2016-11-13

പെരുമ്പറ മുഴങ്ങുന്നത് എന്തിന്?


യുദ്ധമാണ് നടക്കുന്നത്. രാജ്യത്തെ അസ്ഥിരപ്പെടുത്താനോ ദുര്‍ബലപ്പെടുത്താനോ ശ്രമിക്കുന്നവര്‍ക്കൊക്കെ എതിരെ. അത് രാജാവ് നേരിട്ട് വിളംബരം ചെയ്യുന്നതാണ് നൂറ്റാണ്ടുകളായുള്ള പതിവ്. രാജകീയ വിളംബരം പിന്നെ നാടാകെ പെരുമ്പറ കൊട്ടി അറിയിക്കും. പെരുമ്പറയുടെ മുഴക്കമുണ്ടായാല്‍ ഏറെ പ്രധാനപ്പെട്ടതെന്തോ വരുന്നുണ്ടെന്ന് ജനത്തിന് അറിയാം. അവര്‍ കാതോര്‍ക്കും. വിസമ്മതം കൂടാതെ സ്വീകരിച്ച്, രാജ്യം സുരക്ഷിതമാക്കാന്‍ തങ്ങള്‍ക്കാവതെന്തോ അതൊക്കെ ചെയ്യുക എന്നതാണ് കര്‍ത്തവ്യം. രാജവിളംബരം നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാന്‍ പലവിധ സൗകര്യങ്ങളുള്ള ഇക്കാലത്ത് പെരുമ്പറ കൊട്ടി അറിയിക്കേണ്ട ആവശ്യം വരുന്നില്ല. വിളംബരം കൊണ്ട് രാജ്യത്തിനും ജനങ്ങള്‍ക്കുമുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ചുള്ള വ്യാഖ്യാനങ്ങള്‍ ചമക്കുകയാണ് പുതിയകാലത്തെ പെരുമ്പറക്കാരുടെ ചുമതല. അതിന് ഉപയോഗിക്കാവുന്ന മാധ്യമങ്ങളൊക്കെ അവര്‍ ഉപയോഗിക്കും.


വിളംബരത്തില്‍ യുദ്ധമെന്ന് നേരിട്ട് പറയണമെന്നുമില്ല, പുതിയ കാലത്ത്. വാക്കിന്റെയും വാക്യത്തിന്റെയും ഇടയില്‍ നിന്ന് ജനം അത് വായിച്ചെടുത്തുകൊള്ളണം. അങ്ങനെ വായിച്ചെടുക്കാന്‍ സഹായിക്കുക എന്നത് കൂടി പെരുമ്പറക്കാരുടെ ഉത്തരവാദിത്തമാണ്. ഭരണകൂടത്തിന്റെ ചൂഷണം അവസാനിപ്പിക്കണമെങ്കില്‍ അവരെ ബലപ്രയോഗത്തിലൂടെ നീക്കം ചെയ്യേണ്ടിവരുമെന്ന് വിശ്വസിച്ച് ആയുധമെടുത്ത് അടരാടുന്നവരുണ്ട്. അവര്‍ക്കെതിരെ യുദ്ധം ചെയ്യുക, തങ്ങള്‍ ജനക്ഷേമം ലാക്കാക്കിയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് അവകാശപ്പെടുന്ന, ഭരണകൂടത്തിന്റെ ബാധ്യതയാണ്. അതിന്റെ ഒരു മുഖമാണ് അടുത്തിടെ ആന്ധ്ര - ഒഡിഷ അതിര്‍ത്തിയിലെ വനത്തില്‍ കണ്ടത്. മധ്യേന്ത്യയില്‍ വര്‍ഷങ്ങളായി നടക്കുന്ന ഒന്നിന്റെ കുറേക്കൂടി രൂഷിതമുഖം. ഭരണകൂടം തടയിട്ട് നിര്‍ത്തിയതിന് ശേഷവും യുദ്ധോത്സുകരാകുന്ന മറ്റു ചിലരുണ്ട്. അവര്‍ക്കെതിരായ ആക്രമണമാണ് ഭോപ്പാലില്‍ കണ്ടത്. യുദ്ധത്തിലും കഥയിലും ചോദ്യങ്ങളില്ല. ചോദ്യങ്ങളുന്നയിക്കാന്‍ അവകാശവുമില്ല. അതിര്‍ത്തികളില്‍ നടക്കുന്നതും അതിര്‍ത്തിയോട് ചേര്‍ന്നുള്ള ചില സംസ്ഥാനങ്ങളില്‍ നടക്കുന്നതുമൊക്കെ വിളംബരങ്ങളുടെ അടിസ്ഥാനത്തിലാണ്. ഒരുവട്ടം അതിര്‍ത്തി കടന്ന് നടത്തിയതും വിളംബരത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ.


എല്ലാറ്റിലും വിളംബര കര്‍ത്താവിനുള്ള പ്രാധാന്യം എല്ലാവരുടെയും ഓര്‍മയില്‍ വേണം. അല്ലെങ്കില്‍ വിളംബരത്തേക്കാളും അതിന്റെ അടിസ്ഥാനത്തിലെ ക്രിയകളേക്കാളും പ്രാധാന്യം കര്‍ത്താവിനാണ്. അല്ലെങ്കില്‍ തന്നെ കര്‍ത്താവില്ലെങ്കില്‍ കര്‍മമെങ്ങനെയുണ്ടാവും. കര്‍ത്താവില്ലാതെ കര്‍മത്തിന് നിലനില്‍പ്പില്ലെന്നാണ് ഭാഷാഭേദം കൂടാതെ എല്ലാ വ്യാകരണവും പഠിപ്പിക്കുന്നത്. ആയതിനാലാണ് പുതിയ 'യുദ്ധമുഖം' തുറന്ന വിളംബരവും നേരിട്ട് നടത്തിയത്. ഇമ്മാതിരി ആണുങ്ങള്‍ ഭൂമിയിലുണ്ടോ എന്ന് പ്രജ അത്ഭുതം കൂറണം. അതിലാണ് അധികാരത്തിന്റെ യഥാര്‍ഥ ചന്തം. ആ ചന്തമേറുമ്പോഴാണ് അധികാരി മാത്രം മതിയല്ലോ എന്ന ചിന്ത ഉറപ്പിച്ചെടുക്കാനാകൂ. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മിനിട്ടുകള്‍ക്കുള്ളില്‍ അസാധുവാകുമെന്ന് വിളംബരം ചെയ്യുമ്പോള്‍, പ്രജകളിലോരോരുത്തരുടെയും ദൈനംദിന ജീവിതം താളം തെറ്റുമെന്ന് അറിയാതെയല്ല. അങ്ങനെയൊരു താളംതെറ്റിക്കലിന് സാധിക്കും വിധത്തില്‍ അധികാരിയുണ്ടായിരിക്കുന്നുവെന്ന്  പ്രജക്ക് ബോധ്യപ്പെടണം. അതുകൂടിയുദ്ദേശിച്ചായിരുന്നു വിളംബരം.


രാജ്യത്തേക്ക് കള്ളനോട്ട് പ്രവഹിപ്പിക്കുന്നത് ഒരു ഒളിയുദ്ധമാണ്. അതിന് പിറകില്‍ ആരാണെന്ന് പ്രജക്കറിയാം. അതുപോലൊരു ഒളിയുദ്ധമുറയാണ്, കള്ളപ്പണം. അതൊക്കെ തടയാനുള്ള പത്തൊമ്പതാമത്തെ അടവാണിത്. ഇനി പുറത്തിറക്കുന്ന നോട്ടുകളുടെ രൂപഘടന പഠിച്ച്, വ്യാജന്‍ അച്ചടിച്ചിറക്കുവോളം അഞ്ഞൂറ്, ആയിരം നോട്ടുകളുടെ വ്യാജന്‍ ഇനി ചെലവാക്കാനാകില്ല. തത്കാലത്തേക്ക് ഈ ഇനത്തിലുള്ള കള്ളനോട്ടുകള്‍ ഉണ്ടാകില്ലെന്ന് ചുരുക്കം. കണക്കില്ലാത്ത പണം പലവിധത്തില്‍ ഒളിപ്പിച്ചവര്‍ക്ക്, സ്രോതസ്സ് വെളിപ്പെടുത്താതെ അത്  പുതിയ നോട്ടിലേക്ക് മാറ്റിയെടുക്കാനാകില്ല. സ്രോതസ്സ് വെളിപ്പെടുത്തിയാല്‍ കേസും കൂട്ടവുമാകും. അത് നേരിടാന്‍ മടിയുള്ളവര്‍ക്ക് സൂക്ഷിച്ചുവെച്ച അഞ്ഞൂറ്, ആയിരം നോട്ടുകള്‍ വെറും കടലാസുകളാണെന്ന് കണക്കാക്കി, തീപൂട്ടാന്‍ ഉപയോഗിക്കാം. വെളുപ്പിച്ചെടുക്കാന്‍ വ്യാജമാര്‍ഗങ്ങളുണ്ടോ എന്ന് അന്വേഷിക്കുകയുമാകാം. അവ്വിധം സൂക്ഷിച്ചുവെച്ച കണക്കില്ലാത്ത പണത്തെ ഭസ്മമാക്കാന്‍ വിളംബരം വഴിയൊരുക്കുമെന്നതില്‍ തര്‍ക്കം വേണ്ട.


അതുകൊണ്ടെല്ലാമായെന്നും ഇന്ത്യന്‍ യൂണിയനില്‍ ഇനി കള്ളപ്പണമില്ലെന്നും അതുണ്ടാകില്ലെന്നുമൊക്കെ പെരുമ്പറ മുഴക്കുന്നതില്‍ കാര്യമില്ല. ആകെ ഉത്പാദിപ്പിക്കപ്പെട്ട, ഉത്പാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കള്ളപ്പണത്തിന്റെ ന്യൂനഭാഗത്തെ ഇല്ലാതാക്കാനേ ഇത് വഴിവെക്കൂ. ഈ രംഗത്ത് വൈദഗ്ധ്യമുള്ള വന്‍കിടക്കാര്‍ക്കൊന്നും യാതൊരു പ്രയാസവും ഈ തീരുമാനം ഉണ്ടാക്കുന്നുമില്ല.


റിലയന്‍സ് പുതിയ മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്ക് അവതരിപ്പിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിന്റെ ബ്രാന്‍ഡ് അംബാസിഡറെപ്പോലെ അവതരിപ്പിച്ചിരുന്നു. അവര്‍ അവതരിപ്പിച്ചതാണോ ഡിജിറ്റല്‍ ഇന്ത്യാ വിളംബരത്തിന്റെ ഭാഗമായി അദ്ദേഹം സ്വയം ഏറ്റെടുത്തതാണോ എന്ന് നിശ്ചയമില്ല. എന്തായാലും ഇതേ റിലയന്‍സിന്റെ ഉടമസ്ഥന്‍ മുകേഷ് അംബാനിക്ക്, നികുതിയിളവ് നല്‍കി കള്ളപ്പണം സൂക്ഷിക്കുന്ന ബാങ്കുകളിലൊന്നില്‍ നിക്ഷേപമുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രിയായിരിക്കുന്ന അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചിരുന്നു. ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ എന്തെങ്കിലും നടപടി ഉണ്ടായിട്ടുണ്ടോ എന്ന് അറിയില്ല. സഹസ്ര കോടികള്‍ ചെലവിട്ട് രാജ്യത്തെ വികസിപ്പിക്കാന്‍ മുന്നിട്ടിറങ്ങുന്ന അംബാനിയെപ്പോലുള്ളവര്‍ അതിലൊരല്‍പ്പം ഏതെങ്കിലുമൊരു ബാങ്കില്‍ നിക്ഷേപിച്ചാല്‍, അത് രാജ്യത്തെ ദുര്‍ബലപ്പെടുത്താനുള്ള നീക്കമായി കാണാനാകില്ല, ആയതിനാല്‍ യുദ്ധം മര്യാദയുമല്ല. അതുകൊണ്ട് അത് വേണ്ടതില്ലെന്ന് വിളംബരമുണ്ടായാല്‍ മതിയായിരുന്നു. ഇതുപോലെ പണം നിക്ഷേപിച്ചിട്ടുള്ള, രാജ്യവികസനത്തിന് യത്‌നിക്കുന്ന മാന്യന്മാര്‍ ധാരളമുണ്ട്. അവരുടെ കാര്യത്തില്‍ മുന്‍കാല സര്‍ക്കാറുകള്‍ കാണിച്ച ഉദാര സമീപനം തുടരുമെന്നൊരു വിളംബരം കൂടി ആകാവുന്നതാണ്. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കും, തിരിച്ചു കിട്ടിയാല്‍ 15 ലക്ഷം വീതം ഓരോരുത്തരുടെയും അക്കൗണ്ടിലിടും തുടങ്ങിയവ പ്രജയുടെ തൃപ്തിക്കായുണ്ടുതാനും.


അംബാനിയെപ്പോലുള്ള വ്യവസായികള്‍ മാത്രമല്ല, ചില രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും കായിക താരങ്ങളുമൊക്കെ ഇത്തരത്തില്‍ പണം സൂക്ഷിച്ചിട്ടുണ്ട്. അവരൊക്കെ രാജ്യത്തിന് നല്‍കിയ സേവനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ യുദ്ധം പ്രഖ്യാപിച്ച് ബുദ്ധിമുട്ടിക്കുന്നത് ഉചിതമല്ല. കഴിയുമെങ്കില്‍ താമ്രപത്രം നല്‍കണം, കൂടുതല്‍ മികവുകാട്ടാന്‍ പ്രോത്സാഹനമായി. ഇവരൊക്കെ സമാഹരിക്കുന്ന കണക്കില്ലാത്ത പണം, ചില വിദേശ രാഷ്ട്രങ്ങളില്‍ രൂപവത്കരിക്കുന്ന കടലാസ് കമ്പനികളിലൂടെ ഇന്ത്യന്‍ കമ്പനികളിലേക്ക് നിക്ഷേപമായി എത്തുന്നുണ്ട്. ഇതുവഴി സാധ്യമാകുന്ന വ്യവസായ വികസനം കണക്കിലെടുക്കാതിരിക്കാന്‍ ഉത്തരവാദിത്തമുള്ള ഭരണകൂടത്തിന് സാധിക്കുകയില്ല. അതുകൊണ്ട് ഇത്തരം വെളുപ്പിക്കലുകളെ സാധുവാക്കിക്കൊണ്ടുള്ള വിളംബരം ആലോചിക്കാവുന്നതാണ്. അതിനൊരു മുന്‍കാല പ്രാബല്യം നല്‍കിയാല്‍ ഇപ്പോള്‍ കേസില്‍പ്പെട്ട് വിഷമിക്കുന്ന ജഗന്‍മോഹന്‍ റെഡ്ഢി (കോണ്‍ഗ്രസ് നേതാവും ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന വൈ എസ് രാജശേഖര റെഡ്ഢിയുടെ മകന്‍), കര്‍ണാടകത്തിലെ ജനാര്‍ദന, കരുണാകര, സോമശേഖര റെഡ്ഢിമാര്‍ (കര്‍ണാടകത്തില്‍ താമര വിരിയിക്കുന്നതില്‍ വലിയ പങ്കുവഹിച്ച ബെല്ലാരി സഹോദരര്‍) ഒക്കെ രക്ഷപ്പെടും.


കേന്ദ്ര ധനവകുപ്പ് 2012ല്‍ കള്ളപ്പണത്തെക്കുറിച്ചൊരു ധവള പത്രം ഇറക്കിയിരുന്നു. ഏപ്രില്‍ 2000 മുതല്‍ മാര്‍ച്ച് 2011 വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലേക്ക് ആകെ എത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 41.80 ശതമാനം മൗറീഷ്യസില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ വഴിയും 9.17 ശതമാനം സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ വഴിയുമായിരുന്നുവെന്ന് ധവളപത്രത്തില്‍ പറയുന്നു. കടലാസ് കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത് കള്ളപ്പണത്തിന്റെ ഒഴുക്കിന് വഴിയൊരുക്കുന്നവയാണ് മൗറീഷ്യസും സിംഗപ്പൂരും. 2000 - 2011 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ യൂണിയനിലേക്ക് എത്തിയ ആകെ വിദേശ നിക്ഷേപത്തിന്റെ പാതിയും കള്ളപ്പണമായിരുന്നുവെന്ന് ചുരുക്കം. ആറ് വര്‍ഷത്തിനിപ്പുറം അത് വലുതായിട്ടുണ്ടാകാനേ തരമുള്ളൂ. പല വിധത്തില്‍ കഷ്ടപ്പെട്ട് ഇവിടെ ഉത്പാദിപ്പിച്ച കണക്കില്ലാത്ത പണം വിദേശത്തേക്ക് കടത്തി, അവിടെയൊരു കമ്പനി രൂപവത്കരിച്ച് ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവന്നവര്‍, അതിന് കാട്ടുന്ന സാഹസികത അത് അംഗീകരിച്ച്, വണങ്ങി നില്‍ക്കുകയേ മാര്‍ഗമുള്ളൂ. അതുകൊണ്ടാണ് അത്തരമാരോപണം നേരിടുന്ന വ്യവസായിയുടെ മൊബൈല്‍ നെറ്റ്‌വര്‍ക്കിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട് നരേന്ദ്ര മോദിജി തന്നെ മാതൃക കാട്ടിയത്.


ഭീഷണിപ്പെടുത്തി പണം വാങ്ങല്‍, വ്യാജ ഉത്പന്നങ്ങളുടെ നിര്‍മിതി - വില്‍പ്പന, കള്ളക്കടത്ത്, മയക്കുമരുന്ന് നിര്‍മാണം - വിപണനം, വ്യാജരേഖ ചമക്കല്‍, അനധികൃത ഖനനം, കാടുവെട്ട്, വ്യാജ ചാരായ വിപണനം, മോഷണം, തട്ടിക്കൊണ്ടുപോകല്‍, മനുഷ്യക്കടത്ത്, ലൈംഗിക ചൂഷണം, ചതി, സാമ്പത്തിക തട്ടിപ്പ്, നിയമം ലംഘിച്ചുള്ള ആയുധ വ്യാപാരം, അഴിമതി, കമ്മീഷന്‍ എന്നിത്യാദി ക്രിയകളിലൂടെയാണ് കള്ളപ്പണം ഉത്പാദിപ്പിക്കപ്പെടുന്നത് എന്നാണ് ധവളപത്രത്തില്‍ പറയുന്നത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതുകൊണ്ട് ഇവയില്‍ ഏതെങ്കിലുമൊരിനം ഇല്ലാതാക്കപ്പെടുമോ? നോട്ട് പിന്‍വലിച്ചുള്ള യുദ്ധം വിളംബരം ചെയ്തതുപോലൊരു വിളംബരത്തിലൂടെ ഇവയില്‍ ഏതെങ്കിലുമില്ലാതാക്കാന്‍ സാധിക്കുമോ? ഇവയില്‍ ചിലതെങ്കിലും ഇല്ലാതാകണമെങ്കില്‍ ആദ്യം അവസാനിക്കേണ്ടത് വന്‍കിട കമ്പനികളും രാഷ്ട്രീയ - ഭരണ നേതൃത്വവും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ്. ആ ബന്ധത്തിന്റെ നിലനില്‍പ്പിനും അതിന്റെ തുടര്‍ച്ചയായുള്ള ലാഭം പങ്കിടലിലും നടക്കുന്നത്ര നിയമ ലംഘനങ്ങള്‍ പ്രജകളുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല. ഇത് കൃത്യമായി അറിയുന്നതുകൊണ്ടാണ് ഇത്തരം വിളംബരങ്ങളിലൂടെ പ്രജയെ മോഹവലയത്തിലാക്കാനും ഇനിയങ്ങോട്ട് അനുസരണയാണ് ഉദാത്തമെന്ന് ബോധ്യപ്പെടുത്താനും ശ്രമിക്കുന്നത്.


പ്രധാനപ്പെട്ടത് ചിലതൊക്കെ ചെയ്യുകയാണെന്നാണ് പെരുമ്പറ മുഴക്കം. കൂടുതല്‍ കര്‍ശനമായത് വരാനിരിക്കുന്നുണ്ടെന്നും. വര്‍ഗീയത ഉപയോഗിച്ച് സാമൂഹിക ഘടനയില്‍ മാറ്റം വരുത്താനുള്ള പരീക്ഷണത്തില്‍, സമ്പത്തിന് ചെറുതല്ലാത്ത പങ്കുണ്ട്. പണം കൊണ്ട് വരിഞ്ഞുമുറുക്കാന്‍ ഭരണകൂടം തീരുമാനിച്ചാല്‍, ഇതിനകം വരുതിയില്‍ വരാത്തവരൊക്കെ മുട്ടുകുത്തും. അത് സാധിച്ചാല്‍ അജന്‍ഡകളുമായി മുന്നോട്ടുപോകാന്‍ പ്രയാസമുണ്ടാകില്ല. അതിന് വഴികാട്ടുന്ന വിളംബര കര്‍ത്താവ് പരമാധികാരിയാണ്, ചിലപ്പോള്‍ ഭാവിയിലെ ഏകാധിപതിയും. രാജ്യത്തെ രക്ഷിക്കാന്‍ പലനിലക്ക് 'യുദ്ധം' ചെയ്യുന്നവന്‍ ഏക അധിപതിയാകുന്നതില്‍ പ്രജക്ക് വിയോജിപ്പുണ്ടാകുമോ?


-----
ഭൂമിക്ക് കേരള സര്‍ക്കാര്‍ നിശ്ചയിച്ച ന്യായ വില സെന്റിന് എഴുപതിനായിരം. അഞ്ച് സെന്റ് ഭൂമി വിറ്റപ്പോള്‍ ന്യായ വില കണക്കാക്കി നികുതിയൊടുക്കി. യഥാര്‍ഥത്തില്‍ ഭൂമി വിറ്റത് സെന്റിന് മൂന്ന് ലക്ഷം രൂപക്ക്. ആകെ കിട്ടിയത് 15 ലക്ഷം. കരമൊടുക്കിയത് മൂന്നര ലക്ഷത്തിന്. മകളുടെ കല്യാണം, അടുത്ത ബന്ധുവിന്റെ ചികിത്സ തുടങ്ങി ഏതെങ്കിലും അത്യാവശ്യം മുന്‍നിര്‍ത്തി ഭൂമി വിറ്റ് പണം കൈവശം വെച്ചവര്‍ ഇപ്പോള്‍ കള്ളപ്പണക്കാരാണ്. ഇതൊന്ന് വെളുപ്പിക്കണമെങ്കില്‍ ചുരുങ്ങിയത് 30 പേര്‍ക്കായി അമ്പതിനായിരം വീതം നല്‍കി ബാങ്കുകളില്‍ കൊടുത്ത് മാറിയെടുക്കണം. വിശ്വസിച്ചേല്‍പ്പിക്കാവുന്ന 30 പേരെ കണ്ടെത്തണം. അല്‍പ്പം പ്രയാസമുള്ള ഈ കൃത്യത്തിലേര്‍പ്പെടുന്നവര്‍ക്ക് ചെറുതല്ലാത്ത പാരിതോഷികം നല്‍കുകയും വേണം. ഡിസംബര്‍ 31 വരെയുള്ള കാലത്ത് ഇതൊരു ഇടക്കാല തൊഴിലായി വളരാനുള്ള സാധ്യത ഏറെയാണ്.