2009-10-28

വെള്ളാപ്പള്ളിയുടെ ജിഹാദ്‌, സഭയുടേതും


ലൗ ജിഹാദ്‌ മൂലം ദക്ഷിണ കാനഡ മേഖയില്‍ നിന്ന്‌ ഒരു വര്‍ഷത്തിനിടെ കാണാതായ യുവതികളുടെ എണ്ണം മൂവായിരമാണെന്ന്‌ വിശ്വഹിന്ദു പരിഷത്ത്‌, ബജ്‌രംഗ്‌ ദള്‍, ശ്രീരാമ സേന സംഘടനകള്‍ പറയുന്നു. ഇക്കാലത്തിനിടെ സംസ്ഥാനത്ത്‌ ആകെ കാണാതായ യുവതികളുടെ എണ്ണം 30,000 ആണെന്നും ഇവര്‍ ആരോപിക്കുന്നു. ലൗ ജിഹാദ്‌ പ്രസ്ഥാനത്തിനെതിരെ ബോധവത്‌കരണം നടത്താനാണ്‌ ഇവരുടെ തീരുമാനം.


കേരളത്തില്‍ നിരവധി ഈഴവ യുവതികള്‍ പുതിയ ജിഹാദിന്‌ ഇരയായിട്ടുണ്ടെന്നാണ്‌ വെള്ളാപ്പള്ളി പറയുന്നത്‌. സമ്പന്ന ഈഴവ കുടുംബത്തിലെ യുവതികളെയാണ്‌ ജിഹാദുകാര്‍ ലക്ഷ്യമിടുന്നതെന്ന്‌ അദ്ദേഹം എടുത്തുപറയുന്നുണ്ട്‌. ഇതിനെതിരെ സ്‌കൂളുകളിലും കോളജുകളിലും ബോധവത്‌കരണം നടത്താനാണ്‌ എസ്‌ എന്‍ ഡി പി തീരുമാനം.


കേരള കാത്തലിക്‌ ബിഷപ്‌സ്‌ കൗണ്‍സിലിന്റെ കീഴിലുള്ള `ജാഗ്രത' എന്ന സംഘടന പുറത്തിറക്കിയ കണക്കനുസരിച്ച്‌ 2006 മുതല്‍ 2009 വരെ തിരുവനന്തപുരം ജില്ലയില്‍ 216 പെണ്‍കുട്ടികള്‍ ലൗ ജിഹാദിന്റെ വലയില്‍പ്പെട്ടു. ഇതില്‍ 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ആറു പേരെ മാത്രമാണ്‌ രക്ഷിക്കാനായത്‌. കൊല്ലത്ത്‌ 98 പെണ്‍കുട്ടികളെ നഷ്‌ടപ്പെട്ടു. 34 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. ഏഴ്‌ പെണ്‍കുട്ടികള്‍ മാത്രമാണ്‌ രക്ഷപ്പെട്ടത്‌. ജില്ല തിരിച്ചുള്ള കണക്കുകള്‍ തുടരുന്നു. ഒട്ടാകെ നാലായിരത്തോളം പെണ്‍കുട്ടികള്‍ വലയിലായി എന്നാണ്‌ ജാഗ്രതയുടെ കണക്ക്‌. ലൗ ജിഹാദിനെക്കുറിച്ചുള്ള പരാതികള്‍ അറിയിക്കാന്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ ആരംഭിച്ച ജാഗ്രതക്ക്‌ ഒരു ദിവസം മാത്രം 1,500 വിളികള്‍ എത്തിയെന്ന കണക്കും പുറത്തുവന്നിരുന്നു.


കേരള, കര്‍ണാടക ഹൈക്കോടതികളെ അന്വേഷണത്തിന്‌ ഉത്തരവിടാന്‍ പ്രേരിപ്പിക്കും വിധത്തില്‍ സ്‌തോഭജനകമാണ്‌ ഇപ്പറയുന്ന കണക്കുകള്‍. എന്നാല്‍ കര്‍ണാടക പോലീസ്‌ പറയുന്ന മറ്റൊരു കണക്ക്‌ പരിശോധിക്കണം. 2009 സെപ്‌തംബര്‍ 30ന്‌ അവസാനിച്ച മൂന്നുവര്‍ഷത്തിനിടെ ദക്ഷിണ കാനഡ മേഖലയില്‍ കാണാതായ പെണ്‍കുട്ടികളടക്കം സ്‌ത്രീകളുടെ എണ്ണം 404 ആണെന്ന്‌ പോലീസ്‌ പറയുന്നു. ഇതില്‍ 332 പേരെ കണ്ടെത്തി. 57 പേരെക്കുറിച്ചു വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വിവരം ലഭിക്കാത്തവരില്‍ ഹിന്ദുക്കളും മുസ്‌ലിംകളുമുണ്ട്‌. തങ്ങളുടെ പക്കല്‍ രജിസ്റ്റര്‍ ചെയ്‌ത കേസുകളുടെ അടിസ്ഥാനത്തിലാണ്‌ പോലീസ്‌ കണക്കുണ്ടാക്കുന്നത്‌. രജിസ്റ്റര്‍ ചെയ്യപ്പെടാത്ത കേസുകളുണ്ടാവും. അത്‌ ഒരു ആയിരം എണ്ണം വരുമെന്ന്‌ കരുതുക. എന്നാലും കാണാതായ സ്‌ത്രീകളുടെ എണ്ണം 1404 മാത്രമേ വരൂ.


അപ്പോള്‍ പിന്നെ ശ്രീരാമ സേനയും മറ്റും പറയുന്ന 3000വും 30,000വും എവിടെ നിന്നാണ്‌? ഊതിപ്പെരുപ്പിച്ച കണക്കുകള്‍ പ്രചരിപ്പിക്കുന്നതിന്റെ ഉദ്ദേശ്യം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടൊന്നുമില്ല. ഹിന്ദു സമുദായാംഗങ്ങള്‍ക്കിടയില്‍ മുസ്‌ലിംകളെ സംബന്ധിച്ച അവിശ്വാസം ജനിപ്പിക്കുക. അതിലൂടെ തങ്ങളുടെ വര്‍ഗീയ രാഷ്‌ട്രീയം പൂവണിയിപ്പിക്കുക. ഇനി ഈ സംഘടനകള്‍ പറയുന്നതാണ്‌ ശരിയെങ്കില്‍ കര്‍ണാടകത്തിലെ ബി ജെ പി സര്‍ക്കാറിന്‌ ചെയ്യാവുന്ന ഉചിതമായ കാര്യം സ്‌ത്രീകളെ കാണാതാവുന്നതു സംബന്ധിച്ച അന്വേഷണങ്ങളില്‍ നിന്ന്‌ പോലീസിനെ മാറ്റി നിര്‍ത്തി ഈ സംഘടനകളെ ചുമതലപ്പെടുത്തുക എന്നതാണ്‌.


നൂറിന്റെയും ആയിരത്തിന്റെയും കണക്കു പറയാന്‍ വെള്ളാപ്പള്ളി തയ്യാറായില്ല. സമ്പന്ന ഈഴവ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ കുരുക്കിലാക്കാന്‍ ശ്രമിക്കുന്ന ലൗ ജിഹാദിന്റെ പിടിയില്‍ നിരവധി പെണ്‍കുട്ടികള്‍ പെട്ടുപോയിട്ടുണ്ടെന്ന്‌ മാത്രമേ അദ്ദേഹത്തിന്‌ നിശ്ചയമുള്ളൂ. ബിഷപ്‌സ്‌ കൗണ്‍സില്‍ ജില്ല തിരിച്ചുള്ള കണക്ക്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ആ കണക്കനുസരിച്ചാണെങ്കില്‍ ആര്‍ എസ്‌ എസ്‌ പ്രവര്‍ത്തകര്‍ നടത്തുന്ന ഹൈന്ദവ കേരളം വെബ്‌സൈറ്റും താനെ സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നു പോലീസ്‌ സംശയിക്കുന്ന ജന ജാഗ്രുതി സമിതിയുടെ സൈറ്റും ജന്മഭൂമിയും ഏറെ പിന്നിലായിപ്പോയി. ഇത്രയും കാലം അന്വേഷിച്ചിട്ടും അഞ്ചോ ആറോ കേസുകള്‍ മാത്രമാണ്‌ സൈറ്റുകള്‍ക്കും ജന്മഭൂമിക്കും കണ്ടെത്താനായത്‌. `ജാഗ്രത' പറയുന്നത്‌ അനുസരിച്ചാണെങ്കില്‍ 2006 മുതല്‍ ലൗ ജിഹാദ്‌ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. സംഘ്‌പരിവാറുംഅവരുടെ പ്രസിദ്ധീകരണങ്ങളും പറയുന്നത്‌ ഒരു വര്‍ഷം മുമ്പാണ്‌ ഇത്‌ ആരംഭിച്ചതെന്നും.


മൂന്നു വര്‍ഷം മുമ്പ്‌ ആരംഭിച്ച ലൗ ജിഹാദിനെക്കുറിച്ച്‌ അന്വേഷിച്ച്‌ കാണാതായ പെണ്‍കുട്ടികളെത്ര, രജിസ്റ്റര്‍ ചെയ്‌ത കേസെത്ര, രക്ഷപ്പെട്ട പെണ്‍കുട്ടികളെത്ര എന്ന കണക്ക്‌ പ്രസിദ്ധീകരിക്കാന്‍ തയ്യാറായ കാത്തലിക്‌ ബിഷപ്‌സ്‌ കൗണ്‍സില്‍, എന്തുകൊണ്ട്‌ ഇത്രയും വൈകി എന്നതാണ്‌ അതിശയം. സ്വന്തം സ്ഥാപനങ്ങള്‍ക്കെതിരെ ഒരു കല്ലേറ്‌ വന്നാല്‍ വിമോചന സമരം ഓര്‍മിപ്പിക്കുന്നവരാണ്‌ അവര്‍. എന്നിട്ടും സമുദായത്തിലെ പെണ്‍കുട്ടികളെ മതം മാറ്റി ഭീകരപ്രവര്‍ത്തനത്തിന്‌ നിയോഗിക്കുന്ന ലൗ ജിഹാദ്‌ ശ്രദ്ധയില്‍പ്പെട്ടിട്ടു സഭ ഇത്രയും കാലം ഒന്നും ചെയ്യാതെ ഇരുന്നു! എന്തിനും ഏതിനും ഇടയലേഖനങ്ങളിലൂടെ സമുദായത്തെ സമുദ്ധരിക്കുന്ന ബിഷപ്പുമാര്‍ ഒരു ഇടയലേഖനം പോലും എഴുതിയില്ല! ഇപ്പോള്‍ ലൗ ജിഹാദ്‌ സംബന്ധിച്ച്‌ ഹിന്ദു ഐക്യ വേദി ആരോപണമുന്നയിച്ചപ്പോഴാണോ കാത്തലിക്‌ ബിഷപ്‌സ്‌ കൗണ്‍സിലിന്‌ സമുദായത്തിലെ പെണ്‍കുട്ടികളെക്കുറിച്ച്‌ ചിന്തയുണ്ടായത്‌? അതോ ഈ ആരോപണം സമുദായത്തിനിടയില്‍ സഭാ നേതൃത്വത്തിനുള്ള സ്വാധീനം ഉറപ്പിക്കാനുള്ള ആയുധമാണെന്ന്‌ തിരിച്ചറിഞ്ഞതാണോ?


അഭയ കേസ്‌ വഴിത്തിരിവിലെത്തുകയും മൂന്നു പുരോഹിതര്‍ അറസ്റ്റിലാവുകയും ചെയ്‌തതു സഭക്ക്‌ വലിയ ക്ഷീണമാണുണ്ടാക്കിയത്‌. അറസ്റ്റ്‌ മാത്രമല്ല, പതിനാറു വര്‍ഷത്തോളം ഈ കേസ്‌ മൂടിവെക്കാന്‍ ശ്രമിച്ചതും ഇപ്പോഴും ആരോപണവിധേയരായവര്‍ക്ക്‌ പിന്തുണ നല്‍കുന്നതുമൊക്കെ വിശ്വാസികളില്‍ ന്യൂനപക്ഷത്തിന്റെയെങ്കിലും അപ്രീതിക്ക്‌ കാരണമായിട്ടുണ്ട്‌. ഈ ഘട്ടത്തില്‍ വിശ്വാസി സമൂഹത്തെ ഒന്നിപ്പിച്ച്‌ നിര്‍ത്താനും സഭാ നേതൃത്വത്തിന്റെ അധീശത്വം അരക്കിട്ടുറപ്പിക്കാനും ഇതിലും നല്ലൊരു വിഷയം കിട്ടാനുണ്ടോ? ജാബുവ, ഗ്രഹാം സ്റ്റെയിന്‍സ്‌, കാന്ദമല്‍ തുടങ്ങിയ പേരുകള്‍ ഓര്‍മയിലുണ്ടായിരുന്നെങ്കില്‍ വിശ്വ ഹിന്ദു പരിഷത്തിനൊപ്പം ചേര്‍ന്നു കാത്തലിക്‌ കൗണ്‍സില്‍ ഈ മുറവിളി ഉയര്‍ത്തുമായിരുന്നില്ല.


കെ സി ബി സിയുടെ കണക്കുകള്‍ വിശ്വസിച്ചാല്‍ ഇതു സംബന്ധിച്ച നിരവധി കേസുകള്‍ സംസ്ഥാനത്ത്‌ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്‌. തിരുവന്തപുരത്ത്‌ 26 ഉം കൊല്ലത്ത്‌ 34 ഉം രജിസ്റ്റര്‍ ചെയ്‌തുവെന്നാണ്‌ ഇവരുടെ കണക്ക്‌. ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടും ഒന്നു പോലും വാര്‍ത്തയായില്ല. കേരളത്തില്‍ മാധ്യമങ്ങളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും എണ്ണം തീരെ കുറഞ്ഞുപോയതുകൊണ്ടാവണം ഇത്‌ എന്ന്‌ വിശ്വസിക്കുക. ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടുവെങ്കിലും രക്ഷപ്പെട്ടവരുടെ എണ്ണം കുറവാണ്‌. എന്നിട്ടും ആഭ്യന്തര വകുപ്പിന്റെ കാര്യക്ഷമതയില്ലായ്‌മയെക്കുറിച്ച്‌ ബിഷപ്പുമാര്‍ പരാതി പറഞ്ഞില്ല. ഈ പെണ്‍കുട്ടികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട്‌ ഒരു നിവേദനം പോലും നല്‍കിയതുമില്ല. പോലീസ്‌ കാര്യക്ഷമമായി അന്വേഷിക്കാത്തതിനെച്ചൊല്ലി ഒരു കോടതിയെയും സമീപിച്ചില്ല. ആകെ ചെയ്‌തത്‌ ഒരു ലഘുലേഖ തയ്യാറാക്കി. യേശു ക്രിസ്‌തുവിനെപ്പോലും അതിശയിപ്പിക്കുന്ന സഹനമാതൃക തന്നെ !


വെള്ളാപ്പള്ളിയുടെ കാര്യത്തിലും സ്ഥിതി ഭിന്നമല്ല. എസ്‌ എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ വെള്ളാപ്പള്ളി എത്തുന്നത്‌ പണം ചെലവഴിച്ചാണെന്ന്‌ അദ്ദേഹം പോലും സമ്മതിക്കും. ആ സ്ഥാനത്ത്‌ അദ്ദേഹം തുടരുന്നതും മകന്‍ തുഷാറിനെ പിന്‍ഗാമിയാക്കാന്‍ ശ്രമിക്കുന്നതും പണത്തിന്റെ ബലത്തില്‍ തന്നെ. പണത്തിന്റെ കാര്യത്തില്‍ മോശമല്ലാത്ത ഗോകുലം ഗോപാലനും മുന്‍കാലത്ത്‌ കൂടെ നിന്ന ശ്രീകുമാറും വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ വെള്ളാപ്പള്ളിക്ക്‌ തലവേദനയുണ്ടാവാന്‍ സാധ്യതയുണ്ട്‌. കൂടുതല്‍ പണം വിതറാന്‍ ഗോപാലന്‍ തയ്യാറായാല്‍, അദ്ദേഹത്തിന്റെ രാഷ്‌ട്രീയ, മാധ്യമ ബന്ധങ്ങള്‍ തുണക്കുകയും ചെയ്‌താല്‍, വൈകാതെ യോഗം വെള്ളാപ്പള്ളിക്ക്‌ കൈമോശം വന്നേക്കും. ചുരുങ്ങിയപക്ഷം ഗോപാലന്‍ രൂപവത്‌കരിച്ച സംഘടന വെല്ലുവിളിയായേക്കാം. അപ്പോള്‍ ചെയ്യാവുന്ന കാര്യം സമുദായത്തെ കൂടെ നിര്‍ത്താന്‍ തന്ത്രങ്ങള്‍ മെനയുക എന്നതാണ്‌. അതിന്‌ ലൗ ജിഹാദിനെക്കാള്‍ നല്ല ആയുധമെന്താണുള്ളത്‌?


സ്വന്തം സ്വാധീനവും അധികാരവും ഉറപ്പിച്ചു നിര്‍ത്തുക എന്നത്‌ ഓരോരുത്തരുടെയും താത്‌പര്യമാണ്‌. അതിന്‌ എളുപ്പമാര്‍ഗം ചേരിതിരിവുകള്‍ ഉണ്ടാക്കുകയാണ്‌. ബ്രിട്ടീഷുകാര്‍ ഫലപ്രദമായി നടപ്പാക്കുകയും കോണ്‍ഗ്രസുകാര്‍ മൃദുസ്വഭാവത്തില്‍ പിന്തുടരുകയും ആര്‍ എസ്‌ എസ്‌ പിന്തുണയോടെ ബി ജെ പി തീവ്രമായി പരീക്ഷിക്കുകയും ചെയ്‌ത തന്ത്രം. മുന്‍കാലങ്ങളില്‍ ഉപയോഗിച്ച ആയുധങ്ങളില്‍ ചിലത്‌ ഇപ്പോള്‍ തിരിഞ്ഞുകുത്തുന്നുണ്ട്‌. മലേഗാവ്‌, നാന്ദേഡ്‌, താനെ സ്‌ഫോടനങ്ങളില്‍ ഹൈന്ദവ തീവ്രവാദ സംഘടനകള്‍ക്ക്‌ പങ്കുണ്ടെന്ന സംശയം ബലപ്പെടുന്നു. മഡ്‌ഗാവില്‍ സ്‌ഫോടനം നടത്തിയതും തുടര്‍ സ്‌ഫോടനങ്ങക്ക്‌ ശ്രമിച്ചതും സനാതന്‍ സംസ്ഥാന്‍ പ്രവര്‍ത്തകരാണെന്ന്‌ വ്യക്തമാവുന്നു. സ്‌ഫോടനങ്ങള്‍ക്കെല്ലാം പിന്നില്‍ `ഭീകരര്‍' (മുസ്‌ലിം ഭീകരര്‍ എന്നേ പ്രയോഗിക്കാറുള്ളൂ. അതുകൊണ്ടാണ്‌ നേരത്തെ ഹൈന്ദവ തീവ്രവാദ സംഘടന എന്ന്‌ ഉപയോഗിച്ചത്‌)ആണെന്ന വാദത്തിന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുകയാണ്‌. അപ്പോള്‍ പിന്നെ പുതിയ ആയുധങ്ങള്‍ കണ്ടെത്തേണ്ടിവരും. അത്‌ ലക്ഷ്യം നേടാന്‍ പ്രാപ്‌തമായത്‌ ആവുകയും വേണം. അത്തരം ആയുധങ്ങള്‍ ചിലര്‍ മറ്റാവശ്യങ്ങള്‍ക്ക്‌ പ്രയോജനപ്പെടുത്തിയെന്നും വരും.


ആയുധങ്ങള്‍ തിരഞ്ഞു നടക്കുന്നവര്‍ക്കായി പുതിയ ഒരെണ്ണം മുന്നോട്ടുവെക്കുന്നു- `ക്ലിനിക്കല്‍ ജിഹാദ്‌' . ഇതിന്റെ സ്രോതസ്സ്‌ ജന ജാഗ്രുതി സമിതിയുടെ വെബ്‌ സൈറ്റാണ്‌. കോഴിക്കോട്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജിഹാദി സംഘടനയാണ്‌ ഇതിന്റെ പിന്നിലെന്ന്‌ സൈറ്റ്‌ പറയുന്നു. മെഡിക്കല്‍ കോളജുകളിലും മറ്റും പ്രവര്‍ത്തിക്കുന്ന ചില ഡോക്‌ടര്‍മാരെ സംഘടനയില്‍ അംഗമാക്കിയിട്ടുണ്ട്‌. ഇവര്‍ മുസ്‌ലിംകളല്ലാത്ത രോഗികള്‍ക്ക്‌ തെറ്റായ മരുന്നുകള്‍ കുറിച്ചു നല്‍കും. അല്ലെങ്കില്‍ വിലകൂടിയവ മാത്രം നിര്‍ദേശിക്കും. രണ്ടായാലും ഇതരരെ ഇല്ലായ്‌മ ചെയ്യുക ലക്ഷ്യം. `മതേതര' സമൂഹമായതിനാല്‍ ക്ലിനിക്കല്‍ ജിഹാദ്‌ നടക്കുന്നുവെന്ന മുന്നറിയിപ്പ്‌ വിശ്വാസത്തിലെടുക്കാന്‍ സമയമെടുക്കുമെന്ന്‌ ജനജാഗ്രുതി സമിതി രേഖപ്പെടുത്തുന്നു. എങ്കിലും ജിഹാദി ഡോക്‌ടര്‍ കുറിച്ചുതരുന്ന മരുന്നുകളെക്കുറിച്ച്‌ മുന്‍കരുതലെടുക്കാന്‍ ഹൈന്ദവരോട്‌ അഭ്യര്‍ഥിക്കുന്നു സൈറ്റ്‌.


കളം തയ്യാറായിക്കഴിഞ്ഞു. ഇനി കളി തുടങ്ങിയാല്‍ മതി. കേരളത്തിലെവിടെയെങ്കിലും `അബൂബക്കര്‍' എന്ന ഒരു ഡോക്‌ടറുടെ ചികിത്സയിലുള്ള `കൃഷ്‌ണന്‍' എന്ന രോഗി മരിക്കുകയും ഡോക്‌ടര്‍ മരുന്നു കുറിച്ചതിലെ പിഴവാണ്‌ കാരണമെന്ന്‌ ആരോപണമുയരുകയും മാത്രമേ വേണ്ടൂ. ഹിന്ദു ഏകോപന സമിതിക്ക്‌ ലെറ്റര്‍ പാഡിലെ ഒരു ഷീറ്റ്‌ ചെലവാക്കേണ്ടിവരും. സംഗതി `ക്ലിനിക്കല്‍ ജിഹാദാ'ണെന്ന്‌ പ്രസ്‌താവനയിറക്കാന്‍. ബാക്കി കാര്യങ്ങള്‍ ചാനലുകളും പത്രങ്ങളും നോക്കിക്കൊള്ളും. കേരള കൗമുദി, ജന്മഭൂമി തുടങ്ങിയ പത്രങ്ങളില്‍ വലിയ വാര്‍ത്തകള്‍. കലാകൗമുദിയില്‍ സചിത്ര ഫീച്ചര്‍. സമ്പന്ന ഈഴവ കുടുംബങ്ങളിലെ രോഗികള്‍ക്ക്‌ ആയിരക്കണക്കിന്‌ രൂപയുടെ മരുന്നു കുറിച്ച നിരവധി കേസുകളുണ്ടെന്ന്‌ വെള്ളാപ്പള്ളി ആരോപിക്കും. കാത്തലിക്‌ ബിഷ്‌പ്‌സ്‌ കൗണ്‍സിലിന്‌ ജില്ല തിരിച്ചുള്ള കണക്ക്‌ പ്രസിദ്ധപ്പെടുത്താം. മംഗളം, ശുഭം.