2009-09-09

എന്തരോ മഹാനുഭാവലു!


താജ്‌ ഹോട്ടല്‍ ഗ്രൂപ്പ്‌

ഇന്ത്യയിലെ ഒന്നാം നമ്പര്‍ വ്യവസായികളായ ടാറ്റ ഗ്രൂപ്പിന്റെ സ്വന്തം. പഞ്ച നക്ഷത്ര സൗകര്യങ്ങള്‍ മാത്രം പ്രദാനം ചെയ്യുന്ന ഹോട്ടല്‍ ശൃംഖല. മുംബൈയില്‍ ഭീകരരുടെ ആക്രമണത്തിന്‌ ഇരയായതില്‍ പ്രധാനം ഈ ശൃംഖലയില്‍പ്പെട്ട ഹോട്ടലായിരുന്നു. ഉടമസ്ഥരായ ടാറ്റ ഗ്രൂപ്പിന്‌ മറ്റ്‌ നിരവധി വ്യവസായങ്ങളുണ്ട്‌. വാഹന നിര്‍മാണം, വിവര സാങ്കേതിക വിദ്യാ കമ്പനി, തേയിലത്തോട്ടങ്ങള്‍, തേയില സംസ്‌കരണത്തിനും വിതരണത്തിനുമുള്ള ശൃംഖല, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി ടാറ്റ കൈവെക്കാത്ത മേഖലകള്‍ അപൂര്‍വം. മിസൈലുകള്‍ അടക്കം പ്രതിരോധ സാമഗ്രികള്‍ നിര്‍മിക്കാന്‍ ഇസ്‌റാഈല്‍ കമ്പനിയായ എയ്‌റോസ്‌പേസ്‌ ഇന്‍ഡസ്‌ട്രീസുമായി ടാറ്റ അഡ്‌വാന്‍സ്‌ഡ്‌ സിസ്റ്റംസ്‌ കരാറുണ്ടാക്കിയത്‌ ഏതാനും മാസം മുമ്പ്‌ മാത്രം.


ഐ ടി സി മയൂര


ബ്രിട്ടീഷ്‌ ടുബാകോ എന്ന പേരില്‍ തുടങ്ങി ഇന്ത്യന്‍ ടുബാകോയായി രൂപാന്തരം പ്രാപിച്ച കമ്പനിയുടെ സ്വന്തമാണ്‌. ഗോള്‍ഡ്‌ ഫ്‌ളേക്ക്‌ മുതല്‍ ബര്‍ക്‌ലി വരെയുള്ള സിഗരറ്റുകള്‍ വിപണിയിലെത്തിക്കുന്ന കമ്പനിയാണിത്‌. പേപ്പര്‍ ബോര്‍ഡ്‌ നിര്‍മാണം, കാര്‍ഷികോത്‌പന്നങ്ങളുടെ സംസ്‌കരണം, ബ്രാന്‍ഡഡ്‌ ഉത്‌പന്നങ്ങളുടെ വിതരണം, എളുപ്പത്തില്‍ ചെലവാകുന്ന ഉപഭോക്തൃ വസ്‌തുക്കളുടെ നിര്‍മാണം എന്നിവയിലെല്ലാം ഇവര്‍ക്ക്‌ സ്ഥാപനങ്ങളുണ്ട്‌. വിവര സാങ്കേതിക വിദ്യാ കമ്പനിയും നടത്തുന്നു.


ടാറ്റ ഗ്രൂപ്പിന്റെ അറ്റാദായം ആയിരക്കണക്കിന്‌ കോടിയാണ്‌. ഐ ടി സി ഗ്രൂപ്പിന്റെ 2008ലെ അറ്റാദായം 475 കോടി ഡോളറാണ്‌. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്‌ എം കൃഷ്‌ണയും സഹമന്ത്രി ശശി തരൂരും നാലു മാസത്തോളമായി താമസിച്ചിരുന്ന ഹോട്ടലുകളാണ്‌ മേല്‍പ്പറഞ്ഞ താജും മയൂരയും. അവയുടെ ഉടമസ്ഥരായ ഗ്രൂപ്പുകള്‍ എത്രത്തോളം വലുതാണെന്ന്‌ സൂചിപ്പിക്കാനാണ്‌ ഇത്രയും വിവരിച്ചത്‌. കൃഷ്‌ണ താമസിച്ചത്‌ ഡല്‍ഹിയിലെ ഐ ടി സി മയൂര ഹോട്ടലിന്റെ പതിനാറാം നിലയിലെ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിലാണ്‌. ബില്‍ ക്ലിന്റണും ജോര്‍ജ്‌ ബുഷും ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ താമസിച്ച അതേ സ്യൂട്ട്‌. പ്രതിദിന വാടക ഒരു ലക്ഷത്തിലേറെ വരും. തരൂര്‍ താമസിച്ച താജ്‌ ഹോട്ടലിലെ മുറിക്ക്‌ പ്രതിദിനം അമ്പതിനായിരം രൂപയാണ്‌ വാടക.


രാജ്യം ഗുരുതരമായ വരള്‍ച്ച നേരിടുകയും കര്‍ഷകരും ഗ്രാമവാസികളും കടുത്ത ദുരിതം പേറുകയും ചെയ്യുന്ന സാഹചര്യത്തില്‍ കേന്ദ്ര മന്ത്രിസഭയിലെ രണ്ട്‌ അംഗങ്ങള്‍ പഞ്ചനക്ഷത്ര സൗകര്യത്തില്‍ താമസിക്കുന്നത്‌ വിമര്‍ശത്തിന്‌ കാരണമായി. ഇതേത്തുടര്‍ന്ന്‌ ഇരുവരോടും താമസം മാറ്റാന്‍ ധനമന്ത്രി പ്രണാബ്‌ മുഖര്‍ജി നിര്‍ദേശം നല്‍കിയതോടെയാണ്‌ ഇത്‌ വാര്‍ത്തയാകുന്നത്‌. സ്വന്തം കീശയില്‍ നിന്ന്‌ പണം കൊടുത്താണ്‌ പഞ്ചനക്ഷത്ര സൗകര്യത്തില്‍ താമസിച്ചതെന്ന്‌ കൃഷ്‌ണയും തരൂരും വ്യക്തമാക്കിയിട്ടുണ്ട്‌. ഇതിനുള്ള സാമ്പത്തിക ശേഷി ഇരുവര്‍ക്കുമുണ്ടെന്ന്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ ഇവര്‍ സമര്‍പ്പിച്ച സ്വത്ത്‌ വിവരത്തില്‍ നിന്ന്‌ മനസ്സിലാക്കാം. കൃഷ്‌ണ പതിനെട്ട്‌ കോടിയുടെ സ്വത്താണ്‌ കമ്മീഷന്‍ മുമ്പാകെ വെളിപ്പെടുത്തിയത്‌. തരൂര്‍ 15 കോടിയുടെതും.


ക്ലിന്റനെയും ബുഷിനെയും പോലുള്ള ആളുകള്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ താമസിപ്പിക്കുന്ന ഹോട്ടല്‍ മുറിയില്‍ സ്വന്തം കീശയില്‍ നിന്ന്‌ പണം നല്‍കി നാല്‌ മാസത്തോളം താമസിക്കാന്‍ നമ്മുടെ നേതാക്കള്‍ക്ക്‌ ശേഷിയുണ്ടാകുന്നു എന്നത്‌ സന്തോഷം നല്‍കുന്ന കാര്യം തന്നെ. കാരണം ഇത്രയും പണം സ്വന്തം കീശയില്‍ നിന്ന്‌ ചെലവഴിക്കാന്‍ ശേഷിയുള്ളവര്‍ മറ്റ്‌ അഴിമതികള്‍ക്ക്‌ നില്‍ക്കാനുള്ള സാധ്യത കുറവാണ്‌. എം പി എന്ന നിലയിലും കേന്ദ്ര മന്ത്രി എന്ന നിലയിലും ജനങ്ങളെ സേവിക്കാന്‍ സ്വന്തം പണം ചെലവഴിച്ച്‌ ഡല്‍ഹിയില്‍ താമസിച്ചതിനെ മഹാമനസ്‌കതയായും വിലയിരുത്താം!


ഇതൊക്കെയാണെങ്കിലും ചില പൊരുത്തക്കേടുകള്‍ കാണാതെ വയ്യ. എം പിമാര്‍ക്കും മന്ത്രിമാര്‍ക്കും താമസിക്കാന്‍ ഫ്‌ളാറ്റുകളും ബംഗ്‌ളാവുകളുമായി സൗകര്യങ്ങള്‍ ഏറെയുണ്ട്‌ ഡല്‍ഹിയില്‍. ആദ്യവട്ടം എം പിയാവുന്നവര്‍ക്കാണ്‌ ഫ്‌ളാറ്റ്‌. തുടര്‍ച്ചയായി നാല്‌ തവണ എം പിയായാല്‍ ബംഗ്ലാവിന്‌ അര്‍ഹതയാകും. ജനപ്രതിനിധികള്‍ക്ക്‌ മാത്രമല്ല, ദേശീയ അംഗീകാരമുള്ള പാര്‍ട്ടികളുടെ നേതാക്കള്‍ക്ക്‌ താമസിക്കാന്‍ വരെ സര്‍ക്കാര്‍ ബംഗ്ലാവ്‌ അനുവദിക്കുന്നുണ്ട്‌. പാര്‍ലിമെന്റില്‍ പ്രാതിനിധ്യമുള്ള പാര്‍ട്ടികള്‍ക്ക്‌ അംഗബലം അനുസരിച്ച്‌ പാര്‍ലിമെന്റ്‌ കെട്ടിടത്തില്‍ ഓഫീസും അനുവദിക്കുന്നു. ഇത്രയുമൊക്കെ സൗകര്യമുണ്ടായിട്ടും ഈ രണ്ട്‌ മന്ത്രിമാര്‍ക്ക്‌ ഒരിടം ലഭിച്ചില്ല എന്ന്‌ പറഞ്ഞാല്‍ വിശ്വസിക്കുക പ്രയാസം.


എസ്‌ എം കൃഷ്‌ണ രാജ്യസഭാംഗമായി ഡല്‍ഹിയിലെത്തിയപ്പോള്‍ തന്നെ ബംഗ്ലാവ്‌ അനുവദിച്ചു. വിദേശകാര്യ മന്ത്രിയായിരിക്കെ നട്‌വര്‍ സിംഗ്‌ താമസിച്ചിരുന്ന ഈ ബംഗ്ലാവ്‌ അദ്ദേഹത്തിന്‌ പിടിച്ചില്ല. അറ്റകുറ്റപ്പണി ചെയ്യാന്‍ നിര്‍ദേശിക്കുകയാണ്‌ ചെയ്‌തത്‌. കൃഷ്‌ണ വിദേശകാര്യ മന്ത്രിയായപ്പോള്‍ മറ്റൊരു ബംഗ്ലാവ്‌ അനുവദിച്ചു. അതും അറ്റകുറ്റപ്പണി ചെയ്‌ത ശേഷമേ താമസിക്കാനാവൂ എന്ന്‌ പറഞ്ഞാണ്‌ അദ്ദേഹം ഐ ടി സി മയൂരയിലെ ലക്ഷം വാടകയുള്ള സ്യൂട്ടിലേക്ക്‌ മാറിയത്‌. ശശി തരൂരിന്‌ അനുവദിച്ച ബംഗ്ലാവിലും അറ്റകുറ്റപ്പണി നടക്കുകയാണ്‌.
രണ്ട്‌ കേന്ദ്രമന്ത്രിമാര്‍, അതും വിദേശകാര്യം പോലെ സുപ്രധാന വകുപ്പ്‌ കൈകാര്യം ചെയ്യുന്നവര്‍, അവര്‍ക്കുള്ള ബംഗ്ലാവിന്റെ അറ്റകുറ്റപ്പണി മൂന്നുമാസമായിട്ടും പൂര്‍ത്തിയായിട്ടില്ല എന്ന്‌ പറഞ്ഞാല്‍ ഇന്ത്യയിലെ സാധാരണ വോട്ടര്‍ക്ക്‌ ദഹിക്കാന്‍ പ്രയാസമാണ്‌. അധികാരത്തിന്റെ ബലത്തില്‍ എന്തും നൊടിയിടകൊണ്ട്‌ സാധിക്കുന്ന രാജ്യമാണിത്‌. അതിന്‌ ഉദാഹരണങ്ങള്‍ നിരവധിയുണ്ടുതാനും. എന്നിട്ടും കൃഷ്‌ണക്കും തരൂരിനും മാത്രം അത്‌ സാധിച്ചില്ല. ഇതേ സര്‍ക്കാര്‍ തന്നെയാണ്‌ റെയില്‍വേ മന്ത്രിയായിട്ടും എം പി ഫ്‌ളാറ്റില്‍ തുടരാന്‍ തീരുമാനിച്ച മമതാ ബാനര്‍ജിയെ നിര്‍ബന്ധിച്ച്‌ ബംഗ്ലാവിലേക്ക്‌ മാറ്റിയത്‌. അപ്പോള്‍ ബംഗ്ലാവുകളില്ലാത്തതോ അതിന്റെ അറ്റകുറ്റപ്പണി തീരാത്തതോ അല്ല പ്രശ്‌നം. വ്യക്തികളുടെ കാഴ്‌ചപ്പാടാണ്‌ പ്രശ്‌നം.


വിദേശ വകുപ്പ്‌ കൈകാര്യം ചെയ്യുന്നവര്‍ക്ക്‌ വിദേശത്തു നിന്നുള്ള ഉന്നതര്‍ സന്ദര്‍ശകരുണ്ടാവും. അവരെ ഉചിതമായ രീതിയില്‍ സ്വീകരിച്ച്‌ സല്‍ക്കരിക്കേണ്ടിവരും. അതിന്‌ വേണ്ട സൗകര്യങ്ങള്‍ താമസിക്കുന്ന സ്ഥലത്ത്‌ ഉണ്ടാകേണ്ടതുമുണ്ട്‌. ഇത്തരം സ്വീകരിക്കലും സന്ദര്‍ശനവുമൊക്കെ നട്‌വര്‍ സിംഗ്‌ വിദേശകാര്യ മന്ത്രിയായിരിക്കുമ്പോഴുമുണ്ടായിട്ടുണ്ട്‌. അതേ ബംഗ്ലാവില്‍ കൃഷ്‌ണ കുറവുകള്‍ കണ്ടപ്പോള്‍ വ്യക്തികളുടെ കാഴ്‌ചപ്പാട്‌ തന്നെയാണ്‌ പ്രശ്‌നമെന്ന്‌ വ്യക്തമാകുന്നു. സ്വന്തം കീശയില്‍ നിന്ന്‌ പണം ചെലവാക്കിയാണ്‌ താമസിച്ചതെന്ന്‌ വ്യക്തമാക്കിയ ശശി തരൂര്‍ കേരള ഹൗസില്‍ താമസിക്കാന്‍ കഴിയാത്തതിന്റെ ബുദ്ധിമുട്ട്‌ തുറന്നു പറഞ്ഞിട്ടുണ്ട്‌. എല്ലാ ദിവസവും വ്യായാമം ചെയ്യണം. അതിന്‌ ജിം നിര്‍ബന്ധമാണ്‌. ആ സൗകര്യമില്ലാത്ത ഒരിടത്ത്‌ താമസിക്കുക എന്നത്‌ ആലോചിക്കാന്‍ പോലും വയ്യ. രാജ്യത്തുള്ളവര്‍ക്കെല്ലാം എല്ലാ ദിവസവും ജിമ്മില്‍ പോയി വ്യായാമം ചെയ്യാന്‍ സൗകര്യമുണ്ടാകുന്ന ഒരു കാലത്തെക്കുറിച്ചാണ്‌ തരൂര്‍ ചിന്തിക്കുന്നത്‌. ഈ ചിന്ത മനസ്സിലുള്ളതുകൊണ്ടാണ്‌ അദ്ദേഹം മുല്ലപ്പള്ളി രാമചന്ദ്രനെപ്പോലെ കേരള ഹൗസില്‍ താമസിക്കാതെ താജ്‌ ഹോട്ടല്‍ തേടിപ്പോയത്‌. നേതാക്കള്‍ മാതൃക കാട്ടേണ്ടവരാണ്‌. വ്യായാമത്തിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട കടമ അവര്‍ക്കുണ്ട്‌. അത്‌ മനസ്സിലാക്കിയ നേതാവാണ്‌ ശശി തരൂര്‍. അതുകൊണ്ടാണ്‌ തിരുവനന്തപുരത്തുകാര്‍ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നല്‍കി അദ്ദേഹത്തെ തിരഞ്ഞെടുത്തത്‌.


സ്വന്തം കീശയില്‍ നിന്ന്‌ വാടക നല്‍കി എന്ന കൃഷ്‌ണയുടെയും തരൂരിന്റെയും അവകാശവാദം വാദത്തിന്‌ വേണ്ടി ഖണ്ഡിച്ച്‌ നോക്കാം. സാധാരണക്കാരായ ആളുകള്‍ ഒരു ഹോട്ടലില്‍ ചെന്ന്‌ മുറിയുണ്ടോ എന്ന്‌ അന്വേഷിച്ച്‌ അതിന്റെ വാടക ചോദിച്ച്‌ താങ്ങാവുന്നതാണോ എന്ന്‌ സ്വയം വിലയിരുത്തി തീരുമാനിച്ചു താമസിക്കുകയാണ്‌ പതിവ്‌. കൃഷ്‌ണയോ തരൂരോ ചെയ്യുക ഇതാവാന്‍ തരമില്ല. അവര്‍ സെക്രട്ടറിമാരെ ചുമതലപ്പെടുത്തും. സെക്രട്ടറിമാര്‍ ഹോട്ടലില്‍ വിളിച്ച്‌ എം പിക്ക്‌ അല്ലെങ്കില്‍ മന്ത്രിക്ക്‌ താമസിക്കാന്‍ മുറി വേണമെന്ന്‌ പറയും. ഭരിക്കുന്ന പാര്‍ട്ടിയുടെ എം പി, അല്ലെങ്കില്‍ മന്ത്രി എന്ന നിലക്ക്‌ ഹോട്ടല്‍ നടത്തിപ്പുകാര്‍ ഏറ്റവും മുന്തിയ സൗകര്യം നല്‍കും. അത്‌ വാടക പ്രതീക്ഷിച്ചിട്ടാണെന്ന്‌ കരുതുന്നത്‌ മൗഢ്യം.


വരും കാലത്ത്‌ ഇവരെക്കൊണ്ട്‌ പല പ്രയോജനവുമുണ്ടാവുമെന്ന്‌ മനസ്സിലാക്കാന്‍ ബുദ്ധിയില്ലാത്തവരല്ല നമ്മുടെ വ്യവസായികള്‍. അതുകൊണ്ട്‌ എത്രകാലം വേണമെങ്കിലും വാടക കൂടാതെ താമസിക്കാനുള്ള സൗകര്യം അവര്‍ നല്‍കും. പാര്‍ട്ടികളുടെ ഫണ്ടിലേക്ക്‌ പ്രതിവര്‍ഷം കോടികള്‍ സംഭാവന ചെയ്യുന്ന ഈ കമ്പനികള്‍ക്ക്‌ വാടകയിനത്തിലുള്ള ഒന്നോ രണ്ടോ കോടികള്‍ വലിയ പ്രശ്‌നമാവില്ല തന്നെ. കേന്ദ്രമന്ത്രി പോലും താമസിക്കാന്‍ ഇഷ്‌ടപ്പെടുന്ന ഹോട്ടലാണ്‌ തങ്ങളുടെത്‌ എന്ന്‌ കാണിച്ച്‌ വേണമെങ്കില്‍ വിദേശത്ത്‌ അവര്‍ പരസ്യവും ചെയ്യും.


താജ്‌ ഹോട്ടല്‍ ശൃംഖല നടത്തുന്ന ടാറ്റയും മയൂര നടത്തന്ന ഐ ടി സിയും ഇന്ത്യയിലും പുറത്തുമായി നടത്തുന്ന വാണിജ്യ, വ്യവസായങ്ങളുടെ ചെറിയ രൂപം തുടക്കത്തില്‍ പരാമര്‍ശിച്ചിരുന്നു. ഈ മേഖലയിലൊക്കെ അധികാരത്തിലിരിക്കുന്നവരുടെ സഹായം ഇവര്‍ക്ക്‌ വേണ്ടിവരും. അപ്പോള്‍ മന്ത്രിസഭയിലുള്ളവരുമായി അടുത്ത ബന്ധം നിലനിര്‍ത്താന്‍ അവര്‍ ശ്രമിക്കും. മിസൈലുകളുള്‍പ്പെടെ പ്രതിരോധ സാമഗ്രികള്‍ നിര്‍മിക്കാന്‍ ഇസ്‌റാഈല്‍ കമ്പനിയുമായി ചേര്‍ന്ന്‌ സംയുക്ത സംരംഭം ആരംഭിക്കുന്ന ടാറ്റക്ക്‌ വിദേശകാര്യ സഹമന്ത്രിയുടെ സഹായം എത്രത്തോളം ഗുണകരമാണെന്ന്‌ അറിയാന്‍ ഏറെയൊന്നും ആലോചിക്കേണ്ടതില്ല. വ്യവസായികള്‍ ആഗ്രഹിക്കുന്ന സഹായം അവരുടെ വളര്‍ച്ച ലക്ഷ്യമിട്ടുള്ളതാണ്‌. അത്തരം സഹായങ്ങള്‍ പലപ്പോഴും ജനങ്ങള്‍ക്ക്‌ ഗുണകരമാകണമെന്നുമില്ല. ചില്ലുമേടകള്‍ അനുവദിക്കുന്നവര്‍ കല്ലുകള്‍ കൈയില്‍ കൊടുക്കുകയും ചെയ്യും. മേടകളുടെ സൗജന്യം അനുഭവിക്കുന്നവര്‍ കല്ലെറിയാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യും.