2009-09-24

കീറിയ ഖദറാണേ...ലളിത ജീവിതമാണേ...


കന്നുകാലി ക്ലാസ്‌, വിശുദ്ധ പശുക്കള്‍ എന്നീ തരൂരിയന്‍ പ്രയോഗങ്ങള്‍ കൊണ്ട്‌ വിവാദ സമുദ്ധമായി മാറിയതാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വം നിര്‍ദേശിക്കുകയും രണ്ടാം യു പി എ സര്‍ക്കാര്‍ നടപ്പാക്കാന്‍ നിഷ്‌കര്‍ഷിക്കുകയും ലളിത ജീവിത സിദ്ധാന്തം. രാജ്യം ഒരു വരള്‍ച്ചയെ അഭിമുഖീകരിക്കുകയും അത്‌ നേരിടുന്നതിനുള്ള ദുരിതാശ്വാസ നിധിയിലേക്ക്‌ പാര്‍ട്ടിയുടെ എം പിമാരും എം എല്‍ എമാരും ശമ്പളത്തിന്റെ ഇരുപത്‌ ശതമാനം സംഭാവന ചെയ്യുകയും വേണമെന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി നിര്‍ദേശിച്ചതിന്റെ പിറകെയാണ്‌ ചിലവു ചുരുക്കല്‍, ലളിത ജീവിതം തുടങ്ങിയവക്കുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ആരംഭിച്ചത്‌.


മന്ത്രിമാരുടെയും എം പിമാരുടെയും ആഭ്യന്തര വിമാന യാത്രകള്‍ ഇക്കോണമി ക്ലാസ്സിലേക്ക്‌ മാറ്റുക എന്നതായിരുന്നു ചിലവു ചുരുക്കലിന്റെ ഏറ്റവും പ്രത്യക്ഷമായ നടപടി. ഇതു സംബന്ധിച്ച ചോദ്യത്തോട്‌ പ്രതികരിക്കവെയാണ്‌ കന്നുകാലി ക്ലാസ്‌, വിശുദ്ധ പശു തുടങ്ങിയ പ്രയോഗങ്ങള്‍ ശശി തരൂരിന്റെ ഭാഗത്തു നിന്നുണ്ടായത്‌. അത്‌ അദ്ദേഹത്തിന്റെ കാഴ്‌ചപ്പാടിനെ പ്രതിനിധീകരിക്കുന്നുവെന്ന്‌ കരുതുക.


ചിലവു ചുരുക്കലും ലളിത ജീവിതവും മന്ത്രിമാരെയും എം പിമാരെയും ശീലിപ്പിക്കാന്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും മാതൃക കാട്ടുന്ന കാഴ്‌ച രാജ്യം കണ്ടിരുന്നു. കോണ്‍ഗ്രസിന്റെ യുവരാജാവ്‌ ലുധിയാന മുതല്‍ ഡല്‍ഹി വരെ ട്രെയിനിലെ ചെയര്‍കാറില്‍ സഞ്ചരിച്ചതിന്‌ വലിയ മാധ്യമ ശ്രദ്ധ ലഭിച്ചു. അദ്ദേഹം സഞ്ചരിച്ച ബോഗിക്കു നേര്‍ക്ക്‌ കല്ലേറുണ്ടായത്‌ പ്രചാരണത്തിന്റെ ആക്കം കൂട്ടുകയും ചെയ്‌തു. ലളിത ജീവിതം നയിക്കുക എന്നത്‌ രാഷ്‌ട്രീയപ്രവര്‍ത്തകനെന്ന നിലയില്‍ തങ്ങളുടെ കര്‍ത്തവ്യമാണെന്ന വചനം അദ്ദേഹത്തിന്റെതായി പുറത്തുവന്നു. ഈ പ്രഘോഷണങ്ങള്‍ക്കും നാട്യങ്ങള്‍ക്കുമപ്പുറത്ത്‌ ലളിത ജീവിത സിദ്ധാന്തത്തിന്‌ അര്‍ഥമേതുമില്ല തന്നെ.


യു പി എ സര്‍ക്കാര്‍ ലളിത ജീവിത സിദ്ധാന്തം അവതരിപ്പിച്ചതിന്‌ ശേഷമാണ്‌ രാഹുല്‍ ഗാന്ധിയുടെ തമിഴ്‌നാട്‌ പര്യടനമുണ്ടായത്‌. ഡല്‍ഹിയില്‍ നിന്ന്‌ പ്രത്യേക ഹെലിക്കോപ്‌റ്ററാണ്‌ പര്യടനത്തിന്‌ അദ്ദേഹം ഉപയോഗിച്ചത്‌. മണിക്കൂറിന്‌ 1,10,000 രൂപ വാടകയുള്ള ബീച്ച്‌ ക്രാഫ്‌റ്റ്‌ ഹെലിക്കോപ്‌റ്റര്‍. യൂത്ത്‌ കോണ്‍ഗ്രസിന്റെ പുനരുജ്ജീവനമായിരുന്നു രാഹുലിന്റെ സന്ദര്‍ശനോദ്ദേശ്യം. അതുകൊണ്ട്‌ ഹെലിക്കോപ്‌റ്റര്‍ വാടക യൂത്ത്‌ കോണ്‍ഗ്രസ്‌ നല്‍കും. തമിഴ്‌നാട്‌ പര്യടനത്തിന്‌ ഹെലിക്കോപ്‌റ്റര്‍ വാടക മാത്രം ഒരു കോടി രൂപ വരും.
യൂത്ത്‌ കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ നിന്ന്‌ ഈ പണം നല്‍കുന്നു, അതുകൊണ്ട്‌ പോതുഖജനാവിന്‌ കോട്ടമില്ല എന്ന്‌ വാദിക്കാം. പക്ഷേ, യൂത്ത്‌ കോണ്‍ഗ്രസിന്‌ ഈ പണം എവിടെ നിന്ന്‌ കിട്ടുന്നുവെന്നത്‌ ആലോചിക്കണം.


സ്വന്തമായി കച്ചവടമോ മറ്റ്‌ വ്യവസായമോ നടത്തി ലാഭമുണ്ടാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയല്ല യൂത്ത്‌ കോണ്‍ഗ്രസ്‌. അംഗത്വ ഫീസിനത്തില്‍ ലഭിക്കുന്ന തുച്ഛമായ തുകയും ജനങ്ങളില്‍ നിന്ന്‌ പിരിച്ചെടുക്കുന്നുവെന്ന്‌ പറയുന്ന പണവുമാണ്‌ സംഘടനയുടെ വരുമാന സ്രോതസ്സ്‌. ഇതുകൊണ്ട്‌ യുവരാജാവിന്റെ തുടരുന്ന യാത്രകള്‍ക്ക്‌ പണം കണ്ടെത്താനാവില്ല. വന്‍കിട വ്യവസായ ഗ്രൂപ്പുകളില്‍ നിന്ന്‌ നിര്‍ലോഭമായ ധനസഹായം യൂത്ത്‌ കോണ്‍ഗ്രസിനുണ്ട്‌. ഭരണത്തിന്‌ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ യുവജന വിഭാഗത്തിന്‌ വ്യവസായ ഗ്രൂപ്പുകള്‍ പണം നല്‍കുമ്പോള്‍ അത്‌ വെറുതെയാവാന്‍ വഴിയില്ല. ആ നിലക്ക്‌ സാധാരണക്കാരായ ജനങ്ങളുടെ ചിലവില്‍ കൂടിയാണ്‌ യുവരാജാവിന്റെ പര്യടനം എന്ന്‌ കരുതേണ്ടിവരും.


ഇസെഡ്‌ പ്ലസ്‌ കാറ്റഗറിയിലാണ്‌ രാഹുല്‍ ഗാന്ധിയുടെ സുരക്ഷ. ഇതിന്‌ വേണ്ട ചിലവ്‌ വഹിക്കുന്നത്‌ ഭരണകൂടമാണ്‌. തമിഴ്‌നാട്‌ പര്യടനത്തില്‍ രാഹുലിന്‌ പഴുതൊന്നുമില്ലാത്ത സുരക്ഷയാണ്‌ ഏര്‍പ്പെടുത്തിയിരുന്നത്‌. ഇതിന്‌ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ച ലക്ഷങ്ങള്‍ വേറെ വരും. അത്‌ പൊതു ഖജാനയില്‍ നിന്നാണ്‌. രാജ്യത്തെ പ്രധാന രാഷ്‌ട്രീയ പാര്‍ട്ടിയുടെ പ്രമുഖ നേതാവ്‌ എന്ന നിലക്ക്‌ സുരക്ഷാ ക്രമീകരണങ്ങള്‍ അനിവാര്യമാണ്‌. അതുകൊണ്ട്‌ അത്‌ അധികച്ചെലവായി കാണാനും കഴിയില്ല. ഇത്രയും ചെലവുകള്‍ ദിനേനയെന്നോണം സംഭവിക്കുമ്പോഴാണ്‌ ചിലവു ചുരുക്കലിനെക്കുറിച്ചും ലളിത ജീവിതത്തെക്കുറിച്ചും അദ്ദേഹം വാചാലനാവുന്നത്‌.


രാജ്യഭരണം നടത്തുന്നതിനോ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാനോ നടത്തിയ സന്ദര്‍ശനമായിരുന്നില്ല രാഹുലിന്റേത്‌. യൂത്ത്‌ കോണ്‍ഗ്രസിനെ പുനരുദ്ധരിക്കാനുള്ള യാത്ര. അങ്ങിനെ എങ്കില്‍ അതിന്‌ വേണ്ട സുരക്ഷാ ക്രമീകരണമൊരുക്കുന്നതിന്റെ ചിലവു കൂടി യൂത്ത്‌ കോണ്‍ഗ്രസ്‌ വഹിക്കേണ്ടതുണ്ട്‌. ഇത്‌ ഒരു നേതാവിന്റെ കാര്യത്തില്‍ പാലിക്കേണ്ടതല്ല. ഭരണ നേതൃത്വത്തിലുള്ള നേതാക്കളൊക്കെ പാര്‍ട്ടി പരിപാടികള്‍ക്കായി പോവുമ്പോള്‍ അതിന്റെ എല്ലാ ചിലവും പാര്‍ട്ടി വഹിക്കുക എന്ന രീതി പ്രാബല്യത്തിലാക്കണം. പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാന്‍ ഡല്‍ഹിക്ക്‌ പറക്കുന്ന കേരളത്തിലെ മന്ത്രിമാര്‍ ഏതെങ്കിലും കേന്ദ്രമന്ത്രിയെ കാണാതെ മടങ്ങാറില്ല. കേന്ദ്ര മന്ത്രിയെ കണ്ട്‌ ഔദ്യോഗിക കാര്യങ്ങള്‍ സംസാരിക്കുന്നതോടെ ഡല്‍ഹി സന്ദര്‍ശനം ഔദ്യോഗികമായി മാറും. അതോടെ യാത്രക്കുള്ള പണം സംസ്ഥാന ഖജനാവില്‍ നിന്ന്‌ ചിലവഴിക്കുന്നതിനുള്ള തടസ്സം നീങ്ങുകയും ചെയ്യും.


രാഷ്‌ട്രീയ പ്രവര്‍ത്തനം എന്നത്‌ രാജ്യ സേവനത്തിന്റെ ഭാഗമാണെന്നും അതുകൊണ്ടു തന്നെ രാഷ്‌ട്രീയ പാര്‍ട്ടികളുടെ നേതൃയോഗങ്ങളില്‍ പങ്കെടുക്കാന്‍ പോകുന്നതിന്‌ സര്‍ക്കാര്‍ പണം ചെലവഴിക്കുന്നതില്‍ തെറ്റില്ലെന്നും വാദമുയരാം. അത്‌ അംഗീകരിക്കാവുന്നതുമാണ്‌. പക്ഷേ, രാഷ്‌ട്രീയ പ്രവര്‍ത്തനം രാഷ്‌ട്ര സേവനമാണെന്ന്‌ ഉറപ്പിച്ചുപറയാന്‍ കഴിയാതെ വരുമ്പോഴാണ്‌ പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാനുള്ള യാത്രകള്‍ ഔദ്യോഗികമാക്കുന്നതിന്‌ ഇത്തരം ചില തന്ത്രങ്ങള്‍ സ്വീകരിക്കേണ്ടിവരുന്നത്‌.


സ്വയം പ്രഖ്യാപിത ലളിത ജീവിതത്തിന്റെ വക്താക്കളുടെ കാര്യത്തില്‍ മറ്റു ചിലതു കൂടി അന്വേഷിക്കേണ്ടതുണ്ട്‌. എന്തുകൊണ്ട്‌ ഇവര്‍ ഇതിനു വേണ്ടി നിലകൊള്ളുന്നുവെന്നതാണ്‌ അതില്‍ പ്രധാനം. ഇക്കോണമി ക്ലാസ്സിലെയോ ട്രെയിനിലെ ചെയര്‍കാറിലെയോ യാത്രയാണ്‌ ലളിത ജീവിതത്തിന്റെ മാനദണ്ഡമായി ഉയര്‍ത്തിക്കാണിക്കുന്നത്‌. ജീവിതത്തിന്റെ നിത്യനിദാന ചെലവുകളെക്കുറിച്ചൊന്നും ആയുസ്സില്‍ ചിന്തിക്കേണ്ടതില്ലാത്തവര്‍ക്ക്‌ ജീവിതം എത്ര ലളിതമാക്കിയാലും അത്‌ ആര്‍ഭാടം തന്നെയായി തുടരും. രാഹുല്‍ ഗാന്ധിയെന്ന 39കാരന്‍ ഇന്നോളം ജീവിച്ചത്‌ സര്‍ക്കാര്‍ ചിലവിലാണ്‌. ഇന്നത്തെ കോണ്‍ഗ്രസ്‌ രാഷ്‌ട്രീയത്തിന്റെ നിലവെച്ചു നോക്കിയാല്‍ അദ്ദേഹം തുടര്‍ന്നും അങ്ങനെ തന്നെ ജീവിക്കും.


അമേരിക്കയിലും ഇംഗ്ലണ്ടിലും പഠനം പൂര്‍ത്തിയാക്കിയ ഈ യുവാവ്‌ എന്തെങ്കിലും തൊഴിലില്‍ ഏര്‍പ്പെട്ടതായി രേഖകളില്ല. പക്ഷേ, അദ്ദേഹത്തിന്റെ പേരില്‍ രണ്ട്‌ കോടി 25 ലക്ഷത്തിന്റെ സ്വത്തുണ്ട്‌. ഡല്‍ഹിയിലെ സാകേത്‌ മാളിലെ രണ്ട്‌ കടമുറികള്‍, ഹരിയാനയിലെ ഫരിദാബാദിലും ഡല്‍ഹിയിലെ മെഹ്‌റൗളിയിലുമായുള്ള പത്ത്‌ ഏക്കര്‍ സ്ഥലം എന്നിവ ഉള്‍പ്പെടെയാണിത്‌. 11,20,880 രൂപയാണ്‌ അദ്ദേഹം ആദായ നികുതി ഇനത്തില്‍ നല്‍കിയിരിക്കുന്നത്‌. ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മൂന്നു മാസം താമസിച്ചതിന്റെ വാടക സ്വന്തം പോക്കറ്റില്‍ നിന്നാണ്‌ നല്‍കിയതെന്ന്‌ വാദിക്കുമ്പോള്‍ ശശി തരൂരിന്‌ വരുമാന സ്രോതസ്സായി ചൂണ്ടിക്കാണിക്കാന്‍ ഐക്യരാഷ്‌ട്ര സഭയിലെ അണ്ടര്‍ സെക്രട്ടറി സ്ഥാനത്തു വരെ ചെയ്‌ത ജോലികളുണ്ടായിരുന്നു. ലളിത ജീവിതത്തിന്റെ വക്താവായി ചമയുകയും സ്വയം കോടികളുടെ ആസ്‌തിയുള്ള ആളായിരിക്കുകയും ചെയ്യുന്ന രാഹുല്‍ ഗാന്ധിക്ക്‌ എന്താണ്‌ വരുമാന സ്രോതസ്സായി ചൂണ്ടിക്കാണിക്കാനുണ്ടാവുക. പരമ്പരാഗത സ്വത്തായി കിട്ടിയതാണിതൊക്കെ എന്ന്‌ വാദിച്ചാല്‍ അധികാരത്തിലിരിക്കെ നെഹ്‌റു കുടുംബം കോടികളുടെ സ്വത്ത്‌ സമ്പാദിച്ചുവെന്ന്‌ അംഗീകരിക്കുകയാവും ഫലം.


ലഭ്യമായ എല്ലാ സൗകര്യങ്ങളുടെയും മുകളിലിരുന്ന്‌ ലളിത ജീവിതത്തെക്കുറിച്ച്‌ പ്രസംഗിക്കുക മാത്രമാണ്‌ ഇവര്‍ ചെയ്യുന്നത്‌. അതിന്‌ പരമാവധി പ്രചാരം നല്‍കാന്‍ ശ്രമിക്കുകയും. രാഹുല്‍ എന്ന പേര്‌ പ്രതിനിധി മാത്രമേ ആകുന്നുള്ളൂ. നമ്മുടെ ജനപ്രതിനിധിമാരുടെ സ്വത്തിന്റെ കണക്കുകള്‍ പരിശോധിച്ചാലും ഇതേ വൈരുദ്ധ്യം കാണാനാവും. ഇവരെല്ലാം ലളിത ജീവിതത്തിന്റെ വക്താക്കളായി ചമയുകയും ഈ സിദ്ധാന്തം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ച സോണിയ, രാഹുല്‍ ഗാന്ധിമാരുടെ അപദാനങ്ങള്‍ വാഴ്‌ത്തുകയും ചെയ്യുന്നുണ്ട്‌. ഇവര്‍ തന്നെയാണ്‌ ഇന്ത്യന്‍ ഗ്രാമങ്ങളിലെ ദുരിതം വിവരിക്കാന്‍ കലാവതിമാരുടെ കഥ പാര്‍ലിമെന്റില്‍ പറയുന്നത്‌.


കലാവതി പ്രതിനിധീകരിക്കുന്ന മഹാരാഷ്‌ട്രയിലെ വിദര്‍ഭ മേഖലയില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനും കര്‍ഷക ആത്മഹത്യകള്‍ തടയാനും ശ്രമങ്ങള്‍ പോലുമുണ്ടായില്ല. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ വിദര്‍ഭ പാക്കേജ്‌ പ്രഖ്യാപിച്ചുവെന്നതാണ്‌ ആകെയുണ്ടായത്‌. പാക്കേജിന്റെ നടത്തിപ്പ്‌ പരിധിവിട്ട അഴിമതിക്ക്‌ മാത്രമാണ്‌ വഴിവെച്ചത്‌ എന്നത്‌ അധികം പ്രായമാവാത്ത വാര്‍ത്തയാണ്‌. പ്രഖ്യാപിച്ച പദ്ധതിയുടെ പ്രയോജനമെങ്കിലും കലാവതിമാര്‍ക്ക്‌ ലഭ്യമാക്കാന്‍ ശ്രമമുണ്ടാവുന്നില്ല. ആസിയാന്‍ അംഗ രാജ്യങ്ങളുമായി ചുങ്കമില്ലാത്ത വ്യാപാരത്തിന്‌ കരാറുണ്ടാക്കാനും ലോകവ്യാപാര സംഘടനയുടെ ദോഹവട്ട ചര്‍ച്ച പൂര്‍ത്തിയാക്കി കാര്‍ഷിക സബ്‌സിഡി വെടിടിക്കുറക്കാനുമാണ്‌ തിടുക്കപ്പെടുന്നത്‌. കാര്‍ഷിക, ഗ്രാമീണ മേഖലകളില്‍ ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഇവരെ ലേശം പോലും അസ്വസ്ഥരാക്കുന്നുമില്ല.


അത്തരമൊരു അവസ്ഥയില്‍ എളുപ്പത്തില്‍ ചെയ്യാനാവുക ലളിത ജീവിതത്തെക്കുറിച്ച്‌ പ്രസംഗിക്കുകയാണ്‌. ട്രെയിനിന്റെ ചെയര്‍കാറില്‍ സഞ്ചരിച്ച്‌ വലിയ വാര്‍ത്തകള്‍ സൃഷ്‌ടിക്കുകയാണ്‌. ജന സേവനത്തിനായി സഹിക്കുന്ന ത്യാഗത്തെക്കുറിച്ച്‌ ജനങ്ങളില്‍ മതിപ്പുണ്ടാക്കുകയാണ്‌. യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന്‌ വഴിതിരിച്ചുവിടുക എന്നതാണ്‌ തന്ത്രം. പ്രത്യക്ഷമായും പരോക്ഷമായും കോളനികള്‍ സൃഷ്‌ടിക്കുന്നവരൊക്കെ സ്വീകരിക്കുന്ന തന്ത്രം ഇതാണ്‌. രാജ്യം നേരിടുന്ന വരള്‍ച്ച, അത്‌ ജനങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ഇവയെല്ലാം പൊതുശ്രദ്ധയില്‍ നിന്ന്‌ അപ്രത്യക്ഷമായിരിക്കുന്നു. ലളിത ജീവിത സിദ്ധാന്തത്തിന്റെ പ്രയോഗവും പ്രാധാന്യവും വലിയ ചര്‍ച്ചയായിരിക്കുന്നു. വരള്‍ച്ച, വിലക്കയറ്റം, കര്‍ഷക ആത്മഹത്യ തുടങ്ങി `രാജ്യസൗന്ദര്യ'ത്തെ ഹനിക്കുന്ന സംഗതികള്‍ വീണ്ടും പ്രധാന വിഷയങ്ങളായി വരുമ്പോള്‍ പുതിയ നാട്യങ്ങളുമായി ഇത്തരക്കാര്‍ വീണ്ടുമെത്തും. ജനങ്ങളെ അതില്‍ രമിപ്പിക്കാന്‍ വിവിധ വിഭാഗങ്ങള്‍ ബദ്ധശ്രദ്ധരാവുകയും ചെയ്യും. അതിനായി കാത്തിരിക്കുക