2014-05-19

താമരത്തണ്ടിന് ബലമേകിയവരോട്


രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ പ്രചാരകനായിരുന്നു സഞ്ജയ് ജോഷി. ബി ജെ പിയുടെ അടിത്തറ ശക്തമാക്കാനായി 1988ല്‍ സംഘ് നേതൃത്വം ഗുജറാത്തിലേക്ക് നിയോഗിച്ച മഹാരാഷ്ട്രക്കാരന്‍. 1995ല്‍ കേശുഭായ് പട്ടേലിന്റെ നേതൃത്വത്തില്‍ ഗുജറാത്തിലെ ആദ്യ ബി ജെ പി സര്‍ക്കാര്‍ അധികാരമേറ്റു. 2002ല്‍ ഗുജറാത്തിന്റെ മുഖ്യമന്ത്രി സ്ഥാനമേറ്റെടുക്കാന്‍ നരേന്ദ്ര മോദി എത്തുന്നത്, സഞ്ജയ് ജോഷിയുടെ കൂടി വിയര്‍പ്പിന്റെ ബലത്തില്‍ ബി ജെ പി നേടിയ ഭൂരിപക്ഷം നിലനില്‍ക്കെയാണ്. നരേന്ദ്ര മോദിയുടെ സമ്മര്‍ദം മൂലം ബി ജെ പിയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗത്വം രാജിവെച്ചയാളെന്നതാണ് സഞ്ജയ് ജോഷിയുടെ ഇപ്പോഴത്തെ വിശേഷണം. ജോഷിയെ അവഗണിക്കുന്നതില്‍, ആര്‍ എസ് എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് അതൃപ്തി അറിയിച്ചിട്ടും ഒന്നും സംഭവിച്ചില്ല.


2002ലെ വംശഹത്യയോടെ ഗുജറാത്തിലെ പാര്‍ട്ടിയില്‍ നരേന്ദ്ര മോദി ആധിപത്യമുറപ്പിച്ചതോടെയാണ് സഞ്ജയ് ജോഷിയുടെ കാലക്കേട് തുടങ്ങുന്നത്. 2005ല്‍ ബി ജെ പിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം മുംബൈയില്‍ നടക്കവെ, പ്രധാന കവാടത്തിന് മുന്നിലൊരു സി ഡി വിതരണം നടന്നു. സഞ്ജയ് ജോഷിയും ഒരു യുവതിയുമായിരുന്നു സി ഡിയിലെ ദൃശ്യങ്ങളിലെ മുഖ്യ കഥാപാത്രങ്ങള്‍. അതോടെ തീര്‍ന്നു. ലൈംഗിക അപവാദത്തില്‍ കുടുങ്ങിയ നേതാവിനെ ചുമക്കാന്‍, ആര്‍ഷഭാരത സംസ്‌കാരത്തിന്റെ അപ്പോസ്തലന്‍മാരായ ആര്‍ എസ് എസ്സിനോ ബി ജെ പിക്കോ സാധിക്കുമായിരുന്നില്ല. പാര്‍ട്ടിയില്‍ നിന്ന് ജോഷി പുറത്താക്കപ്പെട്ടു. സി ഡിയുടെ ഉള്ളടക്കം കൃത്രിമ സൃഷ്ടിയായിരുന്നുവെന്ന് പിന്നീട് വ്യക്തമായി.  സി ഡി വിതരണം ചെയ്തത് ഗുജറാത്ത് പോലീസ് സേനയിലെ അംഗം ബാലകൃഷ്ണ ചൗബേയാണെന്നും. സി ഡി കൈമാറിയതും മുംബൈയില്‍ വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചതും ഡി ഐ ജി, ഡി ജി വന്‍സാരയാണെന്ന് ചൗബെ 2010ല്‍ മൊഴി നല്‍കി. വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ ആരോപണവിധേയനായി ജയിലില്‍ കഴിയുന്ന ഡി ജി വന്‍സാര, അമിത് ഷായുമായും നരേന്ദ്ര മോദിയുമായും അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്.


സി ഡിയുടെ ഉള്ളടക്കം കൃത്രിമമായുണ്ടാക്കിയതാണെന്നും അത് വിതരണം ചെയ്തത് ഗുജറാത്ത് പോലീസിലെ ഉദ്യോഗസ്ഥനാണെന്നും വ്യക്തമായതോടെ സഞ്ജയ് ജോഷിയെ തിരിച്ചെടുക്കാന്‍ ബി ജെ പി തയ്യാറായി. ദേശീയ നിര്‍വാഹക സമിതിയില്‍ തിരിച്ചെടുത്ത് ഉത്തര്‍ പ്രദേശ് ഘടകത്തിന്റെ ചുമതല നല്‍കി. ഇതില്‍ പ്രകോപിതനായ നരേന്ദ്ര മോദി, പാര്‍ട്ടിയുടെ നേതൃയോഗങ്ങളില്‍ നിന്ന് വിട്ടുനിന്നു. ആ പ്രതിഷേധത്തിനൊടുവിലാണ് ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് സഞ്ജയ് ജോഷി രാജിവെക്കുന്നത്, അല്ലെങ്കില്‍ ദേശീയ നേതൃത്വമിടപെട്ട് രാജിവെപ്പിക്കുന്നത്. സഞ്ജയ് ജോഷിയെ പുറത്താക്കിയേ അടങ്ങൂ എന്ന വാശി മോദി കാണിച്ചുവെങ്കില്‍, ഡി ജി വന്‍സാര വിതരണത്തിന് കൈമാറിയ സി ഡി ആരുടെ ബുദ്ധിയിലുദിച്ച താമരയാണെന്ന് മനസ്സിലാക്കുക പ്രയാസമുള്ള കാര്യമല്ല.


സഹോദര സംഘത്തിലൊരാളെ (ആര്‍ എസ് എസ് അങ്ങനെയാണത്രെ) വൈരനിര്യാതന ബുദ്ധിയോടെ പിന്തുടരാന്‍ മടി കാട്ടാത്ത ഒരാള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുകയാണ്. ഗുജറാത്ത് കലാപത്തിലെ സൂത്രധാരത്വമുള്‍പ്പെടെ ആരോപണങ്ങളൊക്കെ രാഷ്ട്രീയ പ്രതിയോഗികളുടെയോ നിക്ഷിപ്ത താത്പര്യക്കാരുടെയോ സൃഷ്ടികളായി മാറ്റിനിര്‍ത്താം. പക്ഷേ, സഞ്ജയ് ജോഷിക്ക് പാര്‍ട്ടിയില്‍ നേരിടേണ്ടിവന്ന, സര്‍ സംഘ് ചാലക് നേരിട്ട് ഇടപെട്ടിട്ടു പോലും പരിഹരിക്കനാകാത്ത, ദുരനുഭവം ബി ജെ പിക്കാര്‍ക്ക് പോലും സമ്മതിക്കേണ്ടിവരും. എല്‍ കെ അഡ്വാനിയുടെയും മുരളി മനോഹര്‍ ജോഷിയുടെയും സുഷമ സ്വരാജിന്റെയുമൊക്കെ മുഖം വിവര്‍ണമാകുന്നത് അനുഭവ സ്മരണകളുള്ളതുകൊണ്ടാകണം.


ആ ദേഹം, രാജ്യത്തിന്റെ പ്രധാനമന്ത്രിക്കസേരയില്‍ ഇരിക്കാനൊരുങ്ങുമ്പോള്‍, അതിലേക്ക് ബി ജെ പിയും അതിന്റെ നേതാക്കളും പ്രവര്‍ത്തകരും നല്‍കിയതിനേക്കാള്‍ വലിയ സംഭാവന, കോണ്‍ ഗ്രസും പ്രതിപക്ഷക്കസേരകളിലിരിക്കാനൊരുങ്ങുന്ന ഇതര പാര്‍ട്ടികളും നല്‍കിയിട്ടുണ്ട് എന്നതാണ് വസ്തുത. അഴിമതി ആരോപണങ്ങളാല്‍ സമ്പന്നമായ സര്‍ക്കാറിന് നേതൃത്വം നല്‍കുന്നതു കൊണ്ടു തന്നെ ദുര്‍ബലമായ കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിരോധത്തിലേക്ക് തള്ളും വിധത്തിലുള്ള തീരുമാനങ്ങളെടുത്തിരുന്നു കാലാവധി തീരാറാകുമ്പോഴും മന്‍മോഹനും കൂട്ടരും. അത് തടയാന്‍ മുന്‍കൈ എടുക്കാതിരുന്ന പാര്‍ട്ടി നേതൃത്വം, അടുത്ത തിരഞ്ഞെടുപ്പിലൊരു പരാജയം സ്വീകരിക്കാന്‍ മാനസികമായി തയ്യാറെടുത്ത് കഴിഞ്ഞിരുന്നു. ബി ജെ പിയും കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന മുന്നണികള്‍ക്ക് ഭൂരിപക്ഷം നേടാനാകാത്ത സാഹചര്യമാണ് രാജ്യത്തെന്ന് വിലയിരുത്തിയ ഇടതുപക്ഷമുള്‍പ്പെടെ ഇതര പാര്‍ട്ടികള്‍, തിരഞ്ഞെടുപ്പിന് ശേഷമുണ്ടാകുന്ന സാഹചര്യത്തില്‍ നിന്ന് മുതലെടുക്കാമെന്ന സ്വപ്നം കണ്ടു. സമ്മര്‍ദശക്തിയായി നിന്ന് നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലായിരുന്നു ചിലതെങ്കിലും.


ന്യൂനപക്ഷ വോട്ടുകള്‍ ഫലത്തെ നിര്‍ണയിക്കുന്ന 218 മണ്ഡലങ്ങള്‍ രാജ്യത്തുണ്ട്. നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തി ബി ജെ പി രംഗത്തിറങ്ങുമ്പോള്‍ തീവ്ര ഹിന്ദുത്വ അജന്‍ഡകളെ ഭീതിയോടെ കാണുന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകള്‍ ഏകീകരിക്കപ്പെടുമെന്നും അതിന്റെ ഗുണം തങ്ങള്‍ക്ക് ലഭിക്കുമെന്നും കോണ്‍ഗ്രസ് കണക്ക് കൂട്ടി. ഇതേ കണക്ക് കൂട്ടല്‍ ബി എസ് പി, എസ് പി, ആര്‍ ജെ ഡി തുടങ്ങിയ പാര്‍ട്ടികള്‍ക്കുമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ എന്തൊക്കെ സംഭവിച്ചാലും സീറ്റിന്റെ എണ്ണം നൂറ് കടക്കുമെന്ന് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ഇരുപതോ ഇരുപത്തിയഞ്ചോ സീറ്റുകളില്‍ ജയിച്ച് സമ്മര്‍ദശക്തിയാകാമെന്ന് ഇതര പാര്‍ട്ടികളുടെ പ്രതീക്ഷ. എന്തുവന്നാലും 100 സീറ്റ് കടക്കുമെന്ന സ്വപ്നത്തില്‍ രമിച്ച കോണ്‍ഗ്രസ്, കേവലഭൂരിപക്ഷത്തിന് വേണ്ട സീറ്റുകളിലേക്ക് എന്‍ ഡി എ എത്തില്ലെന്നും ജയലളിതയുടെയോ മായാവതിയുടെയോ പിന്തുണയോടെ ഭരണത്തിലെത്തിയാലും അത് ആയൂസ്സെത്താതെ അവസാനിക്കുമെന്നും കണക്ക് കൂട്ടി.


സ്വയംകൃതാനര്‍ഥത്താല്‍ പ്രതിരോധത്തില്‍ നില്‍ക്കെ, ലളിത ഗണിതങ്ങളെ ആശ്രയിച്ച്, സ്വപ്നങ്ങള്‍ നെയ്തവര്‍ പോര്‍ക്കളത്തിലെ യഥാര്‍ഥ ചൂട് മനസ്സിലാക്കിയതേയില്ല. സ്വന്തം വോട്ട് ബേങ്കിന്റെ സ്ഥിരതയിലുള്ള അതിരുകടന്ന വിശ്വാസം, എതിരാളിയുടെ വീഴ്ചയില്‍ നിന്ന് മുതലെടുക്കാനാകുമെന്ന പ്രതീക്ഷ, ബഹുകോണ മത്സരത്തില്‍ വിജയം ഉറപ്പെന്ന അഹന്ത ഇതൊക്കെയുമുണ്ടായിരുന്നു ഇതര പാര്‍ട്ടികള്‍ക്ക്. അതിന്റെയൊക്കെ കടക്കല്‍ കത്തിവെക്കാന്‍ പാകത്തിലുള്ള ധ്രൂവീകരണം ചുട്ടുപഴുപ്പിച്ചെടുക്കുന്നുണ്ടായിരുന്നു അമിത് ഷായും കൂട്ടരുമെന്ന് അവരറിഞ്ഞതേയില്ല. അതറിയാന്‍ പാകത്തില്‍ ജനങ്ങളുമായി അടുത്തുനിന്നിരുന്നില്ല ഇവരൊന്നും. പശ്ചിമ ബംഗാളില്‍ ബി ജെ പിക്കും സി പി എമ്മിനും രണ്ട് സീറ്റ് വീതമെന്ന ഫലമുണ്ടാകാന്‍ കാരണം മറ്റൊന്നല്ല.



എല്‍ കെ അദ്വാനിയെ പിന്തള്ളി, ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ ശേഷവും നരേന്ദ്ര മോദി തുടര്‍ന്ന വൈരനിര്യാതന ബുദ്ധി എത്രത്തോളമെന്ന് വ്യക്തമാക്കാനാണ് സഞ്ജയ് ജോഷിയുടെ കഥ തുടക്കത്തില്‍ പറഞ്ഞത്. അത്തരത്തിലൊരാള്‍ പരമാധികാരസ്ഥാനത്തേക്ക് എത്തിയാല്‍ പലതും സംഭവിക്കാനുള്ള സാധ്യതയുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയെന്ന പരിമിതാധികാരം ആസ്വദിച്ച കാലത്ത്, അന്വേഷണ ഏജന്‍സികളെ, നീതിന്യായ സംവിധാനത്തെ ഒക്കെ ഏത് വിധത്തിലാണ് അദ്ദേഹം അട്ടിമറിച്ചത് എന്നത് രാജ്യം കണ്ടതാണ്.  വംശഹത്യയെക്കുറിച്ചല്ല, അതിനുശേഷം കുറ്റവാളികളെന്ന് ആരോപിക്കപ്പെട്ടവരെ രക്ഷിക്കുന്നതിന് ഭരണകൂടം നടത്തിയ നീക്കങ്ങളെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്.  വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്ടിച്ചതിനെക്കുറിച്ചും അതിന് ട്രിഗര്‍ വലിച്ച പോലീസുകാരെ സംരക്ഷിക്കാന്‍ ശ്രമിച്ചതിനെക്കുറിച്ചുമാണ് സൂചിപ്പിച്ചത്. ഇത്തരം നീക്കങ്ങളോട് പ്രതികരിച്ച ഉദ്യോഗസ്ഥരടക്കമുള്ളവരെ ഏത് വിധത്തിലാണ് മോദി ഭരണകൂടം കൈകാര്യം ചെയ്തത് എന്നതിനെക്കുറിച്ചുമാണ് സൂചിപ്പിച്ചത്.


അത്തരത്തിലൊരാള്‍ നേതൃത്വത്തിലിരിക്കെ ബി ജെ പിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കുന്ന ഒരു സാഹചര്യം സൃഷ്ടിക്കുന്നതില്‍ കോണ്‍ഗ്രസും ഇടത്, ഇതര പാര്‍ട്ടികളും വിജയിച്ചുവെങ്കില്‍ അവര്‍ക്ക്, അധികാരലബ്ധിക്കപ്പുറത്ത്, മതനിരപേക്ഷ ജനാധിപത്യം നിലനില്‍ക്കണമെന്ന പ്രഖ്യാപിത നിലപാടിനോട് എത്രമാത്രം പ്രതിജ്ഞാബദ്ധതയുണ്ടെന്നതില്‍ സംശയത്തിന് വകയുണ്ട്.


ഒരു കാര്യത്തില്‍ കോണ്‍ഗ്രസിന് ആശ്വസിക്കാം. ഇക്കാലം വരെ, ഒന്നും രണ്ടും യു പി എ സര്‍ക്കാറുകളുടെ കാര്യത്തില്‍ പ്രത്യേകിച്ചും, കോര്‍പറേറ്റുകളുടെ താത്പര്യത്തെ സംരക്ഷിക്കുന്നതില്‍ അവര്‍ കാട്ടിയ ജാഗ്രത, നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറും തുടരുമെന്നുറപ്പ്. ഗുജറാത്തിലെ ഭരണരീതി മാത്രം മതി അതുറപ്പാക്കാന്‍. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റുതീര്‍ക്കാന്‍ പ്രത്യേക മന്ത്രാലയം ആരംഭിച്ച ചരിത്രമുണ്ട് ബി ജെ പിക്ക്. അതുകൊണ്ടു തന്നെ ആഗോള കുത്തക മൂലധനത്തിന്റെ ഒഴുക്ക് പൂര്‍വാധികം ശക്തമാക്കാനുതകും വിധത്തില്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ തുടര്‍ന്ന് കൊണ്ടുപോകാന്‍ അവര്‍ മടിക്കില്ല. അത് തുടരുമ്പോള്‍ തന്നെ, ഇപ്പോള്‍ അധികാരം സമ്മാനിച്ച ധ്രുവീകരണത്തെ വളര്‍ത്തി, സ്ഥായിയാക്കാന്‍ എന്തൊക്കെ ചെയ്യുമെന്നതാണ് കരുതിയിരിക്കേണ്ടത്. രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ മോദിയില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നുവെന്ന് തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് ആര്‍ എസ് എസ് നേതാക്കള്‍ പറഞ്ഞിട്ടുണ്ട്. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുമെന്നും അവിടെ നിന്നെത്തുന്ന ഹിന്ദുക്കളെ അഭയാര്‍ഥികളായി സ്വീകരിക്കുമെന്നും പ്രചാരണത്തിനിടെ മോദി തന്നെ പറഞ്ഞിരുന്നു.  അനധികൃത കുടിയേറ്റക്കാരാരൊക്കെ എന്ന് കണ്ടെത്തുക, മോദിയുടെ നേതൃത്വത്തിലുള്ള ഭരണ സംവിധാനമാകുമ്പോള്‍, ആ പ്രഖ്യാപനത്തിന് ഇനി വലിയ അര്‍ഥങ്ങളുണ്ട്.


രാജ്യത്ത് നടന്ന പല സ്‌ഫോടനങ്ങള്‍ക്ക് പിറകിലും ഹിന്ദുത്വ ഭീകരവാദ ശൃംഖലകളായിരുന്നുവെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. അത്തരം കേസുകള്‍ ഇനി ഏത് വഴിക്ക് നീങ്ങും? ഭീകരവാദ ആരോപണത്തിന്റെ പേരില്‍ നിരപരാധികളെ അറസ്റ്റ് ചെയ്യുന്ന രീതി, കോണ്‍ഗ്രസ് ഭരണകാലത്ത് തന്നെ, രാജ്യത്തെ പോലീസ് സംവിധാനത്തില്‍ വ്യാപകമായിരുന്നു. വ്യാജ ഏറ്റുമുട്ടല്‍ സൃഷ്ടിക്കാന്‍ മടിക്കാത്ത ഒരു ഭരണകൂടത്തിന് നേതൃത്വം നല്‍കിയയാള്‍ രാജ്യത്തിന്റെ തലപ്പത്തെത്തുമ്പോള്‍ ഈ പോലീസ് സംവിധാനം എങ്ങനെ പെരുമാറും?  സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നീതി ലഭ്യമാക്കുന്നതിന് സായുധ സമരമാണ് പോംവഴിയെന്ന് ചിന്തിച്ച് മധ്യേന്ത്യയില്‍ സ്വാധീനമുറപ്പിച്ച മാവോയിസ്റ്റുകളെ നേരിടാന്‍ മോദി ഭരണകൂടം സ്വീകരിക്കുന്ന മാര്‍ഗമെന്തായിരിക്കും? ബഹുസ്വര സമൂഹം അനുഭവിച്ചിരുന്ന സ്വാതന്ത്ര്യങ്ങളില്‍ നിയന്ത്രണങ്ങളുണ്ടാകുമോ? എന്ന് തുടങ്ങി ഉയരുന്ന അനവധി ചോദ്യങ്ങള്‍ക്ക് മോദി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളാണ് ഉത്തരം നല്‍കുക. അങ്ങനെ ചോദ്യങ്ങളുയരുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കോണ്‍ഗ്രസ്, ഇടത്, ഇതര പാര്‍ട്ടികള്‍ക്ക് ഒഴിഞ്ഞുമാറാനുമാകില്ല.


ഗുജറാത്തിലെ ഇരകള്‍ക്ക് നീതി ലഭ്യമാക്കാന്‍ മരണം വരെ യത്‌നിച്ച അഭിഭാഷകനാണ് മുകുള്‍ സിന്‍ഹ. മോദി അധികാരമുറപ്പിക്കുന്നതിന് ഏതാനും ദിവസം മുമ്പാണ് അദ്ദേഹം മരിച്ചത്. 'ഗുജറാത്തില്‍ ജനാധിപത്യം നിലനില്‍ക്കുന്നുവെന്ന് ലോകത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട് നരേന്ദ്ര മോദിക്ക്. അതുകൊണ്ടാണ് എന്നെപ്പോലുള്ളവരെ ജീവിക്കാന്‍ അനുവദിക്കുന്നത്' എന്ന് ഒന്നര വര്‍ഷം മുമ്പ് കണ്ടപ്പോള്‍ മുകുള്‍ സിന്‍ഹ പറഞ്ഞിരുന്നു. ഇന്ത്യയില്‍ ജനാധിപത്യം നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കേണ്ട ബാധ്യത നരേന്ദ്ര മോദിക്ക് ഇനിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുക.  ശക്തമായൊരു പ്രതിപക്ഷമാകാന്‍ പോലും മത്സരിക്കാതിരുന്ന പാര്‍ട്ടികളാണ് മോദിയുടെ എതിരാളികള്‍ എന്നുകൂടി കണക്കിലെടുക്കുമ്പോള്‍ ആ ബാധ്യതയില്‍ മാത്രം പ്രതീക്ഷയര്‍പ്പിക്കുക.

1 comment: