2009-09-05

ലൈഫ്‌ ബോയ്‌ സമ്മാനിക്കുന്ന അപമാനം


ഒരു മുഖ്യമന്ത്രി സഞ്ചരിച്ച ഹെലിക്കോപ്‌റ്റര്‍ കാണാതാവുന്നു. കണ്ടെത്തുന്നത്‌ 24 മണിക്കൂറിന്‌ ശേഷം. ഗ്ലോബല്‍ പൊസിഷനിംഗ്‌ സംവിധാനത്തിന്റെ കാലത്താണ്‌ ഈ 24 മണിക്കൂര്‍. വൈ എസ്‌ രാജശേഖര റെഡ്‌ഢി എന്ന ജനകീയ നേതാവിന്റെ വിയോഗത്തിനപ്പുറത്ത്‌ മറ്റ്‌ ചില സുപ്രധാന ചോദ്യങ്ങള്‍ ഈ വാചകങ്ങള്‍ ഉയര്‍ത്തുന്നുണ്ട്‌. നമ്മള്‍ കൊട്ടിഘോഷിക്കുന്ന ഇന്റലിജന്‍സ്‌, അന്വേഷണ സംവിധാനങ്ങളുടെ കാര്യക്ഷമത സംബന്ധിച്ച ചോദ്യങ്ങളാണത്‌. വൈ എസ്‌ ആര്‍ സഞ്ചരിച്ച ഹെലിക്കോപ്‌റ്റര്‍ കണ്ടെത്തിയപ്പോള്‍ ആ വിവരം കൈമാറാന്‍ അന്വേഷണ സംഘത്തിന്‌ ഒരു ലൈഫ്‌ ബോയ്‌ സോപ്പിനെ ആശ്രയിക്കേണ്ടിവന്നുവെന്നത്‌ ആശയവിനിമയ സങ്കേതങ്ങളില്‍ വിപ്ലവകരമായ നേട്ടങ്ങള്‍ കൈവരിച്ചുവെന്ന്‌ അവകാശപ്പെടുന്നവരെ നാണിപ്പിക്കുന്നത്‌ കൂടിയാണ്‌.


മെബൈലുകള്‍ ഇപ്പോള്‍ സാധാരണക്കാരന്റെ പക്കലുള്ള ആശയവിനിമയ ഉപാധിയാണ്‌. സുരക്ഷാ ഏജന്‍സികളിലെ ഉദ്യോഗസ്ഥരാവുമ്പോള്‍ ഏറ്റവും കുറഞ്ഞത്‌ വയര്‍ലസ്‌ സംവിധാനം ഉണ്ടായിരിക്കും. മറ്റ്‌ സംവിധാനങ്ങള്‍ പുറമെ. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ എസ്‌ ആര്‍ ഒ) ഇതിനകം വിക്ഷേപിച്ച ഉപഗ്രഹങ്ങളില്‍ ചിലതെങ്കിലും ഭൗമോപരിതലത്തിന്റെ ചിത്രങ്ങളെടുക്കാന്‍ പര്യാപ്‌തമാണ്‌. ഭൗമോപരിതലത്തിന്റെ ത്രിമാന ദൃശ്യങ്ങള്‍ കാണാന്‍ സഹായിക്കുന്ന `ഭുവന്‍' എന്ന സൈറ്റ്‌ ഐ എസ്‌ ആര്‍ ഒ പ്രാബല്യത്തിലാക്കിയത്‌ ഏതാനും ആഴ്‌ച മുമ്പും. ഇന്ത്യയുടെ പക്കലുള്ള സുഖോയ്‌ വിമാനങ്ങളും പരിശോധനകള്‍ക്ക്‌ ഉപയോഗിക്കാന്‍ കഴിയും. ഭൗമോപരിതലത്തിലേക്ക്‌ താപവികിരണങ്ങള്‍ അയച്ച്‌ ലോഹവസ്‌തുക്കളുടെ സാന്നിധ്യം കണ്ടെത്താനുള്ള സംവിധാനം ഈ വിമാനങ്ങളിലുണ്ട്‌.


ഹെലിക്കോപ്‌റ്ററുകളുടെയും വിമാനങ്ങളുടെയും സഞ്ചാരപഥം നിരന്തരം പിന്തുടരുന്ന എയര്‍ ട്രാഫിക്‌ കണ്‍ട്രോള്‍, ആകാശത്ത്‌ ചരിക്കുന്ന എല്ലാത്തരം വാഹനങ്ങളുടെയും വരവും പോക്കും കണ്ടെത്താന്‍ സഹായിക്കുന്ന റഡാര്‍ എന്നീ സംവിധാനങ്ങള്‍ പുറമെയാണ്‌. നിയന്ത്രണത്തിനും പരിശോധനക്കും അന്വേഷണത്തിനും സഹായിക്കുന്ന ഇത്തരം ഉപകരണങ്ങളുടെയെല്ലാം കണ്ണുവെട്ടിച്ചാണ്‌ ബുധനാഴ്‌ച രാവിലെ ഒമ്പതരയോടെ വൈ എസ്‌ രാജശേഖര റെഡ്‌ഢി സഞ്ചരിച്ച വിമാനം കാണാതാവുന്നത്‌.
കാണാതായത്‌ സാധാരണ യാത്രക്കാരനല്ല. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്‌. ആന്ധ്രാ പ്രദേശ്‌ പോലെ പ്രധാനപ്പെട്ട സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി. കേന്ദ്ര ഭരണത്തിന്ന്‌ നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്റെ തലയെടുപ്പുള്ള നേതാവാണ്‌. പക്ഷേ, 24 മണിക്കൂര്‍ വേണ്ടിവന്നു അദ്ദേഹത്തിന്‌ സംഭവിച്ച ദുരന്തം പുറത്തുവരാന്‍.


ഹെലിക്കോപ്‌റ്റര്‍ കാണാതായിരിക്കുന്നുവെന്ന വിവരം പോലും സ്ഥിരീകരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക്‌ തുടക്കത്തില്‍ സാധിച്ചില്ല. എയര്‍ ട്രാഫിക്‌ കണ്‍ട്രോളുമായുള്ള ബന്ധം നഷ്‌ടപ്പെട്ടപ്പോള്‍ തന്നെ അപകടത്തിനുള്ള സാധ്യത കാണാന്‍ ആര്‍ക്കും സാധിച്ചില്ല എന്ന്‌ സമ്മതിക്കേണ്ടിവരും. അപകടത്തിന്റെ സാധ്യത അറിഞ്ഞശേഷവും തിരച്ചിലിനെക്കുറിച്ചുള്ള തീരുമാനങ്ങള്‍ വൈകി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന്‌ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ മൊബൈലിലേക്ക്‌ അയച്ച സന്ദേശം ഡെലിവറി ചെയ്‌തുവെന്ന വിവരം ലഭിച്ചപ്പോഴാണ്‌ ഹെലിക്കോപ്‌റ്റര്‍ എവിടെയുണ്ടാവുമെന്ന്‌ ലോക്കേറ്റ്‌ ചെയ്യാനുള്ള ശ്രമം തുടങ്ങിയത്‌. അതുവരെ എല്ലാം നിശ്ചലമായിരുന്നുവെന്ന്‌ ചുരുക്കം. സന്ദേശം സ്വീകരിച്ച മൊബൈല്‍ നല്ലമല വനമേഖലയില്‍ എവിടെയോ ആണെന്ന്‌ കണ്ടെത്താന്‍ മാത്രമേ നമ്മുടെ സാങ്കേതിക വിദ്യക്ക്‌ സാധിച്ചുള്ളൂ. അതുകൊണ്ടാണ്‌ ആറ്‌ ജില്ലകളിലായി (ആന്ധ്ര എന്ന വലിയ സംസ്ഥാനത്തിലെ ജില്ലകള്‍ക്ക്‌ ഏറെക്കുറെ ചെറിയ സംസ്ഥാനങ്ങളുടെ വലുപ്പമുണ്ട്‌) പരന്നുകിടക്കുന്ന നല്ലമല വനമേഖലയിലാകെ തിരച്ചില്‍ നടത്താന്‍ ഹെലിക്കോപ്‌റ്ററുകളെ നിയോഗിച്ചത്‌.


ഒരു മൊബൈല്‍ സന്ദേശം സ്വീകരിക്കുന്നുവെന്നാല്‍ അവിടെ റേഞ്ച്‌ ഉണ്ടെന്നാണ്‌ അര്‍ഥം. റേഞ്ചുള്ള മേഖലയിലെ ഒരു മൊബൈലിന്റെ സഞ്ചാര പഥം പെട്ടെന്ന്‌ നിര്‍ണയിക്കാന്‍ സംവിധാനമുണ്ട്‌. അത്‌ നമ്മുടെ പക്കലില്ലെന്ന്‌ കരുതേണ്ടിവരും. മുംബൈ നഗരത്തില്‍ ആക്രമണം നടത്തിയ ഭീകരര്‍ ഉപഗ്രഹ ഫോണുകളിലൂടെ ആക്രമണം ആസുത്രണം നടത്തിയവരുമായി സംസാരിച്ചിരുന്നു. എവിടെ നിന്നാണ്‌ ആസൂത്രകര്‍ സംസാരിച്ചത്‌ എന്നറിയാന്‍ അമേരിക്കന്‍ ഏജന്‍സികളുടെ സഹായം ഇന്ത്യ തേടിയിരുന്നു.


ഹെലിക്കോപ്‌റ്ററുകളും സുഖോയ്‌ വിമാനവും ഐ എസ്‌ ആര്‍ ഒയും യോജിച്ച്‌ ശ്രമിച്ചിട്ടും ഹെലിക്കോപ്‌റ്ററിന്റെ പൊടിപോലും കണ്ടെത്താന്‍ കഴിയാതിരുന്നതോടെ ജനങ്ങളോട്‌ പരിശോധനക്കിറങ്ങാന്‍ സംസ്ഥാന സര്‍ക്കാറിന്‌ അഭ്യര്‍ഥിക്കേണ്ടിവന്നു. നല്ലമല വനമേഖലയില്‍ പ്രവര്‍ത്തിച്ച്‌ പരിചയമുള്ള സി പി ഐ മാവോയിസ്റ്റിന്റെ മുന്‍ പ്രവര്‍ത്തകരുടെ സഹായവും സര്‍ക്കാര്‍ അനൗദ്യോഗികമായി തേടിയിരുന്നു. നല്ലമല വനമേഖല മാവോയിസ്റ്റുകളുടെ ശക്തി കേന്ദ്രമാണെന്നും വൈ എസ്‌ ആര്‍ മുഖ്യമന്ത്രിയായിരിക്കെ നിരവധി ഏറ്റമുട്ടലുകള്‍ ഇവിടെ നടന്നുവെന്നും മുതിര്‍ന്ന മാവോയിസ്റ്റ്‌ നേതാക്കളെ വധിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. ഇത്തരത്തില്‍ തന്ത്രപ്രധാനമായ സ്ഥലത്തേക്ക്‌ ജനങ്ങളെ പരിശോധനക്കായി അയക്കുന്നത്‌ വഴിയുണ്ടാവാന്‍ ഇടയുള്ള പ്രശ്‌നങ്ങളെക്കുറിച്ച്‌ ആരും ആലോചിച്ചതേയില്ല. പോലീസിനെ തടയാന്‍ മാവോയിസ്റ്റുകള്‍ കുഴിബോംബുകള്‍ സ്ഥാപിച്ചിരിക്കാന്‍ സാധ്യതയുണ്ട്‌. ജനങ്ങള്‍ പ്രവേശിക്കുമ്പോള്‍ ഇത്‌ പൊട്ടിത്തെറിക്കാം. അതുപോലെ നിരവധിയായ പ്രശ്‌നങ്ങള്‍. ഭാഗ്യവശാല്‍ മറ്റ്‌ ദുരന്തങ്ങള്‍ ഉണ്ടായില്ല.


സി ആര്‍ പി എഫ്‌, കോബ്ര, സംസ്ഥാന പോലീസ്‌, വിവിധ ഏജന്‍സികള്‍ എന്നിവരടങ്ങുന്ന വലിയ നിര രംഗത്തെത്തിയതിന്‌ ശേഷമാണ്‌ നാട്ടുകാരുടെയും മുന്‍ മാവോയിസ്റ്റുകളുടെയും സഹായം തേടിയത്‌ എന്നത്‌ ഭരണനേതൃത്വത്തിലുള്ളവര്‍ക്ക്‌ അഭിമാനിക്കത്തക്ക ഒന്നല്ല.


മഴ, മോശം കാലാവസ്ഥ, രാത്രി ബുധനാഴ്‌ച തിരച്ചില്‍ അവസാനിച്ചു. രാത്രി കാഴ്‌ചക്കുള്ള സംവിധാനങ്ങള്‍ വിവിധ സേനാ വിഭാഗങ്ങള്‍ക്ക്‌ ലഭ്യമാക്കിയിട്ടുണ്ടെന്നാണ്‌ അവകാശവാദം. അതൊന്നും ഇവിടെ പ്രയോഗക്ഷമമായില്ല. അയ്യായിരത്തിലേറെ ചതുരശ്ര കിലോമീറ്റര്‍ വിസ്‌തീര്‍ണമൂള്ള വനമേഖലയില്‍ സൈനികര്‍ പ്രവേശിച്ച്‌ തിരച്ചില്‍ നടത്തുക എന്നതിലുള്ള ബുദ്ധിമുട്ട്‌ മനസ്സിലാക്കുന്നു. പക്ഷേ, രാജ്യത്തിനുണ്ടെന്ന്‌ പറയുന്ന അത്യാധുനിക സാങ്കേതിക വിദ്യകളൊന്നും ഉപയോഗിച്ച്‌ ഹെലിക്കോപ്‌റ്റര്‍ ഉണ്ടാവാന്‍ ഇടയുള്ള മേഖല കണ്ടെത്തി അവിടേക്ക്‌ തിരച്ചില്‍ കേന്ദ്രീകരിക്കാന്‍ ആയില്ല എന്ന പരാജയം ചൂണ്ടിക്കാട്ടുക മാത്രമാണ്‌. വ്യാഴാഴ്‌ച പുലര്‍ച്ചെ തിരച്ചില്‍ ആരംഭിച്ചപ്പോഴേക്കും ഹെലിക്കോപ്‌റ്റര്‍ ഉണ്ടാവാന്‍ ഇടയുള്ള സ്ഥലത്തെക്കുറിച്ച്‌ ഏകദേശ സൂചന ലഭിച്ചിരുന്നു. അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസയുടേതുള്‍പ്പെടെ സഹായം ഇതിനിടെ തേടിയതായി റിപ്പോര്‍ട്ടുകളുണ്ട്‌. വ്യാഴാഴ്‌ച രാവിലെ ഒമ്പതരയോടെ ഹെലിക്കോപ്‌റ്ററിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെടുത്തു. ഈ സ്ഥലം കരയിലുള്ള തിരച്ചില്‍ സംഘത്തെ അറിയിക്കാനാണ്‌ ഹെലിക്കോപ്‌റ്ററിലുണ്ടായിരുന്നവര്‍ ലൈഫ്‌ബോയ്‌ സോപ്പിന്റെ സഹായം തേടിയത്‌.


അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയ സ്ഥലം തിരിച്ചറിയാന്‍ സഹായിക്കുന്ന ദിശാസൂചി അടക്കമുള്ള കാര്യങ്ങള്‍ രേഖപ്പെടുത്തിയ കടലാസ്‌ സോപ്പിനൊപ്പം പൊതിഞ്ഞ്‌ ഒട്ടിച്ച്‌ താഴേക്കിടുകയാണ്‌ സൈനികര്‍ ചെയ്‌തത്‌. പോലീസുകാര്‍ കടലാസിലെ വിവരങ്ങള്‍ പിന്തുടര്‍ന്ന്‌ മുന്നോട്ടുപോവുകയും. നല്ലമല പോലുള്ള വിദൂരമായ ഒരു പ്രദേശത്ത്‌ ഒരു ഓപ്പറേഷന്‍ നടത്തേണ്ടിവന്നാല്‍ ആശയവിനിമയത്തിന്‌ സഹായിക്കുന്ന ഉപകരണങ്ങളൊന്നും സൈനികരുടെ പക്കലുണ്ടായിരുന്നില്ല എന്നാണ്‌ ലൈഫ്‌ ബോയ്‌ എപ്പിസോഡ്‌ തെളിയിക്കുന്നത്‌. ഏത്‌ പ്രതിസന്ധി ഘട്ടവും തരണം ചെയ്യാന്‍ പാകത്തിലുള്ള സംവിധനമുണ്ടെന്നും ഏത്‌ ആക്രമണത്തെയും ചെറുക്കാന്‍ സുസജ്ജമാണെന്നും അവകാശപ്പെടുന്ന ഒരു രാജ്യത്തിന്റെ സൈന്യത്തിന്‌ സോപ്പുകട്ടയെ ആശ്രയിക്കേണ്ടിവരുമ്പോള്‍ അവകാശവാദങ്ങളെക്കുറിച്ചെല്ലാം സംശയങ്ങള്‍ ഉയരും.


ഏതാനും മാസം മുമ്പ്‌ ദണ്ഡകാരണ്യ വനമേഖലയില്‍ ഛത്തിസ്‌ഗഢ്‌ അതിര്‍ത്തിയോട്‌ ചേര്‍ന്ന്‌ വ്യോമസേനയുടെ ഒരു വിമാനം കാണാതായിരുന്നു. വിമാനം കണ്ടെത്താന്‍ പതിവ്‌ പരിശോധനകള്‍ നടന്നു. കണ്ടെത്താനായില്ല. വൈ എസ്‌ ആറിനെപ്പോലെ തലപ്പൊക്കമുള്ളവരൊന്നും വിമാനത്തിലില്ലായിരുന്നതിനാല്‍ പരിശോധനകള്‍ വേഗത്തില്‍ അവസാനിച്ചു. കാണാതായ വിമാനത്തിലുണ്ടായിരുന്ന സൈനികരുടെ ബന്ധുക്കള്‍ മുറവിളി കൂട്ടിയപ്പോള്‍ ഒരു സര്‍ക്കാറിതര സംഘടനയുടെ സഹായത്തോടെ സൈന്യം സി പി ഐ മാവോയിസ്റ്റ്‌ പ്രവര്‍ത്തകരുടെ സഹായം തേടി. തീവ്രവാദികളായ മാവോയിസ്റ്റുകളെ പിടികൂടാനോ ഇല്ലാതാക്കാനോ യത്‌നിക്കുന്ന ഭരണകൂടത്തിന്റെ ആയുധങ്ങളിലൊന്നാണ്‌ സൈന്യം. ദണ്ഡകാരണ്യ മേഖലയില്‍ ശക്തമായ സ്വാധീനമുള്ള മാവോയിസ്റ്റുകള്‍ ദിവസങ്ങള്‍ക്കം വിമാനത്തിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തി വിവരം നല്‍കി. ഇതെല്ലാം കഴിയുമ്പോഴേക്കും നാല്‌ മാസം കഴിഞ്ഞിരുന്നു. തെര്‍മല്‍ ഇമേജിംഗിലൂടെ വിമാന അവശിഷ്‌ടങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന സുഖോയ്‌ വിമാനങ്ങളെയൊന്നും ദണ്ഡകാരണ്യയില്‍ രംഗത്തിറക്കിയില്ല. കാണാതായ വിമാനത്തില്‍ പാവപ്പെട്ട സൈനികര്‍ മാത്രമല്ലേയുള്ളൂ.


ഐ എസ്‌ ആര്‍ ഒ വിക്ഷേപിച്ച കാര്‍ട്ടോസാറ്റ്‌ എന്ന ഉപഗ്രഹത്തിന്റെ പ്രധാന ഉദ്ദേശ്യം ഭൂമിയുടെ ദൃശ്യങ്ങളെടുക്കുക എന്നതും ഭൗമോപരിതലത്തെ നിരീക്ഷിക്കുക എന്നതുമാണ്‌. ഏതെങ്കിലും പ്രത്യേക ദിശയിലേക്ക്‌ ഉപഗ്രഹത്തെ തിരിക്കാനും ആ മേഖലയെ നിരീക്ഷിക്കാനും സാധിക്കുമെന്നൊക്കെ അവകാശവാദമുണ്ടായിരുന്നു. വൈ എസ്‌ ആര്‍ സംഭവം കാര്‍ട്ടോസാറ്റിന്റെ പരിമിതി വെളിപ്പെടുത്തി. വൈ എസ്‌ ആര്‍ സഞ്ചരിച്ചിരുന്ന ഹെലിക്കോപ്‌റ്റര്‍ കാണാതായി 24 മണിക്കൂര്‍ തികഞ്ഞ ഇന്നലെ രാവിലെ ഒമ്പതര മുതല്‍ പത്തരവരെയുള്ള സമയത്താണ്‌ അപകടം നടന്ന മേഖലക്ക്‌ മുകളിലൂടെ ഉപഗ്രഹം കടന്നുപോയത്‌. ആ സമയത്ത്‌ ചിത്രങ്ങളെടുത്ത്‌ അയക്കാന്‍ മാത്രമേ ഉപഗ്രഹത്തിന്‌ സാധിക്കൂ. ആ ചിത്രങ്ങള്‍ പരിശോധിച്ച്‌ എന്തെങ്കിലും വിവരം ശേഖരിച്ച്‌ നടപടി സ്വീകരിക്കുന്നതിന്‌ സമയം ഏറെ വേണ്ടിവരും.


ഹെലിക്കോപ്‌റ്റര്‍ ഇടിച്ചിറക്കാന്‍ കഴിഞ്ഞിരുന്നുവെന്ന്‌ കരുതുക. ഇതിന്റെ ആഘാതത്തില്‍ വൈ എസ്‌ ആറിനും കുടെയുണ്ടായിരുന്നവര്‍ക്കും പരുക്കേറ്റിരുന്നുവെന്നും. എങ്കില്‍പ്പോലും അവരെ രക്ഷിക്കാന്‍ നമ്മുടെ രാജ്യത്ത്‌ നിലവിലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ കഴിയുമായിരുന്നില്ല എന്നാണ്‌ തെളിയുന്നത്‌. കാണാതായത്‌ സൈനികരെപ്പോലുള്ള സാധാരണക്കാരായിരുന്നുവെങ്കില്‍ രാജ്യം കണ്ട ഏറ്റവും വലിയ തിരച്ചില്‍ പോലൊന്ന്‌ നടക്കുകയില്ല. ഓരോ സെക്കന്റിലുമുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ മാധ്യമങ്ങള്‍ മിനക്കെടുകയുമില്ല. അപ്പോള്‍ പിന്നെ ഇത്തരം ശങ്കകള്‍ ഉയരുകയുമില്ല.