തടിയന്റവിട നസീര്‍ - കോഴിക്കോട്ടെയും എറണാകുളത്തെയും സ്‌ഫോടനങ്ങളുടെയും ഭീകരവാദവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഇതിനകം നടന്നുവെന്ന് പറയുന്ന പ്രവര്‍ത്തനങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് കരുതുന്ന യുവാവ്. ഇതുവരെ കേട്ട കഥകളില്‍ പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലശ്‌കറെ ത്വയ്യിബ എന്ന ഭീകര പ്രസ്ഥാനത്തിന്റെ ദക്ഷിണേന്ത്യന്‍ കമാന്‍ഡറായിരുന്നു നസീര്‍. അമേരിക്കയില്‍ അറസ്റ്റിലായ ഡേവിഡ് ഹെഡ്‌ലിയുടെ മൊഴിയനുസരിച്ച് ബംഗ്ലാദേശ് പോലീസ് അറസ്റ്റ ്‌ചെയ്‌ത ഹര്‍ക്കത്തുല്‍ ജിഹാദി ഇസ്‌ലാമി എന്ന ഭീകര സംഘടനയുടെ നേതാവില്‍ നിന്ന് ലഭിച്ച മൊഴിയനുസരിച്ചാണ് നസീറിനെ പിടികൂടിയതെന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ ഈ കണ്ണൂര്‍ക്കാരന്റെ `വലിപ്പം' വര്‍ധിച്ചിരിക്കുന്നു.
കളമശ്ശേരിയില്‍ ബസ്സ് കത്തിച്ചും കോഴിക്കോട് ബസ് സ്റ്റാന്‍ഡിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ സ്‌ഫോടനം നടത്തിയും നടന്നയാളല്ല, മറിച്ച് ഭീകരവാദത്തിന്റെ അന്താരാഷ്‌ട്ര ശൃംഖലയിലെ കണ്ണിയാണ്. ഇയാള്‍ക്കെതിരെ കേരളത്തില്‍ എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നാണ് ഔദ്യോഗിക വിവരം. ബംഗളുരു നഗരത്തിന്റെ പല ഭാഗങ്ങളില്‍ സ്‌ഫോടനം നടത്തിയതുമായി ബന്ധപ്പെട്ട് കര്‍ണാടക പോലീസ് രജിസ്റ്റര്‍ ചെയ്‌ത കേസ് ഇതിനേക്കാളൊക്കെ വലുതാണ്. അതുകൊണ്ടാണ്, ഇന്ത്യന്‍ രേഖകള്‍ പ്രകാരം മേഘാലയ അതിര്‍ത്തിയില്‍ വെച്ച് അറസ്റ്റിലായ നസീറിനെ ചോദ്യം ചെയ്യുന്നതിനായി ബംഗളൂരുവിലേക്ക് കൊണ്ടുവന്നത്. കേരളം, ഗുജറാത്ത്, കാശ്‌മീര്‍ സംസ്ഥാനങ്ങളിലെ പോലീസ് ഇയാളെ ചോദ്യം ചെയ്യുന്നതിനായി വരിയിലുണ്ട്.
ഇത്തരമൊരു അന്താരാഷ്‌ട്ര സിനാരിയോ നിലനില്‍ക്കുമ്പോഴാണ് ബംഗളുരുവിലേക്ക് നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ സംബന്ധിച്ച് കേരളത്തില്‍ തര്‍ക്കമുയരുന്നത്. കളമശ്ശേരി ബസ്സ് കത്തിക്കല്‍ കേസില്‍ മഅ്‌ദനിയെയും ഭാര്യ സൂഫിയയെയും രക്ഷിച്ചെടുക്കാന്‍ സി പി എമ്മും സംസ്ഥാന സര്‍ക്കാറും ബോധപൂര്‍വം ഉത്തര മേഖലാ ഐ ജി ടോമിന്‍ തച്ചങ്കരിയെ ബംഗളൂരു ദൗത്യം ഏല്‍പ്പിക്കുകയായിരുന്നുവെന്നാണ് യുവമോര്‍ച്ച നേതാവ് കെ സുരേന്ദ്രന്‍ ആരോപിച്ചത്. ഇരുപത്തിനാല് മണിക്കൂറിനപ്പുറം യു ഡി എഫ് കണ്‍വീനറും കോണ്‍ഗ്രസ് നേതാവുമായ പി പി തങ്കച്ചന്‍ ഇതേ ആരോപണം ആവര്‍ത്തിച്ചു. വീണ്ടുമൊന്ന് രാവെളുത്തപ്പോള്‍ തച്ചങ്കരിയെ നിയോഗിച്ചത് സര്‍ക്കാറിന്റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി അച്യുതാനന്ദന്‍ തന്നെ പറഞ്ഞു. ഉദ്യോഗസ്ഥനെ അയച്ചത് ആഭ്യന്തര വകുപ്പാണെന്ന് മന്ത്രി കോടിയേരി ബാലകൃഷ്‌ണനും. ഭീകരവാദത്തേക്കാള്‍ വലിയ സംഭവം ഉദ്യോഗസ്ഥനെച്ചൊല്ലിയുള്ള തര്‍ക്കമായി മാറാന്‍ ഇതിലപ്പുറം ഒന്നും ആവശ്യമില്ല തന്നെ.
കേരള പോലീസില്‍ നല്ല പേരുള്ള ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ ഉത്തരമേഖലാ ഐ ജിയായി പ്രവര്‍ത്തിക്കുന്ന ടോമിന്‍ തച്ചങ്കരിയെന്ന് സി പി എമ്മുകാര്‍ പോലും പറയില്ല. സര്‍വീസില്‍ കയറിയ കാലം മുതല്‍ വിവാദങ്ങള്‍ ഇദ്ദേഹത്തിന്റെ അകമ്പടിയായുണ്ടായിരുന്നു. പോലീസ് ഉദ്യോഗസ്ഥനായിരിക്കെ തന്നെ സ്റ്റുഡിയോ നടത്തുകയും മ്യൂസിക് ആല്‍ബം നടത്തുകയും ചെയ്‌തു. വ്യാജ സി ഡി കണ്ടെത്താന്‍ നിയോഗിക്കപ്പെട്ട പോലീസ് സംഘം ഇദ്ദേഹത്തിന്റെ സ്റ്റുഡിയോയില്‍ പരിശോധന നടത്തിയത് തര്‍ക്കങ്ങള്‍ക്ക് കാരണമായിരുന്നു. രാഷ്‌ട്രീയ പാര്‍ട്ടികളുടെ നേതൃത്വവുമായി, പ്രത്യേകിച്ച് സി പി എമ്മിന്റെ, ഈ ഉദ്യോഗസ്ഥനുള്ള അടുപ്പം പരസ്യമാണ്. മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാനുള്ള താത്‌പര്യവും പ്രസിദ്ധം.
ഒമ്പതു വര്‍ഷം മുമ്പ് പാലക്കാട് ജില്ലയിലെ വാളയാര്‍ കാടുകളില്‍ വീരപ്പനു വേണ്ടി നടന്ന മാസങ്ങള്‍ നീണ്ട തിരച്ചിലിനിടെ പ്രാദേശിക, ദേശീയ മാധ്യമങ്ങളില്‍ അന്ന് അവിടെ സൂപ്രണ്ടായിരുന്ന ടോമിന്‍ ജെ തച്ചങ്കരി നിറഞ്ഞു നിന്നത് ഓര്‍മയിലുണ്ട്. പിണറായി വിജയന്റെതെന്ന വ്യാജേന ഒരു വീടിന്റെ ചിത്രം ഇ മെയില്‍ വഴി പ്രചരിച്ച കേസില്‍ പ്രതികളെ പിടികൂടാന്‍ ഇദ്ദേഹം പ്രത്യേക താത്‌പര്യമെടുത്തത് അടുത്തിടെ ശ്രദ്ധേയമായിരുന്നു. ഇപ്പോള്‍ സംശയമുന്നയിക്കുന്ന യു ഡി എഫ് അധികാരത്തിലിരിക്കുമ്പോഴും തച്ചങ്കരി കേരള സര്‍വീസിലുണ്ടായിരുന്നു. അന്നുവരെ നിലവിലുണ്ടായിരുന്ന സംശയങ്ങളുടെ പേരില്‍ യു ഡി എഫ് സര്‍ക്കാര്‍ എന്തെങ്കിലും നടപടി അദ്ദേഹത്തിനെതിരെ സ്വീകരിച്ചതായി അറിവില്ല. കാലാകാലങ്ങളില്‍ നല്‍കേണ്ട ശമ്പള വര്‍ധനയും സ്ഥാനക്കയറ്റവും അനുവദിച്ചിട്ടുമുണ്ട്. ഈ പശ്ചാത്തലത്തില്‍വേണം യുവമോര്‍ച്ച നേതാവും യു ഡി എഫ് കണ്‍വീനറുമുന്നയിച്ച ആരോപണങ്ങളെയും അതിന് മുഖ്യമന്ത്രി നല്‍കിയ ഭാഗിക അംഗീകാരത്തെയും കാണാന്‍.
മുബൈ ഭീകരാക്രമണത്തിന് ശേഷം ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ കാതലായ മാറ്റം കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് കൊണ്ടുവന്നിട്ടുണ്ട്. അതിലേറ്റവും പ്രധാനം നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ എന്ന ഏജന്‍സിയുടെ (എന്‍ ഐ എ) രൂപവത്‌കരണമാണ്. രാജ്യത്തെവിടെ ഭീകരവാദവുമായി ബന്ധപ്പെട്ട കേസുണ്ടോ അതിനെക്കുറിച്ചുള്ള വിവരങ്ങളെല്ലാം എന്‍ ഐ എയെ അറിയിച്ചിരിക്കണമെന്നാണ് വ്യവസ്ഥ. കഴിഞ്ഞ ദിപാവലിയുടെ തലേന്ന് മഡ്‌ഗാവിലുണ്ടായ സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ വിവരങ്ങള്‍ കൃത്യമായി അറിയിക്കാത്തതിന് ഗോവ ചീഫ് സെക്രട്ടറിയോട് എന്‍ ഐ എ വിശദീകരണം തേടിയത് കഴിഞ്ഞ ദിവസമാണ്. അത്രയും കാര്യക്ഷമമാണ് കാര്യങ്ങള്‍. ഈയൊരു സാഹചര്യത്തില്‍ അന്താരാഷ്‌ട്ര ബന്ധങ്ങളുണ്ടെന്ന് ആരോപിക്കപ്പെടുന്ന തടിയന്റവിട നസീറിനെ ആരൊക്കെ ചോദ്യം ചെയ്യുമെന്ന് ഊഹിച്ചു നോക്കുക.
നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ ഉദ്യോഗസ്ഥര്‍ എന്തായാലുമുണ്ടാവും. ബംഗളുരു സ്‌ഫോടനത്തെക്കുറിച്ച് വിവരം തേടുന്നതിനാല്‍ കര്‍ണാടക പോലീസുണ്ടാവും. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ റോ, ഐ ബി ഉദ്യോഗസ്ഥരുമുണ്ടാവാം. ഇവരെയൊക്കെ വെട്ടിച്ച് കളമശ്ശേരി ബസ്സ് കത്തിക്കല്‍ (നസീറിനു മേല്‍ ആരോപിക്കപ്പെടുന്ന കുറ്റങ്ങളില്‍ ഏറ്റവും ലഘുവായത് ഒരുപക്ഷേ, ഇതായിരിക്കും) കേസില്‍ മഅ്‌ദനിയെക്കുറിച്ചുള്ള വിവരങ്ങള്‍ നസീര്‍ വെളിപ്പെടുത്തുന്നത് തടയണമെങ്കില്‍ തച്ചങ്കരിയുടെ കഴിവ് അപാരമായിരിക്കണം. എന്‍ ഐ എ, റോ, ഐ ബി എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള ഏജന്‍സികളാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിയന്ത്രണത്തിലുള്ള, ഡോ. മന്‍മോഹന്‍ സിംഗ് നയിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള ഏജന്‍സികള്‍. തച്ചങ്കരി അന്വേഷണം അട്ടിമറിക്കുന്നുണ്ടെങ്കില്‍ അത് ഈ ഏജന്‍സികളിലെ ഉദ്യോഗസ്ഥരുടെ കൂടി കഴിവുകേടായിരിക്കും. ബംഗളൂരുവിലെ പോലീസ് സംഘ ചാലനത്തിലൂടെ ബി ജെ പിയുടെ നേതൃപദവിയിലെത്തിയ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ അധീനതയിലുള്ളതാണ്. ഇവരെ പറ്റിക്കാനും തച്ചങ്കരിക്ക് കഴിയുമോ?
അങ്ങനെ സാധിച്ചാല്‍ പിന്നെ ഇത്തരം വലിയ ഏജന്‍സികള്‍ക്കൊക്കെ എന്ത് പ്രസക്തി? അവയെ നിയന്ത്രിക്കുന്ന ഭരണകൂടങ്ങള്‍ക്ക് എന്ത് വിശ്വാസ്യത? സ്വന്തം പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥരിലും അവിശ്വാസമുണ്ടോ എന്ന് വ്യക്തമാക്കേണ്ടത് സുരേന്ദ്രന്റെയും തങ്കച്ചന്റെയും ബാധ്യത. മുഖ്യമന്ത്രി അറിയാതെ ഐ ജി പോയത് കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍ക്കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച രമേശ് ചെന്നിത്തലയുടെതും. മഡ്‌ഗാവ് സ്‌ഫോടനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ യഥാസമയം എന്‍ ഐ എക്ക് കൈമാറാതെ ഗോവയിലെ കോണ്‍ഗ്രസ് സര്‍ക്കാറിന് കീഴിലുള്ള പോലീസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് കൂടി ചെന്നിത്തലക്ക് പരാതിപ്പെടാവുന്നതാണ്.
സ്വന്തം ഉദ്യോഗസ്ഥരില്‍ മാത്രമല്ല, സഹമന്ത്രിയില്‍പ്പോലും വിശ്വാസമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞതിന്റെ പൊരുള്‍. തനിക്ക് നിശ്ചയിക്കപ്പെട്ട ജോലി സ്ഥലം (ഔദ്യോഗികഭാഷയില്‍ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്) വിട്ടുപോവണമെങ്കില്‍ ഒരു പോലീസ് സബ് ഇന്‍സ്‌പെക്‌ടര്‍ പോലും മേലധികാരിയെ വിവരം അറിയിച്ചിരിക്കണമെന്നാണ് ചട്ടം. ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥാനാവുമ്പോള്‍ അത് ഡി ജി പി തലത്തിലോ മന്ത്രി തലത്തിലോ ഒക്കെ അറിയേണ്ടിവരും. ഇത്തരം ചട്ടങ്ങളൊന്നും അറിയാത്തയാളാണ് സംസ്ഥാന മുഖ്യമന്ത്രി എന്ന് കരുതാന്‍ ന്യായമില്ല. അപ്പോള്‍ പിന്നെ ഇതില്‍ മറ്റ് രാഷ്‌ട്രീയം കാണേണ്ടിവരും. അത് സി പി എമ്മിലെ വിഭാഗീയതയുമായി ബന്ധപ്പെട്ടുള്ളതാണെന്ന് വിലയിരുത്തേണ്ടിയും വരും. തച്ചങ്കരിയുടെ കാര്യത്തില്‍ സംശയമുള്ള മുഖ്യമന്ത്രി അധ്യക്ഷനായ മന്ത്രിസഭ തന്നെയാവുമല്ലോ അദ്ദേഹത്തെ ഉത്തരമേഖലയുടെ ഐ ജിയായി നിയമിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടാവുക. നിയമനത്തിനെതിരെ മന്ത്രിസഭാ യോഗത്തില്‍ അദ്ദേഹം എന്തെങ്കിലും പറഞ്ഞതായി ഇതുവരെ വിവരമൊന്നുമില്ല. യുവമോര്‍ച്ച നേതാവും യു ഡി എഫ് കണ്‍വീനറും ആരോപണമുന്നയിച്ചപ്പോഴാവും തന്റെ സംശയങ്ങള്‍ അദ്ദേഹത്തിന് ഓര്‍മവന്നിട്ടുണ്ടാവുക എന്ന് കരുതി സമാധാനിക്കുക.
ഭീകരവാദത്തെച്ചൊല്ലിയുള്ള ആശങ്കയല്ല ഇവര്‍ക്കൊന്നുമുള്ളത്. അതിന്റെ പേരില്‍ തെല്ലെങ്കിലും നേട്ടമുണ്ടാക്കാനാവുമോ എന്ന ചിന്തയാണ്. യുവമോര്‍ച്ച നേതാവിന്റെ രാഷ്‌ട്രീയതാത്‌പര്യം വിശദീകരിക്കാതെ തന്നെ വ്യക്തം. സമുഹത്തെ വര്‍ഗീയമായി വേര്‍തിരിച്ച് അതിന്റെ ഡിവിഡന്‍ഡ് ബാലറ്റുപെട്ടിയില്‍ ഉറപ്പിക്കുക എന്നത് സംഘപരിവാര്‍ തന്ത്രം. അത് അവര്‍ ഭംഗിയായി നടപ്പാക്കിയതിന്റെ തെളിവുകള്‍ (ചോരപ്പാടുകളും) ഏറെയുണ്ട് ചരിത്രത്തില്‍. ഇതെങ്കിലും മനസ്സിലാക്കാനുള്ള പഠിപ്പെങ്കിലും വേണ്ടേ യു ഡി എഫിന്റെ കണ്‍വീനര്‍ക്ക്? അദ്ദേഹത്തെ ആ സ്ഥാനത്തേക്ക് നിയോഗിച്ച മുന്നണി നേതാക്കള്‍ക്ക്? മാധ്യമ പ്രവര്‍ത്തകരുടെ പെട്ടെന്നുള്ള ചോദ്യത്തിന് പൊടുന്നനെ മറുപടി പറയും മുമ്പ് തന്റെ വാക്കുകള്‍ ഹിന്ദുത്വ അജന്‍ഡക്ക് ആധികാരിത നല്‍കുന്നതാവും എന്ന് ഓര്‍ക്കേണ്ട ബാധ്യതയില്ലേ ആറു പതിറ്റാണ്ടോളം കമ്മ്യൂണിസ്റ്റ് രാഷ്‌ട്രീയം പയറ്റിയ സഖാവ് വി എസ് അച്യുതാനന്ദന്?
ഇതെല്ലാം മറന്നേക്കൂ, നമുക്ക് തത്‌കാലം തടിയന്റവിടെ നസീറിന്റെ മൊഴികള്‍ ആഘോഷിക്കാം. മജീദ് പറമ്പായി മുതല്‍ സര്‍ഫറാസ് നവാസ് വരെയുള്ളവരുടെ മൊഴികള്‍ മുന്‍കാലങ്ങളില്‍ ആഘോഷിച്ചതുപോലെ. ഒരു വര്‍ഷം മുമ്പ് കണ്ണൂരിലെ ഭീകരവേട്ട ആഘോഷമാക്കിയപ്പോള്‍ ലശ്‌കറെ ത്വയ്യിബയിലേക്ക് 300 മലയാളികളെ റിക്രൂട്ട് ചെയ്‌തുവെന്നത് ഇപ്പോള്‍ നസീറിന്റെ മൊഴിയോടെ ദക്ഷിണേന്ത്യയില്‍ നിന്നാകെ 20 ആയി കുറഞ്ഞതില്‍ കുണ്‌ഠിതപ്പെടാം. കഴിഞ്ഞ മെയില്‍ ഡല്‍ഹിയില്‍ അറസ്റ്റിലായ ലശ്‌കറെ ത്വയ്യിബയുടെ നേപ്പാള്‍ കമാന്‍ഡറെന്ന് പോലീസ് പറയുന്ന മുഹമ്മദ് ഉമര്‍ മദനി മലബാറില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന് ഡല്‍ഹി പോലീസ് അന്ന് പറഞ്ഞിരുന്നു. മദനിയും നസീറും തമ്മില്‍ ബന്ധമുണ്ടോ എന്ന് ആലോചിക്കാം. അങ്ങനെ ആശയക്കുഴപ്പങ്ങള്‍ വര്‍ധിപ്പിക്കാം. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നതാണല്ലോ സുഖം, സുഖകരം.
കുറച്ചു നാൾമുന്നേ അറസ്റ്റു ചെയ്ത ഹാലിമിൽ നിന്നു "തീർത്തും എക്സിക്ലൂസിവായ സ്തോഭജനകമായ രഹസ്യ വിവരങ്ങൾ" ഒരോ പത്രങ്ങൾക്കും ചാനലുകൾക്കും പ്രത്യേകം പ്രത്യേകം കിട്ടിയിരുന്നു. ഹലിമിന്റെ മൊഴി ആഘോഷിച്ചവർ തന്നെ അതൊക്കെ വെള്ളത്തിലിട്ടു ഇപ്പോ പുതിയ മൊഴികൾക്കു പിന്നാലെ..
ReplyDeleteപിടിക്കുമ്പോൾ ഇങ്ങിനെ തന്നെ വേണം മീൻ പിടിക്കാൻ, നല്ലവണ്ണം കലക്കിയിട്ട്.
രാജീവ്
ReplyDeleteപക്വതയാര്‍ന്ന വായന, നന്ദി. റാജ്യ രക്ഷയെ പോലും ബാധിക്കുന്ന തീവ്രവാദൈകളെ ഇങ്ങനെ സഹായിക്കുന്ന കേരള സര്‍ക്കാറിനെ കേന്ദ്ര സര്‍ക്കാറ്രിന് പിരിച്ചു വിടാന്‍ ശ്രീ.സുരേഷ എന്താണാവോ പറയാത്തത്.
സമുഹത്തെ വര്‍ഗീയമായി വേര്‍തിരിച്ച് അതിന്റെ ഡിവിഡന്‍ഡ് ബാലറ്റുപെട്ടിയില്‍ ഉറപ്പിക്കുക എന്നത് സംഘപരിവാര്‍ തന്ത്രം. അത് അവര്‍ ഭംഗിയായി നടപ്പാക്കിയതിന്റെ തെളിവുകള്‍ (ചോരപ്പാടുകളും) ഏറെയുണ്ട് ചരിത്രത്തില്‍. ഇതെങ്കിലും മനസ്സിലാക്കാനുള്ള പഠിപ്പെങ്കിലും വേണ്ടേ യു ഡി എഫിന്റെ കണ്‍വീനര്‍ക്ക്?
ReplyDeleteതികച്ചും സ്വാഭാവികമായ ചോദ്യം, യു ഡി എഫ്ന് ഒരു കാലത്തും ഉണ്ടായിട്ടില്ല ഇത്രയും ബുദ്ധിയില്ലാത്ത ഒരു കണ്‍വീനര്‍ , വിവരകേടുകള്‍ പറയാന്‍ ഇത്രയും മിടുക്ക് കാണിക്കുന്ന ഒരു കെ പി സി സി പ്രസിഡന്റും . പിന്നെ സുരേദ്രന്‍ ഇവരെ പോലല്ല പുള്ളിക്ക് ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്‍ കരയണം എന്നെയുള്ളൂ.
നമുക്ക് പുതിയ തമാശയുടെ അരങ്ങു കാണാം
ലൗ ജിഹാദ് കഴിഞ്ഞപ്പോള്‍ തടിയന്റവിടെ നസീര്‍. നസീര്‍ തീരുമ്പോള്‍ വേറൊരു മുസ്ലിം തീവ്‌റവാദ വിഷയം .മുസ്ലിങ്ങള്‍ക്ക് രക്ഷയില്ല. വിടില്ല ഐ ബി, മാധ്യമങ്ങള്‍ ,സംഘ് പരിവാര്‍ , സവര്‍ണ രാഷ്ട്രീയ പാര്‍ട്ടികള്‍ ..
ReplyDeleteപതിവുപോലെ രാജീവ് .. അഭിനന്ദനം.
കോടതിയും ...
ReplyDeleteഅല്ലെങ്കിലും പണ്ടേ സഖാക്കളും തീവ്രന്മാരും അടയും ചക്കരയും പോലെ തന്നെ. ഈ ബ്ലോഗില്‍ ഇനി വരാനുള്ളത് സഖാക്കളുടെ പിന്തുണക്കമന്റുകള്‍ മാത്രം. പാവം നസീര്‍... എനിക്കു കരച്ചില്‍ വരുന്നു. ലാല്‍സലാം നസീറേ. മതേതരന്മാര്‍ നിന്നോടൊപ്പം. കേരളം വിട്ടാല്‍ പിന്നെ ആരുടെയെങ്കിലും അണ്ടര്‍വെയറുമാത്രമേ ചുവപ്പുകാണൂ എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. നീയിങ്ങ് കേരളത്തില്‍ വന്നാല്‍ അന്നത്തെപ്പോലെ നിന്നെ വിട്ടുകളയാമായിരുന്നു. ഒന്നു ബാടാ ചക്കരേ.
ReplyDeleteമറ്റു തരത്തില്‍ വളരെ തിരിച്ചറിവുള്ള ചിത്രകാരനെപ്പോലുള്ള ഒരു ബ്ലോഗര്‍ വരെ മുഖ്യധാരാ പത്രങ്ങളുടെ ഇരയാകുന്നതു ഇവിടെ ക്ലിക്കിയാല്‍ കാണാം.
ReplyDeleteസാമാന്യ യുക്തിക്ക് ചേരാത്ത ആരോപണമായിരുന്നു പി.പി. തങ്കച്ചന്‍ ഉന്നയിച്ചത്. അന്ന് വൈകുന്നേരത്തെ ചാനല്‍ ചര്‍ച്ചകളില്‍ പോലും നിലനില്‍ക്കാത്ത ആരോപണം. കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് പോലും ആധികരികമായ ഒരു ആരോപണം ഉന്നയിക്കാന്‍ ചര്‍ച്ചകളില്‍ കഴിഞ്ഞില്ല. എന്നാല്‍ യുവമോര്‍ച്ചക്കാര്‍ എന്തൊക്കെയോ നിരന്തരമായി പുലമ്പുന്നുണ്ടായിരുന്നു. എന്നാല്‍ പിറ്റേദിവസം വി.എസ് നടത്തിയ പ്രസ്താവനയോടെ സംഗതിയുടെ കിടപ്പ് മാറി പാര്‍ട്ടിയും ആഭ്യന്തര മന്ത്രിയും പ്രതിക്കൂട്ടിലായി. പിന്നെ അങ്ങോട്ട് വിവാദങ്ങളുടെ ഘോഷയാത്ര. പ്രതിപക്ഷവം ബി.ജെ.പിയും പറഞ്ഞതില്‍ കാര്യമുണ്ട് എന്ന രീതിയിലുള്ള മാധ്യമ റിപ്പോര്‍ട്ടിങ്ങുകള്‍ കൂടിയായപ്പോള്‍ ഒരു ദിവസത്തേക്ക കോളായി. പിറ്റേ ദിവസം ബാലകൃഷ്ണന്‍ എല്ലാം വിശദമാക്കിയുട്ടുണ്ട് എന്ന് പറഞ്ഞ് തടിയൂരുമ്പോള്‍ വ്യാജ സി.ഡി. വിവാദത്തില്‍ സ്കോര്‍ ചെയ്ത പോലെ ഒന്ന് സ്കോര്‍ ചെയ്ത് 3 മാസത്തെ മൌനം കോമ്പിന്‍സെറ്റ് ചെയ്യാം എന്ന കുതന്ത്രം പൊളിഞ്ഞതിന്റെ സങ്കടം വായിച്ചെടുക്കാമായിരുന്നു
ReplyDeleteനസീറിന് ന്യൂനപക്ഷ പീഢിതരത്ന അവാര്‍ഡു നല്‍കി ആദരിച്ചാല്‍ നമ്മുടെ മഹാമന്‍സ്ക്കതയുടെ ഖ്യാതി ലോകം മുഴുവന്‍ പരക്കുന്നതായിരിക്കും :)
ReplyDeleteലാത്സലം്...ലാത്സലാം...ലാത്സലാം...
വിപ്ലവവീര്യം കൂടുതല്‍ ആളിക്കത്തിക്കുന്നതിനായി അനോണീമാഷിന്റെ ബ്ലോഗിലെ കവിതൈ.. കവിതൈ... വായിക്കുക.അതിലെ വിപ്ലവ സ്തുതി ദിവസം മൂന്നുനേരമെങ്കിലും കേള്‍ക്കുക :)
നസീറിന്റെ പിന്നാലെയുള്ള ഈ ഓട്ടം അടുത്ത മോഴയെക്കിട്ടുമ്പോള്‍ അവസാനിപ്പിക്കരുത് എന്നാണ് പറയുന്നത്. നസീറിലൂടെ മഅ്ദനിയിലെത്തിയതാണ്. നസീറിന്റെ മുരടെവിടെ അന്വേഷിച്ച് കണ്ടെത്തി കുറ്റം തെളിയിച്ച് സകര്‍ക്കും വധശിക്ഷവിധിക്കട്ടേ. മാലേഗാവ് സ്‌ഫോടനത്തിലെ മുസ്്‌ലിം ഭികരര്‍ക്ക് ഓട്ടോറിക്ഷക്ക് കാശ്‌കൊടുക്കേണ്ടിവന്നതുപോലെ സംഭവിക്കരുതെന്നാണ് ചിത്രകാരാ ഇവിടെ നിഷ്പക്ഷമതികള്‍ ആഗ്രഹിക്കുന്നത്. അതും പൊതുഖജനവിലെ പണമല്ലേ. വലിയ ആഘോഷം കഴിയുമ്പോള്‍ സംഭവിച്ചതെന്താണെന്ന് മനസ്സിലാക്കാന്‍ അനുവദിക്കുമോ നമ്മുടെ ചാനലുമാധ്യമ പരിവാരങ്ങള്‍.
ReplyDelete