2013-10-26

ബാപ്പു, അമിത് ഷാ, വന്‍സാര...


ഷിര്‍ദിയിലെ സായി മുതല്‍ വള്ളിക്കാവിലെ മാതാ അമൃതാനന്ദമയി വരെയും ജയിലില്‍ കഴിയുന്ന സന്തോഷ് മാധവന്‍ മുതല്‍ അഴിയെണ്ണുന്ന അവസ്ഥയിലേക്ക് എപ്പോഴും എത്തിപ്പെടാവുന്ന ആനന്ദന്‍മാര്‍ വരെയുമുള്ളവര്‍ക്ക് അനുയായിവൃന്ദം മുളച്ചുപൊന്തുന്നതിന് വളക്കൂറുള്ള മണ്ണാണ് കേരളത്തിലേത്. സെലിബ്രിറ്റികളായ അനുയായികളുടെ സാന്നിധ്യത്താല്‍ വിപണി എളുപ്പത്തില്‍ പിടിച്ചെടുത്തവരും കുറവല്ല. ഭൂമി കൈയേറ്റം മുതല്‍ ലൈംഗിക അതിക്രമം വരെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നാലും ഇത്തരം ആള്‍ദൈവങ്ങളിലുള്ള വിശ്വാസത്തില്‍ ഇളക്കം തട്ടാറുമില്ല. വര്‍ണപ്പൊലിമയുള്ള പ്ലാസ്റ്റിക് കവറിലെത്തുന്ന എന്തും, ആവശ്യാനാവശ്യങ്ങള്‍ നോക്കാതെ, വാങ്ങുന്ന കാലമെത്തുന്നതിന് മുമ്പ് തന്നെ ആത്മീയ വാണിഭത്തിന്റെ വലിയ കമ്പോളമായി വികസിച്ച് കഴിഞ്ഞിരുന്നു കേരളം. കൊട്ടിഘോഷിക്കപ്പെട്ട കേരള മാതൃക, ആരോഗ്യ പരിരക്ഷണ മേഖലയില്‍ വികസിതരാജ്യങ്ങള്‍ക്കൊപ്പം സ്ഥാനം സമ്മാനിച്ചുവെന്ന് അവകാശപ്പെടുമ്പോഴും മാനസികാരോഗ്യ നിലവാരത്തില്‍ ഏറെ പിന്നാക്കം പോകുകയായിരുന്നുവെന്നതിന്റെ തെളിവ് കൂടിയാണ് ഈ കമ്പോള വികസനം.

സാമൂഹികവും സാമ്പത്തികവും വൈയക്തികവും സ്വകാര്യവുമായ നിരവധി കാരണങ്ങള്‍ ഇതിനുണ്ടാകാമെങ്കിലും. ഇത്രയും അനുകൂല സാഹചര്യമുണ്ടായിട്ടും രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ സ്വാധീനമുറപ്പിച്ച ആള്‍ദൈവങ്ങളില്‍ പലതിനും കേരളത്തില്‍ വലിയ വേരുകളുണ്ടായില്ല. അങ്ങനെ കേരളത്തിലെ കമ്പോളത്തെ ചൂഷണം ചെയ്യുന്നതില്‍ പരാജയപ്പെട്ട ഒരാളാണ് ഇപ്പോള്‍ ലൈംഗിക അതിക്രമക്കേസില്‍ ആരോപണവിധേയനായി നില്‍ക്കുന്ന ആശാറാം ബാപ്പു. അതുകൊണ്ടാകണം ബാപ്പുവിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് വലിയ ഇടം നമ്മുടെ മാധ്യമങ്ങളില്‍ ലഭിക്കാതെ പോയതും.


രാജസ്ഥാനിലും ഗുജറാത്തിലും രജിസ്റ്റര്‍ ചെയ്ത ലൈംഗിക അതിക്രമക്കേസുകളിലാണ് ആശാറാം ബാപ്പു ഇപ്പോള്‍ ആരോപണവിധേയനായിരിക്കുന്നത്. ആശാറാം ബാപ്പുവിനെതിരെ മാത്രമല്ല, മകന്‍ നാരായണ്‍ സായിക്കെതിരെ കൂടി ആരോപണം ഉന്നയിച്ചിട്ടുണ്ട് ഗുജറാത്തിലെ സൂറത്ത് സ്വദേശികളായ പെണ്‍കുട്ടികള്‍. നാരായണ്‍ സായിയെ പിടികൂടാന്‍ വലിയ പരിശ്രമം നടത്തുകയാണ് തങ്ങളെന്ന് ഗുജറാത്ത് പോലീസ് ആണയിടുന്നുണ്ട്. രാജ്യത്തനകത്തും പുറത്തുമായി നാനൂറോളം ആശ്രമങ്ങള്‍, വിദ്യാലയങ്ങളടക്കം അനുബന്ധ സ്ഥാപനങ്ങള്‍, പതിനായിരക്കണക്കിന് വരുന്ന അനുയായി വൃന്ദം, സ്വന്തം 'ദര്‍ശന'ങ്ങള്‍ രാപകലില്ലാതെ അനുയായികള്‍ക്ക് ശ്രവിക്കാന്‍ പാകത്തില്‍ സജ്ജമാക്കിയ ടെലിവിഷന്‍ ചാനല്‍ എന്നിങ്ങനെ പലതുകൊണ്ടും വിശിഷ്ടമാണ് ആശാറാമിന്റെ സാമ്രാജ്യം. ബി ജെ പി നേതാവ് എല്‍ കെ അഡ്വാനി മുതല്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് വരെയുള്ള നേതാക്കളുമായുണ്ടായിരുന്ന ബന്ധവും ആശാറാമിന്റെ വിപണനോപാധികളായി. ഈ അവസ്ഥയില്‍ നിന്നാണ് ലൈംഗിക അതിക്രമക്കേസിലെ ആരോപണവിധേയനെന്ന നിലയില്‍ ഗുജറാത്തിലെയും രാജസ്ഥാനിലെയും ജയില്‍ മുറികളിലേക്ക് ആശാറം മാറ്റപ്പെടുന്നത്.


ഇപ്പോഴത്തെ ആരോപണങ്ങളില്‍ ആശാറാം കുറ്റവാളിയാണോ അല്ലയോ എന്നത് അന്വേഷണത്തിനും വിചാരണക്കും ശേഷം നിര്‍ണയിക്കപ്പെടേണ്ട കാര്യമാണ്. രാഷ്ട്രീയ, ഉദ്യോഗസ്ഥ തലങ്ങളിലെ ഉന്നതരുമായുള്ള ബന്ധവും രാജ്യത്തെ നീതിന്യായ സംവിധാനത്തിന്റെ പൂര്‍വപക്ഷവും കണക്കിലെടുത്താല്‍ ആശാറാം കുറ്റവിമുക്തനായി പുറത്തുവരേണ്ടതാണ്. 2002 മുതല്‍ 2004 വരെയുള്ള കാലത്ത് ആശാറാമും മകനും ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് സൂറത്ത് സ്വദേശികളായ പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ദശകം മുമ്പ് നടന്നതായി പറയുന്ന അതിക്രമത്തിന് ഇപ്പോഴാണോ പരാതി നല്‍കുന്നത് എന്ന ചോദ്യം ആശ്രമത്തിലെ, വിശ്വാസി സമൂഹം ഉയര്‍ത്തുന്നുണ്ട്. ഇതേ ചോദ്യത്തിനാകും അന്വേഷണ ഏജന്‍സിക്കും ആദ്യം ഉത്തരം വേണ്ടിവരിക. കാലപ്പഴക്കം ചെന്ന കേസില്‍ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കാതെ വരുമെന്ന് ഉറപ്പിക്കാം. പെണ്‍വാണിഭ സംഘത്തിന്റെ കൈയിലകപ്പെട്ട പെണ്‍കുട്ടി, ഒരിക്കല്‍ പോലും രക്ഷപ്പെടാന്‍ ശ്രമിച്ചില്ല എന്നത് ചൂണ്ടിക്കാട്ടിയ ചരിത്രമുണ്ട് നമ്മുടെ നീതിന്യായ സംവിധാനത്തിന്. അതുകൊണ്ട് തന്നെ പരാതി ഉന്നയിക്കുന്നതിലുണ്ടായ കാലവിളംബം, ആശാറാം ബാപ്പുവിന്റെ കേസില്‍, നീതിന്യായ സംവിധാനം തന്നെ ചൂണ്ടിക്കാട്ടാനുള്ള സാധ്യതയും കൂടുതലാണ്.


പെണ്‍കുട്ടികള്‍ ഇത്രയും കാലം എന്തുകൊണ്ട് മൗനം പാലിച്ചുവെന്നത് തന്നെയാണ് പ്രധാന ചോദ്യം. ഇവരെപ്പോലെ ഇപ്പോഴും നിശ്ശബ്ദരായിരിക്കുന്ന ഇരകള്‍ വേറെയുമുണ്ടോ എന്നതും. രാഷ്ട്രീയ - ഉദ്യോഗസ്ഥ തലങ്ങളിലെ ഉന്നതരുമായുള്ള ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമല്ല, ആശാറാം ബാപ്പുവിനെപ്പോലുള്ള ആള്‍ദൈവങ്ങള്‍ നിലനില്‍ക്കുന്നത്. സ്വയം ക്രമിനലുകളായ ഇത്തരക്കാരും അവരുടെ തണലില്‍ തഴക്കുന്ന മറ്റ് ക്രിമിനലുകളും ചേരുന്ന വലിയ ശൃംഖലയുടെ സഹായത്താല്‍ കൂടിയാണ്. യശശ്ശരീരനായ സത്യസായി ബാബയുടെ കാര്യത്തില്‍ ഇത്തരം ക്രിമിനല്‍ ബന്ധങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. സത്യസായിയെ വധിക്കാനെത്തിയവരെന്ന് ആരോപിച്ച് നാല് യുവാക്കളെ വെടിവെച്ചു കൊന്ന സംഭവത്തില്‍, പണവും സ്വത്തുക്കളും സംരക്ഷിക്കുന്ന കാര്യത്തില്‍, ആശ്രമ രഹസ്യങ്ങള്‍ പുറത്ത് പറയാനൊരുങ്ങുന്നവരുടെ ദുരൂഹ മരണത്തിന്റെ കാര്യത്തില്‍ ഒക്കെ.


ആശാറാമിന്റെ കാര്യത്തില്‍ ഈ ബന്ധം കുറേക്കൂടി വെളിവായിത്തന്നെയുണ്ട് എന്നതാണ് വസ്തുത.
നരേന്ദ്ര മോഡിയെ വധിക്കാന്‍ പദ്ധതിയിട്ടെത്തിയ ലശ്കറെ ത്വയ്യിബ ഭീകരരെന്നാരോപിച്ച് നിരവധി പേരെ വെടിവെച്ചു കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിച്ച കേസില്‍ ആരോപണ വിധേയനായി ജയിലില്‍ കഴിയുന്ന ഐ പി എസ് ഉദ്യോഗസ്ഥന്‍ ഡി ജി വന്‍സാര, ആശാറാം ബാപ്പുവിന്റെ അടുത്ത അനുയായിയാണ്. ആശാറാം അറസ്റ്റിലായി എന്നറിഞ്ഞതോടെ, തന്റെ അവസാന ആശ്രയവും അറ്റുവെന്ന് വന്‍സാര പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. വ്യവസായികളെ  ഭീഷണിപ്പെടുത്തി പണം തട്ടുന്ന റാക്കറ്റ് നടത്തുകയും അതിന്റെ വിവരങ്ങള്‍ പുറത്തുവരുമെന്ന ഘട്ടമായപ്പോള്‍ സംഘാംഗത്തെ വെടിവെച്ച് കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട് വന്‍സാരയും സംഘവും. അത്തരം ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍, അവസാന ആശ്രയവും അറ്റുവെന്ന് വിലപിക്കുമ്പോള്‍, അത് ആത്മീയാര്‍ഥത്തില്‍ ആകില്ലെന്നത് ഉറപ്പ്. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ആരോപണവിധേയനായ, ഗുജറാത്ത് മുന്‍ മന്ത്രി അമിത് ഷായുടെ പേരും ആശാറാം ബാപ്പുവുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്.


ഗുജറാത്ത് വംശഹത്യാ കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ മന്ത്രി മായാബെന്‍ കൊദ്‌നാനിക്കും നല്ല ബന്ധമുണ്ടായിരുന്നു ബാപ്പുവുമായി. രാഷ്ട്രീയ നേതാക്കള്‍ ഇത്തരം ബന്ധങ്ങള്‍ സൃഷ്ടിച്ചത്, അനുയായി വൃന്ദത്തിന്റെ വോട്ട് ലാക്കാക്കി മാത്രമായിരുന്നുവെന്നും അതുറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ബാപ്പുവിനെതിരായ ആരോപണങ്ങളിലൊക്കെ അന്വേഷണം അട്ടിമറിച്ചുവെന്നും കരുതാം. പക്ഷേ, ഭീഷണിപ്പെടുത്തി പണം തട്ടല്‍, വ്യാജ ഏറ്റുമുട്ടലുകളുടെ സൃഷ്ടി, വംശഹത്യയുടെ ഭാഗമായി കൂട്ടക്കുരുതികള്‍ സംഘടിപ്പിക്കല്‍ എന്നിവയില്‍ ഈ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന കണ്ടെത്തല്‍ കണക്കിലെടുക്കുമ്പോള്‍ വോട്ട് മാത്രം ലാക്കാക്കിയല്ല, സാമൂഹികവിരുദ്ധരുടെ സമയാസമയങ്ങളിലുള്ള ഉപഭോഗം കൂടി ലാക്കാക്കിയിരുന്നുവെന്ന നിഗമനത്തില്‍ എത്തേണ്ടിവരും. ഇത്രയും ശക്തമായ ഒരു ശൃംഖല, സമാന്തര (അധോലോക) ഭരണ സംവിധാനത്തെപ്പോലെയാണ് പ്രവര്‍ത്തിക്കുക. അതിനോട് ഏറ്റുമുട്ടുക എന്നത് വ്യക്തികളെ സംബന്ധിച്ച് ദുഷ്‌കരമായിരിക്കും. അതുകൊണ്ടാണ് പലരുടെയും മൗനം ദശകം നീണ്ടത്. പലരും മൗനത്തില്‍ തുടരുന്നത്. പരാതി ഉന്നയിച്ച പെണ്‍കുട്ടികളെയും രക്ഷിതാക്കളെയുമൊക്കെ ആശാറാമിന്റെ ശിങ്കിടികള്‍ ഇപ്പോഴും ഭീഷണിപ്പെടുത്തുന്നതും സമാന്തര ഭരണ സംവിധാനത്തിലുള്ള ഉറച്ച വിശ്വാസം കൊണ്ടാണ്.


ഈ സമാന്തര ഭരണ സംവിധാനത്തെ പ്രോത്സാഹിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നുവെന്നതാണ് ജനാധിപത്യ സര്‍ക്കാറുകള്‍ ചെയ്യുന്ന വലിയ സേവനം. സത്യസായി ബാബക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളിലൊന്നില്‍ പോലും കാര്യക്ഷമമായ അന്വേഷണമുണ്ടായില്ല. സത്യസായിയുടെ മരണത്തിന് ശേഷമുണ്ടായ അധികാരത്തര്‍ക്കം മൂലം കണക്കില്ലാത്ത കോടികളുടെ അനധികൃത കടത്ത് പുറത്തുവന്നപ്പോള്‍ പോലും അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ നമ്മുടെ ഭരണാധികാരികള്‍ തയ്യാറായില്ല. സത്യസായി  ട്രസ്റ്റ് നടത്തുന്ന സാധുജന സേവനങ്ങളുടെ മറവില്‍ എല്ലാം ഒതുക്കിത്തീര്‍ക്കപ്പെട്ടു. അല്ലെങ്കില്‍, തങ്ങള്‍ കൂടി ഗുണഭോക്താക്കളാകുന്ന വ്യവസായത്തെ തകര്‍ക്കുന്നത്, പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലലാകില്ലേ എന്ന് സ്വയമോര്‍ത്ത് പിന്‍മടങ്ങി. വിഗ്രഹഭഞ്ജനം വര്‍ഗീയമായി ഉപയോഗിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ഭയന്നു. (സന്തോഷ് മാധവന്‍ മുതല്‍ ഹിമവല്‍ ഭദ്രാനന്ദ വരെ നീണ്ട എപ്പിസോഡിനിടെ, ഇത് കേരളത്തിലെ ഹിന്ദു സമൂഹത്തിനെതിരായ നീക്കമാണെന്ന് 'സംന്യാസി' സമൂഹം പറഞ്ഞിരുന്നു. ആനന്ദന്‍മാരെ അവഹേളിക്കുന്നതില്‍ വിശ്വ ഹിന്ദു പരിഷത്ത് ഉത്കണ്ഠ രേഖപ്പെടുത്തുകയും ചെയ്തു) അതുമല്ലെങ്കില്‍, മുന്‍കാലത്ത് തങ്ങള്‍ തന്നെ പ്രശാന്തി നിലയത്തില്‍ ചെന്ന് പഞ്ചപുച്ഛമടക്കി നിന്നതിനെ ജനം ചോദ്യംചെയ്താലോ എന്ന് ലജ്ജിച്ചു. രാംലീല മൈതാനത്ത്, അഴിമതിക്കെതിരെ 'വയറില്‍ പ്രളയം തീര്‍ത്ത' ബാബ രാംദേവിന്റെ കാര്യത്തില്‍ സംഭവിച്ചതും മറ്റൊന്നല്ല. ഭൂമി കൈയേറ്റം, അനധികൃത സ്വത്ത് സമ്പാദനം, നികുതി വെട്ടിപ്പ്, ക്രിമിനല്‍ ബന്ധം എന്നിങ്ങനെ പല ആരോപണങ്ങളുമുയര്‍ന്നിരുന്നു. ഒന്നും സംഭവിച്ചില്ല, വയറിലെ തിരയിളക്കത്താല്‍ അനുയായി വൃന്ദത്തെ ആഹ്ലാദിപ്പിച്ച് രാംദേവ് സജീവമായി രംഗത്തുണ്ട്.


ആശാറാം ബാപ്പുവിന്റെ കാര്യത്തിലും സ്ഥിതി ഭിന്നമല്ല. ഭൂമി കൈയേറ്റം, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ ആരോപണങ്ങള്‍ നേരത്തെ തന്നെയുണ്ട്. കുട്ടികളെ ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്നുവെന്ന ആരോപണവും ശക്തമായിരുന്നു. അഹമ്മദാബാദിലെ മൊട്ടേറയിലെ ആശ്രമത്തില്‍ വെച്ച് രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ മുമ്പാകെ, ആശ്രമത്തിലെ മുന്‍ അന്തേവാസികള്‍ തന്നെ നല്‍കിയ മൊഴികളില്‍ സ്ത്രീ ചൂഷണം, ദുര്‍മന്ത്രവാദം എന്നിവയൊക്കെ വിശദീകരിക്കുന്നുണ്ട്. ഇത്തരം വിവരങ്ങള്‍ ലഭിച്ചപ്പോള്‍പ്പോലും സമഗ്രമായ ഒരന്വേഷണം ആശാറാമിനെക്കുറിച്ച് വേണമെന്ന് നരേന്ദ്ര മോഡി സര്‍ക്കാറിന് തോന്നിയില്ല. മധ്യപ്രദേശിലെ ആശ്രമത്തില്‍ കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ട സംഭവമുണ്ടായപ്പോള്‍ അവിടുത്തെ സര്‍ക്കാറിനും തോന്നിയില്ല. പുതിയ ആശ്രമത്തിന് സൗജന്യമായി ഭൂമി വിട്ടുനല്‍കി, ബാപ്പുവിന്റെ സങ്കീര്‍ത്തനങ്ങള്‍ പാടുകയായിരുന്നു അക്കാലത്തൊക്കെ ജനായത്ത സര്‍ക്കാറുകള്‍. ഇപ്പോഴത്തെ അറസ്റ്റ് നിവൃത്തിയില്ലാത്ത ഘട്ടത്തിലാണ്. ലൈംഗിക അതിക്രമങ്ങളുടെ കാര്യത്തില്‍ ശക്തമായ നടപടികളെടുക്കുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താതിരിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍. അല്ലെങ്കില്‍, തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി പരാതി ചവറ്റു കുട്ടയിലെറിഞ്ഞ്, പരാതിക്കാരിയെ ഭീഷണിപ്പെടുത്തി മടക്കിയേനെ നമ്മുടെ ഉദ്യോഗസ്ഥ സംവിധാനം. അതിന് ഭരണ നേതൃത്വം പച്ചക്കൊടി കാട്ടുകയും ചെയ്‌തേനേ. കുട്ടികളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ മാതാപിതാക്കളെ അഞ്ച് വര്‍ഷം മുമ്പ് തിരിച്ചയച്ചത് അങ്ങനെയായിരുന്നുവല്ലോ.


വള്ളിക്കാവില്‍, മാതാ അമൃതാനന്ദമയിയുടെ സാന്നിധ്യത്തില്‍, അനുയായികളുടെ മര്‍ദനമേറ്റ് മനോരോഗാശുപത്രിയില്‍ വെച്ച് മരിച്ച സത്‌നാം സിംഗിന്റെ പിതാവും സഹോദരനും സത്യം കണ്ടെത്താനുതകുന്ന അന്വേഷണം ആവശ്യപ്പെട്ട് നമ്മുടെ മുന്നിലുമെത്തുന്നുണ്ട്. എല്ലാമന്വേഷിക്കാമെന്ന് ഉറപ്പ് നല്‍കുന്ന ഭരണനേതൃത്വം, വള്ളിക്കാവിലെത്തി പിറന്നാള്‍ സദ്യയുണ്ട് മടങ്ങുന്നു. സത്‌നാമെന്ന പരദേശിയുടെ കാര്യത്തില്‍, താത്പര്യം കാട്ടേണ്ട ബാധ്യത പ്രതിപക്ഷത്തെ വിപ്ലവകാരികള്‍ക്കുമില്ലല്ലോ.