2015-10-25

...യെ പാഗല്‍ ദില്‍ മേരാ


''ചുപ്‌കെ ചുപ്‌കെ രാത് ദിന്‍ ആംസു ബഹാന യാദ് ഹേ
ഹം തൊ അബ് തക് ആഷിഖി കാ വൊ സമാന യാദ് ഹേ''
(രാത്രിയും പകലും വെറുതെ വെറുതെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് ഓര്‍മയുണ്ട്
സ്‌നേഹത്തിന്റെ ആ കാലം നമ്മള്‍ക്ക് ഓര്‍മയുണ്ട്)


സയ്യിദ് ഫസല്‍ ഉല്‍ ഹസനെ അധികമാരും അറിയാനിടയില്ല. മൗലാന ഹസ്‌റത് മൊഹാനിയെ കൂടുതല്‍ പേര്‍ അറിയും. ഇന്ത്യന്‍ യൂണിയന്റെ ഭരണഘടനാ നിര്‍മാണ സഭയില്‍ അംഗമായിരുന്ന, പൂര്‍ണമായ ഭരണഘടന ന്യൂനപക്ഷമായ മുസ്‌ലിംകളോട് വിവേചനം കാട്ടുന്നുവെന്ന് തോന്നിയതിനാല്‍ അതില്‍ ഒപ്പിടാതിരുന്ന വ്യക്തി. ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന് കൂട്ടിയോജിപ്പിച്ച വ്യക്തി. കോണ്‍ഗ്രസില്‍ തുടങ്ങി, കമ്മ്യൂണസത്തിലേക്ക് ചാഞ്ഞ്, ന്യൂനപക്ഷത്തോട് വിവേചനം കാട്ടുന്നുവെന്ന തോന്നലുണ്ടായിട്ടും ഇന്ത്യന്‍ യൂനിയനില്‍ തുടരാന്‍ തീരുമാനിച്ച സ്വാതന്ത്ര്യ സമര സേനാനി. ബ്രിട്ടീഷ് ഇന്ത്യയിലെ യൂനൈറ്റഡ് പ്രൊവിന്‍സസിലെ (ഇന്നത്തെ ഉത്തര്‍ പ്രദേശ്) മൊഹാനയില്‍ ജനിച്ച ഫസല്‍ ഉല്‍ ഹസന്‍, ഉര്‍ദുവില്‍ നടത്തിയ രചനകള്‍ക്ക് സ്വീകരിച്ച തൂലികാ നാമമാണ് ഹസ്‌റത് മൊഹാനി. അദ്ദേഹത്തിന്റെ കവിതയിലെ ആദ്യവരികളാണ് മേലുദ്ധരിച്ചത്.


ഈ കവിത ജനമനസ്സുകളിലേക്ക് കൂടുതല്‍ എത്തിയത് പാക്കിസ്ഥാന്‍ സ്വദേശിയായ ഗായകന്‍ ഗുലാം അലിയുടെ ഗസലായാണ്. 1982ല്‍ പുറത്തിറങ്ങിയ 'നിക്കാഹ്' എന്ന ഹിന്ദി ചിത്രത്തില്‍ ഈ ഗസല്‍ ഉള്‍പ്പെടുത്തിയിരുന്നു. അതോടെ ഗാനം കൂടുതല്‍ പ്രശസ്തമായി. 1982ല്‍ ഹിന്ദി സിനിമാലോകം ഇന്നത്തെ ബോളിവുഡായി വികസിച്ചിരുന്നില്ല. മറാത്ത മണ്ണ് മറാത്തി മക്കള്‍ക്ക് എന്ന വാദവുമായി 1966ല്‍ രൂപം കൊണ്ട ശിവസേന, തീവ്ര ഹിന്ദുത്വ വാദത്തിലേക്ക് പൂര്‍ണമായും എത്തിയിരുന്നുമില്ല 1982ല്‍. അതുകൊണ്ടാകണം ഗുലാം അലിയുടെ ശബ്ദത്തില്‍ ഈ ഗാനം സിനിമയില്‍ ഇടം പിടിച്ചിട്ടുണ്ടാകുക. ഗുലാം അലിയുടെ ശബ്ദം, പ്രതിഷേധ സുചകമായി ഭരണഘടനയില്‍ ഒപ്പിടാതിരുന്ന ഹസ്‌റത് മൊഹാനി ഉര്‍ദുവില്‍ രചിച്ച ഗാനം എന്നിങ്ങനെ പലകാരണങ്ങളുണ്ടല്ലോ എതിര്‍പ്പിന് ആധാരമാക്കാന്‍.


മണ്ണിന്റെ മക്കള്‍ വാദം ശക്തമായി ഉന്നയിക്കുകയും അതിന് ഉപാധിയായി മറാത്തി ഭാഷ ഉപയോഗിക്കുകയും മദ്രാസികളെയും (ദക്ഷിണേന്ത്യക്കാര്‍ക്ക് പൊതുവിലുള്ള വിശേഷണം) ഉത്തര്‍ പ്രദേശുകാരെയും ബിഹാറികളെയുമൊക്കെ ആട്ടിപ്പായിക്കുകയും കൂടുതല്‍ തുക ഹഫ്തയായി (കച്ചവടക്കാരെ ഭീഷണിപ്പെടുത്തി ഗുണ്ടകളും ശിവസേനക്കാരും ഒരുപോലെ നടത്തുന്ന പിരിവ്) നല്‍കിയാല്‍ മാത്രം തുടരാന്‍ അനുവദിക്കുകയുമൊക്കെ ചെയ്യുന്ന ശിവസേന ഹിന്ദി മാധ്യമമാക്കി സിനിമയെടുത്ത് വളര്‍ന്ന ബോളിവുഡിനെ തുടരാന്‍ അനുവദിക്കുന്നുണ്ട്. അവിടെ പാക്കിസ്ഥാന്‍ കലാകാരന്‍മാര്‍ എത്തുന്നതിലേ എതിര്‍പ്പുള്ളൂ.


1960ല്‍ ഇരുപതാം വയസ്സില്‍ കുല്‍ പാക്കിസ്ഥാന്‍ മ്യൂസിക് കോണ്‍ഫറന്‍സില്‍ പങ്കെടുത്തതോടെയാണ് ഗുലാം അലി പ്രശസ്തിയിലേക്ക് ഉയരുന്നത്. ലോകത്താകെയുള്ള പ്രഗത്ഭ സംഗീതജ്ഞര്‍ പങ്കെടുത്ത പരിപാടി. അതില്‍ ഇന്ത്യയില്‍ നിന്ന് കഥക് നര്‍ത്തകന്‍ ഗോപി കൃഷ്ണയും ഹിന്ദുസ്ഥാനി സംഗീതജ്ഞ ഗിരിജാ ദേവിയും പങ്കെടുത്തിരുന്നു. വിഭജനവും അതിനെത്തുടര്‍ന്ന് അരങ്ങേറിയ സമാനതകളില്ലാത്ത ക്രൂരതകളുടെയും മുറിവ് ഇത്രത്തോളം ഉണങ്ങുന്നതിന് മുമ്പായിരുന്നു ഈ കോണ്‍ഫറന്‍സ് എന്നത് ഓര്‍ക്കുക. 1947ല്‍ തന്നെ ഒരു യുദ്ധം കഴിഞ്ഞു. 1965ലെ യുദ്ധത്തിലേക്ക് വഴിയൊരുക്കും വിധത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയുമായിരുന്നു. ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറാന്‍ തീവ്രവാദികളെ പാക്കിസ്ഥാന്‍ സഹായിക്കുന്നുവെന്ന ആരോപണം ഇന്ത്യ ഉന്നയിച്ചിരുന്നു. കശ്മീരിനു മേലുള്ള അവകാശം ഉറപ്പിക്കാനുള്ള അതിര്‍ത്തി കടന്നുള്ള ശ്രമങ്ങള്‍ പാക്കിസ്ഥാന്‍ നിരന്തരം നടത്തുകയും ചെയ്തിരുന്നു.


നയതന്ത്ര ബന്ധം കച്ചവടവുമായി ബന്ധിതമാകുകയോ ജനാധിപത്യ ബോധം ഇത്രമാത്രം വികസിക്കുകയോ ചെയ്തിരുന്നില്ല. ജനായത്തം ഇന്ത്യയില്‍ പച്ചപിടിച്ചിരുന്നുവെങ്കിലും പാക്കിസ്ഥാനിലേത് കരിഞ്ഞ സ്ഥിതിയിലുമായിരുന്നു. ഫീല്‍ഡ് മാര്‍ഷല്‍ അയൂബ് ഖാന്റെ ഏകാധിപത്യമായിരുന്നു നടപ്പ്. ആ സാഹചര്യത്തില്‍പ്പോലും ഗോപി കൃഷ്ണനും ഗിരിജാ ദേവിക്കും പാക്കിസ്ഥാനിലെ സംഗീതോത്സവത്തില്‍ പങ്കെടുക്കുന്നതിന് പ്രയാസമുണ്ടായില്ല. തടയുമെന്ന് ആരും പ്രഖ്യാപിച്ചുമില്ല. പില്‍ക്കാലത്തൊന്നും ഇന്ത്യയിലെ ഏതെങ്കിലും കലാകാരനെ തടയുമെന്ന പ്രഖ്യാപനം പാക്കിസ്ഥാനിലെ ഏതെങ്കിലും സംഘടന നടത്തിയതായി ഓര്‍മയിലില്ല.


മഹാരാഷ്ട്രയുടെ സമ്പദ് വ്യവസ്ഥയെ പൊതുവിലും മുംബൈയുടേതിനെ പ്രത്യേകിച്ചും താങ്ങിനിര്‍ത്തുന്നതില്‍ വലിയൊരു പങ്ക് വഹിക്കുന്നുണ്ട് ബോളിവുഡ് സിനിമാ വ്യവസായം. ബോളിവുഡില്‍ നിന്ന് പടച്ചിറക്കുന്ന ഏത് തട്ടുപൊളിപ്പന്‍ ചിത്രത്തിനും മുടക്കുമുതല്‍ തിരിച്ച് കിട്ടുന്നതിന് സഹായിക്കുന്നുണ്ട് പാക്കിസ്ഥാനിലെ കാണികള്‍. ഇന്ത്യന്‍ സിനിമകള്‍ കാണരുതെന്ന് മതപണ്ഡിതര്‍ ഇടക്കിടെ നിര്‍ദേശം നല്‍കാറുണ്ടെങ്കിലും അതൊന്നും ജനം കാര്യമായെടുക്കാറില്ല. മതപണ്ഡിതര്‍ക്ക് സിനിമകളോടുള്ള പൊതുവിലാണ് എതിര്‍പ്പ്. ഇന്ത്യന്‍ സിനിമകള്‍ കൂടുതലായി സ്വീകരിക്കപ്പെടുന്നതിനാല്‍ അവര്‍ പേരെടുത്ത് പറയുന്നുവെന്ന് മാത്രം. ചില സിനിമകള്‍ അവിടുത്തെ സര്‍ക്കാര്‍ നിരോധിക്കാറുണ്ട്. പുര്‍ണമായ നിരോധം ഏര്‍പ്പെടുത്തണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാറില്ല. ഇന്ത്യന്‍ സിനിമകള്‍ നിരോധിക്കാനാകില്ലെന്ന് അവിടുത്തെ കോടതികള്‍ പലവട്ടം ഉത്തരവിട്ടിട്ടുമുണ്ട്.


ഇന്ത്യയുമായുള്ള ബന്ധത്തില്‍ തര്‍ക്കവിധേയമെന്ന് തങ്ങള്‍ കരുതുന്ന വിഷയങ്ങള്‍ ഏതൊക്കെ എന്നതില്‍ പാക്കിസ്ഥാന് കൃത്യമായ ധാരണയുണ്ട്. അതിനോട് ബന്ധപ്പെടുമെന്ന് അവര്‍ കരുതാത്ത ഒന്നിലും നിയന്ത്രണങ്ങളോ നിരോധമോ ഏര്‍പ്പെടുത്താനോ തടയുമെന്ന് പ്രഖ്യാപിച്ച് ആകെ രാജ്യത്തിന്റെ മുഖത്ത് നിഴല്‍ വീഴ്ത്താനോ അവര്‍ ശ്രമിക്കുന്നില്ല. രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തി ഇന്ത്യാ വിരുദ്ധത പ്രചരിപ്പിക്കുന്നതില്‍ അവിടുത്തെ സംഘടനകള്‍ പിന്നാക്കമാണ് എന്ന് ഇതിന് അര്‍ഥമില്ല. പാക്കിസ്ഥാന്‍ വിരുദ്ധ വികാരം ഇവിടെ ജനിപ്പിക്കുന്നതിനോട് മത്സരിക്കാന്‍ പാകത്തില്‍ അത് അവിടെയുമുണ്ട്. പക്ഷേ, ജനാധിപത്യ സമ്പ്രദായം രൂഢമൂലമായെന്ന് കരുതുന്ന ഇന്ത്യന്‍ യൂനിയനില്‍ പ്രവര്‍ത്തിക്കുന്ന തീവ്ര ഹിന്ദുത്വ പാര്‍ട്ടികള്‍ക്ക് പക്ഷേ, തര്‍ക്കവിധേയമെന്ന് കരുതുന്ന വിഷയങ്ങള്‍ക്ക് പുറത്തുള്ളവയോട് സഹിഷ്ണുത കാട്ടുക എന്നതിലേക്ക് പോലും വളരാനായിട്ടില്ല. അതുകൊണ്ടാണ് അവര്‍ ക്രിക്കറ്റ് പിച്ച് കുത്തിപ്പറിക്കാനും കളിക്കാരെ തടയാനും പാക്കിസ്ഥാന്‍ മുന്‍ മന്ത്രിയുടെ പുസ്തകം പ്രകാശനം ചെയ്യാന്‍ ശ്രമിക്കുന്നവരെ കരി ഓയിലില്‍ കളിപ്പിക്കാനും തയ്യാറാകുന്നത്. അതുകൊണ്ട് തന്നെയാണ് ഫാഷിസ്റ്റുകള്‍ എന്ന് ഇവയെ വിളിക്കുന്നതും. ഗുലാം അലിയെ തടയുമെന്ന് പ്രഖ്യാപിച്ചത് മുതല്‍ ഗോമാംസം കഴിച്ചുവെന്ന് ആരോപിച്ച് ഒരാളെ തല്ലിക്കൊന്നത് വരെയുള്ള വിഷയങ്ങളില്‍ നിരാശയുണ്ടെങ്കിലും സംസ്ഥാന വിഷയമായതിനാല്‍ ഇടപെടാനാകുന്നില്ലെന്ന് പ്രധാനമന്ത്രി പരിതപിച്ച് നില്‍ക്കുമ്പോള്‍ അത് ഫാഷിസ്റ്റുകള്‍ക്കുള്ള ഒത്താശയാണ്.


മനുഷ്യര്‍ക്കിടയില്‍ വെറുപ്പു വളര്‍ത്തി, അധികാരം കൊയ്യാന്‍ മുക്കാല്‍ നൂറ്റാണ്ടിലേറെക്കാലമായി യത്‌നിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ ഭിന്നരൂപങ്ങളില്‍ നിന്ന് മറ്റൊന്ന് പ്രതീക്ഷിക്കാനാകുമോ? അവര്‍ക്ക് സ്‌നേഹത്തിന്റെ കാലങ്ങളെക്കുറിച്ച് ഓര്‍മകളുണ്ടാകുമോ? അധികാരം കൈയാളി എന്നതു കൊണ്ട് ബി ജെ പി ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പ്രസ്ഥാനവും അക്രമങ്ങള്‍ ചില സംഘടനകളുടെ ഉത്തരവാദിത്തവും മാത്രമായി മാറുമോ?


ജാതിക്കോമരങ്ങള്‍ ചുട്ടെരിച്ച രണ്ട് കുഞ്ഞുങ്ങളുടെ ശരീരം ഇവിടെ രാജവീഥിയില്‍ കിടക്കുന്നു. സംസ്ഥാന വിഷയമായതിനാല്‍ പ്രധാനമന്ത്രി നിരാശനും നിസ്സഹായനുമായി തുടരുമെന്ന് പ്രതീക്ഷിക്കാം. ആര്‍ എസ് എസ്സിലെയും ബി ജെ പിയിലെയും സഹപ്രവര്‍ത്തകനാണ്  ഹരിയാനയിലെ മുഖ്യമന്ത്രിയെന്നതിനാല്‍ ദീര്‍ഘ മൗനവും പ്രതീക്ഷിക്കാം. ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ചോ മേക്ക് ഇന്‍ ഇന്ത്യയെക്കുറിച്ചോ ഒരു നീണ്ട പ്രഭാഷണം തുടര്‍ന്നുണ്ടാകും.

വീണ്ടും ഗുലാം അലി പാടുന്നു,

യെ ദില്‍, യെ പാഗല്‍ ദില്‍ മേരാ...