2009-12-04

മുതിര്‍ന്നവരുടെ കുട്ടിക്കളികള്‍


കലാലയ രാഷ്‌ട്രീയത്തിന്റെ ആവശ്യകത സംബന്ധിച്ച്‌ കേരളത്തില്‍ സജീവ ചര്‍ച്ച തുടങ്ങിയിട്ട്‌ ഒരു ദശാബ്‌ധത്തിലേറെയായി. കലാലയ രാഷ്‌ട്രീയം നിരോധിക്കണമെന്ന്‌ ആവശ്യപ്പെടുന്ന ശക്തമായ ചേരി നിലവിലുണ്ട്‌. ഇവര്‍ നടത്തിയ നിയമ നടപടികളുടെ ഫലമായി വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തപ്പെട്ടു. സ്‌കൂളുകളില്‍ സംഘടനകളെ അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ്‌ നടത്തുന്നത്‌ കോടതി നിരോധിക്കുന്നിടം വരെ കാര്യങ്ങളെത്തി. നിരോധം നിലവിലുണ്ടെങ്കിലും സ്‌കൂള്‍ പാര്‍ലിമെന്റ്‌ തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ എസ്‌ എഫ്‌ ഐയും കെ എസ്‌ യും മറ്റും വിജയത്തിന്റെ കണക്കുകളുമായി രംഗത്തുവരാറുമുണ്ട്‌.


കലാലയ രാഷ്‌ട്രീയവും സംഘടനാ സ്വാതന്ത്ര്യവും ഉറപ്പാക്കണമെന്ന്‌ ആവശ്യപ്പെടുന്ന ചേരിയും സുശക്തമാണ്‌. ജനാധിപത്യ സമ്പ്രദായം, തിരഞ്ഞെടുപ്പ്‌ രീതി, ഭരണക്രമം എന്നിവ സംബന്ധിച്ച്‌ പുതിയ തലമുറക്ക്‌ വിവരങ്ങള്‍ പകര്‍ന്നു നല്‍കാന്‍ കലാലയ രാഷ്‌ട്രീയം അനിവാര്യമാണെന്ന്‌ ഇവര്‍ വാദിക്കുന്നു. രാജ്യത്തിന്റെ സമ്പന്ന രാഷ്‌ട്രീയ പാരമ്പര്യത്തെക്കുറിച്ചുള്ള ജ്ഞാനം പകര്‍ന്നു നല്‍കാനും ഇത്‌ ആവശ്യമാണെന്നും വാദമുണ്ട്‌. ഇതൊക്കെ നടക്കുന്നുണ്ടോ എന്ന്‌ ചോദിച്ചാല്‍ ഉണ്ട്‌ എന്ന്‌ ഉറപ്പിച്ചു പറയാന്‍ കഴിയില്ല.


രാഷ്‌ട്രീയ സ്വാതന്ത്ര്യത്തെക്കുറിച്ച്‌ വാദിക്കുന്ന വിദ്യാര്‍ഥി സംഘടനകളില്‍ ആഭ്യന്തര ജനാധിപത്യം നിലനില്‍ക്കുന്നുണ്ടോ എന്ന മറു ചോദ്യം എതിര്‍പക്ഷം ഉന്നയിക്കാറുണ്ട്‌. ഓരോ വര്‍ഷവും യൂനിറ്റ്‌ മുതല്‍ സംസ്ഥാന തലം വരെ സമ്മേളനങ്ങള്‍ നടത്തുന്നത്‌ രീതിയാക്കിയ എസ്‌ എഫ്‌ ഐക്ക്‌ മറുപടി പറയാന്‍ ബുദ്ധിമുട്ടുണ്ടാവാറില്ല. കേരളത്തിലെ രണ്ടാമത്തെ വലിയ വിദ്യാര്‍ഥി പ്രസ്ഥാനവും നാഷനല്‍ സ്റ്റുഡന്‍സ്‌ യൂനിയന്റെ (ഇന്ദിരാഗാന്ധി) സംസ്ഥാന ഘടകവുമായ കെ എസ്‌ യുവിന്‌ ഇക്കാര്യത്തില്‍ മറുപടി എളുപ്പമായിരുന്നില്ല. കാരണം 21 വര്‍ഷമായി സംഘടനാ തിരഞ്ഞെടുപ്പ്‌ എന്നത്‌ നടന്നിരുന്നില്ല. ഇപ്പോള്‍ എന്‍ എസ്‌ യുവിന്റെയും യൂത്ത്‌ കോണ്‍ഗ്രസിന്റെയും സംഘടനാ ചുമതല രാഹുല്‍ ഗാന്ധി ഏറ്റെടുത്തതിന്‌ ശേഷം തിരഞ്ഞെടുപ്പ്‌ നടത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്‌. അതിന്റെ ഭാഗമായി കെ എസ്‌ യുവിലെ തിരഞ്ഞെടുപ്പ്‌ സമംഗളം പൂര്‍ത്തിയായി.


സംഘടനാ സംവിധാനം ശക്തമാക്കുന്നതിന്‌ സുതാര്യവും ജനാധിപത്യപരവുമായ തിരഞ്ഞെടുപ്പ്‌ എന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഉദ്ദേശ്യം. കഴിവും ബുദ്ധിയും നേതൃപാടവവുമുള്ളവര്‍ നേതൃത്വത്തിലേക്ക്‌ എത്താന്‍ ഈ സമ്പ്രദായം വഴിയൊരുക്കുമെന്ന പ്രതീക്ഷ. വിദ്യാര്‍ഥി സംഘടനകള്‍ മാത്രമല്ല, മറ്റ്‌ രാഷ്‌ട്രീയ, സാമുഹിക സംഘടനകള്‍ക്കുമൊക്കെ സ്വീകരിക്കാവുന്ന/ സ്വീകരിക്കേണ്ട മാര്‍ഗം.


രാഹുല്‍ പ്രതീക്ഷിച്ചത്ര സുതാര്യമായി കെ എസ്‌ യുവിലെ തിരഞ്ഞെടുപ്പ്‌ നടന്നോ എന്നത്‌ സംശയമാണ്‌. സംസ്ഥാന കോണ്‍ഗ്രസിലെ മാറുന്ന ഗ്രൂപ്പ്‌ സമവാക്യങ്ങള്‍ക്ക്‌ അനുസരിച്ചായിരുന്നു തിരഞ്ഞെടുപ്പ്‌ എന്നത്‌ ഏറെക്കുറെ വ്യക്തമാണ്‌. ദുര്‍ബലമായ ഗ്രൂപ്പിന്റെ പിന്‍ബലമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും കെ പി സി സി പ്രസിഡന്റായ ശേഷം രമേശ്‌ ചെന്നിത്തല ഹൈക്കമാന്‍ഡില്‍ നേടിയെടുത്ത സ്വാധീനം ശക്തമാണ്‌. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പ്‌ അതൃപ്‌തരാണ്‌. യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റായിരുന്ന സിദ്ദിഖിനെ മാറ്റിയതും പിന്നീട്‌ ഉമ്മന്‍ ചാണ്ടിയുടെ പ്രതിഷേധത്തെത്തുടര്‍ന്ന്‌ തിരികെ നിയമിച്ചതുമൊക്കെ അതൃപ്‌തി വര്‍ധിപ്പിക്കുകയും ചെയ്‌തു. ഈ സാഹചര്യത്തില്‍ കെ എസ്‌ യു തിരഞ്ഞെടുപ്പ്‌ തങ്ങളുടെ ഗ്രൂപ്പിന്റെ ശക്തി തെളിയിക്കാനുള്ള മാര്‍ഗമായി എ ഗ്രൂപ്പ്‌ കണ്ടിരുന്നു. അതില്‍ അവര്‍ വിജയിക്കുകയും ചെയ്‌തുവെന്നതാണ്‌ ഫലം സൂചിപ്പിക്കുന്നത്‌. വരാനിരിക്കുന്ന ഗ്രൂപ്പ്‌ രാഷ്‌ട്രീയത്തിന്റെ മുന്നൊരുക്കമായി കെ എസ്‌ യു തിരഞ്ഞെടുപ്പിനെ വ്യാഖ്യാനിക്കുകയും ചെയ്യാം.


ഗ്രൂപ്പ്‌ രാഷ്‌ട്രീയത്തിന്റെ തലത്തില്‍ നിന്ന്‌ സംഘടനാ തലത്തിലേക്ക്‌ കടന്നാല്‍ ഈ തിരഞ്ഞെടുപ്പുകള്‍ മറ്റു ചില പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്‌. ഫൗണ്ടേഷന്‍ ഫോര്‍ അഡ്വാന്‍സ്‌ഡ്‌ മാനേജ്‌മെന്റ്‌ ഓഫ്‌ ഇലക്‌ഷന്‍സ്‌ (എഫ്‌ എ എം ഇ - ഫെയിം) എന്ന സ്വകാര്യ സംഘടനയാണ്‌ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത്‌. മുന്‍ മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മീഷണര്‍മാര്‍ ചേര്‍ന്ന്‌ രൂപവത്‌കരിച്ച സംഘടനയാണ്‌ ഫെയിം. ഈ സംഘടനക്ക്‌ പണം കൊടുത്ത്‌ തിരഞ്ഞെടുപ്പ്‌ നടത്തിക്കുകയാണ്‌ രാഹുല്‍ ചെയ്യുന്നത്‌. യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കളെ കണ്ടെത്താന്‍ അഭിമുഖ പരീക്ഷ നടത്തിയതിന്‌ ശേഷമുള്ള രാഹുലിന്റെ പരീക്ഷണങ്ങളിലൊന്ന്‌. പാര്‍ട്ടിക്ക്‌ കീഴിലുള്ള വിദ്യാര്‍ഥി സംഘടനയുടെ തിരഞ്ഞെടുപ്പ്‌ സ്വകാര്യ ഏജന്‍സിക്ക്‌ കരാര്‍ കൊടുത്ത്‌ നടത്തേണ്ടി വരുന്നത്‌ കോണ്‍ഗ്രസ്‌ എന്ന വലിയ പ്രസ്ഥാനത്തിന്‌ ഒട്ടൊക്കെ അപമാനകരമാണ്‌.


രാഷ്‌ട്രീയ സംഘടന `പ്രൊഫഷണലി മാനേജ്‌' ചെയ്യപ്പെടുന്ന ഒന്നായി മാറണമെന്ന സങ്കല്‍പ്പത്തിന്റെ തുടക്കത്തിലുള്ള പ്രക്രിയകളായി ഇതിനെ കാണണം. സാമൂഹികമായ കാഴ്‌ചപ്പാടുകളുടെ അടിസ്ഥാനത്തില്‍ വളര്‍ന്നുവരേണ്ട രാഷ്‌ട്രീയ ബോധത്തെ കോര്‍പ്പറേറ്റ്‌വത്‌കരിക്കുന്നതിന്റെ ആദ്യപടികള്‍. നിലപാടുകളുടെയും ആശയങ്ങളുടെയും അടിസ്ഥാനത്തില്‍ നേതാക്കള്‍ ഉയര്‍ന്നുവരേണ്ടതിന്‌ പകരം സംഘടനക്ക്‌ പുറമെ നിന്നുള്ള ഏജന്‍സി നിര്‍ദേശിക്കുന്ന വ്യവസ്ഥകള്‍ പാലിക്കുന്നവര്‍ നേതൃനിരയില്‍ എത്തുന്ന സ്ഥിതി. മാത്രവുമല്ല, പാര്‍ട്ടിക്കുള്ളിലെ തിരഞ്ഞെടുപ്പ്‌ സ്വയം നടത്താന്‍ കഴിയാത്ത സംഘടന എന്ന പേരുദോഷം പുറമെയും. ഇവര്‍ എങ്ങനെയാണ്‌ മറ്റ്‌ വിദ്യാര്‍ഥികളെ രാഷ്‌ട്രീയമായി നയിക്കാന്‍ യോഗ്യരാവുക എന്ന്‌ ചോദിച്ചാല്‍ ഉത്തരം...?


എന്‍ എസ്‌ യുവിന്‌ പ്രത്യേകിച്ച്‌ ഭരണഘടനയൊന്നുമുള്ളതായി അറിവില്ല. എന്നാല്‍ അതല്ല കെ എസ്‌ യുവിന്റെ സ്ഥിതി. സ്വന്തമായ ഭരണഘടനയും തിരഞ്ഞെടുപ്പ്‌ മാനദണ്ഡങ്ങളുമൊക്കെയുണ്ട്‌. യൂനിറ്റ്‌ മുതല്‍ സംസ്ഥാന തലം വരെ നേതൃഘടന എങ്ങനെയാണെന്നൊക്കെ നിര്‍വചിച്ചിട്ടുണ്ട്‌. ഈ ഘടനപോലും മാറ്റാന്‍ ഫെയിമിന്‌ സ്വാതന്ത്ര്യം ലഭിച്ചു. പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌, ട്രഷറര്‍ പദവികളിലേക്ക്‌ തിരഞ്ഞെടുപ്പ്‌ നടത്തണമെന്നാണ്‌ ഭരണഘടന നിര്‍ദേശിക്കുന്നത്‌. തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റ്‌ സഹപ്രവര്‍ത്തകരുമായി കൂടിയാലോചിച്ച്‌ ജനറല്‍ സെക്രട്ടറിമാരെയും എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളെയും നിശ്ചയിക്കും. സംഘടനയുടെ ജില്ലാ പ്രസിഡന്റുമാര്‍ എക്‌സിക്യൂട്ടീവില്‍ അംഗങ്ങളായിരിക്കും. ഓരോ പ്രദേശത്തെയും പ്രതിനിധികള്‍ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയിലുണ്ടാവും. അതാതിടത്തെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ അവര്‍ക്ക്‌ സാധിക്കുകയും ചെയ്യും. സജീവമായ ഒരു രാഷ്‌ട്രീയ സംവിധാനത്തിന്റെ ചെറു രൂപമായിരുന്നു ഇത്‌. എന്നാല്‍ ഫെയിം നല്‍കിയ മാനദണ്ഡപ്രകാരം പ്രസിഡന്റ്‌ സ്ഥാനത്തേക്കും ദേശീയ സമ്മേളന പ്രതിനിധിയെ കണ്ടെത്താനും മാത്രമാണ്‌ തിരഞ്ഞെടുപ്പ്‌.


എല്ലാവരും പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഏറ്റവും കൂടുതല്‍ വോട്ട്‌ കിട്ടുന്നയാള്‍ പ്രസിഡന്റ്‌. തൊട്ടുപിറകിലുള്ളയാള്‍ വൈസ്‌ പ്രസിഡന്റ്‌. തുടര്‍ന്ന്‌ വോട്ടുകളുടെ എണ്ണമനുസരിച്ച്‌ ആറ്‌ ജനറല്‍ സെക്രട്ടറിമാരും രണ്ട്‌ ദേശീയ സമ്മേളന പ്രതിനിധികളും. ഇത്‌ ഏത്‌ ജനാധിപത്യ സമ്പ്രദായത്തിലെ രീതിയാണെന്ന്‌ അറിയില്ല. പക്ഷേ, പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കുന്നവരില്‍ ഒമ്പത്‌ പേര്‍ക്ക്‌ സ്ഥാനങ്ങള്‍ ലഭിക്കും. മത്സരിക്കാന്‍ മുന്നില്‍ നില്‍ക്കുന്നവര്‍ക്കെല്ലാം സ്ഥാനങ്ങളുണ്ടാവുമെന്നതിനാല്‍ അതൃപ്‌തി അത്രയും കുറയുമായിരിക്കും.


ഫെയിമിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച്‌ തിരഞ്ഞെടുപ്പ്‌ നടത്തുമ്പോള്‍ സ്വന്തം ഭരണഘടന എന്നത്‌ വെറും കടലാസ്‌ കഷണം മാത്രമാണെന്ന്‌ അല്‍പ്പം ബുദ്ധിയുള്ള കെ എസ്‌ യുക്കാര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റം പറയാനാവില്ല. ഫെയിമിന്റെ നിര്‍ദേശങ്ങള്‍ എന്‍ എസ്‌ യു നേതൃത്വം അംഗീകരിച്ചുവെന്നും അതിന്റെ പോഷക സംഘടനയായതിനാല്‍ തങ്ങളും അംഗീകരിക്കുന്നുവെന്നും കെ എസ്‌ യു നേതാക്കള്‍ക്ക്‌ വാദിക്കാം. പക്ഷേ, അതാണോ രാഷ്‌ട്രീയവും സംഘടനാപരവുമായ പഠന മാതൃക? ഫെയിമിന്റെ നിര്‍ദേശങ്ങള്‍ എന്‍ എസ്‌ യു അംഗീകരിച്ചതിനാല്‍ കെ എസ്‌ യുവിന്റെ നേതൃയോഗം വിളിച്ചു ചേര്‍ത്ത്‌ സംഘടനയുടെ ഭരണഘടന ഭേദഗതി ചെയ്‌ത്‌ തിരഞ്ഞെടുപ്പിന്റെ രീതി മാറ്റി എഴുതണമായിരുന്നു. അതിനൊന്നും മിനക്കെടാതിരിക്കുമ്പോള്‍ ഭരണഘടനക്ക്‌ അതിന്റെ നേതാക്കളും അവര്‍ക്ക്‌ മാര്‍ഗ നിര്‍ദേശം നല്‍കുന്ന വലിയ നേതാക്കളും നല്‍കുന്ന വില എന്തെന്ന്‌ എളുപ്പത്തില്‍ മനസ്സിലാവും.


ഭാവി തലമുറയെ രാഷ്‌ട്രീയ, സംഘടനാ രീതികള്‍ പഠിപ്പിക്കുക എന്ന വലിയ ദൗത്യത്തിന്‌ ചേര്‍ന്ന രീതി ഭരണഘടന ഭേദഗതി ചെയ്യുന്നതിന്‌ നടപടികള്‍ സ്വീകരിക്കുക എന്നത്‌ തന്നെയായിരുന്നു. സംഘടനയുടെ അടിസ്ഥാന ലിഖിതത്തിന്‌ വില കല്‍പിക്കപ്പെടാതിരിക്കുമ്പോള്‍ കെ എസ്‌ യു എന്നത്‌ വലിയൊരു ആള്‍ക്കൂട്ടം മാത്രമാവും. സംഘടനയുടെ ലക്ഷ്യങ്ങള്‍ക്കനുസരിച്ചുള്ള പ്രവര്‍ത്തനം ഈ ആള്‍ക്കൂട്ടത്തില്‍ നിന്ന്‌ പ്രതീക്ഷിക്കാനുമാവില്ല. ഭരണഘടനക്കും രാജ്യത്തെ നിയമ സംവിധാനങ്ങള്‍ക്കുമൊന്നും വലിയ പ്രസക്തിയില്ലെന്ന്‌ കോണ്‍ഗ്രസും അവരുടെ കേന്ദ്ര സര്‍ക്കാറും തെളിയിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്‌ കെ എസ്‌ യുവില്‍ ഇതിനൊക്കെ എന്ത്‌ പ്രസക്തി. ഡോ. മന്‍മോഹന്‍ പാര്‍ലിമെന്റിലും മന്ത്രിസഭയിലും ആലോചിച്ചാണോ എല്ലാം ചെയ്യുന്നത്‌. പുറത്തുള്ള ഏജന്‍സി പറയുന്നു; അദ്ദേഹം അനുസരിക്കുന്നു. മൂന്ന്‌ പ്രതിരോധ കരാറുകളില്‍ ഒപ്പിടണമെന്ന്‌ അമേരിക്ക പറഞ്ഞപ്പോള്‍ അദ്ദേഹം അത്‌ അനുസരിച്ചത്‌ നാം കണ്ടതാണ്‌. ഇറാനെതിരെ ഐ എ ഇ എയില്‍ വോട്ട്‌ ചെയ്‌തതും അങ്ങിനെതന്നെയല്ലേ. അപ്പോള്‍ പിന്നെ ഫെയിമിന്റെ നിര്‍ദേശം കെ എസ്‌ യു സ്വീകരിച്ചതില്‍ തെറ്റൊന്നുമില്ല തന്നെ. പുതിയ കാലത്തിന്റെ രാഷ്‌ട്രീയം അതാണ്‌, അതുതന്നെയാണ്‌ പുതുതലമുറയെ പഠിപ്പിക്കേണ്ടതും.


ഇതൊക്കെയാണെങ്കിലും 21 വര്‍ഷത്തിനു ശേഷം കെ എസ്‌ യുവില്‍ തിരഞ്ഞെടുപ്പ്‌ നടന്നുവെന്നതിന്റെ വലുപ്പം കുറയുന്നില്ല. സ്വകാര്യ സുരക്ഷാ ഭടന്‍മാരെ കാവല്‍ നിര്‍ത്തി തിരഞ്ഞെടുപ്പ്‌ വലിയ കശപിശയൊന്നും കൂടാതെ നടത്തി എന്നതില്‍ ഫെയിമിന്റെ ഭാരവാഹികള്‍ക്ക്‌ അഭിമാനിക്കാം. സംഘടനാ തിരഞ്ഞെടുപ്പ്‌ നടത്താന്‍ എ ഐ സി സി നിയോഗിച്ചയാളെ തല്ലിയോടിച്ച ചരിത്രമുണ്ട്‌ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക്‌. അവരുടെ പിന്‍ഗാമികളെ വരിനിര്‍ത്തി വോട്ട്‌ ചെയ്യിച്ച്‌ ഫലം പ്രഖ്യാപിക്കുക എന്നത്‌ ചെറിയ കാര്യമല്ല തന്നെ.

3 comments:

  1. ജനധിപത്യമെന്നു കേട്ടാല്‍ മന്മോഹനു ഫോബിയ ആണു...ആണവകരാര്‍ ഒപ്പിടുന്നതിനു മുന്ന്‍പ് പാര്‍‌ളമെന്റില്‍ ചര്‍ച്ചചെയ്യണമെന്നു കേട്ടപ്പോള്‍ പുള്ളി ഞെട്ടിപ്പോയി. ഫ്യൂഡല്‍ സമ്പ്രദായം കാലഹരണപ്പെട്ടതൊന്നും പുള്ളി അറിഞ്ഞിട്ടില്ല, കാണുന്നിടത്തൊക്കെ ഒപ്പിടാന്‍ പറഞ്ഞാല്‍ , ഒന്നു മതിയോ, അതോ രണ്ടു വേണോ എന്നു ചോദിക്കുന്ന ടീം. അതിലെഴുതിയിരിക്കുന്നത് സ്വന്തം തറവാട്ട് തീറെഴുതി കൊടുക്കാന്‍ പോന്നതായാലും പുള്ളി അറിയില്ല . ഇലക്ഷനെന്നു കേട്ടാല്‍ പുള്ളിയെ പിന്നെ മഷിയിട്ടു നോക്കണം. എല്ലാം കഴിയുമ്പോള്‍ പൊങ്ങും !! രാഹുല്‍ ഗാന്ധിക്കു ജനാധിപത്യം വേണമെന്നു മനസ്സിലായി, പക്ഷെ അതെന്തിനാണെന്നു മനസ്സിലാക്കിക്കൊടുക്കാന്‍ ആ പാര്‍ട്ടിക്കുള്ളില്‍ ആരെങ്കിലും കാണുമോ എന്നു സംശയമാണു

    ReplyDelete
  2. തിര്‍ഞ്ഞെടുപ്പില്‍ ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങള്‍ ഉണ്ടായിരുന്നോ ആവോ?

    ReplyDelete
  3. പുറത്തുള്ള ഏജന്‍സി പറയുന്നു; അദ്ദേഹം അനുസരിക്കുന്നു.
    അതാണ്‌ അതിന്റെ ശരി പാര്‍ലമെന്റില്‍ പറഞ്ഞതൊന്നു അമേരിക്കയില്‍ പോയി ചെയ്തത് മറ്റൊന്ന് .വിധേയത്വം ഇരന്നു വാങ്ങുന്ന ഒരു പ്രധാനമന്ത്രി ഒരു പക്ഷേ ഇഡ്യയില്‍ മാത്രമേകാണു .കെ .എസ. യുവില്‍ അണികളില്ലല്ലോ നേതാക്കളല്ലേയുള്ളൂ പത്ത് പേര്‍ക്ക് ഒരു ഗ്രൂപ്പ്

    ReplyDelete