2013-11-28

പ്ലീനത്തിന്റെ ദൗര്‍ബല്യങ്ങള്‍


സി പി എമ്മിന്റെ കേരള ഘടകം പ്ലീനം സംഘടിപ്പിക്കാന്‍ തീരുമാനിച്ചതും അതിന് കേന്ദ്ര കമ്മിറ്റിയുടെ അനുമതി ലഭിച്ചതുമതൊന്നും യഥാകാലം പൊതുവായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായില്ല. അതുകൊണ്ടു തന്നെ പാലക്കാട്ടെ പ്ലീനത്തിന്റെ വിവരം പുറത്തുവന്നപ്പോള്‍, ഓര്‍ക്കാപ്പുറത്തൊരു പ്ലീനമെന്ന തോന്നലാണ് സൃഷ്ടിക്കപ്പെട്ടത്. പ്ലീനം വിളിച്ച് വ്യക്തത വരുത്താന്‍ പാകത്തില്‍, എന്ത് വെല്ലുവിളിയാണ് പാര്‍ട്ടി നേരിടുന്നത് എന്ന ചോദ്യമുയര്‍ന്നതിനൊപ്പം പ്രചരിപ്പിക്കപ്പെട്ട ഉത്തരം വി എസ് അച്യുതാനന്ദനെ പാര്‍ട്ടിയില്‍ നിന്നോ കുറഞ്ഞപക്ഷം പ്രതിപക്ഷനേതൃ സ്ഥാനത്തുനിന്നോ ഉച്ചാടനം ചെയ്യാനുള്ള വേദിയാണ് പാലക്കാട്ടേത് എന്നതായിരുന്നു. ഇതൊന്നുമല്ല, സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച്, പുതിയ കാലത്ത് കേരളം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ വെല്ലാന്‍ പാകത്തില്‍ പാര്‍ട്ടിയെ ഒരുക്കുക എന്നതാണ് ഉദ്ദേശ്യമെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മുഖപത്രത്തിലൂടെ വിശദീകരിച്ചു. ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പെരുമാറ്റച്ചട്ടം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗജന്യവും നിര്‍ബന്ധിതവുമായ പാര്‍ട്ടി വിദ്യാഭ്യാസം ഏര്‍പ്പെടുത്തുമെന്നും.


സംഘടനാപരമായ ദൗര്‍ബല്യമെന്നാല്‍ അത് സംഘടനയിലെ അംഗങ്ങളിലുണ്ടായ ദൗര്‍ബല്യമാണ്. ലക്ഷക്കണക്കായ അണികളില്‍ പത്തോ നൂറോ പേര്‍ ദുര്‍ബലരായാല്‍ അത് സംഘടനയെ ബാധിക്കില്ല. സംഘടനയെ ബാധിക്കും വിധത്തില്‍ ദൗര്‍ബല്യമുണ്ടായെങ്കില്‍ അണികളില്‍ വലിയൊരു വിഭാഗം, കമ്മ്യൂണിസ്റ്റ് രീതികളില്‍ നിന്ന് (പാര്‍ട്ടി ഭാഷയില്‍) അകന്നിരിക്കുന്നുവെന്നാണ് അര്‍ഥം. ഈ അകല്‍ച്ച മുന്‍കൂട്ടി മനസ്സിലാക്കി തിരുത്തുന്നതില്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്ന് കൂടിയാണ് അര്‍ഥം. അതുകൊണ്ടാണ് ഓര്‍ക്കാപ്പുറത്തൊരു പ്ലീനം വിളിച്ച് സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കേണ്ടിവരുന്നത്. അണികളുടെ വീഴ്ചകള്‍ മുന്‍കൂട്ടി മനസ്സിലാക്കി, ഉചിതമായ സമയത്ത് തിരുത്താന്‍ സാധിക്കുന്നില്ലെങ്കില്‍ ദൗര്‍ബല്യം നേതൃത്വത്തിനാണ്. അത് തിരുത്താതെ, അണികളെ തിരുത്തുക എളുപ്പമല്ല. സി പി എമ്മിലെ വലിയ വെട്ടിനിരത്തലിന് വേദിയായ പാലക്കാട്ട് പ്ലീനം അരങ്ങേറുമ്പോള്‍ അത്തരമൊരു തിരുത്തുണ്ടാകുമോ? പാര്‍ട്ടി കോണ്‍ഗ്രസുകള്‍ ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയ ദൗര്‍ബല്യങ്ങള്‍ തിരുത്തപ്പെടാതെ കിടക്കുമ്പോള്‍ പ്ലീനത്തിലൊരു പ്രതീക്ഷ വെക്കുന്നത് അബദ്ധമാകും.


ത്രിപുര മുഖ്യമന്ത്രിയായി തുടരുന്ന മണിക് സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ പാലക്കാട്ടെത്തിയ കഥ പാര്‍ട്ടി അംഗങ്ങളില്‍ ചിലര്‍ തന്നെ പറഞ്ഞുകേട്ടിട്ടുണ്ട്. സി പി എമ്മിന്റെ കേരളത്തിലെ എല്ലാ ജില്ലാ കമ്മിറ്റികളും ഒന്നിനൊന്ന് സമ്പന്നമാണ്. പാലക്കാട് ജില്ലാ കമ്മിറ്റിയും മോശമല്ല. ജില്ലാ ആസ്ഥാനത്ത് അന്നുണ്ടായിരുന്നതില്‍ വെച്ച് ഏറ്റവും മികച്ച ഹോട്ടലില്‍, മണിക് സര്‍ക്കാറിന് സൗകര്യമൊരുക്കി ജില്ലാ കമ്മിറ്റി. പക്ഷേ, ഈ സൗകര്യം സ്വീകരിക്കാന്‍ പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മണിക് സര്‍ക്കാര്‍ തയ്യാറായില്ല. ജില്ലാ കമ്മിറ്റി ഓഫീസിലെ മുറികളിലൊന്നില്‍ താമസിച്ചുകൊള്ളാമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്തായാലും ത്രിനക്ഷത്ര ഹോട്ടല്‍ മുറി മണിക് സര്‍ക്കാര്‍ ഉപേക്ഷിക്കുക തന്നെ ചെയ്തു. കോഴിക്കോട്ടെ പാര്‍ട്ടി കോണ്‍ഗ്രസിനെത്തിയപ്പോഴും സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലായിരുന്നു ഈ നേതാവിന്റെ താമസം. അതുകൊണ്ട് തന്നെ പാലക്കാട്ടെ കഥ കെട്ടിച്ചമച്ചതാകാന്‍ വഴിയില്ല. 34 കൊല്ലം തുടര്‍ച്ചയായി അധികാരത്തിലിരുന്ന പശ്ചിമ ബംഗാളില്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ ബിമന്‍ ബോസ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ താമസിക്കുകയും വസ്ത്രം സ്വയം കഴുകുകയും ചെയ്യുന്നു.


മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട്, മലമ്പുഴയില്‍ കന്നി മത്സരത്തിനെത്തിയ പൊളിറ്റ് ബ്യൂറോ അംഗം, പ്രചാരണക്കാലം മുഴുവന്‍ പ്രമുഖ വ്യവസായിയുടെ വസതിയില്‍ താമസിക്കുകയും ധനാഢ്യരുടെ വീടുകളില്‍ നിന്ന് മാത്രം ഭക്ഷണം കഴിക്കുകയും ചെയ്ത കാലത്തിന് ശേഷമായിരുന്നു മണിക് സര്‍ക്കാറിന്റെ പാലക്കാട് സന്ദര്‍ശനം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കായി കേരള സംസ്ഥാന കമ്മിറ്റി ഫഌറ്റ് സമുച്ചയം പണിതിട്ട് പതിറ്റാണ്ട് പിന്നിടുമ്പോഴാണ് ബംഗാളില്‍ സംസ്ഥാന സെക്രട്ടറി, വസ്ത്രം സ്വയം കഴുകി, സംസ്ഥാന കമ്മിറ്റി ഓഫീസിലെ മുറിയില്‍ ജീവിക്കുന്നത്.


മാറിയ കാലഘട്ടത്തിന്റെ സൗകര്യങ്ങളോടും അത് തുറന്നിടുന്ന അവസരങ്ങളോടും പ്രതികരിക്കാതെ ഇനിയുള്ള കാലത്ത് ജീവിക്കുക അസാധ്യമെന്നത് അംഗീകരിക്കേണ്ടതുണ്ട്. പക്ഷേ, ഈ കാലഘട്ടം തുറന്നിട്ട, ചൂഷണത്തിന്റെ അവസരങ്ങള്‍ കൂടി ഉപയോഗിക്കപ്പെടുത്തുകയും സമ്പത്ത് സമാഹരിക്കുകയും ചെയ്യാന്‍ പാര്‍ട്ടി അംഗങ്ങള്‍ തയ്യാറാകുന്നുവെന്നതാണ് വസ്തുത. അതില്‍ നിന്ന് അവരെ വിലക്കാന്‍ ഉചിതമായ സമയത്ത് ഇടപെടാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ല. അത്തരമൊരു ഇടപെടല്‍ വേണ്ടതാണെന്ന തോന്നല്‍ നേതൃത്വത്തിന് അപ്പോഴുണ്ടായതുമില്ല. ആ ചൂഷണത്തിന് അവസരമൊരുക്കാന്‍ പാകത്തിലുള്ള തീരുമാനങ്ങള്‍ അധികാര സ്ഥാനങ്ങളിലിരുന്ന നേതാക്കള്‍ കൈക്കൊള്ളുകയും ചെയ്തു.  സാമ്പത്തിക പരിഷ്‌കാരങ്ങളെയും ആഗോളവത്കരണത്തെയും എതിര്‍ക്കുകയും അതിന്റെ ഗുണഫലങ്ങളില്‍ അഭിരമിക്കുകയും ചെയ്തത് സ്വാഭാവികമായി സൃഷ്ടിച്ച വൈരുധ്യം, അണികള്‍ക്ക് പാര്‍ട്ടിയുടെ ദര്‍ശനങ്ങളോടുണ്ടായിരുന്ന ബാധ്യത ഇല്ലാതാക്കി. അടിസ്ഥാന വര്‍ഗത്തിന്റെ പാര്‍ട്ടിയായി അവകാശപ്പെട്ടിരുന്ന സി പി എം, ആ വിഭാഗത്തിന്റെ പ്രശ്‌നങ്ങളില്‍ നിന്ന് അകലുകയോ അധികാരത്തിലെത്തിയ കാലങ്ങളില്‍  സാമൂഹികക്ഷേമ പരിപാടികളിലൂടെ മാത്രം അവരുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുകയോ ആണുണ്ടായത്.


ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമിയുടെയും മറ്റും കാര്യത്തില്‍, കുടിയേറ്റ വോട്ട് ബേങ്കിനെ തൃപ്തിപ്പെടുത്താനായി നിഷേധാത്മക നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തു. ഇത്തരം നിലപാടുകള്‍, പാര്‍ലിമെന്ററി രാഷ്ട്രീയത്തില്‍ ഹ്രസ്വകാല നേട്ടം പോലുമുണ്ടാക്കിക്കൊടുത്തില്ലെന്നാണ് ഇതുവരെയുള്ള ചരിത്രം. അടിസ്ഥാന വര്‍ഗത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളെ കണ്ണടച്ചില്ലാതാക്കിയതു  മൂലം പാര്‍ട്ടിയുടെ സ്വഭാവം ഇല്ലാതാകുകയും ചെയ്തു. അടിസ്ഥാനവര്‍ഗം തന്നെ പാര്‍ലിമെന്ററി രാഷ്ട്രീയത്തില്‍ അനിവാര്യമായ തിരഞ്ഞെടുപ്പ് വിജയം സാധ്യമാക്കാന്‍ സഹായിക്കാത്ത വിധം ചുരുങ്ങിയത് ആ വിഭാഗത്തെ വേണ്ടവിധത്തില്‍ പരിഗണിക്കാതെ, ഇടച്ചേരിക്കാരിലേക്ക് ശ്രദ്ധയൂന്നാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചു. ഇത്തരം നിലപാടുകളിലൊന്നിലും മാറ്റമുണ്ടാക്കാന്‍ പ്ലീനം ലക്ഷ്യമിടുന്നില്ല.


പ്ലീനത്തിന് മുന്നോടിയായി എഴുതിയ ലേഖനത്തില്‍ കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ജനാധിപത്യവിരുദ്ധമായി നടപ്പാക്കാന്‍ ശ്രമിക്കുന്നതിനെ പിണറായി വിജയന്‍ കുറ്റപ്പെടുത്തുന്നുണ്ട്. കുടിയേറ്റക്കാരുടെ വോട്ടും ക്രിസ്തീയ സഭകള്‍ക്ക് സി പി എമ്മിനോടുള്ള മനോഭാവത്തിലൊരു മാറ്റവും പ്രതീക്ഷിച്ച് പരിസ്ഥിതിക്കും അവിടുത്തെ യഥാര്‍ഥവാസികള്‍ക്കും വിരുദ്ധമായ നിലപാട് സ്വീകരിക്കുകയാണ് സി പി എം. ഈ പക്ഷത്ത് നില്‍ക്കുന്ന പാര്‍ട്ടിക്ക് അനിയന്ത്രിതമായി തുടരുന്ന ഖനന, ക്വാറി പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നീങ്ങാന്‍ സാധിക്കുമോ? മണല്‍ ഖനനത്തിനെതിരെ നീങ്ങാന്‍ സാധിക്കുമോ? ഇല്ലെന്ന് ആവര്‍ത്തിച്ച് തെളിയിക്കുന്നതാണ്, സ്വകാര്യ മേഖലയില്‍ കരിമണല്‍ ഖനനം അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് നടന്ന സമരത്തില്‍ ഗ്രൂപ്പ് ഭിന്നത കൂടാതെ സി പി എം നേതാക്കള്‍ പങ്കെടുത്തത്. രാഷ്ട്രീയ നിലപാടുകള്‍ ശരിയാക്കാതെ എങ്ങനെയാണ് സി പി എം, അണികളുടെ ദൗര്‍ബല്യത്തെ നീക്കി, സംഘടനാപരമായ കരുത്ത് ആര്‍ജിക്കുക എന്നത് മനസ്സിലാക്കാന്‍ പ്രയാസമുള്ളതാണ്.


പ്രകൃതിവിഭവങ്ങളുടെ അമിത ചൂഷണം ക്വാറി ഖനനം, മണല്‍ ഖനനം, റിയല്‍ എസ്റ്റേറ്റ്, വിനോദ സഞ്ചാര വികസനം എന്നിങ്ങനെ കേരളത്തില്‍ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന മേഖലകളിലെല്ലാമുണ്ട്. ഇവയെല്ലാം തന്നെ അധികൃതമോ അനധികൃതമോ ആയ ഊഹവിപണികളെ വളര്‍ത്തിവലുതാക്കിയിട്ടുണ്ട്. ഈ വിപണിയുടെ ശൃംഖല സി പി എം അണികളിലേക്ക് ആഴത്തില്‍ വ്യാപിച്ചിട്ടുണ്ട്. ഈ ശൃംഖലയില്‍ പങ്കാളികളാണെന്ന ആരോപണം പാര്‍ട്ടിയുടെ നേതൃനിരയിലുള്ള ചിലര്‍ക്കെങ്കിലുമെതിരെ ഉയര്‍ന്നിരിക്കുന്നു. ലിസ് നക്ഷേപത്തട്ടിപ്പ് നടത്തിയവര്‍, അനധികൃത ഇടപാടുകള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ പാര്‍ട്ടി നേതാക്കളെ കൈക്കൂലിയുമായി സമീപിച്ചത്, ശൃംഖലയുടെ കണ്ണികള്‍ അവിടെയുള്ളതുകൊണ്ടാണ്. സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് മുഖപത്രം രണ്ട് കോടി രൂപ ബോണ്ടായി സ്വീകരിച്ചതും ഭൂട്ടാന്‍ ലോട്ടറിയുടെ ഫലപ്രഖ്യാപനം പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചാനലില്‍ നിരന്തരം സംപ്രേഷണം ചെയ്തതുമൊക്കെ ഇത്തരം ശൃംഖലകളുടെ കണ്ണികളുണ്ടായതുകൊണ്ടാണ്.


ലിസും ലോട്ടറിയുമൊക്കെ പുറത്തുവന്നപ്പോള്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കാനും തിരുത്താനും സി പി എം തയ്യാറായി എന്നത് അംഗീകരിക്കുന്നു. മറ്റൊരു രാഷ്ട്രീയപാര്‍ട്ടിയില്‍ നിന്നും ഈ ഉത്തരവാദിത്വം ഇക്കാലത്ത് പ്രതീക്ഷിക്കുകയും വയ്യ. പക്ഷേ, പുറത്തറിഞ്ഞ ഇത്തരം ഇടപാടുകള്‍ക്കപ്പുറത്ത് ചെറുതും വലുതുമായ ഇടപാടുകള്‍ വേറെയും നടക്കുന്നുണ്ട്. അത് നിയന്ത്രിക്കാന്‍ സാധിക്കാത്ത വിധം വലുതായിരിക്കുന്നു. അണികളെ നിയന്ത്രിക്കാന്‍ സാധിക്കണമെങ്കില്‍, ഇത്തരം ഇടപാടുകളില്‍ നിന്ന് നേതാക്കള്‍ വിട്ടുനില്‍ക്കണം. അതില്ലെന്ന തോന്നല്‍ അണികള്‍ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലുമുണ്ടായിരിക്കുന്നു. ദല്ലാള്‍ ബൂര്‍ഷ്വാസിയുടെ സ്ഥാനത്താണ് നേതാക്കളും (എല്ലാവരുമല്ല) പാര്‍ട്ടി അണികളും പാര്‍ട്ടി എന്ന സ്ഥാപനവും ഇപ്പോള്‍ നില്‍ക്കുന്നത്. അതിലൊരു മാറ്റമുണ്ടാകാതെ, പ്ലീനത്തിന്റെ കല്‍പ്പനകള്‍ ഫലം കാണില്ല.


നേതാക്കള്‍ ആഡംബരജീവിതരീതികളുടെ അടിമകളാകുന്നു, പാര്‍ലിമെന്ററി വ്യാമോഹം നേതാക്കള്‍ക്കിടയില്‍ വര്‍ധിക്കുന്നു എന്നു തുടങ്ങി, കഴിഞ്ഞ രണ്ട് പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ ആവര്‍ത്തിച്ച സ്വയം വിമര്‍ശങ്ങള്‍, ഫലമെന്തെങ്കിലുമുണ്ടാക്കിയിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. മൂവായിരം രൂപയുടെ ചെരുപ്പ് വാങ്ങുന്ന ചിത്രം, ഏറ്റവും പ്രചാരമുള്ള പത്രത്തിന്റെ മുന്‍പേജില്‍ അച്ചടിച്ച് കാണാന്‍ ആഗ്രഹിക്കുന്നവരും കണ്ടല്‍ സമൃദ്ധമായ ദ്വീപുകള്‍ വന്‍കിട വ്യവസായികള്‍ക്ക് തീറെഴുതുന്നതിന് ചുക്കാന്‍ പിടിക്കുന്നവരും ഇപ്പോഴുമുണ്ട് പാര്‍ട്ടിയുടെ നേതൃനിരയില്‍.
ആദര്‍ശനിഷ്ഠവും പ്രത്യയശാസ്ത്രബന്ധിതവുമായ ഒരു ഭൂതകാലമുണ്ടായിരുന്നുവെന്ന ഗൃഹാതുരത്വത്തിന്റെ കാവലുണ്ട് ഇപ്പോഴും പാര്‍ട്ടിക്ക്. ആ കാവല്‍ തുടരണമെന്ന് പൊതുസമൂഹം ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഉയരുന്ന വലിയ അഴിമതി ആരോപണത്തേക്കാള്‍, ഇടത് നേതാക്കള്‍ക്കെതിരായ ചെറിയ ആരോപണത്തിന് വലിയ പ്രാധാന്യം ലഭിക്കുന്നത്. ഈ കാവലില്‍ തന്നെയാണ് തങ്ങളെന്ന് ബോധ്യപ്പെടുത്താന്‍ സി പി എം നിരന്തരം ശ്രമിക്കുന്നുണ്ട്. അതിന്റെ മറ്റൊരു വേദി മാത്രമാണ് പാലക്കാട്ടെ പ്ലീനം. അതങ്ങനെ അല്ലാതാകണമെങ്കില്‍ വലിയ അത്ഭുതങ്ങള്‍ സംഭവിക്കണം. മണിക് സര്‍ക്കാറും ബിമന്‍ ബോസുമൊക്കെ ഇപ്പോഴും കാട്ടുന്ന ഇച്ഛാശക്തിയുണ്ടാകണം.