2009-09-08

കൂടെ നിന്നവര്‍ കാലില്‍ ചവിട്ടുന്നു


2004 മുതല്‍ 2007വരെയുള്ള കാലത്ത്‌ ഒരു ബുഷല്‍ ഗോതമ്പിന്‌ അമേരിക്ക പ്രഖ്യാപിച്ച താങ്ങുവില 3.92 ഡോളറായിരുന്നു. ഒരു ബുഷലെന്നാല്‍ 35 ലിറ്റര്‍. ഓരോ ബുഷലിനും 52 സെന്റ്‌ കര്‍ഷകന്‌ സബ്‌സിഡിയായി നല്‍കും. 52 സെന്റ്‌ എന്നാല്‍ അര ഡോളറില്‍ അല്‍പ്പം അധികം. സ്വന്തം കാര്‍ഷിക മേഖലയെ സംരക്ഷിച്ച്‌ നിര്‍ത്തുന്നതിന്‌ അമേരിക്ക സ്വീകരിച്ചിരിക്കുന്ന നടപടികളുടെ രൂപം ഇതില്‍ നിന്ന്‌ അറിയാം. ഉത്‌പാദനത്തിന്‌ കര്‍ഷകര്‍ക്ക്‌ നേരിട്ട്‌ നല്‍കുന്ന സബ്‌സിഡിയാണ്‌ 52 സെന്റ്‌. സംസ്‌കരിച്ചോ അല്ലാതെയോ കയറ്റുമതി ചെയ്യുന്നതിന്‌ സബ്‌സിഡി വേറെയുണ്ട്‌. അതും ഉത്‌പാദകന്‌ നേരിട്ട്‌ കൈമാറുന്ന സമ്പ്രദായമാണ്‌ അമേരിക്കയില്‍. ഇന്ത്യയിലും സബ്‌സിഡികളുണ്ട്‌. അതുപക്ഷേ കര്‍ഷകന്‌ നേരിട്ട്‌ ലഭ്യമാക്കുന്നില്ല. പകരം ഉത്‌പാദനത്തിന്‌ സഹായകമായ വസ്‌തുക്കള്‍ക്ക്‌ സബ്‌സിഡി അനുവദിക്കുകയാണ്‌ ചെയ്യുന്നത്‌. കര്‍ഷകര്‍ക്ക്‌ കുറഞ്ഞ വിലക്ക്‌ രാസവളം ലഭ്യമാക്കുകയും അതുമൂലം വളം നിര്‍മാണ കമ്പനിക്ക്‌ ഉണ്ടാവുന്ന ബാധ്യത സര്‍ക്കാര്‍ നികത്തി നല്‍കുകയും ചെയ്യുന്ന രീതി. ഇതുപോലെ വിത്തിന്‌ സബ്‌സിഡി നല്‍കാറുണ്ട്‌. ഉത്‌പന്നങ്ങള്‍ക്ക്‌ താരതമ്യേന മെച്ചപ്പെട്ട വില ഉറപ്പാക്കുന്നതിനായി തറവില, താങ്ങുവില എന്നിവ കാലാകാലങ്ങളില്‍ പ്രഖ്യാപിക്കാറുമുണ്ട്‌.
ഇത്തരം സബ്‌സിഡികളും തറ, താങ്ങു വിലകളും ആഗോള സ്വതന്ത്ര വിപണി പ്രാവര്‍ത്തികമാക്കുന്നതിന്‌ തടസ്സമാണെന്ന വാദം മുമ്പു മുതല്‍ തന്നെ സജീവമാണ്‌.


സ്വതന്ത്ര വിപണിയെ പിന്തുണക്കുന്ന സാമ്പത്തിക ശാസ്‌ത്രജ്ഞര്‍ ദാരിദ്ര്യത്തിന്‌ കാരണമായിപ്പോലും ഇവകളെ ചൂണ്ടിക്കാട്ടുന്നുണ്ട്‌. ഇത്തരം ചിന്തകളുടെ ഉത്‌പന്നമായാണ്‌ 1947ല്‍ വ്യാപാരത്തിന്റെയും തീരുവനിരക്കുകളുടെയും കാര്യത്തിലുള്ള പൊതു കരാര്‍ (ജനറല്‍ എഗ്രിമെന്റ്‌ ഓണ്‍ ട്രേഡ്‌ ആന്‍ഡ്‌ താരിഫ്‌ - ഗാട്ട്‌) നിലവില്‍ വന്നത്‌. ഗാട്ടിനെ ആദേശം ചെയ്‌താണ്‌ 1995ല്‍ ലോകവ്യാപാര സംഘടന (ഡബ്ല്യു ടി ഒ) നിലവില്‍ വന്നത്‌. ആഗോള വ്യാപാരം ക്രമീകരിക്കുകയും എല്ലാ വിപണികളിലും എല്ലാ രാജ്യങ്ങള്‍ക്കും സ്വതന്ത്രമായി ഇടപെടാന്‍ അവസരമുണ്ടാക്കുകയുമാണ്‌ സംഘടനയുടെ ലക്ഷ്യം. ഇതിന്റെ ആദ്യത്തെ പടിയായിരുന്നു ഉറുഗ്വേ വട്ട തീരുമാനങ്ങള്‍. ഇതില്‍ കുറെയൊക്കെ നടപ്പായെങ്കിലും കാര്‍ഷിക മേഖലയില്‍ കൂടുതല്‍ തുറന്നു കൊടുക്കലുകള്‍ക്ക്‌ വഴിയൊരുക്കാന്‍ സാധിച്ചില്ല. പുതിയ തുറന്നുകൊടുക്കലുകളുടെ രൂപരേഖയാണ്‌ 2001ല്‍ ദോഹയില്‍ ചേര്‍ന്ന ഡബ്ല്യൂ ടി ഒ അംഗരാജ്യങ്ങളിലെ മന്ത്രിമാരുടെ സമ്മേളനം നിശ്ചയിച്ചത്‌. 2005 ജനുവരി ഒന്നിന്‌ പ്രാബല്യത്തിലാവും വിധത്തില്‍ ഇതിന്‌ മാര്‍ഗരേഖ രൂപവത്‌കരിക്കാനും തീരുമാനിച്ചിരുന്നു.


കാര്‍ഷിക മേഖലകള്‍ക്ക്‌ നല്‍കുന്ന സബ്‌സിഡികള്‍ ഒഴിവാക്കുക, കാര്‍ഷികോത്‌പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം ഏകീകരിക്കുക തുടങ്ങിയവയാണ്‌ പ്രധാനമായും ദോഹ സമ്മേളനം നിര്‍ദേശിച്ചിരുന്നത്‌. സബ്‌സിഡികള്‍ ഒഴിവാക്കുകയോ വെട്ടിക്കുറക്കുകയോ ചെയ്യുക എന്ന നിര്‍ദേശം ദോഹ സമ്മേളനത്തില്‍ അംഗീകരിച്ചുവെങ്കിലും അത്‌ നടപ്പാക്കാനാവില്ലെന്ന്‌ അമേരിക്കയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും അടക്കമുള്ള വികസിത രാജ്യങ്ങള്‍ പിന്നീട്‌ നിലപാടെടുത്തു. വികസിത രാജ്യങ്ങള്‍ സബ്‌സിഡി കുറക്കാന്‍ തയ്യാറായില്ലെങ്കില്‍ തങ്ങള്‍ക്കും കഴിയില്ലെന്ന്‌ വികസ്വര രാജ്യങ്ങള്‍ വ്യക്തമാക്കിയതോടെ ദോഹ ചര്‍ച്ചകളിലെ തീരുമാനങ്ങള്‍ നടപ്പാക്കുന്നത്‌ അനിശ്ചിതത്വത്തിലായി. കാന്‍കൂണ്‍, ഹോങ്കോങ്‌, ജനീവ എന്നിവിടങ്ങളില്‍ വെച്ച്‌ നാല്‌ തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും സ്‌തംഭനാവസ്ഥ പരിഹരിക്കാനായില്ല. ഇന്ത്യയുടെയും ബ്രസീലിന്റെയും നേതൃത്വത്തില്‍ വികസ്വര രാജ്യങ്ങള്‍ ശക്തമായ പ്രതിരോധം തീര്‍ക്കുകയായിരുന്നു.


കാര്‍ഷിക മേഖലക്കുള്ള സബ്‌സിഡി വികസ്വര രാജ്യങ്ങള്‍ വെട്ടിക്കുറക്കുകയും ഇറക്കുമതിച്ചുങ്കത്തില്‍ ഇളവ്‌ അനുവദിക്കുകയും ചെയ്‌താല്‍ വികസ്വര രാജ്യങ്ങളില്‍ നിന്നുള്ള ഉത്‌പന്നങ്ങളുടെ നിക്ഷേപ സ്ഥലമായി മാറുകയാവും ചെയ്യുക എന്ന്‌ മനസ്സിലാക്കാന്‍ പ്രയാസമുള്ള കാര്യമല്ല. വികസിത രാജ്യങ്ങള്‍ സബ്‌സിഡി നിലനിര്‍ത്തുമെന്ന നിലപാടില്‍ ഉറച്ചുനിന്നാല്‍ അവിടുത്തെ വിപണി വികസ്വര രാജ്യങ്ങള്‍ക്ക്‌ പ്രാപ്യവുമാവില്ല. ചുരുക്കത്തില്‍ അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങള്‍ക്ക്‌ ഏറെ പ്രയോജനകരമാവുന്ന തരത്തിലേക്ക്‌ ദോഹവട്ട തീരുമാനങ്ങളെ എത്തിക്കാനാണ്‌ ശ്രമം നടന്നത്‌.


2001ലെ ദോഹ സമ്മേളനത്തിന്‌ തൊട്ടടുത്ത വര്‍ഷമാണ്‌ പ്രസിഡന്റായിരുന്ന ജോര്‍ജ്‌ ബുഷ്‌ അമേരിക്കയുടെ പത്ത്‌ വര്‍ഷത്തേക്കുള്ള കാര്‍ഷിക സബ്‌സിഡി പ്രഖ്യാപിച്ചത്‌. പത്ത്‌ വര്‍ഷത്തേക്ക്‌ 19,000 കോടി ഡോളര്‍ സബ്‌സിഡിക്കായി നീക്കിവെച്ചു. 2002വരെയുള്ള പത്ത്‌ വര്‍ഷക്കാലത്ത്‌ നീക്കിവെച്ചിരുന്നത്‌ 11,400 കോടി മാത്രമായിരുന്നു. സബ്‌സിഡിക്കുള്ള തുക വന്‍തോതില്‍ വര്‍ധിപ്പിച്ചതിലൂടെ ദോഹ വട്ട തീരുമാനങ്ങള്‍ തങ്ങള്‍ക്ക്‌ ബാധകമാവില്ലെന്ന്‌ പ്രഖ്യാപിക്കുകയാണ്‌ അമേരിക്ക ചെയ്‌തത്‌. യൂറോപ്യന്‍ യൂനിയനാവട്ടെ വാര്‍ഷിക ബജറ്റിലെ 40 ശതമാനം സബ്‌സിഡികള്‍ക്കായി നീക്കിവെക്കുന്ന പതിവ്‌ തുടരുകയും ചെയ്യുന്നു. ഇക്കൂട്ടരാണ്‌ സബ്‌സിഡികള്‍ വെട്ടിക്കുറക്കാന്‍ വികസ്വര രാജ്യങ്ങള്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തുന്നത്‌. ഇന്ത്യയും ബ്രസീലും മുന്‍കൈയെടുത്ത്‌ രൂപവത്‌കരിച്ച പ്രതിരോധ നിര ഈ സാഹചര്യത്തില്‍ അര്‍ഥവത്തായിരുന്നു.
ഈ പ്രതിരോധ നിരക്ക്‌ ഉദകക്രിയ ചെയ്യുക എന്ന ദൗത്യമാണ്‌ കഴിഞ്ഞ ആഴ്‌ച ഡല്‍ഹിയില്‍ ഇന്ത്യന്‍ വാണിജ്യ മന്ത്രി ആനന്ദ്‌ ശര്‍മയുടെ കാര്‍മികത്വത്തില്‍ ചേര്‍ന്ന ഡബ്ല്യൂ ടി ഒ അംഗ രാജ്യങ്ങളുടെ സമ്മേളനത്തിനുണ്ടായിരുന്നത്‌. അത്‌ ഏറെക്കുറെ സാധിച്ചിട്ടുണ്ട്‌ എന്ന്‌ വേണം കരുതാന്‍.


ഈ മാസം 14 മുതല്‍ ജനീവയില്‍ ചേരുന്ന ഡബ്ല്യൂ ടി ഒയുടെ ഔദ്യോഗിക സമ്മേളനത്തില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കും. അവിടെ വെച്ച്‌ ധാരണകളുണ്ടാക്കുകയും അടുത്ത വര്‍ഷത്തോടെ തീരുമാനങ്ങള്‍ നടപ്പാക്കുകയുമാണ്‌ ലക്ഷ്യം. അമേരിക്കയിലെ വന്‍കിട തോട്ടങ്ങള്‍ക്ക്‌ സബ്‌സിഡികള്‍ നല്‍കുന്നത്‌ നിര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള നിയമ ഭേദഗതി ഒബാമ ഭരണകൂടം നിര്‍ദേശിച്ച സാഹചര്യത്തില്‍ കൂടിയാണ്‌ ദോഹ വട്ട ചര്‍ച്ചകള്‍ തുടരുന്നതിന്‌ ഇന്ത്യ മുന്‍കൈ എടുത്തത്‌. ഈ നിയമ ഭേദഗതി അമേരിക്കന്‍ കോണ്‍ഗ്രസ്‌ അംഗീകരിക്കുമോ എന്ന്‌ വ്യക്തമല്ല. അംഗീകരിച്ചാലും അത്‌ വികസ്വര രാജ്യങ്ങള്‍ക്ക്‌ ഗുണകരമാവുമെന്ന്‌ കരുതാനാവില്ല. അമേരിക്കയിലെ മൊത്തം കാര്‍ഷിക മേഖലയുടെ കുറഞ്ഞ ശതമാനം മാത്രമേ വന്‍കിട തോട്ടങ്ങളായുള്ളൂ. ബാക്കിയുള്ളവ വ്യക്തികളുടെയോ കമ്പനികളുടെയോ കൂട്ടായ്‌മയുടെ കീഴിലുള്ള കൃഷിയാണ്‌. ഇവിടെ സബ്‌സിഡി ഇല്ലാതാക്കാന്‍ ഒബാമ ഭരണകൂടം ശ്രമിക്കില്ലെന്ന്‌ ഉറപ്പ്‌.


വന്‍കിടക്കാര്‍ക്കുള്ള സബ്‌സിഡി കുറക്കാന്‍ നിയമ ഭേദഗതി കൊണ്ടുവരുമെന്ന അമേരിക്കയുടെ ഉറപ്പ്‌ അടിസ്ഥാനമാക്കി ദോഹവട്ട തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ജനീവയില്‍ ചേരുന്ന സമ്മേളനം തീരുമാനിക്കാന്‍ സാധ്യത ഏറെയാണ്‌. ആഗോള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ദോഹവട്ട തീരുമാനങ്ങള്‍ നടപ്പാക്കേണ്ടത്‌ അനിവാര്യമാണെന്ന നിലപാടാണ്‌ ഡല്‍ഹിയിലെ ചര്‍ച്ചകളില്‍ ഇന്ത്യ സ്വീകരിച്ചത്‌. ഇതേ നിലപാടാവും ജനീവയില്‍ ചേരുന്ന സമ്മേളനത്തില്‍ അമേരിക്കയും മറ്റ്‌ വികസിത രാജ്യങ്ങളും സ്വീകരിക്കുക. സാമ്പത്തിക പ്രതിസന്ധി ഏറെ ബാധിച്ചത്‌ വികസിത രാജ്യങ്ങളെയാണ്‌. ഇന്ത്യയെ കാര്യമായി ബാധിച്ചിട്ടില്ലെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നുമുണ്ട്‌. അപ്പോള്‍ പിന്നെ പ്രതിസന്ധി പരിഹരിക്കാന്‍ ദോഹവട്ട തീരുമാനങ്ങള്‍ നടപ്പാക്കണമെന്ന്‌ ഇന്ത്യ വാദിക്കുന്നത്‌ ആര്‍ക്ക്‌ വേണ്ടിയാണെന്ന സംശയം ഉയരുന്നു. വികസിത രാജ്യങ്ങളുടെ ഇംഗിതം നടപ്പാക്കിക്കൊടുക്കാനുള്ള ഉപകരണമായി പ്രവര്‍ത്തിക്കുകയാണ്‌ ഇന്ത്യ. അതിനു വേണ്ടി സ്വന്തം നേതൃത്വത്തില്‍ രൂപവത്‌കരിച്ച പ്രതിരോധ നിര തകര്‍ക്കുകയും ചെയ്‌തിരിക്കുന്നു.


ദോഹവട്ട തീരുമാനങ്ങള്‍ അടുത്ത വര്‍ഷം നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ അതിന്റെ പ്രത്യാഘാതം ഏറെ അനുഭവിക്കേണ്ടിവരുന്ന രാജ്യങ്ങളിലൊന്ന്‌ ഇന്ത്യ തന്നെയായിരിക്കും. ആസിയാനിലെ പത്ത്‌ അംഗ രാജ്യങ്ങളുമായി ഒപ്പ്‌ വെച്ച സ്വതന്ത്ര വ്യാപാര കരാര്‍ പ്രാബല്യത്തിലാവുന്നത്‌ അടുത്ത വര്‍ഷമാണ്‌. അതുളവാക്കാന്‍ ഇടയുള്ള ആഘാതത്തെക്കുറിച്ച്‌ നാം പഠിച്ചിട്ടില്ല. അതിന്‌ പുറമെയാണ്‌ ദോഹവട്ട തീരുമാനങ്ങള്‍ നടപ്പാവുക. നിലവില്‍ നടപ്പാക്കിയ ഉദാരവത്‌കരണങ്ങളിലൂടെ തന്നെ തകര്‍ന്ന നിലയിലാണ്‌ രാജ്യത്തെ കാര്‍ഷിക മേഖല. കര്‍ഷക ആത്മഹത്യകളുടെ കണക്ക്‌ മാത്രം മതി ഇതിന്‌ തെളിവായി. രാജ്യത്തിന്റെ പകുതി ഭാഗത്തുണ്ടായ വരള്‍ച്ച കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നുണ്ട്‌. ഇതിനിടയിലേക്ക്‌ വിദേശ കാര്‍ഷിക ഉത്‌പന്നങ്ങളുടെ കുത്തൊഴുക്കുണ്ടായാല്‍...


കാര്‍ഷികേതര വിപണികളില്‍ കൂടുതല്‍ ഇടപെടലുകള്‍ അനുവദിക്കുക, സേവന മേഖലയില്‍ ഇളവുകള്‍ അനുവദിക്കുക എന്നിവ കൂടി ദോഹ വട്ട തീരുമാനങ്ങളുടെ ഭാഗമായുണ്ട്‌. കാര്‍ഷികേതര വിപണിയിലെ കൂടുതല്‍ തുറന്നു നല്‍കലുകളും ഇന്ത്യയെപ്പോലുള്ള വികസ്വര സമ്പദ്‌ വ്യവസ്ഥകള്‍ക്ക്‌ ദോഷകരമാകാനേ വഴിയുള്ളൂ. ആദ്യഘട്ട തുറന്നു നല്‍കലുകളോടെ രാജ്യത്തെ ചെറുകിട വ്യവസായ മേഖല നാമാവശേഷമായത്‌ തെളിവായി സ്വീകരിക്കാം. പ്രതീക്ഷയുള്ളത്‌ സേവന മേഖലയില്‍ മാത്രമാണ്‌. അത്‌ ഗുണം ചെയ്യുക വിവര സാങ്കേതിക വിദ്യാ മേഖലയിലാണ്‌. നിയമ, വൈദ്യ മേഖലകളിലെ സേവനങ്ങള്‍ക്ക്‌ അമേരിക്കയും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും ഇന്ത്യയെ ആശ്രയിക്കുന്നുണ്ട്‌. സാമ്പത്തിക പ്രതിസന്ധി ഗ്രസിച്ചതോടെ ആഭ്യന്തര തൊഴില്‍ മേഖല സംരക്ഷിക്കാനായി ഇത്തരം പുറംജോലി കരാറുകള്‍ ഈ രാജ്യങ്ങള്‍ കുറച്ചു. ഇതില്‍ മാറ്റമുണ്ടാക്കി ഇന്ത്യന്‍ ഐ ടി മേഖലയെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ ദോഹവട്ട തീരുമാനം നടപ്പാക്കുന്നതോടെ കഴിഞ്ഞേക്കും.


ഐ ടി മേഖലയിലുണ്ടായ വികസനം നിലവില്‍ തന്നെ വലിയ വര്‍ഗ വിഭജനത്തിന്‌ കാരണമായിട്ടുണ്ട്‌. വികസന പ്രവര്‍ത്തനങ്ങള്‍ നഗര കേന്ദ്രീകൃതമാവുന്നത്‌ വര്‍ധിച്ചു. അസംന്തുലിതാവസ്ഥ കൂടുതല്‍ ശക്തമാവുകയും ചെയ്‌തു. ഐ ടി വ്യവസായങ്ങള്‍ കൂടുതല്‍ പുഷ്‌ടിപ്പെടുന്നതോടെ ഗ്രാമീണ, കാര്‍ഷിക മേഖലകള്‍ കൂടുതല്‍ തഴയപ്പെടുമെന്ന്‌ ഉറപ്പ്‌. ദുര്‍ബലമായ അടിത്തറയില്‍ കെട്ടി നിര്‍ത്തിയ കൊട്ടാരം പോലെയായി മാറുകയാവും ഫലം. അതിലേക്ക്‌ കൂടുതല്‍ അടുക്കുന്നുവെന്നാണ്‌ ഡല്‍ഹിയിലെ ഡബ്ല്യു ടി ഒ സമ്മേളനത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാട്‌ സൂചിപ്പിക്കുന്നത്‌. വികസിത രാജ്യങ്ങളുടെ നിക്ഷിപ്‌ത താത്‌പര്യങ്ങള്‍ക്കെതിരെ നിലനിന്നിരുന്ന കൂട്ടായ്‌മ തകര്‍ക്കുക വഴി തങ്ങളുടെ പക്ഷം ഏതെന്ന്‌ ഒരിക്കല്‍ കൂടി വ്യക്തമാക്കുകയും ചെയ്‌തിരിക്കുന്നു ഇന്ത്യ. ഇതും ഭാവിയില്‍ രാജ്യത്തിന്‌ ഗുണകരമാകുമെന്ന്‌ കരുതാനാവില്ല.

No comments:

Post a Comment