2014-04-23

പൊന്നു (കടത്തു) തമ്പുരാന്‍


ശ്രീ പത്മനാഭന്റെ സ്വത്തു വകകള്‍ പത്മനാഭദാസന്‍മാരെന്ന് അവകാശപ്പെട്ടവര്‍ തന്നെ ദുരുപയോഗം ചെയ്തുവെന്നാണ് സുപ്രീം കോടതിയെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ട മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. റിപ്പോര്‍ട്ടിലെത്രത്തോളം നെല്ലുണ്ട്, പതിരുണ്ട് എന്നത് വിശദമായ പരിശോധനകള്‍ക്കു ശേഷമേ തിട്ടമാകൂ. പക്ഷേ, ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ സൂക്ഷിച്ച സ്വര്‍ണ, രത്‌നങ്ങളുള്‍പ്പെടെ സ്വത്തുക്കളുടെ കാര്യത്തില്‍ നേരത്തെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നാണ് അമികസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ നിന്ന് മനസ്സിലാക്കാനാകുക. അതുകൊണ്ടു തന്നെ ക്ഷേത്ര നിലവറകളിലെ സമ്പത്ത് സംബന്ധിച്ച് ഇക്കാലത്തിനിടെ ഉയര്‍ന്ന വാദങ്ങളും വ്യവഹാരങ്ങളും തട്ടിപ്പിന് മറ തീര്‍ക്കുകയാണ് യഥാര്‍ഥത്തില്‍ ചെയ്തത്.


എട്ടു വീട്ടില്‍ പിള്ളമാരുടെയും അവര്‍ക്കൊപ്പം നിന്നിരുന്ന പോറ്റിമാരുടെയും ഭരണത്തിലായിരുന്ന ക്ഷേത്രം, മാര്‍ത്താണ്ഡവര്‍മ തിരുവിതാംകൂര്‍ രാജാവായതോടെയാണ് ഈ കുടുംബത്തിന്റെ നിയന്ത്രണത്തിലേക്ക് എത്തുന്നത്. തിരുവിതാംകൂറിന്റെ ഭരണം ഏറ്റെടുത്ത മാര്‍ത്താണ്ഡവര്‍മ ഉടവാള്‍ പത്മനാഭസ്വാമിക്ക് മുമ്പാകെ സമര്‍പ്പിച്ച്, ദാസനായി അധികാരത്തില്‍ തുടര്‍ന്നുവെന്നാണ് ചരിത്രം. രാജഭരണം അവസാനിച്ച്, ജനായത്തം പുലര്‍ന്നപ്പോള്‍ ദാസവേല അവസാനിച്ചതാണ്. പക്ഷേ, തിരുവിതാംകൂറിനെ ഇന്ത്യന്‍ യൂനിയനില്‍ ലയിപ്പിച്ചപ്പോള്‍ മാര്‍ത്താണ്ഡവര്‍മ കുടുംബത്തിന് ചില പ്രത്യേക അവകാശങ്ങള്‍ നല്‍കിയിരുന്നു. തിരുവിതാംകൂറിലെ ഇതര ക്ഷേത്രങ്ങളൊക്കെ ദേവസ്വത്തിന് കീഴിലാക്കിയെങ്കിലും പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം മാര്‍ത്താണ്ഡവര്‍മ കുടുംബത്തിന് നല്‍കി. ക്ഷേത്ര നടത്തിപ്പിന് വര്‍ഷാവര്‍ഷം സര്‍ക്കാറില്‍ നിന്ന് സഹായം നല്‍കാനും ധാരണയുണ്ടാക്കി.
1971ല്‍ പ്രിവി പഴ്‌സ് നിര്‍ത്തലാക്കുകയും രാജപരമ്പരകള്‍ക്കായി അനുവദിച്ചിരുന്ന അവകാശാധികാരങ്ങളൊക്കെ എടുത്തുകളയുകയും ചെയ്തതോടെ മാര്‍ത്താണ്ഡവര്‍മ കുടുംബത്തിന് നല്‍കിയിരുന്ന പ്രത്യേക അവകാശങ്ങളൊക്കെ റദ്ദാകേണ്ടതാണ്. എന്നാല്‍ അത്തരത്തിലൊന്നും സംഭവിച്ചിട്ടില്ലെന്നും ക്ഷേത്രഭരണവും ക്ഷേത്ര നിലവറകളിലെ സ്വത്തുക്കളുടെ കൈകാര്യകര്‍ത്തൃത്വവും ഇപ്പോഴും തങ്ങള്‍ക്ക് തന്നെയാണെന്നുമാണ് മാര്‍ത്താണ്ഡവര്‍മ കുടുംബത്തിന്റെ വാദം. ക്ഷേത്രങ്ങളെ ഹിന്ദുമത സ്ഥാപനങ്ങള്‍ മാത്രമായി കാണുന്ന സംഘ് പരിവാര്‍ അനുകൂല വിഭാഗങ്ങള്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണാവകാശം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെ എതിര്‍ക്കുന്നു. ക്ഷേത്ര നിലവറകളിലെ സ്വത്ത് സംബന്ധിച്ച് ഇപ്പോഴുണ്ടായിരിക്കുന്ന വ്യവഹാരങ്ങളും തര്‍ക്കങ്ങളും ഹിന്ദു സമുദായത്തിന്റെ അവകാശങ്ങളെ കവര്‍ന്നെടുക്കാനുള്ള നീക്കമായി വ്യാഖ്യാനിക്കുകയും ചെയ്യുന്നു.


ജനായത്തം സപ്തതിയോട് അടുക്കുകയാണെങ്കിലും തിരുവിതാംകോട്ടും പരിസരത്തുമുള്ള ജനങ്ങളിലൊരു വിഭാഗത്തിന് ശ്രീപത്മനാഭന്റെ ചക്രത്തോടും മാര്‍ത്താണ്ഡവര്‍മ കുടുംബത്തിന്റെ അധികാരാവകാശങ്ങളോടും പ്രതിപത്തി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഈ വികാരത്തെ ത്രസിപ്പിച്ച് നിര്‍ത്താനുള്ള ഉപാധിയായാണ് ക്ഷേത്ര സ്വത്ത് സംബന്ധിച്ച തര്‍ക്കത്തെ സംഘ് പരിവാരം കാണുന്നത്. ഇവക്കെല്ലാം തത്കാലത്തേക്കെങ്കിലും വിരാമമിടുന്നുവെന്നതാണ് ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ടിന്റെ സവിശേഷത. മാര്‍ത്താണ്ഡവര്‍മ കുടുംബത്തിന്റെ ഒത്താശയോടെ, ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കടത്തിയെന്ന് സംശയിക്കുന്ന റിപ്പോര്‍ട്ട്, അത് കൈകാര്യം ചെയ്തയാളുടെ മൊഴി, അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. ഹിന്ദു സമുദായത്തിന്റെ അവകാശാധികാരങ്ങളില്‍ കൈകടത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത് എന്ന ആക്ഷേപത്തിന്റെ ശക്തി ഇതോടെ ചോരുകയാണ്. നിലവറയില്‍ നിന്ന് സ്വര്‍ണം കടത്തിയെന്നും കാണിക്കയായി ലഭിച്ചവയുടെ കണക്ക് സൂക്ഷിച്ചിട്ടില്ലെന്നുമുള്ള ആരോപണം നേരിടുന്ന മാര്‍ത്താണ്ഡവര്‍മ കുടുംബവും അവരുടെ നിയന്ത്രണത്തിലുള്ള ഭരണ സംവിധാനവുമാണ് ഹിന്ദു സമുദായത്തിന്റെ അവകാശാധികാരങ്ങള്‍ സംരക്ഷിക്കുന്നത് എന്ന് വാദിക്കാന്‍ സംഘ് പരിവാരത്തിനും മറ്റും ഇനി പ്രയാസമാകും.


ക്ഷേത്രത്തിന്റെ അധികാരം സംബന്ധിച്ച തര്‍ക്കത്തിനും അധികം ആയുസ്സുണ്ടാകുമെന്ന് കരുതുക വയ്യ. പത്മനാഭസ്വാമി ക്ഷേത്രം രാജകുടുംബത്തിന്റെ സ്വത്തോ സ്വകാര്യ സ്വത്തോ അല്ലെന്ന് തിരുവിതാംകൂറിലെ അവസാനത്തെ രാജാവ് ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കേരള ഹൈക്കോടതി 2011ല്‍ പുറപ്പെടുവിച്ച വിധിയില്‍ പറയുന്നു. കുടുംബ സ്വത്ത് ഭാഗിക്കണമെന്നാവശ്യപ്പെട്ട് നടന്ന വ്യവഹാരത്തിന് സമര്‍പ്പിച്ച മറുപടിയില്‍, ക്ഷേത്രം കുടുംബസ്വത്തോ സ്വകാര്യ സ്വത്തോ അല്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു. ബാലരാമവര്‍മ പിന്നീട് തയ്യാറാക്കിയ വില്‍പത്രത്തില്‍ സ്വത്തുക്കള്‍ വീതം വെക്കുകയും ചെയ്തു. ഇതില്‍ പത്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശിച്ചതുമില്ല. ഇതനുസരിച്ചാണെങ്കില്‍ ക്ഷേത്രം പൊതു സ്വത്താണ്. ക്ഷേത്ര നിലവറയിലെ സമ്പാദ്യങ്ങള്‍ പൊതു സ്വത്തായി കാണുകയും വേണം. പൊതു സ്വത്താണെന്ന് ബാലരാമവര്‍മ നേരത്തെ തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇത്രയും കാലത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്ന അമികസ് ക്യൂറിയുടെ ശിപാര്‍ശ നടപ്പാക്കപ്പെടേണ്ടതാണ്. സ്വര്‍ണം കടത്തി, ജീവനക്കാരെ ഭീഷണിപ്പെടുത്തി, മറ്റ് അതിക്രമങ്ങള്‍ നടന്നു എന്നു  തുടങ്ങിയ ആരോപണങ്ങളൊക്കെ രാജ്യത്ത് നിലനില്‍ക്കുന്ന നിയമ വ്യവസ്ഥയനുസരിച്ച് അന്വേഷിക്കപ്പെടേണ്ടതുമാണ്.


വിവിധ വിമാനത്താവളങ്ങളിലൂടെ കേരളത്തിലേക്ക് കടത്തപ്പെടുന്ന കിലോക്കണക്കിന് സ്വര്‍ണത്തെക്കുറിച്ചുള്ള വാര്‍ത്തകളാല്‍ മുഖരിതമാണ് അന്തരീക്ഷം. ഇങ്ങനെ കടത്തുന്നതില്‍ ചെറിയ ഭാഗം മാത്രമേ പിടിക്കുന്നുള്ളൂവെന്നും വലിയ തോതിലുള്ള കടത്തുകള്‍ തടസ്സം കൂടാതെ നടത്തുമ്പോള്‍ ചെറിയ ഭാഗം കടത്തുകാര്‍ തന്നെ വിട്ടുനല്‍കുകയും അത് പിടികൂടി എന്ന ലേബലില്‍ അവതരിപ്പിക്കപ്പെടുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്ന് സ്വര്‍ണം കൊണ്ടുവരുമ്പോള്‍ നിയമപ്രകാരം നല്‍കേണ്ട ചുങ്കം സര്‍ക്കാറിന് അടക്കാതിരിക്കുന്നുവെന്നതാണ് കള്ളക്കടത്തുകാരുടെ മേലുള്ള പ്രധാനകുറ്റം. ചുങ്കം നല്‍കാതെ കൊണ്ടുവരുന്ന സ്വര്‍ണം ഇവിടുത്തെ കമ്പോളത്തില്‍ രഹസ്യമായി വിറ്റഴിച്ച് വലിയ ലാഭമുണ്ടാക്കാന്‍ ഇവരുടെ ശൃംഖലക്ക് സാധിക്കും. ഇങ്ങനെ വിറ്റഴിക്കപ്പെടുന്ന സ്വര്‍ണവും അത് സൃഷ്ടിക്കുന്ന സമാന്തര വിപണിയും ആഭ്യന്തര സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കുന്ന ആഘാതമാണ് കടത്തിന്റെ മറ്റൊരു പ്രധാന പ്രശ്‌നം. സ്വര്‍ണത്തിന്റെ ഇറക്കുമതിക്ക് ചുങ്കം ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനവും മലയാളികള്‍ക്ക് പൊതുവില്‍ സ്വര്‍ണത്തോടുള്ള ആര്‍ത്തിയും അത് മുതലെടുക്കാനായി നാടുനീളെ ആരംഭിക്കുന്ന ചെറുകിട, വന്‍കിട ജ്വല്ലറികളുമൊക്കെ കടത്തിന് പ്രേരണയായി നില്‍ക്കുന്നുണ്ട്.


എന്തായാലും സ്വര്‍ണക്കടത്ത് ഗൗരവമേറിയ കുറ്റകൃത്യമായും സമ്പദ്‌വ്യവസ്ഥക്ക് ഏല്‍പ്പിക്കുന്ന ആഘാതത്തെ പരിഗണിച്ച് രാജ്യദ്രോഹമായുമൊക്കെ പരിഗണിക്കപ്പെടുന്നു.  അതുകൊണ്ട് കൂടിയാണ് കടത്തുകാരുമായി ബന്ധമുണ്ടെന്ന ആരോപണം ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും നേര്‍ക്കുയരുമ്പോള്‍ അതിന് വലിയ പ്രാധാന്യമുണ്ടാകുന്നതും.
ഈ കടത്തും അതുണ്ടാക്കുമെന്ന് പറയപ്പെടുന്ന ആഘാതങ്ങളും തമ്മില്‍ താരതമ്യമില്ലെങ്കിലും സ്വര്‍ണക്കടത്തിനോട് പൊതുവില്‍ മലയാളി സമൂഹം കാട്ടുന്ന കൗതുകം കലര്‍ന്ന ഗൗരവം പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ സൂക്ഷിച്ച സ്വര്‍ണം കടത്തിയെന്ന ആക്ഷേപത്തിലും വേണ്ടതല്ലേ? പൊതു സ്വത്തെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ബാലരാമവര്‍മ സാക്ഷ്യപ്പെടുത്തിയ മുതല്‍ കടത്തിക്കൊണ്ടു പോയി എന്നാണെങ്കില്‍ ലളിതമായ ഭാഷയില്‍ അത് മോഷണമാണ്. പഴയ രാജവംശത്തിന്റെ പിന്‍മുറക്കാര്‍ എന്ന നിലയില്‍ തിരുവനന്തപുരത്തെ വലിയൊരു വിഭാഗം ജനങ്ങളും ഭരണത്തിന് നേതൃത്വം നല്‍കിയിരുന്നവരും കല്‍പ്പിച്ച വിശ്വാസത്തിന്റെ വഞ്ചന കൂടിയാണ്. നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സ്വര്‍ണക്കടത്തിന് മറയിടുക എന്നതിപ്പുറം ഉദ്ദേശ്യം ഭീഷണിക്കും അതുപോലുള്ള മറ്റതിക്രമങ്ങള്‍ക്കുമുണ്ടാകാനിടയില്ല. കല്‍പ്പന കല്ലേപ്പിളര്‍ക്കുന്ന കാലം പത്മനാഭസ്വാമിക്ഷേത്രത്തില്‍ ഇത്രയും കാലം നിലനിന്നുവെന്ന് വേണം കരുതാന്‍. സ്വാതന്ത്ര്യത്തിന്റെത് എന്ന് നാം കരുതുന്ന ഈ 67 വര്‍ഷത്തിനിടെ നടന്ന ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വലിപ്പമുള്ള ഒന്നായി ഇതിനെ കാണേണ്ടിയും വരും.


ഈ സ്വത്ത് മുഴുവന്‍ സമാഹരിച്ചതിന് പിറകില്‍ രാജകീയാധികാരത്തിന്റെ അതിരുവിട്ട പ്രയോഗങ്ങളുണ്ടായിട്ടുണ്ട്. പ്രാകൃതമായ നികുതികള്‍ മുതല്‍ ബലം പ്രയോഗിച്ചുള്ള മുതല്‍ക്കുട്ടലുകള്‍ വരെ. ഇതേ അധികാരത്തിന്റെ ഭാഗമായി നില്‍ക്കുകയും മാര്‍ത്താണ്ഡവര്‍മക്ക് മുമ്പ് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം കൈയാളുകയും ചെയ്ത എട്ടുവീടരുടെ സ്വത്തുക്കളും ഇതിന്റെ ഭാഗമായിട്ടുണ്ടാകണം. അങ്ങനെ സ്വരുക്കൂട്ടിയ സ്വത്ത്, ജനായത്ത സമ്പ്രദായത്തോടെ അധികാരത്തെ നിര്‍ണയിക്കാന്‍ അവസരം ലഭിച്ച ജനങ്ങളെ കബളിപ്പിച്ച് സ്വകാര്യ സ്വത്തായി കരുതി ഉപയോഗിക്കുകയും ആ സ്വത്തിനെത്തന്നെ മോഷ്ടിക്കുകയും ചെയ്ത ശേഷം വംശമഹിമയെക്കുറിച്ച് സങ്കീര്‍ത്തനങ്ങള്‍ പാടുന്നത് അശ്ലീലമാണ്, കുറ്റകരവും.


ഇതിനൊക്കെ അരുനിന്നു, ജനയാത്ത രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങള്‍ എന്നതാണ് വൈരുദ്ധ്യം. ക്ഷേത്ര ഭരണത്തിലെ അപാകങ്ങളെക്കുറിച്ചുള്ള പരാതികള്‍ ഇവരാരും പരിഗണിച്ചില്ല. പൊന്നുതമ്പുരാനെ ദുഷിക്കുന്നതിനെ പിന്തുണച്ചാല്‍, കിട്ടുന്ന നാല് വോട്ട് നഷ്ടമാകുമെന്ന ചിന്ത കാരണമാകാം. നായര്‍ പ്രമാണിമാര്‍ പിണങ്ങുമെന്ന തോന്നലുമാകാം. എന്തായാലും കോടതികളുടെ ഇടപെടലുണ്ടായതിനു ശേഷവും രാജവംശത്തെ (മാര്‍ത്താണ്ഡവര്‍മ കുടുംബമെന്ന് ലേഖകന്‍) അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടന്നതില്‍ ഖിന്നനായി കെ പി സി സി പ്രസിഡന്റായിരിക്കെ രമേശ് ചെന്നിത്തല. അദ്ദേഹം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ മാര്‍ത്താണ്ഡവര്‍മ കുടുംബത്തിനെതിരെ കേരള പോലീസ് എന്തെങ്കിലും അന്വേഷണം നടത്തുമെന്ന് കരുതുന്നതില്‍ അര്‍ഥമില്ല. സുപ്രീം കോടതിയുടെ നിര്‍ദേശം പോലും അതിന് കാരണമാകണമെന്നുമില്ല. കോടതിയുത്തരവുകള്‍ കീറിപ്പറത്താനുള്ള ധൈര്യം ക്ഷേത്ര ഭരണസമിതിയിലെ ഉദ്യോഗസ്ഥര്‍ക്കുണ്ടായെന്ന് അമികസ് ക്യൂറി തന്നെ പറയുമ്പോള്‍ പ്രത്യേകിച്ചും.


സ്തുതിപാഠങ്ങള്‍ അവസാനിപ്പിക്കാന്‍ നേരമായെന്ന് തിരിച്ചറിയേണ്ടത് ജനങ്ങള്‍ തന്നെയാണ്. അതുണ്ടാകുന്നില്ലെങ്കില്‍, ദേവസ്വം രാജസ്വമായി നിലനില്‍ക്കും. ഇല്ലാത്ത രാജാവിനെ കുമ്പിട്ട്, സ്വയം വിധേയവേഷം സ്വീകരിക്കുന്നവരും. വര്‍ണാശ്രമധര്‍മമനുഷ്ഠിച്ച്, ആര്‍ഷഭാരത സംസ്‌കൃതിക്കൊത്ത ജീവിതം കാംഷിക്കുന്നവര്‍ക്ക് രാജസ്തുതി തുടരാം.

1 comment:

  1. വെറും ഒരു രാജകുടുംബം ചെയ്ത മോശണത്തെ കൊള്ളയടിച്ചു എന്നു പറയരുത്

    ReplyDelete