2016-09-28

നാന്‍ ഒരു ദടവെ ശൊന്നാല്‍....


പുരുഷോത്തമനായ നായകന്‍, ക്രൂരതകളുടെ വിളനിലമായ വില്ലനെ ഇല്ലാതാക്കുന്നതാണ് അവസാന രംഗമെന്ന ഉറപ്പുണ്ടാകുമെങ്കിലും അതിലേക്ക് നയിക്കുന്ന സംഗതികള്‍ കാണികളെ പിടിച്ചിരുത്തുന്നതാകുമ്പോഴാണ് സസ്‌പെന്‍സ് സൃഷ്ടിക്കപ്പെടുക. അവ്വിധത്തില്‍ പാകപ്പെടുത്തിയതായിരുന്നു 'ചരിത്ര സംഭവ'മെന്ന് സംഘ്പരിവാരമൊന്നാകെ വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോഴിക്കോട് പ്രസംഗം. പ്രസംഗത്തിനൊരു രൂപഘടനയുള്ളത് രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കാണ്, പ്രത്യേകിച്ച് സി പി എമ്മിന്. മലയാളികള്‍ക്ക് കേട്ട് ശീലമുള്ളതും ആ പാര്‍ട്ടിയുടെ നേതാക്കളുടെ വാഗ്‌ധോരണിയാണ്. അന്താരാഷ്ട്രത്തില്‍ തുടങ്ങി, ദേശീയത്തില്‍ ഊന്നി, പ്രാദേശികത്തിലേക്ക് പടരുന്നതാണ് ആ രൂപഘടന. പ്രധാനപ്പെട്ടതെന്ന് ആ പാര്‍ട്ടി വിചാരിക്കുന്ന സമ്മേളനങ്ങള്‍ മുതല്‍ നാട്ടുമ്പുറത്തെ നാല്‍ക്കവലകളില്‍ സംഘടിപ്പിക്കുന്ന യോഗങ്ങളില്‍ വരെ ഈ ഘടനയില്‍ മാറ്റം വരുത്താറില്ല. സസ്‌പെന്‍സ് വളര്‍ത്തുക എന്ന ലക്ഷ്യത്താലാകണം കോഴിക്കോട്ടെ കടപ്പുറത്ത് ഘടനയൊന്ന് തിരിച്ചിട്ട് പ്രയോഗിച്ചു നമ്മുടെ പ്രധാനമന്ത്രി.


കേരളത്തെ പുകഴ്ത്തി, മലയാളികളെച്ചൊല്ലിയുള്ള അഭിമാനം പങ്കുവെച്ച്, ഈ പ്രദേശത്തെ രാജ്യത്തെ ഒന്നാം നിരയിലെത്തിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് വാഗ്ദാനം ചെയ്ത്, ഇന്ത്യാ മഹാരാജ്യം കൈവരിച്ച സാമ്പത്തിക വളര്‍ച്ചയുടെ കഥ പറഞ്ഞ്, ഇന്ത്യയുള്‍ക്കൊള്ളുന്ന ഏഷ്യയുടെ നൂറ്റാണ്ടാണ് നടപ്പിലുള്ളത് എന്നതില്‍ ഊന്നി, ഈ ഭൂഖണ്ഡത്തിന്റെ നൂറ്റാണ്ടിനെ തുരങ്കം വെക്കാന്‍ പാകത്തില്‍ ഭീകരവാദം കയറ്റിയയക്കുകയാണ് പാക്കിസ്ഥാനെന്ന് കുറ്റപ്പെടുത്തല്‍. ഒന്നും മറക്കില്ലെന്ന മുന്നറിയിപ്പ്. ദാരിദ്ര്യമില്ലാതാക്കാന്‍, തൊഴിലില്ലായ്മയുടെ കഴുത്ത് ഞെരിക്കാന്‍, നിരക്ഷരതയെ നിഷ്‌കാസനം ചെയ്യാന്‍, ശിശു മരണങ്ങളുടെ കടക്കല്‍ കത്തിവെക്കാന്‍ ഒക്കെ യുദ്ധമാകാമെന്നും അതിലാര് ജയിക്കുന്നുവെന്ന് നോക്കാമെന്നും വെല്ലുവിളി.
'നിങ്ങളുടെ കൂടി പ്രധാനമന്ത്രിയാകേണ്ടവനായിരുന്നല്ലോ ഞാന്‍' എന്ന മട്ടില്‍ വിഭജനപൂര്‍വ രാജ്യത്തെക്കുറിച്ച് ഓര്‍ത്ത് മനംനൊന്തു. പകുത്തുപോയതിലെ ചില ഭാഗങ്ങളിലെ ജനങ്ങള്‍ നേരിടുന്ന ദുരിതങ്ങളില്‍ വേപഥു പൂണ്ടു. ആരും ചോദിക്കാനില്ലെന്ന് കരുതരുതെന്ന് സാന്ത്വനിപ്പിക്കും പോലെ ചിലത് മൊഴിഞ്ഞു. ഭരണ നേതൃത്വത്തെ ചോദ്യംചെയ്യാന്‍ അവരോട് ആഹ്വാനം ചെയ്താണ് സാഗര ഗര്‍ജനമായ വാക് പ്രവാഹം തത്കാലത്തേക്ക് രംഗമൊഴിഞ്ഞത്.


നയചാതുരി ഇമ്മാതിരി ഭൂമിയിലുണ്ടോ? എന്ന് ആരാധകര്‍ വടക്കന്‍ പാട്ട് മട്ടില്‍ അത്ഭുതം കൂറി. ഒളിയുദ്ധ ചതുരരായ അയല്‍ ഭരണ നേതൃത്വത്തെ, അവിടുത്തെ ജനങ്ങളെ ഇളക്കിവിട്ട് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിലും വലിയ തന്ത്രമുണ്ടോ എന്ന് തലപുകഞ്ഞവരും കുറവല്ല.  കഴിഞ്ഞ വര്‍ഷം പഞ്ചാബിലെ ഗുര്‍ദാസ്പൂരിലും വര്‍ഷാദ്യത്തില്‍ പത്താന്‍കോട്ടും രണ്ടാഴ്ച മുമ്പ് ഉറിയിലുമുണ്ടായ ആക്രമണങ്ങള്‍ക്ക് പിറകില്‍ പ്രവര്‍ത്തിച്ചുവെന്ന് തെളിവുകള്‍ നിരത്തി ആരോപിക്കുന്ന, സൈന്യത്താലും രഹസ്യാന്വേഷണ സംഘടനയായ ഐ എസ് ഐയാലും (ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ്) നിയന്ത്രിക്കപ്പെടുന്ന പാക്കിസ്ഥാന്‍ സര്‍ക്കാറിനെ അന്താരാഷ്ട്ര തലത്തില്‍ മാത്രമല്ല, ആ രാജ്യത്തെ ജനങ്ങളില്‍ നിന്ന് തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമം. അതിലും വലിയ തന്ത്രമുണ്ടോ? മുമ്പ് മുംബൈയില്‍ തുഴഞ്ഞെത്തിയ അക്രമികള്‍ എമ്പാടും ചോരപ്പുഴയൊഴുക്കിയപ്പോള്‍ ഇവ്വിധം പറയാനൊരു നേതാവിന്റെ തരിയുണ്ടായിരുന്നോ ഈ രാജ്യത്ത്?


പാക് അധീന കശ്മീരില്‍, ബലൂചില്‍, ഗില്‍ജിത് - ബാല്‍ട്ടിസ്ഥാനില്‍ ഒക്കെ ജീവിക്കുന്നവരോട് അനീതി കാട്ടുന്ന, ന്യായമായ അവകാശങ്ങളുന്നയിക്കുന്നവരെ അടിച്ചമര്‍ത്തുന്ന, അതിനായി സൈന്യത്തെ നിയോഗിക്കാന്‍ മടിക്കാത്ത പാക്കിസ്ഥാന്‍ ഭരണകൂടത്തെ ചോദ്യംചെയ്യാനാണ്  നമ്മുടെ പ്രധാനമന്ത്രി കോഴിക്കോട്ട് അറബിക്കടലിനെ സാക്ഷിയാക്കി നടത്തിയ ആഹ്വാനം. ഇപ്പറഞ്ഞയിടങ്ങളിലൊക്കെ പാക്കിസ്ഥാന്‍ ഭരണകൂടത്തോട് ചെറുതല്ലാത്ത അസംതൃപ്തി നിലനില്‍ക്കുന്നുണ്ട്. അതൊന്ന് ഉണര്‍ത്തി വളര്‍ത്തിയാല്‍ അതിര്‍ത്തിക്കപ്പുറത്തെ അസംതൃപ്തിയിലേക്ക് ശ്രദ്ധതിരിക്കാന്‍ ഇട കിട്ടാത്ത അവസ്ഥ പാക്കിസ്ഥാനിലെ ഭരണകൂടത്തിനുണ്ടാകുമെന്നാണ് ഒറ്റ പ്രസംഗം കൊണ്ട് രാഷ്ട്രതന്ത്രജ്ഞനായി വളര്‍ന്ന നമ്മുടെ പ്രധാനമന്ത്രിയുടെ വിചാരം.


വിഭജനാനന്തരം ഇക്കാലംവരെയുള്ള പാക്കിസ്ഥാന്റെ ചരിത്രം നോക്കിയാല്‍ ആ രാജ്യം സമാധാനത്തോടെ ഉറങ്ങിയെഴുന്നേറ്റ കാലം തീരെക്കുറച്ചേ ഉണ്ടായിട്ടുള്ളൂവെന്ന് കാണാം. അതികഠിനമായ ആഭ്യന്തര പ്രതിസന്ധി അവിടുത്തെ ഭരണകൂടം നേരിട്ടപ്പോഴൊക്കെ അതിനെ മറികടക്കാന്‍ ഇന്ത്യയിലെ അസംതൃപ്തികളെ വളര്‍ത്തി വലുതാക്കാന്‍ പാകത്തില്‍ പ്രവര്‍ത്തിക്കുകയും ഒളിയാക്രമണങ്ങളില്‍ സജീവമാകുകയും ചെയ്തിട്ടുണ്ട് ആ രാജ്യം. അത് മനസ്സിലാക്കിയിരുന്നുവെങ്കില്‍ ഈ തന്ത്രം വജ്രായുധമാണെന്ന് ധരിക്കുമായിരുന്നോ?



പാക്കിസ്ഥാനിലെ ഭരണകൂടത്തോട് അതൃപ്തിയുള്ള അന്നാട്ടുകാര്‍, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വാക്കുകളെ വിലക്കെടുക്കാനിയടുണ്ടോ?  പാക് അധീന കശ്മീരിന്റെയും ബലൂചിസ്ഥാന്റെയും കാര്യം ആദ്യമായി പറഞ്ഞതിന് പിറകെ അന്നാട്ടുകാര്‍ ചിലര്‍ നന്ദി അറിയിച്ചുവെന്നാണ്  നരേന്ദ്ര മോദി തന്നെ അവകാശപ്പെട്ടത്. ബലൂചിലെ ഒരു നേതാവ് ഇന്ത്യയില്‍ അഭയം തേടാന്‍ ശ്രമിക്കുന്നു, പാക് അധീന കശ്മീരിലെ ഒരു നേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്മനസ്സിനെ പ്രകീര്‍ത്തിച്ച് രംഗത്തുവരികയും ചെയ്തിരിക്കുന്നു. ബലൂചിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ ഉത്കണ്ഠ രേഖപ്പെടുത്തിയ യൂറോപ്യന്‍ യൂനിയന്‍, ലംഘനങ്ങള്‍ക്ക് ഇടയാക്കും വിധത്തിലുള്ള പ്രവൃത്തികള്‍ അവസാനിപ്പിക്കണമെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. ഇതിലപ്പുറമെന്തെങ്കിലും മോദിയുടെ പ്രചാരണം കൊണ്ടുണ്ടാകുമോ? ഉണ്ടാകാന്‍ സാധ്യത കുറവാണ്.


വംശഹത്യാ ശ്രമത്തിന് അരുനില്‍ക്കുകയോ അധ്യക്ഷത വഹിക്കുകയോ ചെയ്തുവെന്ന ആരോപണം മൂലം വിവിധ രാഷ്ട്രങ്ങള്‍ വ്യാഴവട്ടക്കാലം ഭ്രഷ്ട് കല്‍പ്പിച്ച വ്യക്തിയാണ് നരേന്ദ്ര മോദി. ഇന്ത്യന്‍ യൂണിയന്റെ പ്രധാനമന്ത്രിയായതോടെയാണ് ഈ വിലക്ക് അവസാനിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പോളങ്ങളിലൊന്നിന്റെ നേതാവിനു മേല്‍ വിലക്ക് തുടരാന്‍ സാധിക്കുമായിരുന്നില്ല  രാജ്യങ്ങള്‍ക്ക്. ഗുജറാത്തില്‍ അരങ്ങേറിയ വ്യാജ ഏറ്റുമുട്ടല്‍ കൊലകളില്‍ ചിലതിനെക്കുറിച്ചെങ്കിലും മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് മുന്നറിവുണ്ടായിരുന്നുവെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. നിസ്സഹായരായ മനുഷ്യരെ, ഭീകരവാദികളായി ചിത്രീകരിച്ച് വെടിവെച്ച് കൊന്ന പോലീസ് ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും ഗുജറാത്ത് പോലീസില്‍ തിരിച്ചെത്തിയതിലും സ്ഥാനക്കയറ്റമുള്‍പ്പെടെ ആസ്വദിക്കുന്നതിലും മോദിയുടെ പരമാധികാരപ്രാപ്തി പങ്കുവഹിച്ചിട്ടില്ലേ എന്ന സംശയവും നിലനില്‍ക്കുന്നു.



കേന്ദ്ര ഭരണത്തിന്റെ ആധിപത്യത്തിലേക്ക് നരേന്ദ്ര മോദി എത്തിയതിന് ശേഷമുള്ള സംഗതികളും രാജ്യത്തിനകത്തും പുറത്തും വലിയവിമര്‍ശത്തിന് വിധേയമായിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെയും സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരുടെയും അവകാശങ്ങളെ സംരക്ഷിക്കാന്‍ ഭരണകൂടം തയ്യാറാകുന്നില്ലെന്നാണ് മുഖ്യ ആക്ഷേപം. മോദി ഭരണത്തിന് കീഴില്‍ ന്യൂനപക്ഷങ്ങള്‍ വലിയ സമ്മര്‍ദം നേരിടുകയാണെന്ന് അന്താരാഷ്ട്ര സംഘടനകളുടെ റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കയെപ്പോലുള്ള ചില രാഷ്ട്രങ്ങളുടെ ഔദ്യോഗിക റിപ്പോര്‍ട്ടുകളില്‍ തന്നെ ഇക്കാര്യങ്ങള്‍ പറയുന്നു. ഇതേക്കുറിച്ചൊക്കെ അറിയുന്നവര്‍ പാക് അധീന കശ്മീരിലും ബലൂചിസ്ഥാനിലുമൊക്കെ കുറവായിരിക്കും. പക്ഷേ, മാട്ടിറച്ചി സൂക്ഷിച്ചതിനോ കഴിച്ചതിനോ ജനത്തെ തല്ലുകയും കൊല്ലുകയും ചെയ്യുന്നുണ്ട് ഇന്ത്യാ മഹാരാജ്യത്ത് എന്നും അതിന് മുന്നിട്ടിറങ്ങുന്നവര്‍ക്ക് ഭരിക്കുന്ന പാര്‍ട്ടിയുമായി ചെറുതല്ലാത്ത ബന്ധമുണ്ട് എന്നും ഇതങ്ങനെ തുടരുമ്പോഴും തടയാന്‍ പാകത്തില്‍ യാതൊന്നും ചെയ്യുന്നില്ല നരേന്ദ്ര മോദിയെന്ന പ്രധാനമന്ത്രിയെന്നും അവരറിയാതിരിക്കാന്‍ വഴിയില്ല. ഇവ്വിധം ആരോപണങ്ങള്‍ നേരിടുന്നയാള്‍ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ഭരണകൂടത്തിന്റെ അതിക്രമങ്ങളെക്കുറിച്ചും പറയുമ്പോള്‍ മുഖവിലക്കെടുക്കാമോ എന്ന സംശയം അവര്‍ക്കുണ്ടാകുക സ്വാഭാവികം.


അല്ലെങ്കിലും അവിടുത്തെ ജനങ്ങള്‍ വിശ്വാസത്തിലെടുക്കുമെന്ന പ്രതീക്ഷയിലല്ല നരേന്ദ്ര മോദി ഈ പ്രചാരണം ആരംഭിച്ചിരിക്കുന്നത്.   ദേശീയതയിലും രാജ്യസ്‌നേഹത്തിലും അഭിരമിക്കുന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകരെയും രാഷ്ട്രീയ അനുഭാവികളെയും തൃപ്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തിലാണ്. പത്താന്‍കോട്ടിലും ഉറിയിലും നടന്ന ആക്രമണങ്ങളില്‍ പാക്കിസ്ഥാന് പങ്കുണ്ടെന്ന് തെളിവുകള്‍ നിരത്തി കുറ്റപ്പെടുത്തുന്ന, നരേന്ദ്ര മോദി സര്‍ക്കാര്‍ എന്തുകൊണ്ട് ഉചിതമായ മറുപടിക്ക് തയ്യാറാകുന്നില്ലെന്ന ചോദ്യമുയര്‍ന്നാല്‍ അതിനൊരു തടയാകും ഈ പ്രചാരണം എന്നാണ് മോദിയുടെയും സംഘത്തിന്റെയും പ്രതീക്ഷ. അന്താരാഷ്ട്ര വേദികളില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളെ  ഈ പ്രചാരണം സഹായിക്കുമെന്നും അവര്‍ കരുതുന്നു. പരമാധികാരിയായി താനിരിക്കെ, രഹസ്യാന്വേഷണ - ഇന്റലിജന്‍സ് ഏജന്‍സികളെ വേണ്ടവിധം ഉപയോഗിക്കുകയും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്ത്
ആക്രമണങ്ങളുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ സാധിക്കാതിരുന്നതിലെ വീഴ്ച മറച്ചുവെക്കാമെന്ന കണക്കുകൂട്ടലുമുണ്ട്.


കമ്പോളങ്ങള്‍, യാത്രാ കേന്ദ്രങ്ങള്‍ എന്നിവയൊക്കെ ലക്ഷ്യമിട്ട് പരമാവധി ആഘാതം ഉറപ്പാക്കുക എന്നതാണ് പൊതുവില്‍ ഭീകരവാദികളുടെ രീതി, ഇന്ത്യക്കകത്തും പുറത്തും. അതിലൂടെ പൊതുസമൂഹത്തില്‍ ഭീതി സൃഷ്ടിക്കുകയും ഭരണകൂടത്തിലുള്ള ജനങ്ങളുടെ വിശ്വാസം ഇടിക്കുകയുമാണ് ലക്ഷ്യം. ഈ പതിവിന് വിരുദ്ധമായ ആക്രമണങ്ങള്‍ ഇന്ത്യന്‍ യൂനിയനിലുണ്ടായത് ജമ്മു കശ്മീര്‍ നിയമസഭയും ഇന്ത്യന്‍ പാര്‍ലിമെന്റും ആക്രമിക്കപ്പെട്ടപ്പോഴാണ്. ഇവ അരങ്ങേറുമ്പോള്‍ എ ബി വാജ്പയിയുടെ നേതൃത്വത്തില്‍ എന്‍ ഡി എ ഭരിക്കുകയായിരുന്നു, 'ലോഹപുരുഷനാ'യി വിശേഷിപ്പിക്കപ്പെട്ടിരുന്ന എല്‍ കെ അദ്വാനിയായിരുന്നു ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ഉപപ്രധാനമന്ത്രി.


പിന്നീട് അധികാരത്തില്‍ വന്ന യു പി എ സര്‍ക്കാറിന്റെ കാലത്ത് രാജ്യം പലകുറി ഭീകര ആക്രമണങ്ങള്‍ക്ക് സാക്ഷിയായി. അതിലേറ്റം വലുതായിരുന്നു 2008ല്‍ മുംബൈയില്‍ അരങ്ങേറിയത്. അതിന് മുമ്പും പിമ്പുമായി നടന്ന പല ആക്രമണങ്ങളും രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ഉയര്‍ന്ന നേതാക്കളുടെ അറിവോടെ ആസൂത്രണം ചെയ്ത് നടപ്പാക്കിയവയാണെന്ന ആരോപണം നിലവിലുണ്ട്. എന്തായാലൂം മുംബൈ ആക്രമണത്തിന് ശേഷം രാജ്യത്തെയാകെ സ്തംഭിപ്പിക്കും വിധത്തിലുള്ള വലിയ ആക്രമണങ്ങള്‍ കുറച്ചുകാലത്തേക്ക് ഉണ്ടായില്ല. വാഗ്‌ധോരണിയുടെ പുറംമോടിയില്ലാതിരുന്ന അന്നത്തെ ഭരണ നേതൃത്വത്തിന് അത്രത്തോളമെങ്കിലും സാധിച്ചിരുന്നു.


അമ്പത്തിയാറിഞ്ച് നെഞ്ചളവുള്ള നേതാവ് അധികാരമേറ്റ് രണ്ടേകാല്‍ വര്‍ഷത്തിനിടെ രാജ്യത്തെ രണ്ട് സേനാ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടു. പത്താന്‍കോട്ട് കടന്നുകയറിയ അക്രമികളെ ഒടുക്കിയെന്ന് ഉറപ്പിക്കാന്‍, സ്‌ഫോടനം നടത്തി സൈനിക കേന്ദ്രത്തിന്റെ ഒരുഭാഗം തകര്‍ക്കേണ്ടിവന്നു. ആക്രമണം നടത്തിയ സംഘത്തില്‍ എത്രപേരുണ്ടായിരുന്നുവെന്ന് കണ്ടെത്താന്‍ പിന്നെയും ദിവസങ്ങളെടുത്തു. ഈ അപമാനത്തിന്റെ ഭാരമൊഴിയും മുമ്പാണ് ഉറിയില്‍ 18 സൈനികരുടെ ജീവനെടുത്ത ആക്രമണമുണ്ടായത്.


അപ്പോള്‍ പിന്നെ സസ്‌പെന്‍സിനൊടുവില്‍, സൂക്ഷ്മമായ ശബ്ദ നിയന്ത്രണത്തോടെ തൊടുക്കുന്ന ഡയലോഗുകളിലൂടെ ആവേശമുണര്‍ത്തുക മാത്രമേ തരമുള്ളൂ. പാക്കിസ്ഥാന്‍ ജനതയോട് നേരിട്ട് സംവദിക്കാനുള്ള നയവും തന്ത്രവും പ്രയോഗിച്ചുവെന്ന് സംതൃപ്തി അടയുകയും.

2016-09-26

റെയില്‍ ബജറ്റ് പൊഴിഞ്ഞു വീണതല്ല


പ്രത്യേക ബജറ്റൊഴിവാക്കി, റെയില്‍വേയെ കേന്ദ്ര ഭരണത്തിന് കീഴിലുള്ള മറ്റ് വകുപ്പുകള്‍ക്ക് തുല്യമാക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ആസൂത്രണ കമ്മീഷനെ ഒഴിവാക്കി, നിയോഗിച്ച നിതി ആയോഗിന്റെ നിര്‍ദേശപ്രകാരമാണ് പരിഷ്‌കാരം. ബജറ്റ് ഇല്ലാതാകുന്നത് റെയില്‍വേയുടെ ഭരണപരമായ പ്രവൃത്തികളെ ഏതെങ്കിലും വിധത്തില്‍ ബാധിക്കാന്‍ ഇടയില്ല. പക്ഷേ, അതിന്റെ നടത്തിപ്പില്‍ വരാന്‍ പോകുന്ന വലിയ മാറ്റങ്ങള്‍ക്ക് ഇതൊരു തുടക്കമാകാന്‍ സാധ്യതയുണ്ട്.


വലിയ പരിഷ്‌കാരങ്ങളുടെ നേതാവായി വിശേഷിപ്പിക്കപ്പെട്ട, റെയില്‍വേയെ വന്‍ ലാഭത്തിലേക്ക് നയിച്ച ഭരണാധികാരിയായി പുകഴ്ത്തപ്പെട്ട ലാലു പ്രസാദ് യാദവിന്റെ കാലത്ത് തന്നെ റെയില്‍വേയിലെ സ്വകാര്യവത്കരണം ആരംഭിച്ചിരുന്നു. കാറ്ററിംഗ്, ടിക്കറ്റിംഗ് ഇവയിലൊക്കെ സ്വകാര്യവത്കരണം വന്നത് അക്കാലത്താണ്. ചരക്ക് നീക്കത്തിന് വേണ്ടിയുള്ള സ്റ്റേഷനുകള്‍ നിര്‍മിക്കാന്‍ സ്വകാര്യ മേഖലക്ക് അനുവാദം നല്‍കിയതും അക്കാലത്ത് തന്നെ. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം സ്റ്റേഷന്‍ ശുചീകരണമടക്കമുള്ള പ്രവൃത്തികള്‍ സ്വകാര്യമേഖലക്ക് കൈമാറിയിട്ടുണ്ട്. കൂടുതല്‍ സ്വകാര്യ പങ്കാളിത്തം റെയില്‍വേയില്‍ അനുവദിക്കണമെന്ന നിതി ആയോഗിന്റെ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് മുന്നിലുണ്ട്. യാത്രാ വണ്ടികളുടെ സര്‍വീസില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കണമെന്നതാണ് അതില്‍ പ്രധാനം. ഇതിലേക്കൊക്കെ നീങ്ങണമെങ്കില്‍ പാര്‍ലിമെന്റിന്റെ അതുവഴി ജനങ്ങളുടെ കണക്കെടുപ്പില്‍ നിന്ന് റെയില്‍വേയെ നീക്കി നിര്‍ത്തേണ്ടത് അനിവാര്യമാണ്. അതിനെല്ലാമുള്ള നാന്ദിയായി വേണം ബജറ്റൊഴിവാക്കാനുള്ള തീരുമാനത്തെ കാണാന്‍.


ലാഭ നഷ്ടങ്ങളെ അടിസ്ഥാനമാക്കി വിവിധ തരത്തില്‍ ഗ്രേഡ് ചെയ്യപ്പെട്ട
പൊതുമേഖലാ സ്ഥാപനങ്ങളുണ്ട് രാജ്യത്ത്. ഇവയില്‍ നഷ്ടത്തിലോടുന്നവ പൂട്ടാനോ സ്വകാര്യ മേഖലക്ക് കൈമാറാനോ സര്‍ക്കാറിന് എളുപ്പത്തില്‍ തീരുമാനിക്കാനാകും. ലാഭത്തിലോ വലിയ ലാഭത്തിലോ പ്രവര്‍ത്തിക്കുന്നവയിലെ ന്യൂപക്ഷ - ഭൂരിപക്ഷ ഓഹരികള്‍ സ്വകാര്യ മേഖലക്ക് വില്‍ക്കാന്‍ തീരുമാനിക്കുന്നതിനും പ്രയാസമില്ല. അത് പാര്‍ലിമെന്റില്‍ അംഗങ്ങളുടെ പ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെട്ടേക്കാമെന്നതൊഴിച്ചാല്‍ മറ്റ് പ്രയാസങ്ങളൊന്നും സര്‍ക്കാറിന് ഉണ്ടാക്കാറില്ല. പ്രത്യേക മന്ത്രാലയം തുറന്ന് ഓഹരി വിറ്റഴിക്കാന്‍ തയ്യാറായത് എ ബി വാജ്പയിയുടെ നേതൃത്വത്തില്‍ എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോഴാണെന്നതും ഓര്‍ക്കുക. ഈ വഴിയിലേക്ക് റെയില്‍വേയെ പ്രയാസം കൂടാതെ നയിക്കണമെങ്കില്‍ പാര്‍ലിമെന്റിന്റെ  പരിശോധനകളില്‍ നിന്ന് അതിനെ ഒഴിവാക്കി നിര്‍ത്തണം.


ബ്രിട്ടീഷ് ആധിപത്യത്തിന് കീഴിലായിരിക്കെയാണ് റെയില്‍വേക്ക് പ്രത്യേക സാമ്പത്തിക രേഖ തയ്യാറാക്കുന്ന പതിവ് ആരംഭിച്ചത്. പ്രത്യേക ബജറ്റ് എന്ന രൂപത്തില്‍ അവതരിപ്പിക്കാന്‍ തുടങ്ങിയതിന് 1924 വരെയുള്ള പഴക്കം കല്‍പ്പിക്കപ്പെടുന്നു. ഇതൊഴിവാക്കുന്നത് നടപടിക്രമങ്ങളെ ലഘൂകരിക്കുമെന്നതില്‍ തര്‍ക്കം വേണ്ട. റെയില്‍വേ ബജറ്റും പൊതു ബജറ്റും പാര്‍ലിമെന്റിന്റെ ഇരു സഭകളും ചര്‍ച്ച ചെയ്ത് പാസ്സാക്കണമെന്നതാണ് ചട്ടം. ഇനിമേല്‍ ഒരു  ബജറ്റ് പാസ്സാക്കിയാല്‍ മതിയെന്നതിനാല്‍ പാര്‍ലിമെന്റ് ചെലവിടേണ്ട സമയം കുറയും. ബജറ്റ് എന്നാല്‍ ലോക്‌സഭയില്‍ വായിക്കുന്ന പ്രസംഗം മാത്രമല്ല. അതിന്റെ അനുബന്ധമായ നിരവധി രേഖകളുടെ സമാഹാരമാണ്. ആയതൊക്കെ അച്ചടിച്ച് അംഗങ്ങള്‍ക്ക് വിതരണം ചെയ്യണം. അത് പരിശോധിച്ച് നേട്ടവും കോട്ടവും വിലയിരുത്താനും സര്‍ക്കാറില്‍ നിന്ന് വിശദീകരണം തേടാനും അംഗങ്ങള്‍ക്ക് സാധിക്കും. നിര്‍ണായകമായ മേഖലകളില്‍ സ്വകാര്യവത്കരണം അനുവദിക്കാനുള്ള നിര്‍ദേശത്തിനെതിരെ കക്ഷിഭേദമില്ലാതെ അംഗങ്ങള്‍ യോജിക്കുന്ന സാഹചര്യമുണ്ടായാല്‍ അത് പാര്‍ലിമെന്റില്‍ പരാജയപ്പെടുന്ന സാഹചര്യവുമുണ്ടാകാം. പരാജയപ്പെട്ടില്ലെങ്കില്‍ തന്നെ, പാര്‍ലിമെന്റില്‍ വലിയ പ്രതിഷേധമുയര്‍ത്താന്‍ പ്രതിപക്ഷത്തിന് സാധിച്ചാല്‍ അത് ജനത്തെ സ്വാധീനിക്കാം.


വലിയ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന (നവരത്‌ന ഗ്രേഡിലുള്ള) പൊതുമേഖലാ കമ്പനിയുടെ ഓഹരി വിറ്റഴിക്കാന്‍, പാര്‍ലിമെന്റ് സമ്മേളിക്കാത്ത കാലത്ത്, കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചാല്‍ അതിനോടുള്ള പ്രതികരണം ചില പ്രസ്താവനകളിലും പ്രകടനങ്ങളിലുമൊക്കെ ഒതുങ്ങും. പിന്നീട് പാര്‍ലിമെന്റ് സമ്മേളിക്കുമ്പോള്‍ ഏതെങ്കിലുമൊരംഗം ഇക്കാര്യം ഉന്നയിച്ചാല്‍ ചട്ടപ്പടി മന്ത്രി നല്‍കുന്ന മറുപടിയില്‍ കാര്യങ്ങള്‍ അവസാനിക്കും. അതിനപ്പുറത്തേക്ക് വളരാനുള്ള ഒരു സാധ്യതയും മുന്‍കാല അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കാണുന്നില്ല. ഇടതിന്റെ പിന്തുണ കൂടാതെ നിലനില്‍ക്കാന്‍ സാധിക്കാത്ത കാലത്ത്, ഭെല്ലിന്റെ ഓഹരി വില്‍ക്കാന്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ തീരുമാനിച്ചതും പ്രതിഷേധമുയര്‍ന്നപ്പോള്‍ പിന്‍വലിഞ്ഞതുമൊഴികെ.


സ്വതന്ത്ര ബജറ്റ് അവതരിപ്പിക്കേണ്ട ബാധ്യത നിലനില്‍ക്കുന്ന റെയില്‍വേയുടെ കാര്യത്തില്‍ ഇതല്ല സ്ഥിതി. ബജറ്റിന് പുറത്ത് തീരുമാനങ്ങളെടുക്കാന്‍ സാധിക്കുമെങ്കിലും തന്ത്രപ്രധാന തീരുമാനങ്ങള്‍ ബജറ്റിന് പുറത്ത് സ്വീകരിക്കാന്‍ പരിമിതികളുണ്ട്. കാറ്ററിംഗ്, ടിക്കറ്റിംഗ്, ശുചീകരണം തുടങ്ങിയ ടെസ്റ്റ് ഡോസുകള്‍ക്ക് അപ്പുറത്ത് കാതലിന്റെ ഭാഗമായ ഏതെങ്കിലും മേഖലയില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കാന്‍ ബജറ്റില്‍ ശിപാര്‍ശ ചെയ്താല്‍ അത് പാര്‍ലിമെന്റില്‍ വലിയ പ്രതിഷേധത്തിന് കാരണമാകും. അതൊഴിവാക്കാനുള്ള എളുപ്പമാര്‍ഗം ബജറ്റ് തന്നെ ഒഴിവാക്കലാണ്.


2016 - 17 സാമ്പത്തികവര്‍ഷം റെയില്‍വേ പ്രതീക്ഷിച്ച മൂലധനച്ചെലവ് 1.21 ലക്ഷം കോടിയാണ്. ഇത് ഒന്നര ലക്ഷം കോടിയായി വര്‍ധിക്കുമെന്ന് റെയില്‍ മന്ത്രി സുരേഷ് പ്രഭു പിന്നീട് പ്രഖ്യാപിച്ചു. അഞ്ച് വര്‍ഷം കൊണ്ട് എട്ടര ലക്ഷം കോടിയുടെ മൂലധനച്ചെലവ് ലക്ഷ്യമിടുന്ന സുരേഷ് പ്രഭു, 5.6 ലക്ഷം കോടിയുടെ പദ്ധതികള്‍ക്ക് ഇതിനകം അനുമതി നല്‍കിക്കഴിഞ്ഞുവെന്നും പറയുന്നു. റെയില്‍വേയുടെ പദ്ധതികള്‍ക്ക് ചില പ്രത്യേകതകളുണ്ട്. മറ്റ് വ്യവസായ പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിന് പാലിക്കേണ്ട നിബന്ധനകളൊന്നും ഇതില്‍ ബാധകമല്ല. ദേശത്തിന്റെ പൊതുസേവനമാകയാല്‍ ഇതര അനുമതികളും വേഗം കിട്ടും. അവ്വിധം അനുമതികളൊക്കെ വേഗം കിട്ടുന്നിടത്തേക്ക് മൂലധന നിക്ഷേപം നടത്താന്‍ സ്വകാര്യ മേഖലക്ക് താത്പര്യം ഏറെയായിരിക്കും. ലാഭം വര്‍ധിപ്പിക്കാന്‍ പാകത്തില്‍ റെയില്‍വേയുമായി ദീര്‍ഘകാലത്തേക്കൊരു വരുമാനം പങ്കിടല്‍ കരാറുണ്ടാകണമെന്ന നിര്‍ബന്ധമേ അവര്‍ക്കുണ്ടാകൂ. അതിനൊക്കെ അവസരമൊരുക്കാന്‍ നല്ലത്, പാര്‍ലിമെന്റിന് മുന്നില്‍ വലിയതോതില്‍ വരാത്ത വിധത്തില്‍ റെയില്‍വേയെ മാറ്റിനിര്‍ത്തുക തന്നെയാണ്. അതിലേക്കാകണം നിതി ആയോഗിലെ വിദഗ്ധരും നരേന്ദ്ര മോദി സര്‍ക്കാറും ചരിക്കുന്നത്.


ആസൂത്രണത്തിന്റെ ആവശ്യമില്ലെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് ആസൂത്രണ കമ്മീഷന്‍ വേണ്ടെന്ന് വെച്ചതും പഞ്ചവത്സര പദ്ധതികള്‍ ഒഴിവാക്കിയതും. അധികാരം കൂടുതല്‍ കേന്ദ്രീകരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. അതിലേക്കുള്ള മറ്റൊരു വഴി കൂടിയാണ് ബജറ്റ് ഒഴിവാക്കി റെയില്‍വേയെ ഇതര വകുപ്പുകളുടേതിന് തുല്യമാക്കല്‍. ഭൂമി ഏറ്റെടുത്ത് നല്‍കുന്ന, സ്വകാര്യ മേഖലയുമായി പങ്കാളിത്ത കരാറിന് സന്നദ്ധമാകുന്ന സംസ്ഥാനങ്ങള്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകുമെന്ന് ചുരുക്കം. റെയില്‍ എന്നത് സേവനമല്ല, മറിച്ച് ലാഭ കേന്ദ്രീകൃതമായി നടത്തപ്പെടുന്ന വ്യവസായമായി മാറ്റിക്കൊണ്ടേ ഇത്തരം നിക്ഷേപം സാധ്യമാകൂ. അതിലേക്ക് സംസ്ഥാന സര്‍ക്കാറുകളെക്കൂടി സജ്ജമാക്കുക എന്നത് കൂടി ബജറ്റ് ഒഴിവാക്കുന്നതിലെ ലക്ഷ്യമാണ്.


പരമ്പരാഗത രീതിയില്‍ പാര്‍ലിമെന്റിലൊരു ബജറ്റ് അവതരിപ്പിക്കുകയാണെങ്കില്‍, ജനപ്രതിനിധികളുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കേണ്ടിവരും. പ്രാദേശികമായ സന്തുലനം കുറേയൊക്കെ പാലിക്കേണ്ടിവരും (സ്വന്തം മണ്ഡലത്തിനും സംസ്ഥാനത്തിനും അളവില്‍ കവിഞ്ഞ പരിഗണന നല്‍കുമ്പോള്‍ തന്നെ). പൊതു ബജറ്റിന് കീഴില്‍ വിഹിതം അനുവദിച്ച് ഒഴിയുമ്പോള്‍ ഇതൊന്നും പരിഗണിക്കേണ്ടിവരില്ല നരേന്ദ്ര മോദി സര്‍ക്കാറിന്. രാഷ്ട്രീയമായി തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സംസ്ഥാനങ്ങളെ, ക്രമം വിട്ട് സഹായിക്കുകയും അത്തരം മാറ്റമുണ്ടായാലേ  പരിഗണനയുണ്ടാകൂ എന്ന തോന്നലുണ്ടാക്കുയും ചെയ്യാനും ശ്രമിച്ചേക്കാം. അവഗണനകള്‍ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ രാജ്യത്തിന്റെ അഖണ്ഡതക്കെതിരായ നീക്കമായി ചിത്രീകരിക്കാന്‍ പ്രയാസമേതുമുണ്ടാകുകയുമില്ല. ആ നിലക്ക് കേവലം ബജറ്റ് റദ്ദാക്കല്‍ മാത്രമായി നരേന്ദ്ര മോദി സര്‍ക്കാറിന്റെ തീരുമാനത്തെ കാണാനാവില്ല.


ആസൂത്രണ സംവിധാനം നിലനില്‍ക്കെ, സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തി പദ്ധതിയും അതിന്റെ വിഹിതവും തീരുമാനിക്കുകയായിരുന്നു പതിവ്. ഇത് ഫെഡറല്‍ സമ്പ്രദായത്തെ ശക്തിപ്പെടുത്തുന്നതും യൂണിയനില്‍ അംഗങ്ങളായ സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കുന്നുവെന്ന തോന്നല്‍ ജനിപ്പിക്കുന്നതുമായിരുന്നു. അതില്ലാതാക്കി കേന്ദ്രത്തിന്റെ അധികാരം സ്ഥാപിച്ചെടുക്കുന്നതിന്റെ തുടക്കമായിരുന്നു ആസൂത്രണ കമ്മീഷന്റെ ഇല്ലാതാക്കല്‍. റെയില്‍വേ ബജറ്റ് ഇല്ലാതാക്കുന്നതിലൂടെ അധികാരം കേന്ദ്രീകരിക്കപ്പെടുമ്പോള്‍ ഫെഡറല്‍ സമ്പ്രദായം കൂടുതല്‍ ദുര്‍ബലമാകുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പലഘട്ടങ്ങളിലായി പ്രഖ്യാപിച്ച പദ്ധതികളെടുക്കുക, അതൊന്നും സംസ്ഥാനങ്ങളുമായി ആലോചിക്കുകയോ പ്രദേശങ്ങളുടെ സാഹചര്യം കണക്കിലെടുക്കുകയോ ചെയ്യാതെ വിശദാംശങ്ങള്‍ തയ്യാറാക്കിയവയാണെന്ന് കാണാം. എം പിമാര്‍ ഗ്രാമങ്ങളെ ദത്തെടുത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ പാര്‍ലിമെന്റംഗങ്ങളുമായി ആലോചിക്കാതെ തീരുമാനിക്കുകയാണ് ചെയ്തത്. ഇവ്വിധം ഓരോ തലത്തിലും അധികാര കേന്ദ്രീകരണത്തിന്റെ സൂചനകള്‍ കാണാം. ഇതിന്റെ തുടര്‍ച്ചയാണ് റെയില്‍വേ ബജറ്റ് വേണ്ടെന്നുവെക്കാനുള്ള തീരുമാനവും.


ബജറ്റ് പാസ്സാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കപ്പെടും, ചെലവ് കുറയും, പൊതു ബജറ്റില്‍ നിന്ന് ലഭിക്കുന്ന ധനസഹായത്തിന് പ്രതിഫലമായി വര്‍ഷത്തില്‍ 10,000 കോടി രൂപ സര്‍ക്കാര്‍ ഖജാനയിലേക്ക് നല്‍കണമെന്ന വ്യവസ്ഥ ഒഴിവാകുന്നത് മൂലം റെയില്‍വേക്ക് ആശ്വാസമുണ്ടാകും എന്നിത്യാദി വാദങ്ങള്‍ കൊണ്ട് സാധൂകരിക്കാവുന്നതല്ല, ഈ രാഷ്ട്രീയ തീരുമാനം.


രാജ്യഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിക്ക്, അവരെ നിയന്ത്രിക്കുന്ന സംഘ പരിവാരത്തിന് ഹിന്ദു രാഷ്ട്ര സ്ഥാപനമെന്ന വ്യക്തമായ ഉദ്ദേശ്യമുണ്ട്. അതിന്റെ ഭാഗമായുള്ള പരിപാടികളാണ് ആസൂത്രണം ചെയ്യപ്പെടുന്നതും നടപ്പാക്കപ്പെടുന്നത്, ഭരണത്തിന് അകത്തും പുറത്തും. അത് മറന്നുകൊണ്ട് നരേന്ദ്ര മോദി സര്‍ക്കാറെടുക്കുന്ന ഒരു തീരുമാനത്തെയും വിലയിരുത്താന്‍ സാധിക്കില്ല. അതുകൊണ്ട് റെയില്‍വേക്ക് പ്രത്യേക ബജറ്റ് വേണ്ടതില്ലെന്ന തീരുമാനം, പദ്ധതി നിര്‍വഹണം വേഗത്തിലാക്കുക, അനാവശ്യ ചെലവ് ഒഴിവാക്കുക എന്നീ ശുദ്ധഗതി വിചാരങ്ങള്‍ക്കപ്പുറത്തുള്ള പരിശോധന അര്‍ഹിക്കുന്നുണ്ട്.

2016-09-14

മോദിജിയുടെ ഗ്യാസ്, റിലയന്‍സിന്റെ ഗ്യാസ്...നമ്മുടെ കാറ്റ്


2005 ജൂണ്‍ - ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ വലിയ പ്രഖ്യാപനം. ഹിന്ദി വഴങ്ങിത്തുടങ്ങിയ കാലമല്ലാത്തതിനാല്‍, ഭായിയോ ബഹനോ... എന്ന അകമ്പടിയില്ലാതെ, ഗുജറാത്തിയില്‍. 'രാജ്യത്തെ ഏറ്റം വലിയ പ്രകൃതി വാതക ശേഖരം ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്‍പ്പറേഷന്‍ (ജി പി എസ് സി) കണ്ടെത്തിയിരിക്കുന്നു'. ഒപ്പമുണ്ടായിരുന്ന കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരുടെ സംഘഗാനം ഇവ്വിധമായിരുന്നു - 'രണ്ട് ലക്ഷം കോടിയിലേറെ മൂല്യം വരും കണ്ടെത്തിയ നിക്ഷേപത്തിന്. ഇത് കുഴിച്ചെടുക്കുന്നതോടെ രാജ്യത്ത് വാതകത്തിന് ക്ഷാമമില്ലാതെയാകും.'


കൊല്ലം പതിനൊന്ന് കഴിഞ്ഞപ്പോള്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് ഗുജറാത്ത് നിയമസഭയുടെ മേശപ്പുറത്ത് വിഭവമായി. കൃഷ്ണ - ഗോദാവരി ബേസിനില്‍ കാക്കിനഡ തീരത്തുള്ള ബ്ലോക്കില്‍ നിന്ന് പ്രകൃതി വാതകം കുഴിച്ചെടുക്കാനുള്ള ശേഷിയോ ശേമുഷിയോ ജി പി എസ് സിക്കുണ്ടായിരുന്നില്ല. കണ്ടെത്തിയെന്ന് അവകാശപ്പെട്ട നിക്ഷേപത്തിന്റെ വലുപ്പം ഊതിവീര്‍പ്പിച്ച് അവതരിപ്പിച്ചതാണ്. എത്ര ആഴത്തിലാണ് വാതക ശേഖരമുള്ളത് എന്നതില്‍ തിട്ടമുണ്ടായിരുന്നില്ല. സംഗതി കുഴിച്ചെടുക്കാന്‍ പ്രതീക്ഷിച്ചതിലും വൈകി. ആകെ ഏറ്റെടുത്ത 11 ബ്ലോക്കുകളില്‍ 10 എണ്ണവും ജി പി എസ് സി തിരികെ നല്‍കി. ഇതുവഴി 2011 മുതല്‍ 15 വരെയുള്ള കാലത്ത് കോര്‍പ്പറേഷന് 1,757.46 കോടിയുടെ നഷ്ടമുണ്ടായി. ഇതില്‍ 1734.12 കോടി എഴുതിത്തള്ളി.


കൃഷ്ണ - ഗോദാവരി ബേസിനിലെ 'വന്‍ നിക്ഷേപം' കുഴിച്ചെടുക്കാന്‍ ഇറങ്ങിത്തിരിച്ചതിന് പിറകെ ഈജിപ്തിലും പാടങ്ങള്‍ പാട്ടത്തിനെടുത്തു, ജി എസ് പി സി. വാതകം കുഴിച്ചെടുക്കാന്‍ കഴിവില്ലെന്ന്  കണ്ടതോടെ അവയില്‍ പലതും തിരികെക്കൊടുത്തു. ആ വിധത്തിലുമുണ്ടായി കോടികളുടെ നഷ്ടം. അതും എഴുതിത്തള്ളാന്‍ പൊതുമേഖലാ സ്ഥാപനത്തിന് പ്രയാസമുണ്ടായില്ല. മുഖ്യമന്ത്രി പദത്തില്‍ നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക് പറക്കാന്‍ ഒരുക്കം നടത്തിക്കൊണ്ടിരുന്ന നരേന്ദ്ര മോദിയുടെ പിന്തുണയുള്ളതുകൊണ്ട് എഴുതിത്തള്ളലിന് വിഷമമേതുമുണ്ടായുമില്ല.

രാജ്യത്തിനകത്തും പുറത്തും വാതകപ്പാടങ്ങള്‍ പാട്ടത്തിനെടുത്തപ്പോള്‍ ജിയോ ഗ്ലോബല്‍ റിസോഴ്‌സസ് ഇന്ത്യ, ജൂബിലന്റ് എന്‍പ്രോ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുമായി ചേര്‍ന്നൊരു കണ്‍സോര്‍ഷ്യമുണ്ടാക്കി ജി എസ് പി സി. കൂടുതല്‍ വാതകം കുഴിച്ചെടുക്കാന്‍ പാകത്തില്‍ നിക്ഷേപമൊഴുക്കുന്നതിനാണ് കണ്‍സോര്‍ഷ്യമെന്നായിരുന്നു വിശദീകരണം.


കണ്‍സോര്‍ഷ്യലുള്‍പ്പെടുത്തുമ്പോള്‍ ജിയോഗ്ലോബലിന്റെ ആകെ മുലധനം 64 ഡോളര്‍ മാത്രമായിരുന്നു. കണ്‍സോര്‍ഷ്യത്തിലുള്‍പ്പെടുത്തുന്നതിന് ആറ് ദിവസം മുമ്പ് ബാര്‍ബഡോസ് കേന്ദ്രമായാണ് കമ്പനി രൂപീകരിച്ചതും. ഗ്വാട്ടിമാല സ്വദേശിയായ ജീന്‍ പോള്‍ റോയ് എന്നയാള്‍ മാത്രമായിരുന്നു ഉടമ. ഈ കമ്പനിക്ക് പത്ത് ശതമാനം ഓഹരി പങ്കാളിത്തം നല്‍കിയപ്പോള്‍ ജി പി എസ് സിയില്‍ നിന്ന് 20,000 കോടി രൂപ ജിയോ ഗ്ലോബലിലേക്ക് ഒഴുകിയെന്നാണ് ഏകദേശ കണക്ക്.


ഇതേക്കുറിച്ചൊക്കെ പരാമര്‍ശിച്ച് സി എ ജി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും വിധത്തിലുള്ള അന്വേഷണം നടക്കുമെന്ന് പ്രതീക്ഷിക്കേണ്ട. പ്രത്യേകിച്ച് നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലിരിക്കെ. ഹിന്ദി നല്ല വഴക്കത്തിലായ ശേഷം ഭ്രഷ്ടാചാരത്തെക്കുറിച്ച് വാചാലനായിരുന്നു പുമാന്‍. പക്ഷേ, അതില്‍ ഇതൊന്നും ഉള്‍പ്പെടുത്താവതല്ലല്ലോ. 64 ഡോളര്‍ മൂലധനത്തില്‍ ബാര്‍ബഡോസില്‍ രൂപീകരിച്ച കമ്പനിയെക്കുറിച്ചും സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത്തരം പേപ്പര്‍ കമ്പനികള്‍ കള്ളപ്പണം ഒളിപ്പിക്കാനുള്ള താവളങ്ങളാകാറാണ് പതിവ്. അത്തരം കമ്പനിയായിരുന്നോ ജി എസ് പി സിയുടെ കണ്‍സോര്‍ഷ്യത്തിലുള്‍പ്പെട്ട ജിയോ ഗ്ലോബല്‍ റിസോഴ്‌സസ്? 'കാലാ ധന്‍' നാട്ടിലെത്തിക്കുമെന്ന് നാഴികക്ക് നാല്‍പ്പത് വട്ടം ആവര്‍ത്തിക്കുന്ന നമ്മുടെ പ്രധാനമന്ത്രി ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സാധ്യത ഇല്ല തന്നെ.


ഇപ്പോഴത്തെ കഥ ഇതല്ല. സാമ്പത്തിക ക്രമക്കേടിന്റെ കേന്ദ്ര ബിന്ദുവായി നില്‍ക്കുന്ന ജി എസ് പി സിയുടെ ഓഹരി വാങ്ങാന്‍ കേന്ദ്ര പൊതുമേഖലയിലെ നവരത്‌നങ്ങളിലൊന്നായ ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ തയ്യാറെടുക്കുന്നുവെന്നതാണ്. ജി എസ് പി സിയെ എങ്ങനെയെങ്കിലും രക്ഷിച്ചെടുത്ത്, ഭ്രഷ്ടാചാരത്തിന്റെയും കാലാധന്റെയും കാളിമ നീക്കേണ്ട ഉത്തരവാദിത്തമുണ്ടാകുമല്ലോ നരേന്ദ്ര മോദി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭക്ക്. ജി എസ് പി സിയുടെ ഓഹരി ഒ എന്‍ ജി സി വാങ്ങുന്നതില്‍ നീരസം ലവവേശമില്ലെന്ന്  എണ്ണ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞുകഴിഞ്ഞു. കൈകാര്യം ചെയ്ത സംഗതി വാതകമല്ലേ, ഗുജറാത്ത് പെട്രോളിയം കോര്‍പ്പറേഷന്റെ അന്വേഷണം ചെന്നെത്തും മുമ്പേ അത് സ്വയം ഒഴിഞ്ഞുപോയിക്കാണണം. പ്രഖ്യാപനങ്ങളൊക്കെ വാതകമായി, സി എ ജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും വൈകാതെ വാതകമാകും.


ഇതുപോലൊരു വാതകകഥ കൂടി പരിണാമഗുപ്തിയിലെത്തി നില്‍ക്കുന്നുണ്ട്. അതിലെ വാദി കഥാപാത്രം ഒ എന്‍ ജി സിയും പ്രതി കഥാപാത്രം മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമാണ്. കഥ നടക്കുന്നത് 50,000 ചതുരശ്ര കിലോമീറ്ററില്‍ പരന്നുകിടക്കുന്ന കൃഷ്ണ - ഗോദാവരി ബേസിനില്‍ തന്നെ. ഇവിടെ നിന്ന് പ്രകൃതി വാതകം കുഴിച്ചെടുക്കാന്‍ അംബാനി തുനിഞ്ഞിറങ്ങിയത് മൂലം സര്‍ക്കാര്‍ ഖജനാവിനുണ്ടായ നഷ്ടവും വാതക വില നിശ്ചയിച്ചതിലൂടെ സര്‍ക്കാര്‍ അംബാനിക്ക് അനുവദിച്ച് കൊടുത്ത അമിത ലാഭവും കഴിഞ്ഞയാഴ്ച പരാമര്‍ശിച്ചിരുന്നു. ഇതിനൊപ്പം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മറ്റൊന്ന് കൂടി ചെയ്തു. കെ ജി ബേസിനില്‍ മുകേഷിന്റെ പാടത്തോട് ചേര്‍ന്നു കിടക്കുന്ന ഒ എന്‍ ജി സിയുട പാടത്തു നിന്ന് വാതകം ഊറ്റി. ആരുമറിയാതെ. ഒന്നും രണ്ടും കൊല്ലമില്ല, ഏഴ് വര്‍ഷം.


ഭൂഗര്‍ഭാന്തരത്തിലെ വാതകം സ്വയം സ്വീകരിച്ച വഴികളിലൂടെ തങ്ങളുടെ പാടത്ത് എത്തിയതാണെന്നും താഴേക്കിറക്കിയ കുഴലിന് ഉടമയെ തിരിച്ചറിഞ്ഞ് വാതകം സ്വീകരിക്കാന്‍ അറിയില്ലായിരുന്നുവെന്നുമൊക്കെ അംബാനീ സചിവര്‍ കലഹിച്ചു നോക്കി. പക്ഷേ, പ്രയോജനമുണ്ടായില്ല. ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് ചീഫ് ജസ്റ്റിസായി വിരമിച്ച ജസ്റ്റിസ് അജിത് പ്രസാദ് ഷാ ഏകാംഗ കമ്മീഷനായി ഇതേക്കുറിച്ച് സമൂലം അന്വേഷിച്ചു. ഏഴ് വര്‍ഷത്തിനിടെ 1112.2 കോടി ഘന മീറ്റര്‍ വാതകം അംബാനിയുടെ ഖജനാവിന് കൊഴുപ്പേകാനെത്തി എന്ന് കണ്ടെത്തി. നിലവിലുള്ള വില പ്രകാരം, വാതകമൂറ്റ് വകയില്‍ അംബാനിയുടെ ഖജനാവിലെത്തിയത് ഏകദേശം 11,000 കോടി രൂപ. ഒ എന്‍ ജി സി എന്ന പൊതുമേഖാ കമ്പനിക്കും അതുവഴി സര്‍ക്കാറിനും അവരിലൂടെ ജനങ്ങള്‍ക്കുമെത്തേണ്ട പണമാണിത്. ഇതിലൊതുങ്ങുമോ കണക്ക് എന്നതില്‍ തിട്ടമില്ല. ഇത്രയും തുകക്കുള്ള വാതകം മോഷ്ടിച്ച വകയില്‍ ആ തുകയും പിഴയും റിലയന്‍സില്‍ നിന്ന് നഷ്ടപരിഹാരമായി ഈടാക്കണമെന്നാണ് ജസ്റ്റിസ് എ പി ഷാ നല്‍കിയ ശിപാര്‍ശ.


പുത്രീ പുത്ര കളത്രാദികളെ സാക്ഷിയാക്കി, സൗജന്യങ്ങള്‍ വാരിക്കോരി നല്‍കി മുകേഷ് അംബാനി തൊടുത്ത ജിയോ മൊബൈല്‍ നെറ്റ്‌വര്‍ക്കിന് ഊര്‍ജമേകുന്നതില്‍ ഇങ്ങനെ ഊറ്റിയെടുത്ത തുക കൂടിയുണ്ടെന്ന് ചുരുക്കം. ആ മൊബൈല്‍ കമ്പനിയുടെ പരസ്യത്തിലാണ് ചിത്രമായും ദൃശ്യമായും നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യക്ഷപ്പെട്ടത്. തട്ടിപ്പുകാരെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ കണ്ടെത്തിയ ഒരു കമ്പനിയുടെ സഹോദര സ്ഥാപനത്തിന് പരസ്യമോഡലാകാന്‍ അമ്പത്തിയാറിഞ്ച് നെഞ്ച് വിരിയുമ്പോള്‍, തട്ടിപ്പുകള്‍ക്ക് ഒത്താശ നല്‍കുന്നവനാണോ പരമാധികാരിയെന്ന ചോദ്യം സ്വാഭാവികമായി ഉയരും.


ഇല്ലാത്ത വാതകം, എത്താത്ത കുഴലുകൊണ്ട് തോണ്ടിയെടുക്കാന്‍ ഗുജറാത്ത് പെട്രോളിയം കോര്‍പ്പറേഷന് പ്രേരണ നല്‍കുന്നതില്‍, അതിനുവേണ്ടി കടലാസ് കമ്പനിയെ ഉള്‍പ്പെടുത്തി കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതില്‍ ഒക്കെ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ എന്തെങ്കിലും പങ്ക് ഈ ദേഹത്തിന് ഉണ്ടായിക്കാണുമോ? അതിന്റെ തുടര്‍ച്ചയാണോ വലിയ തട്ടിപ്പുകള്‍ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന കമ്പനിക്ക് പ്രത്യക്ഷമായും പരോക്ഷമായും ചെയ്യുന്ന ഒത്താശ. ജി പി എസ് സിയില്‍ ഓഹരിയെടുക്കാന്‍ ഒ എന്‍ ജി സിയെ പ്രേരിപ്പിക്കുമ്പോള്‍  ജനങ്ങളുടെ സ്വത്തായ പൊതമേഖലാ കമ്പനിയുടെ ആരോഗ്യത്തെ ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍. ഒ എന്‍ ജി സിയുടെ പാടത്തു നിന്ന് വാതകം ഊറ്റിയെടുത്ത കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ ശ്രിക്കാതെ ആ കമ്പനിയുടെ പരസ്യ മോഡലാകുമ്പോള്‍ ജനതയുടെ സ്വത്ത് നശിച്ചാലും അംബാനി വളര്‍ന്നു കണ്ടാല്‍ മതിയെന്ന് ആഗ്രഹിക്കുകയാണ് അദ്ദേഹം.


ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സ്വീകരിക്കേണ്ട ബാധ്യത, സര്‍ക്കാറിനില്ല നമ്മുടെ ഈ വിശാല ജനാധിപത്യത്തില്‍. നടപടി റിപ്പോര്‍ട്ടിന്റെ അകമ്പടിയോടെ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ പാര്‍ലിമെന്റില്‍ അവതരിപ്പിച്ച് അലമാരയില്‍ സൂക്ഷിച്ചാല്‍ മതിയാകും. നിഗമനങ്ങളിലേക്ക് എത്താന്‍ കമ്മീഷന്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ വിശ്വസനീയമായി തോന്നുന്നില്ലെന്നും കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നും നടപടി റിപ്പോര്‍ട്ടില്‍ പറഞ്ഞാല്‍ സംഗതി ഭദ്രമാകും. പ്രതിഭാഗത്ത് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആകയാലും നടപടിയെടുക്കേണ്ടയാള്‍ അംബാനിയുടെ പരസ്യ മോഡലാകയാലും നടപടി റിപ്പോര്‍ട്ട് ഇവ്വിധമെന്തെങ്കിലുമാകുമെന്ന് ഉറപ്പ്.


പ്രകൃതി വിഭവത്തിന്റെ ഉടമാവകാശം സര്‍ക്കാറിനാണെന്ന്, ചീഫ് ജസ്റ്റിസായിരിക്കെ കെ ജി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബഞ്ച് ഭൂരിപക്ഷ വിധിയിലൂടെ നേരത്തെ തന്നെ വ്യക്തമാക്കിയതിനാല്‍ വാതകത്തിന്റെ ഉടമാവകാശം ഒ എന്‍ ജി സിക്കല്ലെന്നും സര്‍ക്കാറിനാണെന്നും വേണമെങ്കില്‍ വാദിക്കാം. സര്‍ക്കാറിന്റെയും അംബാനിയുടെയും കാര്യമെടുത്താല്‍ അതുതാനല്ലയോ ഇത് എന്ന് വര്‍ണ്യത്തില്‍ ആശങ്കയുള്ളതിനാല്‍ വാതകം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റേത് തന്നെ എന്ന് ഉല്‍പ്രേക്ഷിക്കുകയുമാകാം. അത്തരമൊരു ഉല്‍പ്രേക്ഷയിലാണല്ലോ, കെ ജി ബേസിനിലെ ഖനനത്തിന്റെ ചെലവ് നാലിരട്ടിയോളം അധികരിപ്പിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് കത്ത് നല്‍കിയപ്പോള്‍ എ ബി വാജ്പയി സര്‍ക്കാര്‍ അത് തളികയില്‍ വാങ്ങി, കണക്കില്ലാത്ത കോടികള്‍ (സി എ ജി പറഞ്ഞത്) പ്രസാദമായി നല്‍കി അനുഗ്രഹിച്ചത്.


പൂര്‍വ സൂരികള്‍ പുണ്യം ചെയ്തവരാണ്. അവരുടെ പാതയാണ് പിന്തുടരേണ്ടത്. ആകയാല്‍ ക്രമക്കേടുകള്‍ ക്രമവത്കരിച്ചും തട്ടിപ്പുകളെ മുന്‍കാലപ്രാബല്യത്തോടെ നിമയവിധേയമാക്കിയും അത്തരക്കാരുടെ ബ്രാന്‍ഡ് അംബാസഡറാകുക. അതാണ് ശരി. ലോക് സഭയിലെ സീറ്റ് കണക്കില്‍ അമ്പതിലെത്താതെ ശോഷിച്ച മുഖ്യ പ്രതിപക്ഷം അലോസരപ്പെടുത്താന്‍ വരില്ലെന്ന ആനുകൂല്യം കൂടിയുള്ളപ്പോള്‍ അത് മാത്രമാണ് ശരി.

2016-09-05

വന്ദിപ്പിന്‍ അംബാനിയെ, വന്ദിപ്പിന്‍ അദാനിയെ...


അത്ര പഴകാത്ത ഒരു കഥ പറഞ്ഞ് തുടങ്ങാം. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ ഐ എല്‍), കെയിന്‍ എനര്‍ജി, ബി ജി ഇന്ത്യ, മറ്റു ചില കമ്പനികള്‍ എന്നിവ കൃഷ്ണ - ഗോദാവരി ബേസിനില്‍ നിന്ന് പ്രകൃതി വാതകം കുഴിച്ചെടുക്കാന്‍ കരാറുണ്ടാക്കിയ കഥ. 1999ല്‍ അടല്‍ ബിഹാരി വാജ്പയി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് കരാറുണ്ടാക്കിയത്. ഉത്പന്നം പങ്കുവെക്കുന്നതിനുള്ള കരാര്‍ രണ്ടായിരത്തിലുമുണ്ടാക്കി. പര്യവേഷണം പൂര്‍ത്തിയാക്കി വ്യാവസായികാടിസ്ഥാനത്തില്‍ വാതകം കുഴിച്ചെടുക്കുന്നതിന് 240 കോടി ഡോളറിന്റെ നിക്ഷേപം വേണമെന്നാണ് ആദ്യം റിലയന്‍സ് സമര്‍പ്പിച്ച കണക്ക്. രണ്ട് വര്‍ഷത്തിന് ശേഷം നിക്ഷേപക്കണക്ക് 880 കോടി ഡോളറെന്നാക്കി പുതുക്കി. അന്നും വാജ്പയി സര്‍ക്കാറായിരുന്നു അധികാരത്തില്‍. പുതുക്കിയ കണക്കനുസരിച്ച് ഉത്പന്നം പങ്കുവെക്കുന്നതിന് കരാറുണ്ടാക്കിയപ്പോള്‍ പൊതു ഖജനാവിന് കോടികളുടെ നഷ്ടമുണ്ടായെന്നാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി എ ജി) റിപ്പോര്‍ട്ടില്‍ പറയുന്നത്.


രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള സ്‌പെക്ട്രവും ലൈസന്‍സും വിതരണം ചെയ്തപ്പോള്‍ 1.76 ലക്ഷം കോടിയുടെയും കല്‍ക്കരിപ്പാടം വിതരണം ചെയ്തപ്പോള്‍ 1.80 ലക്ഷം കോടിയുടെയും നഷ്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയതും അതേ സി എ ജി. കുഴിച്ചെടുക്കുന്ന വാതകം വിറ്റുണ്ടാകുന്ന ലാഭത്തിന്റെ നിശ്ചിത വിഹിതം കേന്ദ്ര ഖജനാവിലേക്ക് നല്‍കണമെന്നതാണ് ഉത്പന്ന പങ്കുവെക്കല്‍ കരാറിന്റെ കാതല്‍. 240 കോടി ഡോളര്‍ എന്നത് 880 കോടി ഡോളറാക്കി ഉയര്‍ത്തിയത് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതിനാല്‍ ഇത്രയും തുക റിലയന്‍സ് തിരിച്ചുപിടിച്ചതിന് ശേഷമേ ലാഭമുണ്ടാകൂ എന്ന അവസ്ഥ വന്നു. ഉത്പാദനച്ചെലവ് റിലയന്‍സ് കൃത്രിമമായി ഉയര്‍ത്തിക്കാട്ടുകയായിരുന്നുവെന്നാണ് സി എ ജി പറയുന്നത്. ഇത് വഴി ഖജനാവിനുണ്ടായ നഷ്ടം ടെലികോമിലും കല്‍ക്കരിയിലുമുണ്ടായതിനേക്കാള്‍ വലുതാകാന്‍ ഇടയുണ്ടെന്നും സി എ ജി പറഞ്ഞുവെച്ചു.


2003 സെപ്തംബറില്‍ നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ (എന്‍ ടി പി സി) തങ്ങളുടെ താപ വൈദ്യുത നിലയങ്ങളിലേക്ക് പ്രകൃതി വാതകം ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. 2004ല്‍ എന്‍ ടി പി സിയുടെ ടെന്‍ഡര്‍ ആര്‍ ഐ എല്ലിന് ലഭിച്ചു. മില്ല്യന്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂനിറ്റിന് (അങ്ങനെയാണ് പ്രകൃതി വാതകത്തിന്റെ അളവ്) 2.34 ഡോളര്‍ നിരക്കില്‍ പതിനേഴ് വര്‍ഷത്തേക്ക് എന്‍ ടി പി സിക്ക് പ്രകൃതി വാതകം നല്‍കാമെന്ന കരാര്‍ ആര്‍ ഐ എല്‍ ഉണ്ടാക്കുകയും ചെയ്തു. ഈ കരാറനുസരിച്ച് വാതകം ലഭ്യമാക്കാന്‍ ആര്‍ ഐ എല്‍ ആദ്യം തയ്യാറായില്ല. ഇതേത്തുടര്‍ന്ന് 2005ല്‍ എന്‍ ടി പി സി ബോംബെ ഹൈക്കോടതിയെ സമീപിച്ചു.


എന്‍ ടി പി സി ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ ഹരജി പരിഗണനയിലിരിക്കെ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് നാച്വറല്‍ റിസോഴ്‌സസ് ലിമിറ്റഡ് പരാതിയുമായെത്തി. ഉത്തര്‍ പ്രദേശില്‍ ആര്‍ എന്‍ ആര്‍ എല്‍ സ്ഥാപിക്കുന്ന പ്ലാന്റിലേക്ക് 2.34 ഡോളറിന് പ്രകൃതി വാതകം ലഭ്യമാക്കാന്‍ ആര്‍ ഐ എല്ലിന് നിര്‍ദേശം നല്‍കണമെന്നായിരുന്നു ആവശ്യം. ഈ കേസ് കോടതി വേഗം പരിഗണിച്ചു. മുകേഷ് അംബാനിക്ക് അനുകൂലമായി വിധിക്കുകയും ചെയ്തു. അംബാനി സഹോദരന്‍മാരുടെ തര്‍ക്കത്തിന്റെ മറവില്‍ കേന്ദ്ര മന്ത്രിസഭാ സമിതി വാതക വില ഉയര്‍ത്തി നല്‍കാന്‍ തീരുമാനിച്ചു. യുനിറ്റിന് 4.2 ഡോളറായാണ് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചത്.


ബോംബെ ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്ത് ആര്‍ എന്‍ ആര്‍ എല്‍ സുപ്രീം കോടതിയെ സമീപിച്ചു. മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ബഞ്ച് വിധി പുറപ്പെടുവിച്ചു. കേന്ദ്ര മന്ത്രിസഭാ സമിതി നിശ്ചയിച്ച വില (യൂനിറ്റിന് 4.2 ഡോളര്‍) ശരിവെക്കുന്നതായിരുന്നു ഭൂരിപക്ഷ വിധി. പ്രകൃതി വിഭവത്തിന്റെ ഉടസ്ഥത സര്‍ക്കാറിനാണെന്നും അവര്‍ക്ക് വില നിശ്ചയിക്കാനുള്ള അധികാരമുണ്ടെന്നും ജസ്റ്റിസ് കെ ജി  ബാലകൃഷ്ണനും ജസ്റ്റിസ് സദാശിവവും വിധിച്ചു. ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഢി വിയോജിച്ചു. അംബാനി സഹോദരന്‍മാരുടെ തര്‍ക്കം തീര്‍ത്തുകൊടുത്തപ്പോള്‍ പൊതുമേഖലാ സ്ഥാപനത്തിനും അതുവഴി ജനങ്ങള്‍ക്കുമുണ്ടാകുന്ന നഷ്ടത്തെക്കുറിച്ച്  സുപ്രീം കോടതി ആലോചിച്ചതേയില്ല.
ഉയര്‍ന്ന വിലക്ക് എന്‍ ടി പി സി വാതകം വാങ്ങുന്നത് വഴി സര്‍ക്കാറിനുണ്ടാകുന്ന ബാധ്യതയെക്കുറിച്ചോ കൂടിയ വിലക്ക് വാതകം വാങ്ങി ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് കൂടുതല്‍ പണം നല്‍കേണ്ടി വരുന്ന ജനത്തെക്കുറിച്ചോ യു പി എ സര്‍ക്കാറിനോ പ്രണബ് കുമാര്‍ മുഖര്‍ജി അധ്യക്ഷനായിരുന്ന മന്ത്രിതല സമിതിക്കോ ആലോചനയുണ്ടായില്ല.



പ്രകൃതി വാതക വില ഇനിയും ഉയര്‍ത്തണമെന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ആവശ്യം നരേന്ദ്ര മോദി സര്‍ക്കാറിന് മുന്നിലുണ്ട്. അത് അംഗീകരിക്കപ്പെടുമോ ഇല്ലയോ എന്നത് വഴിയേ അറിയാം.  ഉത്പാദനച്ചെലവ് അധികരിച്ച് കാട്ടി ഖജനാവിന് നഷ്ടം വരുത്തിയെന്ന സി എ ജിയുടെ കണ്ടെത്തലിനെക്കുറിച്ച് അന്വേഷിക്കാന്‍ എന്തായാലും നരേന്ദ്ര മോദി സര്‍ക്കാര്‍ ആലോചിക്കുന്നില്ല. ഇക്കാര്യത്തില്‍ ഡല്‍ഹിയിലെ അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ആസൂത്രിതമായി അട്ടിമറിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറായെന്നത് കൂടി പരിഗണിക്കുമ്പോള്‍ അന്വേഷണം ഉണ്ടാവുകയേയില്ലെന്ന് കരുതണം. ടെലികോം, കല്‍ക്കരി അഴിമതിയുടെ പേരില്‍ 'ഭ്രഷ്ടാചാരന്‍'മാര്‍ക്കെതിരെ ആഞ്ഞടിച്ച 56 ഇഞ്ചിന്റെ നെഞ്ചൂക്ക് അംബാനിയുടെ കാര്യത്തില്‍ ഉണ്ടാകില്ലെന്ന് ചുരുക്കം.


പെട്രോളിന്റെ സബ്‌സിഡി പിന്‍വലിച്ച് റിലയന്‍സടക്കമുള്ള കമ്പനികള്‍ക്ക് വിപണിയില്‍ മത്സരിച്ച് ലാഭമുണ്ടാക്കാന്‍ യു പി എ സര്‍ക്കാര്‍ അവസരമുണ്ടാക്കിയിരുന്നു. ഡീസലിന്റെ സബ്‌സിഡി കൂടി പിന്‍വലിച്ച് കൂടുതല്‍ ലാഭമെടുക്കാനുള്ള അവസരം നരേന്ദ്ര മോദി സര്‍ക്കാറും. പാചകവാതകത്തിന്റെ സബ്‌സിഡി കൂടി പിന്‍വലിച്ച് കൂടുതല്‍ സഹായം റിലയന്‍സടക്കമുള്ളവര്‍ക്ക് മോദി സര്‍ക്കാര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുക. പാട്ടക്കൃഷിക്കും കുത്തക സംഭരണത്തിനും അവസരം നല്‍കി, പൂഴ്ത്തിവെപ്പിന് സന്ദര്‍ഭമൊരുക്കി അവശ്യവസ്തുക്കളുടെ വില്‍പ്പനയില്‍ നിന്ന് ലാഭമുണ്ടാക്കാന്‍ നല്‍കിയ അവസരം വേറെ. ഇങ്ങനെയൊക്കെ സമ്പാദിച്ച പണം കൊണ്ടാണ് സൗജന്യങ്ങള്‍ വാരിവിതറി, മൊബൈല്‍ ഫോണും സേവനങ്ങളുമായി ജിയോ എന്ന പേരില്‍ മുകേഷ് അംബാനി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. അതിനെ പ്രധാനമന്ത്രി പ്രഖ്യാപിച്ച ഡിജിറ്റല്‍ ഇന്ത്യ (ഡിജിറ്റല്‍ ഇന്ത്യാ...എന്ന് നീട്ടാവുന്നതാണ്) പദ്ധതിയുടെ ഭാഗമെന്ന് വ്യാഖ്യാനിച്ച് കരുത്തനായ നേതാവിനെ നീല മേല്‍ക്കുപ്പായമിടീച്ച് പരസ്യത്തില്‍ നിര്‍ത്താനുള്ള ചങ്കൂറ്റവും മുകേഷ് അംബാനി കാട്ടി. കുറ്റം പറയരുതല്ലോ റിലയന്‍സെന്ന പേര് പരസ്യത്തിലൊരിടത്തും അംബാനി പരാമര്‍ശിച്ചില്ല. എന്നുവെച്ചാല്‍ ജിയോ എന്നത് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമാണെന്ന് ജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.


പരസ്യത്തില്‍ ചിത്രമുപയോഗിച്ചത് നരേന്ദ്ര മോദിയുടെ അറിവോടെയാണോ അല്ലയോ എന്ന് അറിയില്ല. തന്റെ അറിവോടെയല്ലെന്ന് നരേന്ദ്ര മോദിയോ പ്രധാനമന്ത്രിയുടെ അറിവോടെയല്ല ചിത്രമുപയോഗിച്ചത് എന്ന് അദ്ദേഹത്തിന്റെ ഓഫീസോ കേന്ദ്ര സര്‍ക്കാറോ പറയാത്തിടത്തോളം അറിവോടെയാണെന്ന് തന്നെ ധരിക്കണം. ജനത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള അംബാനിയുടെ ശ്രമത്തിന് പ്രധാനമന്ത്രിയുടെയും കേന്ദ്ര സര്‍ക്കാറിന്റെയും പിന്തുണയുണ്ടെന്ന് ചുരുക്കം. സഹസ്ര കോടികളുടെ നഷ്ടം ഖജനാവിനുണ്ടാക്കിയെന്ന സി എ ജി റിപ്പോര്‍ട്ടിന്‍മേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ മടിക്കുന്ന, പ്രകൃതി വാതക വില വീണ്ടും കൂട്ടി റിലയന്‍സിന്റെ ലാഭം കൂട്ടിക്കൊടുക്കാന്‍ യത്‌നിക്കുന്ന ഭരണകൂടം, ഇത്തരമൊരു വഞ്ചനക്ക് അരുനിന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല.


ടെലികോം മേഖലയില്‍ പൊതുമേഖലയിലുള്ള ബി എസ് എന്‍ എല്ലും നിരവധി സ്വകാര്യ കമ്പനികളും വേറെയുണ്ട്. കമ്പോളത്തില്‍ തുല്യ നിലക്ക് മത്സരിക്കാനുള്ള അവസരം നിക്ഷേപം നടത്തുന്നവര്‍ക്കൊക്കെയുണ്ടാകണം. അത് നിഷേധിച്ചാണ്, ഉപഭോക്താക്കള്‍ക്ക് നിരസിക്കാനാകാത്ത സൗജന്യങ്ങള്‍ അംബാനിയുടെ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. അതിനെയാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ചതും. ബി എസ് എന്‍ എല്ലടക്കമുള്ള കമ്പനികളുടെ വരിക്കാരൊക്കെ ജിയോയിലേക്ക് ഒഴുകുമെന്നതില്‍ തര്‍ക്കം വേണ്ട. ഓഹരി വിലകള്‍ ഇടിഞ്ഞ് മൂലധനക്കരുത്ത് ഇപ്പോള്‍ തന്നെ ചോര്‍ന്ന് തുടങ്ങിയിരിക്കുന്നു ഈ മേഖലയിലെ സ്വകാര്യ കമ്പനികള്‍ക്ക്. അവരൊക്കെ കൂടുതല്‍ ക്ഷീണിക്കുന്നതോടെ ടെലികോം മേഖലയിലെ കുത്തക, അംബാനിയുടെ ജിയോ സ്വന്തമാക്കുന്ന കാലം വിദൂരമല്ല തന്നെ. അവിടേക്ക് എത്തിയാല്‍ പിന്നെ സേവനങ്ങള്‍ക്ക് വേണ്ട പോലെ വില നിശ്ചയിക്കാന്‍ അംബാനിക്ക് പ്രയാസമുണ്ടാകില്ല. ആ കാലത്തെയാണോ നരേന്ദ്ര മോദി 'ഡിജിറ്റല്‍ ഇന്ത്യ' എന്ന് വിഭാവനം ചെയ്യുന്നത് എന്നറിയില്ല. അങ്ങനെ വിഭാവനം ചെയ്യുന്നതുകൊണ്ടാകണം നീല മേല്‍ക്കുപ്പായത്തില്‍ പരസ്യ മോഡലാകാന്‍ അദ്ദേഹം തീരുമാനിച്ചത്.


മോദി സര്‍ക്കാറിന്റ നയങ്ങളാകെ ജനങ്ങളെ ദ്രോഹിക്കുന്നതാണെന്ന് ആരോപിച്ചും വര്‍ഗീയത വളര്‍ത്താനുള്ള ശ്രമങ്ങളെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ചും രംഗത്തുള്ള കോണ്‍ഗ്രസും അതിന്റെ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുകേഷ് അംബാനിയുടെ കാര്യമായതുകൊണ്ട് അത്രത്തോളം എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. വാജ്പയിയുടെ കാലത്തുണ്ടാക്കിയ ഉത്പന്ന പങ്കുവെക്കല്‍ (പ്രകൃതി വാതകത്തിന്റെ) കരാര്‍ തുടരാന്‍ തീരുമാനിക്കുകയും വാതക വില ഉയര്‍ത്തി നല്‍കി മുകേഷ് അംബാനിയെ സഹായിക്കുകയും ചെയ്ത കോണ്‍ഗ്രസിന് അങ്ങനെ എതിര്‍ക്കാന്‍ സാധിക്കുകയുമില്ലല്ലോ! ആയതിനാല്‍ പ്രധാനമന്ത്രിയെന്നാല്‍ ഒരു വ്യക്തിയല്ലെന്നും അത് രാജ്യത്തിന്റെ സ്ഥാപനമാണെന്നും അതിനെ സ്വകാര്യ കമ്പനിയുടെ പരസ്യത്തിന് ഉപയോഗിക്കുന്നതില്‍ നിയമ - ധാര്‍മിക പ്രശ്‌നങ്ങള്‍ ശേഷിക്കുന്നുണ്ടെന്നും പ്രതികരിച്ച് അവര്‍ തൃപ്തിയടഞ്ഞു. പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് തെറ്റിദ്ധാരണയുളവാക്കും വിധത്തില്‍ പരസ്യം ചെയ്ത ടെലികോം കമ്പനികളെക്കുറിച്ചോ അവര്‍ നല്‍കുന്ന സേവനങ്ങളെക്കുറിച്ചോ കാര്യമായ വിവരങ്ങളില്ലാത്ത വലിയൊരു വിഭാഗം ജനങ്ങളെ മുകേഷ് അംബാനി പറ്റിക്കുകയാണെന്നോ അതിന് നരേന്ദ്ര മോദി കൂട്ടു നില്‍ക്കുകയാണെന്നോ കോണ്‍ഗ്രസിന് പരാതിയില്ല. അങ്ങനെ പരാതിപ്പെട്ട്  അംബാനിമാരെ പിണക്കാന്‍ മാത്രം ബുദ്ധിയില്ലാത്തവരല്ല കോണ്‍ഗ്രസുകാര്‍.


'സാഗര്‍മാലാ' എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രകാരം തുറമുഖങ്ങള്‍ വികസിപ്പിക്കുന്നതില്‍ ബദ്ധശ്രദ്ധനാണ് ഗുജറാത്ത് സ്വദേശി കൂടിയായ ഗൗതം അദാനി. പ്രധാനമന്ത്രി നടത്തുന്ന വിദേശ സന്ദര്‍ശനങ്ങളിലൊക്കെ സ്ഥിരം സാന്നിധ്യവും. സാഗര്‍മാലാ പദ്ധതിയെ പോഷിപ്പിക്കാന്‍ തുറമുഖങ്ങള്‍ എന്ന പേരില്‍ നരേന്ദ്ര മോദിയെ മോഡലാക്കി അദാനിക്കൊരു പരസ്യം തയ്യാറാക്കാവുന്നതാണ്. മേക് ഇന്‍ ഇന്ത്യാ...സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യാ...സ്റ്റാന്‍ഡ് അപ്പ് ഇന്ത്യാ... എന്നിങ്ങനെ പ്രധാനമന്ത്രി തന്നെ നീട്ടി പ്രഖ്യാപിച്ച പദ്ധതികളുമായി സഹകരിക്കുന്നവര്‍ക്കൊക്കെ അംബാനി ഒരു മാതൃകയാകുകയാണ്.


ജനാധിപത്യ സംവിധാനത്തില്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ക്കുള്ള സ്ഥാനം ശരിയായി മനസ്സിലാക്കിയത് അമേരിക്കക്കാര്‍ മാത്രമാണ്. അവിടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തുന്നത് പോലും അവരാണല്ലോ! അതൊന്നും ശരിയായി മനസ്സിലായിട്ടില്ല, പലമുഖ ദാരിദ്ര്യം നേരിടുന്ന ഇന്ത്യന്‍ ജനകോടികള്‍ക്ക്. അവരെ കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാന്‍ പ്രധാനമന്ത്രി തന്നെ മുന്‍കൈ എടുക്കുന്നതില്‍ എന്താണ് തെറ്റ്? അതിനും 56 ഇഞ്ച് നെഞ്ചളവുള്ള നേതാവ് തന്നെ വേണ്ടി വന്നു. വന്ദേ അംബാനി!