2015-03-14

കോഴ, ബജറ്റ്, പ്രതിഷേധം (സമ്പൂര്‍ണം)


സഭ സ്തംഭിപ്പിക്കുക എന്നത് കേരള നിയമസഭയെ സംബന്ധിച്ച് പുതുമയല്ല. അതിരുവിടുന്ന ബഹളങ്ങള്‍ കൈയേറ്റത്തോട് അടുക്കുകയോ കൈയേറ്റത്തില്‍ കലാശിക്കുകയോ ചെയ്യുന്നതും അപൂര്‍വമായെങ്കിലുമുണ്ടായിട്ടുണ്ട്. ഇടതുപക്ഷം പ്രതിപക്ഷനിരയിലിരിക്കുമ്പോഴാണ് ഇത്തരം സംഗതികളുണ്ടാകാറ് എന്നതുകൊണ്ട് അതിനെല്ലാം പൂര്‍ണ ഉത്തരവാദി അവരാണെന്ന് പറയുക വയ്യ. സമാനമായ സാഹചര്യമാണ് 2015-16 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കുന്ന വേളയിലുമുള്ളത്. 2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ധനവകുപ്പ് ഏറ്റെടുത്ത കെ എം മാണി അവതരിപ്പിച്ച ബജറ്റുകളൊക്കെ ദുരുപയോഗം ചെയ്യുകയും കോഴ വാങ്ങുകയും ചെയ്തതായി ആരോപണമുണ്ട്.


സ്വര്‍ണം മുതല്‍ കോഴി വരെ നികുതി ചുമത്താവുന്ന ഏതാണ്ടെല്ലാ ഇനത്തിനും ബജറ്റില്‍ വര്‍ധന പ്രഖ്യാപിക്കുകയും പിന്നീട് ഇളവുകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട് കെ എം മാണി. ഈ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന്  കോഴ വാങ്ങിയെന്നാണ് ആരോപണം. നികുതിയിളവുകള്‍ക്ക് മുന്‍കാല പ്രാബല്യം നല്‍കാന്‍ ബജറ്റുകളില്‍ വ്യവസ്ഥ ചെയ്തതും കൈക്കൂലി വാങ്ങിയാണെന്ന ആക്ഷേപം നിലനില്‍ക്കുന്നു. ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതല്ലെന്നാണ് കഴിഞ്ഞ ദിവസം നിയമസഭയുടെ മേശപ്പുറത്തുവെച്ച കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നത്. നികുതി ഇളവ് ലഭിച്ച സ്ഥാപനങ്ങളുടെ പേരെടുത്ത് വിശദീകരിക്കുന്ന സി എ ജി റിപ്പോര്‍ട്ട് ഇതിലൂടെ ഖജനാവിനുണ്ടായ നഷ്ടം രേഖപ്പെടുത്തുന്നു. വ്യക്തമായ വിശദീകരണം വകുപ്പില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന കുറിപ്പ് ഓരോ ഖണ്ഡികയിലും സി എ ജി ചേര്‍ത്തിട്ടുമുണ്ട്.


ഇത്തരം സാഹചര്യത്തില്‍ കെ എം മാണി ധനമന്ത്രി സ്ഥാനത്തു തുടരുന്നതും ബജറ്റ് അവതരിപ്പിക്കുന്നതും ശരിയോ എന്ന ചോദ്യം അദ്ദേഹവും കേരള കോണ്‍ഗ്രസും (എം) ഐക്യ ജനാധിപത്യ മുന്നണിയും പുലര്‍ത്തുന്ന ധാര്‍മികതയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. അഴിമതിയാരോപണം നേരിടുന്ന മന്ത്രിമാരെ രാജിവെപ്പിച്ച ചരിത്രമൊന്നും യു ഡി എഫിനോ അതിലെ ഘടകകക്ഷികള്‍ക്കോ ഇല്ല. അഴിമതിയാരോപണം നേരിടുന്ന ഒരൊറ്റയാളും തന്റെ മന്ത്രിസഭയിലുണ്ടാകില്ലെന്ന് അധികാരമേറ്റപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ പ്രഖ്യാപനവും  അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുണ്ടെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ സൃഷ്ടിക്കുന്ന പ്രതീതിയും പ്രഹസനത്തിനപ്പുറത്ത് ഗൗരവമുള്ളതായി ആരും കണ്ടുകാണാന്‍ ഇടയില്ല.


അത്തരമൊരാള്‍ മന്ത്രിയായി തുടരുന്നതും ബജറ്റ് അവതരിപ്പിക്കുന്നതും ചോദ്യംചെയ്യേണ്ട ഉത്തരവാദിത്തം പ്രതിപക്ഷത്തിനുണ്ട്. അതിനായി അവര്‍ ശ്രമിക്കുന്നതില്‍ തെറ്റുകാണാന്‍ സാധിക്കുകയുമില്ല. കാരണങ്ങളിലേക്ക് പരിശോധന നീളാതെ, കാര്യങ്ങളില്‍ മാത്രം വിശകലനങ്ങള്‍ പരിമിതപ്പെടുന്ന ഇന്നത്തെ സാഹചര്യത്തില്‍ നിയമസഭക്കുള്ളിലെ ഇടതുമുന്നണി എം എല്‍ എമാരുടെ പ്രകടനം വിമര്‍ശവിധേയമാകുകയും അതിനെതിരായ വികാരം രൂപപ്പെടുകയും ചെയ്യുമെന്നുറപ്പ്. സോളാര്‍ തട്ടിപ്പിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കാളിത്തമെന്ന ആരോപണത്തേക്കാള്‍ സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടിയെന്ന മട്ടില്‍ ഒരു വീട്ടമ്മ നടത്തിയ പ്രകടനത്തിന് ഗൗരവം ലഭിച്ചതുപോല്‍. സഞ്ചാരത്തിനുള്ളതുള്‍പ്പെടെ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതില്‍ അഴിമതിക്കും തട്ടിപ്പിനും ക്രമക്കേടിനും കൂട്ടുനില്‍ക്കാത്ത ഒരു ഭരണസംവിധാനം ഉണ്ടാകേണ്ടതുണ്ട് എന്ന പ്രഥമവും പ്രധാനവുമായ വസ്തുത മറയ്ക്കപ്പെട്ടുപോകും ഇത്തരം സംഗതികളില്‍.


അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റ് നിര്‍ദേശങ്ങളിലേക്ക് വന്നാല്‍, അതിന്റെ ന്യൂനതകളോ ജനവിരുദ്ധമായ നിര്‍ദേശങ്ങളോ ചൂണ്ടിക്കാട്ടാന്‍ സാധിക്കാത്ത സ്ഥിതി പ്രതിപക്ഷത്തിന് വന്നുചേര്‍ന്നിരിക്കുന്നു. വ്യക്തികളുടെ ഉടമസ്ഥതയിലുള്ള തോട്ടങ്ങള്‍ക്ക് പ്ലാന്റേഷന്‍ നികുതി ഇളവ് ചെയ്യുകയും അരിക്കും പഞ്ചസാരക്കും വെളിച്ചെണ്ണക്കും നികുതി ചുമത്തുകയും ചെയ്തതിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടാന്‍ അവര്‍ക്ക് സാധിക്കില്ല. കോര്‍പ്പറേറ്റ് നികുതി ഇളവ് ചെയ്ത്, ഡീസലിന്റെയും പെട്രോളിന്റെയും വര്‍ധിപ്പിച്ച എക്‌സൈസ് തീരുവ തുടരാന്‍ തീരുമാനിച്ച അരുണ്‍ ജെയ്റ്റ്‌ലിക്ക് സമാനനാണ് ഇവിടെ കെ എം മാണി.


മുന്‍കാല ബജറ്റുകളില്‍ ആരോപണത്തിന് വിധേയമായ രീതികള്‍ ഇക്കുറിയും മാണി തുടര്‍ന്നിട്ടുണ്ടോ എന്നും സംശയിക്കണം. ബാറ്ററി നിര്‍മാണത്തിന് ഉപയോഗിക്കുന്ന ലെഡ് ഓക്‌സൈഡിനെ വ്യാവസായിക ഇന്‍പുട്ടായി പരിഗണിച്ച് നികുതി അഞ്ച് ശതമാനമാക്കി കുറക്കാന്‍ 2013ലെ ബജറ്റില്‍ വ്യവസ്ഥ ചെയ്തിരുന്നു. ഈ നികുതിയിളവിന് 2005 ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം നല്‍കുകയാണ് ഇക്കുറി ധനമന്ത്രി ചെയ്തത്. 2005 മുതല്‍ പിരിച്ചെടുത്ത കൂടിയ നിരക്കിലുള്ള നികുതി സര്‍ക്കാറിലേക്ക് ഒടുക്കണമെന്ന ഒരു മേനിപറച്ചില്‍ പോലും ഇവിടെ ധനമന്ത്രി നടത്തുന്നില്ല. കൂടിയ നിരക്കിലുള്ള നികുതി പിരിച്ചെടുത്ത ലെഡ് ഓക്‌സൈഡ് നിര്‍മാണ/വിതരണ കമ്പനികള്‍ക്കാണ് മുന്‍കാല പ്രാബല്യത്തിന്റെ ആനുകൂല്യം. നിരക്ക് കുറവ് തുടരുന്നതിന്റെ ലാഭം ബാറ്ററി നിര്‍മാണക്കമ്പനികള്‍ക്കും.


വിഭവ സമാഹരണത്തിന്റെ പേരില്‍ അരി മുതല്‍ റവ വരെ പലതിനും നികുതി കൂട്ടാന്‍ തീരുമാനിച്ച കെ എം മാണി ലെഡ് ഓക്‌സൈഡിന്റെ നികുതി മുന്‍കാല പ്രാബല്യത്തില്‍ ഇളവ് ചെയ്തതിന്റെ കാരണമെന്ത്? ബാറ്ററി എല്ലാ ജനങ്ങളുടെയും നിത്യ ജീവിതത്തിലെ അത്യന്താപേക്ഷിതമായ ഘടകമായതിനാല്‍ വിലകുറച്ച് കിട്ടട്ടെ എന്ന മഹാമനസ്‌കതയായി ഇതിനെ കാണാം. പക്ഷേ, മുന്‍കാല പ്രാബല്യം നല്‍കിയതിന്റെ പ്രയോജനം ബാറ്ററിയുടെ ഉപഭോക്താക്കള്‍ക്ക് കിട്ടില്ലല്ലോ? ഓക്‌സൈഡ് നിര്‍മാണക്കമ്പനികളില്‍ നിന്നാണോ ബാറ്ററി നിര്‍മാണക്കമ്പനികളില്‍ നിന്നാണോ ഈ നിര്‍ദേശമുള്‍പ്പെടുത്തുന്നതിന് കോഴ വാങ്ങിയതെന്ന ചോദ്യം ഉന്നയിക്കപ്പെട്ടാല്‍ മറുപടി പറയുക പ്രയാസമാകും.


ബജറ്റ് മേശപ്പുറത്തുവെക്കുമ്പോള്‍ നിയമസഭ ഏതവസ്ഥയിലായിരുന്നോ അതിനേക്കാള്‍ മോശം അവസ്ഥയിലാണ് കേരളത്തിന്റെ സമ്പദ് ഘടന. റവന്യൂ വരവ് വന്‍തോതില്‍ ഇടിഞ്ഞുവെന്നും ധനക്കമ്മി ഉയര്‍ന്നതോതില്‍ തുടരുകയാണെന്നും സാമ്പത്തിക സര്‍വേ വെളിപ്പെടുത്തുന്നുണ്ട്. കാര്‍ഷിക, വ്യാവസായിക മേഖലകള്‍ തകര്‍ച്ച നേരിടുകയാണെന്നും. ഈ സാഹചര്യത്തെ മറികടക്കാന്‍ പാകത്തിലുള്ള നിര്‍ദേശങ്ങളൊന്നും ബജറ്റില്‍ ഉള്ളതായി കാണുന്നില്ല. അവശ്യവസ്തുക്കളുടെ മേല്‍ നികുതി ചുമത്തുകയോ ഉള്ളത് വര്‍ധിപ്പിക്കുകയോ ചെയ്തതിലൂടെ 1220 കോടി 2015-16ല്‍ സമാഹരിക്കുമെന്നാണ് ധനമന്ത്രി പറയുന്നത്. എന്നിട്ടും പ്രതീക്ഷിക്കുന്ന റവന്യൂ കമ്മി 7831.92 കോടിയാണ്. പൊതുവിപണിയില്‍ നിന്ന് കടമെടുത്തതിന്റെ 80 ശതമാനത്തോളം ദൈനംദിന ഭരണച്ചെലവുകള്‍ക്ക് ചെലവിടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ധനക്കമ്മി കുറയുമെന്ന് പ്രതീക്ഷിക്കാന്‍ സാധിക്കാത്തതുകൊണ്ടുതന്നെ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പൊതുവിപണിയില്‍ നിന്ന് എടുക്കാവുന്ന കടം പരിമിതപ്പെടുകയും ചെയ്യും. ഇതിനൊപ്പം റവന്യൂ കമ്മി 7831 കോടിയിലെത്തുമ്പോള്‍ സമ്പദ്സ്ഥിതി കൂടുതല്‍ പരുങ്ങലിലാകുമെന്ന് ചുരുക്കം.


അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് 2000 കോടി നീക്കിവെച്ചതായി ബജറ്റില്‍ പറയുന്നു. എവിടെ നിന്നാണ് ഈ പണം കണ്ടെത്തുക എന്നതില്‍ വ്യക്തതയില്ല. ബദല്‍ നിക്ഷേപ നിധി, പൊതുബാധ്യതാ ബോണ്ടുകള്‍ തുടങ്ങിയവയിലൂടെ വിഭവസമാഹരണം നടത്തുമെന്ന് ധനമന്ത്രി അവകാശപ്പെടുന്നുണ്ട്. ഇത്തരത്തില്‍ എടുക്കുന്ന കടങ്ങള്‍ ദൈനംദിന ചെലവിലേക്ക് മാറ്റിവെച്ച കഥയാണ് കഴിഞ്ഞ കാലങ്ങളിലേത്. അതില്‍ നിന്ന് മാറ്റമുണ്ടാകണമെങ്കില്‍, ഭരണച്ചെലവുകള്‍ നിറവേറ്റാന്‍ പാകത്തില്‍ റവന്യൂ വരുമാനമുണ്ടാകണം. അവിടെ ഏഴായിരത്തിലേറെ കോടിയുടെ കമ്മി നിലനില്‍ക്കെ, വികസനപ്രവൃത്തികള്‍ക്കുള്ള വിഭവ സമഹാരണമെന്നത്, മുന്‍ ബജറ്റുകളില്‍ മാണി നടത്തിയ പ്രഖ്യാപനങ്ങളെപ്പോലെ നിലനില്‍ക്കുകയാകും ചെയ്യുക. അടിസ്ഥാന സൗകര്യ വികസന നിധിയിലൂടെ 25,000 കോടി രൂപ സമാഹരിക്കാനും ലക്ഷ്യമിടുന്നുണ്ട്. കൂടുതല്‍  പദ്ധതികള്‍ പൊതു - സ്വകാര്യ മേഖലയിലേക്ക് മാറുമെന്നാണ് ഇതിന്റെ അര്‍ഥം.


ചികിത്സാ സൗകര്യമൊരുക്കുന്നതിന് വിവിധ കാലങ്ങളില്‍ ആസൂത്രണം ചെയ്ത പദ്ധതികള്‍ യോജിപ്പിച്ച് സമ്പൂര്‍ണ ആരോഗ്യ കേരളം പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനമാണ് ബജറ്റില്‍ കഴമ്പുള്ളതായി തോന്നുന്ന ഒന്ന്. ഇത് നടപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാവര്‍ക്കും സ്മാര്‍ട്ട് കാര്‍ഡുകള്‍ നല്‍കുമെന്നും ഇതുപയോഗിച്ച് സര്‍ക്കാര്‍ - സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടാമെന്നും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, ഈ പദ്ധതി ഏത് വിധത്തിലാണ് പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിക്കുന്നത് എന്നതില്‍ വ്യക്തതയില്ല. ചികിത്സാ സൗകര്യമൊരുക്കുന്നതിനും സര്‍ക്കാര്‍ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുമായി 2015 - 16 വര്‍ഷത്തില്‍ 500 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഇത്ര മതിയാകുമോ എന്ന ചോദ്യം ചോദിക്കുന്നില്ല. ഇതിനകം പ്രഖ്യാപിക്കുകയും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്ത പുതിയ മെഡിക്കല്‍ കോളജുകളില്‍ അടിസ്ഥാന സൗകര്യമൊരുക്കാന്‍ പോലും പണമില്ലാതെ നട്ടംതിരിയുകയാണ് സംസ്ഥാന സര്‍ക്കാര്‍. അങ്ങനെയിരിക്കെ 500 കോടി രൂപ കണ്ടെത്തി ഈ പദ്ധതി നടപ്പാക്കുമെന്ന് കരുതാനാകില്ല. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികള്‍ തന്നെ അവതാളത്തിലാകാനാണ് ഈ സംയോജനം ഒരുപക്ഷേ വഴിയൊരുക്കുക. നികുതി വിഹിതം വര്‍ധിപ്പിക്കുന്നതോടെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ സംസ്ഥാന വിഹിതം കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിക്കുന്നതിനാല്‍ പല പദ്ധതികളും തുടരുക എന്നത് എളുപ്പമല്ലെന്ന യാഥാര്‍ഥ്യം കൂടിയുണ്ട് ഈ സംയോജനത്തിന് പിറകില്‍.


എല്ലാവര്‍ക്കും വീട്, പാവപ്പെട്ടവര്‍ക്കായി 75,000 ഫഌറ്റുകള്‍, തൊഴിലവസരം സൃഷ്ടിക്കാന്‍ കമ്മീഷന്‍, വ്യവസായ ഇന്‍കുബേറ്ററുകള്‍, സ്റ്റാര്‍ട്ട് അപ് വില്ലേജുകളിലെ വ്യവസായങ്ങള്‍ക്ക് ആയിരം രൂപ ധനസഹായം എന്ന് തുടങ്ങി പതിവ് പ്രഖ്യാപനങ്ങളുടെ നിര വേണ്ടുവോളം കാണാം. ഇവയൊക്കെ പല പേരുകളിലും പല തലക്കെട്ടുകളിലും പോയ കാല ബജറ്റുകളിലും വായിക്കാനാകും. നെല്ലു സംഭരിച്ചാല്‍ ഒരാഴ്ചക്കകം കര്‍ഷകര്‍ക്ക് പണം നല്‍കുന്നതിന് പദ്ധതി കൊണ്ടുവരുമെന്നാണ് മറ്റൊരു പ്രഖ്യാപനം. സംഭരിക്കുമ്പോള്‍ തന്നെ പണം നല്‍കേണ്ട സര്‍ക്കാര്‍ അത് നല്‍കാതെ ഒരാഴ്ചക്കകം പണം നല്‍കാന്‍ പദ്ധതി കൊണ്ടുവരുമെന്ന് പറയുന്നതില്‍ ആത്മാര്‍ഥത കാണാനാകില്ല. കിലോക്ക് 150 രൂപ നല്‍കി 20,000 ടണ്‍ റബ്ബര്‍ സംഭരിക്കാനും തോട്ടമുടമകള്‍ക്ക് പ്ലാന്റേഷന്‍ നികുതി ഒഴിവാക്കി നല്‍കാനും തീരുമാനിച്ചതിലൂടെ സ്വന്തം മണ്ഡലത്തെ അഭിസംബോധന ചെയ്യാന്‍ മാണി ശ്രദ്ധിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചപ്പോഴുയര്‍ന്ന കോട്ടയം - പാല ബജറ്റെന്ന ആക്ഷേപത്തെ സാധൂകരിക്കുന്നുണ്ട് ഈ പ്രഖ്യാപനങ്ങള്‍.


രാഷ്ട്രീയ സാധ്യത കണക്കിലെടുത്താല്‍ കെ എം മാണി അവതരിപ്പിക്കുന്ന അവസാനത്തെ സമ്പൂര്‍ണ ബജറ്റാകണം ഇത്തവണത്തേത്. അടുത്തതവണയും മാണി ബജറ്റ് അവതരിപ്പിച്ചേക്കാം, എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വരുന്ന സര്‍ക്കാര്‍ ഏത് മുന്നണിയുടേതായാലും പുതിയത് അവതരിപ്പിക്കേണ്ടിവരും. ഈ സര്‍ക്കാറിന്റെ കാലഘട്ടം പരിശോധിക്കുമ്പോള്‍ സാമ്പത്തിക കൈയടക്കമോ ദീര്‍ഘവീക്ഷണമുള്ള ആസൂത്രണമോ ഇല്ലാതെ ധനമന്ത്രിയായി തുടര്‍ന്നുവെന്ന 'ഖ്യാതി'യുമായാകും മാണിയെ കാത്തിരിക്കുക. അതിന്റെ ആഘാതങ്ങളൊക്കെ  വരും കാലത്ത് കേരളം അനുഭവിക്കേണ്ടിയും വരും. അതിനെല്ലാമൊരു മറയായി പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ ഉപയോഗിക്കാന്‍  സാധിക്കുമെന്നതില്‍ മാണിക്കും ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനും ആശ്വാസമുണ്ടാകും.

No comments:

Post a Comment