2014-11-06

ത്രിലോക്പുരികള്‍ ഉണ്ടാവുന്നത്...


കുപ്രസിദ്ധിക്ക് കുറവില്ലാത്ത ദേശമാണ് ഡല്‍ഹിയിലെ ത്രിലോക്പുരി. 1984 ഡിസംബര്‍ 31ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ചതിന് പിറകെ അരങ്ങേറിയ ആസൂത്രിതമായ സിഖ് വംശഹത്യയിലേക്ക് വലിയ 'സംഭാവന' നല്‍കിയ ദേശം. നാനൂറോളം സിഖുകാരെയാണ് ആ ദിനങ്ങളില്‍ ഇവിടെ ചുട്ടും വെട്ടിയും തള്ളിയത്. 30 കൊല്ലം പൂര്‍ത്തിയായി, നൃശംസത നടമാടിയ ആ നാളുകള്‍ക്ക്. ഉത്തരവാദികളെ കണ്ടെത്തി, നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പോലീസിനോ ആ വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ അവരെ പ്രേരിപ്പിക്കാന്‍ മാറിമാറി വന്ന സര്‍ക്കാറുകള്‍ക്കോ ആയില്ല. വെട്ടാനും ചുടാനും മുന്നിട്ടിറങ്ങിയവരെയും അവര്‍ക്ക് നേതൃത്വം നല്‍കിയവരെയും സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് കുറവേതുമുണ്ടായതുമില്ല. കൊലയും കൊള്ളിവെപ്പും കൊള്ളയും നടത്താന്‍ തെരുവിലിറങ്ങിയ അക്രമികള്‍ക്കൊക്കെ വേണ്ട സ്വാതന്ത്ര്യം അനുവദിച്ച് കാഴ്ചക്കാരായി നിന്നിരുന്നു അക്കാലത്തെ പോലീസ് സംവിധാനം. എല്ലാറ്റിനെക്കുറിച്ചും അന്വേഷണങ്ങള്‍ പലതുണ്ടായി. ജുഡീഷ്യല്‍ അന്വേഷണങ്ങളും പലത്. പക്ഷേ, നീതിനിര്‍വഹണമെന്നത് മാത്രം ഉണ്ടായില്ല. ഒരു ക്ഷമാപണമോ മൂന്ന് ദശകം പിന്നിടുമ്പോള്‍ പ്രഖ്യാപിക്കുന്ന ചില ലക്ഷങ്ങളുടെ നഷ്ടപരിഹാരമോ സിഖ് ജനതയുടെ മനസ്സിലുണ്ടാക്കിയ മുറിവ് ഉണക്കാന്‍ പര്യാപ്തമല്ല.


ത്രിലോക്പുരി ഇപ്പോള്‍ വാര്‍ത്തകളിലേക്ക് എത്തുന്നത് മറ്റൊരു സംഘര്‍ഷത്തിന്റെ പേരിലാണ്. ഇരു സമുദായങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം ചിലരെ ജീവച്ഛവങ്ങളാക്കി, ചിലര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. അക്രമത്തിന്റെ പേരില്‍ ഏതാനും പേര്‍ അറസ്റ്റിലായിട്ടുമുണ്ട്. സംഘര്‍ഷത്തിന് അയവുണ്ടാകുകയും സൈ്വരജീവിതം ഉറപ്പാക്കാന്‍ സമുദായഭേദമില്ലാതെ ആളുകള്‍ രംഗത്തെത്തുകയും ചെയ്തതോടെ സ്ഥിതി ശാന്തമായിട്ടുണ്ട്.


 കഴിഞ്ഞ ദീപാവലിക്ക് തലേന്ന് ആരംഭിച്ച സംഘര്‍ഷം, മാധ്യമങ്ങള്‍ വലിയതോതില്‍ വാര്‍ത്തയാക്കിയിരുന്നില്ല. സംഘര്‍ഷങ്ങളെക്കുറിച്ച് തത്സമയ വിവരണം നടത്തി ഇതര ഭാഗങ്ങളെക്കൂടി ഭീതിയുടെയോ സംഘര്‍ഷത്തിന്റെയോ നിഴലിലാക്കേണ്ടതില്ലെന്ന തീരുമാനം നല്ലത് തന്നെ. സംഘര്‍ഷമടങ്ങിയ ശേഷവും അതിന്റെ കാര്യകാരണങ്ങള്‍ വലിയതോതില്‍ മാധ്യമങ്ങള്‍ വിശകലനം ചെയ്തില്ല. സംഘര്‍ഷമുണ്ടാകാന്‍ കാരണമെന്ത്? അത് തടയുന്നതിന് ഡല്‍ഹി പോലീസ് ഉചിതമായ സമയത്ത് കാര്യക്ഷമമായി ഇടപെട്ടോ? തുടങ്ങിയ കാര്യങ്ങളില്‍ ചില മാധ്യമങ്ങള്‍ മാത്രം താത്പര്യം പ്രകടിപ്പിച്ചു. എന്തായാലും പ്രത്യക്ഷത്തിലുള്ള സംഘര്‍ഷം അടങ്ങിയ ശേഷം, ത്രിലോക്പുരിയില്‍ നിന്ന് വരുന്ന വിവരങ്ങള്‍ ആശങ്ക ജനിപ്പിക്കുന്നതാണ്. ചെറിയൊരു വാക്കുതര്‍ക്കം പോലും  സംഘര്‍ഷത്തിലേക്കും കല്ലേറിലേക്കും ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വെടിവെപ്പിലേക്കും വളരാന്‍ പാകത്തില്‍ വര്‍ഗീയമായി ഉത്സുകമായിരിക്കുന്നു സമൂഹമെന്നതാണ് ത്രിലോക്പുരി നല്‍കുന്ന സന്ദേശം. ഡല്‍ഹിയില്‍ വേറൊരിടത്ത്, ഒരു വിഭാഗത്തിന്റെ ഘോഷയാത്ര, മറ്റൊരു വിഭാഗം പാര്‍ക്കുന്ന പ്രദേശത്തുകൂടെ പോകാന്‍ പാടില്ലെന്ന് പ്രഖ്യാപിക്കപ്പെടുമ്പോള്‍ ത്രിലോക്പുരി ഒറ്റപ്പെട്ടതല്ലെന്ന് മനസ്സിലാകുന്നു.


ഉത്തര്‍പ്രദേശിലെ മീററ്റില്‍ 'ലവ് ജിഹാദ്' അരങ്ങേറിയെന്നാരോപിച്ച് സംഘ് പരിവാര്‍ സംഘടനകള്‍ രംഗത്തുവന്നതും അത് വര്‍ഗീയ സംഘര്‍ഷത്തിലേക്ക് വളര്‍ന്നതും അടുത്തിടെയാണ്. മദ്‌റസയില്‍ അധ്യാപികയായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും മതം മാറുന്നതിന് നിര്‍ബന്ധിക്കുകയും ചെയ്തുവെന്നായിരുന്നു ആക്ഷേപം. ഇതാണ് 'ലവ് ജിഹാദ്' വ്യാപകമായി അരങ്ങേറുന്നുവെന്നതിന് തെളിവായി സംഘ് സംഘടനകള്‍ ചൂണ്ടിക്കാട്ടിയത്. ഏറ്റവുമൊടുവില്‍ ആരോപണങ്ങളൊക്കെ നിഷേധിച്ച് യുവതി രംഗത്ത് വരികയും തന്നെ വീട്ടുതടങ്കലിലാക്കിയ മാതാപിതാക്കള്‍ക്കെതിരെ പരാതി നല്‍കുകയും രാഷ്ട്രീയബന്ധമുള്ള ബന്ധുവിന്റെ പ്രേരണ മൂലമാണ് മുന്‍പ് പരാതി നല്‍കിയത് എന്ന് തുറന്ന് പറയുകയും ചെയ്തു. യുവതിയുടെ പരാതി വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് തുടക്കം മുതല്‍ പറഞ്ഞിരുന്നു, ഉത്തര്‍ പ്രദേശ് പോലീസ്. മുലായം സിംഗ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി ന്യൂനപക്ഷങ്ങളോട് കാട്ടുന്ന ചായ്‌വിന്റെ ഭാഗമായി, അഖിലേഷ് യാദവ് സര്‍ക്കാറിന്റെ പോലീസ് പക്ഷപാതം കാട്ടുന്നുവെന്നായിരുന്നു അന്ന് സംഘ് പരിവാര്‍ ആക്ഷേപിച്ചിരുന്നത്. യുവതി പുതുതായി പറഞ്ഞ കാര്യങ്ങള്‍ ഉത്തര്‍ പ്രദേശ് പോലീസിന്റെ വാദങ്ങളെ സാധൂകരിക്കുന്നതാണ്. പോലീസ് സംവിധാനം, പതിവിന് വിരുദ്ധമായി വസ്തുതക്കൊപ്പം നിന്നിട്ടും ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച്, ജനങ്ങളില്‍ സംശയം വളര്‍ത്താനും അതിന്റെ ലാഭമെടുക്കാനും സംഘ് പരിവാറിന് സാധിച്ചു.


പേരില്‍ സംസ്ഥാനമാണെങ്കിലും രാജ്യതലസ്ഥാനമായ ഡല്‍ഹി ഉള്‍ക്കൊള്ളുന്ന മേഖലയുടെ ക്രമസമാധാന ചുമതല നിര്‍വഹിക്കുന്ന പോലീസിന്റെ നിയന്ത്രണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ്. ഡല്‍ഹി പോലീസിന്റെ അലംഭാവമോ കൃത്യനിര്‍വഹണത്തില്‍ വരുത്തിയ വീഴ്ചയോ ത്രിലോക്പുരിയെ അക്രമങ്ങളിലേക്ക് നയിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നാണ് ഇപ്പോഴുയരുന്ന ആക്ഷേപം. അലംഭാവവും കൃത്യനിര്‍വഹണത്തിലെ വീഴ്ചയും മനഃപൂര്‍വമുണ്ടായതാണോ എന്ന സംശയവും ഉയരുന്നുണ്ട്. ഏതാനും ദിവസത്തെ ഭരണത്തിന് ശേഷം ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രാജിവെച്ചതോടെ മരവിപ്പിച്ച് നിര്‍ത്തിയിരിക്കുന്ന ഡല്‍ഹി നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തുന്നതിനോടാണ് യോജിപ്പെന്ന് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ അറിയിച്ചിരുന്നു. ഇതിന് പിറകെയാണ് ത്രിലോക്പുരി സംഘര്‍ഷഭരിതമായതും പോലീസിന്റെ അലംഭാവവും കൃത്യനിര്‍വഹണ വീഴ്ച ഉണ്ടായതും.


ദീപാവലി ആഘോഷത്തിനൊരുക്കിയ വേദി മറ്റൊരു വിഭാഗത്തിന്റെ പ്രാര്‍ഥനക്ക് തടയാകുമോ എന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് വളര്‍ന്നത്. ഈ തര്‍ക്കം പ്രദേശത്തെ മുതിര്‍ന്നവര്‍ ഇടപെട്ട് പരിഹരിച്ചിരുന്നു. തര്‍ക്കത്തെക്കുറിച്ചും അത് പരിധിവിട്ട് വളരാനുള്ള സാധ്യതയെക്കുറിച്ചും പോലീസിന് വിവരം നല്‍കുകയും ചെയ്തിരുന്നു. പോലീസ് പക്ഷേ, സംഘര്‍ഷം വളരുംവരെ നോക്കി നിന്നു. ഡല്‍ഹി നിയമസഭയിലേക്ക് മത്സരിച്ച ബി ജെ പി നേതാവ് തര്‍ക്കമുണ്ടായ സ്ഥലത്തേക്ക് എത്തുന്നത് തടയാന്‍ പോലീസ് ശ്രമിച്ചില്ല. ഉത്തര്‍ പ്രദേശിലെ മഹാപഞ്ചായത്തില്‍ ബി ജെ പിയുടെ എം എല്‍ എമാര്‍ നടത്തിയ പ്രകോപനപരമായ പ്രസംഗം ഏതളവിലാണ് കാര്യങ്ങളെ മാറ്റിമറിച്ചത് എന്നറിയാത്തവരല്ല ഡല്‍ഹിയിലെ പോലീസുകാര്‍. അതേക്കുറിച്ച് നടക്കുന്ന അന്വേഷണത്തെക്കുറിച്ചും അറിയാത്തവരല്ല. എന്നിട്ടും തര്‍ക്കമുണ്ടായ സ്ഥലത്തേക്ക് ബി ജെ പി നേതാവ് പോകുന്നത് തടയാന്‍ ഡല്‍ഹി പോലീസ് ശ്രമിച്ചില്ല എന്നത്, വ്യക്തിയുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാകുന്നതിനാലല്ല, മറിച്ച് തങ്ങളെ നിയന്ത്രിക്കുന്ന നേതാക്കളുടെ ഇംഗിതം അനുസരിക്കുക എന്നതാണ് ജോലി എന്ന തിരിച്ചറിവിലേക്കെത്തിയതിന്റെ ഫലമാണ്. ഇവരുടെ മുന്‍ഗാമികള്‍ 1984ലെ സിഖ് വംശഹത്യാ കാലത്ത് കാട്ടിയ വിധേയത്വം പുതിയ മേധാവികളോട് കാട്ടുന്നുവെന്ന് മാത്രം.


2002ലെ വംശഹത്യാകാലത്ത് ഗുജറാത്തിലെ പോലീസ് കാട്ടിയതും അതേ വിധേയത്വമായിരുന്നു. രണ്ട് സംഭവങ്ങളിലും അക്രമികള്‍ക്ക് വേണ്ട സ്വാതന്ത്ര്യം അനുവദിച്ച് കൊടുക്കാന്‍ ഭരണനേതൃത്വത്തിന്റെ ഇടപെടലുണ്ടായിരുന്നു. 1984ലെയോ 2002ലെയോ പോലെ ത്രിലോക്പുരി വളര്‍ന്നില്ലെങ്കിലും സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ അനുവദിച്ച് കൊടുക്കണമെന്ന സന്ദേശം പോലീസ് മേധാവികളിലെത്തിയോ എന്ന് സംശയിക്കണം. അതല്ലാതെ സംഘര്‍ഷമുണ്ടാകുന്നത് തടയാന്‍ നടപടി സ്വീകരിക്കുന്നതില്‍ നിന്ന് പോലീസിനെ തടയുന്ന മറ്റൊന്നുമുണ്ടായിട്ടില്ല തന്നെ.
മരവിപ്പിച്ച് നിര്‍ത്തിയിരിക്കുന്ന നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താന്‍ ഏറെക്കുറെ തീരുമാനമായപ്പോഴാണ് ത്രിലോക്പുരി സംഘര്‍ഷഭരിതമാകുന്നത്. ഒരു സമുദായത്തിന്റെ ഘോഷയാത്ര, തങ്ങള്‍ താമസിക്കുന്ന പ്രദേശത്തുകൂടി പോകാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുന്നത് തിരഞ്ഞെടുപ്പ് ഉറപ്പായ സമയത്താണ്. ഈ പ്രഖ്യാപനത്തിന് പിന്തുണയുമായി ബി ജെ പിയുടെയും സംഘ് പരിവാര്‍ സംഘടനകളുടെയും നേതാക്കള്‍ ഉടന്‍ രംഗത്തുവരികയും ചെയ്യുന്നു. അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസോ ബി ജെ പിയോ തമ്മില്‍ ഭേദമില്ലെന്ന പ്രചാരണം ജനങ്ങളിലെത്തിച്ചാണ് ആം ആദ്മി പാര്‍ട്ടി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ വലിയ മുന്നേറ്റമുണ്ടാക്കിയത്. വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍, ആം ആദ്മി പാര്‍ട്ടിയിലേക്ക് ഒഴുകാനിടയുള്ള വോട്ടുകള്‍ക്ക് തടയിടേണ്ടത് ബി ജെ പിയുടെ ആവശ്യമാണ്. അതിന്  ഏറ്റവും എളുപ്പമുള്ള മാര്‍ഗം വര്‍ഗീയമായ ചേരിതിരിവ് സാധ്യമാക്കുക എന്നതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആരും പ്രതീക്ഷിക്കാത്ത വിധത്തില്‍, പിന്നാക്ക ദളിത് വോട്ടുകള്‍ ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചിരുന്നു. സംഘര്‍ഷമുണ്ടായ ത്രിലോക്പുരിയിലെ ജന സംഖ്യയില്‍ വലിയൊരു വിഭാഗം പിന്നാക്ക, ദളിത് വിഭാഗങ്ങളാണെന്നത് കൂടി കണക്കിലെടുക്കുമ്പോള്‍ സംഘ് പരിവാരത്തിന്റെ അജന്‍ഡ വ്യക്തമാകും.


വര്‍ഗീയ, വംശീയ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ സാമ്പത്തിക മുതലെടുപ്പിനുള്ള ശ്രമം എക്കാലത്തുമുണ്ടായിരുന്നു. 1984ല്‍ ചുട്ടും വെട്ടിയും സിഖുകാരെ ഇല്ലാതാക്കുമ്പോള്‍ ഡല്‍ഹിയുടെ കമ്പോളത്തെ ഒരു പരിധിവരെ നിയന്ത്രിച്ചിരുന്ന സമുദായത്തെ അതില്‍ നിന്ന് പുറന്തള്ളുക എന്നത് കൂടിയായിരുന്നു ഉദ്ദേശ്യം. ഏതാണ്ടെല്ലാ മേഖലകളില്‍ നിന്നും സിഖ് വംശജര്‍ വലിയതോതില്‍ പിന്‍വാങ്ങുന്ന കാഴ്ച പിന്നീട് കണ്ടു. അവരൊക്കെ എങ്ങോട്ടുപോയെന്നത് ഇപ്പോഴും അവ്യക്തമാണ്. ത്രിലോക്പുരിയില്‍ ഇപ്പോള്‍ സംഘര്‍ഷമരങ്ങേറുന്നതിന് പിറകില്‍ അത്തരമൊരു അജന്‍ഡകൂടിയുണ്ടോ എന്ന സംശയവും ബലപ്പെടുന്നുണ്ട്. ഡല്‍ഹി മെട്രോയുടെ ഒരു സ്റ്റേഷന്‍ ത്രിലോക്പുരിയില്‍ വരാന്‍ പോകുകയാണ്. അതോടെ പ്രദേശത്തിന്റെ മുഖച്ഛായ മാറും. റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് കോടികള്‍ കൊയ്യാനുള്ള നിലമായി ത്രിലോക്പുരി മാറും. 1984 നവംബറിലെ ആദ്യ ദിനങ്ങള്‍ക്ക് ശേഷം ശേഷിക്കുന്ന സിഖുകാരും ദളിത്, പിന്നാക്ക വിഭാഗങ്ങളും ഇവിടെ നിന്ന് ഒഴിഞ്ഞുപോകാന്‍ തയ്യാറായാല്‍ പിന്നെ കൊയ്ത്താണ് തങ്ങള്‍ക്കെന്ന് കരുതുന്നു, റിയല്‍ എസ്റ്റേറ്റ് ലോബി. അവര്‍ക്ക് എളുപ്പത്തില്‍ ബന്ധം സ്ഥാപിക്കാനാകുന്നത് അധികാരനേട്ടത്തിന് വേണ്ടി വര്‍ഗീയവിഭജനം സാധ്യമാക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ നേതൃത്വത്തെയാണ്. അത്തരം ശ്രമങ്ങള്‍ ഡല്‍ഹിയില്‍ ഇനിയുമുണ്ടാകുമെന്ന് തന്നെ കരുതണം. അതാണ് പുതിയ പ്രഖ്യാപനങ്ങള്‍ നല്‍കുന്ന സൂചന.
വംശഹത്യാനന്തര ഗുജറാത്ത്, ചങ്ങാത്ത മുതലാളിത്തത്തിന് ഗുണകരമാകുന്ന നയങ്ങള്‍ വളരുന്ന മണ്ണായിരുന്നു. സംഘര്‍ഷങ്ങളും ചങ്ങാത്ത മുതലാളിത്തവും ചേര്‍ന്ന് വളരുന്ന കാലത്തേക്ക് രാജ്യത്തെ നയിക്കാന്‍ ഒരുങ്ങുകയാകണം പുതിയ സര്‍ക്കാര്‍. അതിന്റെ പരീക്ഷണങ്ങളുടെ ടെസ്റ്റ് ഡോസാണോ ത്രിലോക്പുരി?

No comments:

Post a Comment