2010-01-15

കാര്യമുണ്ട്‌, കാരണമില്ലഎന്തുകൊണ്ടാണ്‌ ഇത്തരം മണ്ടത്തരങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങാനും അത്‌ നമ്മുടെ മുന്നിലേക്ക്‌ ഛര്‍ദിക്കാനും മാധ്യമ പ്രവര്‍ത്തകര്‍ തയ്യാറാവുന്നത്‌, എന്തുകൊണ്ടാണ്‌ ഇവര്‍ക്ക്‌ ഇതിന്‌ അവസരം ലഭിക്കുന്നത്‌ എന്നതാണ്‌ പ്രധാന ചോദ്യം. ഉത്തരം ലളിതമാണ്‌ - ഭൂരിപക്ഷ വര്‍ഗീയതയില്‍ രമിച്ചതാണ്‌ നമ്മില്‍ പലരുടെയും മനസ്സ്‌ എന്നത്‌ തന്നെ. അതുകൊണ്ടാണ്‌ സന്തോഷ്‌ മാധവന്റെയും കണിച്ചുകുളങ്ങരക്കേസിലെ പ്രതി സജിത്തിന്റെയും അഭിമുഖമെടുക്കാന്‍ ഉറക്കമിളച്ചു കാത്തിരുന്ന നമ്മുടെ ചാനല്‍ പ്രവര്‍ത്തകര്‍ `ലൗ ജിഹാദെ'ന്ന്‌ സംഘ്‌ പരിവാര്‍ ആക്രോശിച്ചപ്പോള്‍ അതില്‍ ആരോപണവിധേയരായവരോട്‌ പ്രതികരണം തേടാന്‍ മിനക്കെടാതിരുന്നത്‌. അന്‍വാറുശ്ശേരിയിലെ വീട്ടില്‍ നിന്ന്‌ സൂഫിയ മഅ്‌ദനി ഒളിച്ചുകടന്നു (പോലീസും മാധ്യമപ്പടയും 24 മണിക്കൂറും കാവല്‍ നില്‍ക്കുന്നതിനിടെ) എന്ന അഭ്യൂഹം പ്രചരിപ്പിച്ചപ്പോള്‍ അവരെ ഹാജരാക്കണമെന്ന്‌ ശഠിച്ചതിനു പിന്നിലും ഇതേ വികാരം തന്നെയാണ്‌. ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന ഉത്‌പന്നങ്ങള്‍ക്ക്‌ കൂടുതല്‍ വിപണിയുണ്ടെന്ന ധാരണ മൂലമാണ്‌ ഇതു മുഴുവനും സംപ്രേഷണം ചെയ്യാന്‍ ചാനലുകള്‍ തയ്യാറായതും.
സംപ്രേഷണം ചെയ്യുന്ന ദൃശ്യം, അതിനൊപ്പം പറയുന്ന വാക്കുകള്‍ ഇവ സൃഷ്‌ടിക്കുന്ന ആഘാതത്തെക്കുറിച്ചുള്ള വീണ്ടുവിചാരം ആവശ്യമില്ലാത്തതായി മാറിയിരിക്കുന്നു. കാര്യത്തില്‍ നിന്ന്‌ കാരണത്തിലേക്ക്‌ യുക്തിപൂര്‍വമായി ആലോചിക്കേണ്ടതില്ല. തേടി വരുന്ന വിവരങ്ങളെക്കുറിച്ച്‌ സ്വന്തം നിലക്ക്‌ അന്വേഷണം നടത്തേണ്ടതുമില്ല. ഇപ്പോള്‍ കിട്ടുന്നത്‌ ഇപ്പോള്‍ നല്‍കാം, അതിനു വിരുദ്ധമായ വിവരം പിന്നീട്‌ ലഭിച്ചാല്‍ വേണമെങ്കില്‍ കൊടുക്കാം, ഇല്ലെങ്കിലും പ്രശ്‌നമില്ല. അപ്പോഴേക്കും നേരത്തെ നല്‍കിയ റിപ്പോര്‍ട്ട്‌ വായുവില്‍ ലയിച്ചിട്ടുണ്ടാവും. ഇരകളാവുന്നവര്‍ വെറും കബീറുമാരായതിനാല്‍ ചോദ്യം ചെയ്യലുകള്‍ ഉണ്ടാവുകയുമില്ല.
സംഘടിതരായവരില്‍ നിന്നാണ്‌ ചോദ്യങ്ങള്‍ ഉയരുക. അതിനെ പ്രതിരോധിക്കാന്‍ പുതിയ മാര്‍ഗങ്ങളുണ്ട്‌. ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ ദയനീയ പരാജയം വിലയിരുത്താന്‍ സി പി എമ്മിന്റെ പോളിറ്റ്‌ ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും ചേര്‍ന്നപ്പോള്‍ നടന്നത്‌ മുമ്പ്‌ പത്രങ്ങളില്‍ പ്രവര്‍ത്തിച്ച വഴക്കം മാറാത്ത ഡല്‍ഹിയിലെ ഒരു ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞത്‌ ഓര്‍ക്കുന്നു. 
കേരള ഹൗസില്‍ ക്യാമറകള്‍ രണ്ടുണ്ട്‌. ഒന്ന്‌ പിണറായിയുടെ മുറിക്കു മുന്നില്‍. രണ്ടാമത്തേത്‌ നേതാക്കള്‍ കാറില്‍ കയറുന്ന സ്ഥലത്ത്‌. പിന്നെയൊരു ക്യാമറ എ കെ ജി ഭവനില്‍. പിണറായി വിജയന്‍ മുറിക്കു പുറത്തിറങ്ങുമ്പോള്‍ ക്യാമറകളും മൈക്കുമെത്തും. താഴെ കാറില്‍ കയറുന്നിടത്തെത്തുമ്പോള്‍ അടുത്ത സെറ്റ്‌. എ കെ ജി ഭവന്റെ മുന്നില്‍ മൂന്നാമത്തെ വിഭാഗത്തിന്റെ മൈക്കുകള്‍. ഉച്ചഭക്ഷണത്തിന്‌ വരുമ്പോഴും തിരികെപ്പോവുമ്പോഴും ഇതിന്റെ ആവര്‍ത്തനം. തുടര്‍ച്ചയായി മൂന്നു ദിവസം ഇത്‌ പതിവ്‌. പ്രത്യേകിച്ചൊന്നും പറയാനില്ലെന്ന്‌ പറഞ്ഞ്‌ പടിയിറങ്ങി താഴെയെത്തുമ്പോള്‍ വീണ്ടും ചോദ്യങ്ങളുമായി വളയുന്നതിന്റെ മനശ്ശാസ്‌ത്രം മറ്റൊന്നുമല്ല. തിരികെ ചോദ്യം ചെയ്യാന്‍ ത്രാണിയുണ്ട്‌ പിണറായി വിജയന്‌. അങ്ങനെയൊന്നു ചോദ്യം ചെയ്‌തു കിട്ടിയാല്‍ ഒരു ദിവസത്തേക്ക്‌ ആഘോഷിക്കാന്‍ വകയായി. (പിണറായിയെ വിശിഷ്‌ട മാതൃകയായി എടുത്തതാണ്‌, മുഖ്യമന്ത്രായിയിരിക്കെ ഉമ്മന്‍ ചാണ്ടി ക്യാമറകള്‍ക്കു മുന്നില്‍ നിന്ന്‌ ഓടിയൊളിച്ചിരുന്നത്‌ ഓര്‍ക്കുക. പ്രകോപിതനാവരുതെന്ന നിര്‍ബന്ധബുദ്ധിയുള്ളതുകൊണ്ടാവണം ഓടിയൊളിക്കാന്‍ ശ്രമിച്ചത്‌) 
വാര്‍ത്താ ചാനലുകള്‍ ഇത്രയില്ലാതിരുന്ന കാലത്ത്‌ സി പി എം സംസ്ഥാന കമ്മിറ്റി കഴിഞ്ഞിറങ്ങിയ ഇ കെ നായനാര്‍ക്കു മുന്നിലേക്ക്‌ മൈക്കും കൊണ്ടെത്തിയ മാധ്യമ പ്രവര്‍ത്തകനെ ഇ കെ നായനാര്‍ `ഇഡിയറ്റ്‌' എന്ന്‌ വിളിച്ചത്‌ മറവിലെത്താറായിട്ടില്ല. ഇന്ന്‌ 24 മണിക്കൂറും വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്ന കാലത്ത്‌ ഇത്തരമൊരു വിളിക്ക്‌ മാധ്യമ പ്രവര്‍ത്തകര്‍ കാത്തിരിക്കുകയാണ്‌. കാഴ്‌ചക്കാരന്‍ കാര്യം മാത്രമേ അറിയൂ, കാരണം അജ്ഞാതമായിരിക്കും. അതുകൊണ്ടാണ്‌ അബ്‌ദുന്നാസര്‍ മഅ്‌ദനിയുടെ തീവ്രമായ പ്രസംഗങ്ങളെക്കുറിച്ച്‌ (തീവ്രമായ വാദം = തീവ്രവാദം) നമ്മെ നിരന്തരം ഓര്‍മിപ്പിക്കുന്നവര്‍, അത്‌ ചാനല്‍ പ്രവര്‍ത്തകരായാലും അവരെ ഉപയോഗിക്കുന്ന രമേശ്‌ ചെന്നിത്തലമാരായിലും ബാബരി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടവരെക്കുറിച്ചും അക്കാലത്ത്‌ കേന്ദ്ര ഭരണം നടത്തിയിരുന്ന പി വി നരസിംഹറാവുവിനെക്കുറിച്ചും മറന്നുപോവുന്നത്‌. കളമശ്ശേരി ബസ്സ്‌ കത്തിക്കലിന്റെ ആസൂത്രക സൂഫിയ മഅ്‌ദനി തന്നെ എന്ന്‌ ആവര്‍ത്തിച്ച്‌ വിധിക്കുന്നവര്‍, ആ സമയത്ത്‌ അന്യായമായ തടങ്കലിലായിരുന്നു അബ്‌ദുന്നാസര്‍ മഅ്‌ദനിയെന്ന്‌ ഓര്‍ക്കാത്തത്‌. അന്യായങ്ങളെ എതിര്‍ത്തും അവകാശങ്ങള്‍ ആവശ്യപ്പെട്ടും മുന്‍കാലത്ത്‌ ചാരമാക്കപ്പെട്ടത്‌ ആളൊഴിഞ്ഞ ബസ്സുകള്‍ മാത്രമായിരുന്നില്ലല്ലോ!

പ്രസിഡന്റ്‌ പെരിസ്‌ട്രോയിക്കയില്‍ തുടരുന്നു