2016-02-22

'രാജ്യദ്രോഹം' കരിഷ്യാമി



ജമ്മു കശ്മീരിനെക്കുറിച്ച് ഇന്ത്യാ ഗവണ്‍മെന്റ് 1948ല്‍ പുറത്തിറക്കിയ ധവളപത്രം പേജ് 55 ല്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റു നവംബര്‍ രണ്ടിന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുവിച്ച പ്രസ്താവന ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതില്‍ ഇവ്വിധം പറയുന്നു - ''കശ്മീരിന്റെ വിധി അന്തിമമായി തീരുമാനിക്കേണ്ടത് അവിടുത്തെ ജനങ്ങളാണെന്ന് ഞങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാജാവ് കൂടി പിന്തുണച്ച ഞങ്ങളുടെ പ്രതിജ്ഞ, കശ്മീരിലെ ജനങ്ങളോട് മാത്രമുള്ളതല്ല, ലോകത്തോട് കൂടിയുള്ളതാണ്. ഞങ്ങള്‍ക്ക് അതില്‍ നിന്ന് പിന്നാക്കം പോകാനാകില്ല. ശാന്തിയും ക്രമസമാധാനവും പുനസ്ഥാപിക്കപ്പെട്ടാല്‍ ഐക്യരാഷ്ട്രസഭ പോലുള്ള അന്താരാഷ്ട്ര സംഘടനകളുടെ മേല്‍നോട്ടത്തില്‍ ഹിതപരിശോധന നടത്താന്‍ ഞങ്ങള്‍ സന്നദ്ധരാണ്. സത്യസന്ധവും നീതിപൂര്‍വവുമായ അവസരം ജനങ്ങള്‍ക്ക് നല്‍കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അവരുടെ വിധി ഞങ്ങള്‍ സ്വീകരിക്കും. ഇതിലധികം നീതിപൂര്‍വവും സത്യസന്ധവുമായ വാഗ്ദാനം എനിക്ക് ഭാവനയില്‍ കാണാന്‍ കഴിയുന്നില്ല''


1956 ജനുവരി 30ന് ഭരണഘടന നിലവില്‍ വന്നതോടെ, ഭരണഘടനയുടെ അടിസ്ഥാന ദര്‍ശനങ്ങളുമായി യോജിച്ച് പോകാത്ത നിയമ വ്യവസ്ഥകളൊക്കെ അസാധുവായി. ഐക്യവും അഖണ്ഡതയും ഭരണഘടനയുടെ അടിസ്ഥാനഘടകമായതോടെ ജമ്മു കശ്മീരിനെക്കുറിച്ച് പുറത്തിറക്കിയ ധവളപത്രവും നിയമപരമായി ഇല്ലാതായെന്ന് വ്യാഖ്യാനിക്കാം. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും അതങ്ങനെ ആയിരിക്കുമെന്നും ഭരണഘടന പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തെ 1956ല്‍ ജമ്മു കശ്മീര്‍ നിയമസഭ അംഗീകരിക്കുകയും ചെയ്തു.
ജമ്മു കശ്മീരിലെ ജനങ്ങള്‍ക്കും ലോകത്തിനാകെയും നല്‍കിയ വാഗ്ദാനം നിലനില്‍ക്കെ, ഭരണഘടനാ വ്യവസ്ഥയിലൂടെ ആ പ്രദേശത്തെ  രാജ്യത്തിന്റെ അവിഭാജ്യഘടമാക്കി മാറ്റുന്നത് എങ്ങനെ എന്ന ചോദ്യം ഉത്തരം കിട്ടാതെ നില്‍ക്കുന്നു.


ജനാധിപത്യത്തെ ആവോളം ബഹുമാനിക്കുകയും ലോകത്തെ ഏറ്റവും വലിയ ജനായത്ത രാഷ്ട്രമെന്ന നിലയിലേക്ക് ഇന്ത്യന്‍ യൂണിയനെ വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്ത നേതാക്കള്‍ തന്നെയാണ് ഈ ചോദ്യം ബാക്കിയാക്കിയതെന്ന വൈരുദ്ധ്യവും. ജമ്മു കശ്മീരിലെ തെരഞ്ഞെടുക്കപ്പെട്ട നിയമസഭ ഈ ഭരണഘടനയെ അംഗീകരിച്ചുവെന്നത്, ഹിതപരിശോധനക്ക് തുല്യമാണ് എന്ന് വാദിക്കാം. നിയമസഭാംഗങ്ങളെ കണ്ടെത്താന്‍ നടക്കുന്ന വോട്ടെടുപ്പില്‍ പങ്കാളികളാകുന്നവര്‍ ജനസംഖ്യയുടെ അമ്പത് മുതല്‍ അറുപത് വരെ ശതമാനം മാത്രമാണ്. വോട്ടെടുപ്പിലെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വലിയ പരിശ്രമം ആരംഭിച്ചതിന് ശേഷവും. അതിന് മുമ്പത്തെ കണക്കുകള്‍ ഊഹിക്കാവുന്നതേയുള്ളൂ. അതില്‍ തന്നെ കൂടുതല്‍ അംഗങ്ങളെ വിജയിപ്പിച്ച് അധികാരത്തിലെത്തുന്ന കക്ഷിക്ക് എത്ര ശതമാനം വോട്ടുണ്ടാകും. അതിനെ ജനങ്ങളുടെയാകെ ഹിതമായി കണക്കാക്കാനാകുമോ? അത് ജനഹിതമായി കണക്കാക്കപ്പെടുന്നുവെങ്കില്‍, രാജ്യത്തും സംസ്ഥാനത്തും ഭരണത്തിലേറിയ പാര്‍ട്ടികള്‍ മുന്‍കാലത്ത് അധികാരത്തിലിരുന്ന പാര്‍ട്ടികള്‍ എടുത്ത തീരുമാനങ്ങളെയോ നടത്തിയ നിയമനിര്‍മാണങ്ങളെയോ ഇല്ലാതാക്കുന്നത് എങ്ങനെയാണ്?


ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാറുകള്‍, വോട്ടെടുപ്പില്‍ പങ്കാളികളാകുന്നവരില്‍ ഭൂരിപക്ഷത്തിന്റെ മാത്രം പ്രതിനിധികളാണ്. അതുപയോഗിച്ച് രാഷ്ട്രത്തെ നയിക്കുന്നുവെന്നത് കൊണ്ടുമാത്രം അവരെടുക്കുന്ന തീരുമാനങ്ങളൊക്കെ രാജ്യതാത്പര്യം മുന്‍നിര്‍ത്തിയായിക്കൊള്ളണമെന്നില്ല, എന്തിന് അവരെ തെരഞ്ഞെടുത്തയച്ച ജനത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതായിക്കൊള്ളണമെന്നുമില്ല. ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകള്‍ തന്നെയാണ് കരിനിയമങ്ങള്‍ പാസ്സാക്കുകയും അതുപയോഗിച്ച് ഭരണഘടനാദത്തമായ പൗരസ്വാതന്ത്ര്യം ഹനിക്കുകയും അടിയന്തരാവസ്ഥ നടപ്പാക്കുകയുമൊക്കെ ചെയ്തത്. ഭരണകൂടമെടുക്കുന്ന തീരുമാനങ്ങള്‍, ഭരണഘടനയുടെ അടിസ്ഥാന ദര്‍ശനങ്ങളുമായി യോജിച്ചു പോകുന്നതാണോ എന്ന് പരിശോധിക്കാന്‍ ചുമതലപ്പെട്ട നീതിന്യായ സംവിധാനം ജനദ്രോഹത്തിനൊപ്പം നില്‍ക്കുകയും കടമ മറക്കുകയും ചെയ്തതിന് ഉദാഹരണങ്ങള്‍ ഏറെയുണ്ട് താനും.


ജനങ്ങള്‍ക്കും ലോകത്തിനാകെയും നല്‍കിയ വാഗ്ദാനം ലംഘിച്ച ഭരണകൂടം അവരുടെ അധികാരം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അതിനെ സാധൂകരിക്കുകയാണ് ഇതര സംവിധാനങ്ങളൊന്നാകെ എന്നും പ്രദേശവാസികള്‍ക്ക് തോന്നിയാല്‍ അതില്‍ അത്ഭുതപ്പെടാനില്ല. നീതിനിഷേധിക്കപ്പെട്ടവരാണ് തങ്ങളെന്ന തോന്നല്‍ വളരുകയും അതിനെ ഇല്ലാതാക്കാന്‍ ഭരണകൂടം സൈന്യശേഷി കൂടി പ്രയോഗിക്കുകയും ചെയ്താല്‍ സ്ഥിതി കൂടുതല്‍ ഗൗരവമുള്ളതാകും. ലോകത്തെവിടെയും ഇങ്ങനെ തന്നെയാണ്, ജമ്മു കശ്മീരില്‍ ഭിന്നമാകുക  പ്രയാസം. ഹിതപരിശോധന എന്ന വാഗ്ദാനം നിലനില്‍ക്കെ, ജമ്മു കശ്മീരിനെ രാജ്യത്തിന്റെ അവിഭാജ്യഘടമായി ഭരണഘടനയില്‍ രേഖപ്പെടുത്തുന്നത് ഏകപക്ഷീയമാണെന്ന തിരിച്ചറിവിന്റെ കൂടി അടിസ്ഥാനത്തിലാകണം ആ പ്രദേശത്തിന് പ്രത്യേക പദവി നല്‍കിക്കൊണ്ടുള്ള വ്യവസ്ഥ (ഭരണഘടനയിലെ 370) ഉള്‍പ്പെടുത്തിയത്. പ്രത്യേക പദവി പ്രകാരമുള്ള അധികാരാവകാശങ്ങളില്‍ പിന്നീട് വെള്ളം ചേര്‍ക്കപ്പെട്ടതും ജമ്മു കശ്മീരിലെ ജനങ്ങളുടെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.


പാര്‍ലിമെന്റ് ആക്രമണക്കേസില്‍ വധശിക്ഷക്ക് വിധേയനാക്കപ്പെട്ട, അഫ്‌സല്‍ ഗുരുവിനെ അനുസ്മരിക്കാന്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ചടങ്ങിനിടെ കശ്മീരിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയും ഇന്ത്യക്കെതിരെയും മുദ്രാവാക്യമുയര്‍ന്നുവെന്ന ആരോപണത്തെ ഈ സാഹചര്യത്തില്‍ വേണം കാണാന്‍. ഹിതപരിശോധനയെന്ന വാഗ്ദാനം പാലിക്കാന്‍ ഇന്ത്യന്‍ യൂണിയന്‍ തയ്യാറായില്ലെന്ന തോന്നല്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെങ്കില്‍ അതിനുത്തരവാദി യൂണിയന് നേതൃത്വം നല്‍കിയവര്‍ തന്നെയാണ്. വാഗ്ദാനം പാലിക്കണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അതിനെ രാജ്യദ്രോഹമായി മുദ്രകുത്താനുള്ള ധാര്‍മികമോ നിയമപരമോ ആയ അവകാശം ഭരണനേതൃത്വത്തിന് ഇല്ലെന്ന് പറയേണ്ടിവരും. ജനങ്ങളോടുള്ള കര്‍ത്തവ്യം നിറവേറ്റാന്‍ രാജ്യം (രാജ്യമെന്നതിനെ ഭരണനേതൃത്വമെന്നോ ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയെന്നോ ചുരുക്കി വായിക്കാവുന്നതാണ്) തയ്യാറാകുമ്പോഴേ ജനങ്ങള്‍ക്ക് അതിനോട് സ്‌നേഹമുണ്ടാകുകയുള്ളൂ.


രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന ഭീഷണിയില്‍ പിറക്കേണ്ടതല്ല രാജ്യസ്‌നേഹമെന്ന തോന്നല്‍ ഭരണകൂടങ്ങള്‍ക്ക് പൊതുവില്‍ ഉണ്ടാകാറില്ല. തങ്ങളുടെ അധികാരത്തെ അംഗീകരിച്ച് നില്‍ക്കുന്നവര്‍ മാത്രമാകും അവര്‍ക്ക് രാജ്യസ്‌നേഹികള്‍. ഹിന്ദുത്വ ഫാസിസത്തിന്റെ വക്താക്കള്‍ ഭരണം നിയന്ത്രിക്കുമ്പോള്‍ പ്രത്യേകിച്ചും. രാജ്യദ്രോഹികളായി ചിത്രീകരിക്കപ്പെടുന്നവരെ മാത്രമല്ല, അങ്ങനെ ചിത്രീകരിക്കുന്നതിലെ അയുക്തിയും അന്യായവും ചൂണ്ടിക്കാണിക്കാന്‍ ശ്രമിക്കുന്നവരെയും അവര്‍ ദേശവിരുദ്ധരാക്കി മാറ്റും. അതിന്റെ തെളിവുകളാണ് ജെ എന്‍ യുവിലും പട്യാല കോടതിക്കുള്ളിലുമൊക്കെ കണ്ടത്.


മുദ്രാവാക്യം വിളിയിലേക്ക് നയിച്ച അനുസ്മരണച്ചടങ്ങിന്റെ പേരിലുമുണ്ട് രാജ്യദ്രോഹക്കുറ്റം. അത് ജെ എന്‍ യുവില്‍ മാത്രമല്ല, പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങിന്റെ  പേരിലുമുണ്ട്. ഡല്‍ഹി സര്‍വകലാശാലയിലെ മുന്‍ അധ്യാപകന്‍ എസ് എ ആര്‍ ഗിലാനിയെ അറസ്റ്റ് ചെയ്തത് പ്രസ് ക്ലബ്ബിലെ ചടങ്ങിന്റെയും അവിടെ ഉയര്‍ന്ന മുദ്രാവാക്യത്തിന്റെയും പേരിലാണ്. പാര്‍ലിമെന്റ് ആക്രമണക്കേസില്‍ സുപ്രീം കോടതി കുറ്റവിമുക്തനാക്കിയ വ്യക്തിയാണ് എസ് എ ആര്‍ ഗിലാനി. 2001ല്‍ പാര്‍ലിമെന്റിനു നേര്‍ക്കുണ്ടായ ആക്രമണം, രാജ്യത്തിന്റെ പരമാധികാരത്തിന് നേര്‍ക്കുണ്ടായ ആക്രമണമായാണ് വീക്ഷിക്കപ്പെട്ടത്. ഹിന്ദുത്വ ഫാസിസം നിഷ്‌കര്‍ഷിക്കുന്ന തോതില്‍ രാജ്യസ്‌നേഹമില്ലാത്തവര്‍ക്ക് പോലും അതിനെ അത്തരത്തിലേ കാണാനും സാധിക്കൂ. പക്ഷേ, അതില്‍ പ്രതിചേര്‍ക്കപ്പെട്ടവരും ശിക്ഷിക്കപ്പെട്ടവരും ആക്രമണത്തിന്റെ ആസൂത്രണത്തില്‍ പങ്കാളികളായിട്ടുണ്ടോ എന്ന സംശയം അന്നും ഇന്നും ഉന്നയിക്കപ്പെടുന്നുണ്ട്.


വിചാരണക്കാലത്തിന്റെ വലിയൊരു പങ്കും അഫ്‌സല്‍ ഗുരുവിന് അഭിഭാഷകനുണ്ടായിരുന്നില്ല. പിന്നീട് ലഭ്യമായ നിയമസഹായത്തില്‍, അഫ്‌സല്‍ ഗുരു തൃപ്തനുമായിരുന്നില്ല. ഇക്കാര്യങ്ങളൊക്കെ നീതിന്യായ സംവിധാനത്തിന് മുന്നില്‍ അവതരിപ്പിക്കപ്പെട്ടുവെങ്കിലും പരിഹാരമുണ്ടായില്ല. ഗൂഢാലോചനയില്‍ പങ്കാളിയായതിന് തെളിവായി അന്വേഷണ ഏജന്‍സി നിരത്തിയ കാര്യങ്ങളുടെ വിശ്വാസ്യതയും ചോദ്യംചെയ്യപ്പെട്ടു. ഗൂഢാലോചനക്ക് നേരിട്ട് തെളിവ് കിട്ടുക പ്രയാസമാണെന്ന് നിരീക്ഷിച്ചാണ് സാഹചര്യത്തെളിവുകള്‍ കണക്കിലെടുത്ത് അഫ്‌സല്‍ ഗുരുവിന് കോടതി വധശിക്ഷ വിധിക്കുന്നത്. അങ്ങനെ വിധിക്കുമ്പോഴും രാജ്യത്തെ ഞെട്ടിക്കുകയും നിരവധി പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്ത സംഭവത്തില്‍ കുറ്റവാളിക്ക് വധശിക്ഷ നല്‍കിയാലേ സമൂഹത്തിന്റെ പൊതുബോധത്തെ തൃപ്തിപ്പെടുത്താനാകൂ എന്ന്  പരമോന്നത കോടതി പറഞ്ഞുവെച്ചു.


പരമോന്നത കോടതിയുടെ നടപടികള്‍ കീഴ്‌വഴക്കങ്ങളാണ്. അത് രാജ്യത്തെ നിയമമായി മാറേണ്ടതുമാണ്. സമുഹത്തിന്റെ പൊതുബോധത്തെ തൃപ്തിപ്പെടുത്താന്‍ കൂടിയാണ് പ്രതിക്ക് വധശിക്ഷ വിധിക്കുന്നത് എന്ന് പരമോന്നത കോടതി പറയുമ്പോള്‍ വരുംകാല കേസുകളില്‍ ഇതൊരു കീഴ്‌വഴക്കമാകാമെന്ന സന്ദേശം കൂടി നല്‍കും. സമൂഹത്തിന്റെ പൊതുബോധത്തെ ആരാണ് നിര്‍വചിച്ചിരിക്കുന്നത്? വധശിക്ഷക്ക് അനുകൂലമാണ് പൊതുബോധമെന്ന് പരമോന്നത കോടതി എങ്ങനെ നിര്‍ണയിച്ചു? എന്ന് തുടങ്ങിയ ചോദ്യങ്ങള്‍ക്കൊപ്പം പൊതു ബോധത്തെ തൃപ്തിപ്പെടുത്തുക എന്നതാണോ വസ്തുതകളും തെളിവുകളും കണക്കിലെടുത്ത് നീതി നടപ്പാക്കുകയാണോ പരമോന്നത കോടതിയുടെ ജോലി എന്ന ചോദ്യം ശക്തമായി തന്നെ ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് 'ജുഡീഷ്യറി നടപ്പാക്കിയ കൊലപാതക'മാണ് അഫ്‌സല്‍ ഗുരുവിന്റേത് എന്ന വിമര്‍ശമുയര്‍ന്നത്.


കോടതി വിധികളെയും തീരുമാനങ്ങളെയും ജഡ്ജിമാര്‍ പുറപ്പെടുവിക്കുന്ന അഭിപ്രായങ്ങളെയും വിശകലനം ചെയ്യാനും വിമര്‍ശിക്കാനുമുള്ള അവകാശം പൗരന്‍മാര്‍ക്ക് ഭരണഘടന നല്‍കിയിട്ടുണ്ട്. വിധി പുറപ്പെടുവിക്കുന്ന ജഡ്ജിമാരെ വിമര്‍ശിക്കുമ്പോഴോ അവരെ ലക്ഷ്യമിടുമ്പോഴോ മാത്രമേ അത് കോടതിയലക്ഷ്യമോ കുറ്റകൃത്യമോ ആയി മാറുന്നുള്ളൂ. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റാന്‍ വിധിച്ച ജഡ്ജിമാരെ ആരും കുറ്റപ്പെടുത്തിയിട്ടില്ല. ആ തീരുമാനത്തിന്റെ നിയമസാധുതയും അതിനൊപ്പം പ്രകടിപ്പിച്ച അഭിപ്രായത്തിന്റെ യുക്തിരാഹിത്യവും ചൂണ്ടിക്കാട്ടുക മാത്രമേ ചെയ്തിട്ടുള്ളൂ. അത് നടാടെയുണ്ടായത് ജെ എന്‍ യുവിലല്ല. വധശിക്ഷ നടപ്പാക്കുമ്പോള്‍ ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാറായിരുന്നു അധികാരത്തില്‍. ദയാഹരജി തള്ളാനെടുത്ത തീരുമാനം, ഹരജി തള്ളിയതിന് ശേഷം ശിക്ഷ നടപ്പാക്കുന്നതിന് കാട്ടിയ തിടുക്കം, ശിക്ഷ നടപ്പാക്കുന്ന വിവരം ബന്ധുക്കളെപ്പോലും അറിയിക്കാതെ രഹസ്യമാക്കിവെച്ചതിലെ കൊടിയ കുടിലത എന്നിവയും അന്ന് വിമര്‍ശിക്കപ്പെട്ടു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാതെ മറവ് ചെയ്തതിലെ മനുഷ്യത്വമില്ലായ്മയും ചൂണ്ടിക്കാണിക്കപ്പെട്ടു. വധശിക്ഷ തുടരേണ്ടതുണ്ടോ എന്ന ചര്‍ച്ചകളെ വീണ്ടും സജീവമാക്കുകയും ചെയ്തു. ഇതൊന്നും രാജ്യദ്രോഹക്കുറ്റമായി അക്കാലത്ത് വ്യാഖ്യാനിക്കപ്പെട്ടില്ല. അന്ന് അങ്ങനെ വ്യാഖ്യാനിക്കപ്പെട്ടിരുന്നുവെങ്കില്‍ 'രാജ്യദ്രോഹി'കളെക്കൊണ്ട് രാജ്യത്തെ ജയിലുകള്‍ നിറയുമായിരുന്നു.


അഫ്‌സല്‍ ഗുരു ജീവനോടെയിരിക്കുന്നത് രാജ്യത്തിന് നാണക്കേടാണെന്ന് യു പി എ സര്‍ക്കാറിന്റെ കാലത്ത് പ്രചരിപ്പിച്ച സംഘ പരിവാരം അധികാരത്തെ നിയന്ത്രിക്കുന്നുവെന്നതാണ് ഇപ്പോഴുണ്ടായ മാറ്റം. ദേശ സ്‌നേഹികളെ തീരുമാനിക്കുന്നത് തങ്ങളാണെന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കാന്‍ പല രൂപത്തില്‍ സംഘ പരിവാറും അവരുടെ ഭരണകൂടവും ശ്രമിക്കുന്നുണ്ട്. സംഘ പരിവാറിന്റെ തീരുമാനങ്ങളെ എതിര്‍ക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുന്നവരൊക്കെ ദേശദ്രോഹികളാണെന്ന സന്ദേശം. മാട്ടിറച്ചി കഴിക്കുന്നവര്‍ക്ക് പാക്കിസ്ഥാനിലേക്ക് പോകാമെന്ന് പ്രഖ്യാപിക്കുന്നതും, ഗോമാംസം സൂക്ഷിച്ചെന്ന് ആരോപിച്ച് ആളുകളെ തല്ലിക്കൊല്ലുന്നതുമൊക്കെ അതിന്റെ ഉപാധികളാണ്.  


ജനങ്ങളെ ഭീതിയുടെ നിഴലിലാക്കാനാണ് ഫാസിസം എപ്പോഴും ശ്രമിക്കുക. അപ്പോഴാണ് അധികാരം സുരക്ഷിതമാകുന്നതെന്ന് അവര്‍ കരുതുന്നു. അതിനുള്ള പല നീക്കങ്ങളിലൊന്നാണ് ജെ എന്‍ യുവിന്റെ പേരില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. വിഷയവും സ്ഥലവും മാറും. ഈ നീക്കങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.

No comments:

Post a Comment