2018-04-15

കത്വ: അരങ്ങത്തും അണിയറയിലും കംസന്‍മാര്‍


എട്ട് വയസ്സുള്ള പെണ്‍കുട്ടിയെ ഒരാഴ്ചക്കാലം ക്ഷേത്രത്തിനുള്ളില്‍ തടഞ്ഞുവെച്ച് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയത്, മനുഷ്യ മനസ്സിന് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത ക്രൂരതകള്‍ കാട്ടാന്‍ പാകത്തിലേക്ക് ഹിന്ദുത്വ വര്‍ഗീയത എത്തിയിരിക്കുന്നുവെന്നാണ് രാജ്യത്തോട് പറയുന്നത്. ഈ വര്‍ഗീയതയെ പിന്തുണക്കാനും അതിന്റെ പ്രയോക്താക്കള്‍ നടത്തുന്ന ഏത് ക്രൂരതയെയും ന്യായീകരിക്കാനും രാജ്യത്തെ വിവിധ സംവിധാനങ്ങള്‍ മറകൂടാതെ രംഗത്തുവരുമെന്നതിനും തെളിവാണ് ജമ്മു കശ്മീരിലെ കത്വ.  നാടോടികളായ ബഖര്‍വാല്‍ വിഭാഗത്തില്‍പ്പെടുന്ന 20 മുസ്‌ലിം കുടുംബങ്ങള്‍, ബ്രാഹ്മണര്‍ക്ക് സ്വാധീനമുള്ള രസാന പ്രദേശത്ത്, ഭൂമി വാങ്ങി സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ചതാണ് ഈ കുഞ്ഞിനോട് നൃശംസത കാട്ടാനും ജീവനെടുക്കാനും വര്‍ഗീയവാദികളെ പ്രേരിപ്പിച്ചത്. ഇതിലൂടെ ഈ മുസ്‌ലിം കുടുംബങ്ങളെ ഭീതിയിലേക്ക് തള്ളിവിടാമെന്നും അതോടെ അവര്‍ ഇവിടം ഉപേക്ഷിച്ച് പൊയ്‌ക്കൊള്ളുമെന്നും വര്‍ഗീയവാദികള്‍ കണക്ക് കൂട്ടി.


ജമ്മു കശ്മീര്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച അറുപത് വയസ്സ് പിന്നിട്ട സഞ്ജി രാമാണ് തട്ടിക്കൊണ്ടുപോകലും കൊലയും ആസൂത്രണം ചെയ്തത്. അതിന് മരുമകന്‍, മകന്‍, പ്രദേശത്തെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തുടങ്ങിയവരെ ഉപയോഗപ്പെടുത്തുകയും ചെയ്തു. തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ക്ഷേത്രത്തില്‍ ഒളിപ്പിച്ച ഇവര്‍, ഒരാഴ്ചയോളം മയക്കാനുള്ള മരുന്ന് മാത്രമാണ് നല്‍കിയത്. ഭക്ഷണമില്ലാതെ മയക്കാനുള്ള മരുന്ന് മാത്രം കഴിച്ച് അവശ നിലയിലായ കുഞ്ഞിനെയാണ് പിന്നീട് കൂട്ടബലാത്സംഗങ്ങള്‍ക്ക് ഇരയാക്കുന്നതും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നതും. കുഞ്ഞിനെ കാണാനില്ലെന്ന് കാണിച്ച് പിതാവ് നല്‍കിയ പരാതി അന്വേഷിക്കുന്ന സംഘത്തില്‍ തട്ടിക്കൊണ്ടുപോകലും കൊലയും ആസൂത്രണം ചെയ്ത പോലീസ് ഉദ്യോഗസ്ഥനുമുണ്ടായിരുന്നു. 


ജനുവരി പത്തിന് നടന്ന ഈ ക്രൂരതയെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനായി പ്രദേശത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കുകയും ചെയ്തു സഞ്ജി രാം. ഇയാളുടെ പ്രായപൂര്‍ത്തിയാകാത്ത മരുമകനെ കേന്ദ്രീകരിച്ച് മാത്രം അന്വേഷണം നടത്തിയ പോലീസ് കേസ് അവിടെ അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിഷേധങ്ങളുയര്‍ന്നത്. സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷക ദീപിക സിംഗ് ജമ്മു കശ്മീര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയെത്തുടര്‍ന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവുണ്ടായി.  ക്രൈം ബ്രാഞ്ചിലെ സീനിയര്‍ സൂപ്രണ്ട് രമേഷ് കുമാര്‍ ജല്ലയും സംഘവുമാണ് അന്വേഷണം പൂര്‍ത്തിയാക്കി ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കൊടും ക്രൂരതയും അതിന്റെ ഉദ്ദേശ്യവും പുറംലോകമറിഞ്ഞത് അതോടെയാണ്.


സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച ദീപിക സിംഗിനെ പിന്തിരിപ്പിക്കാനും ഭീഷണിപ്പെടുത്താനും  ജമ്മു കശ്മീര്‍ ബാര്‍ അസോസിയേഷന്‍ ഒറ്റക്കെട്ടായി രംഗത്തുണ്ടായിരുന്നു. അന്വേഷണം ആരംഭിച്ച ക്രൈം ബ്രാഞ്ച് സംഘം പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തുടങ്ങിയതോടെ അതിനെതിരെ സംഘടിതമായി രംഗത്തുവന്നു വര്‍ഗീയവാദികള്‍. ആരോപണവിധേയരെ പിന്തുണച്ച് അവര്‍ പ്രകടനങ്ങള്‍ നടത്തി, ദേശീയപതാകയുമേന്തി നടത്തിയ പ്രകടനങ്ങളില്‍ ഹിന്ദുത്വ വര്‍ഗീയവാദികള്‍ക്കൊപ്പം പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അണിചേര്‍ന്നു. അത്തരം പ്രകടനങ്ങള്‍ ആസൂത്രണം ചെയ്ത ഹിന്ദു ഏക്ത മഞ്ചിന് നേതൃത്വവും പിന്തുണയുമായി മെഹ്ബൂബ മുഫ്തി മന്ത്രിസഭയില്‍ അംഗങ്ങളായ ചൗധരി ലാല്‍ സിംഗും ചന്ദര്‍ പ്രകാശ് ഗംഗയുമുണ്ടായിരുന്നു.


എട്ട് വയസ്സുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്നകേസിലെ ആരോപണ വിധേയരെ പിന്തുണക്കാന്‍ മന്ത്രിമാര്‍ക്ക് യാതൊരു മടിയുമുണ്ടായില്ല.
ഈ കുഞ്ഞും അതുള്‍ക്കൊള്ളുന്ന സമുദായവും ഇത്തരം ക്രൂരത ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവരാണെന്നും അതിന്റെ പേരില്‍ 'ഹിന്ദു'ക്കളെ അറസ്റ്റ് ചെയ്യുന്നത് നീതികേടാണെന്നുമുള്ള വിശ്വാസത്തിലല്ലാതെ ഇവര്‍ ഇങ്ങനെ പ്രവര്‍ത്തിക്കുമോ? കുറ്റപത്രം സമര്‍പ്പിക്കുന്നത് തടയാന്‍ ശ്രമിക്കുകയും അരോപണവിധേയര്‍ക്ക് വേണ്ടി സൗജന്യമായി കേസ് വാദിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത അഭിഭാഷകരും ഇതേ വിശ്വാസത്തില്‍ തുടരുന്നവരല്ലേ? 'ഇവളെയൊക്കെ കൊന്നത് നന്നായി' എന്ന് തുടങ്ങുന്ന അഭിപ്രായം സാമൂഹിക മാധ്യമത്തിലൂടെ പ്രകടിപ്പിച്ച സംഘ്പരിവാര്‍ നേതാവിന്റെ മകന്റെയും അതിനെ പിന്തുണക്കാന്‍ മടികാണിക്കാതിരുന്നവരുടെയും വിശ്വാസവും ഇതുതന്നെയാകില്ലേ?


രാജ്യം ഹിന്ദു രാഷ്ട്രമാകാന്‍ കുതിക്കുമ്പോള്‍, ഇതര മതസ്ഥര്‍ക്ക് ഇവിടെ എന്തുകാര്യം? ആ ചോദ്യം സംഘ് പരിവാരം ഉന്നയിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മുസ്‌ലിംകളോട് 'പാക്കിസ്ഥാനിലേക്ക് പൊയ്‌ക്കൊള്ളു'വെന്ന് ഭീഷണിസ്വരത്തില്‍ ആവര്‍ത്തിക്കുന്നത് അതുകൊണ്ടാണ്. ഹിന്ദുക്കള്‍ അധിവസിക്കുന്ന ഇടങ്ങളില്‍ മുസ്‌ലിംകള്‍ ഭൂമി വാങ്ങുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പരസ്യമായി ആഹ്വാനം ചെയ്യുന്നതിന്റെ കാരണവും മറ്റൊന്നല്ല. തങ്ങളുടെ പ്രദേശങ്ങളില്‍ താമസിക്കുന്ന/താമസിക്കാന്‍ ഒരുങ്ങുന്ന ന്യൂനപക്ഷവിഭാഗങ്ങളെ പുറംതള്ളേണ്ടത് രാജ്യ സ്‌നേഹത്തില്‍ അധിഷ്ഠിതമായ ക്രിയയായി മാറണമെന്നതാണ് സംഘ്പരിവാരത്തിന്റെ ഉദ്ദേശ്യം. അത്തരമൊരു മാനസികാവസ്ഥയുള്ള വര്‍ഗീയവാദികളായി ഭൂരിപക്ഷ വിഭാഗങ്ങളെ മാറ്റാനായി നടത്തുന്ന പലവിധ പ്രചാരണങ്ങളുടെ ഫലം കൂടിയാണ് നമ്മള്‍ കത്വയില്‍ കണ്ടത്. അതുകൊണ്ടുതന്നെ ഈ കൊടുംക്രൂരതയുടെ ഉത്തരവാദിത്തം അത് നടപ്പാക്കിയ ഏതാനും പേരിലോ കേസൊതുക്കിത്തീര്‍ക്കാന്‍ കൂട്ടുനിന്ന മറ്റുള്ളവരിലോ ഒതുങ്ങുന്നില്ല. വര്‍ഗീയതയുടെ കാളകൂടം വമിപ്പിച്ച്, എന്ത് ക്രൂരതയും ചെയ്യാന്‍ പാകത്തിലേക്ക് ഒരു വിഭാഗം ആളുകളെ എത്തിച്ച സംഘ്പരിവാരം കൂടിയാണ് വിചാരണചെയ്യപ്പെടേണ്ടത്. ഇത്തരം പ്രചാരണങ്ങള്‍ തടസ്സം കൂടാതെ നടത്താന്‍ അവസരമൊരുക്കിയ അമ്പത്തിയാറിഞ്ച് നെഞ്ചളവ് അവകാശപ്പെടുന്ന വിരാട പുരുഷന്‍മാര്‍ കൂടിയാണ് പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടത്. അവരുടെ അധ്യക്ഷതയില്‍ മുന്‍കാലത്ത് അരങ്ങേറിയ കൊടുംക്രൂരതകള്‍ക്ക് നിയമമനുശാസിക്കും വിധത്തിലുള്ള ശിക്ഷ ഉറപ്പാക്കാന്‍ സാധിക്കാതെ പോയ നിയമ - നീതിന്യായ സംവിധാനങ്ങള്‍ക്ക് കൂടി ഉത്തരവാദിത്തമുണ്ട് കത്വയിലെ കുഞ്ഞിന്റെ ജീവനെടുത്തതില്‍.


2002 ല്‍ ഗുജറാത്തില്‍ അരങ്ങേറിയ വംശഹത്യാ ശ്രമത്തിലാണ് കേട്ടുകേള്‍വിയില്ലാത്ത വിധത്തിലുള്ള ക്രൂരതകള്‍ മുമ്പ് അരങ്ങേറിയത്.  കൊള്ളയും കൊള്ളിവെപ്പും കൂട്ട ബലാത്സംഗങ്ങളും അരങ്ങേറുമ്പോള്‍ പോലീസിനെ നിഷ്‌ക്രിയമാക്കി അക്രമികള്‍ക്ക് ഒത്താശ ചെയ്തു നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അധികാരത്തിലിരുന്ന ഭരണകൂടം. ഭൂരിപക്ഷ സമുദായത്തിന്റെ രോഷം ഒഴുകിപ്പോകാന്‍ അനുവദിക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നരേന്ദ്ര മോദി ആവശ്യപ്പെട്ടുവെന്ന ആരോപണം ഇപ്പോഴും കെടാതെ നില്‍ക്കുന്നു. ഗര്‍ഭിണിയെ വയറുപിളര്‍ന്ന് കൊന്നതടക്കമുള്ള കൊടും ക്രൂരതകള്‍ കാട്ടിയ സംഘ് പരിവാര്‍ പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ അധികാര സ്ഥാനത്തിരുന്നവര്‍ നേരിട്ട് ശ്രമിച്ചതിന്റെ തെളിവ് ഒളി ക്യാമറാ ഓപ്പറേഷനില്‍ പുറത്തുവരികയും ചെയ്തു.


കേസുകള്‍ രജിസ്റ്റര്‍ ചെയ്യാതെ, രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ തന്നെ ഇരകളുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്താതെ, മൊഴി രേഖപ്പെടുത്തിയ കേസുകളില്‍ ആരോപണ വിധേയരെ അറസ്റ്റ് ചെയ്യാതെ, ആരോപണ വിധേയരെ അറസ്റ്റ് ചെയ്ത കേസുകളില്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാതെ, തെളിവുകള്‍ കോടതിയിലെത്തിയ കേസുകളില്‍ വിചാരണ സമയത്ത് ഇരകളെയും സാക്ഷികളെയും കോടതിയിലെത്തിക്കാതെ (ഭീഷണിപ്പെടുത്തിക്കൊണ്ട്) ഒക്കെയാണ് പേരിനെങ്കിലും നീതി നടപ്പാക്കപ്പെടുന്ന സാഹചര്യം ഗുജറാത്തില്‍ ഒഴിവാക്കിയത്. ഇതെല്ലാം മറികടന്ന് വിചാരണയിലേക്ക് കടന്ന കേസുകളില്‍ വാദിഭാഗം സമര്‍പ്പിക്കുന്ന തെളിവുകള്‍ പ്രതിഭാഗം അഭിഭാഷകര്‍ക്ക് രഹസ്യമായി എത്തിച്ച് കൊടുക്കുക പോലും ചെയ്തു.


ഭരണകൂടത്തിന്റെ സര്‍വ പിന്തുണയോടെയുമാണ് ഇതൊക്കെ നടന്നതെങ്കിലും സംഗതികള്‍ രഹസ്യമായിരുന്നു. വംശഹത്യാ ശ്രമത്തില്‍ ഇരകളാക്കപ്പെട്ടവര്‍ക്ക് നീതി കിട്ടണമെന്ന വാശിയില്‍ രംഗത്തുണ്ടായിരുന്ന പൊതു പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, ഭരണാധികാരികളുടെ വര്‍ഗീയ അജന്‍ഡകളുടെ സംരക്ഷകരായി മാറാന്‍ മടിച്ച ചില പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരിലൂടെ ഇതൊക്കെ പുറത്തുവന്നുവെന്ന് മാത്രം. കത്വയിലെത്തുമ്പോള്‍ കേസ് അട്ടിമറിക്കാന്‍, ആരോപണ വിധേയരെ അറസ്റ്റ് ചെയ്യുന്നത് തടയാന്‍, അറസ്റ്റില്‍ പ്രതിഷേധിച്ച് ദേശീയ പതാകയുമായി പ്രകടനം നടത്താന്‍ ഒക്കെ മറ കൂടാതെ രംഗത്തുവരാന്‍ പാകത്തിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജ്യത്തെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോദി എത്തി, നാല് വര്‍ഷം പിന്നിടുമ്പോള്‍ ഇക്കാര്യത്തില്‍ നേടിയ 'പുരോഗതി' ചെറുതല്ലെന്ന് ചുരുക്കം.


രാജ്യദ്രോഹക്കുറ്റമാരോപിച്ച് അറസ്റ്റ് ചെയ്ത കനയ്യ കുമാര്‍ അടക്കമുള്ള ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ  2016 ഫെബ്രുവരിയില്‍ കോടതി മുറിക്കുള്ളില്‍വെച്ച് ആക്രമിക്കാന്‍ മടിക്കാതിരുന്ന ഹിന്ദുത്വ അഭിഭാഷകര്‍ക്കെതിരെ എന്തെങ്കിലും നടപടിയുണ്ടായോ? കേന്ദ്ര ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്ന ഡല്‍ഹി പോലീസോ രാജ്യത്തെ പരമോന്നത നീതിന്യായ സംവിധാനമോ എന്തെങ്കിലും നടപടിയെടുത്തതായി അറിവില്ല. കത്വ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ തടയാന്‍, നീതിക്കു വേണ്ടി കോടതിയെ സമീപിച്ച അഭിഭാഷകയെ ഭീഷണിപ്പെടുത്താന്‍ ഹിന്ദുത്വ അഭിഭാഷകര്‍ മടികാണിക്കാതിരുന്നതില്‍ അത്ഭുതമില്ല. ഗുജറാത്ത് മുതല്‍ മുസഫര്‍ നഗര്‍ വരെയുള്ള സംഭവങ്ങളില്‍ പ്രതികളെ സംരക്ഷിക്കുകയും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അട്ടിമറിക്കപ്പെടുകയും ചെയ്യുമ്പോള്‍, കത്വയിലെ ഒരു നാടോടി പെണ്‍കുഞ്ഞിന്റെ ജീവന് വില കല്‍പ്പിക്കേണ്ട ആവശ്യമില്ല വര്‍ഗീയവിഷം അത്രത്തോളം പേറുന്നവര്‍ക്ക്. ആ കുഞ്ഞിന്റെ ജീവനെടുക്കുന്നത്, പ്രദേശത്തെ മുസ്‌ലിം മുക്തമാക്കാന്‍ സഹായിക്കുമെങ്കില്‍ അതൊരു രാജ്യസ്‌നേഹത്തില്‍ അധിഷ്ഠിതമായ പ്രവൃത്തിയായി മാത്രമേ സഞ്ജി റാമും കൂട്ടരും കണ്ടിട്ടുണ്ടാകൂ. ആ അവസ്ഥ കൂടിയാണ് കത്വയിലെ പെണ്‍കുഞ്ഞ് രാജ്യത്തെ ഓര്‍മിപ്പിക്കുന്നത്.


ഡല്‍ഹിയില്‍ 2012ല്‍ ഓടുന്ന ബസ്സില്‍ വെച്ച് പെണ്‍കുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവം രാജ്യത്താകെ വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. അവിടെയുയര്‍ന്നത് സ്ത്രീ സൂരക്ഷയെക്കുറിച്ചുള്ള വലിയ ആശങ്കയായിരുന്നുവെങ്കില്‍, ഇവിടെ അതിലും വലിയ ആപത്ശങ്കകളാണ് ഉയരുന്നത്. പക്ഷേ അത് വേണ്ട വിധം മനസ്സിലാക്കിയുള്ള പ്രതിരോധം ഉണ്ടാകുന്നുണ്ടോ? ഡല്‍ഹി സംഭവത്തെത്തുടര്‍ന്ന് സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്തുകൊണ്ട് നിയമം ഭേദഗതി ചെയ്തിരുന്നു. വര്‍ഗീയതയുടെ കൊടിയ വിഷം കുത്തിവെച്ച്, എന്ത് ക്രൂരതയും ചെയ്യാന്‍ മടിക്കാത്തവരെ സൃഷ്ടിച്ചെടുക്കുന്ന സംഘ്പരിവാര അജന്‍ഡയെ തകര്‍ക്കും വിധത്തിലുള്ള സാമൂഹിക - രാഷ്ട്രീയ മാറ്റമുണ്ടാകുമ്പോഴേ കത്വയിലെ പെണ്‍കുഞ്ഞിന് നീതി കിട്ടൂ. കൈയാളുകള്‍ക്ക് ദണ്ഡനം ഉറപ്പാക്കുന്നത് നീതിയുടെ ഇടക്കാലാശ്വാസം മാത്രമേ ആകൂ.