2016-12-12

പരാജയം പേറുന്ന ചുമലും അഴിമതി തുറന്നിട്ട 56'' നെഞ്ചും


'ഗുജറാത്തിനെപ്പോലെ രാജ്യത്തെ വികസിപ്പിക്കണമെങ്കില്‍ അമ്പത്തിയാറിഞ്ച് വീതിയുള്ള നെഞ്ച് വേണ'മെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഏത് പ്രതിസന്ധിയും താങ്ങാനുള്ള ശേഷി പ്രധാനമന്ത്രിയുടെ ചുമലുകള്‍ക്കുണ്ടെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കഴിഞ്ഞ ദിവസം പറയുകയും ചെയ്തു. കള്ളപ്പണം ഇല്ലാതാക്കാനും അഴിമതി തുടച്ചുനീക്കാനും ലാക്കാക്കി, 500, 1000 നോട്ടുകള്‍ പിന്‍വലിക്കാനെടുത്ത തീരുമാനം അമ്പത്തിയാറിഞ്ച് വീതിയുള്ള നെഞ്ചില്‍ നിന്നുണ്ടായതാകണം. അതേത്തുടര്‍ന്നുളവാകുന്ന ഏത് പ്രതിസന്ധിയും നേരിടാനുള്ള ശക്തി ആ ചുമലുകള്‍ക്കുണ്ടെന്നാണ് അരുണ്‍ ജെയ്റ്റ്‌ലി പറയുന്നത്. നോട്ട് പിന്‍വലിക്കാനെടുത്ത തീരുമാനം അമ്പത്തിയാറിഞ്ച് വീതിയുള്ള നെഞ്ചിന്റേത് മാത്രമായിരുന്നുവെന്നും അതുളവാക്കിയ പ്രതിസന്ധി അദ്ദേഹം തന്നെ നേരിടുകയാണ് വേണ്ടതെന്നുമാണ് ജെയ്റ്റ്‌ലി പറഞ്ഞത് എന്ന് വേണമെങ്കില്‍ വാദിക്കാം.


കള്ളപ്പണം ഇല്ലാതാക്കുക എന്നതായിരുന്നു പ്രഥമോദ്ദേശ്യം. ഡിജിറ്റല്‍ ഇന്ത്യയിലേക്ക് അതിവേഗത്തില്‍ മാറുക എന്നതാണ് പ്രധാന ഉദ്ദേശ്യമെന്ന് പിന്നീട് വിശദീകരിക്കുന്നുണ്ടെങ്കിലും. അകെ പിന്‍വലിച്ചത് 15.44 ലക്ഷം കോടി മൂല്യം വരുന്ന കറന്‍സി. അതില്‍ 11.55 ലക്ഷം കോടി മൂല്യം വരുന്നത്, ഡിസംബര്‍ ആറായപ്പോഴേക്കും ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കുന്ന കണക്ക്. ഡിസംബര്‍ 30 ആകുമ്പോഴേക്ക് ഏതാണ്ട് മുഴുവനും ബാങ്കുകളില്‍ തിരിച്ചെത്തുമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. പണമായും പൊന്നായും ഇതിനകം പിടിച്ചെടുത്തതിന്റെ മൂല്യം ഏതാണ്ട് 200 കോടി വരും. രണ്ടര ലക്ഷത്തിലധികം നിക്ഷേപിക്കപ്പെട്ട അക്കൗണ്ടുകള്‍ മുഴുവന്‍ പരിശോധിച്ച്, നിയമവിധേയമായ സമ്പാദ്യമാണോ അല്ലയോ എന്ന് തരംതിരിച്ചതിന് ശേഷമേ വിപണിയില്‍ വ്യാപരിച്ചിരുന്നവയില്‍ കണക്കില്‍പ്പെടാത്ത പണമുണ്ടായിരുന്നോ എന്ന് തിട്ടപ്പെടുത്താനാകൂ. അതിനെത്ര കാലമെടുക്കും?


ബാങ്കുകളിലേക്ക് തിരിച്ചെത്താത്ത നോട്ടുകളുടെ കാര്യത്തില്‍ റിസര്‍വ് ബാങ്കിന് ബാധ്യതയുണ്ടെന്ന് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഇപ്പോള്‍ പിന്‍വലിച്ച 500, 1000 നോട്ടുകള്‍ ആര്, എപ്പോള്‍ കൊണ്ടുവന്നാലും മാറ്റിക്കൊടുക്കാന്‍ റിസര്‍വ് ബാങ്കിന് ഉത്തരവാദിത്തമുണ്ടെന്ന് ചുരുക്കം. ആകയാല്‍ ബാങ്കുകളിലേക്ക് തിരിച്ചെത്താത്തതൊക്കെ കണക്കില്‍പ്പെടാത്ത പണമായിരുന്നുവെന്നൊരു പ്രഖ്യാപനം നടത്താന്‍ അമ്പത്തിയാറിഞ്ച് വീതിയുള്ള നെഞ്ചിന് സാധിക്കില്ല. ലക്ഷക്കണക്കായ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച്, കറുത്തതും വെളുത്തതും തിരിച്ചതിന് ശേഷമൊരു പ്രഖ്യാപനം സാധ്യമായേക്കും. അതുവരെ വലിയ പരാജയത്തിന്റെ ഭാരം പേറേണ്ടിവരും അമ്പത്തിയാറിഞ്ച് വീതിയുള്ള നെഞ്ച്.


വിപണിയില്‍ കൈമാറ്റം ചെയ്യപ്പെട്ടിരുന്നവയില്‍ ആറ് ശതമാനമേ കള്ളപ്പണമുള്ളൂവെന്നാണ് സര്‍ക്കാറിന്റെ തന്നെ കണക്ക്. അതായത് 92,640 കോടി രൂപ. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്വയം വെളിപ്പെടുത്തല്‍ പദ്ധതിയനുസരിച്ച് കണ്ടെടുത്തതായി കേന്ദ്ര സര്‍ക്കാര്‍ തന്നെ പറയുന്നത് 62,250 കോടി രൂപയാണ്. 30,000 കോടി മാത്രമേ ബാക്കിയുള്ളൂവെന്ന് ചുരുക്കം. ഡിസംബര്‍ 30 ആകുമ്പോഴേക്കും ഏതാണ്ട് ഈ കണക്കിലേക്ക് കാര്യങ്ങളെത്തുമെന്നാണ് പ്രതീക്ഷ. ചിലപ്പോള്‍ ഇത്രയും പണം കൂടി വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ നിയമവിധേയമാക്കപ്പെടുകയും ചെയ്യാം. അങ്ങനെ വന്നാല്‍ കള്ളപ്പണം കണ്ടെത്താനായി പ്രഖ്യാപിച്ച കടുത്ത നടപടി, പണം നിയമവിധേയമാക്കാന്‍ ഉപയുക്തമായി എന്ന് വരും. അങ്ങനെ വന്നാല്‍ അതിലും വലിയൊരു പരാജയം അമ്പത്തിയാറിഞ്ച് വീതിയുള്ള നെഞ്ചിന് ഉണ്ടാകാനേ ഇല്ല.


വിപണയില്‍ കൈമാറ്റം ചെയ്യപ്പെടുന്ന കറന്‍സിയില്‍ ആറ് ശതമാനമേ കള്ളപ്പണമുള്ളൂവെന്ന കണക്ക് മുന്നിലിരിക്കെ മൂന്ന് മുതല്‍ അഞ്ച് ലക്ഷം കോടി രൂപ കള്ളപ്പണമായുണ്ടെന്നും അത് കണ്ടെത്താനാകുമെന്നും വിശ്വസിച്ചത് എങ്ങനെ എന്ന് മനസ്സിലാകുന്നില്ല. മാത്രവുമല്ല, അനധികൃത സമ്പാദ്യമുണ്ടാക്കുകയും അത് വെളുപ്പിച്ചെടുക്കുകയും ചെയ്യുന്നവരുടെ (വക്ര) ബുദ്ധിയെ അമ്പത്തിയാറിഞ്ച് വീതിയുള്ള നെഞ്ചും അതിനെ ഉപദേശിച്ച വിദഗ്ധരും തീരെ കുറച്ചുകണ്ടു. രാജ്യത്ത് നിലനില്‍ക്കുന്ന പല നിയമങ്ങളെയും നോക്കുകുത്തിയാക്കിയും അത് നടപ്പാക്കാന്‍ ശ്രമിക്കുന്നവരെ പ്രലോഭിപ്പിച്ചുമാണ് കള്ളപ്പണത്തിന്റെ ഉത്പാദനവും അതിന്റെ വെളുപ്പിക്കലും നടക്കുന്നത്. അതിന് തടയിടാന്‍ ശ്രമമുണ്ടാകുമ്പോള്‍ അവര്‍ കണ്ടെത്താന്‍ ഇടയുള്ള പുതിയ വഴികളെക്കുറിച്ച് ഊഹം പോലുമുണ്ടായില്ലേ ഇവര്‍ക്ക്? എന്തിന് ജന്‍ധന്‍ അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ച് വെളുപ്പിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്ന് പോലും ആലോചിക്കാനുള്ള ബുദ്ധിയുണ്ടായില്ല ഭരണ നേതൃത്വത്തിന്.


വികാരം മുറ്റുന്ന ശബ്ദഘോഷം മാത്രം പുറപ്പെടുവിക്കുന്ന നെഞ്ചില്‍ ബുദ്ധി പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. അതുകൊണ്ടാണ് ഈ ചെയ്യുന്നതൊക്കെ രാജ്യത്തിന് വേണ്ടിയാണ്, രാജ്യ നന്മക്ക് വേണ്ടി അല്‍പ്പം ബുദ്ധിമുട്ടനുഭവിക്കാന്‍ ജനം തയ്യാറാകണം എന്നൊക്കെ പറഞ്ഞ് വികാരമുണര്‍ത്തി പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നത്. വസ്തുതകളും കണക്കുകളും എതിരാകുമ്പോള്‍ അഭികാമ്യമായ മാര്‍ഗം വികാരത്തിന്റേതാണ്. കറന്‍സിയുടെ കാര്യത്തില്‍ വികാരം വര്‍ഗീയമാക്കാന്‍ പ്രയാസമാകയാല്‍, രാജ്യത്തെ ഉപയോഗിക്കുന്നുവെന്ന് മാത്രം.


അഴിമതിയുടെ കാര്യമെടുത്താല്‍ അവിടെയും അമ്പത്തിയാറിഞ്ച് വീതിയുള്ള നെഞ്ചും അതിന്റെ ഉപദേശകരും പരാജയപ്പെടുന്നുവെന്നതാണ് വസ്തുത. നോട്ട് പിന്‍വലിച്ചപ്പോള്‍, കുറച്ച് കാലത്തേക്ക് അവ ഉപയോഗിക്കാവുന്ന ഇടങ്ങള്‍ വ്യക്തമാക്കിയിരുന്നു. അതിലൊന്ന് പെട്രോള്‍ പമ്പായിരുന്നു. അന്ന് മുതല്‍ ആയിരത്തിന്റെ നോട്ട് വാങ്ങി 900 രൂപ പകരം നല്‍കിയ പമ്പുടമകള്‍ ധാരാളം. അഞ്ഞൂറ് വാങ്ങി നാല് നൂറിന്റെ നോട്ട് നല്‍കിയവരും കുറവല്ല. നോട്ട് സ്വീകരിക്കാന്‍ അനുമതിയുണ്ടായിരുന്ന കേന്ദ്രങ്ങളിലൊക്കെ ഇത്തരം ഇടപാടുകള്‍ നടന്നിട്ടുണ്ട്. പണം വെളുപ്പിക്കലിന്റെ വേദിയായി ബാങ്ക് ശാഖകള്‍ മാറിയെന്നതിന്റെ സൂചനയാണ് ഡല്‍ഹിയിലെ ആക്‌സിസ് ബാങ്ക് ശാഖയില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധന നല്‍കുന്നത്. വ്യാജ അക്കൗണ്ടുകളിലൂടെ ലക്ഷങ്ങള്‍ വെളുപ്പിച്ചുവെന്നും അതിന് ബാങ്ക് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നുവെന്നുമാണ് ആരോപണം. ഈ മാതൃകയില്‍ ഏതൊക്കെ ബാങ്ക് ശാഖകളില്‍ ഇടപാട് നടന്നിട്ടുണ്ടാകും? അതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്ക് എത്ര ശതമാനം കമ്മീഷന്‍ കിട്ടിയിട്ടുണ്ടാകും? കണക്കില്‍പ്പെടാത്ത പണം മാറിക്കൊടുക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ ബാങ്കുകളിലുണ്ടാകില്ലേ? അവര്‍ക്കും കമ്മീഷന്‍ കിട്ടിയിട്ടുണ്ടാകില്ലേ?


രാജ്യത്തെ ഭൂരിഭാഗം എ ടി എമ്മുകളും പൂട്ടിക്കിടക്കുമ്പോഴാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് രണ്ടായിരത്തിന്റെ പുതിയ നോട്ടുകളുടെ കെട്ടുകള്‍ പിടിച്ചെടുക്കുന്നത്. അതും കോടികള്‍. പിടിച്ചതിനേക്കാള്‍ കൂടുതല്‍ അളയിലുണ്ടാകുമെന്ന് ഇന്ത്യന്‍ യൂണിയന്റെ ചരിത്രം അറിയാവുന്നവര്‍ക്കൊന്നും സംശയമുണ്ടാകാന്‍ ഇടയില്ല. രണ്ടായിരം മൂല്യമുള്ള നോട്ടിന്റെ കെട്ടുകള്‍ എവിടെ നിന്നാണ് ഇങ്ങനെ പുറമേക്ക് പ്രവഹിക്കുന്നത്? ബാങ്കുകളുടെ, അവിടുത്തെ ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഇങ്ങനെ പ്രവഹിക്കില്ലല്ലോ? ഉപകാരസ്മരണയില്ലാതെ, നോട്ടു കെട്ടുകള്‍ കൈമാറാന്‍ ബാങ്കുദ്യോഗസ്ഥര്‍ തയ്യാറാകുമോ? ഇതൊക്കെ അഴിമതിയുടെ ഗണത്തില്‍ വരില്ലേ? അഴിമതി ഇല്ലാതാക്കുക എന്ന ഉദ്ദേശ്യം അമ്പത്തിയാറിഞ്ച് വീതിയുള്ള നെഞ്ച് പറയുമ്പോള്‍, യാഥാര്‍ഥ്യം അഴിമതിക്കുള്ള പുതിയ അവസരങ്ങള്‍ തുറന്നിട്ടു എന്നതാണ്. അഴിമതിക്കുള്ള പഴയ അവസരങ്ങളൊക്കെ ഇളക്കം തട്ടാതെ അവിടെ നിലനില്‍ക്കുകയും ചെയ്യുന്നു. അഞ്ഞൂറിന്റെയോ ആയിരത്തിന്റെയോ ഗാന്ധി കൈക്കൂലിയായി കൈപ്പറ്റിയിരുന്നവര്‍ക്ക് രണ്ടായാരത്തിന്റെ ഗാന്ധി ആവശ്യപ്പെടാനുള്ള അവസരമുണ്ടാകുകയും ചെയ്തിരിക്കുന്നു.


ഈ തീരുമാനം കൊണ്ട് ഏറ്റവും വലഞ്ഞിരിക്കുന്നത് ഗ്രാമീണ, കാര്‍ഷിക മേഖലയിലുള്ളവരാണ്. അതായത് രാജ്യത്തെ ജനസംഖ്യയില്‍ 65 ശതമാനം വരുന്നവര്‍. അവരുടെ വരുമാനമാണ് കമ്പോളത്തെ ചലിപ്പിക്കുന്നത്. കാര്‍ഷികോത്പാദനം വര്‍ധിക്കുകയും കര്‍ഷകരുടെ പക്കല്‍ പണമുണ്ടാകുകയും ചെയ്യുമ്പോഴാണ് ടെലിവിഷന്റെ, മോട്ടേര്‍ സൈക്കിളിന്റെ, ട്രാക്ടറിന്റെ ഒക്കെ വില്‍പ്പന വര്‍ധിക്കാറ്. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലും മഴ വേണ്ടത്രയില്ലാത്തതുകൊണ്ട് കാര്‍ഷിക മേഖലയില്‍ വേണ്ടത്ര വരുമാനമുണ്ടായില്ല. അതിന്റെ ആഘാതം മേല്‍പ്പറഞ്ഞ ഉത്പന്നങ്ങളുടെ വിപണനത്തില്‍ വലിയ കുറവുണ്ടാക്കുകയും ചെയ്തു. ഇക്കുറി ഉത്തരേന്ത്യയെ സംബന്ധിച്ച് മഴ ആവശ്യത്തിന് ലഭിച്ചിരുന്നു. അതുവഴി വരുമാനം വര്‍ധിക്കുമെന്നും വിപണി സജീവമാകുമെന്നും പ്രതീക്ഷിച്ചിരിക്കെയാണ് നോട്ട് പിന്‍വലിച്ച്, വലിയ പ്രതിസന്ധിയിലേക്ക് ഗ്രാമീണ - കാര്‍ഷിക മേഖലകളെ തള്ളിവിട്ടിരിക്കുന്നത്. ഭാവിയിലെ നേട്ടങ്ങള്‍ക്ക് വേണ്ടി ചെറിയ വേദന സഹിക്കൂ എന്ന വികാരം തുളുമ്പുന്ന ആഹ്വാനം യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഏറെ അകലെയാണെന്ന് ചുരുക്കം.


പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്ന് പണം കിട്ടാനില്ല. ബാങ്കുകളില്‍ നിന്ന് ലഭിക്കുന്നത് പരിമിതവും. അല്ലെങ്കില്‍ തന്നെ വട്ടിപ്പലിശക്കാരന്റെ മടിശ്ശീലയെ വലിയ തോതില്‍ ആശ്രയിക്കുന്ന രാജ്യത്തെ കാര്‍ഷിക മേഖല, അതിനെ കൂടുതല്‍ ആശ്രയിക്കാന്‍ നിര്‍ബന്ധിതമാകും. വട്ടിപ്പലിശക്കാരനും നോട്ടിന് ക്ഷാമമുണ്ട്. അതുകൊണ്ട് തന്നെ അവന്‍ പലിശ വീണ്ടും കൂട്ടും. നിലവില്‍ തന്നെയുള്ള കൊള്ളപ്പലിശ ഇനിയും കൂടുന്ന സ്ഥിതി. അതിനെ ആശ്രയിക്കേണ്ടി വരുന്ന കര്‍ഷകന്‍. അഴിമതിയുടെ മാത്രമല്ല, കൊള്ളപ്പലിശയുടെ കൂടി സാധ്യത വര്‍ധിപ്പിച്ച് നല്‍കിയിരിക്കുന്നു അമ്പത്തിയാറിഞ്ച് വീതിയുള്ള നെഞ്ച്.


ഇതൊക്കെയുണ്ടാക്കുന്ന പ്രത്യാഘാതം വഹിക്കാനുള്ള ശേഷി ആ ചുമലുകള്‍ക്കുണ്ടെന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ വാക്കുകളെ വിശ്വസിക്കാം. ചുമലുകളുടെ ശേഷിക്കൊപ്പം നെഞ്ചിന്റെ കാഠിന്യത്തെക്കുറിച്ച് കൂടി ജെയ്റ്റ്‌ലിക്ക് പറയാമായിരുന്നു. 2002ല്‍ ഗുജറാത്തില്‍ വംശഹത്യാ ശ്രമമുണ്ടായപ്പോള്‍, ഏത് ക്രൂരതയും വഹിക്കാന്‍ ശേഷിയുണ്ട് ചുമലുകള്‍ക്കെന്ന് തെളിയിച്ചതാണല്ലോ! കാറിനടിയില്‍ പട്ടിക്കുഞ്ഞ് പെട്ടാല്‍ യാത്രക്കാരനെ പഴിക്കുന്നതില്‍ എന്തുകാര്യമെന്ന് പ്രതികരിച്ചപ്പോഴും ചുമലുകളുടെ ദൃഢതയും നെഞ്ചിന്റെ കാഠിന്യവും ബോധ്യപ്പെട്ടതാണ്. കള്ളപ്പണത്തോടുള്ള നാട്ടങ്കത്തില്‍ പരാജയപ്പെട്ട്, കള്ളപ്പണത്തിന്റെ കൊളോസിയത്തില്‍ പയറ്റാന്‍ മടിച്ച്, അഴിമതിയുടെ പുതിയ സാധ്യതകള്‍ തുറന്നിട്ട്, ദുരിതത്തിലായ ജനകോടികളെ വികാരം വിളമ്പി തളക്കാന്‍ ശ്രമിക്കുമ്പോള്‍ ആ ചുമലുകളുടെ ശേഷിയെക്കുറിച്ച് സംശയമേയില്ല, അമ്പത്തിയാറിഞ്ച് വീതിയുള്ള നെഞ്ചിന്റെ കാഠിന്യത്തെക്കുറിച്ചും.