2017-06-29

ട്രംപിന് മോദി കൂട്ട്


ആഘോഷമായ കൂടിക്കാഴ്ച. വെള്ളക്കൊട്ടാരത്തില്‍ വിഭവ സമൃദ്ധമായ വിരുന്ന്. എന്റെ പുറം നീ ചൊറിഞ്ഞാല്‍ നിന്റെ പുറം ഞാന്‍ ചൊറിയാമെന്ന ചൊല്ലിനെ നാണിപ്പിക്കും വിധത്തിലുള്ള പുകഴ്ത്തലുകള്‍. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയുടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിറഞ്ഞു നില്‍ക്കുകയാണ് ആഗോള മാധ്യമങ്ങളില്‍. പ്രസിഡന്റായി ട്രംപ് ചുമതലയേറ്റ ശേഷം വൈറ്റ് ഹൗസിലെ തീന്‍മേശയിലേക്ക് ആനയിക്കപ്പെട്ട ആദ്യത്തെ രാഷ്ട്ര നേതാവ് എന്നത് ചില്ലറ ഖ്യാതിയല്ല. അതില്‍ പുളകം കൊണ്ട് നില്‍ക്കുന്നു ഇന്ത്യന്‍ യൂണിയനും അതിലെ 130 കോടിയിലേറെ വരുന്ന ജനങ്ങളും. ആ പുളകം രാജ്യാതിര്‍ത്തി കടന്ന് ഒഴുകുന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. ലോകത്തെ പ്രമുഖരായ രാഷ്ട്രത്തലവന്‍മാരില്‍ മുന്‍നിരയിലാണ് നരേന്ദ്ര മോദിയുടെ സ്ഥാനമെന്ന് ഇസ്‌റാഈല്‍ വിശേഷിപ്പിച്ചു കഴിഞ്ഞു.


ആ വിരുന്നിന്റെ സമയത്തിനുമുണ്ടായിരുന്നു പ്രത്യേകത. 1805ല്‍ ഐക്യനാടുകളുടെ പ്രസിഡന്റായിരുന്ന തോമസ് ജെഫേഴ്‌സണാണ് വൈറ്റ് ഹൗസില്‍ ആദ്യമായൊരു ഇഫ്താര്‍ നടത്തിയത്. ഉച്ചക്ക് ശേഷം നടത്തിയിരുന്ന വിരുന്ന് ഇഫ്താറാക്കി മാറ്റാന്‍ തോമസ് ജെഫേഴ്‌സണ്‍ തീരുമാനിച്ചത് റമസാന്‍ വ്രതം അനുഷ്ഠിക്കുന്ന തുണീസ്യയുടെ പ്രതിനിധി സിദി സുലൈമാന്‍ മെല്ലിമെല്ലിയുടെ സൗകര്യം കൂടി പരിഗണിച്ചാണ്. 1996ല്‍ ബില്‍ ക്ലിന്റണ്‍ പ്രസിഡന്റായിരിക്കെ വൈറ്റ് ഹൗസിലെ ആദ്യത്തെ പെരുന്നാള്‍ സല്‍ക്കാരം നടന്നു. പിന്നീടിങ്ങോട്ടുള്ള 20 വര്‍ഷവും ഇഫ്താറോ പെരുന്നാള്‍ സല്‍ക്കാരമോ മുടങ്ങാതെ നടന്നിരുന്നു വൈറ്റ് ഹൗസില്‍. ജോര്‍ജ് ബുഷ് പ്രസിഡന്റായിരുന്ന എട്ട് വര്‍ഷവും ഇത് മുടങ്ങിയില്ല. 2001ല്‍ വേള്‍ഡ് ട്രേഡ് സെന്ററിനു നേര്‍ക്കുണ്ടായ ആക്രമണത്തിന് ശേഷം മുസ്‌ലിം വിരുദ്ധത അതിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോഴും ഈ പതിവ് മുടങ്ങിയില്ല. 20 വര്‍ഷമായി തുടരുന്ന ആ പതിവ് ഡൊണാള്‍ഡ് ട്രംപ് അവസാനിപ്പിച്ച് ദിവസങ്ങള്‍ക്കകമാണ് മോദിക്ക് വൈറ്റ് ഹൗസിലേക്ക് ചുവന്ന പരവതാനി വിരിച്ചത്.


മുസ്‌ലിംകളെല്ലാം ഭീകരരല്ല പക്ഷേ, ഭീകരരെല്ലാം മുസ്‌ലിംകളാണ് എന്ന് സിദ്ധാന്തിച്ച, പട്ടിക്കുഞ്ഞ് കാറിനടിയില്‍പ്പെട്ടാല്‍ യാത്രക്കാരന്‍ എങ്ങനെ ഉത്തരവാദിയാകുമെന്ന് ഗുജറാത്ത് വംശഹത്യാ ശ്രമത്തില്‍ നിന്ന് കൈകഴുകിയ നേതാവിനെ ആദ്യത്തെ വിരുന്നിന് തിരഞ്ഞെടുക്കുമ്പോള്‍ അതിലൊരു ഏകാശയ സാഹോദര്യമുണ്ട്. അതുകൊണ്ടാണ് ട്രംപിനൊപ്പം മുന്‍നിരയിലുണ്ട് നരേന്ദ്ര മോദിയെന്ന് ഇസ്‌റാഈല്‍ പ്രതികരിച്ചതും.


ആ രാഷ്ട്രീയത്തിനൊപ്പം പ്രധാനമാണ് കൂടിക്കാഴ്ച ഇന്ത്യന്‍ യൂണിയന് എന്ത് സമ്മാനിക്കുമെന്നത്. ഏറ്റവും പ്രധാന ഗുണഫലമായി ചിത്രീകരിക്കപ്പെടുന്നത് പാക്കിസ്ഥാനെതിരെ യോജിച്ച നിലപാടെടുത്തതാണ്. ഭീകര സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന രീതി പാക്കിസ്ഥാന്‍ അവസാനിപ്പിക്കണമെന്ന താക്കീത് അമേരിക്ക പരസ്യമായി നല്‍കുമ്പോള്‍ അത് നരേന്ദ്ര മോദിയുടെ നയതന്ത്ര വിജയമായി വിലയിരുത്തപ്പെടുന്നു. മുമ്പൊരിക്കലും ഇത്ര കഠിനമായ താക്കീത് അമേരിക്ക നല്‍കിയിട്ടില്ലത്രെ. ഇതോടെ അന്താരാഷ്ട്ര വേദികളില്‍ പാക്കിസ്ഥാന്‍ കൂടുതലായി ഒറ്റപ്പെടുമെന്നും ഇന്ത്യയെ ലക്ഷ്യമിടുന്ന ഭീകരപ്രവര്‍ത്തനത്തിന് അവര്‍ നല്‍കുന്ന പിന്തുണ കൂടുതല്‍ രാഷ്ട്രങ്ങള്‍ അംഗീകരിക്കുന്ന അവസ്ഥയുണ്ടാകുമെന്നുമൊക്കെ പ്രതീക്ഷിക്കാം.


അതുവഴി ഇന്ത്യ നേരിടുന്ന ഭീകരഭീഷണി കുറയുമെന്നും. അതേസമയം വാക്കുകൊണ്ട് പാക്കിസ്ഥാനെ തള്ളിപ്പറയുകയും പ്രവൃത്തി കൊണ്ട് അവരെ സഹായിക്കുകയും ചെയ്യുന്ന രീതി അമേരിക്ക തുടരുമോ എന്നത് കണ്ടറിയണം. ട്രംപിനെ സംബന്ധിച്ച് ഇന്ത്യയെപ്പോലെ തന്നെ മോശമല്ലാത്ത കമ്പോളമാണ് പാക്കിസ്ഥാനും. വിറ്റഴിക്കല്‍ വില്‍പ്പനക്കായി അവരുടെ പക്കലുള്ള പ്രധാന ഇനം ആയുധങ്ങളാണ്. ആ വില്‍പ്പന പാക്കിസ്ഥാനിലേക്ക് ഉണ്ടാകില്ലെന്ന ഉറപ്പ് ട്രംപില്‍ നിന്ന് നേടിയെടുക്കാന്‍ നരേന്ദ്ര മോദിക്ക് ആകാത്തിടത്തോളം കാലം നയതന്ത്ര വിജയമെന്നത് പേരില്‍ ഒതുങ്ങുന്നത് മാത്രമാണ്.


പാക്കിസ്ഥാനെതിരെ ഇന്ത്യക്കൊപ്പം നില്‍ക്കുന്നുവെന്ന പ്രതീതി ജനിപ്പിച്ചാല്‍ പിന്നെ കച്ചവടം എളുപ്പമാണെന്ന് ഐക്യനാടുകളുടെ ഭരണ സംവിധാനം മനസ്സിലാക്കിയിരിക്കുന്നുവെന്നതാണ് പ്രധാനം. വൈറ്റ് ഹൗസിലെ വിരുന്നിന് മുമ്പ് തന്നെ അതിനുള്ള കളമൊരുക്കിയിരുന്നു ട്രംപ്. ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സയ്യിദ് സ്വലാഹുദ്ദീനെ ആഗോള ഭീകരവാദിയായി പ്രഖ്യാപിച്ചത് അതിനാണ്. ഇന്ത്യയെ പ്രീതിപ്പെടുത്താന്‍ സ്വീകരിക്കുന്ന നടപടികളെ ഐക്യരാഷ്ട്ര വേദികളില്‍ ചൈന എതിര്‍ത്തു തോല്‍പ്പിച്ചുകൊള്ളുമെന്ന ഉറപ്പ് ഐക്യനാടുകള്‍ക്കും അതിന്റെ പ്രസിഡന്റിനുമുണ്ട്. കച്ചവടത്തിന് മുട്ടുണ്ടാകുകയുമില്ല. പാക്‌വിരുദ്ധത വലിയ വായില്‍ പ്രകടിപ്പിച്ച ട്രംപ് മോദിയോട് ചിലത് ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് ഉത്പന്നങ്ങള്‍ കയറ്റി അയക്കുന്നതിന് നിലവിലുള്ള തടസ്സങ്ങള്‍ നീക്കണമെന്നതാണ് ഒന്ന്. വ്യാപാരാധിഷ്ഠിത ബൗദ്ധിക സ്വത്തവകാശം ഇന്ത്യ നടപ്പാക്കുന്നത് അമേരിക്കയുടെ കച്ചവടങ്ങള്‍ക്ക് തടയിടുന്നത് ആകാതിരിക്കുകയും വേണം.


സ്വിറ്റ്‌സര്‍ലാന്‍ഡ് ആസ്ഥാനമായ നൊവാര്‍ട്ടിസ്, അമേരിക്കയിലെയും വലിയ ഔഷധ നിര്‍മാതാക്കളാണ്. നൊവാര്‍ട്ടിസിന്റെ അമേരിക്കയിലെ പ്ലാന്റില്‍ നിന്നാണ് അര്‍ബുദത്തിനുള്ള വിശിഷ്ട ഔഷധമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്ലീവെക് ഉത്പാദിപ്പിക്കുന്നത്. ആഗോള വിപണിയില്‍ ഇതിന് വില 2,500 ഡോളറോളം വരും (ഇന്ത്യന്‍ രൂപയില്‍ ഒന്നര ലക്ഷത്തോളം) ഗ്ലീവെകിന്റെ ജനറിക് രൂപം ഇന്ത്യന്‍ വിപണിയിലുണ്ട്. അതിന് വില 250 ഡോളറോളം (ഇന്ത്യന്‍ രൂപയില്‍ 15,000). ഇത് തന്നെ സബ്‌സിഡി നിരക്കിലാണ് ഇന്ത്യയില്‍ പൊതുവെ വില്‍ക്കുന്നത്. ഇന്ത്യയില്‍ പേറ്റെന്റെടുത്ത് ഗ്ലീവെകിന്റെ ജനറിക് രൂപങ്ങളുടെ വില്‍പ്പന ഇല്ലാതാക്കാന്‍ നൊവാര്‍ട്ടിസ് ശ്രമിച്ചിരുന്നു.


വ്യാപാരാധിഷ്ഠിത ബൗദ്ധിക സ്വത്തവകാശ കരാറനുസരിച്ച് വികസ്വര - അവികസിത രാഷ്ട്രങ്ങള്‍ക്ക് ഇത്തരം ഔഷധങ്ങള്‍ സ്വന്തമായി ഉത്പാദിപ്പിച്ച് വില്‍ക്കാന്‍ അനുമതിയുണ്ട്. ആ അവകാശം സംരക്ഷിക്കണമെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുകയും നൊവാര്‍ട്ടിസിന്റെ പേറ്റന്റ് അപേക്ഷ സുപ്രീം കോടതി തള്ളുകയും ചെയ്തിരുന്നു. ജനറിക് മരുന്നുകളുടെ ഉത്പാദനത്തിന് അവസരം നല്‍കാത്ത വിധത്തില്‍ ബൗദ്ധിക സ്വത്തവകാശം അംഗീകരിക്കുകയും നൊവാര്‍ട്ടിസ് പോലുള്ള കമ്പനികള്‍ക്ക് ഇന്ത്യന്‍ വിപണിയെ കൈയടക്കാന്‍ അവസരമൊരുക്കുകയും ചെയ്യുക എന്നതാണ് പ്രധാന ആവശ്യം.


പേറ്റന്റ് കുത്തക മാത്രമല്ല, പേറ്റന്റില്ലാത്ത മരുന്നുകളുടെ കാര്യത്തിലും അമേരിക്കക്ക് താത്പര്യങ്ങളുണ്ട്. ഇത്തരം മരുന്നുകള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ഇന്ത്യ ചുമത്തുന്നത് 21 ശതമാനം നികുതിയാണ്. ഇത് പൂര്‍ണമായും എടുത്തുകളയണമെന്നതാണ് മറ്റൊരു ആവശ്യം.  ഇന്ത്യയിലെ ചികിത്സാച്ചെലവ് വലിയ തോതില്‍ കുറക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് അമേരിക്കയുടെ വാഗ്ദാനം. ഇത്തരം മരുന്നുകള്‍  ഇന്ത്യന്‍ കമ്പനികള്‍ ഉത്പാദിപ്പിക്കുന്നത് ആഭ്യന്തര ആവശ്യത്തിന് വേണ്ടി മാത്രമല്ല. ഇതര മൂന്നാം ലോക രാഷ്ട്രങ്ങളിലേക്ക് കയറ്റി അയക്കാന്‍ കൂടിയാണ്. ചെലവ് കുറഞ്ഞ ഇന്ത്യന്‍ മരുന്നുകളെ ഈ രാഷ്ട്രങ്ങള്‍ വലിയ തോതില്‍ ആശ്രയിക്കുന്നുമുണ്ട്. പേറ്റന്റില്ലാത്ത മരുന്നുകളുടെ ഇറക്കുമതിച്ചുങ്കം നീക്കുകയും അമേരിക്കയില്‍ നിന്ന് ഇവ ഇന്ത്യയിലേക്ക് കുത്തിയൊലിക്കുകയും ചെയ്താല്‍ ഇവിടുത്തെ കമ്പനികള്‍ പ്രതിസന്ധിയിലാകും. അതോടെ ഇന്ത്യയിലെ ഔഷധ വിപണി മാത്രമല്ല, ഇതര മൂന്നാം ലോക രാഷ്ട്രങ്ങളിലെ വിപണി കൂടിയാണ് അമേരിക്കന്‍ കമ്പനികളുടെ പിടിയിലേക്ക് വരിക.


വിവരസാങ്കേതിക വിദ്യാ മേഖലയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതിച്ചുങ്കം കൂടുതലാണ് ഇന്ത്യയില്‍. അതില്‍ കുറവു വരുത്തി അമേരിക്കന്‍ കമ്പനികള്‍ക്ക് ഇന്ത്യന്‍ കമ്പോളത്തില്‍ സ്വാധീനം ഉറപ്പിക്കാന്‍ അവസരമൊരുക്കണമെന്നതും ആവശ്യമാണ്. 130 കോടിയിലേറെ വരുന്ന ജനസംഖ്യ, വിശാലമായ ഭൂപ്രദേശം, വിവര സാങ്കേതിക വിദ്യക്ക് നല്‍കപ്പെടുന്ന പ്രാമുഖ്യം - കച്ചവടം കൊഴുക്കാന്‍ ഇതിലപ്പുറമെന്ത് വേണമെന്ന് അമേരിക്കന്‍ കമ്പനികള്‍ ചിന്തിക്കുന്നുണ്ട്. സോളാര്‍ പാനലുകള്‍, പ്രകൃതി വാതകം തുടങ്ങിയവ മുതല്‍ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന വസ്തുക്കള്‍ വരെ ഇന്ത്യന്‍ കമ്പോളത്തില്‍ വിറ്റഴിക്കാന്‍ പാകത്തിലുള്ള ഇളവുകള്‍ അമേരിക്ക ആവശ്യപ്പെടുന്നു.


ഇതൊക്കെ സാധ്യമാകുകയും കമ്പനികളുടെ കച്ചവടം കൂടുകയും ചെയ്താലേ അമേരിക്കയില്‍ തൊഴിലവസരം വര്‍ധിക്കൂ. അമേരിക്കക്കാര്‍ക്ക് തൊഴിലുറപ്പാക്കുമെന്നതായിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ ട്രംപിന്റെ പ്രധാന വാഗ്ദാനം. അതിലേക്കൊരു വഴി തുറക്കാന്‍, ആദ്യത്തെ വിരുന്ന് നരേന്ദ്ര മോദിക്ക് നല്‍കുകയും പാക് വിരുദ്ധത പറഞ്ഞ് ഇന്ത്യന്‍ വികാരം അനുകൂലമാക്കുകയും ചെയ്താല്‍ ട്രംപിന് നഷ്ടമൊന്നുമില്ല. തീവ്ര ദേശീയതയിലും വ്യാജ രാജ്യസ്‌നേഹത്തിലും അധിഷ്ഠിതമായ പ്രചാരണത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന വികാരവും തീവ്ര വര്‍ഗീയ അജന്‍ഡ നടപ്പാക്കുന്നതിലൂടെയുള്ള ധ്രുവീകരണവും മതി അധികാരത്തിലുള്ള തുടര്‍ച്ചക്ക് എന്ന് നരേന്ദ്ര മോദിയും സംഘവും കരുതുന്നു. ആ വികാര സൃഷ്ടിക്ക് വളമേകി കച്ചവടത്തിന്റെ വഴി കൂടുതല്‍ തുറക്കാന്‍ ശ്രമിക്കുകയാണ് അമേരിക്ക. ആ തന്ത്രത്തില്‍ വീഴാനുള്ളതേയുള്ളൂ, പ്രകടനപരതക്കപ്പുറം ശൂന്യത മാത്രമുള്ള ഈ നേതാവ് എന്ന് മനസ്സിലാക്കാന്‍ വംശ വിദ്വേഷത്തിലും മുസ്‌ലിം വിരുദ്ധതയിലും മോദിയോട് മത്സരിക്കുന്ന ട്രംപ് എന്ന രാഷ്ട്രീയക്കാരന്‍ വേണ്ടതില്ല, പഴയ കച്ചവടക്കാരനായ ട്രംപ് ധാരാളം മതി.


പ്രതിരോധത്തില്‍ വാഗ്ദാനം ചെയ്ത സഹകരണവും കച്ചവടക്കണ്ണോടെയാണ്. മേഖലയില്‍ ചൈനയുടെ സ്വാധീനം വര്‍ധിച്ചുവരികയും ഇന്ത്യയുടെ അയല്‍ രാഷ്ട്രങ്ങളുമായെല്ലാം അവര്‍ വലിയ സൗഹൃദമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. അതിനൊരു ചെക്ക് പോസ്റ്റായി ഇന്ത്യയുണ്ടാകണമെങ്കില്‍ പ്രതിരോധ സഹകരണം വര്‍ധിപ്പിച്ചേ മതിയാകൂ ഐക്യനാടുകള്‍ക്ക്. ആ സഹകരണം മേഖലയിലൊരു പ്രതിസന്ധി സൃഷ്ടിച്ചാല്‍ അവിടെയും കൊഴുക്കുക അമേരിക്കയുടെ കച്ചവടമാകുമല്ലോ.  


ഈ വിരുന്നിനിടെ എച്ച് 1 ബി വിസ അനുവദിക്കുന്നതിനുള്ള നിബന്ധനകള്‍ കര്‍ശനമാക്കി ഇന്ത്യക്കാരുടെ തൊഴിലവസരം കുറക്കാന്‍ ശ്രമിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നടപടികള്‍ ഉന്നയിക്കാന്‍ പോലും നരേന്ദ്ര മോദിക്കായില്ല. പുറം തൊഴില്‍ കരാറുകള്‍ കുറക്കാന്‍ അമേരിക്കന്‍ കമ്പനികളെ ട്രംപ് ഭരണകൂടം നിര്‍ബന്ധിക്കുന്നത് ഇന്ത്യയിലെ ഐ ടി കമ്പനികളിലെ തൊഴിലവസരം ഇല്ലാതാക്കുന്നതിലെ ആശങ്ക അറിയിച്ചതുമില്ല. സിവില്‍ ആണവ സഹകരണ കരാര്‍ പ്രാബല്യത്തിലാക്കുന്നതിന്റെ ഭാഗമായി ജനറല്‍ ഇലക്ട്രിക്കല്‍സും വെസ്റ്റിംഗ് ഹൗസും എന്നാണ് ഇന്ത്യയില്‍ റിയാക്ടര്‍ നിര്‍മാണത്തിന് എത്തുക എന്ന് ചോദിച്ചതുമില്ല. ഇതൊന്നും ചോദിക്കാനുള്ള അവസരത്തിന് വേണ്ടിയല്ലല്ലോ വെള്ളക്കൊട്ടാരത്തില്‍ വിരുന്നൊരുക്കിയത്! വിരുന്നിന് വിളിച്ചപ്പോള്‍ വെച്ച അജന്‍ഡക്ക് അപ്പുറത്തെന്തെങ്കിലും ഉരിയാടാനോ സ്വന്തം പേര് തുന്നിച്ചേര്‍ത്ത കുപ്പായമിട്ട് മേനി നടിക്കാനോ അവസരമില്ല, ബറാക് ഒബാമയല്ലല്ലോ ഡൊണാള്‍ഡ് ട്രംപ്.

No comments:

Post a Comment