ഇന്ത്യന്‍ ആണവ പദ്ധതികളുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ഹോമി ജഹാംഗീര്‍ ഭാഭയുടെ നൂറാം ജന്‍മദിനം ആഘോഷിക്കുകയാണ് ഈ മാസം 30ന്. അണുവിഭജനത്തിലൂടെ ഊര്‍ജം സൃഷ്‌ടിക്കുകയും അത് വിനാശം വിതക്കാന്‍ ഉപയോഗിക്കുകയും ചെയ്‌ത അമേരിക്കയും ഈ രംഗത്ത് മുന്നേറിയ സോവിയറ്റ് യൂനിയനടക്കമുള്ള ഏതാനും രാജ്യങ്ങളും തങ്ങളുടെ കണ്ടെത്തലുകള്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന ഒരു കാലത്ത് ഇന്ത്യയെ ഈ മേഖലയില്‍ നയിച്ച അസാമാന്യ പ്രതിഭാശാലിയായിരുന്നു 56-ാം വയസ്സില്‍ ഒരു വിമാനാപകടത്തില്‍ കൊല്ലപ്പെട്ട ഹോമി ജഹാംഗീര്‍ ഭാഭ. ആണവോര്‍ജത്തിന്റെ കാര്യത്തില്‍ ഇന്ത്യ സ്വയം പര്യാപ്‌ത കൈവരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ദീര്‍ഘവീക്ഷണത്തോടെ ചിന്തിച്ച അദ്ദേഹം ആണവായുധത്തിന്റെ കാര്യത്തിലും രാജ്യത്തിന് മേല്‍ക്കൈയുണ്ടാവണമെന്ന് ആഗ്രഹിച്ചിരുന്നു. ഭൂമിക്കു മേല്‍ അശനിപാതം നടത്താനല്ല, മറിച്ച് രാജ്യത്തിന്റെ പ്രതിരോധത്തിന് ഈ ആയുധങ്ങള്‍ അനിവാര്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. 1974ല്‍ പൊഖ്‌റാനില്‍ ഇന്ത്യ ആദ്യത്തെ അണുപരീക്ഷണം നടത്തുന്നത് കാണാന്‍ അദ്ദേഹം ജീവനോടെയുണ്ടായിരുന്നില്ല. പക്ഷേ, ആ പരീക്ഷണത്തിന് ഇന്ത്യയെ പ്രാപ്‌തമാക്കിയത് ഭാഭയുടെ നേതൃത്വത്തില്‍ നടത്തിയ നീക്കങ്ങളായിരുന്നുവെന്നത് തര്‍ക്കമറ്റ സംഗതിയാണ്. ആദ്യത്തെ ആണവായുധ പരീക്ഷണത്തിന് നേതൃത്വം നല്‍കിയ ഡോ. പി കെ അയ്യങ്കാര്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്.
ഈ മാസം മുപ്പതിന് ഭാഭയുടെ നൂറാം ജന്മദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കപ്പെടുന്ന ചടങ്ങുകളില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗു തന്നെ പങ്കെടുത്തേക്കാം. രാജ്യത്തിന്റെ ആണവ ഗവേഷണ മേഖലയെ സ്വന്തം കാലില്‍ നിര്‍ത്താന്‍ ഹോമി ജഹാംഗീര്‍ ഭാഭ നല്‍കിയ സംഭാവനകളെക്കുറിച്ച് അദ്ദേഹം വാചാലനായേക്കാം. പക്ഷേ, ഭാഭയുടെ സ്വപ്‌നങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്‌ത്തിക്കൊണ്ടാണ് താനും തന്റെ ഭരണകൂടവും മുന്നോട്ടുനീങ്ങുന്നത് എന്ന കാര്യം അദ്ദേഹം മറച്ചുവെക്കുമെന്നുറപ്പ്. അമേരിക്കയുമായി സിവിലിയന്‍ ആണവ സഹകരണത്തിനുള്ള കരാറുണ്ടാക്കുന്നതിനുള്ള ധാരണാപത്രത്തില്‍ 2005 ജൂലൈ പതിനെട്ടിന് ഡോ. മന്‍മോഹന്‍ സിംഗ് ഒപ്പുവെച്ചപ്പോള്‍ തുടങ്ങിയ കീഴടങ്ങലുകള്‍ തുടരുകയാണെന്ന സൂചനയാണ് ഡോ. മന്‍മോഹന്‍ സിംഗ് കഴിഞ്ഞ ദിവസവും നല്‍കിയത്. ആണവ ഇന്ധനങ്ങളുടെ ഉത്‌പാദനം പൂര്‍ണമായും തടയുന്ന കരാറില്‍ (ഫിസൈല്‍ മെറ്റീരിയല്‍ കട്ട് ഓഫ് ട്രീറ്റി - എഫ് എം സി ടി) ഇന്ത്യ ഒപ്പിടുന്നത് സംബന്ധിച്ച് ചര്‍ച്ചയാവാമെന്നാണ് മന്‍മോഹന്‍ സിംഗ് വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞമാസം യു എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഐക്യരാഷ്‌ട്രസഭയുടെ പ്രത്യേക രക്ഷാസമിതി യോഗം ആണവായുധ നിര്‍മാര്‍ജനത്തെ സംബന്ധിച്ച സുപ്രധാന പ്രമേയം അംഗീകരിച്ചിരുന്നു. അമേരിക്ക തയ്യാറാക്കിയ പ്രമേയത്തില്‍ ആണവ നിര്‍വ്യാപന കരാര്‍ (എന്‍ പി ടി), സമഗ്ര പരീക്ഷണ നിരോധ കരാര്‍ (സി ടി ബി ടി) എന്നിവ സാര്‍വലൗകികമായി അംഗീകരിക്കേണ്ടതിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഇതിനൊപ്പം എഫ് എം സി ടിയെക്കുറിച്ചും പറഞ്ഞിരുന്നു. എഫ് എം സി ടി പ്രാബല്യത്തിലാക്കുന്നതിനായി അടുത്ത വര്‍ഷം ജനുവരിയില്‍ യു എസ് പ്രസിഡന്റ് ബരാക് ഒബാമ പ്രത്യേക ഉച്ചകോടി വിളിച്ചു ചേര്‍ക്കുമെന്ന് പ്രമേയത്തില്‍ പറയുന്നു. ചൈനയും റഷ്യയും അടക്കമുള്ള വന്‍ശക്തികളെല്ലാം ഈ പ്രമേയത്തെ പിന്തുണച്ചു.
1993ല്‍ ബില്‍ ക്ലിന്റണ്‍ അമേരിക്കന്‍ പ്രസിഡന്റായിരിക്കെ മുന്നോട്ടുവെച്ച എഫ് എം സി ടി വീണ്ടും അന്താരാഷ്‌ട്ര സമൂഹത്തിന്റെ സജീവ ശ്രദ്ധയില്‍ കൊണ്ടുവരികയാണ് ഒബാമ ചെയ്‌തത്. യു എന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയം ഏകകണ്‌ഠമായി അംഗീകരിക്കപ്പെട്ടുവെങ്കിലും ലോക രാജ്യങ്ങളുടെ നേതാക്കളൊന്നും ഇതിനോട് പ്രതികരിച്ച് കണ്ടില്ല. ഒരു പക്ഷേ, മന്‍മോഹന്‍ സിംഗായിരിക്കും ഇക്കാര്യത്തില്‍ പരസ്യ പ്രതികരണം നടത്തുന്ന ആദ്യത്തെ നേതാവ്. വിവേചനരഹിതവും എല്ലാ രാജ്യങ്ങളും അംഗീകരിക്കുന്നതുമായിരിക്കണം കരാറെന്ന ഉപാധി പ്രധാനമന്ത്രി മുന്നോട്ടുവെച്ചിട്ടുണ്ട്. എന്‍ പി ടിയും സി ടി ബി ടിയും വിവേചനപരമായതിനാല്‍ ഒപ്പുവെക്കാനാവില്ലെന്നതാണ് ഇന്ത്യ ദശകങ്ങളായി പിന്തുടരുന്ന നിലപാട്. ഈ സാഹചര്യത്തില്‍ എഫ് എം സി ടി വിവേചനരഹിതമായിരിക്കണമെന്ന ആവശ്യത്തിന് പ്രസക്തി ഏറെയാണ്.
1993ല്‍ അമേരിക്ക മുന്നോട്ടുവെക്കുകയും 1995ല്‍ ഐക്യരാഷ്‌ട്രസഭ പിന്തുണക്കുകയും ചെയ്‌ത എഫ് എം സി ടി നേരത്തെ തന്നെ ഇന്ത്യ ചര്‍ച്ചചെയ്‌തിരുന്നു. എഫ് എം സി ടി പോലെ വിവേചനപരമായ ഒരു ആണവ കരാറിലും ഇന്ത്യ പങ്കാളിയാവില്ലെന്ന് 1997ല്‍ പ്രധാനമന്ത്രിയായിരുന്ന ഐ കെ ഗുജ്‌റാല്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ആണവ പദ്ധതികളെ ദോഷകരമായി ബാധിക്കുമെന്നതിനാലാണ് ഈ നിലപാട് കൈക്കൊള്ളുന്നതെന്ന് അദ്ദേഹം പറയുകയും ചെയ്‌തു. അന്ന് എഫ് എം സി ടിയെ വിവേചപരമായ കരാറായാണ് ഇന്ത്യ കണ്ടിരുന്നത് എന്ന് വ്യക്തം. കരാറില്‍ പില്‍ക്കാലത്ത് മാറ്റമൊന്നും വരുത്തിയിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് എഫ് എം സി ടിയെ സംബന്ധിച്ച് ചര്‍ച്ചയാവാമെന്ന നിലപാട് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ഇപ്പോള്‍ സ്വീകരിച്ചത്.
സിവിലിയന്‍ ആണവ സഹകരണ കരാറിന്റെ ധാരണാ പത്രം ഒപ്പുവെച്ചതിന് ശേഷം ഇന്നോളം മന്‍മോഹന്‍ സിംഗും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറും സ്വീകരിച്ച അമേരിക്കന്‍ അനുകൂല നിലപാടിന്റെ തുടര്‍ച്ചയായി ഈ നിലപാട് മാറ്റത്തെ കാണേണ്ടിവരും.
2005 ജൂലൈ പതിനെട്ടിന് ആണവ കരാറിന്റെ ധാരണാപത്രം ഒപ്പിട്ടതുമുതല്‍ ഇതിനൊപ്പം അമേരിക്ക മുന്നോട്ടുവെക്കുകയോ ഇന്ത്യ സമ്മതിക്കുകയോ ചെയ്‌ത രഹസ്യ ധാരണകളെക്കുറിച്ച് അഭ്യൂഹം ഉയര്‍ന്നിരുന്നു. ആണവ കരാര്‍ ഒപ്പുവെച്ചതിന് ശേഷം അമേരിക്കയില്‍ നടന്ന ഒരു സെമിനാറില്‍ എഫ് എം സി ടി പ്രാബല്യത്തിലാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രിയുടെ പ്രത്യേക ദൂതന്‍ ശ്യാം സരണ്‍ പ്രഖ്യാപിക്കുകയുണ്ടായി. ഈ കരാര്‍ സംബന്ധിച്ച ചര്‍ച്ചയാവാമെന്ന് പ്രധാനമന്ത്രി ഇപ്പോള്‍ പറയുമ്പോള്‍ നാല് വര്‍ഷം മുമ്പ് അംഗീകരിച്ച രഹസ്യ ധാരണകള്‍ പ്രാബല്യത്തിലാക്കപ്പെടുന്നുവെന്ന് മാത്രം ധരിച്ചാല്‍ മതി. അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ക്കും യുദ്ധക്കപ്പലുകള്‍ക്കും ഇന്ത്യയില്‍ നിന്ന് ഇന്ധനം നിറക്കാന്‍ അനുമതി നല്‍കുന്നതും അമേരിക്കന്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ എന്താവശ്യത്തിന് ഉപയോഗിക്കുന്നുവെന്ന് പരിശോധിക്കാന്‍ അവര്‍ക്ക് അനുമതി നല്‍കുന്നതുമായ കരാറുകളില്‍ ഇന്ത്യ അടുത്തിടെ ഒപ്പുവെച്ചിരുന്നു. അതിന് പിറകെയാണ് എഫ് എം സി ടി സംബന്ധിച്ച പ്രസ്‌താവന.
ഇതിനകം സംഭരിച്ച ആണവ ഇന്ധനവും ആയുധങ്ങളും കരാറിന്റെ ഭാഗമല്ലെന്ന് എഫ് എം സി ടി വ്യക്തമായി പറയുന്നുണ്ട്. അതായത് അമേരിക്ക പോലുള്ള വന്‍ശക്തികള്‍ക്ക് ഇതിനകം സംഭരിച്ചുവെച്ച ഇന്ധനമുപയോഗിച്ച് ആണവായുധങ്ങള്‍ നിര്‍മിക്കുന്നത് അനുസ്യൂതം തുടരാനാവുമെന്ന ഉറപ്പ് കരാര്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇന്ത്യയെപ്പോലെ പരിമിതമായ ഇന്ധന ശേഖരം മാത്രമുള്ള രാജ്യങ്ങള്‍ക്ക് ആയുധ മേഖലയില്‍ തുടര്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിന് തടസ്സങ്ങളുണ്ടാവും. ഊര്‍ജാവശ്യം മുന്‍നിര്‍ത്തി ഇന്ത്യ സ്ഥാപിച്ച റിയാക്‌ടറുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ധനം പോലും ഇന്ത്യയുടെ പക്കലില്ല എന്നത് വസ്‌തുതയാണ്. ഈ അവസ്ഥയില്‍ ആയുധാവശ്യത്തിനുള്ള ഗവേഷണം തുടരുന്നതിന് വേണ്ടത്ര ഇന്ധനം രാജ്യത്തിന്റെ പക്കലുണ്ടെന്ന് കരുതാനാവില്ല. ആണവ കരാറിന്റെ ഭാഗമായി റിയാക്‌ടറുകളെ സൈനികം, സൈനികേതരം എന്നിങ്ങനെ വിഭജിക്കുമ്പോള്‍ ആയുധാവശ്യത്തിനുള്ള ഇന്ധനങ്ങളുടെ ഉത്‌പാദനം കൂടുതല്‍ കുറയുകയും ചെയ്യും.
രാജ്യത്തിന്റെ അണ്വായുധ ശേഷി സംബന്ധിച്ച് വലിയ സംശയങ്ങള്‍ അടുത്തിടെ ഉയര്‍ന്നതും കണക്കിലെടുക്കണം. 1998ല്‍ ഇന്ത്യ നടത്തിയ ഹൈഡ്രജന്‍ ബോംബിന്റെ പരീക്ഷണം വിജയമായിരുന്നില്ലെന്നും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും പരസ്യമായി പറഞ്ഞത് ഈ പരീക്ഷണത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ആണവ ശാസ്‌ത്രജ്ഞന്‍ കെ സന്താനമാണ്. സന്താനത്തിന്റെ വാദങ്ങളെ ആണവോര്‍ജ കമ്മീഷനും മറ്റും എതിര്‍ത്തുവെങ്കിലും പരീക്ഷണം വിജയമായിരുന്നു എന്ന് തെളിയിക്കുന്ന രേഖകളൊന്നും അവര്‍ പുറത്തുവിട്ടിട്ടില്ല. ആയുധ നിര്‍മാണത്തിന് സഹായിക്കുന്ന കൂടുതല്‍ സമ്പുഷ്‌ടീകരിക്കപ്പെട്ട ഇന്ധനം ഇന്ത്യ കൂടുതലായി ഉത്‌പാദിപ്പിക്കേണ്ടതിന്റെ ആവശ്യകത കൂടിയാണ് സന്താനത്തിന്റെ വാക്കുകളില്‍ ഉണ്ടായിരുന്നത്. എന്നിട്ടും എഫ് എം സി ടി സംബന്ധിച്ച ചര്‍ച്ചക്ക് തയ്യാറാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുമ്പോള്‍ അമേരിക്കന്‍ സമ്മര്‍ദത്തിന്റെ ചൂട് സുവ്യക്തമാണ്.
എന്‍ പി ടിയിലും സി ടി ബി ടിയിലും ഇന്ത്യ ഒപ്പിടണമെന്നതാണ് അമേരിക്കയുടെ പ്രധാന ആവശ്യം. എന്‍ പി ടിയില്‍ ഒപ്പിടുന്ന കാര്യം 1968ല്‍ ഇന്ത്യന്‍ പാര്‍ലിമെന്റ് ചര്‍ച്ച ചെയ്‌ത് തള്ളിക്കളഞ്ഞതാണ്. ഇക്കാര്യത്തില്‍ നിലപാട് മാറ്റണമെങ്കില്‍ പാര്‍ലിമെന്റില്‍ നിന്ന് അംഗീകാരം വാങ്ങേണ്ടിവരും. ഇന്നത്തെ അംഗസംഖ്യ വെച്ചുനോക്കുമ്പോള്‍ അത് ഏറെക്കുറെ അസാധ്യമാണ്. സി ടി ബി ടിയില്‍ ഒപ്പിടാന്‍ തീരുമാനിക്കുന്നത് രാജ്യത്ത് വലിയ പ്രതികരണത്തിന് കാരണമാവുമെന്ന് മന്‍മോഹന്‍ സിംഗിന് അറിയാം. രാജ്യത്തിന്റെ പരമാധികാരം അടിയറവെച്ചുവെന്ന വലിയ പ്രചാരണമാവും തീവ്രദേശീയതയുടെ വക്താക്കളായ ബി ജെ പി ഉയര്‍ത്തുക. ഈ സാഹചര്യത്തില്‍ എഫ് എം സി ടി എന്ന അമേരിക്കന്‍ നിര്‍ദേശത്തെ പിന്തുണക്കുക മാത്രമാണ് മന്‍മോഹന്‍ സിംഗിന്റെ മുന്നിലുള്ള പോംവഴി. ഇരുരാജ്യങ്ങളും ഒപ്പുവെച്ചുവെങ്കിലും ഇന്ത്യാ - യു എസ് ആണവ കരാര്‍ ഇതുവരെ പ്രാബല്യത്തിലായിട്ടില്ല. അത് പ്രാബല്യത്തിലാക്കുന്നതിനും ആണവ പുനസ്സംസ്‌കരണത്തിന് കടുത്ത ഉപാധികളോടെയെങ്കിലും ഇന്ത്യക്ക് അനുമതി ലഭിക്കുകയും വേണമെങ്കില്‍ ഒബാമ ഭരണകൂടത്തെ പ്രീതിപ്പെടുത്തേണ്ടതുണ്ട്. അതിനുള്ള കുറുക്കുവഴിയാണ് മന്‍മോഹന്‍ സിംഗിന് എഫ് എം സി ടി.
എഫ് എം സി ടി വിവേചനരഹിതമാണെന്ന വാദം പ്രധാനമന്ത്രിയോ ആണവകരാര്‍ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നിരുന്ന പ്രണാബ് മുഖര്‍ജിയോ അടുത്തിടെ മുന്നോട്ടുവെക്കും. ജനുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റ് വിളിക്കുന്ന ഉച്ചകോടിയില്‍ കരാറിന്റെ മേന്‍മയെക്കുറിച്ച് ഇന്ത്യന്‍ പ്രതിനിധികള്‍ വാചാലരാവുകയും ചെയ്യും. സമ്പൂര്‍ണ ആണവായുധ നിരോധമെന്ന ഇന്ത്യന്‍ സങ്കല്‍പ്പത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ് കരാറെന്ന് വിശദീകരിക്കുകയും ചെയ്യും. പക്ഷേ, ഇതെല്ലാം ഒത്തുതീര്‍പ്പുകളുടെയും കീഴടങ്ങലുകളുടെയും പുതിയ അധ്യായങ്ങള്‍ മാത്രമാണ്. ഈ അധ്യായങ്ങളാണ് ഹോമി ജഹാംഗീര്‍ ഭാഭക്ക് മന്‍മോഹനും കൂട്ടരും അര്‍പ്പിക്കുന്ന `ആദരാഞ്‌ജലി'കളും.
No comments:
Post a Comment