2009-10-13

ഇതാ ഒരു ഭീകര കേരളം


`ലൗ ജിഹാദി'നെക്കുറിച്ചുള്ള പോസ്റ്റ്‌ തര്‍ക്കത്തിന്‌ കാരണമായ സാഹചര്യത്തില്‍ കണ്ണൂരില്‍ `ഭീകരവേട്ട' നടന്ന കാലത്ത്‌ എഴുതിയ ലേഖനം ഇവിടെ ചേര്‍ക്കുന്നു. കാലഗണന മനസ്സില്‍വെച്ച്‌ വായിക്കാന്‍ അപേക്ഷ


1997 - ആറാം തമ്പുരാന്‍ എന്ന സിനിമ പ്രദര്‍ശനത്തിനെത്തി. പുരാതനമായ നമ്പൂതിരി ഗൃഹം വിലയ്‌ക്കു വാങ്ങുന്ന നായകന്‍ (മോഹന്‍ ലാല്‍) അത്‌ പൊളിച്ചു വില്‌ക്കുമെന്ന്‌ നുണ പറയുന്നു. പൊളിക്കുന്നതിന്‌ പല വഴികള്‍ ആലോചിക്കുന്നു. അതിലൊന്ന്‌ ബോംബ്‌ വെയ്‌ക്കലാണ്‌. മലപ്പുറത്ത്‌ ധാരാളം ബോംബു കിട്ടുമെന്ന്‌ നായകന്‍ പറഞ്ഞുവെയ്‌ക്കുന്നു. അന്നും ഇന്നും കേരളത്തില്‍ ബോംബുകള്‍ കിട്ടാന്‍ സാധ്യതയുള്ള ജില്ല കണ്ണൂരാണ്‌. അതിന്‌ രാഷ്‌ട്രീയ കാരണങ്ങളാണ്‌ അധികം. പക്ഷെ, ആറാം തമ്പുരാന്‌ തിരക്കഥ എഴുതിയ ആളിന്‌ മലപ്പുറം എന്നേ പേനത്തുമ്പില്‍ വന്നുള്ളൂ! എന്തുകൊണ്ട്‌ മലപ്പുറം മനസ്സില്‍ വന്നു?


2008 - സെപ്‌തംബര്‍. ഡല്‍ഹിയിലെ ജാമിഅ നഗറില്‍ ഏറ്റുമുട്ടല്‍(?) നടന്ന ദിവസം. നടന്നത്‌ വ്യാജ ഏറ്റുമുട്ടലാണെന്ന്‌ സംശയമുണ്ടെന്ന റിപ്പോര്‍ട്ട്‌ കൂടി സംപ്രേഷണം ചെയ്‌ത ചാനലിലേക്ക്‌ അന്വേഷണവുമായി ഫോണ്‍ കോള്‍. നിങ്ങളുടെ ചാനലില്‍ നിന്ന്‌ ഇത്തരം റിപ്പോര്‍ട്ട്‌ പ്രതീക്ഷിച്ചില്ലെന്ന്‌ ഫോണില്‍ വിളിച്ചയാളുടെ പരിഭവം. സൈന്യത്തില്‍ നിന്ന്‌ വിരമിച്ച എറണാകുളം ജില്ലക്കാരനായ ക്രിസ്‌ത്യന്‍ നാമധാരിയാണ്‌ ഫോണില്‍. ജാമിഅ നഗര്‍ സംഭവത്തെക്കുറിച്ച്‌ അവിടുത്തുകാര്‍ ഉന്നയിക്കുന്ന സംശയങ്ങള്‍ കൂടി നല്‌കാന്‍ ചാനല്‍ ബാധ്യസ്ഥമാണെന്ന്‌ വിശദീകരിച്ചു. ഫോണില്‍ വിളിച്ചയാളുടെ സംശയം തീരുന്നില്ല. രാജ്യസ്‌നേഹത്തിന്റെയും ദേശീയതയുടെയും തലങ്ങളിലേക്ക്‌ സംശയം വളര്‍ന്നു. ഒറീസ്സയില്‍ മതപരിവര്‍ത്തനം നടത്തിയിട്ടില്ല എന്ന ക്രിസ്‌തീയ പുരോഹിതരുടെ വാദം അംഗീകരിച്ചുകൊണ്ടല്ലേ അവിടെ നടക്കുന്ന ക്രൂരതകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നല്‌കുന്നത്‌ എന്ന്‌ വാദത്തിന്‌ വേണ്ടി ചോദിച്ചു. അത്‌ ക്രിസ്‌തീയ പുരോഹിതരല്ലേ, ഇത്‌ മുസ്ലീംകളല്ലേ എന്ന്‌ ഫോണില്‍ മറുചോദ്യം!


2008 - ഒക്‌ടോബര്‍. രാഷ്‌ട്രപതി പ്രതിഭാ പാട്ടീലിനും കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയ്‌ക്കും ഇ മെയിലില്‍ വധഭീഷണി. കൊച്ചിയിലും ദില്ലിയിലും സ്‌ഫോടനങ്ങളുണ്ടാവുമെന്നും സന്ദേശത്തിലുണ്ടായിരുന്നു. ഭീഷണി അയച്ചത്‌ ഹിന്ദു നാമധാരി. ഭീഷണി അയക്കാന്‍ ഉപയോഗിച്ചത്‌ മുസ്ലീം നാമങ്ങള്‍ ചേര്‍ത്തുള്ള ഇ മെയില്‍ വിലാസം. ഇ മെയില്‍ അയച്ചയാളെ പിടികൂടിയ ശേഷവും പോലീസ്‌, വാര്‍ത്ത പുറത്തുവിട്ടത്‌ സസ്‌പെന്‍സ്‌ നിലനിര്‍ത്തിക്കൊണ്ട്‌. രാഷ്‌ട്രപതിയ്‌ക്കും സോണിയാ ഗാന്ധിയ്‌ക്കും വധഭീഷണി എന്ന്‌ ചാനലുകളില്‍ ആദ്യം ബ്രേക്കിംഗ്‌ ന്യൂസ്‌. സന്ദേശം കൊച്ചിയില്‍ നിന്നെന്ന്‌ അടുത്ത ബ്രേക്കിംഗ്‌. കൊച്ചിയില്‍ സ്‌ഫോടനങ്ങളുണ്ടാവുമെന്ന മുന്നറിയിപ്പിനെ എങ്ങിനെ കാണണമെന്ന്‌ ചാനല്‍ അവതാരക, റിപ്പോര്‍ട്ടറോട്‌ ചോദിക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ പരിഭ്രാന്തരാകേണ്ടതുണ്ടെന്ന്‌ ചാനല്‍ റിപ്പോര്‍ട്ടറുടെ വിശകലനം. ഏറെക്കുറെ ഒരു മണിക്കൂര്‍ നീണ്ട സസ്‌പെന്‍സിന്‌ ശേഷം പ്രതി അറസ്റ്റിലായ വാര്‍ത്ത വന്നു- വിശദ വിവരങ്ങളും. വധഭീഷണി അയച്ചതാരെന്ന സംശയം (അതേതെങ്കിലും അഹമ്മദോ മുഹമ്മദോ ആയിരിക്കും എന്ന ഊഹം) അല്‌പ നേരത്തേക്കെങ്കിലും നിലനിര്‍ത്തണമെന്ന (കു)ബുദ്ധി വാര്‍ത്ത ചോര്‍ത്തിയ പോലീസ്‌ ഉദ്യോഗസ്ഥനുണ്ടായിരുന്നോ?


വര്‍ഷങ്ങളായി മലയാളികളുടെ മനസ്സില്‍ വേരു പിടിച്ചുകൊണ്ടിരിക്കുന്ന, വേരു പിടിപ്പിച്ചുകൊണ്ടിരിക്കുന്ന എന്നതാണ്‌ കുറേക്കൂടി ശരി, ചിന്താഗതിയ്‌ക്ക്‌ തെളിവുകളാണ്‌ ഇതെല്ലാം. ഈ ചിന്താഗതി ഏതളവില്‍ അരക്ഷിതത്വ ബോധം സൃഷ്‌ടിക്കുന്നുവെന്ന്‌ കൂടി മനസ്സിലാക്കേണ്ടതുണ്ട്‌. കാശ്‌മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലു മലയാളികള്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്ന ദിവസങ്ങള്‍. കണ്ണൂര്‍ കേന്ദ്രമായി പോലീസ്‌ ഭീകരവേട്ട നടത്തുന്നു. വാര്‍ത്തകളുടെ പ്രളയം.


കണ്ണൂരില്‍ നിന്ന്‌ കോഴിക്കോട്ടേയ്‌ക്ക്‌ ദിവസവും ജോലിയ്‌ക്കുവരുന്ന ബിസിനസ്സ്‌ എക്‌സിക്യൂട്ടീവാണ്‌ ഷഹനാസ്‌. സാധാരണ കുടുംബം. ഉമ്മ വീട്ടമ്മയാണ്‌. പതിവുപോലെ ജോലിക്കു പോകാനിറങ്ങിയ ഷഹനാസിനോട്‌ ഉമ്മ പറഞ്ഞത്‌ നീ താടിയൊക്കെ വടിച്ചിട്ട്‌ പോയാ മതി എന്നാണ്‌. മകനെ ഭീകരവാദിയെന്ന്‌ ആരെങ്കിലും മുദ്രകുത്തുമോ എന്ന്‌ ഭയക്കുന്ന സ്ഥിതിയിലേക്ക്‌ ഈ വീട്ടമ്മ എത്തിയിരിക്കുന്നു.


സംശയത്തിന്റെയും അരക്ഷിതത്വ ബോധത്തിന്റെയും ഈ അന്തരീക്ഷം സൃഷ്‌ടിക്കപ്പെട്ടത്‌ എങ്ങിനെ എന്നതാണ്‌ പ്രധാന ചോദ്യം. ഈ അന്തരീക്ഷത്തിന്റെ ഗുണം ആര്‍ക്കാണെന്നതും. കാശ്‌മീരില്‍ നാലു മലയാളികള്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത സ്ഥിരീകരിച്ചതിനു ശേഷമുണ്ടായ സംഭവങ്ങള്‍ പോസ്റ്റ്‌ മോര്‍ട്ടം ചെയ്‌തു നോക്കുന്നത്‌ ഇവിടെ പ്രസക്തമായിരിക്കും. രണ്ടു മലയാളികള്‍ കൊല്ലപ്പെട്ടു എന്നതാണ്‌ ആദ്യം സ്ഥിരീകരിച്ചത്‌. അതിനു തൊട്ടുപിന്നാലെ നമ്മുടെ ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട ചോദ്യം ഏറെക്കുറെ ഇതാണ്‌. കേരളം ഭീകരവാദികളുടെ പരിശീലനത്താവളമാണെന്ന്‌ സ്ഥിരീകരിക്കുന്നതല്ലേ ഇപ്പോള്‍ കശ്‌മീരിലുണ്ടായിരിക്കുന്ന സംഭവം? ചാനല്‍ അവതാരകര്‍ സ്വന്തം റിപ്പോര്‍ട്ടര്‍മാരോടും ടെലിഫോണ്‍ ലൈനിലെത്തിയ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ ഉള്‍പ്പെടെയുള്ളവരോടും ഇതു ചോദിച്ചു.


കേരളം ഭീകരരുടെ ഒളിത്താവളമോ പരിശീലന കേന്ദ്രമോ ആയി മാറിയെന്ന ആരോപണം തുടര്‍ച്ചയായി ഉന്നയിക്കുന്നത്‌ ബി ജെ പിയോ മറ്റു സംഘപരിവാര്‍ ബന്ധുക്കളോ ആണ്‌. ഇതേ ചോദ്യം വാര്‍ത്താ അവതാരകര്‍ ആദ്യം തന്നെ ഉന്നയിക്കുമ്പോള്‍ സ്വാധീനം വ്യക്തമാണ്‌. കശ്‌മീരില്‍ നടന്നത്‌ എന്താണ്‌ എന്ന്‌ വ്യക്തമാവുന്നതിന്‌ മുമ്പാണ്‌, നിഷ്‌പക്ഷമായും നിസ്സംഗമായും വാര്‍ത്തയെ സമീപിക്കേണ്ടവര്‍ തന്നെ ഈ ചോദ്യം ഉന്നയിച്ചത്‌. മാധ്യമങ്ങള്‍ക്ക്‌ സമചിത്തത നഷ്‌ടപ്പെട്ട ദിവസങ്ങളായിരുന്നു തുടര്‍ന്നുവന്നത്‌. എല്ലാ ചാനലുകളിലും എല്ലായിപ്പോഴും ബ്രേക്കിംഗ്‌ ന്യൂസുകള്‍. പിറ്റേന്നിറങ്ങുന്ന പത്രങ്ങളിലെല്ലാം നിറം പിടിപ്പിച്ച കഥകള്‍ (നുണകള്‍!).


അവയില്‍ ചില സാമ്പിളുകളിലേക്ക്‌ - കാശ്‌മീരില്‍ കൊല്ലപ്പെട്ടവര്‍ക്ക്‌ ലഷ്‌കറെ ത്വയ്യിബയുമായുള്ള ബന്ധം സ്ഥിരീകരിച്ചു. ഭീകരവാദ സംഘടനയിലേക്ക്‌ ആളുകളെ റിക്രൂട്ട്‌ ചെയ്യാന്‍ കേരളത്തില്‍ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നു. മൂന്നൂറുപേരെ റിക്രൂട്ട്‌ ചെയ്‌തുവെന്ന്‌ അറസ്റ്റിലായ അബ്‌ദുള്‍ ജലീല്‍ സമ്മതിച്ചു. പാക്‌ അധിനിവേശ കശ്‌മീരില്‍ നിന്ന്‌ ആയുധ പരിശീലനം കഴിഞ്ഞ്‌ മടങ്ങുമ്പോഴാണ്‌ നാലു മലയാളികള്‍ കുപ്‌വാര ജില്ലയില്‍ വെച്ച്‌ കൊല്ലപ്പെട്ടത്‌. പാക്‌ അധിനിവേശ കശ്‌മീരില്‍ നിന്ന്‌ ഭീകരര്‍ക്ക്‌ ഇന്ത്യയിലേക്ക്‌ കടക്കാന്‍ സാഹചര്യമൊരുക്കുന്നതിനിടെയാണ്‌ മലയാളികളെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചത്‌. ഇവര്‍ക്കൊപ്പം ലശ്‌കറെ ത്വയ്യിബയുടെ കമാന്‍ഡറും കൊല്ലപ്പെട്ടു. കശ്‌മീരില്‍ കൊല്ലപ്പെട്ടവര്‍ കണ്ണൂരിലുള്ള അബ്‌ദുള്‍ ജലീലിനെ ഫോണില്‍ വിളിച്ചത്‌ ജീവന്‍ രക്ഷിക്കണമെന്ന്‌ അഭ്യര്‍ഥിക്കാന്‍. സൈന്യം വളഞ്ഞപ്പോഴാണ്‌ കശ്‌മീരില്‍ നിന്ന്‌ ജലീലിനെ വിളിച്ചത്‌. കേരളത്തില്‍ നിന്ന്‌ ആളുകളെ റിക്രൂട്ട്‌ ചെയ്യാന്‍ ലശ്‌കറെ ത്വയ്യിബയുടെ കമാന്‍ഡര്‍ കേരളം സന്ദര്‍ശിച്ചു. റിയല്‍ എസ്റ്റേറ്റ്‌ ഏജന്റുമാരായും മറ്റും ഭീകരരോ, റിക്രൂട്ടിംഗ്‌ ഏജന്റുമാരോ വ്യവസ്ഥാപിത രാഷ്‌ട്രീയ പാര്‍ട്ടികളില്‍ പോലും നുഴഞ്ഞു കയറിയിരിക്കുന്നു. - ഏതാനും ദിവസം കൊണ്ട്‌ മലയാളത്തിലെ മാധ്യമങ്ങള്‍ എഴുതിയതും പറഞ്ഞതും ഏറെയാണ്‌. സംസ്ഥാന ഇന്റലിജന്‍സ്‌ വൃത്തങ്ങള്‍ പറഞ്ഞു, കേന്ദ്ര ഇന്റലിജന്‍സ്‌ വൃത്തങ്ങള്‍ പറഞ്ഞു, ഉന്നത ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു തുടങ്ങിയ വാചകങ്ങള്‍ പൊതുവെ എല്ലാറ്റിലും കാണാമായിരുന്നു.


ഇതില്‍ തന്നെ എല്ലാ മാധ്യമങ്ങളും ഒരേ പോലെ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌, അത്‌ ചാനലുകളില്‍ ബ്രേക്കിംഗ്‌ ന്യൂസും പത്രങ്ങളില്‍ ലീഡ്‌ വാര്‍ത്തയുമായിരുന്നു, കേരളത്തില്‍ നിന്ന്‌ മുന്നൂറു പേരെ ഭീകര സംഘടയിലേക്ക്‌ റിക്രൂട്ട്‌ചെയ്‌തുവെന്നതായിരുന്നു. അറസ്റ്റിലായവര്‍ ചോദ്യംചെയ്യലില്‍ കേരള പോലീസിനോട്‌ ഇക്കാര്യം സമ്മതിച്ചുവെന്ന നിലയിലായിരുന്നു റിപ്പോര്‍ട്ട്‌. കേരളം ഭീകരരുടെ ഒളിത്താവളമായിരിക്കുന്നുവെന്ന ആരോപണത്തെ സാധൂകരിക്കുന്ന വാര്‍ത്ത. ആഭ്യന്തര മന്ത്രിയുടെ ചുമതലയുണ്ടായിരുന്ന പാലൊളി മുഹമ്മദ്‌ കുട്ടി ഇക്കാര്യം അര്‍ത്ഥശങ്കയ്‌ക്കിടയില്ലാത്ത വിധം നിഷേധിയ്‌ക്കും വരെ ഈ റിപ്പോര്‍ട്ടുകള്‍ ആധികാരികമായി നിലനിന്നു. നിഷേധിച്ചത്‌ കോടിയേരി ബാലകൃഷ്‌ണനല്ല, പാലൊളി മുഹമ്മദ്‌ കുട്ടിയാണെന്നതുകൊണ്ട്‌ അതിന്റെ വിശ്വാസ്യത സംബന്ധിച്ച്‌ ഭരണകൂടത്തിന്‌ തന്നെ സംശയമുണ്ടായെന്ന്‌ തോന്നുന്നു. മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ പിന്നീട്‌ ഇക്കാര്യം ആവര്‍ത്തിച്ചു. ഭീകരവേട്ട സംബന്ധിച്ച്‌ മാധ്യമങ്ങള്‍ അതിശയോക്തി പരമായ വാര്‍ത്തകള്‍ നല്‌കി. അത്‌ ഒരു സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ഭരണകൂടം സ്വീകരിച്ച ഈ നിലപാടിനെ സ്വാഗതംചെയ്യാം. പക്ഷെ, അവിടം കൊണ്ട്‌ അവസാനിപ്പിക്കേണ്ട ഗൗരവമേ ഇതിനുള്ളോ?


മുന്നൂറു പേരെ ഭീകര സംഘടനയിലേക്ക്‌ റിക്രൂട്ട്‌ ചെയ്‌തു എന്ന വാര്‍ത്ത ഏതാണ്ടെല്ലാ മാധ്യമങ്ങളിലും ഒരേപോലെ വന്നെങ്കില്‍ ആ വിവരം പടര്‍ത്താന്‍ ശ്രമിച്ചത്‌ ചെറിയ ആരെങ്കിലും ആകാന്‍ തരമില്ല. ആരാണ്‌ ഇത്തരം വാര്‍ത്ത നല്‌കിയത്‌ എന്ന്‌ അന്വേഷിക്കേണ്ടതല്ലേ? അറസ്റ്റിലായവരെ ചോദ്യം ചെയ്‌തതില്‍ നിന്നാണ്‌ ഈ വിവരം ലഭിച്ചതെന്ന്‌ പോലീസ്‌ പറഞ്ഞു എന്ന നിലയ്‌ക്കാണ്‌ ഈ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചിരുന്നത്‌. അങ്ങിനെയെങ്കില്‍ ബോധപൂര്‍വ്വം തെറ്റായ വിവരം നല്‌കിയ ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥര്‍ ആരാണ്‌, അയാളുടെ/അവരുടെ ലക്ഷ്യം എന്തായിരുന്നു എന്നെല്ലാം അന്വേഷിക്കേണ്ടതല്ലേ?


ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്‌. എവിടെ നിന്ന്‌ ഈ വാര്‍ത്ത ലഭിച്ചു എന്ന്‌ അറിയിക്കാനുള്ള ഉത്തരവാദിത്തം. പോലീസോ, മറ്റ്‌ ഏജന്‍സികളുടെ ഉദ്യോഗസ്ഥരോ ഇത്തരത്തില്‍ ഒരു വിവരം നല്‌കിയോ എന്ന്‌ അന്വേഷിക്കാനും അത്‌ പറയാനുമുള്ള ഉത്തരവാദിത്തം. അല്ലെങ്കില്‍ വെറും അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം റിപ്പോര്‍ട്ട്‌ ചെയ്‌തതാണോ ഇത്‌ എന്ന സംശയം നിലനില്‌ക്കും. എന്തുകൊണ്ട്‌
ഇങ്ങിനെ സംശയിക്കേണ്ടിവരുന്നു എന്ന്‌ വ്യക്തമാക്കാന്‍ ഒരു സംഭവം കുറിയ്‌ക്കാം.


അബ്‌ദുള്‍ ജലീലിനെയും ഫൈസലിനെയും കോഴിക്കോട്‌ ചാലപ്പുറത്തെ ക്രൈം ബ്രാഞ്ച്‌ ഓഫീസില്‍ ചോദ്യം ചെയ്യലിന്‌ കൊണ്ടുവന്നു. വിവരമറിഞ്ഞ മാധ്യമ പ്രവര്‍ത്തകരെല്ലാം ഓഫീസിന്‌ മുന്നിലുണ്ട്‌. ഇരുവരെയും കോഴിക്കോട്ടേയ്‌ക്ക്‌ കൊണ്ടുവന്ന ഡി വൈ എസ്‌ പിയെ കണ്ടു. കണ്ണൂരില്‍ മാധ്യമങ്ങളുടെ പടയാണ്‌. സൈ്വര്യമായി ചോദ്യംചെയ്യാന്‍ കഴിയുന്നില്ല. അതുകൊണ്ടാണ്‌ കോഴിക്കോട്ടേയ്‌ക്ക്‌ കൊണ്ടുവന്നത്‌ എന്ന്‌ ഡി വൈ എസ്‌ പി പറഞ്ഞു. ഉത്തരമേഖലാ എ ഡി ജി പി കോഴിക്കോട്ടുണ്ട്‌. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ കൂടി ചോദ്യം ചെയ്യലാവാം എന്ന ഉദ്ദേശ്യവുമുണ്ട്‌. നാളെ രാവിലെയോ ഉച്ചയ്‌ക്കോ ഇരുവരെയും കണ്ണൂര്‍ക്ക്‌ തിരികെകൊണ്ടുപോകും. ജലീല്‍ എന്‍ ഡി എഫ്‌ പ്രവര്‍ത്തകനാണ്‌. കോഴിക്കോട്‌ എന്‍ ഡി എഫിന്റെ ആസ്ഥാന ഓഫീസ്‌ ഉള്ള സ്ഥലവും. മറ്റെന്തെങ്കിലും പരിശോധനകള്‍ക്കുള്ള സാധ്യത ആരാഞ്ഞു. ഒന്നുമില്ലെന്ന്‌ ഡി വൈ എസ്‌ പി പറഞ്ഞു. അന്വേഷണത്തിന്റെ രഹസ്യ സ്വഭാവം നിലനിര്‍ത്താന്‍ അദ്ദേഹം കളവു പറഞ്ഞതാകാം. പക്ഷെ, പോലീസില്‍ നിന്ന്‌ ലഭിച്ച വിവരങ്ങള്‍ ഇത്രമാത്രമാണ്‌.


ഈ സംസാരത്തിന്‌ ശേഷം മറ്റൊരു മാധ്യമ പ്രവര്‍ത്തകനെത്തി. പോലീസ്‌ എന്തു പറഞ്ഞുവെന്ന്‌ അന്വേഷിച്ചു. ഡി വൈ എസ്‌ പി പറഞ്ഞ കാര്യങ്ങള്‍ ധരിപ്പിച്ചു. അടുത്ത നിമിഷം വൈകിയെത്തിയ മാധ്യമ പ്രവര്‍ത്തകന്റെ വിശകലനമുണ്ടായി - അബ്‌ദുള്‍ ജലീലിന്റെ എന്‍ ഡി എഫ്‌ ബന്ധം അന്വേഷിക്കാനാണ്‌ പോലീസ്‌ എത്തിയത്‌, എനിക്ക്‌ വ്യക്തമായ വിവരമുണ്ട്‌. ജലീലിന്റെ എന്‍ ഡി എഫ്‌ ബന്ധം മനസ്സിലുളള ഒരു മാധ്യമ പ്രവര്‍ത്തകന്‌ നിഗമനത്തിലെത്താന്‍ വലിയ പ്രയാസമില്ല. ഉന്നത പോലീസ്‌ വൃത്തങ്ങള്‍ സൂചിപ്പിച്ചു എന്ന ഒരു വാചകം കൂടി ചേര്‍ത്താല്‍ ആധികാരികമായ ഒരു റിപ്പോര്‍ട്ട്‌ തയ്യാര്‍. ഇത്തരം നിഗമനങ്ങളിലേക്ക്‌ മാധ്യമപ്രവര്‍ത്തകര്‍ എത്തിപ്പെട്ടതിന്റെ ബാക്കിപത്രമാണോ മുന്നൂറു പേരെ റിക്രൂട്ട്‌ ചെയ്‌തുവെന്ന വാര്‍ത്ത എന്നത്‌ അന്വേഷിക്കേണ്ട ബാധ്യത മാധ്യമങ്ങളുടെ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ക്കുണ്ട്‌.


മുന്നൂറു പേരെ റിക്രൂട്ട്‌ ചെയ്‌തുവെന്നത്‌ ബ്രേക്കിംഗ്‌ ന്യൂസ്‌ ആവുന്ന ദിവസം (പിറ്റേന്ന്‌ പത്രങ്ങളില്‍ ലീഡ്‌ വാര്‍ത്ത) 200 പേരെ കേരളത്തില്‍ നിന്ന്‌ റിക്രൂട്ട്‌ ചെയ്‌തുവെന്ന വാര്‍ത്ത ഇന്റലിജന്‍സ്‌ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഒരു പ്രമുഖ പത്രം വളരെയൊന്നും പ്രാധാന്യം കല്‌പിക്കാതെ പ്രസിദ്ധീകരിച്ചിരുന്നുവെന്നത്‌ പ്രത്യേകം പ്രസ്‌താവ്യമാണ്‌. 300 പേരെ റിക്രൂട്ട്‌ ചെയ്‌തുവെന്ന്‌ പോലീസ്‌ പറഞ്ഞതാണെന്ന്‌ തന്നെ കരുതുക. ഈ വിവരം പ്രസിദ്ധീകരിക്കും മുമ്പ്‌ സ്വാഭാവികമായ ഒരു ആലോചന ഉണ്ടാവില്ലേ. 300 പേരെ കേരളത്തില്‍ നിന്ന്‌ ഭീകര സംഘടനയിലേക്ക്‌ റിക്രൂട്ട്‌ ചെയ്യണമെങ്കില്‍ എത്രകാലം വേണ്ടിവരും. ഇത്രയും പേരെ റിക്രൂട്ട്‌ ചെയ്‌തിട്ടും ആരെയും ഇതുവരെ പിടികൂടാഞ്ഞതെന്ത്‌? പോലീസ്‌ പിടിയിലുള്ള ഒരാള്‍ നല്‌കുന്ന മൊഴിയുടെ വിശ്വാസ്യത എത്രത്തോളമുണ്ട്‌? റിക്രൂട്ട്‌മെന്റിന്‌ മറ്റെന്തെങ്കിലും തെളിവ്‌ പോലീസിന്റെ പക്കലുണ്ടോ? യുക്തിസഹമായ ആലോചനകള്‍ക്കൊന്നും ന്യൂസ്‌ റൂമുകള്‍ വഴങ്ങാതിരുന്ന ദിവസങ്ങളെന്ന്‌ പരിതപിക്കാം.


എന്തുകൊണ്ട്‌ ഇങ്ങിനെ പരിതപിക്കേണ്ടിവരുന്നു എന്നതുകൂടി ആലോചിക്കണം. താന്‍ ജീവിക്കുന്ന സമൂഹത്തോടോ, തന്നോടുതന്നെയോ ഉത്തരവാദിത്തമില്ലാത്ത ഒന്നായി മാധ്യമ പ്രവര്‍ത്തനം മാറിയിരിക്കുന്നു എന്നതുതന്നെയാണ്‌ അതിനുള്ള വിശദീകരണം. കോപ്പികളുടെ എണ്ണം കൂടുതല്‍ ലക്ഷങ്ങളിലേക്കെത്തിക്കാന്‍ പത്രങ്ങളും ടാം റേറ്റിംഗില്‍ മുന്നിലെത്താന്‍ ചാനലുകളും മത്സരിക്കുമ്പോള്‍ പറയുകയോ എഴുതുകയോ ചെയ്യുന്ന വാക്കുകളോടുള്ള ഉത്തരവാദിത്തം കുറയും.


മൂന്നു മാസം മുമ്പ്‌ കൊച്ചിയിലും വയനാട്ടിലും ബോംബ്‌ സ്‌ഫോടനമുണ്ടാവുമെന്ന ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന്‌ മാധ്യമങ്ങള്‍ പ്രത്യേകിച്ച്‌ ടെലിവിഷന്‍ ചാനലുകള്‍ സൃഷ്‌ടിച്ച ഭീകരാന്തരീക്ഷം ഉദാഹരണമാണ്‌. ഭീഷണി സന്ദേശം ലഭിച്ചത്‌ ടി വി 9 എന്ന ചാനലിന്റെ ബാംഗ്ലൂര്‍ ലേഖകനാണ്‌. ബാംഗ്ലൂരിലും അഹമ്മദാബാദിലും സ്‌ഫോടന പരമ്പരയുണ്ടായതിന്റെ പിറകെ. വൈകിട്ട്‌ ഏഴുമണിക്ക്‌ സ്‌ഫോടനങ്ങളുണ്ടാവുമെന്ന സന്ദേശം വന്നത്‌ പാകിസ്‌താനിലെ ഒരു ഫോണ്‍ നമ്പറില്‍ നിന്നും. സ്വാഭാവികമായും ഭീഷണി ഗൗരവത്തോടെ കൈകാര്യം ചെയ്യപ്പെടണം. ഭീഷണിയുണ്ടെന്ന വിവരം ജനങ്ങളെ അറിയിക്കുകയും അവരെ ജാഗരൂകരാക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം ന്യൂസ്‌ ചാനലുകള്‍ക്കുണ്ട്‌. ആ ഉത്തരവാദിത്തം സമചിത്തതയോടെ നിര്‍വഹിക്കുന്നതിന്‌ പകരം അനാവശ്യമായ പരിഭ്രാന്തി സൃഷ്‌ടിക്കാനാണ്‌ അവ മത്സരിച്ചത്‌.


ഭീഷണി സന്ദേശം ലഭിച്ച നിമിഷം മുതല്‍ തത്സമയ റിപ്പോര്‍ട്ടുകളും ചര്‍ച്ചകളും തുടങ്ങി. വിരമിച്ച പോലീസ്‌ ഉദ്യോഗസ്ഥരും രാഷ്‌ട്രീയക്കാരും ചര്‍ച്ചകളില്‍ സജീവമായി. നാലോ അഞ്ചോ മണിക്കൂറുകള്‍ ചാനലുകളില്‍ ഭീഷണി സന്ദേശവും സുരക്ഷാ പ്രശ്‌നങ്ങളും കേരളം ആക്രമണത്തിനിരയാവാനുള്ള സാധ്യതകളും നിറഞ്ഞു നിന്നു. ഒരു പൊട്ടിത്തെറിയ്‌ക്കായി മാധ്യമങ്ങളും പ്രവര്‍ത്തകരും ആഗ്രഹിക്കുന്നുവെന്നു പോലും തോന്നിപ്പിച്ച മണിക്കൂറുകള്‍. പിറ്റേന്നിറങ്ങിയ പത്രങ്ങളെല്ലാം ഭീതിയുടെ നിമിഷങ്ങളെക്കുറിച്ച്‌ വാചാലരായി. ഇത്തരത്തില്‍ സമചിത്തത നഷ്‌ടപ്പെടുന്നതിന്‌ പിന്നില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള മത്സരം മാത്രമാണെന്ന്‌ കരുതാനാവില്ല. വളരെ പെട്ടെന്ന്‌ തീവ്ര വലതുപക്ഷത്തേക്ക്‌ ചായുന്ന, അല്ലെങ്കില്‍ ഭൂരിപക്ഷ വികാരത്തോടൊപ്പം നില്‌ക്കുന്ന ഒരു മനസ്സ്‌ മാധ്യമങ്ങളെ ഭരിക്കുന്നുവെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.


വിവരങ്ങള്‍ ജനങ്ങള്‍ക്ക്‌ കൈമാറുക എന്ന ഏറെ ഉത്തരവാദിത്തമുള്ള ഒരു ജോലിയ്‌ക്ക്‌ അപ്പുറത്ത്‌, ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്‌ടിക്കുമ്പോള്‍ ഒരു ഭ്രാതൃ സമൂഹം സംശയത്തിന്റെ നിഴലിലേക്ക്‌ തള്ളപ്പെടുന്നു എന്ന തിരിച്ചറിവ്‌ നഷ്‌ടപ്പെട്ടുപോകുന്നു. ഭീഷണി സന്ദേശം അടിസ്ഥാനമില്ലാത്തതാണെന്ന വാര്‍ത്ത പിന്നീട്‌ അറിയിക്കും. പക്ഷെ, സൃഷ്‌ടിച്ച ഭീതിയുടെ അന്തരീക്ഷം ചിലരുടെ മനസ്സിലെങ്കിലും സംശയത്തിന്റെ വിത്തു പാകിയിട്ടുണ്ടാവും. അത്‌ നീക്കാന്‍ മാധ്യമങ്ങള്‍ക്ക്‌ കഴിയാറുമില്ല. മാറാട്‌ പ്രത്യേക കോടതി ജഡ്‌ജിയ്‌ക്ക്‌ നാലു മാസം മുമ്പ്‌ ലഭിച്ച ഭീഷണിക്കത്തിന്‌, കശ്‌മീരില്‍ നാലു യുവാക്കള്‍ കൊല്ലപ്പെട്ട പ്രത്യേക സാഹചര്യത്തില്‍ വാര്‍ത്താ മൂല്യമേറുമെന്ന്‌ തിരിച്ചറിയുന്ന മാധ്യമ പ്രവര്‍ത്തകനും ആ വാര്‍ത്തയ്‌ക്ക്‌ ബ്രേക്കിംഗ്‌ ന്യൂസ്‌ സ്ഥാനം നല്‌കുന്ന ചാനലും ഈ തീവ്ര വലതുപക്ഷവത്‌കരണത്തിന്റെ തെളിവുകളാണ്‌. ഇതു ബോധപൂര്‍വമോ അല്ലാതെയോ സംഭവിക്കാം. രണ്ടായാലും അല്‌പമെങ്കിലും പ്രയോജനം ലഭിക്കുന്നത്‌ സംഘപരിവാര്‍ സംഘടനകള്‍ക്കു മാത്രമാണ്‌.


സമീപകാല ചരിത്രം പോലും ഓര്‍മകളിലില്ലാത്തവരുടെ പ്രതിനിധികളായി മാധ്യമപ്രവര്‍ത്തകരും മാറിയതിന്റെ ഫലം കൂടിയാണിത്‌. കെ പി എസ്‌ ഗില്‍ ഉപദേശകനായ ഒരു വെബ്‌ പോര്‍ട്ടല്‍ രാജ്യത്തെ ഭീകര സംഘടനകളുടെ കണക്ക്‌ പ്രസിദ്ധീകരിക്കുമ്പോള്‍ അത്‌ ആധികാരികമായി കണ്ട്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കുന്നത്‌ അതിനാലാണ്‌. പഞ്ചാബില്‍ തീവ്രവാദം അടിച്ചമര്‍ത്തിയ ഉദ്യോഗസ്ഥനാണ്‌ കെ പി എസ്‌ ഗില്‍. പുതുതലമുറയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ അദ്ദേഹം ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്റെ മുന്‍ പ്രസിഡന്റ്‌ മാത്രമാണ്‌. പഞ്ചാബില്‍ ഗില്‍ സൃഷ്‌ടിച്ചത്‌ വ്യാജ ഏറ്റുമുട്ടലുകളുടെ പരമ്പര തന്നെയാണ്‌. ഗില്ലിന്റെ കാലത്ത്‌ കാണാതായ നിരപരാധികളായ സിഖ്‌ യുവാക്കള്‍ നിരവധി. അവര്‍ എവിടെപ്പോയി എന്നറിയാതെ കേഴുന്ന അമ്മമാര്‍ ധാരാളം. തീവ്രവാദം അടിച്ചമര്‍ത്തി എന്ന ഖ്യാതിയുമായി ഗില്ല്‌ പഞ്ചാബ്‌ വിട്ടു. പക്ഷെ, ഈ അമ്മമാരുടെ കണ്ണീരിന്‌ മറുപടി നല്‌കാന്‍ ഭരണകൂടത്തിന്‌ ഇതുവരെ സാധിച്ചിട്ടില്ല. അത്തരമൊരാള്‍ ഉപദേശകനായ വെബ്‌സൈറ്റ്‌ ഭീകര സംഘടനയുടെ പട്ടിക തയ്യാറാക്കിയാല്‍ അതിനെ ആധികാരികമായി കാണുന്നത്‌ എങ്ങിനെ.


അടിയന്തരാവസ്ഥക്കാലത്ത്‌ കനക സിംഹാസനത്തില്‍ കയറി ഇരിക്കുന്നവന്‍ ശുനകനോ ശുംഭനോ എന്ന ഗാനം ആലപിച്ച കോഴിക്കോട്‌ എന്‍ജിനീയറിംഗ്‌ കോളെജ്‌ വിദ്യാര്‍ത്ഥി രാജന്‌ സംഭവിച്ചത്‌ എന്ത്‌ എന്ന സത്യം മുപ്പതു വര്‍ഷത്തിനിപ്പുറവും വെളിപ്പെടുത്താത്ത ഭരണകൂടമാണ്‌ നമ്മുടേത്‌. ഭരണകൂടത്തിന്റെയും പോലീസിന്റെയും മനസ്ഥിതി അതില്‍ നിന്ന്‌ ഏറെയൊന്നും വ്യത്യാസപ്പെട്ടിട്ടുമില്ല. പോലീസ്‌ സ്റ്റേഷനുകളില്‍ ഉരുട്ടിക്കൊല തുടരുന്നത്‌ അതുകൊണ്ടാണ്‌. കാശ്‌മീര്‍, ഗുജറാത്ത്‌, മണിപ്പൂര്‍, ദില്ലി എന്നിവിടങ്ങളില്‍ നിന്നെല്ലാം വ്യാജ ഏറ്റുമുട്ടലുകളുടെ കഥ പുറത്തുവന്നിട്ടുണ്ട്‌. ക്രൂരമായ കൊലപാതകങ്ങളുടെയും ബലാത്സംഗങ്ങളുടെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്‌. അത്തരം സംഭവങ്ങളില്‍ നീതി നടപ്പാവുകയോ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയോ ചെയ്‌ത സംഭവങ്ങള്‍ കുറവ്‌. ഇതൊന്നും ഓര്‍മയിലില്ലാത്തവരുടെ കൂട്ടങ്ങള്‍ക്ക്‌ സമചിത്തതയുണ്ടാവില്ല. അവര്‍ക്ക്‌ ഉപരിപ്ലവമായ രാജ്യസ്‌നേഹവും വ്യാജ ദേശീയതയും പ്രധാനമാവുകയുംചെയ്യും.


വസ്‌തുതകള്‍ വെളിപ്പെടുത്താന്‍ ഭരണകൂടം തയ്യാറാവാതിരിക്കുകയും അവാസ്‌തവങ്ങളും അര്‍ദ്ധ വാസ്‌തവങ്ങളും നല്‌കാന്‍ ഇന്റലിജന്‍സ്‌, ഉന്നത ഉദ്യോഗസ്ഥ വൃത്തങ്ങള്‍ തയ്യാറാവുകയും ചെയ്യുമ്പോള്‍ അന്തരീക്ഷം കൂടുതല്‍ കലുഷിതമാവും. അത്തരം സാഹചര്യത്തില്‍ കണ്ണൂരെ വീട്ടമ്മയായ ഉമ്മയ്‌ക്ക്‌ സ്വന്തം മകന്റെ താടിരോമങ്ങളെക്കുറിച്ച്‌ വേവലാതിപ്പെടേണ്ടിവരും. കശ്‌മീരില്‍ കൊല്ലപ്പെട്ട മക്കളുടെ ശരീരം വേണ്ടെന്ന്‌ പറഞ്ഞ്‌ മാതാപിതാക്കള്‍ക്ക്‌ രാജ്യസ്‌നേഹം തെളിയിക്കേണ്ടിയും വരും.


മനസ്സുകള്‍ വിഭജിക്കപ്പെടുന്നുവെന്നത്‌ വസ്‌തുതയാണ്‌. അത്‌ അധികാരത്തിലേക്കുള്ള വഴിയാവുമെന്ന്‌ കരുതുന്നവര്‍ ചുറ്റുമുണ്ടെന്നതും. അതിന്‌ ഭരണ സംവിധാനത്തിലും മാധ്യമങ്ങളിലും ഉള്ളവര്‍ അറിഞ്ഞോ അറിയാതെയോ വഴിയൊരുക്കുന്നുണ്ടോ എന്ന ആകുലത പങ്കുവെച്ചുവെന്ന്‌ മാത്രം.

10 comments:

  1. ഈയടുത്ത് സൈന്യത്തിലെ ഐ.എസ്.ഐ ചാരനെ പിടിച്ചത് ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും വാര്‍ത്തയേ ആയിരുന്നില്ല.അതെങ്ങേനെ ചുരുങ്ങിയ പക്ഷം മുസ്ലിം തീവ്രവാദം എന്ന സാധനം ഇല്ലെങ്കില്‍ ഇതിനൊന്നും തീരെ സെന്‍സേഷന്‍ ഇല്ലല്ലോ ? കപട ദേശ സ്നേഹവുമായി സനാതന ഹിന്ദുത്വം വളര്‍ത്താന്‍ ഇറങ്ങിയ സംഘപരിവാറിന്‍ എല്ലായിടത്തും ഗുജറാത്ത് വേവിച്ചേടുക്കാന്‍ ഇതൊക്കെ അനിവാര്യമാണല്ലോ.

    ഗുജറാത്ത് മുഖ്യ മന്ത്രി നരേന്ദ്ര മോഡി എന്ന ക്രിമിനലിനെ കൊല്ലാന്‍ വന്നു എന്നും പറഞ്ഞ് കുറെ നിരപരാധികളെ വെടിവെച്ച് കൊന്നതിന് അന്ന് കുറെ സംഘക്കാര്‍ ആഘോഷിച്ചതാണ് എന്നാല്‍ ഇപ്പോള്‍ അതിനെ പറ്റി ഇവര്‍ക്കൊന്നും മിണ്ടാട്ടമില്ല.ഭീകരത എന്ന പേരില്‍ ഇവിടെയുള്ള ന്യൂനപക്ഷങ്ങളെ ഒതുക്കാന്‍ ഇത്തരത്തിലുള്ള ഞോണുക്കു വിദ്യകള്‍ സംഘപരിവാറിന് എന്നും കൂട്ടുണ്ട്. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇന്റലിജന്‍സ്,മറ്റ് സുപ്രധാന വകുപ്പുകളില്‍ എല്ലാം പ്രധാന സ്ഥാനങ്ങള്‍ കയ്യാളിയിരിക്കുന്നത് സംഘപരിവാര്‍ അംഗങ്ങളോ അനുഭാവികളോ ആണ്. ഇത് നിഷേധിക്കുവാന്‍ സംഘപരിവാര്‍ ക്രിമിനലുകള്‍ പറയുന്ന ന്യായം “ഇവര്‍ ഏത ശാഖയിലാണ് , എത്രയാണ് നമ്പര്‍ എനൊക്കെയുള്ള “ ലാട്ട് ചോദ്യങ്ങള്‍ ആയിരിക്കും. എന്റെ നാട്ടില്‍ സജീവ സംഘപരിവാര്‍ ക്രിമിനലുകള്‍ പോളീസിലും മറ്റ് സ്ഥാനങ്ങളിലും വിഹരിക്കുന്ന കാഴ്ച കണ്ടീടൂണ്ട്. മറ്റ് നല്ലവരും നിക്ഷപക്ഷരുമായ ആളുകള്‍ കൂടെ ഉള്ളത് കൊണ്ട് കേരളം ഗുജറാത്ത് ആവുന്നില്ലെന്നേയുള്ളൂ. സമ്മുഹം ജാഗ രൂഗരായില്ലെങ്കില്‍ മറ്റൊരു ഗുജറാത്ത് കേരളത്തിലും ആവര്‍ത്തിക്കും എന്നതില്‍ സംശയമേയില്ല.

    ReplyDelete
  2. http://jokercircus.blogspot.com/2008/09/blog-post_23.html
    http://jokercircus.blogspot.com/2008/11/blog-post_26.html

    ReplyDelete
  3. shaijukk.blogspot.comOctober 14, 2009 at 7:55 PM

    ലവ് ജിഹാദ് എന്ന സെന്‍സെഷണല്‍ ലോട്ടറിയുമായി രംഗത്ത് തിളങ്ങി നില്‍ക്കുന്ന സാമുദായിക (ഒരുജാതി ഒരുമതം..) പത്രം 'പരിവാരങ്ങള്‍ക്ക്' ചാര്‍ത്തിക്കൊടുത്ത ഉള്‍പ്പുളകം ചില്ലറയല്ല. കുറെ നാളുകളായി കേരളത്തില്‍ വംശനാശ ഭീഷണിയിലായ saffron brigade- ന് ചക്കക്കൂട്ടാന്‍ കിട്ടിയ പോലായി ഇത്. സാമുദായിക മഞ്ഞ പത്രത്തിന്റെ താളുകള്‍ അച്ചടിച്ചാണ് 'ചേട്ടന്മാരുടെ' anti love jihad പ്രചാരവേല.
    അതിനു പിന്നാലെ സ്വന്തം കാവി സഹോദരിമാരെയും പ്രതിരോധത്തിന് സജ്ജരാക്കുന്നുണ്ടത്രേ..!
    നമ്മുടെ മാധ്യമരംഗം എത്രത്തോളം മലീമസവും തെറ്റിദ്ധാരണാജനകവും ആണ് എന്നുകൂടി ഓര്‍മപ്പെടുത്തുന്നു ഇത്.
    സ്വന്തം മുതലാളിക്ക് വേണ്ടി എന്ത് തറപ്പണിയും കാണിക്കാന്‍ മടിക്കാത്ത പുതു തലമുറ മാധ്യമപ്രവര്തകരുടെ കാലത്ത് ഇതും ഇതിലപ്പുറവും നടക്കും.

    ReplyDelete
  4. ലവ്‌ ജിഹാദിനെപ്പറ്റി കേട്ടപ്പോള്‍ എനിക്കുണ്ടായ ഒരു സംശയം ഒരു യഥാര്‍ത്ഥ മുസ്ലിം ഒരു പെണ്‍കുട്ടിയെ മതപരിവര്‍ത്തനം നടത്തുക എന്ന ലക്ഷ്യത്തോടെ പ്രണയിച്ച് അവരുടെ മനസ് കീഴടക്കി മതപരിവര്‍ത്തനം നടത്തിയാല്‍ മാത്രമെ വിവാഹം കഴിക്കാനാകൂ എന്ന് പറയുന്നു. പെണ്‍ കുട്ടിക്ക് പ്രേമം അസ്ഥിക്ക് പിടിച്ചിട്റ്റുണ്ടെങ്കില്‍ മതം മാറാന്‍ സമ്മതിക്കുന്നു. അങ്ങനെ അയാള്‍ ഒരാളേക്കൂടി സ്വന്തം മതത്തിലേക്ക് ചേര്‍ത്ത് പുണ്യം നേടുന്നു.

    എന്നാല്‍ മത പരിവര്‍ത്തനം നടത്തുക എന്ന ലക്ഷ്യത്തോടെ പ്രണയിച്ച് മതം മാറ്റി കല്ല്യാണം കഴിച്ച ശേഷം മറ്റുള്ളവര്‍ക്ക് കാഴ്ച വച്ചു എന്ന ഭാഗം ഒരു തരത്തിലും യുക്തിക്ക് നിരക്കുന്നതല്ല.

    പീഡനമാണ്‌ ലക്ഷ്യമെങ്കില്‍ അയാള്‍ എന്തിന്‌ മതം മാറ്റണം രജിസ്റ്റര്‍ മാര്യേജ് കഴിച്ച ശേഷമോ അല്ലാതെയോ ഒക്കെ പീഡിപ്പിക്കാന്‍ ഒരുപാട് അവസരം നിലനില്ക്കുമ്പോള്‍ മതം മാറ്റി ഇസ്ലാമാക്കിയ ശേഷം പീഡിപ്പിക്കുന്നു എന്ന വാദം എങ്ങനെ നിലനില്‍ക്കും. മുസ്ലിമാക്കി മറ്റിയ ഭാര്യയാക്കി മാറ്റിയ ഒരു സ്ത്രീയെ മറ്റുള്ളവര്‍ക്ക് കാഴ്ച വയ്‌ക്കുന്ന ജിഹാദി എന്നൊക്കെപ്പറഞ്ഞാല്‍ അത് വിശ്വസിക്കുക അസാധ്യം

    ReplyDelete
  5. വിവരങ്ങള്‍ ജനങ്ങള്‍ക്ക്‌ കൈമാറുക എന്ന ഏറെ ഉത്തരവാദിത്തമുള്ള ഒരു ജോലിയ്‌ക്ക്‌ അപ്പുറത്ത്‌, ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്‌ടിക്കുമ്പോള്‍ ഒരു ഭ്രാതൃ സമൂഹം സംശയത്തിന്റെ നിഴലിലേക്ക്‌ തള്ളപ്പെടുന്നു എന്ന തിരിച്ചറിവ്‌ നഷ്‌ടപ്പെട്ടുപോകുന്നു.

    വര്‍ത്തമാനത്തിന്റെ നേര്‍ചിത്രം.
    മാധ്യമങ്ങള്‍ മറിമായങ്ങള്‍ കാണിക്കുമ്പോള്‍ ശിക്ഷിക്കപെടുന്ന സാദാരണക്കാര്‍ ഒന്നിനുമാകാതെ തരിച്ചു നില്‍ക്കുന്നു.

    ReplyDelete
  6. പിണറയി വിജയനോടും, സി.പി.എമ്മിനോടും അഭിപ്രായ വ്യത്യാസം നിലനിക്കെ തന്നെ പിണറായി വിജയൻ നിരന്തരം സമൂഹത്തിൽ അവതരിപ്പിക്കുന്ന ഒരു മുന്നറിയിപ്പുണ്ട്‌. "മാധ്യമ സിന്റികേറ്റ്‌" എന്ന യാഥർത്ഥ്യം.
    തീർച്ചയായും നിശ്പക്ഷത എന്നൊരു പക്ഷം ഇല്ല. പത്രങ്ങൾക്കും ഉണ്ടു അവരുടേതായ രാഷ്ട്രീയം. എന്നാൽ വിഭാഗീയ പ്രവണതകളെ അകറ്റി നിർത്തിയിരുന്ന പത്രങ്ങൾ തന്നെ വിദ്വേഷത്തിന്റെ കുഴലൂത്തുകാരാകുന്നു. ഭരണകൂടം ഇതിന്റെ പിന്നാലെ പായുന്നു. സംഭവങ്ങളെ വിഷയാധിഷ്ഠിതമായും, തെളിവുകളുടെ പിൻബലത്തിലും മാത്രം വിലയിരുത്തേണ്ട നീതിപീഠങ്ങൾ വരെ ഈ പ്രചാരണത്തിൽ അകപ്പെടുന്നു. ഇതു വാസ്തവത്തിൽ അത്യന്തം ഗൗരവതരമാണു.
    ജന്മഭൂമിയുടെ അജണ്ട അതു വായിക്കുന്നവർക്കു മുഴുക്കെ അറിയാം. അത്തരം വാർത്തകളോ, 'വിചാരങ്ങളോ' ഇല്ലെങ്കിൽ 'ജന്മഭൂമി'ക്കു എന്തു പ്രസക്തി. എന്നാൽ കേരളീയ സമൂഹത്തിൽ ആരോഗ്യപരമായ സഹവർത്തിത്വത്തിന്നു ഉന്നത മാനങ്ങൽ നൽകിയ "കെരളകൗമുദി" യെ പോലുള്ള പത്രങ്ങൽ താൽകാലിക അജണ്ടകൾ മുന്നിൽ വെച്ചു ഇത്തരം "ഡെസ്ക്‌ ഇന്വ്സ്റ്റിഗേഷൻ ജേർണലിസ"ത്തിന്റെ പുറകിൽ പോയി ചിദ്രത ശിഷ്ഠിക്കുമോഴാണു ആശങ്കയുണൗന്നത്‌.
    ലവ്‌ ജിഹടെന്ന നാമം ഒരു സമൂത്തിനു നേരെ പ്രയോഗിക്കാമെങ്കിൽ ആരോപണമുന്നയിക്കുന്നവരെ ഇത്തരം സംഭവങ്ങളോടു ഏതു പേരിട്ടു വിളിക്കണം? "പാതിരി റോമിയോ" എന്നോ? അതല്ല "ഫാഷിസ്റ്റ്‌-കാവി റോമിയോ" എന്നോ?

    ReplyDelete
  7. വാഗ്ഗമണില്‍ ക്യാമ്മ്പു നടത്തി ബോംബുണ്ടാക്കാന്‍ പരിശീലനം നേടി നാടു മുഴുവന്‍ പൊട്ടിച്ച മലയാളികളേക്കുറിച്ചൊന്നും അറിഞ്ഞില്ല അല്ലേ... അവരൊക്കെ റിക്ക്രൂട്ട് ചെയ്യതെ നേരെ പോയി ചേര്‍ന്നവരായിരിക്കും...

    ReplyDelete
  8. "ഒറീസ്സയില്‍ മതപരിവര്‍ത്തനം നടത്തിയിട്ടില്ല എന്ന ക്രിസ്‌തീയ പുരോഹിതരുടെ വാദം അംഗീകരിച്ചുകൊണ്ടല്ലേ അവിടെ നടക്കുന്ന ക്രൂരതകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നല്‌കുന്നത്‌ എന്ന്‌ വാദത്തിന്‌ വേണ്ടി ചോദിച്ചു."

    ഉദാത്ത പത്ര പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനശിലയാകേണ്ട മഹത്തായ ആശയം.

    ഇനിയിപ്പോള്‍ ഇന്ത്യയില്‍ ഭീകരപ്രവര്ത്തനം നടത്തുന്നില്ല എന്ന പാക്കിസ്ഥാന്റെ വാദം അംഗീകരിച്ച് സംഘപരിവാര്‍ പാക്കിസ്ഥാങ്കാരോടു കാട്ടുന്ന ക്രൂരതകളേക്കുറിച്ചും, അരുണാചല്‍ പ്രദേശ് ചൈനയുടെ ഭാഗമാണെന്ന അവരുടെ വാദം അംഗീകരിച്ച് സംഘപരിവാര്‍ ഇന്ത്യന്‍ പ്രധാന മന്ത്രിയെ അവിടേക്കു കടന്നു കയറാന്‍ വിട്ടതിനേക്കുറിച്ചും ഒക്കെ താങ്കള്‍ വാര്‍ത്തകള്‍ പടച്ചു വിടും എന്നു കരുതുന്നു.

    മതേതര പത്രപ്രവര്‍ത്ത്നം എത്ര എളുപ്പം, സത്യത്തിന്റെ കൂടെ നില്‍ക്കണമെങ്കില്‍ എന്തെല്ലാം ചെയ്യണം അല്ലേ, കാര്യങ്ങല്‍ പോയി അന്വേഷിക്കണം, വിലയിരുത്തണം, സ്ത്യം കണ്ടെത്തി റിപ്പോര്‍ട്ടു ചെയ്യണം.. ഉള്ള പണി പോകും.. ജീവിക്കേണ്ടേ..

    ഒരു ദിവസ്സം പണ്ട് മെത്രാന്മാര്‍ പറഞ്ഞപോലെ (നമ്മുടേ പിള്ളേര്‍ നമ്മുടേ കോളേജില്‍ത്തന്നെ പോയാല്‍ മതി) മാധ്യമ ഉടമയും ഒരു തീരുമാനമെടുക്കുന്നതു വരെ ഇമ്മാതിരി പത്ര പ്രവര്‍ത്തനം നടത്തുകയല്ലാതെ എന്തു ചെയ്യും..

    ReplyDelete
  9. <<"താന്‍ ജീവിക്കുന്ന സമൂഹത്തോടോ, തന്നോടുതന്നെയോ ഉത്തരവാദിത്തമില്ലാത്ത ഒന്നായി മാധ്യമ പ്രവര്‍ത്തനം മാറിയിരിക്കുന്നു..">>

    വളരെ വലിയ സത്യം

    <<,“വിവരങ്ങള്‍ ജനങ്ങള്‍ക്ക്‌ കൈമാറുക എന്ന ഏറെ ഉത്തരവാദിത്തമുള്ള ഒരു ജോലിയ്‌ക്ക്‌ അപ്പുറത്ത്‌, ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്‌ടിക്കുമ്പോള്‍ ഒരു ഭ്രാതൃ സമൂഹം സംശയത്തിന്റെ നിഴലിലേക്ക്‌ തള്ളപ്പെടുന്നു എന്ന തിരിച്ചറിവ്‌ നഷ്‌ടപ്പെട്ടുപോകുന്നു. ഭീഷണി സന്ദേശം അടിസ്ഥാനമില്ലാത്തതാണെന്ന വാര്‍ത്ത പിന്നീട്‌ അറിയിക്കും. പക്ഷെ, സൃഷ്‌ടിച്ച ഭീതിയുടെ അന്തരീക്ഷം ചിലരുടെ മനസ്സിലെങ്കിലും സംശയത്തിന്റെ വിത്തു പാകിയിട്ടുണ്ടാവും. അത്‌ നീക്കാന്‍ മാധ്യമങ്ങള്‍ക്ക്‌ കഴിയാറുമില്ല.“>>

    അതെങ്ങനെ മന:പൂര്‍വ്വം തന്നെ ഭീതിയുണ്ടാക്കി തീര്‍ക്കാനുദ്ദേശിച്ചവന്റെ കച്ചവട മനസ്സിന് ഒരു തിരുത്ത് എങ്ങിനെ സഹിക്കാനാവും.


    <<“കാശ്‌മീര്‍, ഗുജറാത്ത്‌, മണിപ്പൂര്‍, ദില്ലി എന്നിവിടങ്ങളില്‍ നിന്നെല്ലാം വ്യാജ ഏറ്റുമുട്ടലുകളുടെ കഥ പുറത്തുവന്നിട്ടുണ്ട്‌. ക്രൂരമായ കൊലപാതകങ്ങളുടെയും ബലാത്സംഗങ്ങളുടെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്‌. അത്തരം സംഭവങ്ങളില്‍ നീതി നടപ്പാവുകയോ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയോ ചെയ്‌ത സംഭവങ്ങള്‍ കുറവ്‌. ഇതൊന്നും ഓര്‍മയിലില്ലാത്തവരുടെ കൂട്ടങ്ങള്‍ക്ക്‌ സമചിത്തതയുണ്ടാവില്ല. അവര്‍ക്ക്‌ ഉപരിപ്ലവമായ രാജ്യസ്‌നേഹവും വ്യാജ ദേശീയതയും പ്രധാനമാവുകയുംചെയ്യും.“>>

    തികച്ചും സത്യം..

    ReplyDelete