2016-11-21

തൃക്കൈയിലുമുണ്ട് കള്ളപ്പണത്തിന്റെ കറ


മഹാത്മന്‍,
രണ്ടരക്കൊല്ലം മുമ്പ് രാജ്യത്ത് അരങ്ങേറിയ മഹാമഹം അങ്ങ് മറന്നുകാണാന്‍ ഇടയില്ല. അതിന്റെ പരിണാമഗുപ്തിയിലാണല്ലോ അങ്ങ്, പ്രധാനമന്ത്രിപദം ഏറ്റെടുത്തതും താണുവണങ്ങിക്കൊണ്ട് ജനാധിപത്യ ഇന്ത്യയിലെ വലിയ ശ്രീകോവിലിലേക്ക് പ്രവേശിച്ചതും. ആ മഹാമഹത്തിലെ തങ്ങളുടെ പങ്കിന്റെ കണക്ക് ഭാരതീയ ജനതാ പാര്‍ട്ടി 2015 ഡിസംബര്‍ ഒന്നിന് തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചിട്ടുണ്ട്. എഴുന്നൂറ്റിപ്പതിനാല് കോടി ഇരുപത്തിയെട്ട് ലക്ഷത്തി അമ്പത്തിയേഴായിരത്തി എണ്ണൂറ്റിപ്പതിമൂന്ന് രൂപ (7,14,28,57,813). ഏതാണ്ട് അഞ്ഞൂറ് കോടിയിലേറെ രൂപ, ചുരുങ്ങിയ പ്രതിപക്ഷമായ കോണ്‍ഗ്രസും ചെലവിട്ടു. കള്ളപ്പണക്കാര്‍ക്കു വേണ്ടി നിലകൊള്ളുന്നവരെന്ന് താങ്കള്‍ ആക്ഷേപിക്കയാല്‍ കോണ്‍ഗ്രസിന്റെ കണക്കുകളെ നമുക്ക് മറക്കാം.


വരവിന്റെ വിവരങ്ങളുണ്ട്. വന്നത് ഏതൊക്കെ കരങ്ങളില്‍ നിന്നെന്ന് വിശദീകരിച്ചിട്ടില്ലെങ്കിലും. ചെലവിന്റെ വിശദാംശങ്ങളുണ്ട്. വരവും ചെലവുമൊക്കെ ചെക്കായോ ഡ്രാഫ്റ്റായോ മാത്രമാണ്. ആകയാല്‍ കൃത്യതക്ക് കുറവില്ല തന്നെ. മഹാമഹത്തിലെ മുഖ്യ താരം അങ്ങായിരുന്നുവല്ലോ? സഞ്ചരിച്ച കിലോമീറ്ററുകള്‍, പങ്കെടുത്ത റാലികള്‍ എന്നിവയെക്കുറിച്ച് ഭിന്നകണക്കുകള്‍ അന്ന് മുതല്‍ പ്രചരിച്ചിരുന്നു. അല്‍പ്പം കൂട്ടിപ്പറയുക എന്നത് ഇന്ത്യന്‍ യൂനിയനിലെ നിസ്വ ജനങ്ങളുടെ സ്വഭാവമാണ്. ഇല്ലാത്ത കണക്കുകള്‍ പറഞ്ഞും പറഞ്ഞത് ആവര്‍ത്തിച്ച് അതില്‍ സ്വയം വിശ്വസിച്ചും ഇല്ലായ്മകളെ മറക്കുന്ന ജനത ആ സ്വഭാവത്തില്‍ എത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂ. അഞ്ഞൂറോളം റാലികളില്‍ അങ്ങ് പങ്കെടുത്തുവെന്നാണ് ചില കണക്കുകള്‍. മൂന്ന് ലക്ഷത്തിലധികം കിലോമീറ്റര്‍ ആകാശമാര്‍ഗേണ താണ്ടിയെന്നും. 150ലധികം റാലികളില്‍ പങ്കെടുത്തുവെന്നും രണ്ടര ലക്ഷം കിലോമീറ്ററോളം സഞ്ചരിച്ചുവെന്നുമാണ് ഏറ്റവും ചുരുങ്ങിയ കണക്ക്. ഊതിപ്പെരുപ്പിക്കലില്‍ വിശ്വാസമില്ലാത്തതിനാല്‍ 150 റാലികള്‍ എന്ന കണക്കാണ് വസ്തുത എന്ന് ധരിക്കാം.


ഗൗതം അദാനിയുടെ കീഴിലുള്ള കര്‍ണാവതി ഏവിയേഷന്റെ ഇ എം ബി - 135ബി ജെ എംബ്രയര്‍ വിമാനവും ഡി എല്‍ എഫിന്റെ കീഴിലുള്ള അഗസ്ത എ ഡബ്ല്യൂ - 139 ഹെലികോപ്ടറുമാണല്ലോ പറക്കലുകള്‍ക്ക് പ്രധാനമായും അങ്ങുപയോഗിച്ചത്. മറ്റൊരു സ്വകാര്യ കമ്പനിയുടെ ബെല്‍ - 412 കോപ്ടറും ഉപയോഗിച്ചിരുന്നു. കുഞ്ഞുകുട്ടി പരാധീനങ്ങളൊന്നുമില്ലെങ്കിലും ഏതാണ്ടെല്ലാ ദിനവും അങ്ങ് അഹമ്മദാബാദിലെ വീട്ടില്‍ നിന്ന് (ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നുവല്ലോ അന്ന്) യാത്ര തുടങ്ങുകയും തിരികെ അവിടെ എത്തി വിശ്രമിക്കുകയും ചെയ്തിരുന്നുവെന്നാണ് വിവരം. അഹമ്മദാബാദ് വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തിലെ രേഖകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. സ്വന്തം വീട്ടിലെ ശീതളിമയില്‍ വിശ്രമിക്കാനുള്ള അങ്ങയുടെ സ്വാതന്ത്ര്യത്തെ ആരും ചോദ്യംചെയ്യാന്‍ ഇടയില്ല. പ്രത്യേകിച്ച് രാജ്യത്തിന് വേണ്ടി വീടും കുടുംബവും ഉപേക്ഷിച്ചയാളെന്ന നിലയില്‍.


അങ്ങയുടെ പാര്‍ട്ടി, തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ ചെലവ് കണക്ക് ഓടിച്ചൊന്ന് പരിശോധിച്ചതില്‍ കര്‍ണാവതി ഏവിയേഷന്റെ ജെറ്റ് വിമാനമോ ഡി എല്‍ എഫിന്റെ ഹെലിക്കോപ്ടറോ ഉപയോഗിച്ചതായി രേഖയില്ല. സാരഥി എയര്‍വേയ്‌സാണ് അങ്ങുള്‍പ്പെടെ ഏതാണ്ടെല്ലാ നേതാക്കളുടെയും ആകാശ യാത്രകള്‍ ഏര്‍പ്പാട് ചെയ്തിരിക്കുന്നത്. ഒ എസ് എസ് ഏവിയേഷന്‍, ഇ എസ് ഇ സി ഏവിയേഷന്‍ എന്നിത്യാദി സ്വകാര്യ ക്ലിപ്തം കമ്പനികളെയും ആകാശ യാത്രകള്‍ ഏര്‍പ്പാട് ചെയ്യാന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അദാനിയുടെ ജെറ്റും ഡി എല്‍ എഫിന്റെ കോപ്ടറും മേല്‍പ്പറഞ്ഞ കമ്പനികള്‍ പാട്ടത്തിനെടുത്ത് അങ്ങയുടെയും സഹപ്രവര്‍ത്തകരുടെയും യാത്രകള്‍ക്കായി വിനിയോഗിച്ചുവെന്ന് വിശ്വസിക്കുന്നു. ജനം അങ്ങനെയാണ്, നേതാക്കള്‍ പറയുന്നതും അവരുള്‍ക്കൊള്ളുന്ന പാര്‍ട്ടി പറയുന്നതുമൊക്കെ വിശ്വസിക്കും. നേതാക്കളും അവരുള്‍ക്കൊള്ളുന്ന പാര്‍ട്ടിയും ജനത്തെ എത്ര അവിശ്വസിച്ചാലും.


ജെറ്റൊന്നിന് ഒരു മണിക്കൂര്‍ പറക്കാന്‍ മൂന്ന് ലക്ഷം രൂപയാണ് ചെലവ്. താങ്കളായതിനാലും അധികാരത്തിലെത്തുമെന്ന വിശ്വാസം രൂഢമൂലമായതിനാലും പാതി ഡിസ്‌കൗണ്ട് നല്‍കിയെന്ന് കരുതാം. ഹെലിക്കോപ്ടറൊന്നിന് 75,000 രൂപയാണ് മണിക്കൂറിന് ചെലവ്. താങ്കളായതിനാലും പരമാധികാരിയാകുമെന്ന് ഉറപ്പുള്ളതിനാലും മണിക്കൂറൊന്നിനുള്ള ചെലവ് 35,000 രൂപയാക്കി കുറച്ചുവെന്ന് കരുതാം. ആകെ 150 റാലികള്‍. സഞ്ചരിച്ചത് രണ്ടരലക്ഷം കിലോമീറ്ററും. ഈ യാത്രക്കായി എത്ര മണിക്കൂര്‍ വേണ്ടി വന്നിട്ടുണ്ടാകും. മറ്റ് നേതാക്കള്‍ എത്ര മണിക്കൂര്‍ പറന്നിട്ടുണ്ടാകും? എത്ര കുറച്ചാലും ആയിരം കോടി രൂപയെങ്കിലും താങ്കളുടെയും സഹപ്രവര്‍ത്തകരുടെയും യാത്രകള്‍ക്ക് മാത്രം വേണ്ടി വന്നിട്ടുണ്ടാകില്ലേ? എന്നിട്ടല്ലേ ആകെ മൊത്തം ടോട്ടല്‍ 714 കോടി രൂപയുടെ കണക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കി, എല്ലാം ക്ലീനാണെന്ന് അവകാശപ്പെടുന്നത്?


രാജ്യാധികാരം കൈപ്പിടിയിലൊതുക്കാനുള്ള ശ്രമത്തില്‍ അങ്ങും പാര്‍ട്ടിയും ചേര്‍ന്ന് എത്ര കോടി ചെലവിട്ടാലും ജനത്തിന് മനഃക്ലേശമില്ല.  പക്ഷേ, അതിന്റെ യഥാര്‍ഥ കണക്ക് മറച്ചുവെച്ചത്, ഇപ്പോള്‍ ചില്ലറ പ്രയാസമുണ്ടാക്കുന്നുണ്ട്. കണക്കില്‍ക്കൊള്ളാത്ത പണം കള്ളപ്പണമാണെന്നും അതാകെ ഇല്ലാതാക്കുമെന്നുമാണല്ലോ അങ്ങയുടെ മതം. മുമ്പും അതങ്ങനെയായിരുന്നുവെന്ന് ഓര്‍ക്കേണ്ട ബാധ്യത അങ്ങേക്കുണ്ട്. തിരഞ്ഞെടുപ്പ് കണക്കില്‍ ഉള്‍ക്കൊള്ളിക്കാതെ ചെലവിട്ടതൊക്കെ കള്ളപ്പണമാണ്. കണക്കിന് പുറത്ത് പാര്‍ട്ടി ഖജാനയിലേക്ക് സ്വീകരിച്ചതും കള്ളപ്പണമാണ്. അതിന്റെ ബലത്തില്‍ കൂടിയാണ് അധികാരം ആസ്വദിക്കുന്നത്. അതുപോകട്ടെ, നിങ്ങളിങ്ങനെ ചെലവ് കുറച്ചുകാട്ടുമ്പോള്‍, നിങ്ങളില്‍ നിന്ന് പണം പറ്റിയവരൊക്കെ ചെലവ് കുറച്ച് കാട്ടേണ്ടിവരില്ലേ?


ഉദാഹരണത്തിന് സാരഥി എയര്‍വേയ്‌സിന്റെ കാര്യമെടുക്കാം. ആകെ ആകാശയാത്രക്ക് 600 കോടി അവര്‍ക്ക് നല്‍കിയെന്ന് കരുതുക. തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കില്‍ 300 കോടിയേ കാണിച്ചിട്ടുള്ളൂവെന്നും. (ഇത് രണ്ടും ഊഹക്കണക്ക് മാത്രമാണേ) ബാക്കി 300 കോടി സാരഥി എയര്‍വേയ്‌സ് എങ്ങനെ കൈകാര്യം ചെയ്യും? അവരതിന് എങ്ങനെ നികുതിയൊടുക്കും? നിങ്ങള്‍ 600 കോടി തന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ തുക കുറച്ചുകാട്ടിയെന്നും അവര്‍ക്ക് പറയാനാകുമോ? കള്ളപ്പണം ഉപയോഗിക്കുക മാത്രമല്ല, കണക്കില്‍ കൃത്രിമം കാട്ടി കള്ളപ്പണം സൂക്ഷിക്കാന്‍ വിവിധ ഏജന്‍സികളെ പ്രേരിപ്പിക്കുക കൂടിയാണ് താങ്കളും താങ്കളുടെ പാര്‍ട്ടിയും ചെയ്തത്. കള്ളപ്പണം ഉപയോഗിക്കുന്നതിനേക്കാള്‍ വലിയ കുറ്റമാണ്, കണക്കില്‍ കൃത്രിമം കാട്ടി അതുത്പാദിപ്പിക്കാന്‍ പ്രേരിപ്പിക്കല്‍. അത്തരം ക്രിയകളുടെ കറ പുരണ്ട കൈകൊണ്ടാണ് രാജ്യത്തെ കള്ളപ്പണക്കാരെ താങ്കള്‍ നേരിടുന്നത്.


കൈയില്‍ അഞ്ച് നയാപൈസയില്ലാത്ത, രാജ്യത്തിന്റെ മാനത്തിനു നേര്‍ക്ക് വലിയ ചോദ്യചിഹ്നമായി തുടരുന്ന കോടിക്കണക്കിനാളുകളുണ്ട് ഇപ്പോഴും. അത്തരക്കാരെ ഏത് വിധേനയും നിലനിര്‍ത്തുകയും ദാരിദ്ര്യം പുറംലോകത്തെ അറിയിച്ച് മാനക്കേടുണ്ടാക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യുക എന്ന സദുദ്ദേശ്യത്തിലാണ് പലവക സബ്‌സിഡികള്‍ ഭരണകൂടം നല്‍കുന്നത്. അത്തരം സബ്‌സിഡികളൊക്കെ നേരിട്ട് ബേങ്ക് അക്കൗണ്ടുകളിലേക്ക് നല്‍കി, ഉദ്ദിഷ്ടകരങ്ങളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് നയാപൈസ ചെലവില്ലാതെ ബേങ്ക് അക്കൗണ്ടുകള്‍ തുറക്കാനുള്ള ജന്‍ധന്‍ പരിപാടി അമ്പത്തിയാറിഞ്ച് നെഞ്ചളവും അതിന്റെ എത്രയോ ഇരട്ടി മനസ്സു വലിപ്പവുമുള്ള അങ്ങ് ആരംഭിച്ചത്. ആ അക്കൗണ്ടുകള്‍ കള്ളപ്പണം വെളുപ്പിക്കാനായി ഇപ്പോള്‍ ഉപയോഗിക്കുന്നുവെന്നാണ് അങ്ങുള്‍പ്പെടെ ഭരണാധികാരികള്‍ വിശ്വസിക്കുന്നത്, അങ്ങയുടെ പാര്‍ട്ടി നേതാക്കള്‍ പ്രചരിപ്പിക്കുന്നത്. ബി ജെ പി നേതാക്കളുടെ ഭാഷയില്‍ പറഞ്ഞാല്‍, നയാപൈസയുടെ വരുമാനമില്ലാത്ത ദരിദ്രവാസികള്‍, ജന്‍ധന്‍ അക്കൗണ്ടുകളില്‍ 49,000 രൂപ വീതം നിക്ഷേപിച്ച് പണം വെളുപ്പിക്കാനുള്ള കള്ളപ്പണക്കാരുടെ യത്‌നത്തില്‍ പങ്കാളികളാകുന്നു. അമ്പതിനായിരത്തിലധികമായാല്‍ പണം നിക്ഷേപിക്കുന്നതിന് പാന്‍ നമ്പറും മറ്റും നല്‍കണം. അതൊഴിവാക്കാനാണ് 49,000 വീതം നിക്ഷേപിക്കുന്നതെന്നും ബി ജെ പി നേതാക്കള്‍ പറയുന്നു. ആകയാല്‍ സകല ജന്‍ധന്‍ അക്കൗണ്ടുകളും കര്‍ശന നിരീക്ഷണത്തിലാണ്. കള്ളപ്പണത്തിന്റെയും കള്ളപ്പണ സൃഷ്ടിയുടെയും കറ നീക്കിയതിന് ശേഷം പോരെ ജന്‍ധന്‍കാരെ ആക്ഷേപിക്കാന്‍!


ഇതൊക്കെ പോകട്ടെ, കള്ളപ്പണക്കാര്‍ക്കെതിരെ ആരംഭിച്ച കുരിശുയുദ്ധം തുടരുമെന്നും അത് ലക്ഷ്യം കാണുമെന്നും വെക്കുക. ഉത്തര്‍ പ്രദേശിലും പഞ്ചാബിലുമൊക്കെ അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി പ്രചാരണത്തിന് ഇറങ്ങുമ്പോള്‍ കണക്കില്‍പ്പെടാത്ത പണം ഉപയോഗിക്കില്ലെന്ന് ഉറപ്പാക്കാന്‍ അങ്ങേക്ക് സാധിക്കുമോ? തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കുക എന്ന ആശയം ചര്‍ച്ചചെയ്യണമെന്ന് അഭിപ്രായപ്പെട്ടതായി കണ്ടു. അത് നടപ്പാക്കിയാല്‍ തന്നെ, വോട്ടര്‍മാര്‍ക്ക് നേരിട്ട് പണം കൊടുത്ത് സ്വാധീനിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഇല്ലാതാകുമോ? അതില്‍ നിന്ന് അങ്ങയുടെ പാര്‍ട്ടി വിട്ടുനില്‍ക്കുമോ? അതൊന്നും സംഭവിക്കില്ലെന്നിരിക്കെ, 500, 1000 നോട്ടുകള്‍ പിന്‍വലിച്ച, ചരിത്രപരമെന്ന് അങ്ങും പാര്‍ട്ടിയും വിശേഷിപ്പിക്കുന്ന തീരുമാനത്തില്‍ വലിയ കഥയൊന്നുമില്ലെന്ന് തികഞ്ഞ രാജ്യസ്‌നേഹത്തോടെ പറയേണ്ടിവരും. സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍, അതുവഴി രാജ്യത്തെ സംരക്ഷിക്കാന്‍ എന്നൊക്കെയുള്ള പറച്ചിലുകള്‍ ഏറ്റെടുക്കാന്‍ ആളുണ്ടായേക്കും. കുറച്ചുകാലത്തേക്ക് കുറച്ചു പേര്‍. എല്ലാവരെയും എല്ലാ കാലത്തേക്കും പറ്റിക്കാന്‍ അമ്പത്തിയാറിഞ്ച് നെഞ്ചളവും അതിവൈകാരികമായ ശബ്ദഘോഷവും മതിയാകില്ല.


നോട്ട് പിന്‍വലിച്ച തീരുമാനം കാര്‍ഷിക മേഖലയില്‍, ചെറുകിട - ഇടത്തരം വാണിജ്യ - വ്യവസായ മേഖലകളില്‍ ഉണ്ടാക്കുന്ന ആഘാതം ചെറുതാകില്ല. പുതിയ നോട്ടുകള്‍ അച്ചടിച്ച് രാജ്യത്താകെ വിതരണത്തിനെത്തിക്കാന്‍ സമയമെടുക്കും. അഞ്ഞൂറും ആയിരവും പിന്‍വലിക്കുന്നതിന് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് എത്താന്‍ ചുരുങ്ങിയത് നാല് മാസമെങ്കിലും വേണ്ടിവരുമെന്നാണ് ആര്‍ ബി ഐയിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. അതുവരെയുണ്ടാകുന്ന സ്തംഭനം വിവിധ മേഖലകളില്‍ ഉണ്ടാക്കുന്ന ആഘാതം, മൊത്തം ആഭ്യന്തര ഉത്പാദനത്തെ ഇടിക്കുമെന്ന് ഉറപ്പ്. കുറച്ചുകാലത്തേക്ക് ശതമാനക്കണക്കിലുള്ള വളര്‍ച്ചാ നിരക്ക് ഉയര്‍ത്തിക്കാട്ടി, ആവേശം കൊള്ളാന്‍ പോലും സാധിക്കാത്ത സ്ഥിതിയുണ്ടാകും. കാര്‍ഷിക മേഖലയും ചെറുകിട - ഇടത്തരം വാണിജ്യ വ്യവസായ രംഗവും നേരിടുന്ന പ്രതിസന്ധി നിലവില്‍ തന്നെ അങ്ങയുടെ പ്രീതിക്ക് പാത്രമായിരിക്കുന്ന വന്‍കിട കമ്പനികള്‍ക്ക് പുതിയ അവസരങ്ങള്‍ തുറന്ന് നല്‍കിയേക്കും. അവരുടെ പുതിയ വളര്‍ച്ച, കള്ളപ്പണത്തിന്റെ അനുസ്യൂതമായ ഉത്പാദനവും അതിലൊരു പങ്കിന്റെ പാര്‍ട്ടിയിലേക്കുള്ള ഒഴുക്കും ഉറപ്പിക്കുമെന്ന് നിസ്സംശയം പറയാം.


ഇതുമൊരു മഹാമഹമാണ്. ജീവനും സ്വത്തിനും ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍, മറ്റ് മാര്‍ഗങ്ങളിലൂടെ അട്ടിമറിക്കാന്‍ ത്രാണിയുള്ള അധികാരിയാണെന്ന് ജനത്തെ ബോധ്യപ്പെടുത്താനുള്ള മഹാമഹം. ഭരണകൂടത്തിന്റെ തീരുമാനങ്ങള്‍ അനുസരിച്ച്, വരിനില്‍ക്കേണ്ടത് രാജ്യസ്‌നേഹിയുടെ ചുമതലയാണെന്ന ബോധ്യം സൃഷ്ടിച്ചെടുക്കാനാണ് ശ്രമം. അതിലേക്ക് ജനം എത്രത്തോളമെത്തി എന്നുള്ള പരിശോധന കൂടിയാണ് ഈ മഹാമഹം. അതുകൊണ്ട് കൂടിയാണ് നിങ്ങളില്‍ ഭൂരിഭാഗത്തെയും വിശ്വാസത്തിലെടുക്കാനാകില്ലെന്ന് ഭരണകൂടം പറയാതെ പറയുന്നത്.

No comments:

Post a Comment