2016-11-28

പാര്‍ലിമെന്റിലെ പഴംചാക്കല്ല എന്റെ വാക്കുകള്‍!


മൗനം, അതും പ്രതിസന്ധി ഘട്ടങ്ങളില്‍. അതാണ് ശീലം. മൗനത്തിലേ മനനമുണ്ടാകൂ, മനനത്തിനൊടുവിലേ ദര്‍ശനമുണ്ടാകൂ. അതാണ് ഋഷിവര്യന്‍മാര്‍ പഠിപ്പിച്ചത്, പ്രതിസന്ധി ഘട്ടങ്ങളില്‍ മൗനദീക്ഷ അത്രത്തോളം പ്രധാനമാണെന്നും. അതനുഷ്ഠിക്കുകയാണ്, സവിനയം. കടുത്ത തപം അനുഷ്ഠിച്ച്, ഇന്ദ്രിയ നിഗ്രഹം നടത്തിയ മാമുനിമാര്‍ക്ക് പോലും മനമിളകിയിട്ടുണ്ട്. അതുപോലെ ചില ഇളക്കങ്ങള്‍ ഇടക്കിടെയുണ്ടാകും. പ്രത്യേകിച്ച് ആര്‍ക്കുന്ന അനുയായിക്കൂട്ടത്തെ ഉച്ചഭാഷിണിക്ക് മുന്നില്‍ നിന്ന് കാണുമ്പോള്‍. അപ്പോള്‍ ദീക്ഷ മറക്കും. അനുയായിക്കൂട്ടത്തിലൂടെ പ്രതിഫലിക്കുന്നത് രാജ്യത്താകെയുള്ള ജനങ്ങളുടെ സ്‌നേഹവും വിശ്വാസവുമാണെന്ന തെറ്റിദ്ധാരണ കൂടിയാകുമ്പോള്‍  വികാരത്താല്‍ വിക്ഷുബ്ധമാകും. എന്റെ ചെയ്തികളിലെ ശരിയെക്കുറിച്ച് സംസാരിക്കും, കണ്ഠമിടറും. എതിര്‍ക്കുന്നവരുടെ ആത്മാര്‍ഥതയില്‍ കഴമ്പില്ലെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. ക്ഷോഭമടങ്ങുന്നതോടെ ദീക്ഷയെക്കുറിച്ചുള്ള ഓര്‍മയുണരും. മൗനത്തിലേക്ക് മടങ്ങും.


വികാര വിക്ഷോഭത്താലാണെങ്കിലും എല്ലാം ജനങ്ങളോട് നേരിട്ട് പറഞ്ഞതിനാല്‍ പിന്നെയെന്തിന് ജനപ്രതിനിധികളോട് സംസാരിക്കണമെന്നാണ് ചിന്ത. രാജ്യത്ത് ജനം കൈമാറ്റം ചെയ്ത് വിളയാടിയിരുന്ന ആകെ കറന്‍സിയില്‍ 86 ശതമാനവും പിന്‍വലിക്കുകയാണെന്ന് പറഞ്ഞത് ജനങ്ങളോടാണ്. അതേത്തുടര്‍ന്ന് 50 ദിവസം ദുരിതമനുഭവിക്കേണ്ടിവരുമെന്നും പറഞ്ഞത് അവരോടാണ്. അങ്ങനെ എന്തൊക്കെ ദുരിതങ്ങള്‍ ഈ ജനം മുന്‍കാലങ്ങളില്‍ അനുഭവിച്ചിരിക്കുന്നു. ക്ഷാമം, വരള്‍ച്ച, വെള്ളപ്പൊക്കം, ഭൂകമ്പം അങ്ങനെ പലത്. അതിനെയൊക്കെ അതിജയിച്ചവര്‍ക്ക് ഈ 50 ദിവസമോ ദുര്‍ഘടം?


കറന്‍സി ഉലക്കയാക്കി രാജ്യത്തെ പ്രഹരിക്കാന്‍ ശ്രമിക്കുന്ന പുറത്തും അകത്തുമുള്ളവരെ സംഹരിക്കാന്‍ പ്രയോഗിച്ച ബ്രഹ്മാസ്ത്രമാണിത്. രാജ്യമുണ്ടെങ്കിലേ ജനങ്ങളുള്ളൂ, ജനങ്ങളുണ്ടായതുകൊണ്ട് രാജ്യമുണ്ടാകില്ല. അതറിയാവുന്നവരൊക്കെ മുണ്ടുമുറുക്കിയുടുക്കും, വരിനില്‍ക്കും. യുദ്ധത്തിലെ പങ്കാളികളാണവര്‍. വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചവര്‍ക്കെതിരെ, അതിലൂടെ അഴിമതിക്കെതിരെ, കള്ള നോട്ട് ചമച്ച് കമ്പോളത്തിലെത്തിക്കുന്നവര്‍ക്കെതിരെ, അതിലൂടെ രാജ്യത്തെ അരക്ഷിതമാക്കുന്നവര്‍ക്കെതിരെ. ഇതൊക്കെ ഏവര്‍ക്കും മനസ്സിലാകുന്ന കാര്യങ്ങളാണ്, ജനപ്രതിനിധികള്‍ക്ക് വിശേഷിച്ചും. പിന്നെയെന്തിന് അവര്‍ പറയുന്നത് കേള്‍ക്കണം, മറുപടി പറയണം? ഇതിനകം സ്വീകരിച്ച നടപടികള്‍, ഇടക്കിടെ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍, ഏറെക്കഷ്ടമെന്ന് തോന്നിയവര്‍ക്ക് നല്‍കിയ ഇളവുകള്‍ ഒക്കെ രേഖകളായുണ്ട്. അത് വായിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ മടിക്കുന്നവര്‍ക്കേ അനാവശ്യ ചോദ്യങ്ങളുള്ളൂ. അവര്‍ക്കുള്ള മറുമരുന്നിന് മന്ത്രിമാര്‍ തന്നെ ധാരാളം. പുതിയ ദര്‍ശനങ്ങള്‍ക്ക് മൗനവും മനനവും തുടരേണ്ടതുണ്ട്.


അങ്ങനെയുള്ള മൗനമനനങ്ങള്‍ക്കൊടുവിലായിരുന്നു ഈ സ്ഥാനലബ്ധി. പതിമൂന്നാണ്ട് ഭരിച്ച പ്രദേശമാണ് മാതൃകയായി അവതരിപ്പിച്ചത്. അവിടുത്തെ കഥകളാണ് പാടി നടന്നത്. ഏറ്റുപാടിപ്പിച്ചത്. മുഖ്യ സേവകനായി തുടങ്ങി അല്‍പ്പകാലം മാത്രമേ നിയമസഭയില്‍ തുടര്‍ച്ചയായി പോയിരുന്നുള്ളൂ. അക്കാലത്ത് മാത്രമേ അവിടുത്തെ ചര്‍ച്ചകളില്‍ കൗതുകമുണ്ടായിരുന്നുള്ളൂ. കൗതുകമുണ്ടായിരുന്ന കാലത്തേ മറുപടി നല്‍കാന്‍ മെനക്കെട്ടതുമുള്ളൂ. ഒന്നെത്തിനോക്കി മടങ്ങുക എന്നതായിരുന്നു പിന്നീടങ്ങോട്ടത്തെ പതിവ്. തുടര്‍ന്നുള്ള കാര്യങ്ങള്‍ സ്വന്തം മുറിയിലിരുന്ന് ടെലിവിഷനില്‍ കാണും. വേണ്ട സമയത്ത് മന്ത്രിമാരെ വിളിച്ച് നിര്‍ദേശങ്ങള്‍ നല്‍കും. അല്ലെങ്കില്‍ കുറിപ്പ് കൊടുത്തയക്കും. അത്രയൊക്കെ മതിയായിരുന്നു അവിടെ ജനാധിപത്യം പുഷ്‌കലമായി പുലരാന്‍.


അനാവശ്യ ചോദ്യങ്ങള്‍ അന്നേ പൊറുപ്പിച്ചിരുന്നില്ല. ചോദ്യോത്തരവേളയെന്നൊരനാവശ്യം പാര്‍ലിമെന്ററി സമ്പ്രദായത്തിന്റെ ഭാഗമായതുകൊണ്ട് തുടര്‍ന്നോട്ടെ എന്നുവെച്ചു. ചെറിയൊരു പരിഷ്‌കാരം ഏര്‍പ്പെടുത്തിയെന്ന് മാത്രം. സ്വന്തം പക്ഷത്തെ എം എല്‍ എമാരുടെ പക്കലേക്ക് പൊലീസുകാരെ അയക്കും. വെള്ളക്കടലാസില്‍ ഒപ്പിടുവിച്ചു വാങ്ങിക്കും. അതില്‍ സര്‍ക്കാറിന് പ്രയാസം സൃഷ്ടിക്കാനിടയില്ലാത്ത ചോദ്യങ്ങള്‍ രേഖപ്പെടുത്തി നിയമസഭാ സെക്രട്ടേറിയറ്റിന് നല്‍കും. ഈ ചോദ്യങ്ങള്‍ സഭയിലെത്തിയാല്‍ മന്ത്രിമാര്‍ വിശദമായി മറുപടി പറയും. ഉപചോദ്യങ്ങള്‍ അനുവദിക്കുന്നതില്‍ പിശുക്കുകാട്ടാന്‍ സ്പീക്കര്‍ക്ക് നിര്‍ദേശം വേറെ നല്‍കും. ദിവസം എട്ട് ചോദ്യത്തിലപ്പുറം സഭാ തലത്തില്‍ വരില്ലെന്ന് ഉറപ്പാക്കും. ആറ് മാസത്തിലൊരിക്കല്‍ സഭ ചേരണമെന്നതിനാല്‍ ആ കണക്കൊക്കുന്നതിന് തൊട്ടു മുമ്പേ ചേരാറുണ്ടായിരുന്നുള്ളൂ.


പ്രധാനപ്പെട്ട നിയമനിര്‍മാണങ്ങളൊക്കെ സഭയുടെ സമ്മേളനം തീരുന്ന അന്നോ അതിന്റെ തലേന്നോ മാത്രമേ അവതരിപ്പിക്കാറുള്ളൂ. സംഖ്യയില്‍ ചെറുതും ദുര്‍ബലവുമായ പ്രതിപക്ഷത്തെ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇത് ചോദ്യം ചെയ്യും. ഉടന്‍ പ്രതിപക്ഷത്തെയൊന്നാകെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്യും. പിന്നെ ബില്ല് നിയമമാകാന്‍ സെക്കന്‍ഡുകളുടെ ഇടവേളയേ ആവശ്യമായി വരാറുള്ളൂ. ഇതിലപ്പുറം നല്ലൊരു മാതൃക രാജ്യത്തിന് നല്‍കാനുണ്ടോ? നിയമസഭയുടെ സമയം പാഴാകുന്നില്ല. കൂടുതല്‍ ദിവസം സഭ ചേര്‍ന്നാല്‍ അംഗങ്ങള്‍ക്ക് കൂടുതല്‍ ബത്ത നല്‍കണം, മറ്റു ചെലവുകള്‍ പുറമെ. ഇതൊക്കെ ഒഴിവാക്കാനായി. രാജ്യത്തോട് സ്‌നേഹമുള്ളവര്‍ ഇവ്വിധമല്ലാതെ മറ്റെങ്ങനെ പ്രവര്‍ത്തിക്കണം!


തീരുമാനങ്ങള്‍ വേഗമെടുക്കണം, അത്രതന്നെ വേഗത്തില്‍ നടപ്പാക്കുകയും വേണം. നിയമ നിര്‍മാണവും വേഗത്തിലാകണം, അതിന്റെ പ്രയോഗവും. അത് വൈകിപ്പിക്കാന്‍ മാത്രമുള്ള ചര്‍ച്ചകളില്‍ കഴമ്പില്ല തന്നെ.
സംഗതി ജനാധിപത്യ വിരുദ്ധമാണെന്ന് ആക്ഷേപിച്ചവര്‍ അന്നുമുണ്ടായിരുന്നു. തുടര്‍ച്ചയായി മൂന്ന് തവണ, ജനം വലിയ ഭൂരിപക്ഷം നല്‍കി മുഖ്യമന്ത്രിയാക്കിയതിനേക്കാള്‍ വലിയ ജനാധിപത്യമല്ലല്ലോ നിയമസഭയില്‍ അരങ്ങേറുന്നത്. ജനാധിപത്യത്തില്‍ ജനമാണ് വലുത്. അതിന് ശേഷമേ നിയമസഭയും അവിടുത്തെ പ്രതിനിധികളുമൊക്കെ വരൂ. അതാണ് മാതൃക. ആ മാതൃക രാജ്യത്ത് വ്യാപിപ്പിക്കുമെന്നാണ് തെരഞ്ഞെടുപ്പ് റാലികളിലൊക്കെ പറഞ്ഞത്. അതിന് ശ്രമിക്കുമ്പോള്‍ ജനാധിപത്യ ധ്വംസനമെന്നോ ഏകാധിപത്യമെന്നോ ഒക്കെ ആരോപിക്കുന്നവര്‍ക്ക് എന്ത് മറുപടി നല്‍കാന്‍?


മുഖ്യ സേവകനായിരിക്കെ, തിരുവായ്ക്ക് എതിര്‍വായുണ്ടായിരുന്നില്ല സംസ്ഥാനത്തെ പാര്‍ട്ടിക്കുള്ളില്‍. ആകെയുയര്‍ന്ന എതിര്‍ ശബ്ദം, ബുള്ളറ്റേറ്റ് വഴിയരികില്‍ നിത്യനിദ്രകൊണ്ടു. വംശഹത്യാ ശ്രമത്തിലൂടെ, (വ്യാജ) ഏറ്റുമുട്ടല്‍ കൊലകളിലൂടെ ജനത്തെ ഭീതിയുടെ നിഴലില്‍ വിധേയരായി നിര്‍ത്തി. ദേശീയ ഘടകത്തിലെ ചിലര്‍ എതിര്‍വായാകാന്‍ ശ്രമിച്ചുനോക്കി. അതിലൊരാള്‍ ലൈംഗികാപവാദ സി ഡിയില്‍ ഒതുങ്ങി. സി ഡി വിതരണം ചെയ്യാന്‍ സംസ്ഥാന പോലീസിലെ ഉദ്യോഗസ്ഥനെ നിയോഗിച്ചത് പുറത്തുവന്നിട്ട്, അത് ചോദ്യം ചെയ്യാന്‍ പോലും കരുത്തില്ലാതെ മറ്റുള്ളവരും. അവസാനലാപ്പില്‍ വിലങ്ങുതടിയാകാനെത്തിയ ലോഹപുരുഷനെ കാരണവസ്ഥാനത്ത് ആദരിച്ചിരുത്തി, മാര്‍ഗ നിര്‍ദേശ മണ്ഡലത്തില്‍ തളച്ചു. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയായിരുന്നയാളെ അധ്യക്ഷ സ്ഥാനത്തിരുത്തി പാര്‍ട്ടിയെ അടക്കി.


ഇതില്‍ പലതിനേക്കുറിച്ചുമുയര്‍ന്ന ചോദ്യങ്ങള്‍ക്കൊക്കെ മൗനമായിരുന്നു മറുപടി. മനനത്തിലൂടെ ദര്‍ശനങ്ങളുണ്ടായപ്പോള്‍ കാറിനടിയില്‍ പട്ടിക്കുഞ്ഞ് പെട്ടാല്‍ യാത്രക്കാരനെ പഴിക്കുന്നതിലെ പൊരുത്തക്കേട് രാജ്യത്തോട് പറഞ്ഞു. ഗോമാംസത്തിന്റെ പേരില്‍ കൊല നടന്നപ്പോള്‍, പലേടത്തും ആളുകള്‍ മര്‍ദിക്കപ്പെട്ടപ്പോള്‍ ഒക്കെ ദീക്ഷ മൗനമായിരുന്നു. സര്‍വകലാശാലകളില്‍ കുട്ടികള്‍ വേട്ടയാടപ്പെട്ടപ്പോള്‍, അതിലൊരുവന്‍ സ്വയം ജീവനെടുത്ത് പ്രതിഷേധിച്ചപ്പോള്‍ തുടര്‍ന്നു മൗനം. സ്വന്തം പക്ഷത്തെ ജനപ്രതിനിധികളും നേതാക്കളും സമുദായങ്ങള്‍ക്കിടയില്‍ വെറുപ്പ് വളര്‍ത്താന്‍ പാകത്തില്‍ വിഷം വമിപ്പിച്ച് ഓടിനടന്നപ്പോഴും അത് ഭഞ്ജിക്കപ്പെട്ടില്ല. നീണ്ട മനനങ്ങള്‍ ദര്‍ശനങ്ങള്‍ സമ്മാനിച്ചു, സ്വച്ഛ ഭാരത്, മേക് ഇന്‍ ഇന്ത്യ, മാതൃകാ ഗ്രാമം, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ - സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ അങ്ങനെ പലത്.


അതൊക്കെ നടപ്പാക്കിയെടുക്കാനുള്ള പല പരിശ്രമങ്ങളിലൊന്ന് കൂടിയാണ് ഈ നോട്ട് പിന്‍വലിക്കല്‍. അതുവഴി രൂപയുടെ മൂല്യമുയരും (ഡോളറുമായുള്ള വിനിമയത്തില്‍ ഇപ്പോഴത്തെ വീഴ്ച താത്കാലികം മാത്രം!), ബാങ്കുകളുടെ പക്കല്‍ കൂടുതല്‍ പണമുണ്ടാകും, അവരത് കുറഞ്ഞ പലിശക്ക് വായ്പയായി നല്‍കും. പിന്നെയങ്ങോട്ട് രാജ്യത്തിന്റെ പോക്ക് ഒരു പോക്കായിരിക്കും. അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ഡൊണാള്‍ഡ് ട്രംപിനെപ്പോലും അമ്പരപ്പിക്കുന്ന ഒരു പോക്ക്. ആ ഗതിവേഗത്തിനായി കാത്തിരിക്കുക. അതിന് വേണ്ടി അല്‍പ്പകാലം ബാങ്കിനും എ ടി എമ്മിനും മുന്നില്‍ വരി നിന്നാല്‍ എന്താണ് പ്രശ്‌നം? കുറച്ചുപേര്‍ കുഴഞ്ഞു വീണ് മരിച്ചാലെന്ത് നഷ്ടം? പണം കിട്ടുമോ എന്ന അനാവശ്യശങ്കയില്‍ ചിലര്‍ ആത്മഹത്യചെയ്താല്‍ ആര്‍ക്കാണ് കുറ്റം? ശസ്ത്രക്രിയകള്‍ കുറച്ചുകാലത്തേക്ക് മാറ്റിവെച്ചാല്‍ എന്താണ് തകരാറ്? വിവാഹങ്ങള്‍ ആര്‍ഭാടരഹിതമായി നടത്തിയാല്‍ ആര്‍ക്കാണ് പ്രയാസം? അതിജീവിക്കാന്‍ ശേഷിയുള്ളവര്‍ക്കേ നിലനില്‍പ്പ് വേണ്ടൂ. അതാണ് ഹിറ്റ്‌ലറും മുസോളിനിയുമൊക്കെ പറഞ്ഞത്. അവരാരോടും മറുപടി പറഞ്ഞിട്ടില്ല. പിന്നെന്തിനാണ് പാര്‍ലിമെന്റിന്റെ ചുവപ്പിലും പച്ചയിലും മറുപടി പറയണമെന്ന് ശഠിക്കുന്നത്. ഇല്ലാത്ത വിഷമം ഉണ്ടെന്ന് നടിച്ച്, സഹകരണമേഖലയിലെ കണക്കില്‍ കാണിക്കാത്ത പണത്തിന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെടാന്‍ ചില മുഖ്യ സേവകര്‍, സര്‍വകക്ഷി പ്രതിനിധികളെയും കൂട്ടി ഡല്‍ഹിയില്‍ കാണാന്‍ വരുന്നത്? അങ്ങനെ നിര്‍ബന്ധമുള്ളവര്‍ ധനമന്ത്രിയെ കണ്ട് മരുന്ന് വാങ്ങി മടങ്ങിയാല്‍ മതി.


ചോദ്യം ചോദിക്കുന്നവരും മറുപടി ആവശ്യപ്പെടുന്നവരും കുറച്ച് കഴിയുമ്പോള്‍ അടങ്ങും. ഞാന്‍ എനിക്ക് ശരിയെന്ന് തോന്നുന്നതാണ് ചെയ്യുന്നത്. എനിക്ക് ശരിയെന്ന് തോന്നുന്നതാണ് രാജ്യത്തിന് നല്ലത്. ആ നല്ലത് അംഗീകരിക്കുന്നതാണ് രാജ്യസ്‌നേഹം. മുഖ്യ സേവകനായിരിക്കെ ശരിയെന്ന് തോന്നിയതൊക്കെ ചെയ്തു. അത് ഞാനവിടെയുണ്ടായിരുന്ന കാലത്തോളം ആ സംസ്ഥാനത്തിന് നല്ലതായിരുന്നു. ഞാന്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തും, തൊഴില്‍ രഹിതര്‍ക്കൊക്കെ ഞാന്‍ തൊഴില്‍ നല്‍കും, രാജ്യത്തെ ഞാന്‍ വികസനപാതയിലെത്തിക്കും, ഞാന്‍ അഴിമതിയുടെ വേരറുക്കും, വരവില്‍ക്കവിഞ്ഞ് സമ്പാദിച്ച സ്വത്തൊക്കെ ഞാന്‍ രാജ്യത്ത് തിരിച്ചെത്തിക്കും ഇതൊക്കെയായിരുന്നില്ലേ തെരഞ്ഞെടുപ്പ് റാലിയിലെ വാഗ്ദാനങ്ങള്‍? മുപ്പത്തിയൊന്നെങ്കില്‍ മുപ്പത്തിയൊന്ന് ശതമാനം വോട്ട് ചെയ്ത് എന്നെ പ്രധാന സേവകനാക്കിയത് ഈ വാഗ്ദാനം കേട്ടല്ലേ? അപ്പോള്‍ ഞാന്‍ ചെയ്യുന്നതില്‍ ജനത്തിന് വിശ്വാസമുണ്ടാകും. ഞാന്‍ ചെയ്യുന്നതിലേ ജനത്തിന് വിശ്വാസമുണ്ടാകൂ. ആ വിശ്വാസമാണ് പ്രധാനം.


പാര്‍ലിമെന്റിന്റെ ഇരുസഭകളിലും മാറിമാറിയിരുന്ന് പാഴാക്കാന്‍ സമയമില്ല. അവിടെ മറുപടി പറഞ്ഞ് പഴം ചാക്കാക്കാനുള്ളതല്ല വാക്കുകള്‍. മൗനവും മനനവും തുടരും, പുതിയ ദര്‍ശനങ്ങള്‍ക്കായി. അല്ലെങ്കിലും പലതട്ടിലുള്ള ഈ ജനാധിപത്യം, അതിന്റെ ആവശ്യമെന്ത്? നേരിട്ട് ജനങ്ങളുമായി സംവദിക്കാന്‍ മാര്‍ഗമുള്ളപ്പോള്‍. റെഡിയോയിലൂടെ, ടെലിവിഷനിലൂടെ, സാമൂഹിക മാധ്യമങ്ങളിലൂടെ. ജനത്തിന്റെ ഇംഗിതമറിയാന്‍ ആപ്പുകളുള്ളപ്പോള്‍! ഓരോരുത്തര്‍ക്കും നേരിട്ട് കാര്യങ്ങള്‍ പറയാന്‍ സാധിക്കുന്ന കാലത്ത് പ്രതിനിധിയുടെ കാര്യമെന്ത്? പ്രതിനിധികള്‍ക്ക് മറുപടി പറയേണ്ട കാര്യമെന്ത്? അവരുടെ ചോദ്യത്തിന് പ്രസക്തിയെന്ത്? ഇതൊരു ഏകാധിപതിയുടെ ആഗ്രഹമെന്ന് തെറ്റിദ്ധരിക്കരുത്. ഡിജിറ്റല്‍ ഇന്ത്യയില്‍ കാര്യങ്ങള്‍ അവ്വിധമാകണമെന്നാണ് സങ്കല്‍പ്പം. അന്നന്നത്തെ അന്നത്തിന് വക മടിശ്ശീലയിലില്ലാത്തവന്‍ മൊബൈലിലൂടെ നിക്ഷേപം നടത്തുന്ന, വായ്പയുടെ തിരിച്ചടവ് നടത്തുന്ന, സര്‍ക്കാറിലേക്കുള്ള വിഹിതം നല്‍കുന്ന സുന്ദര സുരഭില ഡിജിറ്റല്‍ ഇന്ത്യാ... സ്റ്റാന്‍ഡ് അപ് ഇന്ത്യാ...എഴുന്നേറ്റു നിന്ന് അനുസരിക്കുന്നവര്‍ മാത്രമുള്ള ഇന്ത്യാ...