2009-12-21

കണ്ണാടികളില്‍ പ്രതിബിംബിക്കുന്നത്‌

2002ന്റെ തുടക്കം

മുഴുവന്‍ സമയവും വാര്‍ത്താ സംപ്രേഷണം നടത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പുതുതായി ആരംഭിക്കുന്ന ടെലിവിഷന്‍ ചാനലിന്റെ ന്യൂസ്‌ ടീമിലേക്ക്‌ ആളുകളെ തിരഞ്ഞെടുക്കാന്‍ അഭിമുഖം നടക്കുന്നു. വലിയ മൂക്കുകളില്ലാത്ത രാജ്യമായതിനാല്‍ എനിക്കും അഭിമുഖം നടത്തുന്ന സംഘത്തില്‍ ഇരിക്കേണ്ടിവന്നു. മൂന്നു ദിവസത്തിനിടെ അഭിമുഖ പരീക്ഷക്ക്‌ ഹാജരായത്‌ നൂറിലധികം പേര്‍. നാലാം ദിവസം തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക തയ്യാറായപ്പോള്‍ അഭിമുഖം നടത്തിയ സംഘത്തിന്‌ നേതൃത്വം നല്‍കിയയാള്‍ അഭിമാനം സ്‌ഫുരിക്കുന്ന മുഖത്തോടെ ഇങ്ങനെ പറഞ്ഞു. ``കണ്ടോ ഈ പട്ടികയില്‍ ഒരു മേത്തന്‍ (മുസ്‌ലിംകളെ അല്‍പ്പം ആക്ഷേപത്തോടെ വിശേഷിപ്പിക്കാന്‍ മധ്യ, ദക്ഷിണ കേരളത്തില്‍ ഉപയോഗിക്കുന്ന വാക്ക്‌) പോലുമില്ല. അതുണ്ടാവില്ലെന്ന്‌ അഭിമുഖം നടക്കുമ്പോള്‍ തന്നെ ഞാന്‍ ഉറപ്പാക്കിയിരുന്നു.'' അഭിമുഖത്തിന്‌ എത്തിയ ഒരാളുടെ പേരു പോലും ജാതിയുടെയും മതത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയിരുന്നില്ല എന്നതിനാല്‍ ഇദ്ദേഹത്തിന്റെ വാക്കുകള്‍ എന്നില്‍ അത്ഭുതമോ അമ്പരപ്പോ സൃഷ്‌ടിച്ചു. ക്ഷോഭവും. മറ്റൊരു ചാനലിന്റെ മോശമല്ലാത്ത സ്ഥാനത്ത്‌ ഇദ്ദേഹം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു.


2008 ഡിസംബര്‍ അഞ്ച്‌

കണ്ണൂരിലെ പെരുമണ്ണില്‍ അമിത വേഗതയില്‍ വന്ന ജീപ്പ്‌ സ്‌ക്കൂള്‍ കുട്ടികളുടെ ഇടയിലേക്ക്‌ പാഞ്ഞുകയറി പത്ത്‌ പിഞ്ചു കുട്ടികള്‍ മരിച്ചു. പ്രമുഖമായ ഒരു വാര്‍ത്താ ചാനലിന്റെ ന്യൂസ്‌ റൂം. വാര്‍ത്തയുടെ ഗൗരവം മനസ്സിലാക്കി വാര്‍ത്ത സ്വയം അവതരിപ്പിക്കാന്‍ തീരുമാനിച്ച്‌ സ്റ്റുഡിയോയിലേക്ക്‌ പായുന്ന വാര്‍ത്താ വിഭാഗം മേധാവി സഹപ്രവര്‍ത്തകരോട്‌ പറഞ്ഞത്‌ ഇങ്ങനെ ``സ്‌ക്രീനില്‍ ശവങ്ങള്‍ മാത്രം കാണിക്കുക, മറ്റൊന്നും വേണ്ട.'' ഈ സംപ്രേഷണം രാത്രി വൈകുവോളം തുടര്‍ന്നു. ഇതിനിടെ പിഞ്ഞുകുഞ്ഞുങ്ങളുടെ ചലനമറ്റ ശരീരം തുടര്‍ച്ചയായി കാണിക്കുന്നതിലെ അപാകതയും ഈ ദൃശ്യങ്ങള്‍ സൃഷ്‌ടിക്കുന്ന വേദനയും ചൂണ്ടിക്കാട്ടി പലരും വിളിച്ചിരുന്നുവെന്നും എന്നാല്‍ തന്റെ നിലപാടില്‍ മാറ്റം വരുത്താന്‍ വാര്‍ത്താ വിഭാഗം മേധാവി തയ്യാറായില്ലെന്നും ചാനലില്‍ എനിക്ക്‌ പരിചയമുള്ളവര്‍ പിന്നീട്‌ പറഞ്ഞു.


സിഖ്‌ ഭീകരന്‍


1974ല്‍ ജനിക്കുകയും പത്ത്‌ വര്‍ഷത്തിനിപ്പുറം എല്ലാ ദിവസവും രാവിലെ അന്യവീടുകളുടെ മൂറ്റത്ത്‌ പറന്നു വീഴുന്ന പത്രം അവര്‍ എണീക്കും മുമ്പ്‌ വായിക്കാന്‍ ശ്രമിക്കുകയും വെളുപ്പിനെ വേര്‍തിരിക്കുന്ന തടിച്ചതും നേര്‍ത്തതുമായ കറുത്തവരകള്‍ക്ക്‌ വിശ്വാസ്യത ഏറെയുണ്ടെന്ന്‌ വിശ്വസിക്കുകയും ചെയ്‌തിരുന്ന ബാല്യം. അന്ന്‌ മനസ്സിലേക്ക്‌ ആഴത്തില്‍ തറഞ്ഞ വാക്കുകളിലൊന്ന്‌ `സിഖ്‌ ഭീകരന്‍' എന്നതായിരുന്നു. അച്ഛന്‍ ജോലി ചെയ്യുന്ന കൊച്ചിയിലെ നാവിക സേനാ കേന്ദ്രത്തില്‍ കുറവല്ലാത്ത എണ്ണം സിഖുകാരുണ്ട്‌. `ഭീകരന്‍'മാര്‍ക്കിടയില്‍ ജോലി ചെയ്യേണ്ടിവരുന്ന അച്ഛന്‍! വീട്ടിലെ റേഡിയോ നന്നാക്കാന്‍ നാവികസേനയിലെ ആശയവിനിമയ വിഭാഗത്തില്‍ എന്‍ജിനീയറായ ജവഹര്‍ എന്ന സിഖുകാരനെ അച്ഛന്‍ കൂട്ടിക്കൊണ്ടുവന്നതും ഓര്‍ക്കുന്നു. നീണ്ട താടിയും പിരിച്ചുവെച്ച മീശയും കറുത്തതുണിയില്‍ പൊതിഞ്ഞ കുടുമയും - `ഭീകരന്‍' എന്ന്‌ ഉറപ്പിക്കാന്‍ വലിയ പ്രയാസമുണ്ടായിരുന്നില്ല.


`സിഖ്‌ ഭീകരന്‍' എന്ന്‌ വാക്ക്‌ സമൃദ്ധമായി പത്രങ്ങളില്‍ വന്നത്‌ മൂലം സൃഷ്‌ടിക്കപ്പെട്ട ഈ സംശയം മാറാന്‍ വര്‍ഷങ്ങളെടുത്തു. വെളുപ്പിനെ വേര്‍തിരിക്കുന്ന കറുത്തതും നേര്‍ത്തതുമായ വരകളെ വിശ്വസിക്കുമ്പോള്‍ അല്‍പ്പം സൂക്ഷിക്കണമെന്ന്‌ പാഠവും. നിക്ഷിപ്‌ത താത്‌പര്യങ്ങള്‍ എവിടെയൊക്കെ ഏത്‌ അളവില്‍ ഉണ്ടാവുന്നു, മാനുഷിക പരിഗണനകള്‍ മാറ്റിവെച്ച്‌ വാര്‍ത്തകളെ സംഭ്രമജനകമാക്കാന്‍ എങ്ങനെയെല്ലാം ശ്രമങ്ങള്‍ നടക്കുന്നുവെന്ന്‌ സൂചിപ്പിക്കാനാണ്‌ ഞാന്‍ പത്രപ്രവര്‍ത്തന ജോലി ചെയ്‌ത ചെറിയ കാലത്തിനിടെ നടന്ന രണ്ട്‌ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയത്‌.


പത്രങ്ങളുടെ മേധാവിത്വം മുഴുവന്‍ സമയ വാര്‍ത്താ ചാനലുകള്‍ ചോദ്യം ചെയ്യുകയും അതിനെ നേരിടാന്‍ പത്രങ്ങള്‍ സജ്ജമാവുകയും ചെയ്യുന്ന കാലമാണിത്‌. ഇതിനിടയില്‍ ധാര്‍മികത, വിശ്വാസ്യത എന്നിവക്കൊന്നും സ്ഥാനമുണ്ടാവില്ല. വ്യക്തികളുടെ അവകാശങ്ങള്‍ പരിഗണിക്കപ്പെടില്ല. രാഷ്‌ട്രീയബോധത്തിന്റെ ആവശ്യവുമില്ല. മത്സരോന്‍മുഖതമൂലം യാദൃച്ഛികമായി കൈമോശം വന്നുപോവുന്നവയാണ്‌ ഇവയെന്ന്‌ വേണമെങ്കില്‍ വാദിക്കാം. അത്തരമൊരു യാദൃച്ഛികതയില്‍ ഒതുങ്ങുന്നതല്ല കാര്യങ്ങള്‍ എന്ന്‌ വ്യക്തമാക്കുന്നതാണ്‌ മേല്‍ വിവരിച്ച സംഭവങ്ങള്‍. അരാഷ്‌ട്രീയ മനോഭാവവും തീവ്ര വലതുപക്ഷ ചിന്തകളും സ്വാഭാവികമെന്നോണം പ്രചരിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ട്‌ എന്ന്‌ വേണം കരുതാന്‍. ഈ ശ്രമത്തില്‍ അബദ്ധത്തില്‍ പെട്ടുപോകുന്നവരെപ്പോലും പൂര്‍ണമായും കുറ്റവിമുക്തരാക്കാന്‍ പറ്റില്ല തന്നെ. കാരണം വാര്‍ത്താ - ആശയ പ്രചാരണ ജോലി ഏറ്റെടുക്കുന്നവര്‍ ചരിത്രവും സാമൂഹ്യ പശ്ചാത്തലവും പ്രചരിപ്പിക്കുന്ന വിവരങ്ങള്‍ സൃഷ്‌ടിക്കാന്‍ പോകുന്ന ആഘാതവും അറിഞ്ഞിരിക്കാന്‍ ബാധ്യതപ്പെട്ടവരാണ്‌ എന്നതുകൊണ്ടു തന്നെ.


പട്ടി വിവാദം


മുംബൈ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികം നവംബര്‍ 26ന്‌ രാജ്യം സമുചിതമായി ആചരിച്ചിരുന്നു. ആക്രമണത്തോടൊപ്പം മലയാളി മധ്യമങ്ങള്‍ ആഘോഷിച്ച ഒരു വിവാദത്തിന്റെ വാര്‍ഷികം കൂടിയാണിത്‌. ടാജ്‌ ഹോട്ടലില്‍ ഭീകരരുടെ വെടിയേറ്റ്‌ മരിച്ച മേജര്‍ സന്ദീപ്‌ ഉണ്ണിക്കൃഷ്‌ണന്റെ കുടുംബത്തെ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ ആക്ഷേപിച്ചുവെന്ന വിവാദത്തിന്റെ. ഒന്നാം വാര്‍ഷികം. ഈ വിവാദത്തിന്‌ വഴി തുറന്നത്‌ ഇങ്ങനെയാണ്‌. ബി ജെ പിയുടെ യുവജനവിഭാഗത്തിന്റെ പ്രമുഖനായ ഒരു നേതാവ്‌ ഫോണില്‍ വിളിക്കുന്നു. മേജര്‍ സന്ദീപ്‌ ഉണ്ണിക്കൃഷ്‌ണന്‌ ആദരാഞ്‌ജലി അര്‍പ്പിക്കാന്‍ കേരളത്തിന്റെ മന്ത്രിമാരാരും ബംഗളൂരുവില്‍ പോകാത്തത്‌ അപമാനിക്കലാണ്‌ എന്നാണ്‌ ഇദ്ദേഹത്തിന്റെ വാദം. ഇങ്ങനെ അപമാനിച്ചതിനെതിരെ തങ്ങള്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ പോവുകയാണ്‌. മന്ത്രിമാരാരും പോകാതെ സന്ദീപ്‌ ഉണ്ണിക്കൃഷ്‌ണനെ കേരളം അപമാനിച്ചത്‌ വാര്‍ത്തയാക്കണം എന്ന ആവശ്യവും.


കര്‍ണാടക മുഖ്യമന്ത്രി ബി എസ്‌ യെദിയൂരപ്പ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തത്‌ രാജ്യത്തെ ഭരണസംവിധാനങ്ങളുടെയാകെ പ്രതിനിധിയായി കണക്കാക്കേണ്ടേ, അഖണ്ഡ ഭാരതവും വിശാല ദേശീയതയും പറയുന്ന നിങ്ങള്‍ അങ്ങനെ ചിന്തിക്കേണ്ടേ എന്ന ചോദ്യത്തിന്‌ യുവേ നേതാവ്‌ വ്യക്തമായ മറുപടിയൊന്നും നല്‍കിയില്ല. അല്‍പ്പ സമയത്തിനകം ഒരു ചാനലില്‍ ഫ്‌ളാഷ്‌ ന്യൂസ്‌ മിന്നി. നേരത്തെ യുവ നേതാവ്‌ എന്നോട്‌ പറഞ്ഞ അതേ വാചകം. തുടര്‍ന്നുണ്ടായ സംഭവങ്ങളുടെ ബാക്കിയായിരുന്നു സന്ദീപ്‌ ഉണ്ണിക്കൃഷ്‌ണന്റെ പിതാവിനെ മുഖ്യമന്ത്രി പട്ടി എന്ന്‌ വിളിച്ചുവെന്ന വാര്‍ത്ത. മലയാളത്തിലെ മാധ്യമങ്ങള്‍ എല്ലാം ഏറ്റുപിടിച്ചു. ഇതിനോടുള്ള പ്രതികരണം തേടി ദുഃഖാര്‍ത്തനായ പിതാവിന്റെ മുന്നിലെത്തി. ദുഃഖവും ക്ഷോഭവും മൂലം അദ്ദേഹം മറുപടി നല്‍കി. അതും കൊഴുപ്പിച്ചു. ദിവസങ്ങള്‍ക്കകം ഈ വിവാദം അതിന്റെ സ്വാഭാവിക മരണത്തിലെത്തുകയും ചെയ്‌തു. ആര്‍ക്കാണ്‌ നേട്ടമുണ്ടായത്‌? കപടമായ ദേശീയ വികാരം ഉണര്‍ത്തി നേട്ടമുണ്ടാക്കാന്‍ ആരാണോ ശ്രമിച്ചത്‌ അവര്‍ക്ക്‌ താത്‌ക്കാലത്തേക്ക്‌ മാത്രം.


വി എസ്സിനെ കേള്‍ക്കുമ്പോള്‍


ഇവിടെ മറ്റൊരു പ്രശ്‌നം കൂടി ഉയരുന്നുണ്ട്‌. 87ലേക്ക്‌ കടന്ന വി എസ്‌ അച്യുതാനന്ദന്‍ എന്ന രാഷ്‌ട്രീയ നേതാവിന്റെ വാക്കുകളെ നാം എങ്ങനെ വ്യാഖാനിക്കുന്നുവെന്നത്‌. ഈ വ്യാഖ്യാനം എങ്ങനെ നടത്തണം എന്നതും. കൂടുതല്‍ വിദ്യാഭ്യാസത്തിനൊന്നും അവസരം കിട്ടാതെ തയ്യല്‍ തൊഴിലിലേക്ക്‌ തിരിഞ്ഞ ഒരാള്‍. തന്റെ ചുറ്റുപാടും നടക്കുന്ന അടിച്ചമര്‍ത്തലുകള്‍ കണ്ട്‌ വേദനിച്ച ഒരാള്‍. സഖാവ്‌ പി കൃഷ്‌ണപിള്ളയില്‍ നിന്ന്‌ കേട്ടും സ്വയം വായിച്ചും കമ്മ്യൂണിസത്തെ മനസ്സിലാക്കിയ ഒരാള്‍. അങ്ങനെയൊരാള്‍ക്ക്‌ ഈ ആശയങ്ങള്‍ പറഞ്ഞുകൊടുക്കേണ്ടിയിരിക്കുന്നത്‌ അക്ഷരാഭ്യാസമില്ലാത്ത സഹജീവികള്‍ക്കായിരുന്നു. അതിന്‌ അനുസൃതമായ ഭാഷയേ അയാള്‍ക്ക്‌ സ്വീകരിക്കാന്‍ കഴിയുമായിരുന്നുള്ളൂ. പിന്നീടിങ്ങോട്ടുള്ള ദശാബ്‌ദങ്ങളിലെല്ലാം വി എസ്‌ അച്യുതാനന്ദന്‍ അഭിമുഖീകരിച്ചിരുന്നത്‌ ഇത്തരമൊരു ജനതയെയാണ്‌. അവരുടെ മനസ്സിലേക്ക്‌ തന്റെ ആശയങ്ങള്‍ എത്തിക്കാന്‍ പാകത്തിലുള്ള ഭാഷ, അതിനു വേണ്ട അംഗവിക്ഷേപങ്ങള്‍ ഒക്കെ അദ്ദേഹം സ്വീകരിച്ചിട്ടുണ്ടാവും. ഈ പശ്ചാത്തലമുള്ള ഒരാള്‍ മകന്റെ മരണത്തില്‍ ദുഃഖിച്ചിരിക്കുന്ന പിതാവിനെ മുന്‍ചൊന്ന വിധത്തില്‍ വിശേഷിപ്പിച്ചിട്ടുണ്ടാവുമോ എന്ന്‌ ആലോചിക്കാനും പരിശോധിക്കാനുമുള്ള ബുദ്ധിയും മനസ്സും ഉണ്ടാവാതെ പോയതിന്‌ മാധ്യമങ്ങളും അതിന്റെ പ്രവര്‍ത്തകരും മറ്റാരെയും പഴിക്കേണ്ടതില്ല.
ഇതിനൊപ്പം അധികം പഴക്കമില്ലാത്ത ചിലതു കൂടി ഓര്‍മിപ്പിക്കാം.


1996ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി പി എമ്മിന്റെ നേതാവ്‌ സുശീലാ ഗോപാലനും കോണ്‍ഗ്രസ്‌ നേതാവ്‌ ദേവദത്ത്‌ ജി പുറക്കാടും അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കുന്നു. പ്രചാരണ യോഗത്തില്‍ വി എസ്‌ അച്യുതാനന്ദന്‍ പ്രസംഗിക്കുന്നു. പ്രസംഗത്തിലെ ഒരു പരാമര്‍ശം ഇങ്ങനെ - ``നമ്മുടെ സ്ഥാനാര്‍ഥി, ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കരുത്തയായ നേതാവ്‌, സാക്ഷാല്‍ എ കെ ജിയുടെ പ്രിയപത്‌നി സുശീലാ ഗോപാലന്‍, സുശീലാ ഗോപാലന്‍, ഒരു റോസാപുഷ്‌പം. അപ്പുറത്തോ ഒരു തീട്ടക്കണ്ടി. ഈ സുശീലാ ഗോപാലന്‍ ആഞ്ഞൊന്നു മൂത്രമൊഴിച്ചാല്‍ ഒലിച്ചുപോകാവുന്നതേയുള്ളൂ ഈ തീട്ടക്കണ്ടി.''


എന്തുകൊണ്ട്‌ ഇത്തരം ഭാഷ എന്ന്‌ വേണമെങ്കില്‍ നമുക്ക്‌ നെറ്റി ചുളിക്കാം. പക്ഷേ, പാടത്തും പറമ്പിലും പണിയെടുത്ത്‌ ക്ഷീണിച്ച്‌ പാര്‍ട്ടിയുടെ യോഗ സ്ഥലത്തെത്തുന്നവരുടെ മനസ്സില്‍ കാര്യങ്ങളെത്താനും അവരില്‍ ആവേശമുണരാനും സംസ്‌കൃതമായ പദങ്ങളുപയോഗിച്ചുള്ള ഗിരിപ്രഭാഷണമല്ല വേണ്ടതെന്ന പ്രായോഗികജ്ഞാനത്തെ അടിസ്ഥാനമാക്കിയാണ്‌ വി എസ്‌ പ്രസംഗിച്ചത്‌. വി എസ്സിന്റെ വാക്കുകള്‍ അന്നൊരു പത്രപ്രവര്‍ത്തകനും അതേപടി പത്രത്തിലേക്ക്‌ പകര്‍ത്തിയില്ല. തന്നെ ആക്ഷേപിച്ചുവെന്ന്‌ ആരോപിച്ച്‌ ദേവദത്ത്‌ ജി പുറക്കാട്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ പരാതി നല്‍കിയതുമില്ല. വി എസ്‌ ഉദ്ദേശിച്ചത്‌ എന്താണെന്ന്‌ എല്ലാവര്‍ക്കും അറിയാമായിരുന്നു. റിപ്പോര്‍ട്ടിംഗ്‌ എന്നതില്‍ പാലിക്കേണ്ട സംയമനത്തെക്കുറിച്ച്‌ പത്രപ്രവര്‍ത്തകര്‍ക്ക്‌ ബോധമുണ്ടായിരുന്നു. അനാവശ്യ വിവാദങ്ങള്‍ സൃഷ്‌ടിക്കലല്ല തങ്ങളുടെ ജോലി എന്ന തിരിച്ചറിവുമുണ്ടായിരുന്നു. ഇത്‌ നഷ്‌ടപ്പെട്ടപ്പോഴാണ്‌ പട്ടി പ്രയോഗത്തെക്കുറിച്ച്‌ വിവാദമുണ്ടായത്‌, അല്ലെങ്കില്‍ വിവാദമുണ്ടാക്കാനുള്ള ഹിന്ദുത്വവാദത്തിന്റെ ശ്രമങ്ങള്‍ക്ക്‌ മാധ്യമങ്ങള്‍ അരു നിന്നു കൊടുത്തത്‌. വി എസ്‌ അച്യുതാനന്ദന്‍ പ്രസംഗത്തിനിടെ നടത്തുന്ന അംഗവിക്ഷേപങ്ങളെ കളിയാക്കാന്‍ ശ്രമിക്കുന്നതും.


ബര്‍ണാഡ്‌ ഷാ പറഞ്ഞത്‌...


കേള്‍ക്കണമെങ്കില്‍ ഇങ്ങനെ തന്നെ പറയണമെന്ന്‌ പറഞ്ഞത്‌ ബര്‍ണാഡ്‌ഷായാണ്‌ എന്ന വാചകം പൂരിപ്പിക്കാതെ പ്രൊഫ. എം എന്‍ വിജയന്‍ കുഴഞ്ഞുവീണു മരിച്ചതും നമുക്കൊരു ആഘോഷമായിരുന്നു. സി പി എമ്മിലെ ഒരു വിഭാഗം നേതാക്കള്‍ക്കെതിരെ പാഠം മാസിക പ്രയോഗിച്ച ഭാഷ ഉചിതമായിരുന്നോ എന്ന ചോദ്യത്തിന്‌ മറുപടി പറഞ്ഞുവരുമ്പോഴാണ്‌ പ്രൊഫ. എം എന്‍ വിജയന്‍ ഈ വാചകം പാതിയില്‍ പറഞ്ഞു നിര്‍ത്തി കടന്നുപോയത്‌. സി പി എമ്മിലെ ഗ്രൂപ്പുപോരില്‍ പാഠത്തെ ന്യായീകരിച്ചവര്‍ തന്നെ മന്ത്രി ജി സുധാകരനെ വാമൊഴി വഴക്കത്തിന്റെ പേരില്‍ ആക്ഷേപിക്കുന്നതും നമ്മള്‍ കണ്ടു. അപ്പോള്‍ കേള്‍ക്കണമെങ്കില്‍ ഇങ്ങനെ തന്നെ പറയണമെന്ന സിന്താദ്ധം ബാധകമായിരുന്നില്ല. എന്തുകൊണ്ട്‌ ഇത്തരം വൈരുദ്ധ്യങ്ങളുണ്ടാവുന്നുവെന്ന ചിന്തക്ക്‌ സ്ഥാനമില്ല. കാരണം മണിക്കൂറുകള്‍ മാത്രം ആയുസ്സുള്ള വിവാദവും അത്‌ ഉണ്ടാക്കാന്‍ ഇടയുള്ള പ്രേക്ഷക സാന്നിധ്യവും അതിലൂടെ പിന്നീട്‌ ലഭിച്ചേക്കാവുന്ന ധനലാഭവും മാത്രമേ മുന്നിലുള്ളൂ. അതിനപ്പുറത്തുള്ള നയ നിലപാടുകളോ, ആശയ ദൃഢതയോ ആവശ്യമില്ലെന്ന തോന്നല്‍ ശക്തമാണ്‌.


അതിന്റെ തുടര്‍ച്ചയാണ്‌ ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പുറത്തുവന്നപ്പോള്‍ ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന പത്രത്തിന്‌ ബാബരി മസ്‌ജിദ്‌ തര്‍ക്ക മന്ദിരമായത്‌. ആരാണ്‌ തര്‍ക്കമുയര്‍ത്തിയത്‌? ആര്‍ക്കാണ്‌ അതുകൊണ്ട്‌ നേട്ടമുണ്ടായത്‌? ആ നേട്ടത്തിന്റെ ഫലമെന്തായിരുന്നു? എന്ന ചോദ്യങ്ങളൊക്കെ അവര്‍ക്ക്‌ അപ്രസക്തമാവുന്നത്‌. ഇത്തരം മാധ്യമങ്ങള്‍ക്ക്‌ സ്വാതന്ത്ര്യാനന്തരം ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രിയായിരുന്ന ഗോവിന്ദ്‌ ബല്ലഭ്‌ പന്തിന്‌ ബാബരി മസ്‌ജിദിനുള്ളില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട്‌ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു അയച്ച സന്ദേശങ്ങള്‍ നഷ്‌ടപ്പെട്ടത്‌ വാര്‍ത്തയാവില്ല. ആ സന്ദേശങ്ങളുമായി കോടതിയില്‍ ഹാജരാവാന്‍ പോയ ഉത്തര്‍ പ്രദേശ്‌ സര്‍ക്കാറിലെ ഉദ്യോഗസ്ഥന്‍ അപകടത്തില്‍ മരിച്ചതില്‍ പിതാവ്‌ ദുരൂഹത ആരോപിക്കുന്നതും വാര്‍ത്തയാവില്ല. അവര്‍ക്ക്‌ സിനിമാ നടിയുടെ ദാമ്പത്യം തകര്‍ച്ചയിലേക്ക്‌ എന്നതായിരിക്കും കൂടുതല്‍ പ്രിയപ്പെട്ട വിഷയം. താരദാമ്പത്യങ്ങളുടെ തകര്‍ച്ചയെക്കുറിച്ച്‌ അവര്‍ ചര്‍ച്ചകള്‍ നടത്തും.


ഇതേ ലാഘവത്തോടെ `ലൗ ജിഹാദ്‌' `റോമിയോ ജിഹാദ്‌' തുടങ്ങി ആസൂത്രിതമായി സൃഷ്‌ടിച്ചെടുത്ത പദാവലികള്‍ പ്രേക്ഷകമനസ്സുകളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കും. പ്രണയം നടിച്ച്‌ മതം മാറ്റാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണം `ലൗ ജിഹാദ്‌' എന്ന രണ്ട്‌ വാക്കുകളിലേക്ക്‌ ചുരുക്കുമ്പോള്‍ അര്‍ഥത്തിലും വ്യാപ്‌തിയിലുമുണ്ടാവുന്ന മാറ്റത്തെക്കുറിച്ച്‌ ആലോചനകള്‍ ആവശ്യമേയില്ല. ഇത്തരം സാമാന്യവത്‌കരണം പൊതുബോധത്തില്‍ സൃഷ്‌ടിക്കാന്‍ ഇടയുള്ള തെറ്റിദ്ധാരണയെക്കുറിച്ച്‌ ചിന്തിക്കേണ്ട ബാധ്യതയുമില്ല. കാരണം, നമ്മള്‍ വണിക്കുകള്‍ മാത്രമാണ്‌, വാര്‍ത്തകള്‍ ചരക്കുകളും. മെച്ചപ്പെട്ട വിപണനത്തെക്കുറിച്ച്‌ മാത്രമേ ആലോചിക്കേണ്ടതുള്ളൂ. അതിന്‌ ഏത്‌ വഴി സ്വീകരിച്ചാലും തെറ്റില്ല എന്നതാണ്‌ സിദ്ധാന്തം. ആ മുന്നേറ്റത്തിനിടെ മുറിവേല്‍ക്കുന്നതാര്‍ക്ക്‌, നേട്ടമുണ്ടാവുന്നതാര്‍ക്ക്‌ എന്നുള്ള കണക്കെടുപ്പൊന്നും സാധ്യമല്ല തന്നെ. സ്‌ക്രീനില്‍ മണിക്കൂറുകളോളം കുഞ്ഞുങ്ങളുടെ ചേതനയറ്റ ശരീരം കാണിക്കുന്നതില്‍ തെല്ലും മനസ്‌താപം തോന്നാത്തത്‌ അതുകൊണ്ടാണ്‌.


സംഭവങ്ങളെ കണ്ണാടിയിലെന്ന പോലെ പ്രതിബംബിക്കുന്നുവെന്ന അവകാശവാദമാണ്‌ മുഴുവന്‍ സമയ ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍ ആരംഭിക്കുമ്പോള്‍ ഉയര്‍ന്ന അവകാശവാദം. എന്നാല്‍ അതിനും ശേഷമാണ്‌ അമേരിക്കന്‍ സൈന്യത്തിനൊപ്പം ചാനല്‍ ക്യാമറകള്‍ സഞ്ചരിച്ച്‌ അവര്‍ക്ക്‌ അനുകൂലമായ വാര്‍ത്തകള്‍ മെനഞ്ഞെടുത്ത്‌ എംബഡഡ്‌ ജര്‍ണലിസം നിലവില്‍ വന്നത്‌. ഇവിടെ സാഹചര്യങ്ങള്‍ വ്യത്യാസമുണ്ടെന്നതേയുള്ളൂ. നമ്മള്‍ എംബഡ്‌ ചെയ്യുന്നത്‌ അരാഷ്‌ട്രീയതയോ തീവ്രവലതുപക്ഷ രാഷ്‌ട്രീയത്തിന്റെ വിത്തുകളോ ആണെന്ന്‌ മാത്രം. അതുകൊണ്ടാണ്‌ സംഘപരിവാര്‍ സംഘടനകള്‍ മുന്നോട്ടുവെക്കുന്ന പദാവലികള്‍ക്ക്‌ വളരെ എളുപ്പത്തില്‍ മാധ്യമങ്ങളില്‍ പ്രയോഗക്ഷമതയുണ്ടാവുന്നത്‌. നാല്‌ മലയാളി യുവാക്കള്‍ കാശ്‌മീരില്‍ കൊല്ലപ്പെട്ടുവെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്ത പുറത്തുവന്നതിന്‌ തൊട്ടുപിറകെ സംസ്ഥാന ആഭ്യന്തര മന്ത്രിയോട്‌ കേരളത്തില്‍ ഭീകരപ്രവര്‍ത്തനം വ്യാപിച്ചതിന്‌ തെളിവല്ലേ ഈ സംഭവം എന്ന്‌ ടെലിവിഷന്‍ വാര്‍ത്താ അവതാരകന്‍ ചോദിക്കുന്നത്‌. ഒറ്റനോട്ടത്തില്‍ ഈ ചോദ്യത്തില്‍ തെറ്റ്‌ പറയാനാവില്ല. പക്ഷേ, ഒന്നും സ്ഥിരീകരിക്കുന്നതിന്‌ മുമ്പ്‌ ഈ ചോദ്യംചോദിക്കുമ്പോള്‍ സംതുലിതമായ മനസ്സല്ല വാര്‍ത്താ അവതാരകന്റേത്‌ എന്നെങ്കിലും സമ്മതിക്കേണ്ടിവരും. അവിടെയാണ്‌ മേത്തനെ തിരഞ്ഞെടുക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തിയവരുണ്ടായിരുന്നു എന്നതിന്റെ പ്രസക്തി.


എന്തിന്റെ കയ്യാള്‍


രണ്ട്‌ പ്രവണതകള്‍ സമാന്തരമായി സഞ്ചരിക്കുന്നുണ്ട്‌. ഒന്ന്‌ ജനപിന്തുണയുള്ള രാഷ്‌ട്രീയ നേതാക്കളെ അവരുടെ പ്രവര്‍ത്തന ചരിത്രത്തില്‍ നിന്ന്‌ വേര്‍തിരിച്ച്‌ ഇന്നലെ നടന്ന സംഭവങ്ങളുടെ പേരില്‍ അപഹസിക്കാനുള്ള (വിമര്‍ശിക്കലല്ല) ശ്രമം. മറ്റൊന്ന്‌ തീവ്ര വലതുപക്ഷ ആശയങ്ങളുടെ ആസൂത്രിതവും സമര്‍ഥവുമായ പ്രചാരണം. വി എസ്‌ അച്യുതാനന്ദനോ ജി സുധാകരനോ മാത്രമല്ല, എ കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും ഒക്കെ അപഹസിക്കപ്പെടുന്നുണ്ട്‌. നയനിലപാടുകളുടെ അടിസ്ഥാനത്തിലുള്ള വിമര്‍ശനമോ കുറ്റപ്പെടുത്തലോ ആല്ല, പരിപൂര്‍ണമായ അപഹാസം തന്നെ. സാമ്പത്തികമായി ഇടത്തരക്കാരോ, കൂടുതല്‍ സമ്പത്ത്‌ സമാഹരിച്ചുകൊണ്ടിരിക്കുന്ന ഇടത്തരക്കാരോ ആണ്‌ ഭൂരിഭാഗം പ്രേക്ഷകര്‍, അല്ലെങ്കില്‍ വായനക്കാര്‍. അവന്‌ താത്‌പര്യമുള്ള വിഭവമാണെങ്കിലേ കച്ചവടം നടക്കൂ. അതിന്‌ ഏറ്റവും ഗുണകരമായത്‌ അരാഷ്‌ട്രീയതയോ തീവ്രവലതുപക്ഷ ആശയങ്ങളോ ആണെന്ന തിരിച്ചറിവില്‍ നിന്നാണ്‌ ഇത്തരം അപഹസിക്കലുകളും ലൗ ജിഹാദ്‌ പോലുള്ള പദാവലികളുടെ പ്രചാരണവും ഉണ്ടാവുന്നത്‌. അരാഷ്‌ട്രീയതയുടെ പൂരകവസ്‌തുവായി തീവ്രവലതുപക്ഷ ആശയങ്ങള്‍ മാറുകയും ചെയ്യുന്നു.


1980ല്‍ ഭാരതീയ ജനതാ പാര്‍ട്ടി എന്ന പുതിയ നാമം സ്വീകരിച്ച്‌ പ്രവര്‍ത്തനം തുടങ്ങിയവര്‍ ഏറ്റവും ആദ്യം നേട്ടമുണ്ടാക്കിയത്‌ നഗര മേഖലകളിലായിരുന്നു. മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍, മാംഗ്ലൂര്‍, ഭോപ്പാല്‍ തുടങ്ങിയ ഇടത്തരക്കാരുടെ നഗര മേഖലയില്‍. ഗ്രാമങ്ങളില്‍ ഇപ്പോഴും ബി ജെ പിക്ക്‌ ശക്തിയാര്‍ജിക്കാനായിട്ടില്ലെന്ന്‌ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോലും തെളിഞ്ഞിട്ടുമുണ്ട്‌.