2010-01-20

മാറ്റിവരയ്‌ക്കലിന്റെ ലക്ഷ്യങ്ങള്‍


ഉസാമ ബിന്‍ ലാദന്റെ ഒരു പുതിയ ചിത്രം നമുക്ക്‌ നിരവധി കാര്യങ്ങള്‍ പറഞ്ഞുതരും. അതില്‍ ഏറ്റവും പ്രധാനം ഒമ്പത്‌ വര്‍ഷം അമേരിക്കയും സഖ്യശക്തികളും നടത്തിയ ആസുരമായ ആക്രമണത്തിന്‌ ശേഷവും ഉസാമ ജീവനോടെയുണ്ട്‌ എന്നതാണ്‌. നിരവധി വര്‍ഷം നീണ്ട ഒളിവു ജീവിതം ഉസാമ എന്ന വ്യക്തിയുടെ രൂപത്തിലുണ്ടാക്കിയ മാറ്റത്തെക്കുറിച്ചും ചിത്രം നമുക്ക്‌ വിവരം തരും. ചിത്രത്തില്‍ അത്‌ എവിടെ വെച്ചാണോ എടുത്തത്‌ ആ പ്രദേശത്തെ സൂചിപ്പിക്കുന്ന എന്തെങ്കിലുമുണ്ടെങ്കില്‍ ഉസാമ എവിടെയാണ്‌ ഉണ്ടായിരുന്നത്‌ എന്നത്‌ സംബന്ധിച്ച വിവരങ്ങളും ലഭിച്ചേക്കാം. ഇത്തരം യഥാര്‍ഥ ചിത്രം ഇല്ലാതിരിക്കെ അന്വേഷണ ഉദ്യോഗസ്ഥര്‍ അവലംബിക്കുന്ന മാര്‍ഗം കൃത്രിമമായ ചിത്രം സൃഷ്‌ടിക്കുക എന്നതാണ്‌. ഭീകരാക്രമണം, വന്‍ കവര്‍ച്ച തുടങ്ങിയ കേസുകളില്‍ പ്രതിയെന്ന്‌ സംശയിക്കുന്നയാളുടെ രൂപരേഖ സാക്ഷികളും മറ്റും നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ്‌ തയ്യാറാക്കുന്നത്‌ അപൂര്‍വമല്ല. ഇവയുടെ അടിസ്ഥാനത്തില്‍ നടക്കുന്ന അന്വേഷണം യഥാര്‍ഥ പ്രതികളിലേക്ക്‌ എത്തിച്ചേര്‍ന്നതിനും അവര്‍ക്ക്‌ ശിക്ഷ ലഭിച്ചതിനും ഉദാഹരണങ്ങളുമുണ്ട്‌. അമേരിക്കയും സഖ്യശക്തികളും കിണഞ്ഞു ശ്രമിച്ചിട്ടും അല്‍ഖാഇദ നേതാവ്‌ ഉസാമയെക്കുറിച്ച്‌ അടുത്തകാലത്തൊന്നും യാതൊരു വിവരവും ലഭിച്ചിട്ടില്ല. അമേരിക്കന്‍ ഇന്റലിജന്‍സ്‌ മേധാവി തന്നെ മാധ്യമങ്ങളോട്‌ പറഞ്ഞ കാര്യമാണിത്‌. എങ്കിലും ഉസാമയെ ജീവനോടെയോ അല്ലാതെയോ പിടികൂടുക എന്ന ലക്ഷ്യത്തില്‍ നിന്ന്‌ പിന്‍മാറാന്‍ അമേരിക്കക്ക്‌ സാധിക്കില്ല. ഉസാമയെ ഇല്ലാതാക്കാതെ അല്‍ഖാഇദയെ പരാജയപ്പെടുത്താനാവില്ല എന്ന തിരിച്ചറിവ്‌ തങ്ങള്‍ക്കുണ്ട്‌ എന്ന്‌ പരസ്യമായി പ്രഖ്യാപിച്ചതും അമേരിക്കയുടെ ഇന്റലിജന്‍സ്‌ മേധാവിയാണ്‌. പിടികൂടാന്‍ സഹായകമായ വിവരം കൈമാറുന്നവര്‍ക്ക്‌ 2.5 കോടി ഡോളര്‍ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ ഉസാമയുടെ പുതിയ രൂപം എന്തായിരിക്കുമെന്ന്‌ പരസ്യപ്പെടുത്തുക എന്നത്‌ അമേരിക്കന്‍ ഏജന്‍സികളുടെ കടമയാണ്‌. അതിനാണവര്‍ പുതിയ ചിത്രങ്ങള്‍ സൃഷ്‌ടിച്ചത്‌.
അമേരിക്കയടക്കം ഉസാമയെ വേട്ടയാടുന്ന രാജ്യങ്ങളുടെയൊക്കെ പക്കലുള്ള ചിത്രത്തിനും ദൃശ്യത്തിനും മൂന്നു വര്‍ഷത്തെ പഴക്കമുണ്ട്‌. 2007 സെപ്‌തംബര്‍ ആറിന്‌ അല്‍ഖാഇദ തന്നെ പുറത്തുവിട്ടുവെന്ന്‌ പറയുന്ന ദൃശ്യമാണിത്‌. അതിനു മുമ്പ്‌ 2004ലാണ്‌ ഉസാമയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നത്‌. രണ്ട്‌ ദൃശ്യങ്ങള്‍ തമ്മിലും വലിയ മാറ്റമില്ല. `ഭീകരന്‍' എന്ന വാക്ക്‌ ഉച്ചരിക്കുമ്പോള്‍ എല്ലാവരുടെയും മനസ്സിലുയരുന്ന ചിത്രത്തെ പൂര്‍ണമായും തൃപ്‌തിപ്പെടുത്തുന്ന രൂപം. (ഈ വാക്ക്‌ ഇത്തരമൊരു രൂപത്തിലേക്ക്‌ തര്‍ജമ ചെയ്യപ്പെട്ടത്‌ ഏതു വിധത്തിലാണെന്നത്‌ ആലോചിക്കേണ്ടതാണ്‌) കാല്‍മുട്ട്‌ കഴിഞ്ഞ്‌ നീളുന്ന വെളുത്ത പൈജാമ, കുര്‍ത്ത, തലക്കെട്ട്‌, അല്‍പ്പം നര കയറിയ നീണ്ട താടി. 
1957ല്‍ ജനിച്ച്‌ 2007ല്‍ അമ്പത്‌ വയസ്സു പൂര്‍ത്തിയായ മധ്യവയസ്‌കന്‍. ഈ ദൃശ്യം പുറത്തുവന്നതിന്‌ ശേഷം മൂന്നു വര്‍ഷമെത്തുമ്പോള്‍ ഉസാമയുടെ രൂപം എന്തായിരിക്കുമെന്നാണ്‌ ഫെഡറല്‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്റ്റിഗേഷന്റെ (എഫ്‌ ബി ഐ) ചിത്രകാരന്‍മാര്‍ ആലോചിച്ചത്‌. ഈ ആലോചനയുടെ നിര്‍മിതി എഫ്‌ ബി ഐ ഔദ്യോഗികമായി പുറത്തുവിടുകയും ചെയ്‌തു. ഇതിനു പിറകെയാണ്‌ ചിത്രമെഴുത്തിന്‌ മാതൃകയാക്കിയ ആളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്‌.
സ്‌പെയിനിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതാവും ഇടതുപാര്‍ട്ടികളുടെ കൂട്ടായ്‌മയായ ഇസ്‌ക്വിറെഡ ഉനിഡയുടെ പാര്‍ലിമെന്ററി വക്താവുമായ ഗാസ്‌പര്‍ എല്‍ ലാമസറെസിന്റെ ചിത്രമാണ്‌ 53 കാരനായ ഉസാമയുടെ രൂപം സൃഷ്‌ടിക്കുന്നതിന്‌ ഉപയോഗിച്ചത്‌. ഒളിവില്‍ കഴിഞ്ഞ വര്‍ഷങ്ങള്‍ മുഖത്ത്‌ സൃഷ്‌ടിച്ച ചുളിവുകള്‍ എഫ്‌ ബി ഐ സൃഷ്‌ടിച്ച ചിത്രത്തില്‍ വ്യക്തം. നീണ്ട താടി നല്ലവണ്ണം വെട്ടിച്ചുരുക്കിയിട്ടുമുണ്ട്‌. ഒറ്റനോട്ടത്തില്‍ ലാമസറെസും ലാദനും തമ്മില്‍ മാറിപ്പോകും. ഇന്റര്‍നെറ്റില്‍ നിന്ന്‌ ലഭിച്ച ലാമസറെസിന്റെ ചിത്രം ഉപയോഗിച്ചതാണെന്ന്‌ എഫ്‌ ബി ഐയുടെ ചിത്രകാരന്‍ വിശദീകരിച്ചിട്ടുണ്ട്‌. ലാമസറെസ്‌ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോള്‍ എഫ്‌ ബി ഐ ചിത്രം പിന്‍വലിച്ച്‌ മാപ്പ്‌ ചോദിച്ചു. എന്നാല്‍ മാപ്പപേക്ഷ കൊണ്ട്‌ കാര്യമില്ലെന്നും ഈ മോശപ്പെട്ട സംഭവത്തെക്കുറിച്ച്‌ അന്വേഷണം വേണമെന്നുമാണ്‌ ലാമസറെസിന്റെ ആവശ്യം. 
ഒരു `മുസ്‌ലിം ഭീകര'ന്റെ പുതിയ രൂപം സൃഷ്‌ടിക്കാന്‍ ഒരു കമ്മ്യൂണിസ്റ്റ്‌ നേതാവിന്റെ ചിത്രം ഉപയോഗിച്ച അമേരിക്കന്‍ ബുദ്ധിയില്‍ കാവ്യ `നീതി'യുണ്ട്‌. മുന്‍കാലത്ത്‌ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഏറ്റവും വലിയ ശത്രു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളും അതിന്റെ നേതാക്കളുമായിരുന്നു. ഫിദെല്‍ കാസ്‌ട്രോ ഉള്‍പ്പെടെ കമ്മ്യൂണിസ്റ്റ്‌ നേതാക്കളെ വകവരുത്താന്‍ സെന്‍ട്രല്‍ ഇന്റലിജന്‍സ്‌ ഏജന്‍സി തന്നെ പദ്ധതി തയ്യാറാക്കുകയും വാടകക്കൊലയാളികളെ ഏര്‍പ്പാടാക്കുകയും ചെയ്‌തിരുന്നു. ഇപ്പോള്‍ ശത്രു സ്ഥാനത്ത്‌ മുസ്‌ലിം ജനതയാണ്‌. സമ്പത്ത്‌, സംസ്‌കാരം, സാമുഹിക കാഴ്‌ചപ്പാട്‌ എന്നിവയിലൊക്കെ പാശ്ചാത്യ നയത്തിന്‌ ശക്തമായ ബദല്‍ തീര്‍ക്കുന്നത്‌ അവരാണ്‌. വിശ്വാസ കാര്യത്തിലും മറ്റും തീര്‍ത്തും വിരുദ്ധ ധ്രുവത്തിലാണെങ്കില്‍ കൂടി സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനും എതിരായ പോരാട്ടത്തില്‍ മുസ്‌ലിംകളും കമ്മ്യൂണിസ്റ്റുകളും യോജിക്കുന്നുവെന്ന വിലയിരുത്തല്‍ അമേരിക്കന്‍ നേതൃത്വത്തിനുണ്ട്‌. ഈ വിലയിരുത്തല്‍ നമ്മുടെ നാട്ടിലെ തീവ്ര വലതുപക്ഷ രാഷ്‌ട്രീയ പാര്‍ട്ടികള്‍ പ്രചരിപ്പിക്കുന്നത്‌ ഒരു യാദൃച്ഛികത മാത്രവുമല്ല. ഈ സാഹചര്യത്തില്‍ ലോകത്തെ കമ്മ്യൂണിസ്റ്റ്‌ നേതാക്കളുടെ ചിത്രങ്ങള്‍ അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടന ശേഖരിക്കുന്നുണ്ടോ എന്ന ലാമസറെസിന്റെ ചോദ്യം പ്രസക്തമാണ്‌. ഇന്ന്‌ എതിരാളികളുടെ രൂപത്തില്‍ കണ്ട സാദൃശ്യം നാളെ നയനിലപാടുകളില്‍ കാണാന്‍ പ്രയാസമുണ്ടാവില്ല. അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പ്പ്‌ പല രൂപത്തില്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഉയരുമ്പോള്‍ പ്രത്യേകിച്ചും.
ഉസാമ ബിന്‍ ലാദന്‍ എന്ന `ഭീകരന്‍' നിലനില്‍ക്കുകയും അദ്ദേഹത്തിന്റെ പുതിയ രൂപം ജനമനസ്സില്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യേണ്ടത്‌ അമേരിക്കയുടെ ആവശ്യമാണ്‌ എന്നതാണ്‌ പുതിയ ചിത്ര സൃഷ്‌ടിയുടെ പ്രധാന ഉദ്ദേശ്യം. 2001ല്‍ ഉസാമയുടെ ഏറെ അടുത്ത്‌ അമേരിക്കന്‍ സൈന്യം എത്തിയിരുന്നുവെന്നും അന്ന്‌ കൂടുതല്‍ സൈനികരെ നിയോഗിച്ച്‌ പിടികൂടാന്‍ ശ്രമിക്കാതെ പിന്‍വാങ്ങുകയായിരുന്നുവെന്നും അടുത്തിടെ യു എസ്‌ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട്‌ ഗേറ്റ്‌സ്‌ വെളിപ്പെടുത്തിയിരുന്നു. ഉസാമയുടെ നിലനില്‍പ്പ്‌ അമേരിക്കയുടെ ആവശ്യമായിരുന്നുവെന്നതിന്‌ തെളിവാണിത്‌. 
അഫ്‌ഗാനിസ്ഥാന്റെയും പാക്കിസ്ഥാന്റെയും അതിര്‍ത്തിയിലുള്ള എത്തിച്ചേരാന്‍ പ്രയാസമുള്ള മലനിരകളില്‍ എവിടെയോ ഉസാമ ഒളിവില്‍ കഴിയുന്നുവെന്നതാണ്‌ അമേരിക്കന്‍ ഏജന്‍സികളുടെ വിലയിരുത്തല്‍. അമേരിക്കന്‍ സൈന്യം, അഫ്‌ഗാന്റെയും പാക്കിസ്ഥാന്റെയും സേനകള്‍, ഇവയുടെ വലയത്തിലുള്ള പ്രദേശം, ഇവിടെ നിന്ന്‌ ഉസാമ പുറത്തുകടന്ന്‌ ലോകത്തെ മറ്റെവിടേക്കെങ്കിലും പോയിട്ടുണ്ടാവുമെന്ന്‌ കരുതുക പ്രയാസം. പിന്നെ എന്തിനാണ്‌ ലോകത്താകെയുള്ള ജനങ്ങളെ അറിയിക്കാനായി ഉസാമയുടെ പുതിയ രൂപം സൃഷ്‌ടിച്ചത്‌? മുപ്പതിനായിരം സൈനികരെ അഫ്‌ഗാനിലേക്ക്‌ കൂടുതലായി നിയോഗിച്ച്‌ നടത്താനിരിക്കുന്ന വലിയ നരനായാട്ടിന്‌ ലോക ജനതയുടെ മുന്നില്‍ ഒരു വിശദീകരണം ആവശ്യമാണ്‌. ഉസാമ എന്ന `ഭീകര യാഥാര്‍ഥ്യം' ഒരിക്കല്‍ കൂടി അടിവരയിട്ട്‌ ഉറപ്പിക്കുക എന്നതാണ്‌ അതിന്‌ ഏറ്റവും യോജിച്ച വഴി.
പാത്ര സൃഷ്‌ടിയിലും അതിന്‌ പ്രചാരം നല്‍കുന്നതിനും അമേരിക്കന്‍ ഏജന്‍സികള്‍ മുന്‍കാലത്തും മികച്ചു നിന്നിരുന്നുവെന്നതു കൂടി കണക്കിലെടുക്കണം. ഉദാഹരണം ഉസാമ തന്നെയാണ്‌. 1998 ആഗസ്റ്റ്‌ 21ന്‌ അഫ്‌ഗാനിലും സുഡാനിലും അമേരിക്ക നടത്തിയ മിസൈല്‍ ആക്രമണത്തിന്‌ മുമ്പുവരെ ഉസാമ എന്ന പേര്‌ ലോക ജനതക്ക്‌ പരിചിതമായിരുന്നില്ല. സഊദിയിലെ പ്രശസ്‌തമായ ബിന്‍ ലാദന്‍ കുടുംബത്തില്‍ പിറന്ന്‌ 1979ല്‍ സോവിയറ്റ്‌ യൂനിയന്റെ അധിനിവേശത്തിനെതിരെ പൊരുതാന്‍ അഫ്‌ഗാനിലെത്തിയ ഉസാമയും കൂട്ടാളികളും അമേരിക്കയുടെയും സെന്‍ട്രല്‍ ഇന്റലിജന്‍സ്‌ ഏജന്‍സിയുടെയും സ്വന്തമായിരുന്നു. അബ്‌ദുല്ല യൂസുഫ്‌ അസ്സമിന്റെ നേതൃത്വത്തില്‍ മക്‌താബ്‌ അല്‍ഖദാമത്‌ രൂപവത്‌കരിച്ച്‌ അഫ്‌ഗാന്റെ പരമാധികാരത്തിനു വേണ്ടി പോരടിച്ചവരില്‍ പ്രമുഖന്‍ ഉസാമയായിരുന്നു. 
സോവിയറ്റ്‌ അധിനിവേശത്തിനു ശേഷം പാക്കിസ്ഥാനിലെ പെഷാവറില്‍ തമ്പടിച്ച ഉസാമ 1998ല്‍ മക്താബ്‌ അല്‍ഖദാമതില്‍ നിന്ന്‌ വേറിട്ടു. ഇതിനു പിറകെയാണ്‌ സുഡാനിലും അഫ്‌ഗാനിലും അമേരിക്കയുടെ മിസൈല്‍ ആക്രമണമുണ്ടാവുന്നതും ഉസാമ ബിന്‍ ലാദന്‍ പരിഷ്‌കൃത ലോകത്തിനാകെ വെല്ലുവിളിയും ഭീഷണിയും വിനാശകാരിയുമാണെന്ന്‌ അന്നത്തെ യു എസ്‌ വിദേശകാര്യ സെക്രട്ടറി മെഡലിന്‍ ഓള്‍ബ്രൈറ്റ്‌ പ്രഖ്യാപിക്കുന്നതും. പിന്നീടങ്ങോട്ട്‌ ഉസാമയെക്കുറിച്ചും അല്‍ഖാഇദയെക്കുറിച്ചുമുള്ള ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുകളുടെ പ്രളയമായിരുന്നു. അഫ്‌ഗാനിസ്ഥാനിലെ സോവിയറ്റ്‌ വിരുദ്ധ പോരാട്ടത്തിന്‌ പണവും ആയുധവും നല്‍കി സഹായിച്ച അമേരിക്കക്ക്‌ പിന്നീടുടലെടുത്ത മറ്റൊരു സാഹചര്യത്തില്‍ എതിര്‍ സ്ഥാനത്തു നിര്‍ത്തി ആക്രമിക്കാന്‍ പാകത്തിലേക്ക്‌ ഉസാമയുടെ പ്രതിച്ഛായയെ മാറ്റിയെടുക്കുക എന്ന ദൗത്യം യു എസ്‌ ഏജന്‍സികള്‍ ഭംഗിയായി നിര്‍വഹിച്ചു. 
2001ല്‍ ലോക വ്യാപാര കേന്ദ്രത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം കൂടി ചാര്‍ത്തപ്പെട്ടതോടെ സമാനതകളില്ലാത്ത `ഭീകരനാ'യി മാറുകയും ചെയ്‌തു.
ഈ സൃഷ്‌ടിയുടെ മറ്റൊരു അധ്യായമാണ്‌ പുതിയ ചിത്ര സൃഷ്‌ടി. ലാമസറെസിന്റെ ചിത്രം ഉപയോഗിച്ചതിനെച്ചൊല്ലി ഉയര്‍ന്ന വിവാദമുണ്ടായിരുന്നില്ലെങ്കില്‍, ഉസാമയെ പിടികൂടുന്നതില്‍ അമേരിക്കന്‍ ഏജന്‍സികള്‍ കാട്ടുന്ന ശുഷ്‌കാന്തിയുടെ തെളിവായി പൂതിയ ചിത്ര സൃഷ്‌ടി വാഴ്‌ത്തപ്പെടുമായിരുന്നു. സൃഷ്‌ടിക്കുകയും പിന്‍വലിക്കുകയും ചെയ്‌ത പുതിയ ചിത്രങ്ങളിലൊന്ന്‌ കൂടുതല്‍ ശ്രദ്ധേയമാണ്‌. നീണ്ട ശ്‌മശ്രുക്കളില്ല, തലപ്പാവുമില്ല. `ഭീകരന്‌' നല്‍കിയിരുന്ന രൂപ തര്‍ജമയില്‍ നിങ്ങള്‍ ഒതുങ്ങി നില്‍ക്കരുതെന്ന്‌ ഓര്‍മിപ്പിക്കുകയാണ്‌. സംശയത്തിന്റെ നിഴലില്‍ കൂടുതല്‍ രൂപങ്ങളുണ്ടെന്ന ഓര്‍മപ്പെടുത്തലും.
ഇത്തരം രൂപ സൃഷ്‌ടികളുടെ പ്രചാരണത്തിന്‌ മാധ്യമങ്ങളുടെ പിന്തുണയും കുറവല്ല. ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിനെക്കുറിച്ച്‌ ബി ബി സി തയ്യാറാക്കിയ പുതിയ ഡോക്യുമെന്ററിയിലുള്ള ഭിന്ദ്രന്‍വാലയുടെ ചിത്രത്തിന്‌ ഉസാമ ബിന്‍ ലാദന്റെ ഛായയാണുള്ളത്‌. ഉസാമയെ അമേരിക്ക (കു) പ്രസിദ്ധനാക്കും മുമ്പ്‌ വിവാദ പുരുഷനായ വ്യക്തിയാണ്‌ ജര്‍ണയില്‍ സിംഗ്‌ ഭിന്ദ്രന്‍വാല. അദ്ദേഹത്തിന്‌ ഉസാമയുടെ ഛായ നല്‍കുന്നത്‌ ചിത്രങ്ങളുപയോഗിച്ചുള്ള ആക്രമണം എത്രമാത്രം ഫലപ്രദമാണെന്ന്‌ വ്യക്തമാവുന്നുമുണ്ട്‌