2016-01-19

സ്വച്ഛ്, മേക്, സ്റ്റാര്‍ട്ട്, സ്റ്റാന്‍ഡ് ...


അറുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യന്‍ യൂനിയനെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദി വികാര നിര്‍ഭരമായ ശബ്ദത്തില്‍, താളാത്മകമായി പ്രഖ്യാപിച്ചതാണ് സ്റ്റാര്‍ട്ട് അപ് ഇന്ത്യാ.. സ്റ്റാന്‍ഡ് അപ് ഇന്ത്യാ.. പദ്ധതി. പ്രഖ്യാപനം അത്രമാത്രം വികാരതീവ്രവും താളാത്മകവുമായിരുന്നോ എന്നതില്‍ സംശയമുള്ളവര്‍ക്ക് യു ട്യൂബിലോ പ്രധാനമന്ത്രിയുടെ തന്നെ സൈറ്റിലോ പോയി പ്രസംഗങ്ങളുടെ ശേഖരം പരിശോധിച്ച് നിവാരണം വരുത്താവുന്നതാണ്. പ്രഖ്യാപനം അഞ്ച് മാസം പിന്നിടുമ്പോള്‍ സ്റ്റാര്‍ട്ട് അപ് - സ്റ്റാന്‍ഡ് അപ് ഇന്ത്യയുടെ (എസ് ആന്‍ഡ് എസ്) മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നു. നിയമത്തിലും നികുതിയിലും ഇളവുകള്‍ നല്‍കിക്കൊണ്ട് പുതു സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഉദ്ദേശ്യം.


ഇതിനകം നല്‍കിയ ഇളവുകളാല്‍ (കോണ്‍ഗ്രസിന്റേതും ബി ജെ പിയുടേതുമായ സര്‍ക്കാറുകള്‍ക്ക് ഉത്തരവാദിത്തം) ദുര്‍ബലമായിക്കഴിഞ്ഞ തൊഴില്‍ നിയമങ്ങളില്‍ ആറിനങ്ങള്‍ പുതുസംരംഭങ്ങള്‍ക്ക് ബാധകമാകില്ലെന്നതാണ് പ്രധാന പ്രഖ്യാപനം. പരിസ്ഥിതി നിയമങ്ങളില്‍ മൂന്നെണ്ണവും ഇതിന് ബാധകമാകില്ല. കര്‍ക്കശമായ ഏത് പരിസ്ഥിതി നിയമവും പണത്തിന്റെയും അധികാരത്തിന്റെയും സ്വാധീനത്താല്‍ വളയുകയും വളവുകള്‍ പിന്നീട് പിഴയടച്ച് നിവര്‍ത്തുകയും ചെയ്യുന്ന രാജ്യത്താണ് ഈ വലിയ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂലധനത്തിന്‍മേലുണ്ടാകുന്ന നേട്ടത്തിന് നികുതിയിളവ് ലഭിക്കും, പുതിയ സംരംഭം പ്രവര്‍ത്തനം ആരംഭിച്ച് മൂന്ന് വര്‍ഷം ആദായ നികുതിയുണ്ടാകുകയുമില്ല. ഉദ്യോഗസ്ഥ പരിശോധനകള്‍ക്ക് കര്‍ശന ഉപാധികള്‍ അടക്കം മറ്റ് പല സൗകര്യങ്ങളും എസ് ആന്‍ഡ് എസ് പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. പ്രഭാഷണം നേരിട്ട് കേള്‍ക്കാത്തതിനാല്‍ സ്വാതന്ത്ര്യ ദിന വാര്‍ഷികത്തിലുണ്ടായത്ര വികാരം ശ്ബദത്തിലുണ്ടായിരുന്നോ എന്ന് തിട്ടമില്ല. വികാരതീവ്രത കുറയാന്‍ ഇടയില്ലെന്നതാണ് അനുമാനം. വിവേകത്തേക്കാളുപരി വികാരത്താല്‍ നയിക്കപ്പെടുകയും അതു വിറ്റ് എക്കാലവും നേട്ടമുണ്ടാക്കാനാകുമെന്ന തെറ്റുദ്ധാരണ വേരുപിടിക്കുകയും ചെയ്തതിനാല്‍ ശ്ബദത്തില്‍ വികാരത്തള്ളിച്ചയുണ്ടാകുക തന്നെ ചെയ്യും.


പ്രഖ്യാപനങ്ങളുടെ അന്തസ്സത്തയിലേക്ക് വരാം. സ്വച്ഛ് ഭാരതായിരുന്നു ആദ്യത്തെ പ്രഖ്യാപനം. ഡല്‍ഹിയിലെ പാതയോരത്ത് ഉദ്യോഗസ്ഥര്‍ കൂട്ടിയിട്ട കരിയില, മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ ഭൗതികശേഷിപ്പുകള്‍ സന്ദര്‍ശിക്കുകയും ഭവാനോടുള്ള ബഹുമാനത്താല്‍ വദനം വികാരതീവ്രമായെന്ന് ഉറപ്പുവരുത്തുകയും ചെയ്തതിന് ശേഷം, ചൂലുപയോഗിച്ച് നീക്കം ചെയ്ത കലാവിരുന്ന് ഇന്ത്യന്‍ യൂനിയനിലെ ജനങ്ങളുടെ മനസ്സിലുണ്ട്. ഇതിന്റെ ചുവടുപിടിച്ച് പ്രശസ്തരുടെ നേതൃത്വത്തില്‍ പല നഗരങ്ങളിലും സമാന കലാവിരുന്ന് അരങ്ങേറിയിരുന്നു. വിവിധ നഗരങ്ങളില്‍ മാലിന്യ നിര്‍മാര്‍ജനത്തിന് സ്ഥിരം സംവിധാനമൊരുക്കുമെന്നും അതിലേക്ക് അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങളില്‍ നിന്നുള്ള കമ്പനികളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണമുണ്ടാകുമെന്നും പ്രഖ്യാപിക്കപ്പെട്ടു. ഒരു വര്‍ഷം കൊണ്ട് നിര്‍മിക്കേണ്ട കക്കൂസുകളുടെ എണ്ണം നിര്‍ണയിക്കുകയും അത് പൂര്‍ത്തിയാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരെ ചട്ടംകെട്ടുകയും ചെയ്തു. വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവയെക്കുറിച്ച് ബോധവത്കരിക്കാന്‍ മുന്‍കാലത്തെ സര്‍ക്കാറുകള്‍ പത്രം, റേഡിയോ, ടെലിവിഷന്‍ എന്നിവ മുഖാന്തിരം നല്‍കിയിരുന്ന പരസ്യങ്ങള്‍ക്കു മേല്‍ സ്വച്ഛ് ഭാരത് എന്ന കെട്ടുണ്ടായെന്നതൊഴിച്ചാല്‍ മറ്റെന്തെങ്കിലും നടന്നതായി അറിവില്ല. മാലിന്യ നിര്‍മാര്‍ജന കാര്യത്തില്‍ ഡോ. ടി എം തോമസ് ഐസക്കിന്റെ കാര്‍മികത്വത്തില്‍ സി പി എം ആരംഭിച്ച പരിപാടികളുടെ വലുപ്പത്തിലൊന്ന് ആരംഭിക്കാന്‍ പോലും നരേന്ദ്ര മോദി സര്‍ക്കാറിന് സാധിച്ചതായി കേട്ടുകേള്‍വിയില്ല.


അടുത്തത് മേക്ക് ഇന്‍ ഇന്ത്യയായിരുന്നു. ഒന്നേ മുക്കാല്‍ കൊല്ലം കൊണ്ട് സന്ദര്‍ശിച്ചു തീര്‍ത്ത രാഷ്ട്രങ്ങളില്‍ നിന്നൊക്കെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലേക്ക് പണമൊഴുമെന്നാണ് നരേന്ദ്ര മോദി പറഞ്ഞുവെക്കുന്നത്. രാജ്യം ഉത്പാദനത്തിന്റെ കേന്ദ്രമായി മാറുമെന്നും. വിദേശത്തു നിന്ന് നിക്ഷേപമെത്തുന്നുണ്ട്. അതില്‍ വലിയൊരു പങ്ക് ഓഹരി വിപണിയിലേക്കാണ്. ഉത്പാദനമേഖലയില്‍ ഒന്നും രണ്ടും യു പി എ സര്‍ക്കാറിന്റെ കാലത്തോ അതിനു മുമ്പോ ഉണ്ടായതിലും വലിയ നിക്ഷേപമുണ്ടാകണമെങ്കില്‍ വിദേശകമ്പനികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കും വിധത്തില്‍ തൊഴില്‍, നികുതി നിയമങ്ങള്‍ മാറണം. അതിലേക്കുള്ള നിര്‍ദേശങ്ങളൊക്കെ ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയും പി ചിദംബരം ധനമന്ത്രിയുമായിരിക്കെ മുന്നോട്ടുവെക്കപ്പെട്ടിട്ടുണ്ട്. അതൊന്നു ചീകുമിനുക്കി, ചായം പൂശി തന്റേതെന്ന് വരുത്തി അവതരിപ്പിച്ച് അംഗീകാരം നേടിയെടുക്കുകയേ അരുണ്‍ ജെയ്റ്റ്‌ലിയും നരേന്ദ്ര മോദിയും ചെയ്യേണ്ടതുള്ളൂ.


പാര്‍ലിമെന്റ് കൂടുമ്പോള്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ ബഹളം (ബഹളത്തിന് പറ്റിയ അന്തരീക്ഷം മോദിയും സംഘവും സുലഭമായി പ്രദാനം ചെയ്യുന്നുണ്ട്) ബഹളം അവഗണിച്ച് ലോക്‌സഭയില്‍ ബില്ല് പാസ്സാക്കിയെടുക്കാമെന്ന് വെച്ചാലോ രാജ്യസഭയില്‍ കോണ്‍ഗ്രസോ പ്രതിപക്ഷത്തെ മറ്റ് ചിലരോ പിന്തുണക്കാതെ ബില്ലുകള്‍ പാസ്സാക്കാനാകില്ല. ഇത് മറികടക്കാനാണ് ഓര്‍ഡിനന്‍സിറക്കി ഭരിക്കാമെന്ന് വെച്ചത്. അപ്പോഴേക്കും അതായി വലിയ പ്രശ്‌നം. ചരക്കു സേവന നികുതി ബില്ലോ തൊഴില്‍ നിയമ ഭേദഗതികളോ ഇതര നികുതി മാറ്റങ്ങള്‍ക്കുള്ള ബില്ലുകളോ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നിയമത്തില്‍ വന്‍കിടക്കാര്‍ക്കും കുത്തക കമ്പനികള്‍ക്കും ഗുണകരമാകും വിധത്തില്‍ വരുത്താനുദ്ദേശിച്ച മാറ്റമോ ഒന്നും പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ സാധിക്കാത്ത സ്ഥിതിയാണ്. ഇതൊന്നുമില്ലാതെ വിദേശത്തു നിന്ന് ഇനിയും പണമൊഴുകില്ല. ആ പണമില്ലാതെ, മേക്ക് ഇന്‍ ഇന്ത്യ നടത്താനുമാകില്ല. അസംസ്‌കൃത എണ്ണയുടെ വില കുറയുന്നതിന് അനുസരിച്ച് പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ കൂട്ടി, ഖജനാവില്‍ മുതലുണ്ടാക്കി ധനക്കമ്മി പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്ന സര്‍ക്കാറിന് ഉത്പാദനക്ഷമമായ മേഖലയില്‍ നിക്ഷേപമിറക്കാന്‍ സാധിക്കില്ല തന്നെ.


ഇതിന്റെ തുടര്‍ച്ചയായി വേണം സ്റ്റാര്‍ട്ട് അപ് ഇന്ത്യ... സ്റ്റാന്‍ഡ് അപ് ഇന്ത്യ... പ്രഖ്യാപനങ്ങളെ കാണാന്‍. കേരള ധനമന്ത്രിയായിരുന്ന ബാര്‍ കോഴ ഫെയിം കെ എം മാണി, ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ ഭാഗമായി അവതരിപ്പിച്ച നാല് ബജറ്റുകളുടെ പ്രസംഗമെടുത്ത് പരിഭാഷപ്പെടുത്തി മോദിജിക്ക് അയച്ചുകൊടുക്കാന്‍ സാക്ഷാല്‍ കുമ്മനം രാജശേഖരന്‍ തയ്യാറാകേണ്ടതുണ്ട്. നവീന ആശയങ്ങളുള്ള കോളജ്, സര്‍വകലാശാല വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കാന്‍ അദ്ദേഹം പറഞ്ഞത്ര കാര്യങ്ങള്‍ ഈ എസ് ആന്‍ഡ് എസ്സിലില്ല. അത്തരം ആശയക്കാര്‍ക്ക് മാണി സാര്‍ വാഗ്ദാനം ചെയ്ത സൗകര്യങ്ങള്‍ മോദി സാര്‍ നല്‍കുന്നില്ല. പുതു സംരംഭങ്ങള്‍ക്ക് ബന്ധപ്പെടാനും ആശയങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനും ധനവിനിമയത്തിനും ദേശീയ കേന്ദ്രം, സര്‍ക്കാറുമായും സര്‍ക്കാര്‍ ഏജന്‍സികളുമായും ബന്ധപ്പെടാന്‍ മൊബൈല്‍ ആപ്പും പ്രത്യേക പോര്‍ട്ടലും എന്നിവയൊക്കെ, സാങ്കേതിക വിദ്യയുടെ വികാസം കണക്കിലെടുത്താല്‍ എത്രത്തോളം നിസ്സാരമാണെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കൊക്കെ അറിയാം. മൂലധന നേട്ടത്തിലെ നികുതിയിളവ്, മൂന്ന് വര്‍ഷത്തേക്ക് ആദായ നികുതിയില്ല തുടങ്ങിയ പ്രഖ്യാപനങ്ങളിലെ കഴമ്പില്ലായ്മയും എളുപ്പത്തില്‍ മനസ്സിലാകും. പുതിയ സംരംഭത്തിന്റെ ഉത്പന്നം വിപണിയിലെത്തി പ്രവര്‍ത്തന ലാഭത്തിലേക്ക് എത്താന്‍ ചുരുങ്ങിയത് മൂന്ന് വര്‍ഷമെടുക്കും. അക്കാലം വരെ ആദായനികുതി വേണ്ടെന്ന സൗമനസ്യത്തിന് അര്‍ഥം, ലാഭത്തിലെത്തിയാലുടന്‍ നികുതി നല്‍കണമെന്നതാണ്.


മൂലധനനേട്ടത്തിനുള്ള നികുതിയിലെ ഇളവ് കിട്ടണമെങ്കില്‍ മൂലധനച്ചെലവും കഴിഞ്ഞ് സംരംഭം ലാഭത്തിലെത്തണം. മൂന്ന് വര്‍ഷത്തിന് ശേഷം ആദായ നികുതിയൊടുക്കാന്‍ പാകത്തില്‍ ആരോഗ്യം നേടുന്ന സ്ഥാപനം മൂലധനച്ചെലവിനേക്കാളധികം നേട്ടം കൈവരിക്കുമ്പോള്‍ അതിന്‍മേല്‍ നികുതിയൊടുക്കാന്‍ പ്രയാസപ്പെടില്ല തന്നെ. ഇത്തരം ഇളവുകള്‍ ഇന്ത്യന്‍ യൂനിയനില്‍ പുത്തരിയല്ല. ചെറുകിട - ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് കാലാകാലങ്ങളില്‍ സര്‍ക്കാറുകള്‍ പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ പരിശോധിച്ചാല്‍ സമാനമായ നിരവധി നിര്‍ദേശങ്ങള്‍ കാണാനാകും. ഈ ആനുകൂല്യങ്ങളൊക്കെ പ്രയോജനപ്പെടുത്തി ആരംഭിച്ച, രാജ്യത്തെ ചെറുകിട - ഇടത്തരം വ്യവസായങ്ങളില്‍ എത്രയെണ്ണം വളര്‍ന്നുവലുതായെന്ന കണക്കുകൂടി നരേന്ദ്ര മോദി ഭരണകൂടം പരിശോധിക്കണം. ചെറുകിട - ഇടത്തരം വ്യവസായങ്ങളുടെ ശവപ്പറമ്പായി രാജ്യം മാറിയതിന് പ്രധാന കാരണം, വിദേശത്തു നിന്നുള്ള ഉത്പന്നങ്ങളുടെ കുത്തൊഴുക്കായിരുന്നു. അതിന് പാകത്തില്‍ വ്യാപാര - വാണിജ്യ കരാറുകളുണ്ടാക്കുകയും ചുങ്കം കുറച്ചുകൊടുക്കുകയും ചെയ്തതിന് ശേഷം ആഭ്യന്തര വ്യാവസായിക വളര്‍ച്ചക്കായി ചില്ലറ ഇളവുകള്‍ പ്രഖ്യാപിച്ചതുകൊണ്ട് കാര്യമില്ല. പഴയ വീഞ്ഞ്, പുതിയ പേരില്‍ അവതരിപ്പിക്കുക മാത്രമേ നരേന്ദ്ര മോദി ചെയ്യുന്നുള്ളൂ. കുപ്പി പോലും മാറുന്നില്ല, പൊടി തുടച്ചുവെന്ന് മാത്രം.


വളരാന്‍ സാധ്യതയുള്ള ഒന്ന് സേവന മേഖലയാണ്. അവിടെ ഇന്‍ഫോസിസ് മുതല്‍ ടാറ്റ വരെയുള്ള വന്‍കിടക്കാരുണ്ട്. ടെക്‌നോ - ഇന്‍ഫോ പാര്‍ക്കുകളിലെ അടിസ്ഥാന സൗകര്യങ്ങളുണ്ട്. സ്റ്റാര്‍ട്ട് അപ്പ് വില്ലേജുകളുമുണ്ട്. സ്റ്റാര്‍ട്ട് അപ്പുകളിലെ പുതിയ കണ്ടെത്തലുകളെ  വിപണിയിലെത്തിക്കാന്‍ ആഭ്യന്തര - വിദേശ കമ്പനികള്‍ ഇപ്പോള്‍ തന്നെ മത്സരിക്കുന്നു. ക്യാമ്പസുകളില്‍ നിന്ന് പുതുമുറയെ നേരിട്ടെടുക്കാനും കമ്പനികള്‍ മത്സരിക്കുന്നുണ്ട്. ഇതിന്റെ വേഗം ഏറിയും കുറഞ്ഞുമിരിക്കുന്നുവെന്ന് മാത്രം. അതിലേക്കൊരു ഊര്‍ജമേകാന്‍ എസ് ആന്‍ഡ് എസിന് സാധിച്ചേക്കും. അതിലപ്പുറം, വിളക്ക് വില കിട്ടാതെ വലയുന്ന കര്‍ഷകനെ സഹായിക്കാന്‍ സ്വച്ഛ് ഭാരതോ, മേക്ക് ഇന്‍ ഇന്ത്യയോ എസ് ആന്‍ഡ് എസോ മതിയാകില്ല. കടക്കെണി മൂലം ആത്മഹത്യ ചെയ്യേണ്ടിവരുന്ന കര്‍ഷകന് എന്തെങ്കിലും സഹായം ഈ പദ്ധതികളില്‍ നിന്ന് കിട്ടുമോ? രണ്ടാം യു പി എ സര്‍ക്കാറിന്റെ കാലത്ത് അംഗീകരിച്ച ഭക്ഷ്യ സുരക്ഷാ നിയമം ഭാവനാത്മകമായി നടപ്പാക്കാനും ഇന്ത്യന്‍ യൂനിയനെ ദാരിദ്ര്യ മുക്തമാക്കാനും ഇതിലൂടെ സാധിക്കുമോ? പ്രാഥമിക വിദ്യാഭ്യാസത്തിന് പോലും അവസരമില്ലാത്തവര്‍, ഭൂമിരഹിതര്‍, സ്വന്തം ഭൂമിയില്‍ നിന്ന് ഇറക്കിവിടപ്പെട്ടവര്‍ തുടങ്ങി ജനസംഖ്യയുടെ പകുതിയോളം വരുന്നവരുടെ മുന്നിലൊരു പ്രതീക്ഷയാകാന്‍ ഈ പദ്ധതികള്‍ക്കാകുമോ?


അതിനൊന്നും സാധിക്കാതിരിക്കെ അടുത്ത റിപ്പബ്ലിക് ദിനത്തിലോ സ്വാതന്ത്ര്യ ദിനത്തിലോ പുതിയൊരു പദ്ധതി പ്രഖ്യാപിക്കാം. വികാരഭരിതമായ ശബ്ദത്തില്‍ താളാത്മകമായി പറയാന്‍ പറ്റുന്നൊരു പേരിനെക്കുറിച്ച് ആലോചിക്കാം. ആസൂത്രണ കമ്മീഷനെ പിരിച്ചുവിട്ട് പഞ്ചവത്സര പദ്ധതി അവസാനിപ്പിച്ച സാഹചര്യത്തില്‍ ബജറ്റിന്റെ കാര്യം കൂടി പുനരവലോകനം ചെയ്യാവുന്നതാണ്. പുതിയ പദ്ധതികള്‍ക്ക് പണം നീക്കിവെക്കല്‍, നികുതിയിളവുകള്‍ നല്‍കല്‍ തുടങ്ങിയവയൊക്കെ സാധാരണനിലക്ക് ബജറ്റിന്റെ ഭാഗമായാണ് വരിക. ഇടക്കിടെ പദ്ധതി പ്രഖ്യാപനവും അതിനുള്ള വിഹിതം മാറ്റലും നികുതിയിലെ കയറ്റിറങ്ങളുമൊക്കെയുണ്ടാകുമ്പോള്‍ പിന്നെ അരുണ്‍ ജെയ്റ്റ്‌ലി വര്‍ഷാന്ത്യത്തില്‍ രണ്ട് മണിക്കൂറോളം നീണ്ട കണ്ഠക്ഷോഭം ചെയ്യേണ്ട കാര്യമേ ഇല്ല.