2009-12-15

നീതിയുടെ നിറം, ന്യായത്തിന്റെയും


ന്യൂഡല്‍ഹിയിലെ ജാമിയ മില്ലിയ സര്‍വകലാശാലക്കടുത്തുള്ള ബട്‌ല ഹൗസ്‌ പ്രസിദ്ധമാണ്‌. ഇന്ത്യന്‍ മുജാഹിദീന്‍ എന്ന ഭീകര സംഘടനയുടെ പ്രവര്‍ത്തകരായ രണ്ടു യുവാക്കളെ ഡല്‍ഹി പോലീസ്‌ `ഏറ്റുമുട്ടലില്‍' വധിച്ചത്‌ ഇവിടെവെച്ചാണ്‌. ഇന്ത്യന്‍ മുജാഹിദീന്റെ പ്രവര്‍ത്തകരെന്ന്‌ ആരോപിക്കപ്പെടുന്ന രണ്ടു പേരെ ഇവിടെ നിന്ന്‌ അറസ്റ്റ്‌ ചെയ്യുകയും ചെയ്‌തു. `ഏറ്റുമുട്ടലി'നിടെ ഡല്‍ഹി പോലീസിലെ മോഹന്‍ ചന്ദ്‌ ശര്‍മ വെടിയേറ്റു മരിക്കുകയും ചെയ്‌തു. നടന്നത്‌ വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ശക്തമാണ്‌. എന്നാല്‍ ഇതേക്കുറിച്ച്‌ അന്വേഷിച്ച്‌ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഡല്‍ഹി പോലീസിനു നല്ല സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയിട്ടുണ്ട്‌.


ഈ കേസില്‍ ഡല്‍ഹി പോലീസ്‌ രേഖപ്പെടുത്തിയ എഫ്‌ ഐ ആര്‍ (ഫസ്റ്റ്‌ ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്‌ - പ്രഥമ വിവര റിപ്പോര്‍ട്ട്‌) ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്‌ കേസില്‍ ആരോപണവിധേയനായ ബട്‌ല ഹൗസിന്റെ കെയര്‍ ടേക്കര്‍അബ്‌ദുര്‍റഹ്‌മാന്റെ മകന്‍ സിയാഉര്‍റഹ്‌മാന്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിരുന്നു. കൊല്ലപ്പെട്ട യുവാക്കളുടെയും പോലീസ്‌ ഇന്‍സ്‌പെക്‌ടറുടെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും സിയാഉര്‍റഹ്‌മാന്‍ ആവശ്യപ്പെട്ടു. ഇവ രണ്ടും നല്‍കാന്‍ വിവരാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഈ നിര്‍ദേശം ചോദ്യം ചെയ്‌തു ഡല്‍ഹി പോലീസ്‌ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. പ്രഥമ വിവര റിപ്പോര്‍ട്ട്‌ കൈമാറാന്‍ കോടതി ഉത്തരവിട്ടു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ കൈമാറാന്‍ കഴിയില്ലെന്ന ഡല്‍ഹി പോലീസിന്റെ വാദം അംഗീകരിക്കുകയും ചെയ്‌തു.


ഒരു കേസിലെ പ്രഥമ വിവര റിപ്പോര്‍ട്ട്‌ പൊതുരേഖയാണ്‌. ഇത്‌ ആവശ്യപ്പെട്ടാല്‍, പ്രത്യേകിച്ച്‌ കേസില്‍ ആരോപണവിധേയരായവര്‍, നല്‍കാന്‍ പോലീസിന്‌ ബാധ്യതയുണ്ട്‌. ബട്‌ല ഹൗസില്‍ ഭീകരര്‍ തമ്പടിച്ചിരിക്കുന്നുവെന്നു വിവരം നല്‍കിയയാളാരെന്നു വെളിപ്പെടുമെന്ന ന്യായം ചൂണ്ടിക്കാട്ടിയാണ്‌ എഫ്‌ ഐ ആര്‍ കൈമാറാന്‍ പോലീസ്‌ വിസമ്മതിച്ചത്‌. വിവരം കൈമാറിയ ആളുടെ പേരു വിവരങ്ങള്‍ നീക്കിയ ശേഷം എഫ്‌ ഐ ആര്‍ കൈമാറാന്‍ തടസ്സമില്ല. ഇത്‌ തന്നെയാണ്‌ കോടതി ചൂണ്ടിക്കാട്ടിയതും. സംഭവം നടന്ന്‌ ഒരു വര്‍ഷത്തിനു ശേഷം എഫ്‌ ഐ ആറിന്റെ പകര്‍പ്പ്‌ കിട്ടാന്‍ ഹൈക്കോടതിയുടെ ഉത്തരവ്‌ വേണ്ടിവരുന്നുവെന്നത്‌ തന്നെ നമ്മുടെ സംവിധാനങ്ങള്‍ എത്രത്തോളം അതാര്യമാണെന്നതിനു തെളിവാണ്‌. ബട്‌ല ഹൗസ്‌ സംഭവത്തിന്‌ ഒരാഴ്‌ച മുമ്പ്‌ ഡല്‍ഹിയില്‍ നടന്ന സ്‌ഫോടന പരമ്പരയെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന ന്യായമാണ്‌ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ കൈമാറുന്നതിനുള്ള തടസ്സമായി പോലീസ്‌ ചൂണ്ടിക്കാട്ടിയത്‌. ഈ വാദം കോടതി അംഗീകരിച്ചു.


മരണകാരണം എന്തെന്ന്‌ അറിയാന്‍ മൃതദേഹത്തില്‍ നടത്തുന്ന ശാസ്‌ത്രീയ പരിശോധനയാണ്‌ പോസ്റ്റ്‌മോര്‍ട്ടം. ബട്‌ല കേസില്‍ രണ്ടു യുവാക്കളും പോലീസ്‌ ഉദ്യോഗസ്ഥനും എങ്ങനെ കൊല്ലപ്പെട്ടുവെന്നു വ്യക്തമാക്കുന്നതാവണം റിപ്പോര്‍ട്ട്‌. വെടിയുണ്ടയേറ്റ ഭാഗം, അതുമൂലമുണ്ടായ മുറിവിന്റെ ആഴം തുടങ്ങിയ കാര്യങ്ങളും അതിലുണ്ടാവണം. ഈ റിപ്പോര്‍ട്ട്‌ പരസ്യപ്പെടുത്തുന്നത്‌ അതിനു മുമ്പ്‌ നടന്ന സ്‌ഫോടനത്തിന്റെ അന്വേഷണത്തെ ഏതു വിധത്തില്‍ ബാധിക്കുമെന്നത്‌ വ്യക്തമല്ല. എങ്ങനെയാണ്‌ അന്വേഷണത്തെ ബാധിക്കുക എന്ന്‌ കോടതി ചോദിച്ചതുമില്ല. പോലീസ്‌ ഇത്തരമൊരു വാദം മുന്നോട്ടുവെച്ചു, കോടതി അംഗീകരിച്ചു. എഫ്‌ ഐ ആര്‍ കൈമാറാനുള്ള വിവരാവകാശ കമ്മീഷന്റെ നിര്‍ദേശം തടയാന്‍ കഴിയാത്തതുകൊണ്ടു മാത്രം അതു നല്‍കാന്‍ നിര്‍ദേശിച്ചതാണ്‌ എന്ന്‌ കരുതണം. എന്തെങ്കിലും തൊടുന്യായം കണ്ടെത്താന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ കോടതി എഫ്‌ ഐ ആറിന്റെ പകര്‍പ്പ്‌ നല്‍കേണ്ട എന്ന്‌ വിധിക്കുമായിരുന്നു.


ഈ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ട്‌ സുപ്രീം കോടതി നടത്തിയ ചില നിരീക്ഷണങ്ങള്‍ കൂടി പരാമര്‍ശിക്കേണ്ടതുണ്ട്‌. സംഭവത്തില്‍ പോലീസ്‌ നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തി അന്വേഷണം കാര്യക്ഷമമായതിനാല്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന്‌ സുപ്രീം കോടതി തീരുമാനിക്കുന്നതില്‍ തെറ്റ്‌ പറയാനാവില്ല. എന്നാല്‍ ഇവിടെ കോടതി നടത്തിയ നിരീക്ഷണങ്ങള്‍ ഇപ്രകാരമാണ്‌- ``ഇത്തരം അന്വേഷണം പോലീസിനെ അനാവശ്യമായി പീഡിപ്പിക്കുന്നതായി മാറും. പോലീസിന്റെ മനോവീര്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ക്രിമിനലുകള്‍ ക്രിമിനലുകള്‍ തന്നെയാണ്‌. ഇവരെ സമൂഹത്തിന്റെ ഏതെങ്കിലും വിഭാഗവുമായി കൂട്ടിച്ചേര്‍ക്കേണ്ട കാര്യമില്ല''. കൊല്ലപ്പെട്ടവരും പിടിയിലായവരും ക്രിമിനലുകളാണെന്ന മുന്‍വിധിയില്‍ കേസിന്റെ വിചാരണ തുടങ്ങും മുമ്പ്‌ തന്നെ കോടതി എത്തിയിരിക്കുന്നു.


നമ്മുടെ ന്യായാസനങ്ങള്‍ യുക്തിയോ സാമാന്യ നീതിബോധമോ കൂടാതെ വിധി പുറപ്പെടുവിക്കുന്നതിനും നിരീക്ഷണങ്ങള്‍ നടത്തുന്നതിനും ദൃഷ്‌ടാന്തമാണ്‌ മേല്‍പ്പറഞ്ഞ രണ്ട്‌ കാര്യങ്ങള്‍. ഇനി നമ്മുടെ പരിസരത്തു നടക്കുന്ന മതംമാറ്റ വിവാദത്തിലെ കോടതി ഇടപെടലുകളിലേക്കു വരിക. പ്രണയക്കുരുക്കില്‍പ്പെടുത്തി മതം മാറ്റിക്കുന്ന `ലൗ ജിഹാദ്‌' നടക്കുന്നുണ്ടോ എന്ന്‌ കണ്ടെത്താനും അതിന്‌ അന്താരാഷ്‌ട്ര ബന്ധങ്ങളുണ്ടോ എന്ന്‌ പരിശോധിക്കാനും വിദേശത്തു നിന്ന്‌ പണം വരുന്നുണ്ടോ എന്ന്‌ അന്വേഷിക്കാനുമാണ്‌ ഹൈക്കോടതി ആദ്യം ഉത്തരവിട്ടത്‌. പത്തനംതിട്ടയിലെ ഒരു കോളജിലെ വിദ്യാര്‍ഥിയും മറ്റും ഉള്‍പ്പെട്ട കേസാണ്‌ ഇത്തരമൊരു ഉത്തരവിനു നിദാനം. പിന്നീട്‌ ഈ കേസ്‌ വീണ്ടും പരിഗണിച്ചപ്പോള്‍ കേരളത്തില്‍ `ലൗ ജിഹാദ്‌' നടക്കുന്നുവെന്നു പറഞ്ഞിട്ടില്ല എന്നു കോടതി വ്യക്തമാക്കി. ഈ കേസ്‌ മൂന്നാം വട്ടം പരിഗണിച്ചപ്പോള്‍ ലൗ ജിഹാദിനെക്കുറിച്ച്‌ അന്വേഷിച്ചു സംസ്ഥാന ഡി ജി പിയും ജില്ലാ പോലീസ്‌ സൂപ്രണ്ടുമാരും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളും സ്‌പെഷ്യല്‍ ബ്രാഞ്ച്‌ റിപ്പോര്‍ട്ടും പരിശോധിച്ചതിന്റെ ഫലം കോടതി വായിച്ചു.


റിപ്പോര്‍ട്ടിലെ പ്രസക്തഭാഗങ്ങള്‍ കോടതി ഉദ്ധരിച്ചു. മൂന്നു വര്‍ഷത്തിനിടെ നാലായിരത്തോളം പേര്‍ പ്രണയ വിവാഹത്തിന്റെ പേരില്‍ മതം മാറിയിട്ടുണ്ട്‌. ഇതില്‍ 2,800 കേസിലും പെണ്‍കുട്ടികളെയാണ്‌ മതം മാറ്റിയിരിക്കുന്നത്‌. കുലീന കുടുംബത്തിലെ പെണ്‍കുട്ടികളെ പ്രണയത്തിന്റെ പേരില്‍ മതം മാറ്റാന്‍ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച്‌ ശ്രമം നടക്കുന്നുണ്ടെന്ന സ്‌പെഷല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌. `ലൗ ജിഹാദ്‌' സംബന്ധിച്ചു ജില്ലാ പോലീസ്‌ സൂപ്രണ്ടുമാര്‍ ഡി ജി പിക്കു നല്‍കിയ റിപ്പോര്‍ട്ടിലും പിന്നീട്‌ പോലീസ്‌ സൂപ്രണ്ടുമാര്‍ ഹൈക്കോടതിക്കു നല്‍കിയ റിപ്പോര്‍ട്ടിലും വൈരുധ്യങ്ങളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. മതം മാറ്റുന്നതിനുള്ള കേന്ദ്രങ്ങള്‍ ചിലയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മതം മാറുന്നവര്‍ക്കു സാമ്പത്തിക സഹായം ലഭ്യമാക്കുന്നുണ്ടെന്നുമുള്ള സ്‌പെഷ്യല്‍ ബ്രാഞ്ച്‌ റിപ്പോര്‍ട്ട്‌ കോടതി ഉദ്ധരിച്ചു. നീണ്ട ഉദ്ധരണികള്‍ക്ക്‌ ശേഷം നിര്‍ബന്ധിത മതം മാറ്റം തടയുന്നതിന്‌ നിയമം കൊണ്ടുവരുന്ന കാര്യം പരിഗണിക്കണമെന്ന നിര്‍ദേശമാണ്‌ കോടതി നല്‍കുന്നത്‌.


പോലീസിന്റെയോ സ്‌പെഷല്‍ ബ്രാഞ്ചിന്റെയോ റിപ്പോര്‍ട്ടുകള്‍ കോടതി സ്വീകരിച്ചതായി വ്യക്തമാക്കുന്നില്ല. പിന്നെ എന്തിനാണ്‌ ഇത്രയും ഉദ്ധരിച്ചത്‌ എന്ന്‌ വ്യക്തമല്ല. `ലൗ ജിഹാദി'ന്റെ പേരില്‍ തീവ്ര ഹിന്ദുത്വ സംഘടനകളും സമുദായ സംഘടനകളും ആരോപണങ്ങളുന്നയിക്കുകയും പ്രചണ്ഡമായ പ്രചാരണം ചില മാധ്യമങ്ങളെങ്കിലും നടത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ്‌ പ്രണയത്തിന്റെ പേരില്‍ നാലായിരം മതം മാറ്റങ്ങള്‍ നടന്നുവെന്ന റിപ്പോര്‍ട്ട്‌ കോടതി ഉദ്ധരിക്കുന്നത്‌. ഇതില്‍ മതം മാറ്റമെന്ന ഏകലക്ഷ്യം മുന്‍നിര്‍ത്തി പ്രണയിച്ച സംഭവങ്ങളുണ്ടോ എന്നത്‌ വ്യക്തമാക്കുന്നുമില്ല. ഇതുണ്ടാക്കുന്ന ആത്യന്തിക ഫലം ഇത്തരമൊരു സംഭാഷണമായിരിക്കും. ``ലൗ ജിഹാദെന്നത്‌ നേരുതന്നെ. കോടതി പറഞ്ഞതു കേട്ടില്ലേ? 4000 പേരെയാണ്‌ മൂന്നു വര്‍ഷത്തിനിടെ മതം മാറ്റിയത്‌''. എന്തിനാണ്‌ ഇത്തരമൊരു പോതുസംഭാഷണത്തിനും അതുവഴിയുള്ള പ്രചാരണത്തിനും കോടതി വഴിയൊരുക്കുന്നത്‌ എന്നത്‌ അജ്ഞാതമാണ്‌.


കോടതി ഒന്നും പറഞ്ഞിട്ടില്ല എന്ന്‌ സാങ്കേതികമായി വാദിക്കാം. പോലീസ്‌ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിക്കുക മാത്രമാണ്‌ ചെയ്‌തത്‌. ഈ റിപ്പോര്‍ട്ടുകള്‍ ആധികാരികമാണെന്നു പറഞ്ഞിട്ടുമില്ല. പോലീസ്‌ റിപ്പോര്‍ട്ടുകള്‍ ലോഭമില്ലാതെ ഉദ്ധരിച്ചുള്ള കോടതി നടപടിക്കു ശേഷം ആദ്യം നടന്നത്‌ ബി ജെ പി നേതാക്കളുടെ പത്രസമ്മേളനങ്ങളാണ്‌. സ്വമേധയാ ഒന്നും പറയാതിരുന്ന കോടതി ഹിന്ദുത്വ വാദികള്‍ക്ക്‌ ചില പ്രചാരണ സാമഗ്രികള്‍ പ്രദാനം ചെയ്‌തുവെന്നു കരുതേണ്ടിവരും.


ഡി ജി പിക്കു ജില്ലാ പോലീസ്‌ സൂപ്രണ്ടുമാര്‍ നല്‍കിയ റിപ്പോര്‍ട്ടും അവര്‍ കോടതിക്കു നല്‍കിയ റിപ്പോര്‍ട്ടും തമ്മില്‍ വൈരുധ്യമുണ്ടെങ്കില്‍ അതിന്റെ കാരണം അന്വേഷിക്കുകയാണ്‌ ആദ്യം വേണ്ടത്‌. കാര്യകാരണങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയുന്നില്ലെങ്കില്‍ പോലീസിനെ കുറ്റപ്പെടുത്താം. പരസ്യമായി വിമര്‍ശിക്കാം. പക്ഷേ, അതിനൊന്നും മുതിരാതെ പോലീസ്‌ റിപ്പോര്‍ട്ടിലെ വൈരുധ്യത്തെക്കുറിച്ച്‌ പരസ്യപ്രസ്‌താവന നടത്തുന്നു കോടതി. ഇവിടെയും എന്തുകൊണ്ട്‌ എന്ന ചോദ്യത്തിന്‌ പ്രസക്തിയില്ല. സാമുദായിക ചേരിതിരിവ്‌ സൃഷ്‌ടിക്കാനിടയുള്ള കേസുകളില്‍ എല്ലാവരും സ്വയം ഏര്‍പ്പെടുത്തുന്ന നിയന്ത്രണമുണ്ട്‌. വസ്‌തുതകള്‍ പൂര്‍ണമായി വിശകലനം ചെയ്‌ത്‌ ബോധ്യപ്പെടും മുമ്പ്‌ വിലയിരുത്തലുകളോ നിരീക്ഷണങ്ങളോ നടത്താതിരിക്കുക എന്നതാണ്‌ അതില്‍ പ്രധാനം.


റിപ്പോര്‍ട്ടില്‍ വൈരുധ്യമുണ്ട്‌, പോലീസ്‌ സമര്‍പ്പിച്ച 18 റിപ്പോര്‍ട്ടുകളില്‍ 14ഉം അവ്യക്തവും ആവശ്യമായ വിവരങ്ങള്‍ ഇല്ലാത്തതുമാണ്‌ എന്നീ നിരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ വസ്‌തുതകള്‍ മറച്ചുവെക്കാന്‍ ശ്രമം നടക്കുന്നുവെന്ന ധാരണ സൃഷ്‌ടിക്കപ്പെടുന്നുണ്ട്‌. ഇതോടെ നേരത്തെ സൂചിപ്പിച്ച സംഭാഷണ ശകലത്തിന്റെ കൂടി ഇതുകൂടി ചേര്‍ക്കപ്പെടും - ``പോലീസ്‌ ഒളിച്ചുകളിക്കയല്ലേ, അവരുടെ റിപ്പോര്‍ട്ട്‌ ശരിയല്ലെന്നു കോടതി തന്നെ പറഞ്ഞില്ലേ?'' ആര്‍ക്കാണ്‌ ഈ സംശയത്തിന്റെ ആനുകൂല്യം? അവര്‍ ഇതിനകം വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിക്കഴിഞ്ഞിട്ടുണ്ട്‌. `ലൗ ജിഹാദി'നെതിരെ അടുത്ത ഘട്ടം പ്രചാരണത്തിനു വട്ടം കൂട്ടുന്നുമുണ്ട്‌.


ഒരേ നീതിന്യായ സംവിധാനത്തിന്റെ രണ്ട്‌ വേദികള്‍. ഒരിടത്ത്‌ രേഖ രഹസ്യമാക്കി സൂക്ഷിക്കാനുള്ള പോലീസിന്റെ അധികാരം ഉറപ്പിക്കുന്നു. മറ്റൊരിടത്ത്‌ പോലീസ്‌ സമര്‍പ്പിച്ച രേഖകള്‍ സ്വീകാര്യമെന്നോ സ്വീകാര്യമല്ലെന്നോ പറയാതെ അതില്‍ നിന്ന്‌ നിര്‍ലോഭം ഉദ്ധരിക്കുന്നു. റിപ്പോര്‍ട്ടില്‍ വേണ്ടത്ര വിവരങ്ങളില്ലെന്നു പരസ്യ പ്രസ്‌താവന നടത്തുകയും ചെയ്യുന്നു. ഇതിലൊക്കെ എന്തെങ്കിലും സംശയങ്ങള്‍ പ്രകടിപ്പിക്കാന്‍ ശ്രമിക്കരുത്‌. കാരണം, നിങ്ങള്‍ മതമൗലികവാദിയായി ചിത്രീകരിക്കപ്പെട്ടേക്കാം. കുറഞ്ഞത്‌ കോടതിയലക്ഷ്യത്തില്‍ പ്രതി ചേര്‍ക്കപ്പെടുകയെങ്കിലുമാവാം. അതിനാല്‍ മൗനം ...ഭൂഷണം.


ആഫ്‌റ്റര്‍ ഇഫക്‌ട്‌


നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ നിയമം കൊണ്ടുവരണമെന്ന കോടതി നിര്‍ദേശത്തോടെ നേരത്തെ `ലൗ ജിഹാദി'ന്റെ ജില്ല തിരിച്ചുള്ള കണക്ക്‌ പ്രസിദ്ധീകരിച്ച കേരള കാത്തലിക്‌ ബിഷപ്‌സ്‌ കോണ്‍ഫറന്‍സ്‌ നിലപാട്‌ മാറ്റി. കെ സി ബി സിയുടെ പ്രസിദ്ധീകരണമായ ജാഗ്രതയില്‍ വന്ന `ലൗ ജിഹാദി'ന്റെ കണക്കിനെക്കുറിച്ചു തങ്ങള്‍ക്കു യാതൊന്നും അറിയില്ലെന്നാണ്‌ ഇപ്പോള്‍ ബിഷപ്പുമാര്‍ പറയുന്നത്‌. മതപരിവര്‍ത്തനം തടയാന്‍ നിയമം കൊണ്ടുവരുന്നതിനെ എതിര്‍ക്കുമെന്നും അതു മത സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നും അവര്‍ അഭിപ്രായപ്പെടുന്നു.