2010-01-28

മുഖം മറക്കുന്നത്‌ ആരാണ്‌?നീതിന്യായ സംവിധാനത്തിനു രാജ്യത്തെ ഭരണഘടന ചില അതിര്‍വരമ്പുകള്‍ നിശ്ചയിച്ചിട്ടുണ്ട്‌. നയപരമായ കാര്യങ്ങളില്‍ സര്‍ക്കാറെടുക്കുന്ന തീരുമാനങ്ങളില്‍ ഇടപെടാതിരിക്കുക എന്നതാണത്‌. തിരഞ്ഞെടുപ്പ്‌ പ്രക്രിയ ആരംഭിച്ചു കഴിഞ്ഞാല്‍ അത്‌ പൂര്‍ത്തിയാവും വരെ കോടതി ഇടപെടല്‍ നിഷിദ്ധമാണ്‌. ഈ വ്യവസ്ഥ ചൈനയുടെ വന്‍മതില്‍ പോലെയാണെന്ന്‌ അടുത്തിടെ കോടതി വ്യക്തമാക്കുകയും ചെയ്‌തു. സാമൂഹിക മാറ്റത്തിന്‌ അനിവാര്യമായ നിയമനിര്‍മാണങ്ങള്‍ കോടതികളില്‍ ചോദ്യം ചെയ്യുന്നത്‌ ഒഴിവാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്‌ ഭരണഘടനയുടെ ഒമ്പതാം പട്ടിക. ജുഡീഷ്യറി, നിയമനിര്‍മാണ സഭ, ഭരണ സംവിധാനം എന്നിവ അധികാരങ്ങളില്‍ കടന്നുകയറുന്നത്‌ ഒഴിവാക്കുക എന്നതാണ്‌ ഇത്തരം നിയന്ത്രണങ്ങളുടെ ലക്ഷ്യം. എങ്കിലും ചില കാര്യങ്ങളില്‍ ഈ നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടാറുണ്ട്‌. അത്‌ അനിവാര്യമായ തര്‍ക്കത്തിനു കാരണമാവാറുമുണ്ട്‌. നിയന്ത്രണങ്ങള്‍ ലംഘിക്കാനുള്ള പ്രവണത മിക്കപ്പോഴും പ്രകടിപ്പിച്ചിട്ടുള്ളത്‌ നീതിന്യായ സംവിധാനമാണ്‌.
ഭരണഘടനാ ശില്‍പ്പി ബി ആര്‍ അംബേദ്‌കര്‍, ബി എസ്‌ പി സ്ഥാപക നേതാവ്‌ കാന്‍ഷി റാം തുടങ്ങിയവരുടെ സ്‌മരണ നിലനിര്‍ത്തുന്നതിനായി പ്രതിമകളും പാര്‍ക്കുകളും നിര്‍മിക്കാന്‍ യു പിയിലെ മായാവതി സര്‍ക്കാര്‍ തീരുമാനിച്ചത്‌ വിവിധ കോടതികളില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു. പ്രതിമകളും പാര്‍ക്കുകളും നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നു കോടിക്കണക്കിനു രൂപ ചെലവഴിച്ചതാണ്‌ പ്രധാനമായും ചോദ്യം ചെയ്യപ്പെട്ടത്‌. ഭൂമി ഏറ്റെടുത്തതു സംബന്ധിച്ച മറ്റു ചില കേസുകള്‍ വേറെയുമുണ്ട്‌. ഖജനാവില്‍ നിന്നു കോടികള്‍ ചെലവഴിക്കുന്നുവെന്ന പരാതി പരിഗണിക്കുമ്പോള്‍ സുപ്രീം കോടതി ചില കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. അതിലൊന്ന്‌ പാര്‍ക്ക്‌ നിര്‍മിക്കുക എന്നത്‌ സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനമാണെങ്കില്‍ അതില്‍ ഇടപെടാന്‍ കോടതിക്കു കഴിയില്ല എന്നതാണ്‌. മറ്റൊന്ന്‌ പൊതുഖജനാവില്‍ നിന്നു പണം ചെലവഴിച്ചാണ്‌ ഇവ നിര്‍മിക്കുന്നതെങ്കില്‍ ഇങ്ങനെ പണം ധൂര്‍ത്തടിക്കാന്‍ സര്‍ക്കാറുകള്‍ക്ക്‌ അധികാരമുണ്ടോ എന്നു പരിശോധിക്കുമെന്നും.
രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെ നിര്‍ണായകമായി സ്വാധീനിച്ച വ്യക്തികളുടെ പേരില്‍ സ്‌മാരകങ്ങള്‍ നിര്‍മിക്കാന്‍ പൊതു ഖജനാവില്‍ നിന്നു പണം ചെലവഴിക്കുന്നതില്‍ തെറ്റുണ്ടോ എന്നതാണ്‌ പ്രധാന പ്രശ്‌നം. ജനങ്ങള്‍ വോട്ട്‌ ചെയ്‌ത്‌ അധികാരത്തിലേറ്റിയ ഒരു മന്ത്രിസഭ, ആലോചിച്ചെടുത്ത തീരുമാനത്തില്‍ ഇടപെടാതെ എങ്ങനെയാണ്‌ ഈ പ്രശ്‌നം പരിഗണിക്കുക എന്നത്‌ വ്യക്തമല്ല. സ്‌മാരകങ്ങള്‍ക്കു പഞ്ഞമില്ലാത്ത രാജ്യമാണ്‌ നമ്മുടെത്‌. നേതാക്കളെ ഓര്‍ക്കുക മാത്രമല്ല ഇവയുടെ ലക്ഷ്യം. അവര്‍ മുന്നോട്ടുവെച്ച ആശയങ്ങള്‍, അവര്‍ അനുഷ്‌ഠിച്ച ത്യാഗങ്ങള്‍ ഒക്കെ ഓര്‍ക്കുകയാണ്‌. 
രാജ്യ തലസ്ഥാനമായ ഡല്‍ഹിക്ക്‌ അല്‍പ്പം പരിഹാസത്തോടെയാണെങ്കിലും ഒരു വിളിപ്പേരുണ്ട്‌ - ശ്‌മശാനങ്ങളുടെ നഗരമെന്ന്‌. മഹാത്‌മാ ഗാന്ധി മുതല്‍ ശങ്കര്‍ ദയാല്‍ ശര്‍മ വരെയുള്ളവരുടെ ശവകുടീരങ്ങള്‍ക്കായി ഇവിടെ സര്‍ക്കാറിന്റെ ഭൂമി ലഭ്യമാക്കിയിട്ടുണ്ട്‌. പൊതുജനങ്ങള്‍ക്കു കൂടുതല്‍ ഗുണകരമായ രീതിയില്‍ ഉപയോഗിക്കാവുന്ന കോടിക്കണക്കിന്‌ രൂപ വിലയുള്ള ഭൂമി ശവകുടീരങ്ങള്‍ക്കായി നീക്കിവെച്ചതിനെ വേണമെങ്കില്‍ വിമര്‍ശിക്കാം. താത്‌പര്യമുള്ളവര്‍ക്കു പൊതുതാത്‌പര്യ ഹരജി വഴി ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാവുന്നതുമാണ്‌. അങ്ങനെ ശ്രമിക്കാന്‍ താത്‌പര്യമുള്ളവര്‍ക്ക്‌ സഞ്‌ജയ്‌ ഗാന്ധിയുടെ കാര്യം പ്രത്യേകം പരാമര്‍ശിക്കാവുന്നതാണ്‌. 
നെഹ്‌റുവിന്റെ പേരക്കുട്ടി, പ്രധാനമന്ത്രിയായിരുന്ന ഇന്ദിരയുടെ മകന്‍, പിന്നീട്‌ പ്രധാനമന്ത്രിയായ രാജീവ്‌ ഗാന്ധിയുടെ സഹോദരന്‍ എന്നതില്‍ വലിയ പദവി സഞ്‌ജയ്‌ ഗാന്ധിക്കില്ല. 1980 ജനുവരിയില്‍ ഉത്തര്‍ പ്രദേശിലെ അമേത്തിയില്‍ നിന്ന്‌ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു ലോക്‌സഭാംഗമായി. ആ വര്‍ഷം ജൂണില്‍ വിമാനാപകടത്തില്‍ മരിക്കുകയും ചെയ്‌തു. അടിയന്തരാവസ്ഥക്കാലത്ത്‌ സഞ്‌ജയ്‌ നടത്തിയ ഇടപെടലുകളെല്ലാം കുപ്രസിദ്ധമാണ്‌. നിര്‍ബന്ധിത വന്ധ്യം കരണം മുതല്‍ ചേരികള്‍ തല്ലിത്തകര്‍ക്കല്‍ വരെ നീളുന്ന കൊടിയ ക്രൂരതകളും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നു. എന്നിട്ടും രാഷ്‌ട്ര ശില്‍പ്പികളായ നേതാക്കള്‍ക്കൊപ്പം സഞ്‌ജയ്‌ ഗാന്ധിക്കും ഡല്‍ഹിയില്‍ ശവകുടീരമൊരുങ്ങി. ഇത്‌ സംബന്ധിച്ച്‌ അന്നുയര്‍ന്ന തര്‍ക്കങ്ങളൊന്നും കോടതി കയറിയിരുന്നില്ല.
ഇപ്പോള്‍ മായാവതി സര്‍ക്കാര്‍ അംബേദ്‌കറിനും കാന്‍ഷി റാമിനും സ്‌മാരകങ്ങള്‍ നിര്‍മിക്കുമ്പോള്‍ അത്‌ കോടതിയിലെത്തുന്നു. കോടതി അത്‌ പരിഗണിക്കുന്നു. മായാവതി സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്നു. എന്തുകൊണ്ട്‌ എന്ന ചോദ്യത്തിന്‌ സഞ്‌ജയ്‌ ഗാന്ധിയോളം കുലമഹിമ ഈ നേതാക്കള്‍ക്കില്ല എന്നതിനപ്പുറമൊരു മറുപടി നല്‍കാനില്ല. രാജ്യത്തു നിര്‍മിക്കപ്പെട്ട സ്‌മാരകങ്ങളും ഉദ്യാനങ്ങളുമൊക്കെ പിന്നീട്‌ സര്‍ക്കാറുകള്‍ക്കു കോടികള്‍ വരുമാനമുണ്ടാക്കിക്കൊടുക്കുന്ന സഞ്ചാര കേന്ദ്രങ്ങളായി മാറിയിട്ടുണ്ടെന്നതും വസ്‌തുതയാണ്‌. മൈസൂര്‍ വിനോദ സഞ്ചാരികളുടെ ഇഷ്‌ട സ്ഥലമായി മാറിയത്‌ അവിടുത്തെ ഉദ്യാനത്തിന്റെ മേന്‍മകൊണ്ടു മാത്രമാണ്‌. ഡല്‍ഹിയില്‍ സഞ്ചാരികള്‍ എത്തുന്ന സ്ഥലങ്ങളില്‍ ഏറെയും ഇത്തരം സ്‌മാരകങ്ങള്‍ തന്നെയാണ്‌. 
സ്‌മാരക നിര്‍മാണം പൊതുതാത്‌പര്യ ഹരജിയുടെ രൂപത്തില്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടതിന്റെ പിന്നില്‍ വ്യക്തമായ രാഷ്‌ട്രീയമുണ്ട്‌. യു പിയില്‍ അധികാരം പിടിക്കാന്‍ ലക്ഷ്യമിടുന്ന എല്ലാ പാര്‍ട്ടികളും മായാവതിയെ ഇക്കാര്യത്തില്‍ വിമര്‍ശിക്കുന്നത്‌ മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ മുന്‍ചൊന്ന വസ്‌തുതകളൊക്കെ മുന്നില്‍ നില്‍ക്കെ നമ്മുടെ നീതിന്യായ സംവിധാനം തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറെടുത്ത തീരുമാനത്തില്‍ അമിത താത്‌പര്യം കാണിച്ച്‌ ഇടപെടുന്നതിന്റെ പിന്നില്‍ ഈ രാഷ്‌ട്രീയം മാത്രമല്ല ഉള്ളതെന്നു കരുതേണ്ടിവരും. അംബേദ്‌കര്‍, കാന്‍ഷി റാം എന്നീ പേരുകള്‍ ഉയര്‍ത്തുന്ന രാഷ്‌ട്രീയത്തോടുള്ള വിയോജിപ്പ്‌ കൂടി ഈ അമിത താത്‌പര്യത്തിലില്ലേ എന്ന്‌ സംശയിക്കേണ്ടിയും വരും.
ഇതേ രാഷ്‌ട്രീയ നിലപാടിന്റെ മറ്റൊരു ഭാഷ്യമാണ്‌ മുഖം മൂടുന്ന പര്‍ദ (ബുര്‍ഖ) ധരിക്കണമെന്നു നിര്‍ബന്ധമുള്ളവര്‍ പോളിംഗ്‌ ബൂത്തിലേക്കു പോകേണ്ടെന്നു കൂടി തീരുമാനിക്കണമെന്നു സുപ്രീം കോടതി അഭിപ്രായപ്പെടുമ്പോള്‍ പുറത്തുവരുന്നത്‌. ഇത്‌ സംബന്ധിച്ച കേസിന്റെ അന്തിമ വിധിയിലല്ല ഈ പരാമര്‍ശങ്ങളെന്നത്‌ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. ഒരാളെ തിരിച്ചറിയുക എന്നതാണ്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെ ലക്ഷ്യം. ഈ കാര്‍ഡിലെ ചിത്രം നോക്കി വോട്ട്‌ ചെയ്യാനെത്തിയയാള്‍ അതുതന്നെ എന്ന്‌ ഉറപ്പിക്കുക എന്നതാണ്‌ പോളിംഗ്‌ ബൂത്തിലെ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്‌. അതിന്‌ വിഘാതം സൃഷ്‌ടിക്കുന്ന സാഹചര്യത്തില്‍ മുഖം മറക്കുന്ന പര്‍ദ നിര്‍ബന്ധമെന്നു വാദിക്കുന്നവര്‍ പോളിംഗ്‌ ബൂത്തിലേക്കു വരാതിരിക്കണമെന്നു കോടതി അഭിപ്രായപ്പെടുമ്പോള്‍ അതില്‍ അപകാതയില്ലെന്നു പ്രത്യക്ഷത്തില്‍ തോന്നാം. എന്നാല്‍ ഇത്‌ കോടതി പറയേണ്ട അഭിപ്രായമാണോ എന്നതാണ്‌ പ്രധാന ചോദ്യം. 
അന്യപുരുഷന്‍മാരുടെ മുന്നില്‍ മുഖം കാണിക്കാതിരിക്കുക എന്ന മതപരമായ ആചാരം പിന്തുടരുന്നവരാണ്‌ മുഖം മറക്കുന്ന ബുര്‍ഖ ധരിക്കുന്ന സ്‌ത്രീകള്‍. തിരിച്ചറിയല്‍ കാര്‍ഡിനായി ഇവരുടെ ചിത്രമെടുക്കാനും പോളിംഗ്‌ ബൂത്തില്‍ ഇവരെ തിരിച്ചറിയാനും സ്‌ത്രീ ഉദ്യോഗസ്ഥരെ നിയോഗിച്ചാല്‍ തീരുന്ന പ്രശ്‌നമാണിത്‌. ഈ ഒരു സാധ്യത പരിശോധിക്കുന്നത്‌ സംബന്ധിച്ചു തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെയോ സര്‍ക്കാറിന്റെയോ അഭിപ്രായം തേടാന്‍ പോലും മിനക്കെടാതെ, കേസില്‍ അന്തിമ തീര്‍പ്പുണ്ടാവും മുമ്പ്‌ വളരെ രൂക്ഷമായ ചില പരാമര്‍ശങ്ങള്‍ നടത്തേണ്ട ആവശ്യകത എന്തായിരുന്നു?
ഇന്ത്യയിലെ വോട്ടെടുപ്പിന്റെ ചരിത്രത്തിലൊരിടത്തും പര്‍ദ ധരിച്ചെത്തിയവര്‍ ഏതെങ്കിലും വിധത്തിലുള്ള പ്രശ്‌നങ്ങളുണ്ടാക്കിയതായി റിപ്പോര്‍ട്ടുകളില്ല. ജനങ്ങളെ സേവിക്കാന്‍ കച്ചകെട്ടി ഇറങ്ങിയവര്‍ ആയുധങ്ങളുമായെത്തി ബൂത്തുകള്‍ കയ്യേറി ജനഹിതം അട്ടിമറിച്ചതിന്റെ ഉദാഹരണങ്ങള്‍ നിരവധിയുണ്ട്‌. ഇത്തരം എത്ര സംഭവങ്ങളില്‍ ആരോപണവിധേയരായവര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്‌? വര്‍ഗീയ വിഷം വമിക്കുന്ന പ്രസംഗങ്ങള്‍ നടത്തിയെന്ന്‌ ആരോപണവിധേയനായ വരുണ്‍ ഗാന്ധി മറ്റു ബുദ്ധിമുട്ടൊന്നും കൂടാതെ മത്സരിച്ചു ലോക്‌സഭാംഗമായി മാറിയ തിരഞ്ഞെടുപ്പ്‌ സമ്പ്രദായം നിയമവിധേയമായി ഇപ്പോഴും രാജ്യത്തു നിലനില്‍ക്കുന്നു. പ്രത്യക്ഷത്തില്‍ തന്നെ സമുദായസ്‌പര്‍ധ സൃഷ്‌ടിക്കാന്‍ ശ്രമിച്ചവര്‍ക്കും ശ്രമിക്കുന്നവര്‍ക്കും തുണയാവുന്ന നീതിന്യായ സംവിധാനമാണ്‌ പര്‍ദയുടെ കാര്യത്തില്‍ വിധി തീര്‍പ്പിനു മുമ്പ്‌ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത്‌. 
ബുര്‍ഖ നിരോധിക്കാന്‍ നിയമം കൊണ്ടുവരുന്നതിനെക്കുറിച്ചു ഫ്രാന്‍സ്‌ സംസാരിക്കാന്‍ തുടങ്ങിയിട്ടു കാലമേറെയായി. അടുത്തിടെ ഡെന്‍മാര്‍ക്ക്‌ ഈ വഴിക്കു നീങ്ങി. സമാനമായ ആശയം ലണ്ടനിലെ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയും ഉന്നയിച്ചു. ഈ ആഗോള പരിസരത്തിന്റെ പ്രതിഫലനമാണ്‌ നമ്മുടെ ജഡ്‌ജിമാരുടെ അഭിപ്രായങ്ങളിലുള്ളത്‌. ഫ്രാന്‍സും ബ്രിട്ടനും ഡെന്‍മാര്‍ക്കും നിരോധത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ അതിനു സാമൂഹിക മാറ്റത്തിനപ്പുറത്ത്‌ തലങ്ങളുണ്ട്‌. ബുര്‍ഖ ധരിക്കുന്ന മുസ്‌ലിം സ്‌ത്രീ ഭീകരവാദിയാവാമെന്ന സംശയം ആവര്‍ത്തിച്ച്‌ ഉറപ്പിക്കുകയാണ്‌ അവര്‍. ഏറെക്കുറെ സമാനമായ അവസ്ഥയില്‍ ഇന്ത്യന്‍ `രാഷ്‌ട്രീയം' എത്തി നില്‍ക്കുന്നു. കോടതികള്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ കൂടിയാവുമ്പോള്‍ ഈ `രാഷ്‌ട്രീയം' കുറേക്കൂടി ഉറക്കുകയും ചെയ്യുന്നു.
ഒരു ജനതയെ അവരുടെ മത, സാംസ്‌കാരിക പാരമ്പര്യത്തില്‍ ജീവിതം തുടരാന്‍ അനുവദിക്കുക എന്നത്‌ പരിഷ്‌കൃതമായ ഏത്‌ ഭരണ സംവിധാനത്തിന്റെയും ബാധ്യതയാണ്‌. ഈ ബാധ്യത നിറവേറ്റുക എന്നത്‌ ഓരോ ജനവിഭാഗത്തിനും ഭരണ, നീതിന്യായ സംവിധാനത്തില്‍ വിശ്വാസമുണ്ടാവാന്‍ അനിവാര്യവുമാണ്‌. തങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചുവെന്നു കരുതുന്ന നേതാക്കളുടെ സ്‌മാരകം നിര്‍മിക്കുന്നതിനെ നീതിന്യായ സംവിധാനം ചോദ്യം ചെയ്യുമ്പോള്‍ ദളിതുകള്‍ക്കുണ്ടാവുന്ന വികാരമെന്തായിരിക്കും? എന്തുകൊണ്ട്‌ തങ്ങളുടെ നേതാക്കളുടെ കാര്യത്തില്‍ മാത്രം ഇത്രമാത്രം പ്രശ്‌നങ്ങള്‍ ഉന്നയിക്കപ്പെടുന്നുവെന്ന്‌ അവര്‍ ആലോചിച്ചു പോയാല്‍ കുറ്റം പറയാനാവുമോ? 
ഈ രണ്ട്‌ പ്രശ്‌നങ്ങളിലും ഉത്തരങ്ങളുണ്ടാവേണ്ടത്‌ ഭരണ, രാഷ്‌ട്രീയ സംവിധാനങ്ങളില്‍ നിന്നാണ്‌, കോടതികളില്‍ നിന്നല്ല. അത്‌ ഭരണ, രാഷ്‌ട്രീയ സംവിധാനത്തിനു വിട്ടുകൊടുക്കുക എന്നതാണ്‌ കോടതികള്‍ ചെയ്യേണ്ടത്‌. ഇത്തരം പ്രശ്‌നങ്ങള്‍ നിയമ വ്യവസ്ഥയേക്കാളുപരി സാമൂഹിക വ്യവസ്ഥയോടാണ്‌ ബന്ധപ്പെട്ടിരിക്കുന്നത്‌. നിയമ വ്യവസ്ഥകള്‍ പരിശോധിച്ചു വിധി കല്‍പ്പിക്കാം. തെറ്റില്ല. മുഖം മൂടുന്ന പര്‍ദ ധരിച്ചെത്തുന്നവര്‍ പോളിംഗ്‌ ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ മുമ്പാകെ തിരിച്ചറിയലിനു വിധേയമാവണം എന്ന്‌ വിധിക്കാം. അതിനു മുമ്പ്‌ നിങ്ങള്‍ പോളിംഗ്‌ ബൂത്തിലേക്ക്‌ പോകാതിരിക്കുന്നതാണ്‌ നല്ലത്‌ എന്ന തരത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ നടത്താതിരിക്കാം. സ്‌മാരകങ്ങള്‍ നിര്‍മിക്കുന്നതിനു പൊതുപ്പണം ഉപയോഗിച്ചത്‌ തെറ്റായിപ്പോയെന്നും വിധിക്കാം. അതിനു മുമ്പ്‌ ഈ നേതാക്കള്‍ ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ളവരായിരുന്നുവെന്ന്‌ ഓര്‍ക്കണം. എല്ലാ സ്‌മാരകങ്ങളുടെ കാര്യത്തിലും ഇത്‌ ബാധകമാവുമെന്ന്‌ ഉറപ്പാക്കുകയും വേണം.