2009-10-03

വികസിതക്കൂട്ടായ്‌മയുടെ സ്വപ്‌നങ്ങള്‍


ഗൂപ്പ്‌ എട്ട്‌ - അമേരിക്കയുടെ നേതൃത്വത്തില്‍ രൂപവത്‌കരിച്ച വികസിത രാജ്യങ്ങളുടെ കൂട്ടായ്‌മയാണിത്‌. ഈ കൂട്ടായ്‌മ അവസാനിക്കുകയാണെന്നും അത്‌ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുള്‍ക്കൊള്ളുന്ന ജി-20ല്‍ ലയിക്കുകയാണെന്നുമുള്ള പ്രഖ്യാപനം അടുത്തിടെ പിറ്റ്‌സ്‌ബര്‍ഗില്‍ അവസാനിച്ച ഉച്ചകോടിയിലുണ്ടായി. ആഗോള സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ജി-20 ആയിരിക്കും ഇനി കൈക്കൊള്ളുകയെന്നും പ്രഖ്യാപനമുണ്ടായി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ വികസിത രാജ്യകൂട്ടായ്‌മ തീരുമാനിച്ചതിനെ ആവേശത്തോടെയാണ്‌ ഡോ. മന്‍മോഹന്‍ സിംഗ്‌ കാണുന്നത്‌. സാമ്പത്തിക നയപരിപാടികള്‍ ആവിഷ്‌കരിക്കുമ്പോള്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ അഭിപ്രായം കണക്കിലെടുക്കുമെന്ന പ്രഖ്യാപനവും അദ്ദേഹത്തെ ആവേശഭരിതനാക്കുന്നു. ഇന്ത്യയുടെ വാക്കുകള്‍ക്ക്‌ ഉച്ചകോടിയില്‍ വലിയ പ്രാധാന്യം ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.


എല്ലാറ്റിലും തങ്ങള്‍ ഒരു പടി മുന്നിലാണെന്ന വികസിത രാജ്യങ്ങളുടെ ചിന്തക്ക്‌ തിരിച്ചടിയേല്‍ക്കുന്നതും ചെറിയവന്‍ പറയുന്നതു കേള്‍ക്കാന്‍ തയ്യാറാവുന്നതും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്‌. പക്ഷേ, സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതം വികസിത രാജ്യങ്ങളെ കൂടുതലായി ബാധിക്കുകയും അത്‌ തരണം ചെയ്യാനുള്ള ശ്രമങ്ങള്‍ ഫലം കാണാതിരിക്കുകയും ചെയ്യുമ്പോഴാണ്‌ കൂട്ടായ്‌മ വിപുലീകരിക്കാന്‍ മുന്‍കൈ എടുത്തിരിക്കുന്നത്‌ എന്നത്‌ മറന്നുകൂടാ. `ചേരിചേരാ' പോലെയുള്ള കൂട്ടായ്‌മകളുടെ പ്രസക്തി നഷ്‌ടപ്പെട്ടുവെന്ന്‌ യു എസ്‌ വിദേശകാര്യ ഉപദേഷ്‌ടാവ്‌ സൂസന്‍ എലിസബത്ത്‌ റൈസ്‌ പ്രഖ്യാപിച്ച്‌ ഒരാഴ്‌ച പിന്നിടും മുമ്പാണ്‌ ജി-എട്ടിനെ ജി-20 ആക്കി വിപുലപ്പെടുത്തുന്നതും. സൂസന്‍റൈസിന്റെ പ്രസ്‌താവനയും പിറ്റ്‌സ്‌ബര്‍ഗിലെ പ്രഖ്യാപനവും തമ്മില്‍ പ്രത്യക്ഷത്തില്‍ ബന്ധമില്ല. പക്ഷേ, ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച്‌ നിലനില്‍ക്കുന്ന കൂട്ടായ്‌മകള്‍ ഒഴിവാക്കാനും അത്തരം ഗ്രൂപ്പുകളിലെ പ്രമുഖരായ പങ്കാളികളെ തങ്ങളുടെ കീഴില്‍
കൊണ്ടുവരാനും വികസിത (പ്രതിസന്ധിബാധിത) രാജ്യങ്ങള്‍ ശ്രമിക്കുന്നുണ്ട്‌. അതിന്റെ ഉദാഹരണങ്ങളിലൊന്നാണ്‌ ജി-എട്ട്‌, ജി-20 ആയി വികസിച്ചത്‌.


അമേരിക്കയിലെ ലീമാന്‍ ബ്രദേഴ്‌സ്‌ ബേങ്ക്‌ തകര്‍ന്നതിന്റെ ആദ്യ വാര്‍ഷികം കഴിഞ്ഞ പതിനഞ്ചിന്‌ ആചരിക്കുകയുണ്ടായി. അമേരിക്കന്‍ ധനവിപണിയില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നാണ്‌ ഒബാമ അന്ന്‌ പ്രഖ്യാപിച്ചത്‌. ചില ധനകാര്യ സ്ഥാപനങ്ങള്‍ സ്വീകരിക്കുന്ന വഴിവിട്ട നടപടികള്‍ മൂലം ലോക സാമ്പത്തിക മേഖലയൊന്നാകെ പ്രതിസന്ധിയിലാകുന്ന സ്ഥിതി അനുവദിക്കില്ലെന്നും ഒബാമ പറഞ്ഞു. ഏറെക്കുറെ സമാനമായ നിലപാടാണ്‌ ജി -20 ഉച്ചകോടിയും സ്വീകരിച്ചത്‌. പണത്തിന്റെ നിയമവിരുദ്ധമായ ഒഴുക്ക്‌ തടയുമെന്നും ഉച്ചകോടി പ്രഖ്യാപിച്ചിട്ടുണ്ട്‌. പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി യു എസ്‌ അടക്കമുള്ള വികസിത രാജ്യങ്ങള്‍ ആഭ്യന്തര വിപണി സംരക്ഷിക്കാന്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ക്കെതിരെ ഉച്ചകോടിയില്‍ വിമര്‍ശമുയരുമെന്നാണ്‌ പ്രതീക്ഷിച്ചത്‌. സംരക്ഷണ നടപടികള്‍ക്കെതിരെ ശക്തമായ സന്ദേശം ഉച്ചകോടിയിലുണ്ടാകുമെന്ന്‌ ഡോ. മന്‍മോഹന്‍ പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു.


ഇക്കാര്യത്തില്‍ ഇന്ത്യപോലും പ്രതിഷേധം ഉയര്‍ത്തിയില്ല. മറ്റു രാജ്യങ്ങളുടെ കമ്പോളങ്ങള്‍ തുറന്നുകിട്ടണമെന്ന്‌ നിര്‍ബന്ധിക്കുകയും സ്വന്തം കമ്പോളം സംരക്ഷിച്ചു നിര്‍ത്തുകയും ചെയ്യുന്ന അമേരിക്കയെപ്പോലുള്ളവയുടെ നടപടിയെ പേരിനെങ്കിലും വിമര്‍ശിക്കാതെ ഇന്ത്യയിലെത്തിയ പ്രധാനമന്ത്രിയാണ്‌ നമ്മുടെ ശബ്‌ദം ജി-20 ശ്രദ്ധിച്ചുവെന്ന്‌ അവകാശപ്പെട്ടത്‌. ആഭ്യന്തര കമ്പോളത്തെ സംരക്ഷിക്കാന്‍ സ്വീകരിച്ച നടപടികള്‍ ധനവിപണിയിലേക്കുകൂടി വ്യാപിപ്പിക്കുകയാണ്‌ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന സാമ്പത്തിക നിയന്ത്രണ പരിപാടിയിലൂടെ അമേരിക്കയും മറ്റും. അതിരുകളില്ലാത്ത ധനവിപണിയെ പ്രോത്സാഹിപ്പിച്ചവര്‍ കള്ളപ്പണത്തെക്കുറിച്ചും നിയമവിരുദ്ധ പണത്തിന്റെ ഒഴുക്കിനെക്കുറിച്ചും സംസാരിക്കുന്നു. ആഭ്യന്തര ധനവിപണി സംരക്ഷിച്ചു നിര്‍ത്താനുള്ള കൂടുതല്‍ ശക്തമായ നടപടികളുണ്ടാകുമെന്നുകൂടിയാണ്‌ ഇതിന്റെ അര്‍ഥം. പ്രത്യക്ഷവും പരോക്ഷവുമായ വിദേശ നിക്ഷേപത്തിലൂടെ അസംതുലിതമായി വളരുകയും സാമ്പത്തിക വളര്‍ച്ച അവകാശപ്പെടുകയും ചെയ്യുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്ക്‌ ഈ നിയന്ത്രണം കൂടുതല്‍ ദുരിതമാവും സമ്മാനിക്കുക.


വിദേശനയത്തിന്റെ ഭാഗമായി ജവഹര്‍ലാല്‍ നെഹ്‌റു മുന്നോട്ടുവെച്ച പഞ്ചശീല തത്വങ്ങളില്‍ നിന്നാണ്‌ ചേരിചേരാ പ്രസ്ഥാനത്തിന്റെ തുടക്കം. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം അമേരിക്കയും സോവിയറ്റ്‌ യൂനിയനും ചേരികള്‍ക്ക്‌ നേതൃത്വം നല്‍കി ശീതയുദ്ധത്തിലേര്‍പ്പെട്ടിരുന്ന കാലം. ഒരു ചേരിയിലുമല്ലാതെ സ്വതന്ത്രമായി നിലകൊള്ളാന്‍ ഒരു രാജ്യവും മിനക്കെടുമായിരുന്നില്ല. ഇതിനിടയിലാണ്‌ സ്വതന്ത്രമായി നിന്ന്‌ ശക്തി തെളിയിക്കുക എന്ന സിദ്ധാന്തം നെഹ്‌റു മുന്നോട്ടുവെക്കുന്നത്‌. ഇതിനോട്‌ വിവിധ രാജ്യങ്ങള്‍ യോജിച്ചു. 1961 ല്‍ ചേരിചേരാ പ്രസ്ഥാനം നിലവില്‍വരുമ്പോള്‍ 25 രാഷ്‌ട്രങ്ങളാണ്‌ അംഗങ്ങളായുണ്ടായിരുന്നത്‌. അമേരിക്ക - സോവിയറ്റ്‌ ചര്‍ച്ചകള്‍ ആരംഭിക്കുകയും 1991 ല്‍ സോവിയറ്റ്‌ യൂണിയന്‍ തകരുകയും ചെയ്‌തതോടെ ചേരികള്‍ അപ്രത്യക്ഷമായി. പക്ഷേ, ചേരിചേരാ പ്രസ്ഥാനം വ്യക്തിത്വം നിലനിര്‍ത്തി മുന്നോട്ടുപോയി. സോവിയറ്റ്‌ യൂനിയന്‍ ഇല്ലാതായതോടെ ഏകധ്രുവമായി നീങ്ങിയ ലോകത്തിന്‌ ചില ബദലുകളെങ്കിലും സമ്മാനിച്ചത്‌ ഈ പ്രസ്ഥാനമായിരുന്നു. യു എന്‍ രക്ഷാസമിതിയില്‍ റഷ്യയും ചൈനയും ചിലപ്പോഴെങ്കിലും അമേരിക്കക്ക്‌ എതിരായ നിലപാടുകള്‍ സ്വീകരിച്ചതിന്‌ പിന്നില്‍ ഈ പ്രസ്ഥാനത്തിന്റെ സ്വാധീനമുണ്ടായിരുന്നു - പ്രത്യേകിച്ച്‌ ഇറാന്‍, ഉത്തര കൊറിയ, ക്യൂബ രാജ്യങ്ങളുടെ കാര്യത്തില്‍.


ഈ പ്രസ്ഥാനമാണ്‌ അപ്രസക്തമായെന്ന്‌ അമേരിക്ക പറയുന്നത്‌. ഇത്തരം ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം പല കാര്യങ്ങളിലും ഉചിതമായ തീരുമാനങ്ങള്‍ എടുക്കുന്നതിന്‌ തടസ്സമാകുന്നുണ്ടെന്നും അമേരിക്ക വ്യക്തമാക്കുന്നു. ലോക വ്യാപാര സംഘടനയുടെ ദോഹവട്ട തീരുമാനങ്ങള്‍ നടപ്പാക്കുന്നതിലുണ്ടായ തടസ്സം തന്നെ പരിഗണിക്കുക. കാര്‍ഷിക മേഖലക്കുള്ള സബ്‌സിഡി വികസ്വര, അവികസിത രാജ്യങ്ങള്‍ വെട്ടിക്കുറക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങളും അപ്രകാരം ചെയ്യണമെന്ന്‌ വാദിച്ചവരുടെ മുന്‍പന്തിയില്‍ ഇന്ത്യയും ബ്രസീലുമായിരുന്നു. ഇപ്പോള്‍ ഇന്ത്യയെ അനുനയിപ്പിച്ച്‌ ഡബ്ല്യൂ ടി ഒ ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ തീരുമാനിച്ചിട്ടുണ്ട്‌. പക്ഷേ, ചേരിചേരാ പോലുള്ള കൂട്ടായ്‌മകള്‍ നിലവിലുള്ള കാലത്തോളം ഇന്ത്യക്കു മേല്‍ പുതിയ സമ്മര്‍ദം ഉണ്ടാകാനും അമേരിക്കന്‍ അനുകൂല നിലപാടില്‍ അവര്‍ മാറ്റം വരുത്താനുമുള്ള സാധ്യത ശക്തമാണ്‌.


ഈ സാധ്യത ഇല്ലാതാക്കണമെങ്കില്‍ ഇത്തരം ഗ്രൂപ്പുകള്‍ ഇല്ലാതാവണം. അത്‌ സാധ്യമാവണമെങ്കില്‍ ഇന്ത്യയെപ്പോലെ കൂട്ടായ്‌മക്ക്‌ നേതൃത്വം നല്‍കുന്ന രാജ്യങ്ങളെ ഒപ്പം നിര്‍ത്തണം. ജി എട്ട്‌ വിപുലീകരിച്ച്‌ ജി-20 ആക്കി, സാമ്പത്തിക നയങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള അധികാരം പുതിയ അംഗങ്ങള്‍ക്ക്‌ കൂടി നല്‍കുമ്പോള്‍ ഒരു എട്ടുകാലി വലകൂടി നെയ്യുന്നുണ്ട്‌. സാമ്പത്തികാധികാരത്തിന്‌ തട്ടുന്ന ഇളക്കം പരിഹരിക്കാന്‍ ഇരകളെ പിടിക്കാനുള്ള വല. ദോഹവട്ട ചര്‍ച്ചകളിലെടുത്ത തീരുമാനം ഉടന്‍ നടപ്പാക്കണമെന്ന്‌ അമേരിക്കയെപ്പോലുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടതും അതിന്റെ തുടര്‍ ചര്‍ച്ചകള്‍ക്ക്‌ മുന്‍കൈ എടുക്കാനും ഇന്ത്യയെ നിയോഗിച്ചതും ഇതിന്റെ ഭാഗമാണ്‌.


ഈജിപ്‌തില്‍ അടുത്തിടെ നടന്ന ചേരിചേരാ ഉച്ചകോടിയില്‍ 105 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. പ്രസ്ഥാനത്തിലെ അംഗ രാജ്യങ്ങളുടെ എണ്ണം 118 ആണ്‌ ഇപ്പോള്‍. ഇത്രയും നേതാക്കള്‍ പങ്കെടുക്കുകയും ലോകജനസംഖ്യയുടെ 55 ശതമാനത്തെ പ്രതിനിധാനം ചെയ്യുകയും ചെയ്യുന്ന പ്രസ്ഥാനമാണ്‌ അപ്രസക്തമെന്നും അംഗരാജ്യങ്ങളുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയമെന്നും അമേരിക്ക കുറ്റപ്പെടുത്തുന്നത്‌. രൂപംകൊണ്ട കാലത്ത്‌ ലോകരാജ്യങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ ചേരിചേരാ പ്രസ്ഥാനത്തിന്‌ ബോധ്യമുണ്ടായിരുന്നു. അക്കാര്യങ്ങളില്‍ വിട്ടുവീഴ്‌ചയില്ലാത്ത നിലപാട്‌ സ്വീകരിക്കുകയും ചെയ്‌തു. ഇപ്പോള്‍ ആ നിലപാട്‌ തുടരാന്‍ കഴിയുന്നുണ്ടോ എന്നത്‌ സംശയമാണ്‌. ഈജിപ്‌തില്‍ ഒടുവില്‍ ചേര്‍ന്നപ്പോള്‍ ആഗോള ഭീകരവാദവും സാമ്പത്തിക പ്രതിസന്ധിയുമായിരുന്നു പ്രധാന ചര്‍ച്ച. ഇവ ചര്‍ച്ച ചെയ്യുമ്പോള്‍ ആണവ മേഖലയുമായി ബന്ധപ്പെട്ട്‌ ഇറാനോട്‌ അമേരിക്ക സ്വീകരിക്കുന്ന നിലപാടുകള്‍ ഉച്ചകോടി ചര്‍ച്ച ചെയ്‌തില്ല. നേതൃപദവി വഹിക്കുന്ന ഇന്ത്യപോലുള്ള രാജ്യങ്ങള്‍ അമേരിക്കന്‍ അനുകൂലമായതിന്റെ കൂടി ഫലമായിരുന്നു ഇത്‌. എങ്കിലും ചേരിചേരാ പ്രസ്ഥാനം നിലവിലുണ്ട്‌.


ദോഹവട്ട തീരുമാനങ്ങളിലെ അനീതി ചോദ്യംചെയ്‌തു ബ്രസീലും ഇന്ത്യയും മുന്‍കൈ എടുത്ത്‌ രുപവത്‌കരിച്ച കുറുമുന്നണി നിലവിലുണ്ട്‌. ഇത്തരം കൂട്ടായ്‌മകള്‍ ഇല്ലാതായാലേ ഏകപക്ഷീയമായി കാര്യങ്ങള്‍ നടപ്പാക്കി എടുക്കാനാവൂ. അതിന്‌ ഉചിതമായ വഴി കൂട്ടായ്‌മകള്‍ക്ക്‌ നേതൃത്വം നല്‍കുന്ന രാജ്യങ്ങളെ തങ്ങളുടെ കൂടെക്കൂട്ടുക എന്നതാണ്‌. തീരുമാനങ്ങളെടുക്കുന്നതില്‍ അവര്‍ക്ക്‌ പങ്കാളിത്തമുണ്ടെന്ന്‌ വരുത്തുകയും. ആഗോള സാമ്പത്തിക ശക്തി എന്നത്‌ ഇനിമുതല്‍ ജി-20 ആയിരിക്കുമെന്ന്‌ പ്രഖ്യാപിച്ചതിലൂടെ ഒരു പരിധിവരെ ലക്ഷ്യം നേടിയിരിക്കുന്നു. പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായി ആഭ്യന്തര കമ്പോളം സംരക്ഷിച്ചു നിര്‍ത്തുന്നതിനെതിരെ ഉച്ചകോടിയില്‍ വിമര്‍ശമുയര്‍ന്നില്ല. ഇനിയും പ്രതിസന്ധി തുടര്‍ന്നാല്‍ ഉത്തരവാദിത്വമേല്‍ക്കാന്‍ പുതിയ അംഗരാജ്യങ്ങളുണ്ട്‌.


സാമ്പത്തിക, സൈനിക അധീശത്വം നിലനിര്‍ത്തണമെങ്കില്‍ പുതിയ ലോകക്രമം ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന്‌ അമേരിക്ക മുന്‍കൂട്ടി കാണുന്നു. അതിനു മുന്നോടിയായുള്ള നടപടികള്‍ അവര്‍ ആരംഭിച്ചുകഴിഞ്ഞു. അതിന്റെ തുടക്കമാണ്‌ പിറ്റ്‌സ്‌ബര്‍ഗില്‍ കണ്ടത്‌. ചേരിചേരാ പ്രസ്ഥാനം കാലഹരണപ്പെട്ടുവെന്ന ആശയപ്രചാരണത്തിന്റെ ലക്ഷ്യവും മറ്റൊന്നല്ല.

1 comment:

  1. പണ്ടു മുതലേ തന്നെ കാപിറ്റലിസ്റ്റ് ദാസ്യം കൈമുതലാക്കിയ മന്‍ മോഹന്‍ സിംഗ് അറിയപ്പെട്റ്റുന്നത് തന്നെ നവ ലിബറല്‍ വ്യവസ്ഥിതിയിഉടെ വക്താവായിട്ടാണ്. പ്രത്യയ ശാസ്ത്രപരമായ ഒരടിത്തറയുമില്ലാത്ത ഈ സര്‍ദ്ദാറ്രില്‍ നിന്നും ഇതൊക്കെ പ്രതീക്ഷിക്കാമോ എന്നറിയില്ല. ഒരു അമേരിക്കന്‍ എക്സിക്യൂട്ടിവായി തരം താണു പോയിരിക്കുന്നു മന്‍ മോഹന്‍ സിംഗ്. ചേരി ചേരാ നയവും മറ്റുമൊക്കെ ആര്‍ജ്ജവമുള്ളവര്‍ക്കു പറണിട്ടുള്ള പണിയാണ്. അമേരിക്കന്‍ പ്രസിഡന്റിന്റെ സാമന്തന്‍ എന്നരീതിയില്‍ സിംഗിനെ കണ്ട് നോക്കൂ. ആര്‍ക്കും പരാതി പറയേണ്ടി വരില്ല. യാദ്യശ്ചികമല്ലാത്ത അധികാര ലബ്ദിയാണ്‌ സിംഗിന്റേത് . അവതാര ലക്ഷ്യം പൂര്‍ത്തിയാക്കാതെ ഒരു അവതാരവും മടങ്ങിയിട്ടില്ലല്ലോ.

    ReplyDelete