അഭയ കേസില്‍ ആരോപണവിധേയരായ ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ നാര്‍കോ അനാലിസിസ് പരിശോധനക്ക് വിധേയമാക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചാനലുകളില്‍ സംപ്രേഷണം ചെയ്‌തത് നിയമ വ്യവഹാര രംഗത്ത് പുതിയ തര്‍ക്കങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്‌തത് വിചാരണയെ ബാധിക്കുമെന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അഭിപ്രായപ്പെട്ടു. എഡിറ്റ് ചെയ്‌ത സി ഡിയാണ് ബാംഗ്ലൂരിലെ ലാബ് സി ബി ഐക്ക് നല്‍കിയിരിക്കുന്നതെന്ന ആരോപണമുയര്‍ന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജി കോടതിയുടെ പരിഗണനയിലുണ്ട്. അതായത് സി ഡിയുടെ ആധികാരികത ചോദ്യം ചെയ്യപ്പെടുകയാണ് എന്നര്‍ഥം. സി ഡിയിലെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്‌തത് നിയമവിരുദ്ധമാണോ, ധാര്‍മികതക്ക് യോജിച്ചതാണോ എന്നീ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഇതിനൊപ്പം ഉന്നയിക്കപ്പെടുന്ന ചോദ്യമാണ് ഇവ മാധ്യമങ്ങള്‍ക്ക് കൈമാറിയത് ആര് എന്നതും അവരുടെ ലക്ഷ്യമെന്ത് എന്നതും.
സി ബി ഐയാണ് സി ഡികള്‍ കൈമാറിയത് എന്ന് പ്രതിഭാഗം ആരോപിക്കുന്നു. പ്രതിഭാഗം തന്നെയാണ് എന്ന് സി ബി ഐയും പറയുന്നു. ഗുണ്ടാ വിവാദങ്ങള്‍ തണുപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറാണ് പുറത്തുവിട്ടതെന്നും വാദമുണ്ട്. കേസ് നടത്തിപ്പിന്റെ ഭാഗമായി ഈ സി ഡികള്‍ പരിശോധിക്കേണ്ടതുണ്ടെന്നും അതിനായി പകര്‍പ്പുകള്‍ ലഭ്യമാക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. ഇതംഗീകരിച്ച് പകര്‍പ്പ് കൈമാറാന്‍ കോടതി ഉത്തരവിട്ട് അധികം വൈകാതെയാണ് സി ഡികള്‍ ചാനലുകളില്‍ എത്തിയത് എന്നത് വസ്‌തുതയാണ്. കൈമാറിയത് ആരായാലും അവര്‍ക്ക് വ്യക്തമായ ഉദ്ദേശ്യമുണ്ടായിരുന്നുവെന്ന് കരുതണം.
കൈമാറിയത് സി ബി ഐയാണെങ്കില്‍
സി ബി ഐക്ക് ഏറെ മാനക്കേടുണ്ടാക്കിയതാണ് സിസ്റ്റര്‍ അഭയ കേസ്. 1992 മാര്‍ച്ച് 27നാണ് അഭയയെ കോണ്‍വെന്റിലെ കിണറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൃത്യം ഒരു വര്‍ഷത്തിന് ശേഷം സി ബി ഐ കേസ് അന്വേഷണം ഏറ്റെടുത്തു. ഡി വൈ എസ് പി വര്‍ഗീസ് പി തോമസിനായിരുന്നു അന്വേഷണച്ചുമതല. അഭയയെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയ അദ്ദേഹത്തിന് മേല്‍ സി ബി ഐയിലെ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ സമ്മര്‍ദം ചെലുത്തിയെന്ന് ആരോപണമുയര്‍ന്നിരുന്നു. അന്വേഷണം തുടരാന്‍ കഴയാതെ വന്ന സാഹചര്യത്തില്‍ അദ്ദേഹം രാജിവെച്ചു. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ഓഫീസ്, അന്വേഷണം അട്ടിമറിക്കാന്‍ ഇടപെട്ടുവെന്നും വാര്‍ത്ത വന്നിരുന്നു.
പിന്നീട് വന്ന സി ബി ഐ സംഘങ്ങള്‍ അന്വേഷണം അവസാനിപ്പിക്കാന്‍ പലതവണ ശ്രമിച്ചു. കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയെന്നും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അന്വേഷണം അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് രണ്ട് വട്ടം സി ബി ഐ കോടതിയെ സമീപിച്ചു. കോടതി അനുവദിക്കാതിരുന്നതിനാല്‍ അന്വേഷണം തുടരേണ്ടിവരികയായിരുന്നു. ഇക്കാലത്തിനിടെ അന്വേഷണ സംഘങ്ങള്‍ പലതവണ മാറി. ഒന്നും നടന്നില്ലെന്ന് മാത്രം. ഇത്തരത്തില്‍ സി ബി ഐയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി. ഇതിനിടെയാണ് അഭയയുടെ ആന്തരാവയവങ്ങള്‍ രാസപരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ടില്‍ തിരുത്തലുകള്‍ വരുത്തിയെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നതും കോടതി നടപടികള്‍ കൂടുതല്‍ ശക്തമാകുന്നതും. ഒടുവില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം കേസ് അന്വേഷണം ഏറ്റെടുത്ത സി ബി ഐയുടെ കേരള കേഡറിലെ ഉദ്യോഗസ്ഥര്‍ ഫാദര്‍ കോട്ടൂര്‍, ഫാദര്‍ പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ നാര്‍കോ പരിശോധനക്ക് വിധേയമാക്കി. തുടര്‍ന്ന് മൂവരെയും അറസ്റ്റ് ചെയ്‌തു.
പതിനാറ് കൊല്ലമായി കുഴക്കുന്ന കേസില്‍ നിര്‍ണായക തെളിവായി സി ബി ഐ കാണുന്നത് നാര്‍കോ ഫലത്തെയാണ്. ഈ പരിശോധനാ ഫലം രേഖപ്പെടുത്തിയ സി ഡിയിലാണ് എഡിറ്റിംഗ് നടന്നിരിക്കുന്നത്. നാര്‍കോ പരിശോധനാ ഫലം തെളിവായി സ്വീകരിക്കാമോ എന്നത് സംബന്ധിച്ച് ഇന്ത്യയില്‍ വ്യക്തമായ നിയമവുമില്ല. ഈ സാഹചര്യത്തില്‍ ടേപ്പ് കോടതി തെളിവായി സ്വീകരിക്കാനുള്ള സാധ്യത കുറവ്. പരിശോധന പൂര്‍ണമായും റെക്കോഡ് ചെയ്‌ത സി ഡി കണ്ടെത്താന്‍ കഴിഞ്ഞിട്ടുമില്ല. ഈ സാഹചര്യത്തില്‍ വിശ്വാസ്യത നിലനിര്‍ത്താന്‍ ശ്രമിക്കുന്ന സി ബി ഐക്ക് മുന്നിലുള്ള ഏക പോംവഴി സി ഡി പരസ്യപ്പെടുത്തുക എന്നതാണ്. പരിശോധനയില്‍ കൊലപാതകത്തെക്കുറിച്ച് പ്രതികള്‍ പറയുന്നുണ്ടെന്നും തങ്ങള്‍ ചെയ്യാനുള്ളതെല്ലാം ചെയ്‌തുവെന്നും സി ബി ഐ വരുത്തുന്നു. ഇതിനൊപ്പം സി ഡി എഡിറ്റിംഗിനെക്കുറിച്ചുള്ള സംശയങ്ങള്‍ പൊതുമധ്യത്തിലെത്തിക്കുക എന്നതും ലക്ഷ്യമാവാം.
നാര്‍കോ സി ഡി ഒരു ചെറിയ കാര്യമല്ല. സുപ്രീം കോടതിയിലെ ഒരു ജസ്റ്റിസ് ആരും ആവശ്യപ്പെടാതെ എത്തി കണ്ട് ബോധ്യപ്പെട്ട സി ഡിയാണിത്. സഭാ നേതൃത്വവുമായി പുലര്‍ത്തുന്ന അടുപ്പം അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുള്ളതുമാണ്. ഈ സാഹചര്യത്തില്‍ എഡിറ്റ് ചെയ്‌ത് കളഞ്ഞ ഭാഗങ്ങളില്‍ മറ്റു ചിലതുണ്ടെന്ന് സി ബി ഐ സംശയിക്കുന്നുണ്ടാവാം. ആരോപണവിധേയരായവര്‍ സഭയിലെ അധികാരഘടന പരിശോധിച്ചാല്‍ ഏറെ താഴേക്കിടയിലുള്ളവരാണ്. കൊലക്ക് ഉത്തരവാദികളാണിവരെങ്കില്‍ പുറത്താക്കി സഭക്ക് കൈകഴുകാന്‍ പ്രയാസമില്ല. ദത്ത് വിവാദത്തില്‍ ഉള്‍പ്പെട്ട ബിഷപ്പ് ജോണ്‍ തട്ടുങ്കലിനെ സഭ പുറത്താക്കിയത് ആഴ്‌ചകള്‍ക്കകമാണ്. പ്രധാനമന്ത്രിയുടെ ഓഫീസ് പോലും ഇടപെടാന്‍ ശ്രമിക്കത്തക്ക വലിപ്പം അഭയ കേസില്‍ ഇപ്പോള്‍ ആരോപണവിധേയരായ മൂവര്‍ക്കുമില്ല. ഗൂഢമായ മറ്റു ചില കാര്യങ്ങള്‍ കൂടി അഭയ കേസിലുണ്ടെന്ന സംശയം ഇവിടെ ശക്തവുമാണ്. എഡിറ്റ് ചെയ്‌ത് നീക്കിയ ഭാഗത്ത് ഇത്തരം കാര്യങ്ങളെക്കുറിച്ച് പരാമര്‍ശമുണ്ടോ എന്ന് സി ബി ഐ സംശയിച്ചാല്‍ തെറ്റില്ല.
ഹൈക്കോടതി ഇടപെട്ടിട്ടു പോലും സി ഡിയുടെ പൂര്‍ണരൂപം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ എഡിറ്റ് ചെയ്‌ത രൂപം പരസ്യപ്പെടുത്തി സമ്മര്‍ദം ചെലുത്തുക എന്ന തന്ത്രത്തിലേക്ക് സി ബി ഐ തിരിയാനുള്ള സാധ്യത ഏറെയാണ്. സുപ്രീം കോടതി ജസ്റ്റിസ് നേരിട്ട് കണ്ട് സി ഡിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയ സാഹചര്യത്തില്‍ ആരെ വിശ്വസിക്കാന്‍ കഴിയും എന്നതില്‍ സി ബി ഐ ഉദ്യോഗസ്ഥര്‍ക്ക് ആശങ്കയുണ്ടാവുക സ്വാഭാവികം. എഡിറ്റ് ചെയ്‌ത സി ഡി, മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യുകയും വിചാരണക്ക് തടസ്സമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ എഡിറ്റ് ചെയ്യാത്ത മുഴുവന്‍ ദൃശ്യങ്ങളും അടങ്ങിയ സി ഡി പരിശോധിക്കുക എന്നത് മാത്രമാണ് കോടതിക്ക് മുന്നിടലുള്ള ഏക പോംവഴി.
കൈമാറിയത് പ്രതിഭാഗമാണെങ്കില്‍
അഭയ കൊല്ലപ്പെട്ട നാള്‍ മുതല്‍ ഇന്നോളം പ്രതിസ്ഥാനത്ത് സഭയുണ്ട്. ആരോപണവിധേയരെ സംരക്ഷിക്കാന്‍ ആളും അര്‍ഥവും സ്വാധീനവും ഉപയോഗിക്കുന്നുമുണ്ട്. എന്നിട്ടും പതിനേഴ് വര്‍ഷത്തിന് ശേഷം പൗരോഹിത്യ ശ്രേണിയിലുള്ളവര്‍ പിടിയിലായത് വലിയ മാനക്കേടാണ് ഉണ്ടാക്കിയത്. ഇത് നീക്കാന്‍ ഏക പോംവഴി ആരോപണവിധേയരായ മൂന്നു പേരും ക്രൂരമായ പീഡനത്തിന് ഇരയായെന്നും അതിലൂടെയാണ് ഇവരാണ് പ്രതികളെന്ന് സി ബി ഐ ആരോപിക്കുന്നതെന്നും വിശ്വാസികളെയും പൊതുസമൂഹത്തെയും ബോധ്യപ്പെടുത്തുക എന്നതാണ്. അതിനുള്ള ഏറ്റവും നല്ലവഴി ഈ ദൃശ്യങ്ങള്‍ പുറത്തുവിടുക തന്നെയാണ്.
സോവിയറ്റ് ചാര സംഘടനയായിരുന്ന കെ ജി ബി രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിച്ചിരുന്ന പ്രാകൃത രീതിയുടെ തുടര്‍ച്ചയാണ് ഇന്നത്തെ നാര്‍കോ അനാലിസിസ്. പ്രത്യേക ഡോസില്‍ മയക്കുമരുന്നു നല്‍കി വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പ്രേരിപ്പിക്കുക എന്നതായിരുന്നു കെ ജി ബിയുടെ തന്ത്രം. കെ ജി ബി അംഗങ്ങളാരെങ്കിലും അമേരിക്കക്ക് വിവരങ്ങള്‍ കൈമാറിയിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് പ്രധാനമായും ഈ രീതി ഉപയോഗിച്ചിരുന്നത്. മയക്കുമരുന്ന് ഉണ്ടാക്കുന്ന ശാരിരിക അസ്വസ്ഥതകള്‍ ഏറെയാണ്. ചിലര്‍ ഛര്‍ദിക്കും. ചിലര്‍ മലമൂത്ര വിസര്‍ജനം നടത്തും. ഹൃദ്രോഗം പോലുള്ള രോഗങ്ങള്‍ ബാധിച്ചവരാണെങ്കില്‍ മരണം വരെ സംഭവിക്കാം. ഏറെക്കുറെ ഇതു തന്നെയാണ് ഇപ്പോഴത്തെ നാര്‍കോ അനാലിസിസിലും ചെയ്യുന്നത്. പരിശോധനയെ അതിജീവിക്കാന്‍ ശാരീരിക ശേഷിയുണ്ടെന്ന് ഉറപ്പ് വരുത്തുന്നുവെന്ന വ്യത്യാസം മാത്രം.
മയക്കുമരുന്നിന്റെ ആഘാതത്തില്‍ സിസ്റ്റര്‍ സെഫിയും ഫാദര്‍ പൂതൃക്കയിലും ശാരീരിക അസ്വസ്ഥതകള്‍ അനുഭവിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇടക്ക് സെഫിക്ക് ശ്വസനസഹായി നല്‍കുന്നതും ദൃശ്യത്തിലുണ്ട്. മൂന്നാം മുറ പോലെ തന്നെയാണ് നാര്‍കോ പരിശോധനയുമെന്ന് സി ഡികള്‍ പുറത്തുവിടുന്നതിലൂടെ വ്യക്തമാക്കാന്‍ പ്രതിഭാഗത്തിന് സാധിക്കും. കോടതി വിചാരണയെയോ ശിക്ഷയെയോ അപേക്ഷിച്ച് സഭക്കും പുരോഹിതര്‍ക്കും പ്രശ്‌നം വിശ്വാസിസമൂഹത്തോട് മറുപടി പറയുക എന്നതാണ്. ഇത്രയും കൊടിയ പീഡനത്തിനിരയാവുന്ന ആള്‍ എന്തും സമ്മതിച്ചുപോകുമെന്ന് വിശ്വാസികള്‍ക്കു മുമ്പാകെ വാദിക്കാന്‍ സഭക്ക് കഴിയും. നാളെ നാര്‍കോ റിപ്പോര്‍ട്ട് തെളിവായി സ്വീകരിച്ച് കോടതി ഇവരെ കുറ്റക്കാരെന്ന് വിധിച്ചാല്‍ ക്രൂരമായ പീഡനത്തിന്റെ തെളിവുകള്‍ ചൂണ്ടിക്കാട്ടി കോടതി വിധിയെ വിമര്‍ശിച്ച് വിശ്വാസികളുടെ പിന്തുണ ഉറപ്പാക്കാന്‍ സഭാ നേതൃത്വത്തിന് സാധിച്ചേക്കും.
രണ്ടോ മൂന്നോ സ്വാശ്രയ സ്ഥാപനങ്ങളുടെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നപ്പോള്‍ രണ്ടാം വിമോചന സമരത്തിന് ആഹ്വാനം ചെയ്‌ത സഭാ നേതൃത്വമാണ് ഇവിടെയുള്ളത്. അവരുടെ മുന്നിലേക്കാണ് രണ്ട് പുരോഹിതന്‍മാരെയും ഒരു കന്യാസ്‌ത്രീയെയും ഇത്തരത്തില്‍ പരിശോധനക്ക് വിധേയരാക്കുന്നതിന്റെ ദൃശ്യങ്ങള്‍ എത്തിയത്. മറ്റൊരു കേസിലായിരുന്നുവെങ്കില്‍ ന്യൂനപക്ഷ പീഡനത്തിന്റെയും മനുഷ്യാവകാശ ലംഘനത്തിന്റെയും പേരില്‍ ഒരു കുരിശ് യുദ്ധത്തിന് തന്നെ സഭ ആഹ്വാനം ചെയ്യുമായിരുന്നു. ഇത്രയും പ്രകോപനപരമായ ദൃശ്യങ്ങള്‍ മണിക്കൂറുകളോളം ചാനലുകളില്‍ കിടന്ന് കളിച്ചിട്ടും സഭാ നേതൃത്വം കാര്യമായി പ്രതികരിച്ചില്ലെന്നത് ശ്രദ്ധേയമാണ്. ഈ ദൃശ്യങ്ങള്‍ പുറത്തുവരണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നില്ലേ?
കൈമാറിയത് സര്‍ക്കാറാണെങ്കില്‍
സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള സി ഡിറ്റില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നത് എന്ന് ആരോപണമുണ്ട്. എഡിറ്റിംഗ് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സി ഡികള്‍ ഹൈക്കോടതി കൈമാറിയത് സി ഡിറ്റിനായിരുന്നു. പോള്‍ വധവും ഗുണ്ടാ വിവാദവും കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കുമ്പോള്‍ വിഷയം മാറ്റാന്‍ സി ഡി ചോര്‍ത്തി നല്‍കി എന്ന വാദം തള്ളിക്കളയാനാവില്ല. വസ്‌തുതകള്‍ പിന്നില്‍ നില്‍ക്കുകയും വിവാദങ്ങള്‍ മുന്നില്‍ നില്‍ക്കുകയും ചെയ്യുന്ന കാലത്ത് അതേ തന്ത്രം സര്‍ക്കാറും പ്രയോഗിച്ചിരിക്കാം. ഒരു വിവാദത്തെ മറികടക്കാന്‍ കൂടുതല്‍ ശക്തമായ മറ്റൊരു വിവാദം ഉയര്‍ത്തി വിടുക എന്ന തന്ത്രം.
എന്തായാലും നാള്‍ക്കുനാള്‍ സങ്കീര്‍ണമായി വികസിക്കുകയാണ് അഭയ കേസ്. നഷ്‌ടങ്ങള്‍ ഒരു കുടുംബത്തിന് മാത്രം. പുതിയ സങ്കീര്‍ണതകള്‍ വരുംകാലത്ത് രൂപപ്പെട്ടേക്കാം. അപ്പോഴും നഷ്‌ടം ഈ കുടുംബത്തില്‍ ഒതുങ്ങി നില്‍ക്കും.
കേരളത്തിലെ രണ്ടു കോർപ്പററ്റ് സ്ഥപനങ്ഗ്നളായ സഭയും, സിപീമ്മും സി.ബി.ഐ കേസുകളുമായി മല്ലീട്ട് പല്ലിട കുത്തി മണപ്പിക്കുകയാണു. രണ്ടു സ്ഥാപങ്ങളുടെയുംജനവിശ്വശത്തകർച്ചക്കു അഭയയും ലവലിനും നൽകിയ പങ്കു ചില്ലറയല്ല. പുതിയ സിദ്ധാന്തങ്ങളുമായി സഭയും സഭാപത്രങ്ങളും കടന്നുവരുമ്പോൾ കൂടുതൽ സംശയങ്ങൾ ബലപ്പെടുന്നുമുണ്ട്. കട്ടതിനേക്കാൾ വലുത് ഉള്ളിലുണ്ടോ എന്ന സംശയം. മാധ്യമ ഭാഷ്യം വിശ്വസിക്കമെങ്കിൽ കേട്ടലറക്കുന്ന പല അഡേൾട്ട് സീനുകളും സ്വയം എഡിറ്റ് ചെയ്തിട്ടണത്രെ അവർ സംപ്പ്രേക്ഷണം ചെയ്തത്. സമ്പ്രേക്ഷണം നിർത്തിവെചെങ്കിലും നെറ്റിൽ അതിപ്പോൾ സൂപ്പർ ഹിറ്റായി ഓടികൊണ്ടിരിക്കുന്നു.
ReplyDeleteവിഗ്രഹങ്ങൾ സ്വയം തകരുകയാണു. അവരുടെ തന്നെ ചെയ്തികൾ കൊണ്ടു..
അന്വേഷണ ഏജന്‍സികളിലും മറ്റ് ഗവണ്മെന്റ് തലത്തിലും സഭക്കുള്ള സ്വാധീനം പകല്‍ പോലെ വ്യക്തമാണ്. തീവ്രവാദ കേസുകളില്‍ നാര്‍ക്കോ പരിശോധന നടത്തി ഒന്നും ആലോഴികാതെ യുവാക്കളെ ജയിലിലേക്ക് അയക്കുന്ന നീതി പീഠനത്തിനും മറ്റുള്ളവര്‍ക്കും ഈ തെളിവുകള്‍ ഒന്നും ചിലപ്പോള്‍ മതിയാവണമെന്നില്ല.എന്നും സംശയത്തിന്റെ മുനയില്‍ നിര്‍ത്തപ്പെട്ട സിബിഐ എന്ന ഏജന്‍സിയാണെങ്കില്‍ പ്രത്യേകിച്ചും. സിബിഐ ചിത്രങ്ങളീല്‍ ബ്രാഹ് മണനായ മമ്മൂട്ടി സിബി ഐ അല്ലാതെ വേറെ ഏത് സിബി ഐ യാണ് ഇവിടെ പ്രമാദമായ കേസ് തെളിയിച്ചിട്ടൂള്ളത്.
ReplyDeleteസര്‍ക്കാറുകളുടെ ചാവേര്‍ പടായാണ് സി ബി ഐ എന്ന് പണ്ടേ ഉള്ള പരാതിയാണ്. ഹര്‍ഷദ് മേത്ത കോഴക്കേസും എല്ലാം അതിന് ഉദാഹരണാങ്ങളാണ്.
നമ്മുടെ നിയമം ആരെയും ശിക്ഷിക്കുവാന്‍ പോകുന്നില്ല.അതിനായി ആരും മനപായസം ഉണ്ണുകയും വേണ്ട.എന്തിനും ഏതിനും തെളിവുകളെ മാത്രം ആശ്രയിക്കുന്ന നമ്മുടെ കോടതികള്‍ക്ക് ഒരിക്കലും ആരെയും ശിക്ഷിപ്പിക്കാന്‍ കഴിയില്ല.പിന്നെ വര്‍ഷങളോളം ഇട്ട് കോടതിവാരാന്ത നിരങിപ്പിക്കാന്‍ മാത്രം കഴിയുന്ന നിയമം.ഇനി ഒരു 17 വര്‍ഷം കൂടി അഭയകേസു നടക്കും.എന്നിട്ട് ഇപ്പോഴത്തെ പ്രതികള്‍ എന്നു പറയുന്നവരെ വിശുദ്ധരാക്കുകയും ചെയ്യും. തന്റെ മരണം ഉറപ്പിക്കുവാന്‍ വേണ്ടി ഈ കോടതികളും സഭയും മനുഷ്യാവകാശപ്രവര്‍ത്തകരുമെല്ലാം കൂടി ഊണും ഉറക്കവുമുപേക്ഷിക്കുന്നത് കണ്ട് അഭയയുടെ ആത്മാവ് പോലും ഇപ്പോള്‍ സഹിക്കുന്നുണ്ടാവില്ല.
ReplyDelete