2010-01-15

ദുര(ദീര്‍ഘ)ദര്‍ശനം



ദൃശ്യങ്ങള്‍ തരംഗരൂപം പ്രാപിച്ച്‌ അന്തരീക്ഷത്തിലൂടെ സഞ്ചരിച്ച്‌ നമ്മുടെ സ്വീകരണമുറിയിലെ ചെറുപെട്ടിയിലെത്തി ആനന്ദിപ്പിക്കാന്‍ തുടങ്ങിയിട്ട്‌ അമ്പതാണ്ട്‌ പൂര്‍ത്തിയായി. തുടക്കത്തില്‍ ഭൂതല സംപ്രേഷണ നിലയങ്ങളിലൂടെ മാത്രം നടന്നിരുന്ന ഈ പ്രക്രിയ പിന്നീട്‌ കൃത്രിമ ഉപഗ്രഹ സഹായത്തോടെയായതോടെ തരംഗങ്ങള്‍ എല്ലായിടത്തും എത്തിച്ചേരാന്‍ തുടങ്ങി. 1991ല്‍ ആഗോളവത്‌കരണത്തിന്റെയും സ്വകാര്യ വത്‌കരണത്തിന്റെയും വാതിലുകള്‍ ഡോ. മന്‍മോഹന്‍ സിംഗ്‌ തുറക്കുവോളം സര്‍ക്കാറുടമസ്ഥതയിലുള്ള ദൂരദര്‍ശന്‍ മാത്രമാണ്‌ ഈ രംഗത്തുണ്ടായിരുന്നത്‌. പിന്നീട്‌ ലോകത്തെ വിവിധ കോണുകളില്‍ നിന്നുള്ള ടെലിവിഷന്‍ ചാനലുകള്‍ സ്വീകരണമുറിയിലെ പെട്ടികളില്‍ എത്തിത്തുടങ്ങി. 




സാധ്യതകള്‍ കണ്ടറിഞ്ഞ ഇന്ത്യന്‍ സംരംഭകരും ഈ വഴിക്ക്‌ നീങ്ങി. കമ്പോളത്തിന്റെ വലിയ സാധ്യതകള്‍ കണ്ടറിഞ്ഞ വന്‍കിട കുത്തകകളെല്ലാം ടെലിവിഷന്‍ വ്യവസായ മേഖലയിലേക്ക്‌ പ്രവേശിച്ചു. സിനിമകള്‍, സിനിമാ അധിഷ്‌ഠിത പരിപാടികള്‍, പരമ്പരകള്‍, ഇടക്കിടെ വാര്‍ത്തകള്‍ എന്ന രീതിയാണ്‌ ഇവയെല്ലാം പൊതുവില്‍ അവലംബിച്ചത്‌. റൂപ്പര്‍ട്ട്‌ മര്‍ഡോക്‌ എന്ന മാധ്യമ മുതലാളിയുടെ സ്റ്റാര്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്കിന്റെ 24 മണിക്കൂര്‍ വാര്‍ത്താ ചാനല്‍ ഏറ്റെടുത്ത്‌ നടത്തിക്കൊണ്ട്‌ ന്യൂഡെല്‍ഹി ടെലിവിഷന്‍ (എന്‍ ഡി ടി വി) വാര്‍ത്തയോട്‌ അഭിരുചിയുള്ളവര്‍ക്ക്‌ പുതുമകള്‍ സമ്മാനിച്ചു. പിന്നീടിങ്ങോട്ട്‌ മുഴുവന്‍ സമയ വാര്‍ത്താ ചാനലുകളുടെ പ്രവാഹമായിരുന്നു.




ആകാശവാണിയിലുണ്ടായിരുന്നതുപോലുള്ള വാര്‍ത്തകള്‍ ദൃശ്യങ്ങളുടെ അകമ്പടിയോടെ അവതരിപ്പിക്കുക എന്ന രീതിയാണ്‌ ദുരദര്‍ശന്‍ സ്വീകരിച്ചുപോന്നിരുന്നത്‌. ഭരണകൂടത്തിനോടുള്ള വിധേയത്വം പൂര്‍ണമായി നിലനിര്‍ത്തുന്നതില്‍ ബദ്ധശ്രദ്ധരായിക്കൊണ്ട്‌. അസമിലോ വടക്കു കിഴക്കന്‍ മേഖലയിലോ മറ്റ്‌ ഇന്ത്യന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ ചെന്നാല്‍ നിങ്ങള്‍ ഇന്ത്യയില്‍ നിന്നാണോ എന്ന്‌ ചോദിച്ചിരുന്ന കാലത്താണ്‌ ദൂരദര്‍ശന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്നത്‌. ദേശീയ ഐക്യവും അഖണ്ഡതയും ഉറപ്പിക്കുന്നതില്‍ ദൃശ്യമാധ്യമത്തിന്‌ ഏറെ ചെയ്യാനാവുമെന്ന വിലയിരുത്തലിന്റെ ഭാഗമായി ദൂരദര്‍ശന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഇതിനൊപ്പം തന്റെ മേധാവിത്വം ഉറപ്പിക്കാന്‍ ഈ മാധ്യമത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി സമര്‍ഥമായി ഉപയോഗിക്കുകയും ചെയ്‌തു. 




ഈ മാധ്യമം ഭരണകൂടത്തോട്‌ ഏതളവില്‍ കൂറു പുലര്‍ത്തിയിരുന്നുവെന്ന്‌ വ്യക്തമാക്കുന്നതായിരുന്നു 1984ലെ സംഭവങ്ങള്‍. അംഗരക്ഷകരുടെ വെടിയേറ്റ്‌ പ്രധാനമന്ത്രിയായിരുന്ന 1984 ഒക്‌ടോബര്‍ 31ന്‌ ഇന്ദിരാഗാന്ധി മരിച്ചപ്പോള്‍ ദുരദര്‍ശന്‍ അതിന്‌ പരമാവധി കവറേജ്‌ നല്‍കിയതില്‍ അത്ഭുതമില്ല. പക്ഷേ, നവംബര്‍ ഒന്നു മുതല്‍ പത്തുദിവസത്തോളം ഡല്‍ഹിയിലെ തെരുവുകളില്‍ സിഖുകാരുടെ ജീവന്‍ പന്താടപ്പെട്ടപ്പോള്‍ ഇവരുടെ ക്യാമറകള്‍ ഒരിക്കല്‍ പോലും അവിടേക്ക്‌ തിരിഞ്ഞില്ല. ഡല്‍ഹിയിലെ ദൂരദര്‍ശന്‍ ഓഫീസിന്‌ മുന്നില്‍ നടന്ന സംഭവങ്ങള്‍ പോലും തമസ്‌കരിച്ചുകൊണ്ട്‌ വിധേയത്വത്തിന്‌ പുതിയ മാനങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്‌തു.
ഇതിനിടയില്‍ തന്നെ ഭൂരിപക്ഷ വര്‍ഗീയതയുടെ അനുരണനങ്ങള്‍ ഈ ദേശീയ മാധ്യമത്തില്‍ കണ്ടുതുടങ്ങിയിരുന്നു. 





ഇതിഹാസങ്ങളുടെ പരമ്പരാ രൂപങ്ങള്‍, എന്തിനെയാണോ രചയിതാക്കള്‍ തള്ളിപ്പറഞ്ഞത്‌ അതിനെയൊക്കെ മഹത്വവത്‌കരിച്ചുകൊണ്ട്‌ നമ്മുടെ സ്വീകരണ മുറികളില്‍ നിറഞ്ഞു. തീവ്ര ഹൈന്ദവവാദികള്‍ നടത്താനിരിക്കുന്ന വലിയ പദ്ധതികളുടെ മുന്നൊരുക്കമായിരുന്നു ഇതെന്ന്‌ മനസ്സിലായില്ല. അല്ലെങ്കില്‍ മനസ്സിലായവര്‍ അതിന്‌ അനുമതി നല്‍കി. 1990ല്‍ ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തില്‍ നിന്ന്‌ അയോധ്യയിലേക്ക്‌ എല്‍ കെ അഡ്വാനി ആരംഭിച്ച രഥയാത്രക്ക്‌ പരമാവധി കവറേജ്‌ നല്‍കാന്‍ ദുരദര്‍ശന്‍ ശ്രദ്ധിച്ചിരുന്നു. ഭരണത്തെ താങ്ങിനിര്‍ത്തുന്ന പാര്‍ട്ടി എന്ന നിലയിലുള്ള സ്വാധീനം ബി ജെ പി ഉപയോഗിച്ചിട്ടുണ്ടാവുമെന്ന്‌ ഉറപ്പ്‌. ദൃശ്യ, പത്ര മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ പ്രത്യേകം സൗകര്യമൊരുക്കി കൃത്യമായി ആസൂത്രണം ചെയ്‌താണ്‌ അഡ്വാനി യാത്ര നടത്തിയത്‌.




ദൂരദര്‍ശന്റെ ഇത്തരം രീതികളില്‍ നിന്ന്‌ ഭിന്നമാവും സ്വകാര്യ ചാനലുകളെന്നാണ്‌ പ്രതീക്ഷിക്കപ്പെട്ടിരുന്നത്‌. മുഴുവന്‍ സമയ വാര്‍ത്താ ചാനലുകള്‍ അധികരിച്ചതോടെ അധികാരത്തിലേക്കുള്ള ദല്ലാള്‍ ജോലി ഇവ ഏറ്റെടുക്കുന്നതാണ്‌ കണ്ടത്‌. 1996ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം ബി ജെ പിയുടെ നേതൃത്തിലുള്ള സഖ്യം രൂപവത്‌കരിക്കപ്പെട്ടത്‌ ടെലിവിഷന്‍ സ്റ്റുഡിയോകളിലായിരുന്നു. രാഷ്‌ട്രീയത്തിലെ ഓരോ സ്‌പന്ദനവും ജനങ്ങളിലെത്തിക്കാന്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നു എന്ന ഭാവത്തില്‍ ചാനല്‍ തലവന്‍മാര്‍ കൂടിയായ മാധ്യമ പ്രവര്‍ത്തകര്‍ സഖ്യം വിളക്കിച്ചേര്‍ക്കുന്നതില്‍ വ്യാപൃതരായി. 




കപട ദേശീയതയും അതിനെ നിയന്ത്രിക്കുന്ന ഹിന്ദുത്വ സംഘടനകളും ഒരു വശത്ത്‌. ശക്തിപ്രാപിക്കുന്ന മൂലധന വിപണിയും അതിനെ നിയന്ത്രിക്കുന്ന അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വവും മറു വശത്ത്‌. ഇവ രണ്ടിനെയും ഒരുപോലെ തൃപ്‌തിപ്പെടുത്തുകയും സ്വയം വളരുകയും ചെയ്യുക എന്ന മാര്‍ഗമാണ്‌ മിക്കവാറും ചാനലുകള്‍ സ്വീകരിച്ചത്‌. രാജ്യത്ത്‌ പലഭാഗത്തും നടന്ന പൊട്ടിത്തെറികള്‍, അവയുടെ പലതിന്റെയും പിന്നിലുണ്ടായ പാക്കിസ്ഥാന്‍ കേന്ദ്രമായ തീവ്ര/ഭീകര വാദ സംഘടനകളുടെ സാന്നിധ്യം ഇവ മൂന്‍ ചൊന്ന രണ്ടു വിഭാഗങ്ങളുടെയും അജണ്ടകള്‍ക്കനുസരിച്ച്‌ പ്രവര്‍ത്തിക്കാന്‍ ഇവയെ സഹായിക്കുകയും ചെയ്‌തു. ഭീകരാക്രമണമുണ്ടാവുമ്പോള്‍ ദേശീയ വികാരമുണര്‍ത്താന്‍ ചെലവഴിക്കുന്ന സമയത്തിന്റെ നൂറിലൊരംശം മണിപ്പൂരിലോ ഉത്തരാഖണ്ഡിലോ ഗുജറാത്തിലോ കാശ്‌മീരിലോ വ്യാജ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുന്ന നിരപരാധികള്‍ക്കു വേണ്ടി നീക്കിവെക്കാന്‍ ഇവര്‍ക്ക്‌ ഉണ്ടാവാറില്ല. 




മുംബൈ ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തിന്‌ ദിവസങ്ങള്‍ക്കു മുമ്പ്‌ ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ ചോര്‍ന്നതും കേന്ദ്ര സര്‍ക്കാര്‍ അത്‌ തിരക്കിട്ട്‌ പാര്‍ലിമെന്റില്‍ വെച്ചതും രണ്ട്‌ ദിവസത്തിന്‌ ശേഷം നടന്ന മുംബൈ ആക്രമണ വാര്‍ഷികത്തില്‍ റിപ്പോര്‍ട്ട്‌ ഒലിച്ചുപോയതും നാം കണ്ടതാണ്‌. ബി ജെ പിയോട്‌ പ്രത്യക്ഷത്തില്‍ തന്നെ അനുകൂല മനോഭാവം പുലര്‍ത്തിയിരുന്ന ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ (ഉത്തരേന്ത്യന്‍ പതിപ്പ്‌) ദിനപ്പത്രത്തിലേക്കാണ്‌ ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ ചോര്‍ന്നൊലിച്ചത്‌ എന്നത്‌ പ്രത്യേകം പ്രസ്‌താവ്യമാണ്‌. ബി ജെ പിക്കു മാത്രമല്ല, കോണ്‍ഗ്രസിനു കൂടി ആവശ്യമായിരുന്നു ഈ ചോര്‍ച്ച. റിപ്പോര്‍ട്ടിന്റെ ഒരു പ്രതി മാത്രമേയുണ്ടായിരുന്നുള്ളൂവെന്നും അത്‌ ആഭ്യന്തര മന്ത്രാലയത്തിന്റെ പക്കല്‍ ഭദ്രമാണെന്നും അന്ന്‌ ചിദംബരം പറഞ്ഞിരുന്നു. റിപ്പോര്‍ട്ട്‌ ചോര്‍ന്നതെങ്ങനെ എന്നത്‌ കല്‍പ്പാന്തകാലത്തോളം അജ്ഞാതമായി തുടരുകയും ചെയ്യും.


`കെ ആര്‍ നാരായണനും കബീറും' എന്നതില്‍ തുടരുന്നു

4 comments:

  1. മാധ്യമങ്ങള്‍ ഇരട്ടത്താപ്പിന്റെ പുത്തന്‍ സാദ്ധ്യത പഠനങ്ങള്‍ നടത്തുമ്പോള്‍ ദൂരദര്‍ശന്‍ ദൂരത്തായി നില്‍ക്കുന്നത് മാധ്യമ ധര്‍മ്മത്തിന്റെ ജനത്തിന്റെ കണ്ണില്‍ പൊടിയിടലാണ്. സിക്ക് കലാപം പോട്ടെ

    ReplyDelete
  2. ദീപ സ്തംഭം മഹാശ്ചര്യം കുപിനും കിട്ടണം പണം.

    മറ്റുള്ളവരെ പരിഹസിക്കുബോള്‍ , താങ്കളുടെ ബ്ലോഗില്‍ ഇതുവരെ ഉള്ള ആര്‍ട്ടിക്കിള്‍ കൂടി സമയം കിട്ടുമ്പോള്‍ ഒരു തവണ കൂടി വായിക്കുക .
    കപട മത പ്രീണനം ...... അല്ലാതെ വേറെ എന്താണ് താങ്കളുടെ ബ്ലോഗ്‌.

    ReplyDelete
  3. അനോണീ,

    രാജീവ് എന്താണ് എഴുതേണ്ടത് എന്ന് തിരുവുള്ളം കൊണ്ട് അരുള്‍ ചെയ്താലും. അങ്ങയുടെ പാദാര വിന്ദങ്ങളില്‍ വീണ് മാപ്പിരക്കാം ഇതുവരെയുള്ള പോസ്റ്റുകള്‍ എഴുതിയതിന്. നരേന്ദ്ര മോഡ്ദിജി, അഡ്വാണിജി എന്നിവര്‍ക്കെല്ലാം വേണ്ടി മുഴുവന്‍ സമയ സിന്ദാബാദ് വിളീച്ചാല്‍ സമാധാനമാകുമോ. ഇത്ര കഷ്ടപ്പെട്ട് ഈ ബ്ലോഗ് വായിക്കണോ അനോണി കുട്ടാ.....

    ReplyDelete
  4. Why "Jihadi Secular" coming to argue for Rajeev as he seems to be not "Rajeev hassan Jamal" right

    ReplyDelete