2017-07-03

ജി എസ് ടിയില്‍ അപകടമുണ്ട്, കെട്ടകാലത്ത് പ്രത്യേകിച്ചും


ചരക്ക് സേവന നികുതി (ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് - ജി എസ് ടി) പ്രാബല്യത്തിലായിരിക്കുന്നു. വേണ്ട തയ്യാറെടുപ്പുകളൊന്നും കൂടാതെ. പുതിയ രീതിയനുസരിച്ച് വാണിജ്യ ഇടപാടുകള്‍ നടത്തണമെങ്കില്‍ ജി എസ് ടി നെറ്റ്‌വര്‍ക്ക് എന്ന രാജ്യമാകെ ബന്ധിപ്പിക്കുന്ന ശൃംഖലയില്‍ രജിസ്റ്റര്‍ ചെയ്ത് നമ്പറെടുക്കണം. രാജ്യത്തെ മുപ്പത് ശതമാനത്തോളം വ്യാപാര- വാണിജ്യ- സേവന ദാതാക്കള്‍ക്കും ഈ നമ്പര്‍ കിട്ടിയിട്ടില്ല. ഇതില്ലാതെ എങ്ങനെ ഇടപാടുകള്‍ നടത്തുമെന്ന തിട്ടം ഈ സ്ഥാപനങ്ങള്‍ക്കില്ല. രജിസ്‌ട്രേഷന്‍ നടപടികള്‍ എത്ര  നാള്‍ കൊണ്ട് പൂര്‍ത്തിയാകുമെന്നും അറിയില്ല. പുതിയ നികുതി സമ്പ്രദായം നടപ്പാകുമ്പോള്‍ സര്‍ക്കാര്‍ നടപടികള്‍ ഏത് വിധത്തിലാകണമെന്നതിലും വ്യക്തതയില്ല.

നികുതിയാകെ ഓണ്‍ലൈന്‍ സമ്പ്രദായത്തിലേക്ക് മാറുന്നതോടെ എക്‌സൈസ്, വില്‍പ്പന നികുതി വിഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കുന്നവരുടെ ജോലിയെന്താണ് എന്നതിലും പൂര്‍ണ തീര്‍പ്പായിട്ടില്ല. പൊതു വില്‍പ്പന നികുതി സമ്പ്രദായത്തില്‍ നിന്ന് മൂല്യ വര്‍ധിത സമ്പ്രദായത്തിലേക്ക് രാജ്യം മാറിയത് രണ്ട് ദശകം മുമ്പാണ്. അന്നും ഇതുപോലുള്ള ആശയക്കുഴപ്പമുണ്ടായിരുന്നുവെന്നും സമയമെടുത്താണ് കാര്യങ്ങള്‍ വ്യവസ്ഥാപിതമായതെന്നുമാണ് ജി എസ് ടിയെ നേരത്തെ മുതല്‍ സ്വാഗതം ചെയ്യുകയും അതു നടപ്പാക്കുന്നത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥക്ക് ഗുണം ചെയ്യുമെന്നും അവകാശപ്പെടുന്ന ധനമന്ത്രി തോമസ് ഐസക്ക് പറയുന്നത്. സമയമെടുത്താലും കാര്യങ്ങള്‍ വ്യവസ്ഥാപിതമാകുമെന്ന് പ്രതീക്ഷിക്കുക.


തയ്യാറെടുപ്പുകള്‍ പൂര്‍ണമായിട്ടില്ല, അതിനാല്‍ ജി എസ് ടി നടപ്പാക്കുന്നത് മാറ്റിവെക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രാലയം ഔദ്യോഗികമായി തന്നെ ഈ ആവശ്യം ഉന്നയിച്ചു. എന്നിട്ടും ജൂലൈ ഒന്നിന് തന്നെ ഇത് പ്രാബല്യത്തിലാക്കണമെന്ന നിര്‍ബന്ധം കേന്ദ്ര സര്‍ക്കാര്‍ കാണിച്ചു. മുമ്പ് പലകുറി തീയതി നിശ്ചയിക്കുകയും മാറ്റിവെക്കുകയും ചെയ്തതാണ്. പുതിയ സമ്പ്രദായത്തിലേക്ക് മാറുന്നതില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ തര്‍ക്കം തുടരുന്നതു കൊണ്ടാണ് അന്നൊക്കെ മാറ്റിവെക്കോണ്ടി വന്നത്. ആ തര്‍ക്കമൊക്കെ പരിഹരിച്ചു, ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും നികുതി നിരക്കുകളും നിശ്ചയിച്ചു. അതുകൊണ്ട് നടപടി ക്രമങ്ങളൊക്കെ പൂര്‍ത്തിയാക്കി പുതിയ നികുതി സമ്പ്രദായം പ്രാബല്യത്തിലാക്കുന്നിതിന് പ്രയാസമുണ്ടായിരുന്നില്ല. അതിനായി കാത്തുനില്‍ക്കാന്‍ കേന്ദ്രം തയ്യാറായിരുന്നില്ല.


നിലവിലെ സമ്പ്രദായം അനുസരിച്ച് നികുതിക്കു മേല്‍ നികുതി നല്‍കുകയാണ് ജനങ്ങളെന്നും ആ ബാധ്യതയില്‍ നിന്ന് അവരെ എത്രയും വേഗം മോചിപ്പിക്കണമെന്നുമുള്ള സദുദ്ദേശ്യം വേണമെങ്കില്‍ ഇവിടെ കാണാം. അതോ തീരുമാനമെടുത്താല്‍ എന്തൊക്കെ ബുദ്ധിമുട്ടുണ്ടായാലും കൃത്യസമയത്ത് നടപ്പാക്കാനുള്ള ഇച്ഛാശക്തി തങ്ങള്‍ക്കുണ്ടെന്ന് കാണിച്ചുകൊടുക്കാനുള്ള ശ്രമമോ? നരേന്ദ്ര മോദി സര്‍ക്കാറിന്റെ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തിയാല്‍ കരുത്ത് പ്രകടിപ്പിക്കാനുള്ള അവസരമായി ജി എസ് ടി നടപ്പാക്കലിനെ മാറ്റിയെന്ന് കരുതണം. വന്‍കിട കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ അവസരമൊരുക്കുക എന്ന ഉദ്ദേശ്യം കൂടി ഈ തിടുക്കത്തിന് കാരണമാണ്.


2016 നവംബര്‍ എട്ടിന് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിലൂടെ കേന്ദ്ര സര്‍ക്കാര്‍ വലിയ പ്രഹരം ഏല്‍പ്പിച്ചത്  രാജ്യത്തെ ചെറുകിട ഇടത്തരം വ്യാപാര - വ്യവസായ - നിര്‍മാണ സ്ഥാപനങ്ങള്‍ക്കു മേലായിരുന്നു. ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ സാധിക്കാതെ ഉത്പാദനം നിര്‍ത്തിവെക്കാന്‍ സ്ഥാപനങ്ങള്‍ നിര്‍ബന്ധിതമായി. ക്രയവിക്രയം കുറഞ്ഞത് വ്യാപാര സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കി. പിന്‍വലിച്ചതിന് പകരം ഏര്‍പ്പെടുത്തിയ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച മൂല്യത്തിന് തുല്യമായി ഇതുവരെ വിപണിയില്‍ എത്തിയിട്ടില്ല. ക്രയവിക്രയം പഴയ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതേയുള്ളൂ.


ആ സമയത്ത് ജി എസ് ടി പ്രാബല്യത്തില്‍ വരുത്തി, വിപണിയെ വീണ്ടും സ്തംഭനാവസ്ഥയിലേക്ക് എത്തിക്കുമ്പോള്‍ ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ വീണ്ടും പ്രതിസന്ധിയിലാകും. തുടര്‍ച്ചയായുണ്ടാകുന്ന വിപണി മാന്ദ്യത്തെ അതിജീവിച്ച് പിടിച്ചുനില്‍ക്കാന്‍ എത്ര പേര്‍ക്ക് സാധിക്കുമെന്നത് കണ്ടറിയണം. ഈ അവസ്ഥയുടെ ഗുണമുണ്ടാകുക, ഇതിനകം ജി എസ് ടി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി തടസ്സം കൂടാതെ ക്രയവിക്രയം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുന്ന വന്‍കിട സ്ഥാപനങ്ങള്‍ക്കാണ്. പ്രത്യേകിച്ച് ഏതാണ്ടെല്ലാ സാമഗ്രികളുടെയും ചില്ലറ വില്‍പ്പനയിലേക്ക് തിരിഞ്ഞിരിക്കുന്ന റിലയന്‍സ് മുതല്‍ ടാറ്റ വരെയുള്ളവക്കും ബഹു ബ്രാന്‍ഡുകളുടെ ചില്ലറ വില്‍പ്പനയില്‍ 51 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചതിന്റെ (യു പി എ സര്‍ക്കാറിന്റെ കാലത്ത് നല്‍കിയ അനുമതിയെ അന്ന് ബി ജെ പി എതിര്‍ത്തിരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ ഈ അനുമതി തുടരാനാണ് തീരുമാനിച്ചത്) ആനൂകുല്യത്തില്‍ ഇന്ത്യയിലേക്ക് പ്രവേശിച്ച ബഹു രാഷ്ട്ര കമ്പനികള്‍ക്കുമാണ്.


ഇത്തരം കമ്പനികള്‍ക്ക് മുന്നില്‍ ജി എസ് ടി തുറന്നിടുന്ന അവസരം ഇത് മാത്രമല്ല. ഉത്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്ന് വാങ്ങി സംഭരിച്ച് ഒരു കേന്ദ്രത്തില്‍ നിന്ന് വിപണന ശൃംഖലകളിലേക്ക് എത്തിക്കാന്‍ കൂടുതല്‍ സൗകര്യം ഈ കമ്പനികള്‍ക്ക് പുതിയ സമ്പ്രദായം തുറന്നിടും.  മുമ്പ് ഓരോ സംസ്ഥാനത്തെയും നികുതിക്കനുസരിച്ച് വില രേഖപ്പെടുത്തി പ്രത്യേകം പ്രത്യേകം പാക്കറ്റുകളിലാക്കി വിപണനത്തിന് എത്തിക്കേണ്ടതുണ്ടായിരുന്നുവെങ്കില്‍ അത് ഒഴിവാകുകയാണ്. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിക്കുന്ന താങ്ങുവില അടിസ്ഥാനത്തിലുള്ള സംഭരണം എക്കാലത്തും പാളുന്നതാകയാല്‍ കര്‍ഷകരില്‍ നിന്ന് കുറഞ്ഞ വിലക്ക് ഉത്പന്നങ്ങള്‍ വാങ്ങിയെടുക്കാന്‍ ഈ കമ്പനികള്‍ക്ക് സാധിക്കും. ചില്ലറ വില്‍പ്പന ശാലകളിലേക്കുള്ള വിതരണം മൊത്തത്തില്‍ നടത്തുകയുമാകാം.


അസംഘടിത മേഖലയിലെ ചില്ലറ വില്‍പ്പന ശാലകളിലേക്ക് ഉത്പന്നങ്ങളെത്തുക പല കൈമറിഞ്ഞാണ്. ഓരോ കൈമറിയലിലും വില വര്‍ധിക്കുകയും ചെയ്യും. ഇതൊഴിവാകുന്നുവെന്നത് കൊണ്ട് ഉത്പന്നങ്ങള്‍ വിലകുറച്ച് വില്‍ക്കാന്‍ കുത്തക കമ്പനികള്‍ക്ക് സാധിക്കും. അവരതിന് മെനക്കെടുക കൂടി ചെയ്താല്‍ വിപണിയൊന്നാകെ അവരുടെ കൈകളില്‍ എത്തുന്നകാലം അകലെയല്ല. ഭാവിയില്‍ ഉത്പന്ന വില നിര്‍ണയിക്കാനുള്ള അധികാരം പൂര്‍ണമായി ഈ കമ്പനികളുടെ കൈകളിലേക്ക് നല്‍കുക കൂടിയാണ് ജി എസ് ടിയിലൂടെ കേന്ദ്രം ചെയ്യുന്നത്. സംസ്ഥാനങ്ങള്‍ക്ക് ഒരിടപെടലും സാധ്യമാകുകയുമില്ല.  പല നികുതികള്‍ ഒഴിവാകുകയും നികുതിക്ക് മേലുള്ള നികുതി ഇല്ലാതാകുകയും ചെയ്യുന്നതിലൂടെ ഉത്പന്ന വില കുറയുമെന്ന് ജനം വിശ്വസിക്കുമ്പോള്‍, വില നിശ്ചയിക്കാനുള്ള അധികാരം കുത്തകകള്‍ക്ക് തീറെഴുന്നത് ഭാവിയില്‍ ഉണ്ടാക്കാനിടയുള്ള അപകടത്തെക്കുറിച്ച് ആരും തത്കാലം ചിന്തിക്കില്ല. അതുകൊണ്ടാണ് പുതിയ സമ്പ്രദായം കേരളത്തിന് വരുമാനം കൂട്ടാനിടയുണ്ടെന്ന് ഇടതുനയത്തില്‍ വ്യതിചലനമില്ലാത്ത തോമസ് ഐസക്ക് ആവര്‍ത്തിക്കുന്നത്.


നികുതിക്കുമേല്‍ നികുതിയില്‍ നിന്ന് ജനത്തെ സംരക്ഷിക്കാന്‍ കച്ചകെട്ടിയ കേന്ദ്ര സര്‍ക്കാര്‍ പെട്രോളിയം ഉത്പന്നങ്ങളെ ജി എസ് ടിയില്‍ നിന്ന് നീക്കി നിര്‍ത്തി. പെട്രോള്‍ ലിറ്ററൊന്നിന് 20 രൂപയിലധികം എക്‌സൈസ് നികുതിയായി കേന്ദ്രം പിരിക്കുന്നു. ഇതുകൂടി ചേര്‍ത്തുള്ള വിലയിന്‍മേല്‍ സംസ്ഥാനങ്ങള്‍ വില്‍പ്പന നികുതി ചുമത്തുമ്പോള്‍ 14 രൂപയോളം ലിറ്ററിന് വീണ്ടും കൂടും. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞപ്പോള്‍ അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കാതെ എക്‌സൈസ് നികുതി പലതവണ കൂട്ടിയിരുന്നു നരേന്ദ്ര മോദി സര്‍ക്കാര്‍.  അതുകൊണ്ടാണ് പെട്രോളിന്റെയും ഡീസലിന്റെയും നികുതികള്‍ ഇത്രയും ഉയര്‍ന്നത്. ഇന്ധന വില കൂടുന്നത് അനുസരിച്ച് ട്രാന്‍സ്‌പോട്ടേഷന്‍ ചെലവ് കൂടും അതിനനുസരിച്ച് ഉത്പന്നവിലയും കൂടും. ഉത്പന്നവില കുറയണമെന്ന ആഗ്രഹമാണ് ഏകീകൃതനികുതിയിലേക്ക് മാറുന്നതിന് യഥാര്‍ത്ഥ കാരണമെങ്കില്‍ ഈ പട്ടികയില്‍ ആദ്യം ഉള്‍പ്പെടുത്തേണ്ടത് പെട്രോളിയം ഉത്പന്നങ്ങളെയായിരുന്നു. അതിന് തയ്യാറാകാതിരിക്കുകയും ഉത്പന്നങ്ങളുടെ വിലയിന്‍മേല്‍ സര്‍ക്കാറിന് യാതൊരു നിയന്ത്രണവുമില്ലാതിരിക്കുകയും ചെയ്യുമ്പോള്‍ കൊള്ളലാഭത്തിന് അവസരമുറപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.


ഈ ലാഭമുറപ്പാക്കലില്‍ വിപണിയുടെ അധികാരം കമ്പനികളില്‍ കേന്ദ്രീകരിക്കുമ്പോള്‍ സാമ്പത്തിക അധികാരം പൂര്‍ണമായും കേന്ദ്ര സര്‍ക്കാറില്‍ നിക്ഷിപ്തമാകുകയാണ്. സംസ്ഥാനങ്ങള്‍ക്ക് തനത് വരുമാന സ്രോതസ്സുകള്‍ ഇനി തീര്‍ത്തും പരിമിതമാണ്. അതായത് കേന്ദ്രത്തില്‍ നിന്നുള്ള ജി എസ് ടി വിഹിതത്തെ ആശ്രയിച്ച് മാത്രം പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ട അവസ്ഥയിലേക്ക് സംസ്ഥാനങ്ങളുടെ അധികാരം ചുരുങ്ങും. കേരളത്തിലെ കോഴിക്കച്ചവടക്കാരെ സംരക്ഷിക്കുന്നതിനാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന കോഴികള്‍ക്ക് കേരളം പ്രവേശന നികുതി ഏര്‍പ്പെടുത്തിയത്. ഇത്തരത്തില്‍ നികുതി ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് പിന്നീട് സുപ്രീം കോടതി വിധിക്കുകയും ചെയ്തു. ഇനി മേല്‍, ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് ഇത്തരം സംരക്ഷണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആര്‍ക്കും സാധിക്കാതെ വരും.


ഇന്ത്യന്‍ യൂണിയന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാറുകള്‍ ഭരിച്ചിരുന്ന കാലത്ത് കേന്ദ്ര അവഗണനക്കെതിരായ സമരങ്ങള്‍ ഇവിടെ സജീവമായിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ പുലര്‍ത്തിയിരുന്ന ജനാധിപത്യ മര്യാദ പ്രതീക്ഷിക്കാന്‍ സാധിക്കാത്ത സര്‍ക്കാറാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ളത് എന്നതിന് ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാറിനോട് അവര്‍ സ്വീകരിക്കുന്ന നിലപാട് തന്നെ ഉദാഹരണം.  അത്തരം നിലപാടുകള്‍ കേരളം പോലെ ബി ജെ പിക്ക് ഇനിയും ചുവടുറപ്പിക്കാന്‍ ഇടം കിട്ടാത്ത സംസ്ഥാനങ്ങളോട് സ്വീകരിക്കാനുള്ള സാധ്യത ഏറെയാണ്. അതിന് സാമ്പത്തിക അധികാരത്തെ ഉപയോഗപ്പെടുത്താനുള്ള സാധ്യത ഏറെയുമാണ്.


സ്റ്റേറ്റ് ബേങ്കുകളെ ലയിപ്പിച്ചതിന് പിറകെ മറ്റ് ചില ബേങ്കുകളെ കൂടി ലയിപ്പിക്കാന്‍ കേന്ദ്രം ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ പ്രക്രിയ എളുപ്പത്തിലാക്കുന്നതിന് പുതിയ കോര്‍പ്പറേഷന്‍ രൂപവത്കരിക്കുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുമുണ്ട്. അധികാരത്തിന്റെയും സമ്പത്തിന്റെയും കേന്ദ്രീകരണം കൂടുതല്‍ ശക്തമാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. അത്തരമൊരു സാഹചര്യത്തില്‍ ജി എസ് ടിയിലൂടെ സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാതാക്കപ്പെടുന്നതിന് വലിയ പ്രാധാന്യമുണ്ട്. വര്‍ഗീയ ഫാസിസത്തിന്റെ അടിത്തറയുള്ള ഏകാധിപത്യ പ്രവണതക്ക്  ആക്കം കൂട്ടുകയാണ് ഏകീകൃത നികുതി സമ്പ്രദായം. വിലകുറയുമെന്ന പ്രചാരണങ്ങള്‍ അതിന് തത്ക്കാലം മറയിടുന്നുവെന്ന് മാത്രം.

No comments:

Post a Comment