2016-04-18

വെറുതെ, ഒരു വെടി(ക്കെട്ട്)വട്ടം


നിലനില്‍ക്കുന്ന നിയമങ്ങളിലെ വ്യവസ്ഥകളും സുപ്രീം കോടതിയുടെ ഉത്തരവിലെ നിബന്ധനകളും പാലിച്ച് നിയന്ത്രിതമായ വെടിക്കെട്ടുകള്‍. നൂറിലേറെപ്പേരുടെ ജീവനെടുത്ത പരവൂരിലെ അപകടത്തിന് ശേഷം സര്‍വകക്ഷികളും ചേര്‍ന്നെടുക്കുകയും ഹൈക്കോടതി അംഗീകാരം നല്‍കുകയും ചെയ്ത തീരുമാനമാണിത്. പരവൂര്‍ അപകടത്തിന് ശേഷമുയര്‍ന്ന വികാരം കണ്ടപ്പോള്‍ കേരള സംസ്ഥാനത്തിന്റെ പടിക്കകത്തു നിന്ന് വെടിക്കെട്ടിനെ പുറത്താക്കുമെന്നാണ് കരുതിയത്. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമെന്നും പാരമ്പര്യസ്വത്തെന്നുമൊക്കെ വാദിച്ച് വിവിധ ദേശക്കാര്‍ രംഗത്തുവരികയും ദേശക്കാരുടെ വികാരം വ്രണപ്പെടുന്നത് വോട്ടിംഗ് മെഷീനില്‍ പ്രതിഫലിക്കുമെന്ന് രാഷ്ട്രീയ നേതാക്കള്‍ ഉറപ്പിക്കുകയും ചെയ്തതോടെ നിയന്ത്രണം മതിയെന്നായി.


വെടിക്കെട്ട് വേണ്ടെന്നുവെക്കാന്‍ തീരുമാനിച്ച ക്ഷേത്രഭരണ സമിതികളും പള്ളിക്കമ്മിറ്റികളുമുണ്ടെന്നത് മറക്കുന്നില്ല. എങ്കിലും ചെറുതും വലുതുമായ അനവധി അപകടങ്ങള്‍ക്ക് വഴിവെക്കുകയും നിരവധി ജീവനുകള്‍ (മനുഷ്യരുടേത് മാത്രമേ ഈ കണക്കിലുള്ളൂ, പക്ഷിമൃഗാദികളുടേതും സസ്യങ്ങളുടേതുമില്ല) പൊലിക്കുകയും ചെയ്ത ഈ 'കലാവിരുന്ന്' നിയമവ്യവസ്ഥകളെയും നിയന്ത്രണ സംവിധാനങ്ങളെയുമൊക്കെ അപ്രസക്തമാക്കി ഇപ്പോഴത്തെ രീതിയില്‍ തന്നെ തുടരുമെന്നതാണ് സ്ഥിതി. വലിയ അപകടങ്ങള്‍ കൂടാതെ കലാവിരുന്ന് നടത്തുന്ന ദേശങ്ങളുണ്ട്. അവരുടെ സമ്പ്രദായങ്ങളൊന്നും നമ്മള്‍ സ്വീകരിക്കില്ല. അതൊന്നും  ആചാരാനുഷ്ഠാനങ്ങള്‍ക്കോ പാരമ്പര്യങ്ങള്‍ക്കോ നിരക്കുന്നതല്ലല്ലോ! വെടിക്കോപ്പ് നിര്‍മാണപ്പുരയോ വെടിക്കെട്ട് നടക്കുന്ന ഇടമോ വീണ്ടുമൊരു അപകടത്തിലേക്ക് എത്തുമ്പോള്‍ ഓര്‍ക്കാന്‍ പാകത്തില്‍ പരവൂരും അതിന്റെ തുടര്‍ ചലനങ്ങളുമുണ്ടാകുമെന്നു മാത്രം. അനുമതി നല്‍കിയിരുന്നോ? നിയന്ത്രിക്കാനുള്ള നിയമ വ്യവസ്ഥകള്‍ പാലിക്കപ്പെട്ടോ? സുപ്രീം കോടതിയുടെ ഉത്തരവിലെ നിബന്ധനകളനുസരിച്ചാണോ വെടിക്കോപ്പ് നിര്‍മാണമോ കെട്ടോ നടന്നത്? നിയന്ത്രണ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ആരാണ് ഉത്തരവാദികള്‍? അവര്‍ക്കു മേല്‍ ചുമത്തേണ്ട കുറ്റമെന്ത്? തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ അപ്പോഴും തേടിക്കൊണ്ടിരിക്കാം.


പരവൂരിന്റെ കാര്യത്തില്‍ ഈ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം തേടിക്കൊണ്ടിരിക്കയാണ്. എല്ലാവര്‍ക്കും അറിയാവുന്ന ഉത്തരങ്ങള്‍ തേടി ആദ്യം ക്രൈം ബ്രാഞ്ചും പിറകെ ജുഡീഷ്യല്‍ കമ്മീഷനും അന്വേഷണം നടത്തും. വെടിക്കെട്ട് മത്സരമായി നടത്തിയാല്‍ അപകട സാധ്യതയുണ്ടാകുമെന്നാണ് പോലീസും തഹസീല്‍ദാരുമൊക്കെ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. അത് പരിഗണിച്ച് കൊല്ലം ജില്ലാ ഭരണകൂടം അനുമതി നിഷേധിക്കുകയും ചെയ്തു. ദുരന്ത സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്. ഇതിനു ശേഷം നടന്നിട്ടുണ്ടാകാന്‍ ഇടയുള്ള സംഗതികള്‍ ഇവയൊക്കെയാണ്.


ഹിന്ദുക്കളുടെ ആഘോഷത്തിന് ജില്ലാ കലക്ടറുടെയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെയും ചുമതല വഹിക്കുന്ന അന്യമതക്കാരായ ഉദ്യോഗസ്ഥര്‍ അനുമതി നിഷേധിച്ചുവെന്ന പ്രചാരണം. ഇത്തരമൊരു  പ്രചാരണം അഴിച്ചുവിട്ടാല്‍ നിലവില്‍ ഭരണത്തിന് നേതൃത്വം നല്‍കുകയും ഭരണത്തില്‍ തിരിച്ചെത്താന്‍ മത്സരിക്കുകയും ചെയ്യുന്നവര്‍ സമ്മര്‍ദത്തിലാകുമെന്ന് ഉറപ്പ്. ഔദ്യോഗികമായി അനുമതി ലഭിക്കില്ലെങ്കിലും വെടിക്കെട്ട് നടത്താനുള്ള മൗനാനുവാദത്തിനായി അവര്‍ ശ്രമിച്ചിട്ടുണ്ടാകും. മന്ത്രിമാര്‍ മുതല്‍ താഴെത്തലത്തിലെ ഉദ്യോഗസ്ഥര്‍ വരെയുള്ളവരില്‍ സ്വാധീനം ചെലുത്തി വെടിക്കെട്ട് നടക്കുമെന്ന് ഉറപ്പാക്കിയിട്ടുമുണ്ടാകണം. അപകടമൊന്നുമുണ്ടാകില്ലെന്ന ക്ഷേത്ര ഭരണ സമിതിയിലുള്ളവരുയെടും വെടിക്കെട്ട് കരാറുകാരുടെയും ഉറപ്പുകളും കൈമടക്കും സ്വീകരിച്ച് വെടിക്കെട്ട് നടക്കട്ടെ എന്ന് ഇവരൊക്കെ ചേര്‍ന്ന് തീരുമാനിച്ചിട്ടുമുണ്ടാകും. ഇതൊന്നും തുറന്ന് പറയാന്‍ ഇനി ആരും തയ്യാറാകില്ല. ഇതു പറഞ്ഞാല്‍ നൂറിലേറെപ്പേരുടെ ജീവന്റെ ഉത്തരവാദിത്തമാണ് ഏറ്റെടുക്കേണ്ടിവരിക.


ക്ഷേത്രാചാരങ്ങള്‍ നടക്കാതിരുന്നാല്‍ ഉണ്ടാകാനിടയുള്ള വിശ്വാസികളുടെ രോഷം മാത്രമല്ല, വെടിക്കെട്ടുകള്‍ കടലാസില്‍ വിശ്രമിക്കുന്ന വ്യവസ്ഥകളുടെ അകമ്പടിയോടെ നടക്കട്ടെ എന്ന് തീരുമാനിക്കാനുള്ള കാരണം. സംസ്ഥാനത്ത് ഒരു വര്‍ഷം ചുരുങ്ങിയത് 100 കോടിയുടെയെങ്കിലും വെടിമരുന്ന് കച്ചവടം ചെയ്യുന്നുണ്ട്. മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെയുള്ള ക്ഷേത്രങ്ങളിലെയും പള്ളികളിലെയും വാര്‍ഷികാടിയന്തരങ്ങളുടെ ഭാഗമായി മാത്രമല്ല ഇത്, അധികൃതമായും അനധികൃതമായും പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ക്വാറികളുടെ കൂടി കണക്കിലാണ്. പല ക്വാറികള്‍ക്കും വേണ്ട വെടിമരുന്ന് എത്തിക്കുന്നത് പോലും ഉത്സവാഘോഷങ്ങള്‍ക്കായി കരിമരുന്ന് കൊണ്ടുവരാന്‍ എടുക്കുന്ന ലൈസന്‍സുകളുടെ മറവിലാണ്. ഉത്സവങ്ങളില്‍ വെടിക്കെട്ട് നിരോധിച്ചാല്‍ ക്വാറികളിലേക്കുള്ള കരിമരുന്നിന്റെ ഒഴുക്ക് കൂടി തടയപ്പെടും.


അധികൃതമായും അനധികൃതമായും പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ ഉടമസ്ഥര്‍ എറെയും ഭരണം കൈയാളുകയോ ഭരണത്തിലെത്തുമെന്ന് പ്രതീക്ഷിക്കുകയോ ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. ഈ ക്വാറികളുടെ പ്രവര്‍ത്തനമില്ലെങ്കില്‍ കേരളത്തെയാകെ നിയന്ത്രിക്കുന്ന റിയല്‍ എസ്റ്റേറ്റ് മേഖല പ്രതിസന്ധിയിലാകും. ആകയാല്‍ കരിമരുന്നിന്റെ സുഗമമായ ഒഴുക്ക് തുടരേണ്ടത് റിയല്‍ എസ്റ്റേറ്റ് മേഖലയുടെ കൂടി ആവശ്യമാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപം നടത്തുകയോ അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുകയോ ചെയ്യാത്ത രാഷ്ട്രീയ നേതാക്കള്‍ ചുരുക്കം. അതുകൊണ്ട് തന്നെ വിശ്വാസത്തിന്റെ/ആചാരാനുഷ്ഠാനങ്ങളുടെ/പാരമ്പര്യ സ്വത്തിന്റെ ഒക്കെ പേരില്‍ കരിമരുന്നിന്റെ സുഗമമായ ഒഴുക്ക് നിലനിര്‍ത്തേണ്ടത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ആവശ്യമായി വരുന്നു. അവിടെ, പരവൂരിലുണ്ടായതുപോലുള്ള സംഭവങ്ങള്‍ ചെറിയ അപവാദങ്ങള്‍ മാത്രമാണ്.


ഇവക്കെല്ലാമൊപ്പം പരവൂരിനെ വര്‍ഗീയമായി മുതലെടുക്കാനുള്ള ശ്രമങ്ങളും ആവുംവിധം നടക്കുന്നുണ്ട്. അപകടത്തില്‍ ദുരൂഹത ആരോപിച്ച് കുമ്മനം രാജശേഖരന്‍ മുതല്‍പേര്‍ രംഗത്തുവരുന്നത് അതിനുവേണ്ടി മാത്രമാണ്. പരവൂരില്‍ പൊട്ടിയത് ആര്‍ ഡി എക്‌സാണോ എന്ന സംശയം സംഘപരിവാര്‍ നേതാക്കള്‍ പലകുറി ആവര്‍ത്തിച്ചുകഴിഞ്ഞു. ഇതിനിടയിലാണ് നൂറിലേറെപ്പേര്‍ മരിച്ച സംഭവത്തിലെ വേദന പങ്കുവെച്ചും ഇത്തരം സംഗതികള്‍ ആവര്‍ത്തിക്കാരിക്കാന്‍ നടപടി ആവശ്യപ്പെട്ടും ഹൈക്കോടതിയിലെ  സിറ്റിംഗ് ജഡ്ജി കത്തെഴുതിയത്. കത്തില്‍ പൊതുതാത്പര്യം ദര്‍ശിച്ച ഹൈക്കോടതി ഉടനത് പരിഗണനക്കെടുത്തു. ഇത് പരിഗണിച്ച ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, അനു ശിവരാമന്‍ എന്നിവരടങ്ങിയ ബഞ്ച് ആദ്യം വിവരങ്ങള്‍ തേടിയത് കേന്ദ്ര സര്‍ക്കാറിന്റെ പ്രതിനിധിയായി കോടതിയിലെത്തിയ അഡീഷണല്‍ സോളിസിറ്റര്‍ ജനറലില്‍ നിന്നാണ്. കൊല്ലം ജില്ലാ ഭരണകൂടത്തിന്റെയോ സംസ്ഥാന സര്‍ക്കാറിന്റെയോ ഭാഗം കേള്‍ക്കും മുമ്പ് കേന്ദ്ര സര്‍ക്കാറിന്റെ ഭാഗം കേള്‍ക്കാന്‍ ഹൈക്കോടതി തയ്യാറായത് സംഭവത്തിന്റെ ഗൗരവം പരിഗണിച്ച് മാത്രമായിരിക്കുമെന്ന് കരുതുക.


പരവൂരില്‍ ദുരന്തത്തിലേക്ക് നയിച്ച സംഭവങ്ങളില്‍ സംസ്ഥാന  പോലീസിനെ കണക്കിന് വിമര്‍ശിച്ച ഹൈക്കോടതി ബഞ്ച്, സുപ്രധാനമായ ചില നിരീക്ഷണങ്ങള്‍ കൂടി നടത്തിയെന്നത് മറന്നുകൂട. ഒരു ഭാഗത്ത് കടലും മറു ഭാഗത്ത് കായലും അതിരിടുന്ന പരവൂരില്‍, അപകടം സൃഷ്ടിച്ചത് സാമൂഹിക വിരുദ്ധരോ ദേശ ദ്രോഹികളോ ആണോ എന്നത് അന്വേഷിക്കേണ്ടതുണ്ട് എന്ന് കോടതി പറഞ്ഞുവെച്ചു. ഇത്തരമൊരു അന്വേഷണം അനിവാര്യമായതിനാലാണ് കേസില്‍ സി ബി ഐയെ കക്ഷിചേര്‍ക്കാന്‍ തീരുമാനിച്ചത് എന്നും. സംഭവത്തെക്കുറിച്ച് നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും രംഗത്തുവന്നു. ദുരൂഹത ആരോപിച്ച്, ആര്‍ ഡി എക്‌സ് ഉപയോഗം സംശയിച്ച് രംഗത്തുവന്ന സംഘ്പരിവാറുകാര്‍ക്ക് തങ്ങളുടെ പ്രചാരണം ഊര്‍ജിതമാക്കാന്‍ ഇതിലധികം മറ്റെന്തുവേണ്ടൂ. അനാവശ്യ സംശയങ്ങള്‍ ഉണര്‍ത്തി, വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് അറിഞ്ഞും അറിയാതെയും നമ്മുടെ സംവിധാനങ്ങളും നേതാക്കളും അരുനിന്നു പോകുന്നുവോ എന്ന സംശയം അസ്ഥാനത്തല്ല.


പരവൂരിലെ അനാസ്ഥയെ രൂക്ഷമായി വിമര്‍ശിക്കുകയും ദേശവിരുദ്ധ ശക്തികളുടെ പങ്കുണ്ടോ എന്ന് സംശയം പ്രകടിപ്പിക്കുകയും ചെയ്ത ഹൈക്കോടതി മൂന്നാം ദിനം കേസ് പരിഗണനക്കെടുത്തപ്പോള്‍ സംസ്‌കാരങ്ങളുടെ ഭാഗമായ വെടിക്കെട്ടുള്‍പ്പെടെ ആഘോഷങ്ങള്‍ക്കൊന്നും തങ്ങള്‍ എതിരല്ലെന്ന് തിരുത്തുകയും ചെയ്തു.


അപകടസ്ഥലം ഉടന്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചതും ശ്രദ്ധേയമാണ്. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പലവിധ പ്രശ്‌നങ്ങള്‍ രാജ്യത്തുണ്ടായി. വിദ്വേഷത്തിന്റെ വിത്തുവിതക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ പലതലങ്ങളിലുണ്ടായി. അന്നൊക്കെ മൗനം പാലിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. പല കുറി ആവശ്യപ്പെട്ടിട്ടും മൗനം ഭഞ്ജിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഹൈദരാബാദ് സര്‍വകലാശാലയില്‍ ഒരു യുവാവിന്റെ അന്ത്യത്തിലേക്ക് നയിച്ച സംഭവവികാസങ്ങളോടും പ്രധാനമന്ത്രിയുടെ പ്രതികരണം മൗനം മാത്രമായിരുന്നു. മാട്ടിറച്ചി കഴിക്കുകയോ സൂക്ഷിക്കുകയോ ചെയ്തുവെന്ന് ആരോപിച്ച് വര്‍ഗീയവാദികള്‍ മനുഷ്യജീവനെടുത്തപ്പോഴും ആ ചുണ്ടുകള്‍ മുദ്രിതമായി തുടര്‍ന്നു. ആ ദേഹം ബംഗാളില്‍ മേല്‍പ്പാലം തകര്‍ന്നപ്പോഴും കൊല്ലത്ത് അപകടമുണ്ടായപ്പോഴും ഉടന്‍ സന്ദര്‍ശനം നടത്താനും പ്രതികരിക്കാനും തയ്യാറായത് ഇതൊരു തിരഞ്ഞെടുപ്പു കാലമായതുകൊണ്ടു മാത്രമാണെന്ന് വിലയിരുത്തിയാല്‍ തെറ്റില്ല.


കൊല്ലത്തെ അപകടം വര്‍ഗീയവികാരമുണര്‍ത്താനുള്ള അവസരം തുറന്നിട്ടിട്ടുണ്ട് എന്ന സംഘ്പരിവാര ചിന്തയും മോദിയുടെ പെട്ടെന്നുള്ള പ്രതികരണത്തിന് കാരണമായിട്ടുണ്ടാകണം. അപകടം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മുസ്‌ലിം - സി പി എം ഭീകരവാദികളാണ് ഇതിന് പിറകില്‍ എന്ന് ആരോപിക്കുന്ന സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നുവെന്നത് ഓര്‍ക്കുക. സന്ദേശമിട്ടയാള്‍ പിന്നീട് പിന്‍വലിച്ച് മാപ്പുപറഞ്ഞുവെങ്കിലും വര്‍ഗീയത വളര്‍ത്തുക എന്നതിലപ്പുറം മറ്റൊരുദ്ദേശ്യവും ഈ സന്ദേശത്തിന് പിറകില്‍ കാണാനാകില്ല. അത്തരം സന്ദേശങ്ങളുടെ ചുവടുപിടിച്ചു തന്നെയാണ് ദുരൂഹത ആരോപിക്കുന്നതും ആര്‍ ഡി എക്‌സ് ഉപയോഗം സംശയിക്കുന്നതും. പൂരങ്ങളും ഉത്സവങ്ങളുമൊക്കെ ഇല്ലാതാക്കാനുള്ള ശ്രമമാണ് പരവൂര്‍ അപകടത്തിന്റെ മറവില്‍ നടക്കുന്നത് എന്ന പ്രചാരണത്തിന്റെ ഉദ്ദേശ്യവും മറ്റൊന്നല്ല.


അപകട സാധ്യതയുള്ള ഈ കലാവിരുന്ന് കര്‍ശനമായി നിയന്ത്രിക്കാനുള്ള അവസരമാണ് പരവൂരിലെ ദുരന്തം തുറന്നിട്ടത്. ആ തീരുമാനം എടുക്കുക എന്നതായിരുന്നു അവിടെ പൊലിഞ്ഞ മനുഷ്യരോട് ചെയ്യാമായിരുന്ന ഏറ്റവും വലിയ നീതി. എന്നാല്‍ അതിനുള്ള ഇച്ഛാശക്തി നമുക്കുണ്ടായില്ല. തൃശൂരില്‍ വെടിക്കെട്ട് നടത്തുന്നതിന് മുമ്പ് കോപ്പുകള്‍ കര്‍ശനമായി പരിശോധിക്കുമെന്ന ജില്ലാ കലക്ടറുടെ ഉത്തരവ് പോലും പൂരക്കമ്മിറ്റിക്കാരുടെയും കമ്പക്കാരുടെയും സമ്മര്‍ദത്തിന് മുന്നില്‍ അലിഞ്ഞില്ലാതായി. വരുംകാലത്തെ നിയന്ത്രണങ്ങള്‍ക്ക് മാതൃക സൃഷ്ടിച്ചുകൊണ്ട്. ദുരന്തത്തെ മുതലെടുത്ത് പുതിയ അപകടങ്ങള്‍ സൃഷ്ടിക്കാനാകുമോ എന്ന പരീക്ഷണം ആരംഭിക്കുകയും ചെയ്തു.