2009-09-20

അണ്‍പാര്‍ലിമെന്ററി `ക്ലാസിക്‌' തമിഴ്‌


മാതൃഭാഷയില്‍ തല ഉയര്‍ത്തി നിന്ന്‌ സംസാരിക്കുക - മലയാളിക്കില്ലാത്തതും തമിഴനും തെലുങ്കനും ഉള്ളതുമായ സവിശേഷമായ ഗുണമാണിത്‌. ഏത്‌ അന്താരാഷ്‌ട്ര വേദിയിലും സ്വന്തം ഭാഷയില്‍ അവര്‍ സംസാരിക്കും. സ്വന്തം ഭാഷ പഠിക്കുന്നതും അതില്‍ തട്ടുതടവില്ലാതെ സംസാരിക്കുന്നതും അഭിമാനകരമാണെന്ന തിരിച്ചറിവ്‌ അവര്‍ക്കുണ്ട്‌. താന്‍ ജനിച്ചുവീണ മണ്ണിന്റെ തനത്‌ സമ്പാദ്യങ്ങളിലൊന്നാണ്‌ ഭാഷയെന്നും അത്‌ നഷ്‌ടപ്പെട്ടാല്‍ തന്റെ വേരുകളാണ്‌ നഷ്‌ടമാവുന്നത്‌ എന്നുമുള്ള ബോധ്യവും അവര്‍ക്കുണ്ട്‌. അതുകൊണ്ടുകൂടിയാണ്‌ ശ്രീലങ്കയില്‍ ഇത്രമാത്രം രക്തപ്പുഴ ഒഴുകിയത്‌.


സിംഹള ഭാഷ പഠിക്കാത്തവര്‍ക്ക്‌ സര്‍ക്കാര്‍ ജോലിയിലും ഉന്നത പഠനത്തിലും അവസരമുണ്ടാവില്ലെന്ന്‌ സിംഹളര്‍ക്ക്‌ ഭൂരിപക്ഷമുള്ള ഭരണകൂടം വ്യക്തമാക്കിയപ്പോള്‍ അത്‌ തങ്ങളുടെ വേരറുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന്‌ ലങ്കയിലെ തമിഴര്‍ തിരിച്ചറിഞ്ഞു. ഇതടക്കമുള്ള വിവേചനങ്ങള്‍ക്കെതിരെ ആയുധമെടുത്തും അല്ലാതെയും അവര്‍ പോരാടി. അതിലെ ഏറ്റവും പ്രബലമായ സായുധ വിഭാഗത്തെയാണ്‌ അടുത്തിടെ മഹിന്ദ രജപക്‌സെയുടെ സൈന്യം അടിച്ചമര്‍ത്തിയത്‌. അതിനൊപ്പം നിസ്സഹായരായ ആയിരക്കണക്കിന്‌ സാധാരണക്കാരായ തമിഴ്‌ വംശജരെ ഭൂമുഖത്തു നിന്ന്‌ തുടച്ചുനീക്കുകയും ചെയ്‌തു. ഫലസ്‌തീന്‍ മണ്ണില്‍ അനധികൃത കുടിയേറ്റം നടത്തി ആ മണ്ണിന്റെ അവകാശികളെ തുരത്താന്‍ ഇസ്‌റാഈല്‍ സ്വീകരിച്ച തന്ത്രം പോലെ തമിഴ്‌ ഭൂരിപക്ഷ പ്രദേശങ്ങളില്‍ സിംഹളരെ കുടിയിരുത്തുന്ന തിരക്കിലാണ്‌ രജപക്‌സെ ഭരണകൂടം. ശ്രീലങ്കന്‍ സൈന്യത്തിന്റെ ആക്രമണം മൂലം കുടിയൊഴിഞ്ഞ്‌ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന തമിഴ്‌ വംശജര്‌ തിരിച്ചെത്തുമ്പോഴേക്കും ഈ കുടിയേറ്റം പൂര്‍ണമായിട്ടുണ്ടാവും.


സ്വതന്ത്ര ഇന്ത്യയില്‍ ഫെഡറല്‍ ഭരണ സമ്പ്രദായം സ്ഥാപിക്കണമെന്ന നിര്‍ദേശത്തോട്‌ ജഹവര്‍ലാല്‍ നെഹ്‌റുവും സര്‍ദാര്‍ വല്ലഭ ഭായ്‌ പട്ടേലും അനുകൂലമായി പ്രതികരിച്ചിരുന്നുവെങ്കില്‍ വിഭജനം ഉണ്ടാകുമായിരുന്നില്ല എന്ന ബി ജെ പി നേതാവ്‌ ജസ്വന്ത്‌ സിംഗിന്റെ - `ജിന്ന: ഇന്ത്യ, വിഭജനം, സ്വാതന്ത്ര്യം'- പുസ്‌തകത്തിലെ പരാമര്‍ശം അടുത്തിടെ വലിയ വിവാദമാണ്‌ സൃഷ്‌ടിച്ചത്‌. ഫെഡറല്‍ ഭരണ സമ്പ്രദായം വേണമെന്ന മുഹമ്മദലി ജിന്നയുടെ വാദത്തെ അംഗീകരിക്കാതിരിക്കുക വഴി പാക്കിസ്ഥാന്‍ എന്ന രാജ്യം നെഹ്‌റുവും പട്ടേലും ചേര്‍ന്ന്‌ ജിന്നക്ക്‌ സമ്മാനിക്കുകയായിരുന്നുവെന്നാണ്‌ ജസ്വന്ത്‌ നിരീക്ഷിക്കുന്നത്‌. എന്നാല്‍ സ്വാതന്ത്ര്യാനന്തരം ഫെഡറല്‍ ഭരണക്രമമാണ്‌ ഇന്ത്യയിലുണ്ടായത്‌. ഇന്ന്‌ കാണുന്ന സംസ്ഥാനങ്ങള്‍, അവയ്‌ക്ക്‌ ലഭ്യമായിരിക്കുന്ന സ്വയം ഭരണാധികാരങ്ങള്‍ എന്നിവക്കെല്ലാം പോറ്റി ശ്രീരാമുലുവിന്റെ ജീവനോട്‌ കടപ്പാടുണ്ട്‌.


ഇന്നു കാണുന്ന തരത്തില്‍ സംസ്ഥാനങ്ങള്‍ രൂപവത്‌കരിക്കുന്നതിനോട്‌ സ്വാതന്ത്ര്യാനന്തരം രാജ്യഭാരം കൈയാളിയ ജഹവര്‍ ലാല്‍ നെഹ്‌റുവിനോ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസിനോ ഉദ്ദേശ്യമുണ്ടായിരുന്നില്ല. ഭരണത്തിലും രാഷ്‌ട്രീയ നേതൃത്വത്തിലും ഹിന്ദി മേഖലയിലുള്ളവര്‍ ആധിപത്യം നേടിയിരുന്നു. ഇത്‌ ഭാവിയില്‍ വലിയ അപകടങ്ങള്‍ക്ക്‌ വഴിവെക്കുമെന്ന തിരിച്ചറിവുണ്ടായത്‌ ആന്ധ്രാ പ്രദേശിലെ തെലുങ്കര്‍ക്കാണ്‌. തെലുങ്കെന്ന ഭാഷയെയും സംസ്‌ക്കാരത്തെയും സംരക്ഷിക്കണമെന്നും തെലുങ്ക്‌ ഭാഷ സംസാരിക്കുന്നവരെ ഏകോപിപ്പിച്ച്‌ സംസ്ഥാനം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. ദീര്‍ഘനാളത്തെ പ്രക്ഷോഭത്തിന്‌ ശേഷം ഈ ആവശ്യം പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു അംഗീകരിച്ചു.


പക്ഷേ, പിന്നീടും ഇതിന്‌ നടപടിയൊന്നുമുണ്ടായില്ല. ഇതേത്തുടര്‍ന്നാണ്‌ പോറ്റി ശ്രീരാമുലു നിരാഹര സമരം പ്രഖ്യാപിച്ചത്‌. ആരുമത്‌ ഗൗരവത്തോടെ എടുത്തില്ല. പക്ഷേ, സമരം ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ആന്ധ്രയിലെയും മദ്രാസിലെയും ജനങ്ങള്‍ ശ്രീരാമുലുവിന്റെ പിറകില്‍ അണിനിരന്നു. 1952 ഒക്‌ടോബര്‍ 19ന്‌ ശ്രീരാമുലു അന്തരിച്ചു. ഇതോടെ സമരത്തിന്റെ നിയന്ത്രണം നഷ്‌ടമായി. തെലുങ്ക്‌ ഭാഷ സംസാരിക്കുന്ന പ്രദേശങ്ങളുടെ ഏകോപനം ആവശ്യപ്പെട്ട്‌ ജനം തെരുവിലിറങ്ങി. പോലീസിനെ ഉപയോഗിച്ച്‌ നേരിടാന്‍ ഭരണകൂടം ശ്രമിച്ചു. വെടിവെപ്പില്‍ ഏഴ്‌ ജീവനുകള്‍ പൊലിഞ്ഞു. സമരത്തിന്റെ തീഷ്‌ണത കുറക്കാന്‍ ഇതുകൊണ്ടൊന്നും സാധിച്ചില്ല. തുടര്‍ന്നാണ്‌ ഭാഷയെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ രൂപവത്‌കരിക്കാന്‍ ജവഹര്‍ലാല്‍ നെഹ്‌റു തീരുമാനിച്ചത്‌.


ഹിന്ദി എന്ന ഭാഷയുടെ ചരടില്‍ കോര്‍ത്തെടുത്താലേ രാജ്യത്തെ ജനതതി ദേശീയ ഐക്യത്തില്‍ അടിയുറച്ചുനില്‍ക്കൂ എന്ന മിഥ്യാ ബോധമുണ്ടായിരുന്നു കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‌. ഹിന്ദി മേഖലയിലുള്ളവര്‍ക്കാണ്‌ അന്നും ഇന്നും കോണ്‍ഗ്രസ്‌ നേതൃത്വത്തില്‍ മേധാവിത്വം. (നെഹ്‌റു കുടുംബവുമായുള്ള രക്തബന്ധം മാത്രമാണ്‌ ഇതിനെ അതിലംഘിക്കാവുന്ന യോഗ്യത) ഈ മേധാവിത്വത്തിന്റെ പ്രകടനം കൂടിയായിരുന്നു രാജ്യത്ത്‌ ഹിന്ദി പഠനം നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്‌. ഇംഗ്ലീഷും ഹിന്ദിയും പിന്നെ പ്രാദേശിക ഭാഷയുമെന്ന ത്രിഭാഷ പദ്ധതി ആവിഷ്‌കരിച്ചു. ഇതിനെതിരെ ഉണര്‍ന്നത്‌ തമിഴനായിരുന്നു. ഹിന്ദി മേഖലയുടെ സാമന്തരാജ്യമല്ല തങ്ങളെന്നും സ്വന്തം ഭാഷ മാത്രം പഠിച്ചാലും നിലനില്‍ക്കാന്‍ ത്രാണിയുള്ളവരാണ്‌ തങ്ങളെന്നുമുള്ള ആത്മബോധത്തിന്റെ പ്രകടനം.


1965ല്‍ തമിഴ്‌നാട്‌ ഭരിച്ചിരുന്ന കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ ഹിന്ദി പഠനം നിര്‍ബന്ധമാക്കാന്‍ ശ്രമിച്ചു. സി എന്‍ അണ്ണാദുരൈയുടെയും ഇപ്പോഴത്തെ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കരുണാനിധിയുടെയും നേതൃത്വത്തില്‍ നടന്ന ഹിന്ദി വിരുദ്ധ സമരം തമിഴ്‌നാടിന്റെ രാഷ്‌ട്രീയത്തെ മാറ്റിമറിച്ചു. 1965 ജനുവരി 26ന്‌ ഹിന്ദി വിരുദ്ധ പ്രകടനക്കാര്‍ക്കു നേരെ കോണ്‍ഗ്രസ്‌ സര്‍ക്കാറിന്റെ പോലീസ്‌ നടത്തിയ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം ഇപ്പോഴും നിജപ്പെടുത്തിയിട്ടില്ല. വിദ്യാര്‍ഥികളുള്‍പ്പെടെ നൂറിലേറെപ്പേര്‍ മരിച്ചുവെന്നാണ്‌ അനൗദ്യോഗിക കണക്ക്‌. 1967ല്‍ തമിഴ്‌ ജനത കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന്‌ തൂത്തെറിഞ്ഞു.


ഭാഷയെച്ചൊല്ലിയുള്ള മറ്റൊരു തര്‍ക്കത്തിന്‌ അരങ്ങൊരുങ്ങുന്ന സാഹചര്യത്തിലാണ്‌ ഈ ചരിത്രം ശ്രദ്ധേയമാവുന്നത്‌. പാര്‍ലിമെന്റില്‍ തമിഴില്‍ സംസാരിക്കാന്‍ അനുവദിക്കണമെന്ന ഡി എം കെ നേതാവും കേന്ദ്ര രാസവസ്‌തു, വളം മന്ത്രിയുമായ എം കെ അഴഗിരിയുടെ ആവശ്യം ലോക്‌സഭാ സെക്രട്ടേറിയറ്റ്‌ തള്ളിക്കളഞ്ഞിരിക്കുന്നു. മന്ത്രിയായതു കൊണ്ട്‌ ഇംഗ്ലീഷിലോ ഹിന്ദിയിലോ സംസാരിക്കണമെന്നത്‌ നിര്‍ബന്ധമാണത്രെ. സഭാ നടപടികള്‍ ഇംഗ്ലീഷിലോ ഹിന്ദിയിലോ ആയിരിക്കണമെന്നത്‌ ഭരണഘടനയുടെ 120-ാം വകുപ്പില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നു. സഭാ നടപടികളില്‍ പ്രധാനമാണ്‌ മന്ത്രിമാര്‍ നല്‍കുന്ന മറുപടി. അത്‌ ഇംഗ്ലീഷിലോ ഹിന്ദിയിലോ ആയിരിക്കണമെന്നത്‌ നിര്‍ബന്ധമാണ്‌.


ഇംഗ്ലീഷില്‍ പറയുന്ന മറുപടി യന്ത്രസഹായത്തോടെ ഹിന്ദിയിലേക്കും മറിച്ചും തര്‍ജമ ചെയ്‌ത്‌ കേള്‍പ്പിക്കാന്‍ സംവിധാനം പാര്‍ലിമെന്റിലുണ്ട്‌. 1964ല്‍ കൊണ്ടുവന്നതാണിത്‌. പിന്നീട്‌ പതിനാല്‌ പ്രാദേശിക ഭാഷകളിലെ പ്രസംഗങ്ങളും തര്‍ജമ ചെയ്യാന്‍ സംവിധാനമുണ്ടാക്കി. മലയാളം മുതല്‍ നേപ്പാളി വരെയുള്ള ഭാഷകളില്‍ സംസാരിക്കാനുള്ള അവകാശം പക്ഷേ, പാര്‍ലിമെന്റ്‌ അംഗങ്ങള്‍ക്കേയുള്ളൂ. മന്ത്രിമാര്‍ക്കില്ല. അതായത്‌ സുപ്രധാനമായ നടപടികളെല്ലാം ഹിന്ദിയിലോ ഇംഗ്ലീഷിലോ ആയിരിക്കണമെന്നത്‌ നിര്‍ബന്ധമാണ്‌.


മന്ത്രിയായ അഴഗിരി തമിഴില്‍ സംസാരിക്കുകയും അത്‌ പാര്‍ലിമെന്റിലെ യന്ത്രസംവിധാനം തര്‍ജമ ചെയ്‌ത്‌ അംഗങ്ങളിലെത്തിക്കുകയും ചെയ്യുന്നതിന്‌ പ്രത്യേകിച്ച്‌ തടസ്സമൊന്നുമില്ല. അപ്പോള്‍ പിന്നെ ഇത്തരം നിര്‍ബന്ധത്തിന്റെ കാരണം എന്തായിരിക്കും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കാലത്ത്‌ പ്രണാബ്‌ കുമാര്‍ മുഖര്‍ജി കാരണം വ്യക്തമായി പറഞ്ഞിട്ടുണ്ട്‌. താങ്കള്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്‌ ഹിന്ദി തട്ടുംതടവും കൂടാതെ സംസാരിക്കാന്‍ കഴിയില്ല എന്നത്‌ പരിമിതിയാണെന്നും ഹിന്ദി അറിയാതെ ഇന്ത്യയുടെ പ്രധാനമന്ത്രിയാവുക എളുപ്പമല്ലെന്നുമായിരുന്നു പ്രണാബിന്റെ മറുപടി. ഇതുതന്നെയാണ്‌ അഴഗിരിയുടെ കാര്യത്തിലും സംഭവിക്കുന്നത്‌.


രാജ്യത്ത്‌ സുസ്ഥിരമായ ഭരണ സംവിധാനമുണ്ടാവുന്നതില്‍ നിര്‍ണായകമായ പങ്കുവഹിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ്‌ തമിഴ്‌നാട്‌. അവിടെ നിന്നുള്ള ഒരംഗം കേന്ദ്ര മന്ത്രിസഭയില്‍ അംഗമാവുമ്പോള്‍ അയാള്‍ക്ക്‌ സ്വന്തം ഭാഷയില്‍ സംസാരിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുകയാണ്‌. അല്ലെങ്കില്‍ അധികാരത്തിന്റെ ഭാഗമാവാന്‍ ഇംഗ്ലീഷോ ഹിന്ദിയോ അറിയാവുന്നവര്‍ക്കേ യോഗ്യതയുള്ളൂ എന്ന നിബന്ധന അടിച്ചേല്‍പ്പിക്കുകയാണ്‌. വി എസ്‌ അച്യുതാനന്ദനെപ്പോലെ അറിവും കഴിവും ആറ്‌ പതിറ്റാണ്ടുകാലം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചതിന്റെ പരിചയവുമുള്ള ഒരു നേതാവിന്‌ പോലും ഒരുപക്ഷേ കേന്ദ്രമന്ത്രിസഭയില്‍ അംഗമാവാന്‍ കഴിഞ്ഞേക്കില്ല എന്ന്‌ സാരം. സ്വന്തം ഭാഷയില്‍ സംസാരിക്കാന്‍ അനുമതിയില്ലാത്തതു മൂലം ചോദ്യോത്തരവേളയിലും മറ്റും പാര്‍ലിമെന്റില്‍ നിന്ന്‌ ഒരു മന്ത്രിക്ക്‌ മാറി നില്‍ക്കേണ്ടിവരുമ്പോള്‍ അത്‌ അയാളിലും അയാള്‍ സംസാരിക്കുന്ന ഭാഷയെ ജീവവായുവായി കാണുന്ന ജനതയിലും ഉണ്ടാക്കുന്ന അവമതിപ്പ്‌ എത്രത്തോളമാണെന്ന്‌ കൂടി ആലോചിക്കണം.


സ്വന്തം ദേശത്തിന്റെ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള മുറവിളിയാണ്‌ ആദ്യം. അത്‌ പിന്നീട്‌ സംഘടിതമായ പ്രക്ഷോഭത്തിലേക്ക്‌ വഴിമാറും. ഇത്‌ ഫലം കാണാതെ വരുമ്പോള്‍ എന്തിന്‌ ഈ യൂനിയന്റെ ഭാഗമായി നില്‍ക്കുന്നുവെന്ന തോന്നല്‍ ശക്തമാവും. അപ്പോള്‍ അവര്‍ സ്വയം ഭരണത്തെക്കുറിച്ച്‌ ചിന്തിക്കും. അതിന്‌ വേണ്ടി പ്രവര്‍ത്തിക്കും. ഭരണകൂടം അതിനെ വിഘടനവാദമെന്നോ തീവ്രവാദമെന്നോ പേരിട്ട്‌ വിളിക്കും. സൈനിക ശക്തിയുപയോഗിച്ച്‌ അടിച്ചമര്‍ത്താന്‍ ശ്രമിക്കും. ലോകത്തിന്റെ പലഭാഗത്തും അരങ്ങേറിവരുന്ന പതിവ്‌ സംഭവമാണിത്‌. ഇന്ത്യയില്‍ വടക്കു കിഴക്കന്‍ മേഖലയിലാകെ ഇത്തരം ആവശ്യങ്ങളുണ്ട്‌, അത്‌ സാധിച്ചെടുക്കാന്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുണ്ട്‌. അവയൊക്കെ കേന്ദ്ര സര്‍ക്കാറിന്റെ കണ്ണില്‍ തീവ്രവാദ, വിഘടനവാദ സംഘടകളുമാണ്‌.


സ്വാതന്ത്ര്യം കിട്ടി അരനൂറ്റാണ്ട്‌ പിന്നിട്ടശേഷം അധികാരത്തിലേക്കുള്ള പാതയില്‍ സ്വന്തം ഭാഷ തടസ്സമാണെന്ന്‌ തിരിച്ചറിയുന്ന ഒരു ജനത ഏത്‌ വിധത്തില്‍ ചിന്തിക്കണമെന്ന്‌ ഭരണകൂടം തന്നെ പറഞ്ഞു തരേണ്ടിവരും. ഈ ജനതയുടെ കൂടി ഭാഗധേയമാണ്‌ ഹിന്ദിയിലും ഇംഗ്ലീഷിലും നടപടികള്‍ തുടര്‍ന്നുകൊണ്ടുപോവുന്ന ദ്വിജന്‍മാര്‍ തീരുമാനിക്കുന്നത്‌. അവര്‍ തിരഞ്ഞെടുത്തയച്ച പ്രതിനിധികളുടെ കൂടി പിന്തുണയോടെയാണ്‌ ഭരണം മുന്നോട്ടുപോവുന്നത്‌. അവര്‍ ഖജനാവിലേക്ക്‌ ഒടുക്കുന്ന പണം കൂടി നിത്യനിദാന ചിലവുകള്‍ക്ക്‌ ഉപയോഗിക്കുന്നുണ്ട്‌. എന്നിട്ടും അവരുടെ പ്രതിനിധിക്ക്‌ ഭരണനടപടികള്‍ സ്വന്തം ഭാഷയില്‍ മുന്നോട്ടുകൊണ്ടുപോകാനാവുന്നില്ലെന്ന സ്ഥിതിയുണ്ടാവുമ്പോള്‍ ദേശീയതയുടെ നിര്‍വചനം മാറ്റി എഴുതാന്‍ ശ്രമങ്ങളുണ്ടായാല്‍ കുറ്റം പറയാനാവില്ല. ശ്രീലങ്കയില്‍ ഉദയം കൊള്ളുകയും തമിഴ്‌ ജനത ആവേശത്തോടെ സ്വീകരിക്കുകയും ചെയ്‌ത തമിഴ്‌ ഈഴം എന്ന സങ്കല്‍പ്പത്തിന്‌ കീഴില്‍ വരുന്നത്‌ തമിഴ്‌ ഭാഷ സംസാരിക്കുന്ന മുഴുവന്‍ പ്രദേശങ്ങളുമാണ്‌. ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമേ ഭരണനടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കൂ എന്ന്‌ ഭരണഘടന ചൂണ്ടിക്കാട്ടി ഉത്തരവിടുന്നവര്‍ ഇതറിയാത്തവരാണോ? പോറ്റി ശ്രീരാമുലുവിനെക്കുറിച്ച്‌ അറിയാത്തവരാണോ? ആണെങ്കില്‍ പ്രശ്‌നം തായ്‌ത്തടിക്കാണ്‌, ശിഖരങ്ങള്‍ക്കല്ല.