2014-02-25

അമൃതാനന്ദ'മാ'യം


അമൃതാനന്ദമയിയെക്കുറിച്ചും അവരുടെ ആശ്രമത്തെക്കുറിച്ചും മുന്‍കാലത്തും ഇപ്പോഴുമുയര്‍ന്ന ആരോപണങ്ങള്‍ ഏതെങ്കിലും വിധത്തില്‍ മതവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നുണ്ടോ? ലൈംഗിക അതിക്രമം, അനധികൃത സ്വത്ത് സമ്പാദനം, സമ്പാദ്യത്തിന്റെ ദുരുപയോഗം, ഭൂമി കൈയേറ്റം എന്ന് തുടങ്ങിയ ആരോപണങ്ങള്‍ എങ്ങനെയാണ് മതത്തിനും ഹിന്ദു ധര്‍മ സ്ഥാനപങ്ങള്‍ക്കും എതിരായി മാറുക? ആരോപണങ്ങള്‍ക്ക് ഈ സ്വഭാവം ചാര്‍ത്തിനല്‍കാന്‍ ശ്രമിക്കുന്നവര്‍ ലക്ഷ്യമാക്കുന്നത് എന്താണ്?


ഗായത്രി എന്ന് മഠം പുനര്‍നാമകരണം നടത്തിയ ഗെയില്‍ ട്രെഡ്‌വെല്‍ എന്ന ആസ്‌ത്രേലിയക്കാരി തന്റെ പുസ്തകത്തില്‍ അമൃതാനന്ദമയിക്കും ആശ്രമത്തിനും അതിന്റെ നേതൃതലത്തിലുള്ളവര്‍ക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങളാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ഈ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമുണ്ടോ എന്നറിയാന്‍ ചില മാധ്യമങ്ങളെങ്കിലും നടത്തിയ ശ്രമങ്ങളും. ഈ ആരോപണങ്ങളോട് തുടക്കത്തില്‍ മൗനം പാലിച്ച അമൃതാനന്ദമയിയും മഠവും പിന്നീട് നടത്തിയ പ്രതികരണത്തിലെ പ്രധാന പരാമര്‍ശങ്ങള്‍ ഇവയാണ്. ''വിചാരിച്ച കാര്യങ്ങള്‍ നടക്കാതെ വരുമ്പോള്‍ പലരും പലതും പറഞ്ഞു നടക്കുന്നുണ്ട്'', ''മറ്റ് പലരും ത്യാഗത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഒന്നും പ്രവര്‍ത്തിക്കുന്നില്ല. മക്കളെല്ലാവരും ജീവന്‍മുക്തരായവരോ വേദം പഠിച്ചവരോ അല്ല. അവര്‍ക്ക് പലകാര്യങ്ങളിലും തെറ്റ് പറ്റിയിട്ടുണ്ടാകാം. എന്നാല്‍ പലരും പറഞ്ഞു നടക്കുന്നതു പോലുള്ള കാര്യങ്ങള്‍ ആശ്രമത്തില്‍ സംഭവിച്ചിട്ടില്ല. മതവികാരം ഇളക്കിവിട്ട് ഗുസ്തി പിടിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്''. ആരോപണങ്ങളെക്കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞത് അമൃതാനന്ദമയിയുടെ ആശ്രമം നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ മറക്കരുത്, അത് മറക്കാന്‍ തനിക്കാകില്ല എന്നുമാണ്. അമൃതാനന്ദമയി മഠത്തിനു നേര്‍ക്ക് നടക്കുന്ന ആക്രമണം എല്ലാ ഹൈന്ദവ മതസ്ഥാപനങ്ങള്‍ക്കും നേര്‍ക്കുള്ള ആക്രമണമാണെന്നാണ് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന്‍ അഭിപ്രായപ്പെട്ടത്.


വിചാരിച്ച കാര്യങ്ങള്‍ നടക്കാതെ വരുമ്പോള്‍ പലരും പലതും പറഞ്ഞു നടക്കുന്നുവെന്ന് അമൃതാനന്ദമയി പറയുമ്പോള്‍ 20 കൊല്ലത്തോളം കൂടെ നടന്ന ഗെയില്‍ ട്രെഡ്‌വെല്ലിനെയാണ് ഉദ്ദേശിക്കുന്നത് എന്ന് കരുതണം. താന്‍ വിചാരിച്ച കാര്യങ്ങള്‍ നടക്കണമെന്ന് ആഗ്രഹിച്ച ഒരാള്‍ ഇത്രയും കാലം തന്റെ അടുത്ത പരിചാരികയായുണ്ടായിരുന്നുവെന്നാണ് അമൃതാനന്ദമയി പറയുന്നത്. മറ്റു ചിലര്‍ വിചാരിച്ച കാര്യങ്ങള്‍ ബലം പ്രയോഗിച്ച്, തന്റെ മേല്‍ നടപ്പാക്കിയെന്നാണ് ഗെയില്‍ ട്രെഡ്‌വെലിന്റെ വാദം. സ്വാര്‍ഥ വിചാരങ്ങളുമായി നടക്കുന്നവര്‍ ആശ്രമത്തിലുണ്ടെന്നും അത് നടത്തിയെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നുമാണ് അമൃതാനന്ദമയിയുടെ വാക്കുകളില്‍ നിന്ന് മനസ്സിലാക്കേണ്ടത്. വേദം പഠിപ്പിക്കാനും മക്കള്‍ക്ക് സേവനം ചെയ്യാന്‍ മനസ്സിനെ പാകപ്പെടുത്തിയെടുക്കാനും താന്‍ നടത്തുന്ന ശ്രമങ്ങള്‍ ഫലം കാണുന്നില്ലെന്ന തുറന്ന സമ്മതമായി വേണം ഇതിനെ കാണാന്‍. 20 കൊല്ലം പരിചാരികയായി കൂടെ നടന്ന സ്ത്രീയുടെ മനസ്സിനെ, താനുദ്ദേശിക്കും വിധത്തില്‍ പാകപ്പെടുത്തിയെടുക്കാന്‍ സാധിച്ചില്ലെന്ന് സമ്മതിക്കുമ്പോള്‍ സുധാമണിയില്‍ നിന്ന് അമൃതാനന്ദമയിയിലേക്കുള്ള വളര്‍ച്ച വെറും അവകാശവാദം മാത്രമായി മാറും. വള്ളിക്കാവിലും മറ്റ് ഉപകേന്ദ്രങ്ങളിലും നടക്കുന്നത് ആത്മീയ വ്യാപാരം മാത്രമാണെന്ന, ദീര്‍ഘകാലമായുള്ള വിമര്‍ശത്തെ അംഗീകരിക്കലായി ഇതിനെ കാണേണ്ടിവരും.


മതവികാരം ഇളക്കിവിട്ട് ഗുസ്തി പിടിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്ന് പറയുമ്പോള്‍, ആ ശ്രമം ആര് നടത്തുന്നുവെന്ന് കൂടി പറയാനുള്ള പ്രാഥമിക ഉത്തരവാദിത്വം അമൃതാനന്ദമയിക്കുണ്ട്. ആരോപണമുന്നയിച്ച ആസ്‌ത്രേലിയക്കാരിക്ക് കേരളത്തില്‍ മതവികാരം ഇളക്കിവിടേണ്ട ആവശ്യമില്ല തന്നെ. പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ അവിശ്വസിക്കേണ്ടതില്ലെന്ന് ആശ്രമത്തില്‍ ദീര്‍ഘകാലം അന്തേവാസിയായിരുന്ന, അമൃതാനന്ദമയിയുടെ ആദ്യത്തെ ജീവചരിത്ര ഗ്രന്ഥത്തിന്റെ രചയിതാവായ പ്രൊഫ. രാമകൃഷ്ണന്‍ നായര്‍ പറയുന്നു. ഇദ്ദേഹം ഏത് മതത്തിന്റെ വികാരം ഇളക്കിവിടാനാണ് ശ്രമിക്കുന്നത്? പുസ്തകത്തിലെ പരാമര്‍ശങ്ങളും രാമകൃഷ്ണന്‍ നായരുടെ അഭിപ്രായവും പ്രസിദ്ധം ചെയ്ത മാധ്യമങ്ങളാണ് മതവികാരം ഇളക്കിവിടാന്‍ ശ്രമിച്ചത് എന്നാണെങ്കില്‍, കേരളത്തില്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുക എന്നത് മാത്രമേ പരിഹാരമുള്ളൂ. സാധാരണ നിലക്ക് ഇത്തരം പരാമര്‍ശങ്ങളെയൊക്കെ വെളിപ്പെടുത്തലുകളായി അവതരിപ്പിക്കുന്നതാണ് മാധ്യമങ്ങളുടെ (ദൃശ്യത്തിലെങ്കിലും) പതിവെങ്കില്‍ ഈ പുസ്തകത്തിലെ ഉള്ളടക്കത്തെ ആരോപണമെന്ന നിലക്ക് പരാമര്‍ശിക്കാന്‍ ശ്രദ്ധിച്ചിരുന്നുവെന്നത് പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്.


മതവികാരം ഇളക്കിവിടാന്‍ ശ്രമമെന്ന കുറ്റപ്പെടുത്തലില്‍ അമൃതാനന്ദമയി പരിമിതപ്പെടുത്തുമ്പോള്‍ ഹൈന്ദവ മതസ്ഥാപനങ്ങള്‍ക്കെല്ലാം നേര്‍ക്കുള്ള ആക്രമണമാണിതെന്ന് പി പരമേശ്വരന്‍ കുറ്റപ്പെടുത്തുന്നു. സംഘ് പരിവാരത്തിന്റെ ആകെ അഭിപ്രായമാണ് ഭാരതീയ വിചാരകേന്ദ്രത്തിന്റെ ഡയറക്ടറിലൂടെ പൂറത്തുവരുന്നത്. സത്യസായി ബാബയെക്കുറിച്ച് അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ തന്നെ നിരവധി ആരോപണങ്ങളുയര്‍ന്നിരുന്നു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നത് മുതല്‍ കൊലപാതകം വരെയുള്ള ആരോപണങ്ങള്‍. സത്യസായിയുടെ നിര്യാണത്തിന് ശേഷം പ്രശാന്തി നിലയത്തില്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടക്കുന്നുവെന്ന ആരോപണങ്ങളുണ്ടായി. ഇവിടെ നിന്ന് പുറത്തേക്ക് കടത്തിയ ലക്ഷക്കണക്കിന് രൂപ പോലീസ് പിടികൂടുകയും ചെയ്തു. ഇത്തരം ആരോപണങ്ങള്‍ ഏതെങ്കിലും ഹിന്ദു മത സ്ഥാപനത്തിന്റെ പ്രശസ്തിയെയോ നിലനില്‍പ്പിനെയോ ബാധിച്ചതായി അറിവില്ല. പെണ്‍കുട്ടികളെ ലൈംഗികമായി കൈയേറ്റം ചെയ്തതിന് ആശാറം ബാപ്പുവും മകന്‍ നാരായണ്‍ സായിയും അറസ്റ്റിലായപ്പോഴും രാജ്യത്തെ ഹിന്ദു മത സ്ഥാപനങ്ങള്‍ക്ക് അഹിതമെന്തെങ്കിലുമുണ്ടായതായി അറിവില്ല. ആശാറാമിന്റെയും മകന്റെയും അറസ്റ്റും ഹിന്ദുമത സ്ഥാപനങ്ങള്‍ക്കു നേര്‍ക്കുള്ള ആക്രമണമായി പി പരമേശ്വരന്‍ കാണുന്നുവെങ്കില്‍, ആ ആക്രമണത്തില്‍ ചെറിയൊരു പങ്കിന് കാര്‍മികത്വം വഹിച്ചത് സാക്ഷാല്‍ നരേന്ദ്ര മോദിയാണ്. അദ്ദേഹത്തെ തള്ളിപ്പറയുമോ ഭാരതീയ വിചാര കേന്ദ്രത്തിന്റെ ഡയറക്ടര്‍?


സത്യസായിയെയോ ആശാറാമിനെയോ അപേക്ഷിച്ച് ആര്‍ എസ് എസ്സുമായി നേരിട്ട് ദൃഢബന്ധം നിലനിര്‍ത്തുന്നുണ്ട് അമൃതാനന്ദമയീ മഠം. അത് അമൃതാനന്ദമയിയുടെ അറിവോടെയാണോ അല്ലയോ എന്നതിലേ തര്‍ക്കം ബാക്കിയുള്ളൂ. ഈ ദൃഢബന്ധം മൂലമാണ് ഇത് ഹിന്ദുമതസ്ഥാപനങ്ങള്‍ക്കു നേര്‍ക്കുള്ള ആക്രമണമായി പി പരമേശ്വരന്‍ വിലയിരുത്തുന്നത്. അത്തരം വിലയിരുത്തലുകള്‍ക്ക് വലിയ പ്രചാരം നല്‍കി മതവികാരം ഇളക്കിവിടാനും ആശ്രമവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതിനെ തടയാനും ശ്രമിക്കുന്നത് സംഘ് പരിവാറും അതിന്റെ ജിഹ്വകളുമാണെന്ന് ചുരുക്കം. പ്രതിരോധിക്കേണ്ടത്, മതത്തിന്റെ പേരിലാണെന്ന സംഘിന്റെ സന്ദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിലാകണം മതവികാരം ഇളക്കിവിടാന്‍ ശ്രമമെന്ന അമൃതാനന്ദമയിയുടെ പ്രതികരണവും.


അമൃതാനന്ദമയിക്കും ആശ്രമത്തിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചൊന്നും അറിവില്ലായ്മ നടിച്ചുകൊണ്ടാണ്, ആശ്രമം നല്‍കിയ സേവനങ്ങള്‍ മറക്കരുത് എന്ന് സംസ്ഥാന മുഖ്യമന്ത്രി ഏവരോടും ആഹ്വാനം ചെയ്തത്. ഡീംഡ് സര്‍വകലാശാലാ പദവിയുള്ള അമൃത മെഡിക്കല്‍ കോളജ്, നിരവധിയായ സ്‌കൂളുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സുനാമി ബാധിതരടക്കമുള്ളവര്‍ക്കായി നിര്‍മിച്ചു നല്‍കിയ വീടുകള്‍  തുടങ്ങിയവയൊക്കെ ഓര്‍ത്തുപോയിട്ടുണ്ടാകണം ഉമ്മന്‍ ചാണ്ടി. ഇവയിലൊക്കെ ഏത് വിധം സേവനങ്ങള്‍ നടക്കുന്നുവെന്ന് അന്വേഷിക്കേണ്ട ബാധ്യത കൂടിയുണ്ട് മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഉമ്മന്‍ ചാണ്ടിക്ക്. ഇവക്കൊക്കെ വേണ്ടി സര്‍ക്കാറിളവുകള്‍ എന്തൊക്കെ നല്‍കിയിട്ടുണ്ടെന്നും അതിന് ആനുപാതികമായ സേവനം ലഭിക്കുന്നുണ്ടോയെന്നും കൂടി അന്വേഷിക്കണം. അമൃത മെഡിക്കല്‍ കോളജിലെ സീറ്റുകള്‍ക്കുള്ള തലവരി, സ്വാമിമാര്‍ സംഭാവന രൂപത്തില്‍ ഈടാക്കുന്ന സമ്പ്രദായത്തിന്റെ ഇരകളായവര്‍ ഇവിടെ നിരവധിയുണ്ട്.


ജോലിക്ക് അര്‍ഹമായ കൂലി ആവശ്യപ്പെട്ട് കേരളത്തില്‍ ആദ്യമായി നഴ്‌സുമാര്‍ സമരം ചെയ്തത് ഇവിടെയാണ്. എല്ലാവരോടും ക്ഷമിക്കാന്‍ പഠിപ്പിക്കുന്ന അമൃതാനന്ദമയിയുടെ ശിഷ്യന്‍മാരായ മാനേജ്‌മെന്റ് വിദഗ്ധര്‍ ഏത് രീതിയിലാണ് ആ സമരത്തെ നേരിട്ടത് എന്നത് എല്ലാവരും കണ്ടതുമാണ്. വിദേശത്തുനിന്നൊഴുകിയെത്തുന്ന കോടിക്കണക്കിന് രൂപയിലൊരു വിഹിതം (കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ അത് 60 കോടിയോളം രൂപയാണ്. ഇത് ഏത് വിധത്തില്‍ ചെലവിട്ടുവെന്നതിന്റെ കണക്ക് അമൃതാനന്ദമയി ആശ്രമം കേന്ദ്ര സര്‍ക്കാറിന് നല്‍കിയിട്ടുമില്ല) ചെലവിട്ട് ഏതാനും പേര്‍ക്ക് വീട് വെച്ച് കൊടുക്കുന്നതില്‍ ദയാവായ്പിന്റെ കണികയോ സേവനത്തിന്റെ ഉദാത്തതയോ കാണുന്നുവെങ്കില്‍ കാഴ്ചക്കും കാഴ്ചപ്പാടിനും തകരാറുണ്ടെന്ന് കരുതേണ്ടിവരും.


ആത്മീയതയുടെയോ ദൈവത്തിന്റെ തന്നെയോ പ്രതിരൂപമായി സ്വയം ചിത്രീകരിച്ച്, അതിനെ വിശ്വസിപ്പിക്കാന്‍ പാകത്തിലുള്ള പ്രകടനങ്ങള്‍ നടത്തുകയും കഥകള്‍ മെനഞ്ഞ് അസൂത്രിതമായി പ്രചരിപ്പിക്കുകയും ചെയ്ത്  സമ്പാദിച്ച പണം ചെലവഴിച്ച് കെട്ടിപ്പടുക്കുന്ന വ്യാപാര, വ്യവസായ കേന്ദ്രങ്ങളാണ് അമൃതാനന്ദമയി മഠത്തിന് കീഴിലുള്ള സ്ഥാപനങ്ങളെല്ലാം.  വാണിജ്യത്തെ കൂടുതല്‍ പുഷ്ടിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രകടിപ്പിക്കുന്ന കാരുണ്യമാണ് പലപ്പോഴും പെരുപ്പിച്ചെഴുതപ്പെട്ട കഥകളായി പുറത്തേക്ക് എത്തുക. ചികിത്സാ, പഠന സൗകര്യങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ളവ പെരുപ്പിച്ചെഴുതാനുള്ള കഥകളുടെ തന്തുക്കള്‍ മാത്രമാണ്. അനധികൃത നിര്‍മാണങ്ങള്‍, സാമ്പത്തിക തിരിമറികള്‍, ഭൂമി കൈയേറ്റങ്ങള്‍ എന്നിവക്കെല്ലാമുള്ള മറയുമായി ഇവ മാറും. മഠം നടത്തുന്ന സേവനങ്ങളെക്കുറിച്ച് ഓര്‍ക്കണമെന്ന് മുഖ്യമന്ത്രി തന്നെ പറയുന്നതും അതുകൊണ്ടാണ്.


ഇത്തരം തടകളൊന്നും പ്രയോജനം ചെയ്യാതെ വന്നാല്‍ ഉപയോഗിക്കാവുന്ന ആയുധമാണ് മതവികാരം ഇളക്കിവിടുന്നുവെന്ന ആരോപണം. സംഘ് പരിവാര്‍ വക്താക്കള്‍ ഈ ആരോപണമുന്നയിക്കുമ്പോള്‍, അമൃതാനന്ദമയി മഠത്തെ പരിവാരത്തോട് ചേര്‍ന്നു നില്‍ക്കുന്ന സ്ഥാപനമായി ചിത്രീകരിക്കുന്നതിനൊപ്പം അനുയായിവൃന്ദത്തെ ഒപ്പം നിര്‍ത്താനുള്ള അവസരവും അവര്‍ക്കുണ്ട്. ഇതേ ആരോപണം അമൃതാനന്ദമയി നേരിട്ടുന്നയിക്കുമ്പോള്‍, ജാതിമതഭേദമില്ലാതെ എല്ലാവരെയും മക്കളായി കണ്ട് സേവനം ചെയ്യുന്നുവെന്ന അവകാശവാദത്തെ സ്വയം ഖണ്ഡിക്കുകയാണ് അവര്‍. ഹിന്ദുമത സ്ഥാപനമായി സ്വയം അംഗീകരിക്കുകയും അതിന്റെ രക്ഷക്ക് ഹിന്ദുത്വ ശക്തികളുണ്ടാകണമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു അമൃതാനന്ദമയി. വര്‍ഷങ്ങളുടെ യത്‌നം കൊണ്ട്, അമൃതാനന്ദമയിയും ആശ്രമമുള്‍പ്പെടെ സ്ഥാപനങ്ങളും സ്വന്തമാക്കിയ മുഖംമൂടിയല്ല, സംഘ് പരിവാര്‍ ശക്തികളുമായുള്ള ചേര്‍ന്നുനില്‍ക്കലാണ് ഇനിയുള്ള രക്ഷാമാര്‍ഗമെന്ന തിരിച്ചറിയലും ഇവിടെയുണ്ട്. ഈ ഭീഷണി തിരിച്ചറിഞ്ഞ് നേരിടാന്‍ കരുത്തില്ലാത്തതുകൊണ്ടാണ്, മഠത്തിന്റെ സേവനങ്ങളെക്കുറിച്ച് ഓര്‍ക്കാന്‍ ഉമ്മന്‍ ചാണ്ടി പറയുന്നത്. പ്രതികരണം പഠിച്ചിട്ടാകാമെന്ന് വി എസ് അച്യുതാനന്ദനും മഠത്തെ അവിശ്വസിക്കേണ്ടെന്ന് വി എം സുധീരനും കോറസ് പാടുന്നത്. പതിവില്‍ കവിഞ്ഞുള്ള കരുതല്‍, സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വാക്കുകള്‍ക്കുണ്ടാകുന്നത്. അവിടെ നാരായണ്‍ കുട്ടി, സത്‌നാം സിംഗ്, ഗെയില്‍ ട്രെഡ്‌വെല്‍ തുടങ്ങി അറിയപ്പെട്ടതും അറിയപ്പെടാത്തതുമായ ഇരകളേക്കാള്‍ സ്ഥാനമുണ്ട് അമൃതാനന്ദമയിയുടെ ഭീഷണിക്ക്.

3 comments: