പിന്തുണയേകി ഇന്നു കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്ന വിദേശ നയത്തിനു യോജിക്കുന്ന ബ്രാന്‍ഡ്‌ അംബാസഡര്‍ ശശി തരൂര്‍ തന്നെയാണ്‌. ഈ നയങ്ങള്‍ ഉറക്കെപ്പറയാനാണ്‌ സോണിയാ ഗാന്ധിയും മന്‍മോഹന്‍ സിംഗും തരൂരിനെ ലോക്‌സഭയിലെത്തിച്ചതും മന്ത്രിയാക്കിയതും. അത്‌ മനസ്സിലാക്കാതെയല്ല, കോണ്‍ഗ്രസ്‌ വക്താക്കള്‍ തരൂരിനെ വിമര്‍ശിക്കാന്‍ മിനക്കെടുന്നത്‌. പാരമ്പര്യം ഞങ്ങള്‍ മറക്കുന്നില്ല എന്നു നടിക്കുന്നുവെന്നു മാത്രം. നയങ്ങളില്‍ കൂടുതല്‍ മാറ്റങ്ങളുണ്ടാവുമ്പോള്‍ പൂര്‍വകാലത്തെ തള്ളിപ്പറയേണ്ടിവരുമെന്ന്‌ ഉറപ്പ്‌. അതിനു നിലമൊരുക്കാന്‍ തരൂരിനോളം യോജിച്ച മറ്റൊരാള്‍ കോണ്‍ഗ്രസിലില്ല. രാജ്യത്തിന്റെ സാമ്പത്തിക തലവര മാറ്റിയെഴുതാന്‍ മന്‍മോഹനെയാണ്‌ നരസിംഹറാവു തിരഞ്ഞെടുത്തത്‌. ജനബന്ധമില്ലാത്ത ഒരാള്‍ക്കേ ഈ ക്രിയ ചെയ്യാനാവൂ എന്ന ദീര്‍ഘദര്‍ശിത്വം. അതുതന്നെയാണ്‌ തരൂരിന്റെയും യോഗ്യത. ഇസ്‌റാഈലിനെ അനുകൂലിച്ചതും നെഹ്‌റുവിനെ വിമര്‍ശിച്ചതും അധിക യോഗ്യതയായുണ്ടായിരുന്നു.