2013-11-08

ലാവ്‌ലിന്‍ 'വിജയ'ഗാഥ


ആന്ധ്രയില്‍ നിന്ന് അരി ഇറക്കുമതി ചെയ്തതില്‍ അഴിമതി നടന്നുവെന്ന ആരോപണം മുതല്‍ ഇന്നോളം കേരളത്തിലുയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ വളരെ കുറച്ചെണ്ണത്തില്‍ മാത്രമാണ് കുറ്റം തെളിയിക്കപ്പെടുകയോ പ്രതികള്‍ ശിക്ഷിക്കപ്പെടുകയോ ചെയ്തിരിക്കുന്നത്. രാഷ്ട്രീയത്തിലെ ഉയര്‍ന്ന നേതാക്കള്‍ ഉള്‍പ്പെട്ട കേസുകളില്‍, ശിക്ഷിക്കപ്പെട്ടത് ആര്‍ ബാലകൃഷ്ണ പിള്ളയെന്ന കേരള കോണ്‍ഗ്രസ്/യു ഡി എഫ് നേതാവ് മാത്രമായിരിക്കും. നീതി ചെയ്താല്‍ മാത്രം പോരാ, ചെയ്തത് നീതിയാണെന്ന് ബോധ്യപ്പെടുത്തുക കൂടി വേണമെന്നാണ് ജൂഡീഷ്യറിയുടെ കാര്യത്തിലുള്ള മാനദണ്ഡം. അഴിമതിക്കേസുകളില്‍ ഉള്‍പ്പെടുന്ന രാഷ്ട്രീയ നേതാക്കളുടെ കാര്യത്തിലും ഏതാണ്ട് ഇതു തന്നെയാണ് സ്ഥിതി. അഴിമതിക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് കോടതിയുടെ തീര്‍പ്പുണ്ടായാല്‍ മാത്രം പോരാ, ആ തീര്‍പ്പുണ്ടാകുന്നതില്‍ അവിഹിതമായ ഇടപെടലുകളുണ്ടായിട്ടില്ലെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുക കൂടി വേണം. അത്തരമൊരു ബോധ്യപ്പെടല്‍ ജനങ്ങള്‍ക്കുണ്ടായത് അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമായിരിക്കും. കേരളത്തില്‍ അത്തരമൊരു ബോധ്യപ്പെടല്‍ അടുത്ത കാലത്തൊന്നുമുണ്ടായിട്ടുണ്ടാകാന്‍ ഇടയില്ല.


എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ ആരോപണവിധേയനാക്കാനുള്ള സി ബി ഐയുടെ തീരുമാനം ചോദ്യം ചെയ്ത് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മറ്റുള്ളവരും നല്‍കിയ ഹരജി സി ബി ഐ പ്രത്യേക കോടതി അംഗീകരിച്ചപ്പോഴും സ്ഥിതി ഭിന്നമല്ല. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ പദ്ധതികളുടെ നവീകരണത്തിന് ക്യാനഡയിലെ എസ് എന്‍ സി ലാവ്‌ലിന്‍ കമ്പനിയുമായി 1991-96 കാലത്തെ യു ഡി എഫ് സര്‍ക്കാറുണ്ടാക്കിയ കണ്‍സല്‍ട്ടന്‍സി കരാര്‍, 1996-2001 കാലത്തെ എല്‍ ഡി എഫ് സര്‍ക്കാര്‍ നടത്തിപ്പ് കരാറാക്കുകയും അറ്റകുറ്റപ്പണിക്ക് വേണ്ട ഉപകരണങ്ങള്‍ ക്യാനഡയില്‍ നിന്ന് വാങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു. ഉപകരണങ്ങള്‍ അവിടെ നിന്ന് വാങ്ങുന്നതിന് പ്രത്യുപകാരമായി തലശ്ശേരിയിലൊരു ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് 100 കോടി രൂപ സമാഹരിച്ച് നല്‍കാമെന്ന സഹായ വാഗ്ദാനം കാനഡയിലെ ഏജന്‍സി നല്‍കുകയും ചെയ്തു. 370ലേറെ കോടി രൂപ ചെലവാക്കി മൂന്ന് ജലവൈദ്യുത പദ്ധതികള്‍ നവീകരിച്ചത് വഴി, ഉദ്ദേശിച്ച ഉത്പാദന വര്‍ധന ഉണ്ടായില്ലെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി) പരിശോധനാ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി. തലശ്ശേരിയിലെ ക്യാന്‍സര്‍ സെന്ററിനായി വാഗ്ദാനം ചെയ്ത 100 കോടി രൂപയില്‍ ആകെ ലഭിച്ചത് എട്ട് കോടി മാത്രമാണെന്നും വ്യക്തമാക്കപ്പെട്ടു. ഇത് രണ്ടുമാണ് ദശകത്തോളം നീണ്ട ആരോപണപ്രത്യാരോപണങ്ങള്‍ക്കും (നടന്നത് വേട്ടയാടലാണെന്ന് പിണറായി വിജയന്‍) കേസിനും  കാരണമായത്.


ഉദ്ദേശിച്ച ഉത്പാദന വര്‍ധനയുണ്ടായില്ലെന്ന് സി എ ജി പറയുമ്പോള്‍ ചെലവഴിച്ച 370 കോടി രൂപയും നഷ്ടമായെന്ന് അര്‍ഥമുണ്ടോ? ക്യാന്‍സര്‍ സെന്ററിനുള്ള ധനസഹായം നേടിയെടുക്കാന്‍ പാകത്തിലൊരു കരാര്‍ ഉണ്ടാക്കാതിരുന്നത് ബോധപൂര്‍വമാണോ? ഇവയിലൂടെ അവിഹിതമായ നേട്ടം പിണറായി വിജയനുള്‍പ്പെടെ ആരോപണവിധേയരായവര്‍ ഉണ്ടാക്കിയോ; അല്ലെങ്കില്‍ ഇവരിലൂടെ സി പി എമ്മിനോ മറ്റോ നേട്ടമുണ്ടായോ? ഈ ചോദ്യങ്ങളുടെ ഉത്തരമാണ് ജനങ്ങള്‍ക്ക് യഥാര്‍ഥത്തില്‍ ലഭിക്കേണ്ടത്. ഇതില്‍ സാമ്പത്തിക നേട്ടം പിണറായിക്കുണ്ടായിട്ടില്ലെന്ന് സി ബി ഐ തന്നെ കുറ്റപത്രത്തില്‍ പറഞ്ഞിട്ടുണ്ട്. മറ്റ് ചോദ്യങ്ങള്‍ക്കൊന്നും വിടുതല്‍ ഹരജി അനുവദിച്ച് സി ബി ഐ പ്രത്യേക കോടതി ഉത്തരവ് പുറപ്പെടുവിച്ചപ്പോഴും  വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. അല്ലെങ്കില്‍ ഉത്തരം ലഭിച്ചുവെന്ന തോന്നല്‍ ഏറെക്കുറെ നിഷ്പക്ഷമായി ഈ കേസിനെ നോക്കിക്കാണുന്നവര്‍ക്കുണ്ടായിട്ടില്ല. അതെന്തുകൊണ്ട് എന്ന് അന്വേഷിക്കുന്നതിന് മുമ്പ്, ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടണമെന്നുള്ള ഉദ്ദേശ്യം ഈ കേസിലുള്‍പ്പെട്ട കക്ഷികള്‍ക്കുണ്ടായിരുന്നോ എന്നാണ് ആദ്യം പരിശോധിക്കേണ്ടത്.


കേരളം കണ്ട ഏറ്റവും വലിയ അഴിമതിയെന്ന് (370ലേറെ കോടി രൂപയെന്ന കണക്കില്‍) കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചപ്പോള്‍ കരാറിന് മുന്‍കൈ എടുത്ത വൈദ്യുതി മന്ത്രി ജി കാര്‍ത്തികേയനോ അന്ന് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയോ (അഴിമതിയോ അഴിമതിയുണ്ടെന്ന ആരോപണമോ സഹിക്കാത്തയാളായി ആന്റണി തുടര്‍ന്നിരുന്ന കാലം) ഈ ആരോപണത്തെ പിന്തുണക്കകയോ ഏറ്റുപാടുകയോ ചെയ്തിരുന്നില്ല. ജനകീയാസൂത്രണ പദ്ധതിയിലെ വൈദേശിക ഇടപെടലിന്റെ തെളിവായി 19 കോടി രൂപയുടെ സഹായം ചൂണ്ടിക്കാട്ടുകയും നാലാം ലോക വാദികളായി നേതൃത്വം മാറിയെന്ന് ആരോപിക്കുകയും ചെയ്ത് മലപ്പുറം സമ്മേളനത്തില്‍ പാര്‍ട്ടി പിടിക്കാന്‍ ശ്രമിച്ച വി എസ് അച്യുതാനന്ദന്‍, വലിയ പരാജയം ഏറ്റുവാങ്ങിയതിന് പിറകെയാണ് സി പി എമ്മിലെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ലാവ്‌ലിന്‍ ശക്തമായ ആയുധമാകുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ നിരന്തരം നടത്തിയിരുന്ന പ്രചാരണങ്ങളിലൂടെ സൃഷ്ടിക്കാന്‍ സാധിക്കാതിരുന്ന ഗൗരവം, സി എ ജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി, നേരിട്ടും അല്ലാതെയും വി എസ് നടത്തിയ പ്രസ്താവനകളിലൂടെ ലാവ്‌ലിന്‍ അഴിമതി ആരോപണത്തിന് കൈവന്നു. ലിസ് കോഴ, അന്യ സംസ്ഥാന ലോട്ടറികളുടെ മൊത്ത വിതരണക്കാരന്‍ സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് സി പി എം മുഖപത്രമായ ദേശാഭിമാനി മുന്‍കൂറായി സ്വീകരിച്ച രണ്ട് കോടി രൂപ, സംസ്ഥാനത്തെ ധനാഢ്യരുമായി പാര്‍ട്ടി നേതാക്കള്‍ക്കുണ്ടായിരുന്ന ബന്ധം കൂടുതലായി പുറത്തുവന്നത്, നേതാക്കളുടെ ജീവിതരീതിയിലുണ്ടായ ആഡംബരത്തിന്റെ സാന്നിധ്യം എന്നിങ്ങനെ പല കാരണങ്ങളാല്‍ സൃഷ്ടിക്കപ്പെട്ട അന്തരീക്ഷം, വി എസ്സിന്റെ വാക്കുകള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത സൃഷ്ടിക്കുകയും ചെയ്തു.


അഴിമതി ആരോപണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പ്രഖ്യാപിച്ച നേതാവും പാര്‍ട്ടിയും, സി ബി ഐ അന്വേഷണമെന്ന ഹരജിയെ എതിര്‍ക്കാന്‍, സര്‍ക്കാര്‍ ചെലവില്‍ സുപ്രീം കോടതിയില്‍ നിന്നുള്ള മുതിര്‍ന്ന അഭിഭാഷകനെ വരുത്തിയപ്പോള്‍ മടിയില്‍ കനമുണ്ടെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടായാല്‍ അത്ഭുതമില്ല. സി ബി ഐ, പ്രോസിക്യൂഷന് അനുമതി തേടിയപ്പോള്‍ അത് നല്‍കരുതെന്ന് മന്ത്രിസഭക്ക് പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കിയപ്പോള്‍ ഈ തോന്നലിന് വിശ്വാസ്യത ഏറുകയും ചെയ്തു. മന്ത്രിസഭയുടെ ശിപാര്‍ശ തള്ളിക്കൊണ്ട് ഗവര്‍ണര്‍ നല്‍കിയ പ്രോസിക്യൂഷന്‍ അനുമതി ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചതടക്കം നിയമ നടപടികള്‍, (ഗവര്‍ണറുടെ നടപടി നിയമപരമാണോ ജനായത്തരീതിയില്‍ അഭികാമ്യമാണോ എന്നീ സംശയങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ) വിചാരണയില്‍ നിന്ന് ഒഴിവാകാന്‍ നടത്തിയ അവസാന പരിശ്രമങ്ങളായി വീക്ഷിക്കപ്പെട്ടത് സ്വാഭാവികം. ഇത്തരം ശ്രമങ്ങളില്ലായിരുന്നുവെങ്കില്‍, വിടുതല്‍ ഹരജി കുറേക്കൂടി നേരത്തെ സമര്‍പ്പിക്കാമായിരുന്നു. കേസ് നീട്ടിക്കൊണ്ടുപോകാനും പരമാവധികാലം തന്നെ അതില്‍ കുടുക്കിനിര്‍ത്താനും ശ്രമമുണ്ടായി എന്ന് പിണറായി വിജയന്‍ ഇപ്പോള്‍ പറയുമ്പോള്‍ അതില്‍ അദ്ദേഹത്തിന്റെ തന്നെ സംഭാവന ഏറെയുണ്ടെന്ന് ചുരുക്കം.


ബാലാനന്ദന്‍, സുബൈദ കമ്മിറ്റി റിപ്പോര്‍ട്ടുകളുടെ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിലും പരക്കെ പ്രചരിപ്പിക്കപ്പെട്ട അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലും കൃതികള്‍ രചിച്ചവരാണ് ഇതിലേക്ക് സംഭാവന ചെയ്തവരില്‍ മറ്റൊരു  വിഭാഗം. പല കാരണങ്ങളാല്‍ സി പി എമ്മിന്റെ ഔദ്യോഗിക വിഭാഗവുമായി അകന്നവരാണ് ഇവരിലേറെയും. ഇടതുപക്ഷത്തിന്റെ വലതു വ്യതിയാനത്തില്‍ ആത്മാര്‍ഥമായ ഖേദം തോന്നിയവരുണ്ട്. വി എസ് അച്യുതാനന്ദന്റെ നിലപാടുകളോട് യോജിച്ച് നില്‍ക്കുന്നുവെന്ന് പറയുന്നത് ഫാഷനായി കണ്ടവരുണ്ട്. പ്രശസ്തനോ പ്രത്യയശാസ്ത്ര വിശാരദനോ ആകാന്‍ ചുളുവില്‍ ലഭിച്ച അവസരമായി ലാവ്‌ലിന്‍ ആരോപണങ്ങളെ പ്രയോജനപ്പെടുത്തിയവരുമുണ്ട്. രാഷ്ട്രീയ കാരണങ്ങള്‍ക്കൊപ്പം വ്യക്തിപരമായ കാരണങ്ങളുമുണ്ടായിരുന്നു അഴിമതി ആരോപണത്തിന് സാധുതയേകും വിധത്തില്‍ സംസാരിച്ചതിന്. അതിനപ്പുറത്ത് നേരത്തെ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വസ്തുതാപരമായ ഉത്തരം വേണമെന്ന നിര്‍ബന്ധം ഇവരില്‍ പലര്‍ക്കുമുണ്ടായിരുന്നോ എന്നത് സംശയമാണ്.


സി പി എമ്മിന്റെ ഔദ്യോഗിക നേതൃത്വം പ്രതിനിധാനം ചെയ്യുന്ന അഴിമതിയുടെയും ക്രമവിരുദ്ധതയുടെയും പ്രതീകമായി ലാവ്‌ലിന്‍ അഴിമതിയെ ചൂണ്ടിക്കാണിക്കുകയും അതിനെ പുറത്തുകൊണ്ടുവരാതെ വിശ്രമമില്ലെന്ന് പ്രഖ്യാപിക്കുകയുമാണ് വി എസ് അച്യുതാനന്ദനെന്ന് പ്രഘോഷിക്കുകയും ചെയ്ത മാധ്യമങ്ങളാണ് മറ്റൊരു വിഭാഗം. ആ നിലപാടില്‍ അവര്‍ ഉറച്ച് നിന്നിരുന്നുവെങ്കില്‍ വിടുതല്‍ ഹരജി തള്ളിക്കൊണ്ടുള്ള കോടതി വിധി വന്നതോടെ, സി പി എമ്മിലെ വിഭാഗീയ തര്‍ക്കങ്ങളില്‍ മേല്‍ക്കൈ നേടാന്‍ ലാവ്‌ലിന്‍ കേസിനെ വി എസ് ഉപയോഗിച്ചുവെന്ന് മാധ്യമങ്ങള്‍ സംഘഗാനം ആലപിക്കില്ലായിരുന്നു. വസ്തുത പുറത്തുവരണമെന്ന നിര്‍ബന്ധം അവര്‍ക്കുമുണ്ടെന്ന് തോന്നുന്നില്ല. അതിനപ്പുറത്ത് ഈ കേസ് ഇനിയും സൃഷ്ടിക്കാനിടയുള്ള വിവാദസമൃദ്ധതയിലാണ് താത്പര്യം. ഒരുപക്ഷേ, അതില്‍ മാത്രവും.


നാളെ, വിടുതര്‍ ഹരജി അനുവദിച്ച സി ബി ഐ പ്രത്യേക കോടതിയുടെ വിധി ഹൈക്കോടതി അസ്ഥിരപ്പെടുത്തിയേക്കാം. മുമ്പ് പറഞ്ഞതെല്ലാം അപ്രസക്തമായെന്നും കൂടുതല്‍ പറയുമെന്ന് കരുതി കാത്തുനില്‍ക്കേണ്ടെന്നും ഇപ്പോള്‍ പറഞ്ഞ വി എസ് അച്യുതാനന്ദന്‍, 'ഞാന്‍ പറഞ്ഞതെല്ലാം ശരിയായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞില്ലേ എന്ന് തിരുത്തിച്ചോദിച്ചേക്കാം.' പഴയ കൃതികളിലെ വാക്കും വാക്യവും ചൂണ്ടിക്കാട്ടി,  'ഞങ്ങളുടെ വാദം ശരിയായിരുന്നില്ലേ എന്ന് പറഞ്ഞേക്കാം.' വിഭാഗീയ മത്സരത്തില്‍ വിജയിക്കാനുള്ള ആയുധമായി ലാവ്‌ലിനെ വി എസ് ഉപയോഗിച്ചുവെന്ന് ഇപ്പോള്‍ ആര്‍ത്തുവിളിക്കുന്നവര്‍ വീണ്ടും അഴിമതിക്കെതിരായ വി എസ്സിന്റെ യുദ്ധത്തിലെ വര്‍ണോജ്ജ്വല അധ്യായമെന്ന് വിശേഷിപ്പിച്ച് രംഗത്തുവരാം.


ലാവ്‌ലിനെ ഉപേക്ഷിച്ച,് പാമോലിന്‍ കേസിലെത്തിയാലും ഇത്തരം വൈരുദ്ധ്യങ്ങള്‍ ധാരാളം കാണം. കേസ് വൈകിപ്പിക്കാനോ അട്ടിമറിക്കാനോ നടന്ന ശ്രമങ്ങള്‍. പിന്‍വലിക്കലും പുനസ്ഥാപിക്കലും വീണ്ടും പിന്‍വലിക്കലുമൊക്കെ. കോണ്‍ഗ്രസ് ഗ്രൂപ്പിസത്തിന്റെ (സി പി എമ്മിലെ വിഭാഗീയതയോളം കാര്‍ക്കശ്യവും വൈരനിര്യാതനബുദ്ധിയും വാര്‍ത്താഗൗരവവും അതിനില്ലെങ്കിലും) ഏറിയും കുറഞ്ഞുമുള്ള സാന്നിധ്യം അവിടെയുമുണ്ട്. രണ്ട് ദശകം പൂര്‍ത്തിയായിട്ടും പാമൊലിന്‍ ഇടപാടില്‍ സര്‍ക്കാര്‍ ഖജാനക്ക് നഷ്ടമുണ്ടായോ, ഉണ്ടായെങ്കില്‍ അതിന്റെ ഉത്തരവാദിയാരാണ് എന്നിവയൊന്നും കണ്ടെത്താനായിട്ടില്ല. ഇനി കണ്ടെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷ ആരെങ്കിലും വെച്ചുപുലര്‍ത്തുന്നുണ്ടോ ആവോ? ഇത്രയും കാലം പിന്തുടര്‍ന്നുവെന്നത് കൊണ്ട് വി എസ് അച്യുതാനന്ദന്‍ ഒരുപക്ഷേ പ്രതീക്ഷിക്കുന്നുണ്ടാകും. എസ് എന്‍ സി ലാവ്‌ലിന്‍ കേസിലേതുപോലൊരു വിടുതല്‍ ഉത്തരവ് പാമൊലിന്‍ കേസില്‍ ഉണ്ടായാല്‍ വി എസ് അംഗീകരിക്കുമായിരുന്നുമില്ല. ഉന്നത രാഷ്ട്രീയ നേതാക്കളുള്‍പ്പെട്ട അഴിമതിക്കേസുകള്‍ രാഷ്ട്രീയപ്രബുദ്ധമായ കേരളം കൈകാര്യം ചെയ്യുമ്പോള്‍ ഇതിലധികമൊന്നും ഭാവിയിലും ഉണ്ടാകില്ല.


ലാവ്‌വിന്‍ കേസിലെ നഷ്ടപ്പെട്ട 370ലേറെ കോടി ഉദ്ദേശിച്ച ഫലം ലഭ്യമാക്കിയോ എന്ന് അന്വേഷിക്കുമ്പോള്‍ അന്ന് കേരളത്തിലുണ്ടായിരുന്ന വൈദ്യുതി ലഭ്യതയെക്കുറിച്ച് ഓര്‍ക്കേണ്ടതുണ്ട്. അത്രയും തുക ചെലവഴിച്ചില്ലായിരുന്നുവെങ്കില്‍ ഈ മൂന്ന് പദ്ധതികളുടെ ഇന്നത്തെ സ്ഥിതി എന്താകുമായിരുന്നുവെന്നും പഠിക്കേണ്ടതുണ്ട്. അതൊന്നും നടക്കുന്നില്ലെങ്കില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അവശേഷിക്കലാകും ഫലം.